കേരളീയ സമൂഹത്തില്‍ ക്രിമിനലിസം അതിന്റെ അതിരുകള്‍ കടന്ന്
കുതിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയിലെ മാധ്യമങ്ങളില്‍ സമൂഹത്തിലെ താഴെ
തട്ടുമുതല്‍ ഉപരിവര്‍ഗത്തില്‍ വരെ ഈ ക്രിമിനലിസത്തിന്റെ ഇരകളും
വേട്ടക്കാരും നിറഞ്ഞുനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസത്തെ ഒരു വാര്‍ത്ത
ഇതായിരുന്നു: രണ്ടാം വിവാഹം കഴിക്കാന്‍ ഭര്‍ത്താവ് ഭാര്യയെ അതിക്രൂരമായി
പീഡിപ്പിക്കുന്നു. ഒരു മനുഷ്യന് മറ്റൊരു മനുഷ്യനോട് ചെയ്യാന്‍ കഴിയുന്ന
ക്രൂരതയുടെ സകല പരിധികളും ലംഘിച്ച ക്രൂരതയാണ് ഒരു യുവാവ് സ്വന്തം
ഭാര്യയോട് കാണിച്ചത്. ഗര്‍ഭം അലസിപ്പിക്കാന്‍ പച്ചമുളക് അരച്ച്
ചൂടുവെള്ളത്തില്‍ കലക്കി കുടിപ്പിക്കുക, ഗുഹ്യസ്ഥാനങ്ങളില്‍ മുളക്
അരച്ചുതേക്കുക, മീന്‍മുറിക്കാന്‍ നല്‍കി അതിന്റെ മലിനജലം ദേഹത്ത് ഒഴിച്ച്
കുളിക്കാന്‍ അനുവദിക്കാതെ നാല് ദിവസത്തിലേറെ മുറിയില്‍ പൂട്ടിയിടുക, മലവും
മൂത്രവും ശരീരത്തിലൊഴിക്കുക, റേഷനരി ചോറ് വച്ചതുമുഴുവന്‍ ഒറ്റയടിക്ക്
തീറ്റിച്ച് ഛര്‍ദ്ദിക്കുമ്പോള്‍ അതും തീറ്റിപ്പിക്കുക, ശരീരത്തിലുടനീളം
ചട്ടുകം പഴുപ്പിച്ച് പൊള്ളിക്കുക, വീട്ടിലെ പട്ടിക്ക് നല്‍കുന്ന
പാത്രത്തില്‍ ആഹാരം നല്‍കുക... വായിച്ചുതീര്‍ക്കാന്‍ പോലുമാകാത്ത
ക്രൂരതകള്‍ .
സ്വന്തം ഭാര്യയെ നഗ്നയാക്കി രണ്ട് തോളെല്ലുകളും
ഇറച്ചി വെട്ടുന്ന മരമുട്ടികൊണ്ട് അടിച്ചുതകര്‍ത്ത് ഗുഹ്യഭാഗത്ത് സിഗരറ്റ്
ലൈറ്റര്‍ വച്ച് പൊള്ളിക്കുകയാണ് തൃശൂരിലെ ഒരു ഭര്‍ത്താവ് ചെയ്തത്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള പീഡനം കേരളത്തില്‍ സകല
അതിര്‍ത്തികളും ലംഘിച്ചിരിക്കുകയാണ്. മാധ്യമങ്ങളുടെ പ്രാദേശിക പേജുകളില്‍
ഒരു ദിവസത്തെ വാര്‍ത്ത മാത്രമായി ഇത് ഒതുങ്ങുന്നു. അതേസമയം, അതിന്റെ ഇരകള്‍
ഒരായുസ്സ് ഈ ക്രൗര്യത്തിന്റെ ജീവച്ഛവങ്ങളായി കഴിഞ്ഞുകൂടുന്നു. ഈ
പീഡനത്തിന്റെ വേട്ടക്കാര്‍ നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടുകയും
ചെയ്യുന്നു. വീടുകളില്‍ സ്ത്രീപീഡനം നടത്തുന്ന പുരുഷന്മാര്‍ക്ക് സമൂഹവും
നിയമവ്യവസ്ഥയും ഒരു അപ്രഖ്യാപിത സംരക്ഷണം നല്‍കുന്നുണ്ട്. ഭര്‍ത്താവല്ലേ,
അവള്‍ക്ക് സഹിച്ചുകൂടേ എന്ന ചോദ്യമായിരിക്കും ഇര നേരിടേണ്ടിവരിക.
അതുകൊണ്ടുതന്നെ, എത്ര വലിയ ആത്മാഭിമാനഹിംസയുണ്ടായാലും അവള്‍ നിരന്തരം
പൊറുത്തുകൊടുക്കുന്നു.
എന്താണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് പ്രബുദ്ധമെന്ന്
വിശേഷിപ്പിക്കപ്പെടുന്ന കേരളീയ സമൂഹം എടുത്തെറിയപ്പെടുന്നത്?
സമകാലികാവസ്ഥയില്‍ ഇതിന് നിരവധി മറുപടികളുണ്ട്. ഒന്നാമത്, സമൂഹത്തെ
രാഷ്ട്രീയമായി നിയന്ത്രിക്കുകയും ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ
നിയമനടപടിയെടുക്കുകയും ചെയ്യേണ്ട ഭരണകൂടത്തിന്റെ ധാര്‍മ്മികമായ നിലവാരവും
വിശ്വാസ്യതയും അതിപ്രധാനമാണ്. ഇക്കാര്യത്തില്‍ കേരളം ഇപ്പോള്‍ ഭരിക്കുന്ന
സര്‍ക്കാര്‍ വട്ടപ്പൂജ്യമാണ്. കാരണം, സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചു,
സ്ത്രീകളെ അസാന്മാര്‍ഗികമായി ഉപയോഗിച്ചു തുടങ്ങിയ ആരോപണങ്ങള്‍ നേരിടുന്ന
ഏതാനും മന്ത്രിമാര്‍ ഇന്ന് കേരളം ഭരിക്കുന്നുണ്ട്. മാത്രമല്ല, ഈ
മന്ത്രിമാരെ നിര്‍ലജ്ജം സംരക്ഷിക്കാന്‍ ഭരണകൂടം അതിന്റെ
സര്‍വ്വസന്നാഹങ്ങളും ഉപയോഗപ്പെടുത്തുന്നത് കേരളീയ സമൂഹം
കണ്ടുകൊണ്ടിരിക്കുന്നു.
മന്ത്രി കെ.ബി ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദമാണ്
ഇതില്‍ ഒടുവിലത്തേത്. ഗണേഷ് കുമാറിന്റെ പ്രശ്നം യഥാര്‍ഥത്തില്‍
വ്യക്തിതലത്തില്‍ മാത്രം ഒതുങ്ങേണ്ടതായിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ചീഫ്
വിപ്പ് ഇടപെട്ടതോടെ അതിന് രാഷ്ട്രീയത്തിലെ ധാര്‍മ്മികതയുമായി ബന്ധപ്പെട്ട
ഒരു തലം കൈവന്നു. വ്യക്തിയെന്ന നിലക്കല്ല, മന്ത്രിയെന്ന നിലക്കുള്ള
സ്വാധീനം ചെലുത്തി ഗണേഷ് കുമാര്‍ ഒരു സ്ത്രീയുമായുള്ള ബന്ധത്തെ അവിഹിതമായി
മാറ്റിയെടുത്തു എന്ന ആരോപണവും ഗൗരവമുള്ളതാണ്. ഒരു
സാധാരണവ്യക്തിക്കെതിരെയാണ്, ഭാര്യ ഇത്തരമൊരാരോപണം ഉന്നയിച്ചിരുന്നത്
എങ്കില്‍ (തന്റെ സുഹൃത്തിന് ലൈംഗികച്ചുവയുള്ള എസ്.എം.എസുകള്‍ അയക്കുന്നു,
ബന്ധം ദുരുപയോഗപ്പെടുത്തുന്നു) അത് കേസെടുക്കാന്‍ മതിയായ
കാരണമാകുമായിരുന്നു. എന്നാല്‍, ഇത് ഒരു മന്ത്രിക്കെതിരെയാകുമ്പോള്‍
നടപടിയെടുക്കേണ്ടവര്‍ നിശ്ശബ്ദരാകുന്നു. ഗണേഷ് കുമാറിന്റെ ഭാര്യ ആദ്യം
ബാലകൃഷ്ണപിള്ളയെയും തുടര്‍ന്ന് മുഖ്യമന്ത്രിയെയും കണ്ട് ഇതേക്കുറിച്ച്
പരാതി പറഞ്ഞിരുന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
ഗണേഷ്കുമാര്‍ ഭാര്യയുമായി ഇതുസംബന്ധിച്ച് തര്‍ക്കമുണ്ടായെന്നും അദ്ദേഹം
ഭാര്യയെ മര്‍ദ്ദിച്ചെന്നുമൊക്കെ തിരുവനന്തപുരത്ത് പ്രചരിക്കുന്നുണ്ട്. അത്
ശരിയോ തെറ്റോ ആകട്ടെ, പ്രശ്നം അതല്ല. സ്ത്രീകള്‍ക്കെതിരായ പീഡനങ്ങള്‍
തടയുന്നത് അടക്കമുള്ള നിരവധി നിയമ നിര്‍മ്മാണങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട
ഭരണകൂടത്തിലെ ഉത്തരവാദപ്പെട്ട ഒരു മന്ത്രി ഒരു സ്ത്രീയോട്
അസാന്മാര്‍ഗികമായി പെരുമാറി എന്ന പരാതി ഉയരുമ്പോള്‍, അതിന്റെ ശരി
തെറ്റുകള്‍ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തേണ്ട ബാധ്യത ഭരണകൂടത്തിനുണ്ട്.
മന്ത്രി സംശയത്തിന്റെ നിഴലിലായിരിക്കുന്നതും നടപടികളില്ലാതെ അയാള്‍
സംരക്ഷിക്കപ്പെടുന്നതും, സമാനമായ കുറ്റകൃത്യങ്ങളിലെ പ്രതികള്‍ക്കെല്ലാം
സംരക്ഷണം നല്‍കുന്നതിന് തുല്യമാണ്. അത് ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക്
യഥാര്‍ത്ഥത്തില്‍ പ്രേരണ നല്‍കുന്നതിന് തുല്യമാണ്.
സൂര്യനെല്ലി കേസില്‍ പി.ജെ കുര്യനെ സംരക്ഷിക്കാന്‍
കേരള സര്‍ക്കാര്‍ കൈക്കൊണ്ട ജാഗ്രത ഇതിലും ഗൗരവമേറിയതാണ്. ബലാത്സംഗ
കേസുകളില്‍ ഇരകളുടെ മൊഴി മാത്രം പരിഗണിച്ച് നടപടിയെടുക്കാന്‍ നിലവിലുള്ള
നിയമങ്ങള്‍ വ്യവസ്ഥ ചെയ്യുമ്പോള്‍ അത് മൂടിവച്ച്, ആരോപണവിധേയനായ
ഒരാള്‍ക്കുവേണ്ടി നിയമോപദേശം സംഘടിപ്പിച്ചെടുക്കുകയാണ് സര്‍ക്കാര്‍
ചെയ്തത്. പൊതുസമൂഹത്തിന് മാതൃകയാകേണ്ട ഒരു രാഷ്ട്രീയ പ്രവര്‍ത്തകനും
പരമോന്നത നിയമനിര്‍മാണസഭകളില്‍ ഒന്നിന്റെ അധ്യക്ഷനുമാണ് കുര്യന്‍ .
അതുകൊണ്ടുതന്നെ അദ്ദേഹം സംശയത്തിന് അതീതനായിരിക്കേണ്ടത് രാഷ്ട്രീയ
സദാചാരത്തിന്റെ മാത്രമല്ല, നീതിനിര്‍വഹണത്തിന്റെ കൂടി പ്രാഥമിക പാഠമാണ്.
അത് അവഗണിക്കുന്നത് സമൂഹത്തില്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കും.
മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട ഐസ്ക്രീം
പെണ്‍വാണിഭം ഇന്ന് വിസ്മരിക്കപ്പെട്ട ഏടാണ്. അത് വിസ്മരിക്കപ്പെടാന്‍
ഇരുമുന്നണികളുടെയും നേതൃത്വം നടത്തിയ അവിഹിതമായ ഇടപെടലുകള്‍ കേരളീയ
സമൂഹത്തിലെ ദുര്‍ഗന്ധപൂരിതമായ ഓര്‍മ്മകളായി അവശേഷിക്കുന്നു.
പെണ്‍കുട്ടികള്‍ക്കുനേരെയുള്ള പീഡനമെന്നതിലുപരി, അതുമായി ബന്ധപ്പെട്ട കേസ്
അട്ടിമറിക്കാന്‍ നീതിന്യായവ്യവസ്ഥയെ വരെ സ്വാധീനിക്കാന്‍ നടന്ന ശ്രമങ്ങളാണ്
ഈ കേസിനെ വ്യത്യസ്തമാക്കിയത്. ഒരിക്കല്‍ ജനം ശിക്ഷിച്ചിട്ടുപോലും
കുഞ്ഞാലിക്കുട്ടി നിയമവ്യവസ്ഥയുടെ മുന്നില്‍നിന്ന് സദാ രക്ഷപ്പെട്ടുനിന്നു.
ഈ രക്ഷപ്പെടല്‍ വ്യക്തിപരമായി അദ്ദേഹത്തിനുമാത്രമേ ഗുണമുണ്ടാക്കിയുള്ളൂ.
ഭരണകൂടത്തിനും രാഷ്ട്രീയവ്യവസ്ഥക്കും അതുണ്ടാക്കിയ വിശ്വാസനഷ്ടം
ഗുരുതരമായിരുന്നു.
ആരോപണവിധേയരായവര്‍ക്ക് ലഭിക്കുന്ന ഇത്തരം
സുരക്ഷാകവചങ്ങള്‍, ഫലത്തില്‍ അവര്‍ക്കെതിരെ ആരോപിക്കപ്പെടുന്ന
കുറ്റകൃത്യങ്ങള്‍ക്കുള്ള സുരക്ഷാകവചങ്ങള്‍ കൂടിയാണ്. കഴിഞ്ഞ ഒരു
പതിറ്റാണ്ടായി കേരളത്തില്‍ വര്‍ധിച്ചുവരുന്ന സ്ത്രീ പീഡനങ്ങള്‍ക്കും
പെണ്‍വാണിഭങ്ങള്‍ക്കും ഭരണകൂടത്തിന്റെ ഇത്തരം ഇടപെടലുകള്‍ ഒരുതരം ന്യായം
നല്‍കുന്നുണ്ട്. അത് കോടതി വിധികളില്‍ വരെ പ്രകടമാകുന്നു. സൂര്യനെല്ലി
കേസിലെ ഹൈക്കോടതി വിധി ഈ പ്രവണതയുടെ ഏറ്റവും നികൃഷ്ടമായ
ദൃഷ്ടാന്തമായിരുന്നു. എത്ര വലിയ കുറ്റകൃത്യങ്ങള്‍ക്കും കേരളം ഒരു
സുരക്ഷിതതാവളമായി മാറിയത് അങ്ങനെയാണ്.
കേരളീയ സമൂഹത്തില്‍ സ്ത്രീജീവിതവുമായി ബന്ധപ്പെട്ട്
മറ്റൊരു യാഥാസ്ഥിതികത്വം ശക്തിയാര്‍ജിക്കുന്നത് കാണാതിരുന്നുകൂടാ.
ആണുങ്ങളും പെണ്ണുങ്ങളും തമ്മിലുള്ള സൗഹൃദങ്ങളും പരസ്പരബന്ധങ്ങളും
ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങളുമെല്ലാം അന്യമായിക്കഴിഞ്ഞു. ആണ്‍കുട്ടികളും
പെണ്‍കുട്ടികളും ഒരു ബഞ്ചിലിരുന്ന് പഠിച്ചിരുന്ന കാലം കേരളത്തെ സംബന്ധിച്ച്
ഓര്‍മ്മയിലേക്ക് മാഞ്ഞുകൊണ്ടിരിക്കുന്നു. ‘ബോയ് ഫ്രണ്ട്’എന്ന ഒരുതരം
അശ്ലീലം കലര്‍ന്ന ഭാവത്തോടെയാണ് ഇന്ന് ഏതൊരു വിദ്യാര്‍ഥിനിയും സ്വന്തം
ആണ്‍ സഹപാഠിയെക്കുറിച്ച് അടക്കം പറയുക. മറിച്ചും. മുമ്പ് എസ്.എഫ്.ഐ,
കെ.എസ്.യു, ശാസ്ത്രസാഹിത്യപരിഷത്ത് തുടങ്ങിയ സംഘടനകള്‍
ലിംഗവ്യത്യാസമില്ലാതെ പ്രവര്‍ത്തകരെ ഒരേപോലെയാണ് കണ്ടിരുന്നത്. ഒരു
പൊതുആവശ്യത്തിനായി ഒരുമിക്കുന്ന സഖാക്കള്‍ എന്നതിലുപരി അവരെ തമ്മില്‍
വേര്‍തിരിക്കുന്ന മറ്റ് മതിലുകള്‍ അന്നുണ്ടായിരുന്നില്ല. ഇന്ന് ഇത്തരം
സംഘടനാപ്രവര്‍ത്തനവും പൊതുഇടപെടലുകളും അവസാനിച്ചിരിക്കുന്നു. പകരം പെണ്ണ്
ഒരു ആണിനോട് മിണ്ടിയാല്‍ സദാചാര പോലീസ് ഇടപെടുന്ന
അവസ്ഥയുണ്ടായിരിക്കുന്നു. മതയാഥാസ്ഥിതികത ബന്ധങ്ങളുടെ ഈ അധഃപ്പതനത്തില്‍
പ്രധാന പങ്കുവഹിക്കുന്നു.
കേരളത്തിലെ ചില്ല ജില്ലകളില്‍ സ്ത്രീപുരുഷ സൗഹൃദം
തീര്‍ത്തും അസാധ്യമാക്കുന്ന കടുത്ത സാഹചര്യം നിലനില്‍ക്കുന്നു. ഒരു
മതത്തില്‍ പെട്ട പെണ്‍കുട്ടിക്ക് മറ്റു മതത്തിലെ ആണ്‍കുട്ടിയുമായി
മിണ്ടാന്‍പോലും സദാചാര പോലീസ് അനുവദിക്കാത്ത സ്ഥലങ്ങളുണ്ട്. ഇത്
സ്ത്രീപുരുഷ ബന്ധങ്ങളില്‍ നികത്താനാകാത്ത വിടവുകള്‍ സൃഷ്ടിക്കുന്നു. സമൂഹം
അടിസ്ഥാനപരമായി പുരുഷമേധാവിത്തപരമായതിനാല്‍ സ്ത്രീകളാണ് ഇതിന്റെ
ഇരകളാക്കപ്പെടുന്നത്. സ്ത്രീകള്‍ വീടിനുള്ളില്‍ അടങ്ങിയൊതുങ്ങി
കഴിയാനുള്ളവരും പുരുഷന്മാരുടെ പീഡനങ്ങള്‍ ഏറ്റുവാങ്ങാനുമുള്ളവരാണെന്ന ബോധം
ചെറുപ്പത്തിലേ തന്നെ ഊട്ടിയുറപ്പിക്കപ്പെടുന്നു. ഇങ്ങനെ വളരുന്ന
പെണ്‍കുട്ടികള്‍ വിവാഹം, കുടുംബം തുടങ്ങിയ പുരുഷാധിപത്യ സ്ഥാപനങ്ങളിലേക്ക്
ഒതുക്കപ്പെടുമ്പോള്‍, അവരുടെ അധഃപ്പതനം പൂര്‍ണ്ണമാകുന്നു.
കുടുംബം കാലങ്ങളായി സ്ത്രീകളുടെ ഗ്യാസ്ചേംബറുകളാണ്. ഈ
ഗ്യാസ്ചേംബറുകളുടെ സംഹാരശേഷി അനുദിനം ശക്തിപ്പെടുത്തുകയാണ്,
നിസ്സാരമെന്നുകരുതുന്ന ഈ ആരോപണങ്ങള്‍ യഥാര്‍ഥത്തില്‍ ചെയ്യുന്നത്.