Image

പ്രണയമാം പ്രാവ്‌ (ചെറുകഥ: റീനി മമ്പലം)

റീനി മമ്പലം (reenimambalam@gmail.com) Published on 17 February, 2013
പ്രണയമാം പ്രാവ്‌ (ചെറുകഥ: റീനി മമ്പലം)
`ഹെയ്‌ ബ്യൂട്ടിഫുള്‍' ഇക്‌ബാലിലെ പ്രണയമാം പ്രാവ്‌ കുറുകി വിളിച്ചു. അവള്‍ കാര്‍ ഡോര്‍ തുറക്കുകയായിരുന്നു. കൃസ്‌തുമസ്‌ അവധിക്കുശേഷം കോളേജ്‌ വീണ്ടും തുറന്ന ആദ്യദിവസം.

ഉച്ചവെയിലില്‍ അവളുടെ ഇടതുകയ്യിലെ മോതിരവിരലില്‍ വൈഡൂര്യം വെട്ടിത്തിളങ്ങുന്നു. വിശ്വസിക്കാനാവാതെ അവന്‍ കണ്ണുകള്‍ ചിമ്മിയടച്ച്‌ തുറന്നു. മുഖം ചുളിഞ്ഞു.

`ഈ കേരള യാത്രയില്‍ നിന്റെ എന്‍ഗേജ്‌മെന്റ്‌ കഴിഞ്ഞോ?' അവന്‌ അത്ഭുതം.

`ഉം' അവളുടെ നിസംഗമായ മറുപടി.

`നീ ഇവിടെ അമേരിക്കയില്‍ ജനിച്ച്‌ വളര്‍ന്നതല്ലേ? മുന്‍പരിചയമില്ലാത്തൊരാളുമായി വിവാഹത്തിന്‌ എങ്ങനെ സമ്മതം മൂളാന്‍ കഴിഞ്ഞു? എനിക്കറിയാം നിനക്കെന്നെ ഇഷ്ടമാണെന്ന്‌. നിഷ, എന്റെ മുഖത്തേക്ക്‌ നോക്കി പറയു നിനക്കെന്നെ ഇഷ്ടമല്ലെന്ന്‌.'

ഇക്‌ബാല്‍ അവളുടെ മുഖം പിടിച്ചുയര്‍ത്തി കണ്ണുകളിലേക്ക്‌ നോക്കി. അവന്റെ കണ്ണുകളിലെ പ്രണയം പറന്ന്‌ അവളുടെ കണ്‍പീലികളില്‍ ചെന്നിരുന്നത്‌ അവള്‍ തുടച്ച്‌ കളഞ്ഞു.

`ഇക്‌ബാല്‍, നിനക്ക്‌ ഉത്തരം നല്‍കേണ്ട ആവശ്യം എനിക്കില്ല. ഞാന്‍ പോവുന്നു.' അവള്‍ ശരീരം പാതി കാറിനുള്ളിലാക്കി പറഞ്ഞു.

കാര്‍ കണ്ണില്‍ നിന്ന്‌ മറഞ്ഞു.

അവന്‌ പുസ്‌തകങ്ങള്‍ വലിച്ചെറിയണമെന്നും കാറിന്റെ ടയറില്‍ ആഞ്ഞ്‌ തൊഴിക്കണമെന്നും തോന്നി. അരികില്‍ ഇരുന്ന തേന്‍കനി നിലത്തുവീണ്‌ ഉരുണ്ടുപോവുകയാണെന്നും അതിന്റെ പിന്നാലെ പോകണമെന്നും മനസ്‌ പറയുന്നു.

`ഡാഡിയുടെ ഫ്ര്‌റെണ്ടിന്റെ മകന്‍, ഡോക്ടറാണ്‌. ഞാന്‍ ഗ്രാഡുവേറ്റ്‌ ചെയ്‌തുകഴിഞ്ഞാല്‍ വേനലവധിക്ക്‌ വിവാഹം. എനിക്ക്‌ സമ്മതിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ചെയ്‌തത്‌ ശരിയോ എന്നു തോന്നിയൊരുനിമിഷത്തില്‍' അവള്‍ പറഞ്ഞു.

`നിഷ, ഇപ്പോഴും വൈകിയിട്ടില്ല . എനിക്കറിയാം നിനക്കെന്നെ ഇഷ്ടമാണന്ന്‌. നിന്റെ മമ്മിയെയും ഡാഡിയെയും പേടിച്ചിട്ടല്ലേ നീ ഈ വിവാഹത്തിന്‌ സമ്മതം കൊടുത്തത്‌?'

കണ്ണുകള്‍ എവിടെയോ ഉടക്കി അവള്‍ നിന്നു. നേരെ നോക്കിയാല്‍ സത്യം പറയുമെന്നു ഭയന്നു.

`എന്റെ പേരന്റ്‌സിന്റെ അറേഞ്ച്‌ഡ്‌ വിവാഹമായിരുന്നു. അവര്‍ സര്‍വൈവ്‌ ചെയ്യുന്നില്ലേ?' അവള്‍ മൊഴിഞ്ഞു.

`ദാമ്പത്യം ഒരു സര്‍വൈവല്‍ മാത്രമാണോ? ഇതില്‍ സ്‌നേഹമെവിടെ? പ്രണയമെവിടെ? നിന്റെ പേരന്റ്‌സ്‌ ഫിനാന്‍ഷ്യല്‍ സെക്യുരിറ്റിയും മതവും മാത്രം നോക്കുന്നു. നിന്റെ ദൈവം പറഞ്ഞിട്ടുണ്ടോ സ്‌നേഹം നിഷിധമാണന്ന്‌, പ്രണയം നിരസിക്കണമെന്ന്‌?' അവള്‍ക്ക്‌ ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ അവന്‍ ചോദിച്ചുകൊണ്ടിരുന്നു.

`നിനക്കെന്റെ പേരന്റ്‌സിനെ അറിയില്ല ഇക്‌ബാല്‍. അവര്‍ നിന്നെ മറന്ന്‌ നിന്നില്‍ മോസ്‌ക്കുകള്‍ കണ്ടെത്തും'.

ദിവസങ്ങള്‍ പറന്നകന്നു. പരീക്ഷകളും പ്രോജക്‌റ്റുകളും വന്നുപോയി.

`അവന്‍ നിന്റെ ചിന്തകളിലും, പകല്‍സ്വപ്‌നങ്ങളിലും നിറഞ്ഞ്‌ നിന്നില്‍ ഒരു ശൂന്യത വരുത്താറുണ്ടോ? അവന്റെ അധരങ്ങളുടെയും നിശ്വാസങ്ങളുടെയും ചൂട്‌ അറിയണമെന്ന്‌ തോന്നാറുണ്ടോ? നിനക്ക്‌ അയാള്‍ സെല്‍ഫോണില്‍ തെളിയുന്നൊരു ചിത്രമായി മാത്രം മാറുന്നുണ്ടോ. എന്റെ ഓരോ ശ്വാസത്തിലും നീയാണ്‌. എനിക്ക്‌ നീയില്ലാതെ വയ്യ.' ഒരിക്കല്‍ അവന്‍ ഹൃദയം തുറന്നുകാട്ടി പറഞ്ഞു.

അവന്‍ അവളെ തന്നിലേക്കടുപ്പിച്ചു. അവള്‍ എതിര്‍ത്തില്ല, ഉരുകുകയായിരുന്നു, അലിയുകയായിരുന്നു, പ്രണയച്ചൂടില്‍, പ്രണയമഴയില്‍. അവളുടെ ശലഭച്ചുണ്ടുകള്‍ അവനെ അറിയുകയായിരുന്നു, അനുഭവിക്കയായിരുന്നു.

ഭാവിവരനോട്‌ സംസാരിച്ചിട്ടു കുറച്ചുദിവസങ്ങളായി. പരീക്ഷകള്‍....പ്രോജക്‌റ്റുകള്‍ ....മറന്നുപോകുന്ന ബാദ്ധ്യതകള്‍ ......അവള്‍ കാരണങ്ങള്‍ തേടിയലഞ്ഞു.

അന്ന്‌ അവള്‍ ഭാവിവരനുമായി വീഡിയോചാറ്റ്‌ ചെയ്‌തു. `താമസിയാതെ നീ ഗ്രാഡുവേറ്റ്‌ ചെയ്യും. നമ്മുടെ വിവാഹം പ്‌ളാന്‍ ചെയ്യണം. സ്ഥലത്തെ പ്രാധാനികളെയെല്ലാം വിളിക്കണം. ഗ്രാമം കണ്ടിട്ടുള്ളതില്‍വെച്ച്‌ ഏറ്റവും ഗംഭീരമായ വിവാഹമായിരിക്കണം' അവന്‍ സ്‌നേഹത്തെക്കുറിച്ച്‌ ഒന്നും പറഞ്ഞില്ല. പ്രണയത്തോടെ സംസാരിച്ചില്ല. അയാളുടെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടത്‌ അവളാണന്ന്‌ പറഞ്ഞില്ല.

വിരലിലെ എന്‍ഗേജ്‌മെന്റ്‌ മോതിരം ഇറുകിത്തുടങ്ങിയെന്ന്‌ അവള്‍ക്ക്‌ തോന്നി. `തടികൂടിക്കാണും' സ്വയം പറഞ്ഞു.

ഗ്രാഡുവേഷന്‍ ദിവസം അടുത്തുവരുന്നു. ചന്ദ്രക്കലപോലെ നീണ്ട്‌ നറുനിലാവ്‌ പരത്തിയൊരു ചിരിയുമായി ഇക്‌ബാല്‍ ഓടിവന്നു. `എനിക്കു ജോലിശരിയായി, ഗ്രാഡുവേറ്റ്‌ ചെയ്‌താല്‍ ഉടന്‍ ജോയിന്‍ ചെയ്യണം'.അവന്‍ അവളെ മാറോടണച്ചു പിടിച്ചു.' സുന്ദരിക്കുട്ടി, നീ എന്റെ ജീവിതപങ്കാളിയായി വരു, നമുക്ക്‌ വിവാഹിതരാവാം. നമ്മുടെ ജാതിയും മതവും ചോദിക്കാതെ `ജസ്റ്റിസ്‌ ഓഫ്‌ പീസ്‌' നമ്മെ വിവാഹം കഴിപ്പിക്കും.

അവന്റെ വാക്കുകള്‍ തൂവലിന്റെ മൃദലയോടെ, മഞ്ഞിന്റെ കുളിരോടെ അവളുടെ ചെവിയിലടിച്ചു. അവര്‍ക്ക്‌ ചുറ്റും പ്രണയമാം പ്രാവുകള്‍ ചിറകടിച്ച്‌ പറന്നു. ചുംബനങ്ങള്‍ ശലഭങ്ങളായി പറന്നു കളിച്ചു.

ഹോസ്റ്റല്‍ റൂമിലെത്തിയപ്പോള്‍ വീഡിയോ ചാറ്റില്‍ ഭാവിവരന്‍ എത്തി.

`നിന്റെ ദിവസം ഇതുവരെ എങ്ങനെയുണ്ടായിരുന്നു?' അവന്‍ കുശലം ചോദിച്ചു.

`ഇതുവരെ ഉണ്ടായതില്‍ വെച്ച്‌ ഏറ്റവും നല്ല ദിവസം' എന്‍ഗേജ്‌മെന്റ്‌ മോതിരം ഊരി മേശവലിപ്പില്‍ ഇടുമ്പോള്‍ അവള്‍ പറഞ്ഞു.

`ഡാഡി കേരളത്തില്‍ പോവുമ്പോള്‍ മോതിരം നിന്നെ തിരികെ ഏല്‍പ്പിക്കും' ശബ്ദമില്ലാതെ അവള്‍ കൂട്ടിച്ചേര്‍ത്തു.
പ്രണയമാം പ്രാവ്‌ (ചെറുകഥ: റീനി മമ്പലം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക