Image

മലയാളത്തിനു ക്‌ളാസിക്‌ പദവി, മരണാനന്തര ബഹുമതി (ഏബ്രഹാം തെക്കേമുറി)

Published on 28 February, 2013
മലയാളത്തിനു ക്‌ളാസിക്‌ പദവി, മരണാനന്തര ബഹുമതി (ഏബ്രഹാം തെക്കേമുറി)
മലയാളഭാഷയ്‌ക്ക്‌ ക്‌ളാസിക്‌ പദവി മരണാനന്തരബഹുമതിയായി ലഭിക്കാന്‍ സാധ്യതയുണ്ട്‌. മലയാളം കേരളത്തില്‍ മരിച്ചു. കാലമാം രഥത്തില്‍ ഭാഷ സ്വര്‍ഗയാത്ര ചെയ്യുന്നു. ടി. വി. സീരിയലിലൂടെ ഒരു സങ്കര സംസാരഭാഷയും, കോമാളി വേഷവുമൊക്കെയായി ഒരു സുതാര്യമായ ലൈംഗീകബോധത്തിലൂടെ ഭാഷ നപുംസകമായി മാറിക്കഴിഞ്ഞു. അവനും അവളും ഇന്നില്ല. എടനും എടിയുമില്ല . എല്ലാം `ടാ' ആയിക്കഴിഞ്ഞിരിക്കുന്നു. മനുഷ്യന്‍ ആടിന്റെ കൂടെ ശയിച്ച്‌ `ആടുജീവിതം' എന്ന നോവല്‍ ഗള്‍ഫില്‍ പിറന്നു. അങ്ങനെ പ്രവാസിയും പ്രവാസസാഹിത്യവും ഇന്ന്‌ ചര്‍ച്ചകള്‍ക്ക്‌ വിധേയമായിക്കൊണ്ടിരിക്കുന്നു. മലയാളഭാഷയില്‍ ഇത്തരമൊരു വിഷയം വന്നെത്തിയതില്‍ അമേരിക്കന്‍ മലയാളസാഹിത്യത്തിനും പങ്കുണ്ട്‌. തലയും വാലുമില്ലാത്ത അവസ്‌ഥയ്‌ക്ക്‌ `പ്രവാസസാഹിത്യ'മെന്നു പേരിട്ടു.

സാഹിത്യകാരന്റെ ഭാഷാസ്‌നേഹത്തിലൂടെ അമേരിക്കയില്‍ ഉളവായ മാദ്‌ധ്യമങ്ങളിലൂടെ സംഘടനകള്‍ വളരുകയും കൂട്ടായപ്രവര്‍ത്തനത്തിലൂടെ `മാതൃഭാഷയും സംസ്‌കാരവു'മെന്ന ലേബലില്‍ കേരളത്തിലെ സര്‍വതലനേതാക്കന്മാരെ ഇവിടേക്ക്‌ എഴുന്നള്ളിച്ചും, ഇന്നാട്ടില്‍ പലതും പടുത്തുയര്‍ത്തിയുമൊക്കെ കാലം ഗമിക്കവേ, ഇതുവരെയൊന്നിനും ഒരു വ്യക്‌ത്വത മലയാളിക്ക്‌ അവകാശപ്പെടാനില്ല. കാരണം, സാംസ്‌കാരികരൂപീകരണത്തില്‍ സാഹിത്യത്തിലൂടെയുള്ള ആശയസംവാദവും, അതിലൂടെയുള്ള ലക്‌ഷ്യബോധവും ലഭിച്ചില്ല എന്നതുതന്നെ.

സാഹിത്യകാരന്‍ സമൂഹത്തിന്റെ നട്ടെല്ലാണ്‌. എന്നാല്‍ അമേരിക്കന്‍ മലയാളിസമൂഹത്തില്‍ നട്ടെല്ലാകാനോ, മലയാളഭാഷയ്‌ക്ക്‌ എന്തെങ്കിലും കാര്യമായ സംഭാവന നല്‍കാനോ അമേരിക്കന്‍ മലയാളസാഹിത്യത്തിനു കഴിഞ്ഞിട്ടില്ല.

സാഹിത്യമെന്തെന്ന്‌ അടിസ്‌ഥാനജ്‌ഞാനമില്ലാതെ എഴുതുന്നതെന്തും സാഹിത്യമെന്ന്‌ ധരിച്ചിരിക്കുന്നവരില്‍, ഒന്നിനും സമയമില്ലാതെ ജീവിതാഡംബരങ്ങള്‍ക്കായി ഓടിനടക്കേണ്ടുന്ന ജീവിതാവസ്‌ഥയും, വായനയില്ലാത്തതിനാല്‍ ഭവിച്ച ഭാഷാവൈകല്യവും സാഹിത്യവികലത ഉളവാക്കി. ഉത്തമസാഹിത്യത്തിന്‌ സാഹിത്യകാരന്റെ `ജീവിതശൈലി'യോട്‌ ബന്‌ധമുണ്ട്‌. ലോകസാഹിത്യത്തിന്റെയും തദ്ദേശീയ സംസ്‌കൃതിയുടെയും സ്വാധീനം പ്രതിഭ ഉള്‍ക്കൊള്ളുമ്പോഴാണ്‌ മികച്ച രചനകള്‍ അവതരിക്കുക. സര്‍ഗവാസനയുള്ളവന്‍ വായനയിലൂടെ ജ്‌ഞാനം നേടുകയും, നിരീക്‌ഷണങ്ങളുടെയും, അനുഭവങ്ങളുടെയും, സ്വന്തം ആശയങ്ങളുടെയും ചിന്താശക്‌തിയുടെയും തുരുത്തില്‍ അത്‌ വികസിച്ച്‌ മനുഷത്വപരമായ പരിണാമത്തിലെത്തി സൃഷ്‌ടിയായി മാറ്റുന്നു. ഇത്തരക്കാരില്‍ നിന്നും ഉത്‌ഭവിച്ച അമേരിക്കന്‍ മലയാളസാഹിത്യത്തിന്റെ തണലില്‍, ഇന്നാട്ടില്‍ മലയാളിയുടെ മറ്റെല്ലാ തുറകളിലും ഉള്ളതുപോലെതന്നെ പുറംവാതിലിലൂടെ ഒരു നുഴഞ്ഞുകയറ്റം ഉണ്ടായി.

സംഘടനകള്‍ സൃഷ്‌ടിച്ച സാഹിത്യകാരമ്മാരും, സാഹിത്യകാരന്മാര്‍ സൃഷ്‌ടിച്ച സംഘടനകളും പരസ്‌പരം അവാര്‍ഡ്‌ എന്ന പലകക്കഷണംകൊണ്ട്‌ പുറം ചൊറിയാന്‍ തുടങ്ങി. അപ്പോള്‍ സാഹിത്യമത്‌സരത്തിനായി മാത്രം വല്ലതും എഴുതുന്ന സാഹിത്യകാരനും, വായിച്ചുനോക്കാതെ തന്നെ മുന്‍വിധിപോലെ അവാര്‍ഡ്‌ നല്‍കുന്ന സംഘടനകളും പെരുകി. സാഹിത്യഅവാര്‍ഡ്‌ പ്രഖ്യാപിച്ചുകൊണ്ട്‌ കടിലാസ്‌ സംഘടനകള്‍ വാര്‍ത്തകള്‍ സൃഷ്‌ടിച്ചു. സാഹിത്യകാരന്മാരും സംഘടനകളും തമ്മിലുണ്ടായ ഈ അവിഹിതവേഴ്‌ച സാഹിത്യകാരന്മാരെ ഭിന്നിപ്പിച്ചു. സാഹിത്യസദസുകളില്‍ സംഘടനാനേതാക്കളെ വിളിച്ച്‌ വിഷയങ്ങള്‍ പരദൂഷണങ്ങളാക്കി. അക്‌ഷരജ്‌ഞാനമില്ലാത്തവനായാലും സാംസ്‌കാരിക സംഘടനനേതാക്കള്‍ അങ്ങനെ സാഹിത്യത്തിന്റെയും സാഹിത്യകാരന്റെയും ഉപദേഷ്‌ടാക്കളായി പരിണമിച്ചു. അങ്ങനെ വേണ്ടവിധം വളര്‍ച്ചയ്‌ക്കാവശ്യമായ ചര്‍ച്ചകളോ വിഷയങ്ങളോ ഇല്ലാതെ അമേരിക്കന്‍ മലയാള സാഹിത്യം മുരടിച്ചു.

കേരളത്തിന്റെ മുഖ്യധാരയിലേക്ക്‌ എത്തിനോക്കിയവര്‍ തമ്മില്‍ അവരവര്‍ ചെയ്‌ത കുറുക്കുവഴികള്‍ മറ്റൊരാളുടേതായി ചിത്രീകരിച്ച്‌ ഇവിടെ മാദ്‌ധ്യമങ്ങളിലൂടെ പൊരുതുവാന്‍ കൂടി തുടങ്ങിയതോടെ നേരായ മാര്‍ഗത്തില്‍ ഒരു അംഗീകാരം ലഭിച്ചാല്‍ അതു കൈപ്പറ്റുവാന്‍ അര്‍ഹരായവര്‍ പോലും ഇന്ന്‌ മടിക്കും.

ഇക്കളിയിലൂടെ പ്രശസ്‌തി ഉണ്ടാക്കിയവര്‍ ഇന്ന്‌ തിരോധാനം ചെയ്‌തു തുടങ്ങിയിരിക്കുന്നു. എന്തെന്നാല്‍ കൗമാരത്തിലെ വിക്രിയകളും, ഭാര്യാവിരോധവും, കുട്ടികളുടെ കൗമാരവിക്രിയകളോടുള്ള വെറുപ്പും, ഓണത്തുമ്പിയെ വാഴ്‌ത്തിപ്പാടുന്നതും, ഉദ്‌ധരിച്ചു നില്‍ക്കുന്ന ഡോളറും, അമേരിക്കന്‍ ജീവിതത്തിലെ ആരംഭപീഡകളും ഒക്കെയായിരുന്നു വിഷയങ്ങള്‍. ഇന്നിപ്പോള്‍ മിക്കവരുടെയും സാഹചര്യങ്ങള്‍ മാറി. സാഹിത്യകാരനെന്ന പേരുമായി. ആവനാഴി കാലിയായി. പുതിയലോകത്തില്‍ നിന്ന്‌ ഒന്നും ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിനാല്‍ ഇനിയും എഴുതിയാല്‍ നാറും.

മറുവശമാകട്ടെ മാദ്‌ധ്യമങ്ങളുടെ വളര്‍ച്ചയില്‍ വായനക്കാര്‍ ഇന്ന്‌ ഏറെയുണ്ടെങ്കിലും പ്രതികരണശേഷിയുള്ളവര്‍ വിരളമാകയാല്‍ എഴുത്തുകാരന്റെ ചിന്ത മുരടിച്ചു. എഴുത്തുകാരനെ നന്നാക്കാനോ, നശിപ്പിക്കാനോ കഴിവുണ്ട്‌ വായനക്കാരന്റെ പ്രതികരണത്തിന്‌. എന്നാല്‍ ഇന്നാട്ടില്‍ വല്ല തെറിയുമെഴുതിയാല്‍ അല്‌പം പ്രതികരണം മാത്രം. സാഹിത്യകാരന്റെ ഉത്തേജനം വായനക്കാരും മാദ്‌ധ്യമങ്ങളുമാണ്‌.

പ്രസിദ്‌ധീകരണങ്ങള്‍ ഫ്രീയായി കിട്ടിയാല്‍ നല്ല വായനാശീലമുള്ളവരാണ്‌ മലയാളികള്‍. എന്നാല്‍ ഭാഷയോടും സമൂഹത്തോടും ഒരു കടപ്പാടുണ്ടെന്ന്‌്‌ മനസിലാക്കി ഏതെങ്കിലുമൊന്നിനു വരിസംഖ്യ നല്‍കുന്നവരുടെ എണ്ണം വളരെക്കുറവ്‌. `ദേശം ഇമ്പമുള്ളതും ഫലം മനോഹരവുമെന്നു കണ്ട്‌ ഊഴിയവേലയ്‌ക്ക്‌ ദാസരായി ഭവിച്ച സമൂഹമത്രേ അമേരിക്കന്‍ മലയാളികള്‍'. ഈ പൊള്ളത്തരത്തിനു നേരെ വിരല്‍ ചൂണ്ടുന്ന കൃതികള്‍ വേണ്ടവണ്ണം ഇവിടെ വിമര്‍ശിക്കപ്പെടാതെ പോയി.

അമേരിക്കന്‍ മലയാളസാഹിത്യം ഒരു വലിയ വഴിത്തിരിവിലെത്തി നില്‍ക്കുന്നു. എന്തെന്നാല്‍ വായനക്കാരന്‍ ഇവിടെ സര്‍ഗഗുണമുള്ള എഴുത്തുകാരനെ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.. അവാര്‍ഡ്‌ രഹസ്യങ്ങളെ ഇന്നാട്ടിലെ പ്രസിദ്‌ധീകരണങ്ങളും സന്ദര്‍ഭോചിതമായി പുറത്തുവിട്ടിരിക്കുന്നു. ഇനിയുമിവിടെ കര്‍ത്തവ്യബോധത്തിലേക്ക്‌ ചിന്താശക്‌തിയുള്ളവന്‍ മടങ്ങിവരും. ആശയപരമായ വ്യതിയാനങ്ങളിലേക്ക്‌ മലയാളി രൂപപ്പെടേണ്ടതിന്റെ ആവശ്യകത ഇന്ന്‌ എല്ലാ തുറകളിലും നിഴലിച്ചുകാണുന്നു.

അന്യവും വിവിധങ്ങളുമായ സംസ്‌കാരത്തിന്റെ മറവില്‍, ഭീതിപ്പെടുത്തുന്ന പലതിന്റെയും വക്കില്‍ എത്തപ്പെട്ടിരിക്കുമ്പോള്‍ പാരമ്പര്യ സങ്കല്‍പ്പങ്ങള്‍ക്ക്‌ പരിണാമം സംഭവിക്കുന്ന, ഒരു ഏകീകൃതമായ ഭൗതികതയുടെ മറവില്‍ നിന്നുകൊണ്ട്‌ നാളെയുടെ അനന്തസാദ്‌ധ്യതകളെ കണ്ടെത്തി കാലത്തിന്റെ ഗന്‌ധമുള്ള സൃഷ്‌ടികള്‍ക്ക്‌ സാദ്‌ധ്യതയുണ്ട്‌.

എന്നാല്‍ പ്രവാസലോകത്ത്‌ മലയാളഭാഷയില്‍ പിറക്കുന്ന ഒരു കൃതിക്ക്‌ കേരളത്തില്‍ അംഗീകാരം ലഭിക്കുമോ? സാദ്‌ധ്യത വളരെക്കുറവാണ്‌. കാരണം വ്യക്‌തിപൂജയെന്ന വിവരദോഷത്തില്‍ വയോധികബുദ്‌ധിയാണല്ലോ കേരളത്തിന്റെ സര്‍വതലങ്ങളെയും അടക്കിവാഴുന്നത്‌.. മറ്റൊന്ന്‌ ലോകം കേരളത്തിനുള്ളിലൊതുങ്ങിക്കിടക്കുന്നുവെന്ന കേരളത്തിന്റെ അഹന്താബോധം. കേരളത്തിലെ നല്ലൊരു ശതമാനം പ്രഗത്‌ഭരായ എഴുത്തുകാരും അമേരിക്കയില്‍ സന്ദര്‍ശനം നടത്തിയിട്ടുള്ളവരാണ്‌. എന്നാല്‍ അവരെല്ലാം അമേരിക്കന്‍ എഴുത്തുകാരെ തനി കേരളസ്‌റ്റൈയില്‍ സാഹിത്യം പഠിപ്പിക്കാന്‍ ശ്രമിച്ചതല്ലാതെ, അമേരിക്ക കണ്ടറിഞ്ഞതിന്റെ പേരില്‍ തങ്ങളുടെ അറിവിനുമപ്പുറം പ്‌േഞ്ചന്ദ്രിയങ്ങളുടെ വിഹായസിലൂടെ വിശ്വമാനവികതയുടെ ഒരു തിരിച്ചറിവ്‌ നേടാന്‍ കഴിഞ്ഞില്ല.

കഴിഞ്ഞ പതിറ്റാണ്ടില്‍ കേരളം മുങ്ങിയത്‌ മൂല്യശോഷണങ്ങളുടെ കയത്തിലേക്കാണ്‌. അത്‌ കണ്ട്‌ വിറങ്ങലിച്ചു നില്‍ക്കുന്ന സാംസ്‌കാരികസമൂഹം. ഇവിടെ സംഭവിച്ചിരിക്കുന്നത്‌ മൂല്യത്തകര്‍ച്ചയാണെന്ന്‌ കേഴുന്നവരെ! അതിന്റെ കാരണക്കാര്‍ നിങ്ങള്‍ തന്നെയാണ്‌. എന്തെന്നാല്‍ നിങ്ങള്‍ എഴുതിവിട്ട അനര്‍ത്‌ഥങ്ങള്‍ ഇവിടെ അലക്‌ഷ്യജീവിതങ്ങളായി പിറന്നിരിക്കുന്നു. കേരളത്തിലെ സാംസ്‌കാരിക രാഷ്‌ട്രീയ സാഹിത്യമതങ്ങളുടെ തലപ്പത്ത്‌ മരണത്താലല്ലാതെ തങ്ങള്‍ പിടിവിടില്ലയെന്ന വാശിയോട്‌ അള്ളിപ്പിടിച്ചിരിക്കുന്ന വികൃതസംസ്‌കാരത്തിന്‌ ഒരറുതി. അതുണ്ടാക്കാന്‍ ശക്‌തമായ തൂലികയില്ലയെങ്കില്‍ അവിടെ സാഹിത്യമില്ല. ബുദ്‌ധിജീവികളുമില്ല. ഒരു പ്രമേഹരോഗിയേപ്പോലെ മലയാളഭാഷയുടെ കാല്‍കരങ്ങള്‍ ശോഷിച്ചിരിക്കുന്നു. മലയാളിയാകട്ടെ സിനിമാസ്‌ക്രീനിലൂടെ അതിവേഗം സര്‍വഭാവത്തിലും വിശ്വവല്‍ക്കരിക്കപ്പെടുന്നു. ലഹരിഉപയോഗത്തിലും ആത്‌മഹത്യയിലും എന്റെ വര്‍ഗം ഇന്ന്‌ ഒന്നാം സ്‌ഥാനത്ത്‌. അപ്പോഴും എന്റെ കാപട്യം വിളിച്ചു പറയുന്നു. `ലോകസമസ്‌താം സുഖിനോ ഭവന്തു.'
മലയാളത്തിനു ക്‌ളാസിക്‌ പദവി, മരണാനന്തര ബഹുമതി (ഏബ്രഹാം തെക്കേമുറി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക