കുറെ വര്‍ഷങ്ങള്‍ പിന്നോട്ട് ഓര്‍മ്മയുടെ കോല്‍ വിളക്കുമേന്തി
സഞ്ചരിച്ചാല്‍ നമ്മുടെ പൂര്‍വ്വികരുടെ സ്വഭാവ സവിശേഷതകള്‍ മനസ്സിലാക്കാം.
ഒരു ദിങ്മാത്ര ദര്‍ശനം ഇതാ-
അവര്‍ സത്യസന്ധരായിരുന്നു. ഈശ്വര വിശ്വാസികളായിരുന്നു.
സ്‌നേഹബന്ധങ്ങള്‍ക്കും വിലകല്‍പിക്കുന്നവരായിരുന്നു. എഴുതപ്പെട്ട
പ്രമാണങ്ങള്‍ക്കുപരി വാക്കു ദൈവമെന്നു കരുതി വാക്കു
പാലിക്കുന്നവരായിരുന്നും. സര്‍വ്വോപരി സ്ത്രീകളോട് സ്‌നേഹാദരവും കാരുണ്യവും
കാണിച്ചിരുന്നു.
കാലം മാറി, കഥമാറി, ആളുകള്‍ ഒരേ വീട്ടിലുള്ളവര്‍ പോലും തമ്മില്‍
കണ്ടാലറിയാതായി. ചിലപ്പോള്‍ പരസ്പരം കാണുന്നതുതന്നെ അപൂര്‍വ്വം. എന്തോ
നേടി, എന്തൊക്കെയോ കൈക്കലാക്കാന്‍, വെട്ടിപ്പിടിക്കാന്‍ വിശാലമായ
രാജവീഥിയിലൂടെ നെട്ടോട്ടം ഓടുന്നു. സര്‍വ്വം മറന്ന്, സര്‍വ്വരേയും മറന്ന്
അങ്ങനെ...
പണ്ടാരോ പട്ടാപ്പകല്‍ ചൂട്ടും കത്തിച്ച് മനുഷ്യനെ തേടി ഇറങ്ങിയ കഥപോലെയായി
കാര്യങ്ങളുടെ പോക്ക്. ഈ ഓട്ടത്തില്‍ ഒരു അധോലോക സംസ്‌കൃതിയുടെ
നീരാളിപ്പിടുത്തത്തില്‍ നാം അമര്‍ന്നുപോയി. ഇതെങ്ങനെ സംഭവിച്ചു? ആന്തരിക
നന്മകള്‍ നമുക്കു കൈമോശം വന്നതെപ്പോള്‍? നാമെങ്ങനെ വെറും പൊള്ളമനുഷ്യരായി
അധഃപതിച്ചു. ആര്‍ത്തിയും ധൂര്‍ത്തും കഠിന ഹൃദയമുള്ള ചെകുത്താന്മാരായി.
സ്ത്രീ വര്‍ഗ്ഗത്തിന്റെ സംരക്ഷകനും കാവല്‍ ഭടന്മാരുമാകേണ്ടവര്‍
പ്രായഭേദമന്യേ അവരെ പിച്ചിച്ചീന്തി വകവരുത്തുന്നു? സ്ത്രീകളുടെയും
കുട്ടികളുടെയും സുരക്ഷ നിങ്ങളുടെ കയ്യിലാണെന്ന് കര്‍ത്തവ്യം മറന്ന്
ഹിംസ്രജന്തുക്കള്‍പോലും നാണിക്കുന്ന കിരാതന്മാരായി തരം താണു. നമുക്ക്
ഉപദേശങ്ങള്‍ക്കും തത്ത്വങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും വല്ലകുറവുമുണ്ടോ?
എല്ലാം വേണ്ടതിലേറെയുണ്ടെന്ന കുറ്റം മാത്രം!
ഈയിടെ ആരോ ഒരാള്‍ തങ്ങളെ സ്ത്രീയായി ജനിപ്പിക്കാത്തതില്‍ യഹോവയ്ക്ക് നന്ദി
പറയുന്ന യഹൂദന്റെ പ്രാര്‍ത്ഥനയെക്കുറിച്ചും മനുസ്മൃതിയിലെ ഒരു
പ്രമാണത്തിന്റെ ഒരറ്റം അടര്‍ത്തിമാറ്റി പുരുഷന്‍ തന്ത്രപൂര്‍വ്വം നഃസ്ത്രീ
സ്വാതന്ത്ര്യം അര്‍ഹതി എന്ന് സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം
നിഷേധിച്ചിരിക്കുകയാണെന്നും മറ്റും എഴുതി കണ്ടു. അതു വായിച്ചപ്പോല്‍ ഏതോ
ഒരു മടയന്‍ ബൈബിളില്‍ നിന്ന് ഒരു മുറി വാക്യം ഉദ്ധരിച്ച് ബൈബിളില്‍
ദൈവമില്ലെന്ന് പറഞ്ഞിട്ടുണ്ട് എന്നു പ്രസ്താവിച്ചപോലെ ബാലിശമായി തോന്നി.
നഃസ്ത്രീ.. എന്ന വരിക്കുമുമ്പ് സ്മൃതികാരന്‍ മൂന്നു കാര്യങ്ങള്‍ പുരുഷന്റെ ചുമതലയായി പറഞ്ഞു വച്ചിട്ടുണ്ട്. അതിപ്രകാരമാണ്-
പിതാ രക്ഷതി കൗമാരേ
ഭര്‍ത്താ രക്ഷതി യൗവ്വനേ
പുത്രോ രക്ഷതി വാര്‍ദ്ധക്യേ
നസ്ത്രീ സ്വാതന്ത്ര്യ മര്‍ഹതി
സ്ത്രീക്കു കൂച്ചു വിലങ്ങിടാനല്ല മനുവിന്റെ നിര്‍ദ്ദേശം. പ്രത്യുത എല്ലാ
അവസ്ഥകളിലും സ്ത്രീ സംരക്ഷിക്കപ്പെടേണ്ടവളാണ്. പുരുഷന്റെ ബലിഷ്ഠ
ഹസ്തങ്ങളില്‍ അവളെക്കാലത്തും സുരക്ഷിതയായിരിക്കണം. ഇല്ലെങ്കില്‍
കണ്ടവനൊക്കെ കേറി നിരങ്ങി അവള്‍ നാശമായി പോകും, എന്നൊരു താക്കീതുകൂടി
അതിലുണ്ട്.
വേലി കെട്ടാത്ത മുതല്‍ കള്ളന്‍ കൊണ്ടുപോകുമെന്നു പ്രത്യേകം
പറയണമെന്നില്ലല്ലോ. കാരണം പ്രകൃതിയെക്കുറിച്ചു സൂക്ഷ്മമായി അറിയാവുന്ന ഒരു
മനഃശാസ്ത്രജ്ഞന്‍കൂടിയായിരുന്നു സ്മൃതി കര്‍ത്താവ്.
Men are poygamous by nature ഇക്കാര്യം ആത്മ വഞ്ചന ചെയ്യാത്ത പുരുഷന്മാരെല്ലാം സമ്മതിക്കും.
പ്രൊഫ.മാത്യൂ പ്രാല്‍ ഇക്കാര്യം പ്രസംഗ വേദിയില്‍ ആവര്‍ത്തിച്ചു
പറയാറുണ്ട്. മാന്യന്മാര്‍ തങ്ങളുടെ വഴിവിട്ട വികാര വിചാരങ്ങളില്‍ ഇടറാതെ
സ്വയം നിയന്ത്രിച്ചു. അവനവനില്‍ തന്നെ ലയിപ്പിച്ച് അന്തസാര്‍ജ്ജിക്കുന്നു.
തന്റെ സ്ത്രീയില്‍ ആനന്ദം കണ്ടെത്തുന്നു. അല്ലാത്ത ഏഭ്യന്മാര്‍, പുരുഷന്‍
എന്നതിനു പകരം വിടന്‍, ലമ്പടന്‍, ആദിയായ പേരുകളിലാണ് അറിയപ്പെടുക.
സ്ത്രീകളുടെ കാര്യവും വ്യത്യസ്ഥമല്ല, സ്ത്രീ, വനിത, മഹിള എന്നിത്യാദി
പര്യായ പദങ്ങള്‍ക്ക് വലിയ അര്‍ത്ഥ തലങ്ങളുണ്ട്. എക്കും ചൊല്ലുമില്ലാതെ
പുരുഷനു പുല്ലുവില കല്‍പിച്ചു തോന്ന്യാസം നടക്കുന്ന സൈ്വരമണികള്‍ക്കും
പേരുവേറെയാണ്.
സ്ത്രീകളുടെ വിശുദ്ധിയും പാതിവ്രത്യവുമൊക്കെ പരമ്പരാഗതമായ നമ്മുടെ സഞ്ചിത
സംസ്‌കാരത്തിന്റെ അനിവാര്യ ഘടകമാണ്. കുടുംബത്തിന്റെ വിളക്കും ആധാരശിലയും
സര്‍വ്വതും ഉത്തമയായ സ്ത്രീതന്നെ. സ്ത്രീയില്ലാത്ത വീട് ഓടകളില്ലാത്ത
നഗരംപോലെയാണെന്നു പറഞ്ഞുവെച്ചതും പുരുഷന്‍ തന്നെ.
നിര്‍ഭാഗ്യമെന്നു പറയട്ടെ. കലിയുഗത്തില്‍ വിധിവിപര്യം സംഭവിച്ചിരിക്കുന്നു.
സ്ത്രീകളുടെ രക്ഷകന്‍ അവളുടെ ഭക്ഷകനായി രൂപാന്തരം പ്രാപിച്ച കാര്യങ്ങള്‍
കരതലാകമലം പോലെ സ്പഷ്ടം. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിപോലും
രക്ഷപ്പെട്ടില്ല. പിന്നല്ലേ സാധാരണ സ്ത്രീകള്‍. സ്മൃതികാരന്റെ ഉപദേശം
ചെവികൊണ്ട് സ്ത്രീകളെ കാരുണ്യ വായ്‌പോടെ സംരക്ഷിക്കാനുള്ള വിവേകം
പുരുഷജാതിക്കു കൈവരട്ടെ! പത്രത്തിന്റെസ്ഥല പരിമിതി കരുതി നിര്‍ത്തുന്നു.