StateFarm

രണ്ട്‌ നര്‍മ്മ കഥകള്‍ (സുധീര്‍ പണിക്കവീട്ടില്‍)

Published on 22 March, 2013
രണ്ട്‌ നര്‍മ്മ കഥകള്‍ (സുധീര്‍ പണിക്കവീട്ടില്‍)
ഉല്‍പ്പത്തി 2:18

ലോകത്തിലെ സമ്പന്നമായ ഒരു രാഷ്‌ട്രത്തില്‍ മലയാളികള്‍ കുടിയേറി പാര്‍ത്തു. ഏദന്‍ തോട്ടം പോലെ സമൃദ്ധമായിരുന്നത്രെ ആ സ്‌ഥലം. അവിടെ കുടിയേറി പാര്‍ത്ത പുരുഷന്മാരില്‍ അധികം പേരും എഴുത്തുകാരായി. അവരുടെ ധാരാളം കലാസൃഷ്‌ടികള്‍ പുറത്ത്‌ വന്നു. മറ്റൊരു രാജ്യത്തുമുള്ള മലയാളികള്‍ക്കില്ലാത്ത ഈ അനുഗ്രഹം എങ്ങനെ ഇവര്‍ക്കുണ്ടായി എന്നറിയാന്‍ ജനം ദൈവത്തെ സമീപിച്ചു. ദൈവം അവരോട്‌ ചോദിച്ചു. നിങ്ങള്‍ ഉല്‍പ്പത്തി അദ്ധ്യായം രണ്ടു, വാക്യം പതിനെട്ട്‌ വായിച്ചിട്ടുണ്ടൊ? എല്ലാവരും ഉണ്ടെന്ന്‌ പറഞ്ഞു.

എങ്കില്‍ അതെന്നെ കേള്‍പ്പിക്കിന്‍.

`അനന്തരം യഹോവയായ ദൈവം മനുഷ്യന്‍ ഏകനായിരിക്കുന്നത്‌്‌ നന്നല്ല, ഞാന്‍ അവനു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും.' ആളുകള്‍ അത്‌ വായിച്ചു കഴിഞ്ഞപ്പോള്‍ ദൈവം അവരോട്‌ പറഞ്ഞു. ഞാന്‍ നിങ്ങള്‍ക്കൊക്കെ തുണയും ഉണ്ടാക്കി. എന്നാല്‍ പ്രസ്‌തുത രാജ്യത്ത്‌ കുടിയേറി പാര്‍ത്തവരുടെ ഭാര്യമാര്‍ ഒന്നും രണ്ടും ഡ്യൂട്ടിക്ക്‌ പോയി ആദാമുകളെ വീണ്ടും ഏകരാക്കിയപ്പോള്‍ ഞാന്‍ അവര്‍ക്ക്‌ എഴുതാനുള്ള ശക്‌തി കൊടുക്കുകയായിരുന്നു. അവര്‍ എഴുതട്ടെ. ജനം പ്രസ്‌തുത രാജ്യത്തേക്ക്‌ ഒരു വിസ സംഘടിപ്പിക്കാന്‍ എന്താണു മാര്‍ഗ്ഗം എന്നാലോചിച്ചുകൊണ്ട്‌ പിരിഞ്ഞു.

ആയിരത്തൊന്നു രാവുകള്‍

സ്വന്തം ജീവന്‍ നിലനിര്‍ത്താനാണ്‌ ഷേഹ്‌സാദ സുല്‍ത്താനെ കഥ പറഞ്ഞ്‌ കേള്‍പ്പിച്ചത്‌.ഓരോ രാത്രിയിലും പുതുമ നിറഞ്ഞ കഥകള്‍, അവയുടെ അന്ത്യം വ്യക്‌തമാക്കാതെ ജിജ്‌ഞാസയില്‍ നിറുത്തുന്ന രീതി. സുല്‍ത്താന്‍ ആ കഥകള്‍ക്ക്‌ കാതും കൂര്‍പ്പിച്ചിരുന്നു. മൂര്‍ച്ചയുള്ള വാള്‍ ചുമരിലിരുന്ന്‌ തിളങ്ങി. സുന്ദരിയായ ഷേഹ്‌സാദ കഥകള്‍ മെനഞ്ഞ്‌ കഥകള്‍ പറഞ്ഞു. അങ്ങനെ ആയിരത്തിയൊന്നു രാവുകള്‍ കടന്നു പോയി.

അമേരിക്കന്‍ മലയാളിയും കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ എഴുതുന്നു. വായനക്കാരനെന്ന സുല്‍ത്താനു അതില്‍ താല്‍പ്പര്യമില്ല. അയാള്‍ വാളും എടുക്കുന്നില്ല. എഴുത്തുകാര്‍ക്ക്‌ തല പോകുമെന്ന പേടിയില്ല. അതിനാല്‍ ആയിരത്തി ഒന്നില്‍ രാവ്‌ നില്‍ക്കാന്‍ പോകുന്നില്ല. എണ്ണമറ്റ രാവുകള്‍ അവര്‍ കഥ പറയും, കവിത പാടും, ഉപന്യസിക്കും. വായനക്കാരനെന്ന സുല്‍ത്താന്‍ വാളെടുക്കുകയോ സമ്മാനപ്പൊതിയെടുക്കുകയോ ചെയ്യുന്ന വരെ. ആയിരത്തൊന്നു രാവുകള്‍ പോലെ അമേരിക്കന്‍ മലയാളികളുടെ എണ്ണമറ്റ രാവുകള്‍ എന്ന കലാസൃഷ്‌ടി വിശ്വോത്തര പ്രസിദ്ധി ആര്‍ജ്‌ജിക്കില്ലെന്നാര്‍ക്കറിയാം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക