Image

ദൈവങ്ങളെയും കൊണ്ട്‌ നടക്കുന്ന മലയാളികള്‍ (ഏബ്രഹാം തെക്കേമുറി)

Published on 08 March, 2013
ദൈവങ്ങളെയും കൊണ്ട്‌ നടക്കുന്ന മലയാളികള്‍ (ഏബ്രഹാം തെക്കേമുറി)
വെള്ളാപ്പള്ളി നടേശന്‍ യാക്കോബായ സഭയിലെ പ്രശ്‌നങ്ങള്‍ക്ക്‌ മദ്‌ധ്യസ്‌ഥനായി വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ അന്തംവിട്ട്‌ കുന്തം വിഴുങ്ങിയവനേപ്പോലെ നില്‍ക്കുന്നു അമേരിക്കന്‍ മലയാളികള്‍. ഇതെന്തൊരു ലോകം? അമേരിക്കന്‍ മലയാളി നിരവധിക്കാര്യങ്ങളില്‍ ഒരു തിരിച്ചറിവ്‌ നേടേണ്ടതിന്റെ കാലം അതിക്രമിച്ചിരിക്കുന്നു. കേരളവുമായുള്ള ഈ ബന്‌ധം വെറും ഓളപ്പുറത്തിരുന്ന്‌ ചൂണ്ടയിടുന്നതു പോലെയെന്ന സത്യം.

മുപ്പത്തി മുക്കോടി ദൈവങ്ങളുടെ പേരില്‍ എന്തൊക്കെ കേരളത്തിലുണ്ടോ, അതെല്ലാം അമേരിക്കയിലും സ്‌ഥാപിതമായിക്കഴിഞ്ഞു. കോടതികളില്‍ മലയാളിയുടെ പള്ളിക്കേസുകള്‍ വരെ. ഹാ! എന്തു വിചിത്രം? മലയാളി അമേരിക്കയിലേക്ക്‌ വന്നത്‌ പള്ളി വയ്‌ക്കാനോ? സായ്‌പ്പിനെ മാനസാന്തരപ്പെടുത്താനോ?. ഉപജീവനം തേടി ഉലകം ചുറ്റിയവര്‍ തെറിച്ചുവീണ മണ്ണില്‍ പരമ്പരാഗതമായ ദൈവത്തെയും കൊണ്ടുവന്നു നാട്ടി. ഒരു വിശ്വമാനവികതയോട്‌ ലോകത്തെ കാണാന്‍ കഴിയാത്ത സങ്കുചിതമാനസരാണ്‌ കുലദൈവങ്ങളുമായി ഉലകം ചുറ്റുന്നത്‌. ഈ ലോകത്തിന്റെ എല്ലാ കോണിലും ദൈവമുണ്ട്‌. അങ്ങനെയെങ്കില്‍ കേരളക്കരയിലെ ഒരു പുരാണചരിത്രത്തില്‍ ഉള്‍ക്കൊള്ളുന്ന ഭാവഭേദങ്ങളെ ദൈവങ്ങളായി ഈ പ്രവാസഭൂമിയില്‍ എഴുന്നെള്ളിക്കേണമോ?. അധികമാരും ഈ വിഷയത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടാവില്ല. അതിനു സമയം ലഭിക്കുന്നതിനു മുമ്പേ ഈ അനൃനാട്ടില്‍ മലയാളീകൃതമായ ദൈവത്തിനു അടിസ്‌ഥാനം ഉറപ്പിക്കപ്പെട്ടിരുന്നു. അങ്ങനെ അമേരിക്കന്‍ മലയാളി ചൂഷണം ചെയ്‌യപ്പെട്ടു. കേരളത്തില്‍ കോടികളുടെ സമ്പാദ്യങ്ങള്‍ ദൈവത്തിന്റെപേരില്‍ ഉണ്ടായി.

എന്നിട്ടോ? അമേരിക്കന്‍ മലയാളിയുടെ സ്വസ്‌ഥത സഭയുടെയും മതത്തിന്റെയും പേരില്‍ എന്നന്നേക്കുമായി നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്നു. എന്താണു കാരണം? ചിലമാസങ്ങള്‍ക്ക്‌ മുമ്പ്‌ കലാകൗമുദിയില്‍ കെ.എം റോയ്‌ ഇപ്രകാരം എഴുതി. . അമേരിക്കന്‍ മലയാളിയെ വിഘടിപ്പിക്കുന്നതിന്റെ മുഖ്യപങ്കാളികള്‍ മതാദ്‌ധ്യക്ഷന്മാരാണെന്ന്‌. തൊട്ടടുത്ത ലക്കത്തില്‍ സക്കറിയാ മറ്റൊരു സത്യം തുറന്നെഴുതി. അമേരിക്കന്‍ മലയാളികള്‍ ഇന്ന്‌ കേരളത്തിലെ ജനങ്ങളേക്കാള്‍ 30 വര്‍ഷം പുറകിലാണ്‌. കാരണം അന്ധമായി പലതിനെയും അവര്‍ വിശ്വസിക്കുന്നു. കെ.എം. റോയിയും, സഖറിയായും ആരെന്ന്‌ അറിയാവുന്നവര്‍ ഇവിടെ വിരളമാണെന്നതുതന്നെയാണ്‌ മേല്‍പ്പറഞ്ഞ വിഷയത്തിന്റെ തെളിവ്‌.

വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ന്യുയോര്‍ക്കിലെ ഒരു മാര്‍ത്തോമാ പള്ളിക്കും ഒരു വിധിന്യായം അമേരിക്കന്‍ കോടതി പുറപ്പെടുവിച്ചു. മാര്‍ത്തോമാ സഭ ഒരു ആഗോള സഭയാണെന്ന്‌. അങ്ങനെ പട്ടക്കാരന്‍ നില്‍ക്കുന്നിടം പള്ളിയെന്ന്‌ വീണ്ടുമൊരു വിധി. 1877ല്‍ തിരുവനന്തപുരത്ത്‌ രാജകീയകോടതിയില്‍ ഇതേ വിധി ഉണ്ടായി. പുലിക്കോട്ട്‌ മാര്‍ ദീവന്നാസ്യോസ്‌ ശരിയായ മലങ്കരമെത്രാനെന്നും ആയതിനാല്‍ മലങ്കരസഭ അന്ത്യോക്കാ പാത്രിയര്‍ക്കീസിന്റെ കീഴിലാണെന്നുമായിരുന്നു ആ വിധി. ഇത്തരം വിധികളൊക്കെ സഭയുടെ ചരിത്രത്തിലെ നാഴികക്കല്ല്‌ എന്ന്‌ വിശേഷിപ്പിക്കാന്‍ പരീശഭക്‌തന്മാര്‍ ഉണ്ടാകും. എന്നാല്‍ ഈ ലോകത്തെ ന്യായം വിധിക്കുന്ന ക്രിസ്‌തുവിന്റെ പേരിലാണ്‌ ഈ സഭകള്‍ സ്‌ഥാപിക്കപ്പെട്ടിരിക്കുന്നതെന്നറിയാതെ കോടതികളില്‍ കയറിയിറങ്ങി കേസ്‌വാദം നടത്തുന്നതില്‍ മലങ്കര നസ്രാണി എന്നും മുന്നില്‍തന്നെ. എന്നിരുന്നാലും സഭകള്‍ക്കെല്ലാം ഒരൊറ്റ വിശ്വാസപ്രമാണമേ ഉള്ളു. `കാതോലികവും അപ്പസ്‌തോലികവുമായ ഏക വിശുദ്‌ധ സഭ'. എന്നാല്‍ തങ്ങള്‍ കൂടി നടക്കുന്ന സഭയാണതെന്ന്‌ അവകാശപ്പെടാന്‍ ആര്‍ക്കും ഇന്ന്‌ ധൈര്യമില്ല.

കേരളത്തിലെ പ്രശസ്‌തിയുള്ള ഒരു പള്ളി വര്‍ഷങ്ങളായി പൂട്ടിക്കിടക്കയാണ്‌. മെത്രാനും ബാവായും തമ്മില്‍ വടംകെട്ടിപ്പിടിയാണ്‌. പാവം ജനങ്ങള്‍ എന്തുചെയ്‌തെന്നല്ലേ?. കഴിഞ്ഞ ചില വര്‍ഷങ്ങളായി ഈസ്റ്ററിനു പള്ളിമുറ്റത്ത്‌ പന്തലിട്ട്‌ പണ്ടാരോ ചൊല്ലിയ കര്‍ബാനയുടെ വീഡിയോ കാസറ്റ്‌ ടി.വി.യില്‍ കണ്ട്‌ തൃപ്‌തരായിപോലും. ഈ വര്‍ഷവും അതു തന്നേ നടക്കും.

മദ്‌ധ്യതിരുവിതാംകൂറിലെ ഒരു പള്ളിയുടെ ഇടവകഭരണക്കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ്‌ കേസ്‌ ഇന്ത്യന്‍ സുപ്രീംകോര്‍ട്ടില്‍ ഇപ്പോള്‍ എത്തിയിരിക്കയാണ്‌. ക്രിസ്‌തു പത്രോസിനോട്‌ പറഞ്ഞു. `എന്റെ കുഞ്ഞാടുകളെ മേയിക്ക'യെന്ന്‌. എന്നാല്‍ ഇന്നത്തെ പത്രോസുമാര്‍ പറയുന്നു. കുഞ്ഞാടുകള്‍ക്കെല്ലാം കൊമ്പുകള്‍ കിളിര്‍ത്ത്‌ ഇവരെല്ലാം മുട്ടാടുകളായി തീര്‍ന്നിരിക്കുന്നുവെന്ന്‌.

അമേരിക്കന്‍ മലയാളിസമൂഹത്തെ വിലയിരുത്തിയാല്‍ നാം ഇന്ന്‌ എത്തി നില്‍ക്കുന്നത്‌ എവിടെയാണ്‌?

കലഹവും ഗ്രൂപ്പിസവും സ്വസ്‌ഥത ഇല്ലാതാക്കിയ ഒരു ആത്‌മീയമണ്ഡലത്തില്‍ ശക്‌തി ക്‌ഷയിച്ച ചെറുകൂട്ടങ്ങളായി നാം അധംപതിച്ചില്ലേ?.ഓര്‍ത്തഡോക്‌സ്‌ സഭയിലെ ഒരു മേലദ്‌ധക്‌ഷ്യന്‍ രണ്ട്‌ പതിറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌്‌ ഒരു പള്ളിയുടെ കൂദാശയില്‍ ഇപ്രകാരം പറഞ്ഞു. `നിങ്ങള്‍ ഭൂതലത്തിലൊക്കെയും പോയി പെറ്റുപെരുകുവീന്‍ എന്ന്‌ ദൈവം മനുഷ്യരെ അനുഗ്രഹിച്ചു. എന്നാല്‍ മക്കളെ ഇനി നിങ്ങള്‍ പെരുകരുത്‌. ഈ പട്ടണത്തില്‍ നമുക്ക്‌ അഞ്ച്‌ പള്ളികള്‍ മതി. ഇനിയും പള്ളികള്‍ ഉണ്ടായാല്‍ അത്‌ നാണക്കേടാണ്‌.' ഈ അഞ്ച്‌ പള്ളികളിലും കൂടി ആകെ 200ല്‍ താഴെ കുടുബങ്ങളാണുള്ളത്‌.

ഇന്ന്‌ ഓരോ പട്ടണത്തിലെയും എക്യുമെനിക്കല്‍ ലിസ്റ്റ്‌ നോക്കിയാല്‍ 15ലധികം പള്ളിയും പട്ടക്കാരുമുണ്ട്‌ . ഇതു പാപമോചനത്തിനുള്ള മാമോദീസാ കൈക്കൊണ്ടവര്‍. എന്നാല്‍ ജ്ഞാനസ്‌നാനം ഏറ്റവരുടെ സഭാവിശേഷം ദശാധിപന്മാരുടെ ഭരണക്രമമാണ്‌. ഓരോ പാസ്റ്റര്‍ക്കും പത്തു കുടുംബം. അങ്ങനെ പത്തും ഇരുപതും സഭകള്‍. എല്ലാവര്‍ക്കും സ്വന്തമായി പള്ളിയും വേണം. ഇതിനുള്ള പണത്തിനായി ലജ്ജ കൂടാതെ സമൂഹത്തെ ഞെക്കിപ്പിഴിയുന്നു. പണം കൊടുക്കാത്തവനെ കള്ളനായും ദുഷ്‌ടനായും സംസ്‌കാരമില്ലാത്തവനായും പാപിയായും മുദ്രയിടുന്നു.

അമേരിക്കന്‍ മലയാളികള്‍ മൂന്നു പതിറ്റാണ്ടുകള്‍്‌ പിന്നിട്ടു കഴിഞ്ഞ ഈ വൈകിയവേളയില്‍ ഈ ഭൂതലത്തില്‍ ഒറ്റപ്പെട്ടുപോയ നമ്മുടെ സമൂഹം ഇവിടെ എങ്ങനെ ശക്‌തിപ്പെടാം, എങ്ങനെ അനന്തരതലമുറകള്‍ക്ക്‌ സ്വീകാര്യമായവിധമുള്ള ഒരു സാംസ്‌കാരികബോധം നിലനിര്‍ത്താമെന്നതിനെപ്പറ്റിയാകട്ടെ നമ്മുടെ ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍.

കേരളസംസ്‌കാരത്തില്‍ വിവാഹം, ശവസംസ്‌കാരം തുടങ്ങിയ കര്‍മ്മങ്ങളും, പിന്നെ വര്‍ഗീയമായ സഹായങ്ങള്‍ക്കായും ഏതെങ്കിലുമൊരു സഭയോട്‌ ക്രിസ്‌താനി ചേര്‍ന്നു നടക്കേണ്ടത്‌ ആവശ്യമായിരുന്നു. ഈ വിഷയങ്ങളെ മുതലെടുത്തുകൊണ്ടുള്ള ഒരു ഭരണക്രമവും ആണല്ലോ സഭകള്‍ക്കുള്ളതു്‌. കരപ്രമാണിമാര്‍ വിളിച്ചുകൂട്ടുന്ന കരയോഗം പോലൊന്ന്‌ ഇടവകകള്‍ക്കുള്ളില്‍ പൊതുയോഗമെന്ന പേരില്‍ ഉണ്ടായത്‌ ഇങ്ങനെയാണല്ലോ.

ഇത്തരം ക്രമങ്ങള്‍ക്ക്‌ ഈ അമേരിക്കയിലെന്തു സ്‌ഥാനം? തെരഞ്ഞെടുപ്പും പൊതുയോഗവും, കണക്കും ബഡ്‌ജറ്റും, മിനിറ്റ്‌സിന്റെ അംഗീകാരവുമായി വിലയേറിയ സമയത്തെ വൃഥാവിലാക്കി പരസ്‌പരം വൈരം വളര്‍ത്തുകയല്ലേ ഈ ഭരണക്രമം. സേവനവ്യവസ്‌ഥിതിയില്‍ നിലവില്‍ വരുന്ന എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയില്‍ ചെയ്യുന്ന ജോലിയെപ്പറ്റി പരിജ്ഞാനമുള്ള എത്ര പേര്‍ ഉണ്ട്‌.? പണം ധൂര്‍ത്തടിച്ചുകൊണ്ട്‌ കരിമ്പിന്‍ തോട്ടത്തില്‍ കയറിയ മദയാനയെപ്പോലെ ഒരിളക്കം. എല്ലാ വര്‍ഷാരംഭത്തിലും അധികാരത്തിനായി ഒരു കസേരകളിയും. പണം അധികം നല്‍കുന്നവരോട്‌ പക്‌ഷപാതം പൗരോഹിത്യവര്‍ഗം കാട്ടുന്നത്‌ തെറ്റല്ലല്ലോ. അത്‌ നിലനില്‍പ്പിന്റെ പ്രശ്‌നമല്ലേ?

ഇതൊക്കെക്കണ്ട്‌ ഇവിടെ വളര്‍ന്നു വരുന്ന തലമുറ ഭാഗികമായി `ഗുഡ്‌ബൈ' പറഞ്ഞു തുടങ്ങിയിരിക്കുന്നു.

ഇതില്‍ നിന്നൊക്കെ വിടുതല്‍ പ്രാപിക്കാനായി നിരവധി സാദ്‌ധ്യതകള്‍ ഉള്ള ഈ നാട്ടില്‍ നാം മനസു പുതുക്കി രൂപാന്തരപ്പെടുമെങ്കില്‍ ശ്രേഷ്‌ഠമായ പ്രവര്‍ത്തികള്‍ നിറവേറ്റാം. പള്ളിയുടെ പരിവേഷത്തില്‍ സംജാതമായിരിക്കുന്ന ഈ വിഘടിതമാര്‍ഗത്തിലൂടെ നമ്മളാരും സ്വര്‍ഗരാജ്യത്തില്‍ എത്തുകയുമില്ല ഇവിടെ ഗതിയുമുണ്ടാകില്ല.

ആകയാല്‍ പ്രിയരെ! സംഘടിക്കുവീന്‍. ഒരേ സഭാവിശ്വാസത്തിലും മതവിശ്വാസത്തിനും കീഴിലുള്ളവര്‍ ഓരോ പട്ടണത്തിലും ഒന്നായ്‌ കൂടുവിന്‍. ആരാധനാലയങ്ങളുടെ ബഹുത്വത്താല്‍ ഉളവായിരിക്കുന്ന അനാവശ്യച്ചിലവുകള്‍ ഒഴിവാകട്ടെ. അധികമുള്ള ആലയങ്ങള്‍ വിറ്റ്‌ പൊതുഖജനാവിലേയ്‌ക്ക്‌ മുതല്‍ കൂട്ടുക. അധികാരസ്‌ഥാനങ്ങളിലേയ്‌ക്ക്‌ വിദ്യാഭ്യാസമുള്ളവരെ ശമ്പളം നല്‍കി നിയമിക്കുക. സ്വതന്ത്ര `ട്രസ്റ്റു'കള്‍ രൂപീകരിച്ച്‌ സ്‌കൂളുകള്‍ തുടങ്ങിയുള്ള പ്രസ്‌ഥാനങ്ങളിലേയ്‌ക്ക്‌ തിരിയുക. വസിക്കുന്ന നാട്ടില്‍ വളരുവാനുള്ള വഴി തേടുക. പിറന്നുവീഴുമ്പോള്‍ തുടങ്ങി അമേരിക്കന്‍ സംസ്‌കാരത്തിന്റെ ഭാഗമായ നമ്മുടെ കുഞ്ഞുങ്ങളെയും, വാര്‍ദ്‌ധക്യത്തിലേക്ക്‌ വഴുതപ്പെട്ടിരിക്കുന്ന നമ്മുടെ ആദ്യതലമുറയെയും സംരക്‌ഷിക്കുകുകയെന്നതാണോ നമ്മുടെ ധര്‍മ്മം ,അതോ വളര്‍ന്നും പിളര്‍ന്നുംകൊണ്ട്‌ ജ്ഞാനി കയറാന്‍ അറയ്‌ക്കുന്നിടത്ത്‌ ഭോഷന്‍ വിളയാട്ടം നടത്തുംവിധം നിലനില്‍ക്കുന്ന ഇന്നത്തെ മലയാളിക്കൂട്ടങ്ങളാണോ?.

ചുരുങ്ങിയ കാലയളവിനുള്ളില്‍ ഒന്ന്‌ മറ്റൊന്നില്‍ ലയിച്ച്‌ ഇല്ലാതാകുന്ന പ്രക്രിയക്ക്‌ നമ്മളില്‍ ചിലരെങ്കിലും സാക്‌ഷികളാകും. ഇങ്ങനെ ലയിച്ച്‌ ഇല്ലായ്‌മ ഭവിച്ച കുടുംബങ്ങളേറെയാണീ നാട്ടില്‍. ഒരു നാടകശാലപോല്‍ രംഗത്ത്‌ കഥാപാത്രങ്ങള്‍ മാറിവന്നുകൊണ്ട്‌ നിലനില്‍ക്കുന്ന ഒരു ജീര്‍ണ്ണസംസ്‌കാരത്തിന്റെ വക്കിലാണ്‌ നമ്മള്‍.

കാലത്തിന്റെ ഗതിയില്‍ നേഴ്‌സിംഗ്‌ ഹോമിലെ പച്ചില തിന്ന്‌ പച്ചവെള്ളവും കുടിച്ച്‌ കാലം പോക്കാന്‍ വിധിക്കപ്പെട്ടവരാകാതെ സ്വയം ഇപ്പോള്‍ തന്നേ സ്വസ്‌ഥതയുള്ള അന്ത്യത്തിനായി പ്രയോജനപ്പെടും വിധമുള്ള പ്രസ്‌ഥാനങ്ങള്‍ക്ക്‌ രൂപം കൊടുക്കുക.

ഇവിടെ കേരളീയ ഭരണക്രമങ്ങളോ, കേരളീയ ബാലിശചിന്താഗതികളോ നമ്മെ രക്‌ഷിക്കയില്ല. നമ്മെ അന്യരും പരദേശികളുമായ്‌ മുദ്രയിടപ്പെട്ടിരിക്കുന്ന കേരളജനതയും ആ ചൂഷണമനോഭാവവും നാം ഇവിടെ എന്തിനു കൊണ്ടുനടക്കുന്നു. നാം ഇവിടെ സ്വതന്ത്രരാണ്‌. ആരുടെയും അടിമയല്ല. എന്നാല്‍ സഭയുടെയും സംഘടനയുടെയും അടിമനുകത്തിന്‍കീഴെ നാം കുടുങ്ങിപ്പോയിരിക്കുന്നു. ആകയാല്‍ ഉണരുക.

വാല്‍ക്കഷണം: പ്രിയ പത്രാധിപന്മാരെ ഈ പള്ളി, അമ്പലം പുജ, ധൃാനം ഇതൊന്നും ഒരു വാര്‍ത്തയാക്കാതിരിക്കുക. പള്ളിക്കമ്മറ്റികള്‍ എല്ലാവര്‍ഷവും മാറിവരും. കാഷായം ധരിച്ച്‌ കിണ്ടികിണ്ണങ്ങളുമായി സ്വാമിമാര്‍ വരും. പട്ടക്കാര്‍ സ്‌ഥലം മാറിപ്പോകും. ചില സഭകള്‍ക്ക്‌ ഡയോസിസ്‌ വിഭജിക്കപ്പെടും. ചിലര്‍ വര്‍ഗ്ഗീയപാരമ്പര്യത്തില്‍ നില്‍ക്കാന്‍ ശ്രമിക്കും. കൂനന്‍ കുരിശും, ക്‌ളാവര്‍ കുരിശും ഇതൊന്നും പൊതുജനവിഷയമല്ല. ഇതൊക്കെ പ്രസിദ്‌ധീകരിച്ച്‌ വായനക്കാരുടെ വായനശീലം ഇല്ലാതാക്കുകയാണ്‌ നിങ്ങള്‍!.
ദൈവങ്ങളെയും കൊണ്ട്‌ നടക്കുന്ന മലയാളികള്‍ (ഏബ്രഹാം തെക്കേമുറി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക