നാടിനെ നടക്കുന്ന സംഭവങ്ങളാണ പ്രതിദിനം നാടാകെ അരങ്ങേറുന്നത്. ചുരുക്കം ചിലരില്‍ വിഷാദം ജനിപ്പിച്ചെങ്കിലും അധികംപേരും ധാര്‍മ്മിക രോഷം കൊണ്ടു. ഫെമിനിസ്റ്റുകളും വിവിധ വനിതാ സംഘടനകളും പ്രതിഷേധം രേഖപ്പെടുത്തി ;കിംഫലം? വഞ്ചി ഇപ്പോഴും തിരുനക്കരെത്തന്നെ.
ദില്ലി പെണ്‍കുട്ടി, സൂര്യനെല്ലി പെണ്‍കുട്ടി, വിതുരാ കേസ് ഐസ്ക്രീം പാര്‍ലര്‍, ആ പീഡനം, ഈ പീഡനം ഇങ്ങനെ ഇച്ചിരെ ഇമ്മിണിയൊന്നുമല്ല, രാജ്യത്തൊട്ടാകെ രണ്ടു വര്‍ഷത്തിനകം 68000 മാനഭംഗക്കേസുകള്‍, അറിയപ്പെടാത്തവ അസംഖ്യം വേറെയും, എല്ലാത്തിനും ചൂട്ടുപിടുത്തക്കാര്‍ ഏറെയും വമ്പത്തികളായ പിമ്പത്തികളാണ്. ഉന്നതന്മാര് ഉള്‍പ്പെട്ട കേസില്‍ അവര്‍ക്കു വക്കാലത്തുമായി ഉറച്ച പിന്തുണയോടെ വേറെ വമ്പന്മാര് പിമ്പിലുണ്ട്. നേര് വഴിവിട്ടു നേടിയ കണക്കറ്റ പണവും അധികാരക്കസേരയുമുണ്ടെങ്കില് ദൈവങ്ങളെപ്പോലും വിലകൊടുത്ത് ചൊല്പ്പടിയില് നിര്‍ത്താമെന്ന ഹുങ്കുവേറെയും. ബ്ലാക്ക്, വൈറ്റാക്കാം. പഴയ ശരികള്‍ തിരുത്തിക്കുറിച്ച് പുതിയ ശരിയാക്കി പരിവര്‍ത്തിപ്പിക്കാനും, വിഷമമേതുമില്ല. അനഭിലഷണീയമായതെന്തും യാതൊരു മാനേക്കടും നാണവുമില്ലാതെ ചെയ്യാനും വിളിച്ചു കൂവാനുമുള്ള, കല്ലന് മുളയെ വെല്ലുന്ന ചര്‍മ്മബലവും ഇത്തരം ജീവികള്‍ക്കുണ്ട്.
പോലീസും പട്ടാളവും പാര്‍ലമെന്റും സര്വ്വതുമുണ്ടെങ്കിലും സാധാരണ ജനങ്ങള്‍ ഭീതിയിലാണ്. വെറിപിടിച്ച ഇവറ്റകളെ എന്തു പറഞ്ഞാണ് വിശേഷിപ്പിക്കേണ്ടത്. നിഘണ്ടുവില്‍ പുതിയ പദങ്ങള്‍ കണ്ടുപിടിച്ച് പ്രയോഗ സാധ്യത വരുത്തേണ്ടിയിരിക്കുന്നു. തല്ക്കാലം നമുക്ക് സൗകര്യത്തിനുവേണ്ടി മറ്റൊരു അനുയോജ്യ പദം ലഭിക്കുംവരെ നരഭുക്കുകള്‍ എന്നു വിളിക്കാം. എമ്പാടും യാതൊരു കൂസലുമില്ലാതെ അഴിഞ്ഞാടുകയാണ് ഈ വര്‍ഗ്ഗം.
അക്രമം തുടര്‍ക്കഥയാകുമ്പോള്‍ പുതിയ ശരികള്‍ക്ക് ഓശാന പാടുന്നവര്‍ ഏതു ഏതു പൊത്തിലൊളിച്ചു? എല്ലാ പേക്കൂത്തുകള്‍ക്കും, രണ്ടുകയ്യുമുണ്ടെങ്കില് വലിയ ശബ്ദത്തില്‍ കയ്യടിക്കാം. പൊതു ജനജിഹ്വിയായി പ്രവര്‍ത്തിക്കേണ്ട മാധ്യമങ്ങളും ഈ വക ചൂടുള്ള വാര്‍ത്തകളുടെ ബലത്തിലാണ്. കാലാക്ഷേപം കഴിക്കുന്നതെന്നുവേണം കരുതാന്‍. വാര്‍ത്തകള്‍ പൊടിപ്പും തൊങ്ങലും വച്ച് സര്‍വ്വ വിശദാംശങ്ങളും വിവരിച്ച് നമ്മുടെ ആകാംക്ഷ ശമിപ്പിക്കുന്നു! ആനന്ദലബ്ധിക്കിനുയെന്തു വേണം? അതും ചിലതില്‍ ഒന്നാം പേജില്‍ ആനത്തലമുഴുപ്പില് കാച്ചി വിടും. അവിടെ തീര്‍ന്നു പത്രധര്‍മ്മം. പരസ്യബാഹൂല്യത്തെക്കുറിച്ച് പറഞ്ഞിട്ടു കാര്യമില്ല. ചില മുന്തിയ പത്രങ്ങള്‍ മറിച്ചു നോക്കുകയേ വേണ്ടൂ, വരുമാനത്തിന്റെ നിലയും വിലയും ഗ്രഹിക്കാം. ദൃശ്യമാധ്യമങ്ങളെക്കുറിച്ചു പറയാതിരിക്കുകയാണ് ഭേദം. ആ വഴിക്ക് കുറേപ്പേരുടെ കാലായാപനം നടക്കട്ടെ. ഇതു പ്രീണന പ്രവീണരുടെ സുവര്‍ണ്ണകാലം!അസൂയ തോന്നുന്നുണ്ടോ? എങ്കില്‍ രക്ത സമ്മര്‍ദം വര്‍ദ്ധിക്കും അത്ര തന്നെ.
എവിടെ തിരഞ്ഞൊന്നു നോക്കിയാലെന്തവിടെല്ലാം കുറ്റകൃത്യങ്ങള്‍ മാത്രം എന്ന് ചങ്ങമ്പുഴയോട് ക്ഷമാപണത്തോടെ ഞാനൊന്നു മാറ്റിപ്പറയട്ടെ.
എന്നാല്‍ പണ്ട്, അത്രയൊന്നും പണ്ടല്ല, സ്വാതന്ത്ര്യലബ്ധിയോട് അടുത്ത സമയത്തൊക്കെ നമ്മുടെ യുവാക്കളും മുതിര്‍ന്നവരും ഇങ്ങനെയല്ലായിരുന്നു. ക്രമവും ചിട്ടയും, സ്ത്രീകളോടു മാനം മര്യാദയുള്ള പെരുമാറ്റവും, പൗരബോധവും ഉള്ളവരായിരുന്നുവെന്ന് പഴയ ശരികള്‍ പിന്തുടരുന്ന പഴമക്കാര്‍ അനുസ്മരിക്കുന്നു.
പുതിയ തലമുറക്കാരുടെ ശരികള്‍ (ആവര്‍ത്തന വിരസത ഒഴിവാക്കുന്നു) അന്നുള്ളവര്‍ക്ക് അന്യമായിരുന്നു. ഇന്നത്തെപ്പോലെ മുഷ്കര സംഘങ്ങളും ഗുണ്ടാവിളയോട്ടവും മാഫിയ പ്രവര്‍ത്തനങ്ങളും രാഷ്ട്രീയ പിത്തലാട്ടങ്ങളും ഇത്രയ്ക്കങ്ങു പ്രചാരത്തില്‍ വരുന്നില്ല. റാം മോഹന്‍ റോയി, ദയാനന്ദ്, വിവേകാനന്ദ്, അരവിന്ദ്, തിലകന്, ടാഗോര്‍ തുടങ്ങിയ മഹാന്മാര് കാണിച്ചു കൊടുത്ത് പാതയും പറഞ്ഞുകൊടുത്ത സൂക്തങ്ങളും അവര്‍ക്ക് സ്വീകാര്യമായിരുന്നു. ആ പഴയ ശരികളില്‍ യുവജനം ആകൃഷ്ടരായിരുന്നു.
പിന്നെ, എപ്പോഴാണ് നമ്മുടെ പുതിയ തലമുറ പുതിയ ശരികളിലേക്ക് വഴുതി വീണത്, അഥവാ തെന്നിമാറിയത്? സംസ്കാരത്തിന്റെ തെളിനീര് നല്കുന്നതിനു പകരം തിന്മയിലേക്ക് ചായ് വുള്ള മനുഷ്യ മനസ്സിനെ ദുഷിപ്പിക്കാന്‍ പോന്ന വികല- വികട തഥാകഥിത സാഹിത്യ കൃതികളും ദൃശ്യശ്രവ്യ മാധ്യമങ്ങളും സുലഭമായത്? ഇവയുടെ ഏകോപിച്ചുള്ള ഉപജാപത്തിന്റെ ഫലമായി ഇളമുറക്കാരെ ഊട്ടുന്ന വിഭവസമൃദ്ധമായ സദ്യയുടെ ഫലമോ? സുമനസ്സുകളില്‍ അജീര്‍ണ്ണത. മനസ്സിലായാലും ശരീരത്തിലായാലും അജീര്‍ണ്ണം പിടിപെട്ടാല്‍ ബഹിര്സ്പുരണം അനിവാര്യമാകുമല്ലൊ. ഛര്‍ദി. അപ്പോള്‍ നാമിന്നനുഭവിക്കുന്ന കെടുതികള്‍ക്ക് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് ആരൊക്കെ? ആര്‍ഷ സംസ്കാര പാരമ്പര്യത്തിനു കളങ്കം വരുത്തുന്ന ചെയ്തികളുടെ ഉറവിടം കണ്ടെത്താന്‍ അധികം ക്ലേശിക്കേണ്ടതില്ലല്ലൊ. അങ്ങനെ പുതിയ ശരികള്‍ രൂപം കൊണ്ടു സംഘടിച്ചു ശക്തി നേടി പഴയ ശരികളെ നിലം പരിശാക്കി മുന്നേറിയാലുള്ള അനന്തര ഫലങ്ങള്‍ ദൈനംദിനം ദൃശ്യമായിക്കൊണ്ടിരിക്കുന്നു. അപ്പോള്‍ പഴയ ശരികളുടെ ഒരു ആധി ഈ പുതിയ കൂട്ടര്‍ക്കും അമ്മയും പെങ്ങളും പെണ്മക്കളും ഭാര്യയും ഒക്കെ കാണില്ലേ? അവരുടെ നില ഭദ്രമാണോ. അതോ അവര്‍ക്കൊരു പ്രത്യേക സുരക്ഷാ ക്രമീകരണമുണ്ടോ? ഉത്തരം ആധുനികരുടെ കൈയിലാണ്.
ഇതു പറഞ്ഞപ്പോള്‍ പുതിയ ശരികള്‍ പുതിയ തലമുറയ്ക്ക് പ്രദാനം ചെയ്ത് അവരെ പുതിയ സംസ്കാരക്കൊടുമുടിയേറ്റാന് അഹമഹിമയാല് വെമ്പല്‍ കൊള്ളുന്ന മഹത്തായ സൃഷ്ടികള്‍ നടത്തുന്നവരുടെ വക്കാലത്തുമായി ഒരാള്‍ പ്രത്യക്ഷനായത് ശ്രദ്ധയില്‍ പെടുന്നത്. പുതുതലമുറക്കാരുടെ ആശയങ്ങളും ഭാഷയുമൊക്കെയായി പഴഞ്ചന്മാര് സമരസപ്പെടണമെന്നും കാലോചിതമായ മാറ്റങ്ങള്‍ കാണാന്‍ ഒരു ത്രിഡി കണ്ണാടി അവര്‍ സംഘടിപ്പിക്കണമെന്നും നിഷ്കര്‍ഷിച്ചുകൊണ്ടുള്ള ആ തീട്ടുരത്തില് ഇന്നലത്തെ ശരികളല്ലല്ലോ ഇന്നത്തെ ശരികള്‍ എന്നൊരു സത്യപ്രസ്താവനയുണ്ട്. രാജാവ് നഗ്നനാണെന്ന സത്യം പറഞ്ഞ കുട്ടിക്ക് കണ്ണാടിയിരുന്നു. പിന്നെ രണ്ടു തരം ശരികളും ശാസ്ത്രരീത്യാ ഉള്ളതു തന്നെ. ശാസ്ത്രത്തിന്റെ പുരോഗതിയേയാണ് അതു സൂചിപ്പിക്കുന്നത്. ഇന്നലെവരെ നിലവിലിരുന്ന ശരികള്‍, പുതിയ കണ്ടുപിടുത്തം കൂടുതല്‍ ശരി ലോകത്തെ ബോധ്യമാക്കുന്നതോടെ അസാധുവാകും.
ശാസ്ത്രസത്യത്തിന്റെ ശരികളല്ലല്ലോ യുഗയുഗങ്ങളായി അനുഭവങ്ങളിലൂടെയും ക്ലാസിക്കുകളിലൂടെയും ലോക ഗുരുക്കന്മാരിലൂടെയും പൈതൃക സമ്പത്തായി നമുക്കു ലഭിച്ച അമൂല്യമായ സംസ്കാരം. അവിടെ മനുഷ്യന് ശരി പത്തും പലതുമില്ല. ഒന്നേയുള്ളൂ, സംസ്കാരത്തിനും സാമൂഹിക ആചാര മര്യാദകള്ക്കുമൊക്കെ ഒന്നിലധികം ശരികളുണ്ടെന്ന് മനസ്സിലാക്കാതിരുന്നവരോട് നാം ഉപകാരസ്മരണയുള്ളവരാകണം. ആധുനികന്മാരുടെ കാലത്ത് പ്രാബല്യം നേടി തേര്‍വാഴ്ച നടത്തുന്ന മോഷണം, കൊള്ള, കൊല, ചതി, വഞ്ചന, വ്യഭിചാരം തുടങ്ങിയ ദേശീയ വിപത്തുകളെല്ലാം ചേര്‍ത്ത് വേണം നമുക്കൊരു പുതിയ ധര്‍മ്മ ശാസ്ത്രം, അതിന് ഓശാന പാടാന്‍, വേണം നമുക്കു കുറെ ശിങ്കിടികള്‍.
ജീവിതത്തിന്റെ നാല്ക്കവലയില് ദിശാബോധമില്ലാതെ അമ്പരന്നും ഭയന്നും സംശയിച്ചു നില്ക്കുന്ന നിഷ്കളങ്ക യുവത്വത്തിന് പുതിയ ശരികള്‍ കാണിച്ചു കൊടുക്കുന്ന മാതൃതാ മര്യാദ പുരുഷോത്തമന്മാരുടെ വിശ്വരൂപം കണ്ടും അഭിഗര്ജ്ജനം കേട്ടും പഴയ ശരിക്കാരുടെ സിരാപടലം മരവിച്ചു പോകുമെന്ന് ഈയിടെ ഒരു പഴയതലമുറക്കാരന് വേവലാതിപ്പെട്ട് ആവലാതിപ്പെടുന്നതു കേട്ടു. പുതിയ ശരികളില്‍ നഗ്നതാ പ്രദര്‍ശനം, സ്വവര്‍ഗ്ഗരതി, സ്വയ രതി, വ്യഭിചാരം എന്നിങ്ങനെ സമപ്ത വ്യസനങ്ങളും പെടുന്നുണ്ട്. ആധുനികന് ആനന്ദ ലബ്ധിക്കിനിയെന്തു വേണം? പുതിയ ശരികകാരെ വാഴ്ത്തി പാടി, പാടി ആ സാധുക്കള്‍ക്ക് കൈമോശം വരുന്നത് ഭൂമിയുമായുള്ള ഗുരുത്വാകര്‍ഷണ ശേഷിയാണ്. ആകാശ വിതാനത്തിലെ നിശ്ചിത പരിധി വിട്ടാല്‍ പിന്നെ ചവിട്ടി നില്ക്കുന്ന മണ്ണുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുന്നത് ശാസ്ത്രത്തിന്റെ ശരി.
ഈ ആധുനികനും അവന്റെ മഹത്തായ രചനകളും അതൊക്കെ പ്രചരിപ്പിക്കാനുള്ള ദൃശ്യമാധ്യമങ്ങളും പഴഞ്ചന്മാര് ജീവിച്ചോട്ടെ എന്നു കരുതി ഇവര്‍ വിളമ്പുന്ന സംസ്കാരത്തിന്റെ തെളിനീരും ഇല്ലാത്ത ഒരു കാലത്തു ജീവിക്കാനാണ് ഹതഭാഗ്യരായ പഴയ ശരിക്കാര്‍ വിധിക്കപ്പെട്ടതെങ്കില്‍ അവരെനോക്ക് ഇതാ ഭൂമിയില്‍ പഴഞ്ചന്മാര് എന്ന പുതിയൊരുതരം വൃക്ഷജാലം ഉണ്ട് എന്ന് ദേവലോകത്തുള്ള ഭാവനാശാലികള്‍ കവിത രചിക്കുമായിരുന്നു. ഭാഗ്യത്തിന് അതുണ്ടാകാത്തത്, അവര്‍ ഒത്തുകൂടി തറഞ്ഞു കയറുന്ന ആണിപോലെ കുറെ പഴയ സൂക്തങ്ങള്‍ ഉരുവിടുന്നതു കൊണ്ടാണ്. ചില ഉദാഹരണങ്ങള്‍-
കാരസ്കരത്തിന്‍ കുരു പാലിലിട്ടാല്‍
കാലാന്തരേ കയ്പു ശമിപ്പതുണ്ടോ?
ക്ഷീരമുള്ളോരകിടിന് ചുവട്ടിലും
ചോരതന്നെ കൊതുകിനു കൗതുകം
ഇങ്ങനെ പലതും പിന്നെ നാം എത്ര കിണഞ്ഞു ശ്രമിച്ചാലും നായയുടെ വളഞ്ഞ വാല് നിവര്‍ത്താന്‍ പറ്റുമോ? വിട്ടുകള- മദ്യപനും, മോഷ്ടാവിനും, വ്യഭിചാരിക്കും താന്താങ്ങളുടെ വ്യത്യസ്ഥ ശരികളുംനീതി സാരങ്ങളുമൊക്കെയുണ്ട്. അല്ലെങ്കില്‍ തന്നെ കലിയുഗം ഇപ്പേര്പ്പെട്ടവര് തീറെഴുതി വാങ്ങിയിരിക്കുകയല്ലേ? പഴയ നീതി സാരത്തില്‍ ദുഷ്ട സംസ്സര്ഗം വെടിയണമെന്നാണ് നിര്‍ദ്ദേശം.
ആധുനികനും അവന്റെ ലാംഗുലങ്ങളും മനസ്സിലാക്കേണ്ടുന്ന ഒരു സത്യമുണ്ട്. പണ്ട് പഴയ ശരിക്കാര്ക്ക് അളവുകോല്‍ വീട്ടിലും നാട്ടിലും വ്യത്യസ്ഥങ്ങളല്ലായിരുന്നു. ആധുനികന് ഉദയം ചെയ്യതതോടെയാണ് ഇരട്ടത്താപ്പ് എല്ലാ മേഖലകളിലും മേല്‍ക്കൈ നേടിയത്.
കള്ളപ്പറയുംചെറുനാഴിയും എന്തെന്നറിയാത്ത കുറെ പഴഞ്ചന്മാര് നമ്മുടെ പൂര്‍വ്വികരായി ഇവിടെ ജീവിച്ചു മരിച്ചു. വാക്കു ദൈവമാണെന്നും വാഗ്ദാന ലംഘകന് ഇരുപത്തെട്ടുതരം നരകങ്ങളിലൊരിടത്തും ഇടം കിട്ടുകയില്ലെന്നും വിശ്വസിച്ചിരുന്നവര്‍, വാക്കുപാലിക്കാന്‍ കിരീടവും ചെങ്കോലും സ്വര്‍ണ്ണ സിംഹാസനവും തന്റെ സാമ്രാജ്യവും മാത്രമല്ല, ജീവനും തൃണസമാനം ത്യജിച്ച മഹാത്യാഗികള്‍: സത്യപാലനത്തിനു വേണ്ടി കൊടിയ യാതനകള്‍ സഹിച്ച എത്രയെത്ര ഹരിചന്ദ്രമാര്! നാടിനു വേണ്ടി ജീവത്യാഗം ചെയ്ത അസംഖ്യം രക്തസാക്ഷികള്‍ - ഇങ്ങനെ ഒരു സുവര്‍ണ്ണ കാലഘട്ടം വെറും അമ്മൂമ്മകഥകളല്ല. ഇവയൊക്കെയും യാഥാര്‍ത്ഥ്യവും പഴയ ശരികളുമാണ്. ഇന്നോ? തൂറിയവനെ ചുമക്കുന്നത് അന്തസ്സാണെന്ന് അഭിമാനിക്കുന്ന പുതിയ ശരിക്കാരുടെ ഘോഷയാത്ര. കുറ്റവാളികളെ ബലം പ്രയോഗിച്ചോ തന്ത്രപൂര്‍വ്വമോ ജയിലില്‍ നിന്നു മോചിപ്പിച്ചു അധികാര കസേരയില്‍ ഇരുത്തി പാദസേവ ചെയ്യുന്ന നാണംകെട്ട വര്‍ഗ്ഗത്തിന് ആരാധനയും സ്തുതിയും പുകഴ്ചയും! ഇതൊക്കെയല്ലെ പുതിയ ശരികള്‍ കാഴ്ചവയ്ക്കുന്നത്. ഈ ശിരോമണികള്‍ എങ്ങോട്ടാണ് നാടിനെ വളര്‍ത്തി ഉയര്‍ത്തുന്നത്. സംസ്കാരത്തെ പോഷിപ്പിക്കുന്നത്? ഈ ആധുനികരല്ലേ പുതിയ സംസ്കാരത്തിന്റെ ജനയിതാക്കളും കാവല്‍ ഭടന്മാരും? ഗമൂഹത്തിന്റെ റോള്‍ മോഡല്‍സ്! ശാന്തം, പാപം!