Image

നഷ്ടപ്പെട്ടതെന്തോ (ചെറുകഥ:റീനി മമ്പലം)

റീനി മമ്പലം reenimambalam@gmail.com Published on 24 February, 2013
നഷ്ടപ്പെട്ടതെന്തോ (ചെറുകഥ:റീനി മമ്പലം)
കപ്പല്‍ തുറമുഖം വിട്ടപ്പോള്‍ താര ഡെക്കില്‍ നിന്നു. `എല്ലിസ്‌ ഐലണ്ട്‌' കണ്ണുകളില്‍ നിന്ന്‌ അകന്നു പോവുന്നു. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഇംഗ്‌ളണ്ടില്‍ നിന്ന്‌ പില്‍ഗ്രിംസ്‌ വന്നിറങ്ങിയതിന്റെ ഓര്‍മ്മകളിലേക്ക്‌ ദീപം തെളിച്ച്‌ പ്രൗഡ ഗംഭീരമായി നില്‍ക്കുന്ന `സ്റ്റാച്യു ഓഫ്‌ ലിബേര്‍ട്ടി'. നേരിയ ഇരുട്ടിലൂടെ സൂക്ഷിച്ച്‌ നോക്കിയാല്‍ `എല്ലിസ്‌ ഐലണ്ടില്‍' വന്നിറങ്ങുന്ന പില്‍ഗ്രിംസിനെ കാണാമെന്ന്‌ അവള്‍ക്ക്‌ തോന്നി. തുറമുഖത്ത്‌ എത്തിച്ചേരുവാന്‍ വെമ്പുന്ന ചെറുബോട്ടുകള്‍. കാര്‍ മേഘങ്ങള്‍ ആകാശത്ത്‌ ചാര കമ്പിളി വിരിച്ചു തുടങ്ങിയിരുന്നു. ഒന്ന്‌ രണ്ട്‌ മഴനീര്‍ത്തുള്ളികള്‍ അവളുടെ കവിളില്‍ പതിച്ചു.

തന്റെ പെണ്‍സുഹൃത്തുക്കളെയും കൂട്ടി ഒരു കപ്പല്‍ യാത്രക്ക്‌ പ്രേരിപ്പിച്ചത്‌ കുട്ടികളാണ്‌, അരുണും കിരണും. അവള്‍ വളരെയധികം സങ്കോചത്തോടെയാണ്‌ ഈ കപ്പല്‍ യാത്രക്ക്‌ സമ്മതിച്ചത്‌. പാസായി എങ്കിലും ജോലി കിട്ടിയിട്ടില്ലാത്ത അരുണ്‍, സെപ്‌തംബറില്‍ കോളേജ്‌ തുറക്കുമ്പോഴേക്കും കിരണു കൊടുക്കേണ്ട കോളേജ്‌റ്റൂഷ്യന്‍ ഫീസ്‌ ഇവയെല്ലാം അവളെ അലട്ടിയിരുന്നു. കുറച്ചു ദിവസത്തേക്ക്‌ മാറി നിന്നാല്‍ മനസ്സ്‌ ഒരു ഇന്ദ്രജാലക്കാരന്‍ ആയേക്കുമെന്ന പ്രതീക്ഷയിലായിരുന്നു തീരുമാനങ്ങളെല്ലാം. പക്ഷെ ഈ ഡെക്കില്‍ നില്‍ക്കുമ്പോള്‍ സന്തോഷുമൊന്നിച്ച്‌ നടത്തിയ പല കപ്പല്‍ യാത്രകളും ഓര്‍മ്മ വരുന്നു. ഹവായിലേക്ക്‌, കരീബിയനിലേക്ക്‌...അന്തമില്ലാത്ത കടലിലൂടെ....

`നീ വരുന്നോ? തണുക്കുന്നു, ഞങ്ങള്‍ മുറിയിലേക്ക്‌ പോവുന്നു'. ശാന്തിയും രശ്‌മിയും അവളെ തനിച്ചാക്കിയിട്ട്‌ മുറിയിലേക്ക്‌ പോവുമ്പോഴും താര കണ്ണുകള്‍ക്ക്‌ അനന്തമായ കടലിലേക്ക്‌ നോക്കി നില്‍ക്കയായിരുന്നു. വൈകിട്ട്‌ ഡിന്നറിന്‌ശേഷം തുടങ്ങിയ നില്‍പ്പാണ്‌. നക്ഷത്രങ്ങള്‍ തെളിഞ്ഞു നില്‍ക്കുന്ന ആകാശം. അതിലൊരു നക്ഷത്രം തന്നെ നോക്കി കണ്ണു ചിമ്മിയോ? മരിച്ചവര്‍ നക്ഷത്രങ്ങളായി മാറുമോ? അതിലൊന്ന്‌ സന്തോഷായിരിക്കുമോ? അവളുടെ നനഞ്ഞ കണ്ണുകള്‍ ആ നക്ഷത്രത്തെ നോക്കി നിന്നു. ഈറന്‍ കാറ്റടിച്ചപ്പോള്‍ സ്വിമ്മിങ്ങ്‌ പൂളില്‍നിന്ന്‌ കയറിവന്ന സന്തോഷിന്റെ തണുത്ത ശരീരത്ത്‌ തൊടാമെന്ന്‌ തോന്നി. മനസ്സുകള്‍ ചിലപ്പോള്‍ അങ്ങനെയാണ്‌. കാണുവാന്‍ ഇഷ്ടപ്പെടുന്നതൊക്കെ തോന്നലുകളാവും. മറക്കുവാന്‍ ശ്രമിക്കുന്ന ഓര്‍മ്മകളൊക്കെ കൂടുതല്‍ കൂടുതല്‍ തെളിഞ്ഞുവരും. ഇപ്പോള്‍ എല്ലാം ഓര്‍മ്മയില്‍ തെളിയുന്നു......

അടുത്ത കുറച്ചുദിവസങ്ങളില്‍ ഓഫീസ്‌ അടവായതിനാല്‍ ജോലിതീര്‍ത്ത്‌ വൈകിയാണ്‌ സന്തോഷ്‌ ഓഫീസില്‍ നിന്നിറങ്ങിയത്‌. അന്നൊരു താങ്ക്‌സ്‌ഗിവിങ്ങിന്റെ തലേദിവസമായിരുന്നു. ട്രെയിനില്‍ കയറിയപ്പോള്‍ അതില്‍ ഒരു `ഗണ്‍ മാന്‍' ഉണ്ടാവുമെന്ന്‌ പ്രതീക്ഷിച്ചിരുന്നില്ലല്ലോ! ജോലിനഷ്ടപ്പെട്ടതിലുള്ള നിരാശയും വിദ്വേഷവും വിഭ്രാന്തിയും ബാധിച്ച അയാള്‍ ട്രെയിനിന്റെ ആ കമ്പാര്‍ട്ട്‌മെന്റില്‍ കയറിയതും ആള്‍ക്കാര്‍ക്ക്‌ നേരെ നിറയൊഴിച്ചതും സന്തോഷിന്‌ വെടിയേറ്റതും വിധിയെന്നുവിശ്വസിച്ച്‌ സമാധാനിക്കുവാന്‍ അവള്‍ക്കായില്ല. അയാള്‍ക്കുമുണ്ടായിരുന്നു ഭാര്യയും കുട്ടികളും. കൂട്ടത്തില്‍ കാറിന്റെയും വീടിന്റെയും കടങ്ങളും. അയാളുടെ കൊച്ചുകുട്ടികള്‍ പ്രതീക്ഷയോടെ കൃസ്‌തുമസിനായി കാത്തിരുന്നിരിക്കണം. അവര്‍ക്കു വേണ്ടിയിരുന്ന കൃസ്‌തുമസ്‌ സമ്മാനങ്ങളുടെ ലിസ്റ്റുകള്‍ തയ്യാറാക്കിയിരുന്നിരിക്കണം. `അയാള്‍ നല്ലവനും ശാന്തനും മിതഭാഷിയും ആയിരുന്നു, ജോലി നഷ്ടപ്പോള്‍ സമനില തെറ്റിക്കാണും' കൂടെ ജോലി ചെയ്‌തിരുന്നവര്‍ പറഞ്ഞതായി പിന്നീടുള്ള ദിവസങ്ങളില്‍ പത്രങ്ങള്‍ പറഞ്ഞു.

`എല്ലാം ദൈവവിധി' എന്ന്‌ പള്ളീലച്ചനും പ്രായമുള്ള ആള്‍ക്കാരും അര്‍ഥമില്ലാതെ പറഞ്ഞപ്പോഴും അവള്‍ വിശ്വസിച്ചില്ല. നഷ്ടമായത്‌ അവള്‍ക്കും കുട്ടികള്‍ക്കും, അയാളുടെ മരണം കൊണ്ട്‌ അയാളുടെ കുടുംബത്തിനും.

തിരികെ മുറിയില്‍ എത്തുമ്പോഴേക്കും ശാന്തിയും രശ്‌മിയും ഉറങ്ങിയിരുന്നു, അവളെ വീണ്ടും ചിന്തകളുടെ വലക്കുള്ളിലാക്കിക്കൊണ്ട്‌.

ദുഃഖങ്ങളും സ്വപ്‌നങ്ങളും കാമനകളും കുത്തിനിറച്ച തലയിണയില്‍ അവള്‍ മുഖമമര്‍ത്തി കിടന്നു. കണ്ണീരിന്റെ ഉപ്പുരസത്തില്‍ തലയിണ നനഞ്ഞു. രാത്രിയില്‍ എപ്പോഴോ അവളുറങ്ങി. ഉറക്കത്തില്‍ സന്തോഷ്‌ അടുത്തുകിടന്നു. അയാളുടെ തണുപ്പുള്ള അധരങ്ങളെ അവളറിഞ്ഞു. അയാളുടെ വിരലുകള്‍ അവളുടെ നഗ്‌നമായ ചുമലുകളില്‍. പിന്നെ അവളുടെ വയറില്‍, നാഭിച്ചുഴിയില്‍..... അവള്‍ ഞെട്ടിയുണര്‍ന്നു കരഞ്ഞു. രശ്‌മി ഉണര്‍ന്നു `നീയെന്താ പേക്കിനാവു കണ്ടു കരഞ്ഞോ?' ബങ്ക്‌ ബെഡില്‍ നിന്നും രശ്‌മി ചോദിച്ചു.

`എന്നെ ആരോ ഡെക്കില്‍ നിന്നും തള്ളിയിടുന്നെന്ന്‌ ഒരു സ്വപ്‌നം'. നാണക്കേട്‌ മറയ്‌ക്കുവാന്‍ കള്ളം പറഞ്ഞു.

അവള്‍ ജാലകത്തിലൂടെ നോക്കി. ജലപ്പരപ്പിനെ പ്രണയിക്കുന്ന നിലാവ്‌. ഈ ജലപ്പരപ്പും പ്രണയനിലാവും മനസ്സിന്റെ തുറക്കാത്ത വാതിലില്‍ മുട്ടിവിളിക്കുന്ന ശൃംഗാരക്കാറ്റും എല്ലാം എന്റേതുമാണ്‌. അവളുടെ ദേഹം തരിച്ചു. ഹൃദയം പിടഞ്ഞു.

രശ്‌മിയും ശാന്തിയും ആഹ്‌ളാദത്തിമിര്‍പ്പോടെ കപ്പലില്‍ ഓടിനടന്നു. അവരുടെ ഇടയില്‍ ഒരു രസം കൊല്ലിയാവാതിരിക്കാന്‍ അവളും കൂട്ടത്തില്‍ കൂടി.

?നടുക്കടലിന്‌ എന്തൊരു ശാന്തത, അല്ലേ?? പിന്നെ കുറച്ചു നിമിഷങ്ങള്‍ നിര്‍ത്തിയിട്ട്‌ അയാള്‍ പറഞ്ഞു, ?നിങ്ങളുടെ മനസ്സ്‌ ശാന്തമാണന്ന്‌ മുഖം പറയുന്നില്ലല്ലോ!?

ഏകാന്തമായി ജലപ്പരപ്പ്‌ നോക്കിനില്‍ക്കയായിരുന്നവള്‍.

പരിസരബോധങ്ങളിലേക്ക്‌ തിരികെവന്ന്‌ ശബദത്തിന്റെ ഉത്ഭവം തേടി. തന്നില്‍ നിന്ന്‌ നാലഞ്ച്‌ അടി മാറിനില്‍ക്കുന്നയാളില്‍ ചെന്ന്‌ കണ്ണുകള്‍ പതിച്ചു.

?ഹായ്‌ ഞാന്‍ രവി. അയാള്‍ പരിചയപ്പെടുത്തി. നിങ്ങള്‍ പലപ്പോഴും ഇവിടെ ഇങ്ങനെ ഒറ്റക്ക്‌ നില്‍ക്കുന്നത്‌ ശ്രദ്ധിക്കുന്നു.

മുഖമെന്ന കണ്ണാടിയെക്കുറിച്ചവള്‍ ബോധവതിയായി.

അവള്‍ വൈകിട്ട്‌ കുട്ടികളെ വിളിച്ച്‌ അവരുടെ ക്ഷേമങ്ങള്‍ അന്വേഷിച്ചു. ഡിന്നര്‍ കഴിഞ്ഞോ എന്നു തിരക്കി. സ്‌നേഹമുള്ള കുട്ടികള്‍! അവള്‍ക്ക്‌ അവരും അവര്‍ക്ക്‌ അവളും അല്ലാതെ ആരുണ്ട്‌?

പിന്നീട്‌ പലപ്പോഴും കപ്പലിന്റെ പലഭാഗത്തുവെച്ച്‌ അയാളെ കണ്ടു, സംസാരിച്ചു. ചിലപ്പോള്‍ രശ്‌മിയും ശാന്തിയും ഉള്ളപ്പോള്‍, മറ്റുചിലപ്പോള്‍ ഡെക്കില്‍ ഒറ്റക്കു നില്‍ക്കുമ്പോള്‍. അവള്‍ സന്തോഷിന്റെ ഓര്‍മ്മയില്‍ ഇരുമ്പാണി പോലെ തുരുമ്പിച്ചിരിക്കയായിരുന്നു. അയാളുടെ ശബ്ദം കാന്തമായി അയാളിലേക്ക്‌ അടുപ്പിച്ചു.

?വൈകിട്ടു വേറെ പ്‌ളാനൊന്നും ഇല്ലെങ്കില്‍ നമ്മുക്കൊന്നിച്ച്‌ ഡിന്നര്‍ കഴിക്കാം? രാവിലെ കണ്ടപ്പോള്‍ അയാള്‍ പറഞ്ഞു.

രശ്‌മിയും ശാന്തിയും അയാളോടൊത്തു സമയം ചെലവാക്കുന്നതിന്‌ അവളെ പ്രോത്സാഹിപ്പിച്ചതേയുള്ളു. അവളുടെ കുട്ടികള്‍ താമസിയാതെ വീട്‌ വിടുമെന്നും പിന്നെ അവള്‍ തനിച്ചാവുമെന്നും അവര്‍ ഭയന്നിരുന്നു. ?കുട്ടികളല്ലെ, അവര്‍ അവരുടെ സ്വാതന്ത്ര്യം ആഘോഷിക്കും. അരുണ്‍ ഒരു ജോലി കിട്ടുവാന്‍ വേണ്ടി കാത്തിരിക്കുവാ? അവര്‍ പറഞ്ഞു.

സമയത്തിന്‌ മുമ്പെ അവര്‍ ഇരുവരും പറഞ്ഞ സ്ഥലത്ത്‌ എത്തിയിരുന്നു. അനന്തമായകടല്‍ അവര്‍ക്കടുത്തുള്ള കണ്ണാടി ജാലകങ്ങള്‍ക്കപ്പുറത്തുണ്ടായിരുന്നു. അയാളെ ഉപേക്ഷിച്ച്‌ പഴയകാമുകനോടൊപ്പം പോയ ഭാര്യയെക്കുറിച്ച്‌ അയാള്‍ ഉള്ളുതുറന്നു. അയാള്‍ക്ക്‌ പരാതികള്‍ ഇല്ലായിരുന്നു. യഥാര്‍ത്ത സ്‌നേഹത്തിനോട്‌ അയാള്‍ക്ക്‌ ആദരവ്‌ മാത്രം. പാതിപാടിയ രാഗമായി മറഞ്ഞ ഭര്‍ത്താവിനെക്കുറിച്ച്‌ സംസാരിച്ചപ്പോള്‍ വഴുതിവീണ ഓടക്കുഴലായി മാറിയവള്‍. അപ്പോള്‍ അവള്‍ കാലങ്ങള്‍ക്കും ദേശങ്ങള്‍ക്കും അപ്പുറമുള്ള ഏതോ കാടിന്റെ വന്യതയില്‍ ഒറ്റപ്പെടുകയാണന്നയാള്‍ക്ക്‌ തോന്നി.

അവിടെ മുളങ്കാടുകളെ തൊട്ടുണര്‍ത്തുന്ന കാറ്റിന്റെ സംഗീതമില്ല, ഊഷരഭൂമിയിലെന്നപോലെ ചൂട്‌ മാത്രം. ചിലപ്പോള്‍ വിധവയുടെ വിലാപം പോലെ പെയ്യുന്ന മഴ.

അവളുടെ കണ്ണുകളില്‍ അയാള്‍ വേറൊരു കടല്‍ കണ്ടു, അവിടെ ആര്‍ദ്രതയും കാരുണ്യവും തിരയടിച്ചു. ഹൃദയത്തില്‍ കൊത്തിയെടുക്കുവാന്‍ ധാരാളം സ്‌നേഹവും.

അയാള്‍, സ്വന്തം സൗരഭ്യത്തില്‍ മയങ്ങിക്കിടക്കുന്ന പൂവല്ല എന്നവള്‍ക്ക്‌ മനസ്സിലായി.

അവര്‍ സെല്‍ നമ്പറുകള്‍ കൈമാറി. അയാളുടെ നമ്പര്‍ അവള്‍ സെല്‍ഫോണില്‍ സേവ്‌ ചെയ്‌തു.

പിരിഞ്ഞുപോകുമ്പോള്‍ അവളുടെ നെറുകയില്‍ അയാള്‍ ഒരു ശലഭമായി അയാള്‍ പറന്നിരുന്നു, ഒരു നിശാശലഭം.

പകല്‍സ്വപ്‌നങ്ങളില്‍ അയാള്‍ വന്നു. മനസില്‍ സ്വപ്‌നച്ചിറകുള്ള തുമ്പികള്‍ പാറി.

അവിചാരിതങ്ങളല്ലേ ജീവിതത്തിനെ ആഘോഷമാക്കി മാറ്റുന്നത്‌.

ശാന്തിക്കും രശ്‌മിക്കും അവളെക്കുറിച്ച്‌ ആശങ്കയുണ്ടായിരുന്നു, അവളിങ്ങനെ തനിച്ച്‌ എത്രനാള്‍? ജീവിക്കാന്‍ മറന്ന്‌....

ആണായാലും പെണ്ണായാലും ജീവിതത്തോട്‌ ഒറ്റയായി പൊരുതുമ്പോള്‍ ചാരിനില്‍ക്കാന്‍ ഒരു തോളുവേണം, വഴികാട്ടാന്‍ ഒരു വിളക്കു വേണം.

അവര്‍ വീണ്ടും വീണ്ടും കണ്ടു. അവള്‍ രവിയെക്കുറിച്ച്‌ തന്റെ ആണ്‍കുട്ടികളോട്‌ സംസാരിക്കുന്നതിനെക്കുറിച്ച്‌ കാര്യമായി ചിന്തിച്ചു.

കപ്പലിലെ നാലാം ദിവസത്തിന്റെ അവസാനം ഡെക്കില്‍ നില്‍ക്കുമ്പോള്‍, മാനത്തൊരു നക്ഷത്രം അവള്‍ക്കു നേരെ കണ്ണുചിമ്മിയപ്പോള്‍ `സ്‌നേഹത്തിനു മതമില്ലെന്നു' രവി ചന്ദ്രശേഖരന്‍ താര മാത്യൂസിനെ മനസ്സിലാക്കി.

കപ്പല്‍ തുറമുഖത്ത്‌ തിരിച്ചെത്തി, അവര്‍ക്ക്‌ ഇറങ്ങാന്‍ സമയമായി, ഒരാഴ്‌ച കടന്നുപോയതറിഞ്ഞില്ല. കുട്ടികള്‍ അവളെയും കാത്തുനിന്നിരുന്നു.

വീട്ടിലേക്കുള്ള യാത്രയില്‍ കാറിന്റെ ബാക്ക്‌സീറ്റില്‍ ഇരിക്കുമ്പോള്‍ അയാളുടെ വാക്കുകള്‍ അവളോര്‍ത്തു `വിളിക്കുമല്ലോ'.

കുട്ടികളുടെ മുന്നില്‍ വെച്ച്‌ വിളിക്കുവാന്‍ ആലോചനയില്ലെങ്കിലും അവള്‍ സെല്‍ഫോണ്‍ ബാഗില്‍ പരതി, കാണാഞ്ഞപ്പോള്‍ പരിഭാന്തയായി. അവള്‍ കുട്ടികളെ കപ്പലില്‍ നിന്ന്‌ വിളിച്ചതാണല്ലോ! അവള്‍ക്ക്‌ അയാളുടെ നമ്പര്‍ ഓര്‍മ്മയില്ല. നമ്പര്‍ ആകെയുണ്ടായിരുന്നത്‌ സെല്‍ഫോണില്‍ മാത്രം. രവി ചന്ദ്രശേഖരന്‍ 32 അറ്റ്‌ യാഹു.കോം അതോ രവി ചന്ദ്രശേഖരന്‍ 42 അറ്റ്‌ ഹോട്ട്‌ മെയില്‍.കോം. എത്രയാലോചിച്ചിട്ടും അവള്‍ക്ക്‌ അയാളുടെ ഈമെയില്‍ ഓര്‍മ്മകിട്ടുന്നില്ല. അവള്‍ അസ്വസ്ഥയാകുന്നത്‌ കുട്ടികള്‍ ശ്രദ്ധിച്ചു, ബാഗ്‌ മുഴുവന്‍ പലതവണ പരിശോധിക്കുന്നതും.

എന്റെസെല്‍ഫോണ്‍ കളഞ്ഞുപോയീന്നാ തോന്നുന്നത്‌. അവള്‍ പറഞ്ഞു.

`നന്നായി, കളഞ്ഞു പോകട്ടെ അമ്മെ, പഴയ സ്റ്റയില്‍ ഫോണായിരുന്നില്ലേ? ഇപ്പൊ ആരെങ്കിലും അങ്ങനത്തെ ഫോണ്‍ കൊണ്ടുനടക്കുമോ? അമ്മ ഇനിയൊരു സ്‌മാര്‍ട്ട്‌ ഫോണ്‍ വാങ്ങു' അരുണ്‍ പറഞ്ഞു. അവര്‍ക്ക്‌ എപ്പോഴും ഹൈറ്റെക്ക്‌നോളജിയെക്കുറിച്ച്‌ മാത്രമെ ചിന്തയുള്ളു. അവര്‍ക്കു അവളുടെ അപ്പോഴത്തെ മാനസികാവസ്ഥ മനസിലാവില്ലല്ലോ!

വീട്ടിലെത്തിയതും അവള്‍ പെട്ടിയിലിലെ സാധനങ്ങള്‍ ആകെ നിലത്തു കുടഞ്ഞിട്ടു, സെല്‍ ഫോണ്‍ അതില്‍ വരുവാന്‍ യാതൊരു സാധ്യതയും ഇല്ലന്നറിയാമായിരുന്നിട്ടും.

`എന്താണമ്മേ സൂട്ട്‌കേസില്‍ ഇത്ര ധൃതിയില്‍ തപ്പുന്നത്‌?' അരുണ്‍ ചോദിച്ചു.

`എനിക്കു നഷ്ടപ്പെട്ടു പോയിട്ട്‌ തിരികെക്കിട്ടിയ എന്തോ ഒന്ന്‌' അവള്‍ മറുപടി പറഞ്ഞു.

reenimambalam@gmail.com
നഷ്ടപ്പെട്ടതെന്തോ (ചെറുകഥ:റീനി മമ്പലം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക