Image

കേരളമെന്നു കേട്ടാല്‍ നാണിക്കണം (ഏബ്രഹാം തെക്കേമുറി)

Published on 10 March, 2013
കേരളമെന്നു കേട്ടാല്‍ നാണിക്കണം (ഏബ്രഹാം തെക്കേമുറി)
ഇതു കഥയല്ല, കവിതയല്ല
മുടിയാനുള്ള നാട്ടില്‍ ജനിച്ച
ഒരുവന്റെ ആത്‌മവിമര്‍ശനം
ഇന്നിതാ കേരളം മുടിഞ്ഞിരിക്കുന്നു.
വേനലില്‍ നദി വരളുമ്പോള്‍
പെരിയാറിലിതാ കലക്കവെള്ളം
കലങ്ങിയ പെരിയാറിന്‍ കരയില്‍
ആലുവ ശിവരാത്രി ശിവ! ശിവ!
കക്‌ഷിരാഷ്‌ട്രീയക്കാരുടെ
കൈക്കൂലികളുടെ മറപറ്റിയശുദ്‌ധമായ
പെരിയാറേ നീയിനിയും തെളിയുമോ? (ഒരിക്കലുമില്ല.)
പരിശുദ്‌ധമായ പമ്പാനദിയില്‍
അയ്യപ്പഭക്‌തിയുടെ മലമൂത്രങ്ങള്‍
ഒഴുകിനടക്കുമ്പോള്‍ (പമ്പയാറെ
ശരണമയ്യപ്പായെന്ന അന്‌ധമായ ശരണംവിളികള്‍)
അതില്‍ച്ചവുട്ടി ചെറുകോല്‍പ്പുഴ
ഹിന്ദുമതകണ്‍വന്‍ഷനും
മാരാമണ്‍ ക്രൈസ്‌തവ കണ്‍വന്‍ഷനും നടക്കുന്നു
ഇവിടെ മതമാഫിയകള്‍ കൈകോര്‍ത്തിരിക്കുന്നു.
നദിയുടെ മാറു മലര്‍ത്തി മണല്‍വാരിയ
ചതിക്കുഴിയില്‍ മണിമലയാറ്റില്‍
ഈ വര്‍ഷം ഇരുപത്തഞ്ചു മരണം.
മുല്ലപ്പെരിയാര്‍ വിരല്‍ചൂണ്ടുന്നു
ഇരുപത്തെട്ടു ലക്‌ഷം ജീവന്റെ നേരെ
എന്നിട്ടും തമിഴന്‍ ആര്‍ത്തട്ടഹസിക്കുന്നു
കേരളത്തിനു ഉപരോധമേര്‍പ്പെടുത്തുന്നു
(നീ പൊട്ടിത്തകരുക മുല്ലപ്പെരിയാറേ.)
കന്യകയെ വ്യഭിചാരത്തിനു വില്‍ക്കും പോലെ
നാല്‍പ്പത്തി നാലു നദികളെയുംവിറ്റു കാശാക്കിയ
ഇടതുവലതു പക്‌ഷ നപുംസകങ്ങള്‍.
കുടിവെള്ളമില്ലാതെ അലയുന്ന സാധുവിന്‍
ശാപം കേള്‍ക്കാതെ നദിക്കരയില്‍ നിങ്ങള്‍
ഉത്‌സവം നടത്തിയാല്‍ ഏതു ദൈവമാണ്‌ പ്രസാദിക്കുക?.
പാലക്കാട്‌ റെയില്‍വേഡിവിഷന്‍ സേലത്തിന്‌
കോയമ്പത്തൂരും തമിഴ്‌നാടിന്‌
വിഴിഞ്ഞം ഹാര്‍ബര്‍ എവിടെ?
എം.സി. റോഡ്‌ കഷ്‌ടതയുടെ ബാക്കിപത്രമായ്‌
സ്വാശ്രയകോളജ്‌ മന്ദബുദ്‌ധികളുടെ കീറാമുട്ടികള്‍
ചോദ്യപേപ്പര്‍ ചോര്‍ച്ച നിത്യസംഭവം
എ.ഡി.ബി.വായ്‌പ സുനാമി ഫണ്ടുപോലെയും
ലാവ്‌ലിന്‍ അട്ടിമറിപോലെയും വേറൊരു തട്ടിപ്പ്‌

`വെട്ടിനിരത്തലിന്റെ കാരണവരും ഭരിച്ച നാടേ
എവിടെ? ഇന്‍ക്വിലാബ്‌ സിന്താബാദെന്ന്‌
വിളിച്ച മുഷ്‌ടികള്‍. ഇന്നെവിടെ?.'

കൊക്കകോളപതിനായിരങ്ങള്‍ക്ക്‌ പണിയേകി
ഗള്‍ഫ്‌നാടുകളിലും ജനം യഥേഷ്‌ടം ഉപയോഗിക്കുന്നു
യൂറോപ്പിലും, അമേരിക്കയിലും ഇത്‌
ജനത്തിന്റെ സന്തോഷപാനീയം
ഹാ! കേരളമേ, നിന്റെ ഗര്‍ഭജലം സായ്‌വ്‌
ഊറ്റുന്നുവെന്നും, ഇതില്‍ കീടനാശിനിയുണ്ടെന്നും
പറഞ്ഞുപരത്തുന്ന ആധുനിക മരമണ്ടന്മാരെ
മാലിന്യകൂമ്പാരങ്ങള്‍ കുമിഞ്ഞു കിടക്കുന്ന
വെള്ളക്കെട്ടുകളില്‍ മുക്കിയെടുക്കുന്ന വെള്ളത്തില്‍
എന്തൊക്കെയോ കലര്‍ത്തി നിറം കൊടുക്കുന്നത്‌
നിങ്ങളുടെ അണ്ണാക്കിനെ മധുരിപ്പിക്കുന്നുവോ?
വാഹനങ്ങള്‍ക്ക്‌ സ്‌പീഡ്‌ഗവര്‍ണ്ണര്‍
ഘടിപ്പിക്കണമെന്ന കോടതിവിധി
ഇരുചക്രവാഹന യാത്രക്കാരുടെ ഹെല്‍മെറ്റ്‌ എതിര്‍പ്പുകള്‍
സ്വന്തമക്കളുടെ മാറിലൂടെ വാഹനം
കയറിയിറങ്ങുമ്പോള്‍ മാറത്തടിക്കുക, മാറിനിന്ന്‌
കോടതിവിധിയോടു പൊരുതുന്നു ഈ മനുഷ്യമൃഗങ്ങള്‍.
വോട്ടു പിടിക്കാനായി ആള്‍ദൈവങ്ങളെ പൂജിച്ച്‌
വളര്‍ത്തിജനത്തെ ചൂഷണം ചെയ്യുന്നു
രാശിചക്രം ഉരുട്ടിയും, കവടി നിരത്തിയും
വക്രത വിളമ്പുന്ന തന്ത്രങ്ങള്‍ക്ക്‌ കൂട്ടായ്‌
ശത്രുസംഹാരപൂജ നടത്തിയും തുലാഭാരം കഴിച്ചും
അധികാരം കൈയ്യാളുന്നവരിന്നധികാരത്തില്‍
(ഈ അധമരെ കാത്തു പാലിക്കുന്ന ദേവനേത്‌?)
അടുക്കളയില്‍ നിന്നരംഗത്തേക്ക്‌ ഇറങ്ങിയ
വനിതാവിമോചനം സ്‌ത്രീകളെ തെങ്ങേല്‍ കേറ്റി
താഴെ നിന്നു പടമെടുത്ത്‌ വാര്‍ത്തയാക്കി
ട്രാന്‍സ്‌പോര്‍ട്ടില്‍ കണ്ടക്‌ടറാക്കി, ഡ്രൈവറാക്കി
ലൈന്‍മാനാക്കി , എല്ലാം വാര്‍ത്തയാക്കി
എന്നിട്ടെന്തേ? ഇന്ന്‌
പിഞ്ചുകുഞ്ഞുങ്ങളുടെ ആസനം
പിളര്‍ന്ന്‌ കൊല ചെയ്യാനും
ഉടുതുണിയുരിഞ്ഞ്‌ പണമുണ്ടാക്കാന്‍ പ്രലോഭിപ്പിച്ചും
കുടുംബഛിദ്രം നടത്തി വനിതകളെ വഴിയാധാരമാക്കിയും
മദ്യപാനത്തിനും ആത്‌മഹത്യയ്‌ക്കും വഴികാട്ടിയായി
വനിതാവിമോചനം പ്രവര്‍ത്തനം തുടരുന്നു.
ഇപ്പോഴും നാം ആര്‍ഷഭാരതത്തിന്റെ സംസ്‌കാരം
പേറുന്നവര്‍, മദ്യപാനവും പെണ്‍വാണിഭവുമോ
ആര്‍ഷഭാരത സംസ്‌കാരം?
ശുംഭന്മാരായ ജനപ്രതിനിധികളേ! നിങ്ങള്‍ക്ക്‌ ഹാ കഷ്‌ടം
`കേരളം' എന്ന മൂന്നക്‌ഷരം ശപിക്കപ്പെട്ടിരിക്കുന്നു
ജയിലഴിക്കുള്ളിള്‍ കിടക്കേണ്ടുന്നവര്‍
ഭരിക്കുന്ന നാട്‌! അവരെ പുകഴ്‌ത്തുന്ന മീഡിയ! ഹാ! കഷ്‌ടം
മൂന്നാര്‍ ഇടിച്ചു നിരത്തി ചിലരോട്‌
പ്രതികാരം തീര്‍ത്തും ഒപ്പം മറുകൂട്ടര്‍
വയല്‍ നികത്തിയും,
സ്വജനസംരക്‌ഷണം കൊടുത്തും
വികസനം മുരടിപ്പിച്ച്‌ തകര്‍ക്കുന്നവരേ
ആന്ര്‌ധാപ്രദേശിന്റെ വളര്‍ച്ച കാണൂ
മൂഡരാം ഈ ഹര്‍ത്താല്‍ പ്രദേശമേ;
അല്ലെങ്കില്‍ തമിഴ്‌നാടിന്റെ ഭാഗ്യദശ കണ്ട്‌
`മലയാളനാട്‌' എന്നു പേരു മാറ്റി നോക്കു
കേരളമെന്നപദം സര്‍വത്ര നാശം
ദൈവത്തിന്റെ സ്വന്തനാടെന്നതഹങ്കാരം
(സാത്താന്റെ സന്തതികള്‍ വസിക്കുന്നിടം
എങ്ങനെ ദൈവനാടാകും?)
ഇന്ന്‌ മലയാളി എന്ന പദവും കേരളമെന്ന നാമവും
ഒരിക്കലും മോക്‌ഷമില്ലാതെ ശപിക്കപ്പെട്ടിരിക്കുന്നു.
വിവേചനബോധം ഇല്ലാത്ത ദുര്‍മ്മോഹികളെ!
നിയമസഭാമന്ദിരം തൂത്തെറിയുന്ന ഒരു സുനാമി
അല്ലെങ്കില്‍ പരശുരാമന്റെ പുനര്‍ജന്മം,
എറിഞ്ഞുപോയ കോടാലി തിരിച്ചെടുക്കാന്‍
ഉണ്ടാകട്ടെയെന്നു പ്രാര്‍ത്‌ഥിക്കുന്നു.

(`കേരളവികസനം പ്രവാസി'യുടെ കാഴ്‌ചപ്പാടില്‍)
കേരളമെന്നു കേട്ടാല്‍ നാണിക്കണം (ഏബ്രഹാം തെക്കേമുറി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക