Image

നീയും ഞാനും നമ്മള്‍(കവിത)- ഗീത രാജന്‍

ഗീത രാജന്‍ Published on 21 March, 2013
നീയും ഞാനും നമ്മള്‍(കവിത)- ഗീത രാജന്‍

ഒരു കൈകുഞ്ഞു പോലെ നെഞ്ചില്‍
പറ്റിപ്പിടിച്ചു കിടക്കുന്നുണ്ട്
കളഞ്ഞുകിട്ടിയ ചില ദിവസങ്ങള്‍!

കൈവെള്ളയില്‍ പൂട്ടി വെച്ചിരിക്കുന്നു
കസ്തൂരി മണക്കുന്ന നിമിഷങ്ങള്‍!
കറുത്ത കാടിനുള്ളില്‍ മാന്‍പേടപോലെ
തുള്ളിയോടുന്നുണ്ട് ഓര്‍മ്മകള്‍!!

ഇടയ്ക്കിടെ താണ്ടി പോകുന്നുണ്ട്
സ്വാര്‍ത്ഥത പൂക്കുന്ന പാഴ്മരങ്ങള്‍!
വെട്ടിമാറ്റാനാവാത്ത നിസഹായത
നിഴല്‍വിരിക്കുന്ന വഴികള്‍!!

നൊമ്പരങ്ങളുടെ ഇരുള്‍ വീണ വഴിയില്‍
ഒരു പൊട്ടു നിലാവിന്റെ തിളക്കം!
ഇതള്‍ വിടര്‍ന്നു സുഗന്ധം പൊഴിക്കും
നിശാഗന്ധിയായ് ചില നാളുകള്‍!!

ഒഴുക്കിനടിയില്‍ ഒളിപ്പിച്ചു വച്ച നിശ്ചലത
വിരുന്നു വന്നൊരു വൈകുന്നേരം
കൈപിടിച്ച് കൊണ്ടുവരുന്നുണ്ട്
എന്നോ കളഞ്ഞോപോയൊരു വസന്തത്തെ!
നീയും ഞാനും നമ്മളായതുപോലെ!!


നീയും ഞാനും നമ്മള്‍(കവിത)- ഗീത രാജന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക