പ്രവാചകനായ സക്കറിയ ബാബിലോണ്‍ തടവറയില്‍ നിന്ന് ക്രിസ്‌തുവിനു 536
വര്‍ഷങ്ങള്‍ക്ക് മുമ്പ് 50,000 ജൂതന്മാര്‍ക്കൊപ്പം ഇസ്രായേലില്‍ മടങ്ങി
വന്നയാളാണ്. അങ്ങനെ തിരിച്ചുവന്ന ഇസ്രേലികള്‍ ഉദാസീനരും അലസന്മാരുമായി
കാണപ്പെട്ടിരുന്നത് കൊണ്ട് അവരുടെ ഹൃദയത്തില്‍ ആത്മീയതയുടെ അഗ്നി
ജ്വലിപ്പിക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം മനസ്സിലാക്കി. മനുഷ്യ മനസ്സുകളിലെ
സംശയം ദൂരികരിച്ച് അവര്‍ക്ക് വിശ്വാസത്തിന്റെ വിളക്ക് കാണിച്ചുകൊടുക്കാന്‍
അദ്ദേഹം തീര്‍ച്ചയാക്കി. അതിനായി വരാന്‍ പോകുന്ന സത്യസന്ധമായ വിവരങ്ങള്‍ അദ്ദേഹം
പ്രവചിച്ചു. അങ്ങനെ യേശുദേവന്റെ ജനനത്തിനു 500 വര്‍ഷങ്ങള്‍ക്ക് മുമ്പ് സക്കറിയ
പ്രവാചകന്‍ എഴുതി `സിയോണ്‍ പുത്രിയെ ഉച്ചത്തില്‍ ഘോഷിച്ച് ആനന്ദിക്കുക. യെരുശ്ശലേം
പുത്രിയെ ആര്‍പ്പിടുക, ഇതാ നിന്റെ രാജാവ് നിന്റെ അടുക്കല്‍ വരുന്നു, അവന്‍
നീതിമാനും, ജയശാലിയും താഴ്‌മയുള്ളവനുമായി കഴുതപ്പുറത്തും, പെണ്‍കഴുതയുടെ
കുട്ടിയായ് ചെറുകഴുതയുടെ പുറത്തും കയറി വരുന്നു' ആ പ്രവചനം സാക്ഷാതകരിച്ചു കൊണ്ട്
യേശുദേവന്‍ യെരുശലേമിലേക്ക് പ്രവേശിച്ചു, ദാനിയല്‍ പ്രവാചകന്റെ 77
പ്രവചനങ്ങളുടേയും സാക്ഷാത്‌കാരമായിരുന്നു യേശുവിന്റെ യെരുശ്ശലേമിലേക്കുള്ള
രംഗപ്രവേശം. യെരുശ്ശലേം ജനത വഴിയില്‍ തുണികള്‍ വിരിച്ചും ഒലിവ് കമ്പുകള്‍
നിരത്തിയും അവരുടെ രാജാവിനെ എതിരേറ്റു. അവര്‍ ദാവീദിന്‍ പുത്രനു ഓശാന പാടി,. ഓശാന
എന്ന ഹീബ്രു പദത്തിനു `എന്റെ രക്ഷ അടുത്തിരിക്കുന്നു ഇപ്പോള്‍ ഞാന്‍ രക്ഷ നേടും'
എന്നാണര്‍ഥം. ഒലിവ് മലയില്‍ ചവുട്ടി നിന്ന് കൊണ്ട് ദൈവം ഇസ്രായേല്‍ മക്കള്‍ക്ക്
വേണ്ടി പൊരുതുമെന്ന സ്‌ക്കറിയയുടെ മറ്റൊരു പ്രവചനവും ഒലിവ് കൊമ്പുകള്‍ വഴിയില്‍
നിരത്തിയപ്പാള്‍ സാക്ഷാത്‌കരിക്കപ്പെടുകയായിരുന്നു
എന്നാല്‍ യേശുദേവന്റെ
വരവില്‍ ആഹ്ലാദ ചിത്തരായി ഓശാന പാടിയിരുന്നവര്‍ തന്നെ അവനെ ക്രൂശിക്ക, അവനെ
ക്രൂശിക്ക എന്നാര്‍ത്ത് വിളിച്ചു. യേശുദേവനെ അന്നത്തെ ജനതയും ഭരണകൂടവും
കുരിശ്ശിലേറ്റി.
യേശുദേവന്റെ കുരിശ്ശ് മരണത്തിനുശേഷംല്‌പഅവന്‍ മൂന്നാം
നാള്‍ ഉയര്‍ത്തെഴുന്നേറ്റതിന്റെ പ്രതീകമായി ഈസ്‌റ്റര്‍ ആഘോഷിക്കുന്നു. അമ്പത്
നോയ്‌മ്പിനുശേഷം വരുന്ന ഈ ദിവസം വിശ്വാസികള്‍ക്ക് ഉത്സാഹവും ആത്മസംതൃപ്‌തിയും
നല്‍കുന്ന പുണ്യദിനമാണു. മനുഷ്യരാശിക്ക് നിത്യജീവന്‍ സാദ്ധ്യമാക്കികൊണ്ട്
യേശുദേവന്‍ മരിച്ച് ഉയര്‍ത്തെഴുന്നേറ്റ ദിവസത്തെ `കര്‍ത്താവ് ഉയര്‍ത്തെഴുന്നേറ്റ
ഞായറാഴ്‌ച' എന്നു പറയാനാണു ഇപ്പോള്‍ വിശ്വാസികള്‍ക്ക് പ്രിയം. ഈസ്‌റ്റര്‍ എന്ന്
പറയുന്നത് വസന്തകാലത്തോടനുബന്ധിച്ച് കൊണ്ടാടിയിരുന്ന ഒരു `പഗാന്‍' ആഘോഷവുമായി
ബന്ധപ്പെടുന്നു എന്നവര്‍ ശങ്കിക്കുന്നു. ഈസ്‌റ്റര്‍ എഗ്ഗും, ഈസ്‌റ്റര്‍ ബണ്ണിയു
പ്രസ്‌തുത വസന്താഗമാഘോഷത്തിന്റെ ഭാഗമാണെന്നറിയുമ്പോഴും ഭൂരിപക്ഷം പേരും ഈസ്‌റ്റര്‍
ആഘോഷം മുട്ടക്ക് നിറം കൊടുക്കുന്നതിലും ഈസ്‌റ്റര്‍ മുയലുകളെ ഒരുക്കുന്നതിലും
ഉത്സാഹം കാണിക്കുന്നുണ്ട്.
ആഘോഷങ്ങളില്‍ ആനന്ദം പങ്കിടാനായി ഇത്തരം
വിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ആ ദിവസത്തിന്റെ പുണ്യപ്രഭാവത്തിനു
മങ്ങലേല്‍ക്കാനും വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഈ ദിവസത്തിന്റെ അര്‍ത്ഥം പുതുതലമുറ
ശ്രദ്ധിക്കാതെ പോകാനും സാദ്ധ്യതയുണ്ടെന്ന് വിശ്വസിക്കുന്നവരും, അതെല്ലാം
ആഘോഷങ്ങളുടെ ഭാഗമായി കാണുന്നവരുമുണ്ട്. മറ്റ് മതങ്ങളെ അപേക്ഷിച്ച്
ക്രിസ്‌തുമതത്തിന്റെ സവിശേഷത അതിന്റെ സ്‌ഥാപകന്റെ അന്ത്യം
ശ്‌മശാനത്തിലല്ലയെന്നുള്ളതാണ്. അദ്ദേഹം ദൈവപുത്രനാണെന്നുള്ള വിശ്വാസമാണ്.
യേശുദേവന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് ദൈവത്തിനു ജനി-മൃതികളിലുള്ള അധികാരത്തെ
മനുഷ്യരാശിക്ക് ബോദ്ധ്യപ്പെടുത്തുന്നുവെന്നാണ്, ക്രിസ്‌തുവില്‍
വിശ്വസിക്കുന്നവര്‍ മരിക്കുന്നില്ല അവര്‍ നിത്യ ജീവനിലേക്ക്
ഉയര്‍ത്തെഴുന്നേല്‍ക്കപ്പെടുന്നു എന്ന സന്ദേശമാണ് ഈസ്‌റ്റര്‍ പകരുന്നത്.
വിശ്വാസത്താല്‍ രക്ഷിക്കപ്പെടുക എന്ന പാഠമാണ്.
സംശയിക്കുന്നവര്‍ കടലിലെ
തിരമാലകള്‍ പോലെയാണ്. കാറ്റ് പറപ്പിക്കുന്ന, ഇളകിമറിക്കുന്ന തിരമാലപോലെ (ജെയിംസ്
1:16) സംശയം മനുഷ്യസഹജമാണ്. സംശയത്തിന്റെ ആദ്യ വിത്തുകള്‍ ആദി മാതാവായ ഹവ്വയില്‍
പാകിയത് സാത്താനാണ്.. ആ സംശയം ഇന്നും മനുഷ്യ മനസ്സുകളില്‍ നിന്നും
മാഞ്ഞുപോയിട്ടില്ല. അത്‌കൊണ്ട് തന്നെ മനുഷ്യര്‍ എന്നും പ്രലോഭിതരാകുന്നു,
ശങ്കിക്കുന്നവരാകുന്നു, മനസമാധാനം നഷ്‌ടപ്പെടുത്തുന്നവരാകുന്നു. സ്വന്തം
യുക്‌തികൊണ്ട് അവന്‍ ചിന്തിക്കുമ്പോളാണു ഇങ്ങനെ മനസ്സ് സംഘര്‍ഷഭരിതവും
സങ്കീര്‍ണ്ണവുമാകുന്നത്. മനുഷ്യരുടെ ചിന്തക്കതീതമാണ് ഈശ്വരന്റെ പ്രവൃത്തികള്‍
എന്ന് മനസ്സിലാക്കാന്‍ കഴിയാതെ വരുമ്പോഴാണ് സംശയം ഉടലെടുക്കുന്നത്. സക്കറിയയുടെ
മുമ്പില്‍ പ്രത്യക്ഷപ്പെട്ട മാലാഖ അവനു സന്താനമുണ്ടാകാന്‍ പോകുന്നുവെന്ന
വാര്‍ത്തയറിയിക്ലപ്പോള്‍ അദ്ദേഹം വിശ്വസിക്ലിക്ല. പ്രായമായ തനിക്കും ഭാര്യക്കും
കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നത് എങ്ങനെയെന്ന് അദ്ദേഹം ചിന്തിച്ചു. അദ്ദേഹത്തിന്റെ
ചിന്ത ന്യായമായിരുന്നു. എന്നാല്‍ ദൈവത്തിന്റെ ഉദ്ദേശ്യങ്ങളും നീതികളും മനുഷ്യരുടെ
ബുദ്ധിക്കും അറിവിനും ഉപരിയാണെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. സക്കറിയാക്ക്
മാലാഖമാരുടെ ദിവ്യസന്ദേശത്തില്‍ ശങ്ക തോന്നിയത് മൂലം കുഞ്ഞ് പിറക്കുന്ന കാലം വരെ
അവനെ ദൈവം മൂകനാക്കി. സംശയം മനുഷ്യന്റെ ജീവിതം
നരകമാക്കുന്നു.
സംശയമില്ലാതിരിക്കാന്‍ ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കയാണ്
വേണ്ടത് കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍ എന്നു വചനം പറയുന്നു.
കര്‍ത്താവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് ശിഷ്യന്മാരില്‍ ഒരാളായ തോമശ്ശീഹ പോലും
വിശ്വസിച്ചില്ല. പിന്നീട് കര്‍ത്താവിനെ നേരിട്ട് കണ്ടപ്പോഴാണു വിശ്വസിച്ചത്.
വിശ്വാസം ദൈവത്തിന്റെ ദാനമാണ്‌്. ലോകത്തിലെ സകലരുടേയും പാപപരിഹാരത്തിനായി
യേശുദേവന്‍ കുരിശ് മരണം വരിച്ച് മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റുവെന്ന്
സംശയലേശമെന്യേ വിശ്വസിക്കുന്നവര്‍ രക്ഷിക്കപ്പെടുന്നു എന്ന് വചനങ്ങള്‍ പറയുന്നു.
പൂര്‍ണ്ണ വിശ്വാസമുണ്ടെങ്കില്‍ സംശയങ്ങള്‍ അലട്ടുകയില്ല. `ഈസ്‌റ്ററിന്റെ ഏറ്റവും
വലിയ സമ്മാനം പ്രത്യാശയാണ് അതിനെ ഒന്നിനും ഇളക്കാന്‍ കഴിയില്ല. ആ ക്രിസ്‌തീയ
പ്രത്യാശ ദൈവത്തിലുള്ള ദ്രുഢവിശ്വാസത്തെ, അവന്റെ അവസാന വിജയത്തെ, അവന്റെ
സ്‌നേഹത്തേയും, നന്മയേയും നമ്മില്‍ ഉറപ്പിക്കുന്നു.'
ഈ ഈസ്‌റ്റര്‍
ദിനത്തില്‍ ഓരോരുത്തരും ചിന്തിക്കുക. നിങ്ങളുടെ വിശ്വാസം എത്രമാത്രം ഉറച്ചതാണ്.
ക്രിസ്‌തീയ ജീവിതം ഒരു ആത്മീയയുദ്ധമാണു. ആ യുദ്ധത്തിന്റെ വിജയത്തിനായി വചനങ്ങള്‍
ഓര്‍ക്കുകയും പ്രായോഗികമാക്കുകയും ചെയ്യേണ്ടതാണു. ദിവ്യമായ വചനങ്ങളെ മതത്തിന്റെ
പരിധിക്കുള്ളില്‍ ബന്ധിപ്പിക്കുമ്പോള്‍ ദൈവപ്രസാദം മാറിപോകുന്നു. സ്വാര്‍ഥ
താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി മറ്റുള്ളവര്‍ വചനങ്ങളെ വളച്ചൊടിച്ചപ്പോഴായിരിക്കും
ആചാരങ്ങള്‍ ഉണ്ടായത്, അതായിരിക്കാം ദിവ്യമായ വചനങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ച്
ഇന്നു മതമായി വളരുന്നത്. പലരും പറയുന്നത് കേട്ട് മനസ്സ് ചഞ്ചലപ്പെടുന്നത്
കൊണ്ട് മനുഷ്യരാശി ചിതറി പോകുന്നു. വചനങ്ങള്‍ ഒന്നാണ്, ദൈവീകമാണ്. സഭകള്‍
ഉണ്ടാക്കാന്‍ ആരെങ്കിലും അവയെ ദുര്‍വ്യാഖ്യാനം ചെയ്യുന്നുണ്ടോ എന്ന്
മനസ്സിലാക്കാന്‍ വചനങ്ങള്‍ സ്വയം പഠിക്കുക. മതത്തെക്കാള്‍ ദൈവത്തെ അറിയുകയും
വിശ്വസിക്കുകയും ചെയ്‌താല്‍ ഭൂമിയില്‍ സ്വര്‍ഗ്ഗമുണ്ടാകും. പ്രത്യാശയുടെ അടിസ്‌ഥാനം
വിശ്വാസമാണ്. ദൈവവിശ്വാസത്തിലധിഷ്‌ഠിതമായ ജീവിതത്താല്‍ സമ്പന്നമാകട്ടെ
ഓരോരുത്തരുടേയും ഇഹലോകവാസം എന്നാശംസിക്കുന്നു. ഫാദര്‍ ബോബി ജോസ് കറ്റിക്കാറ്റ്
പറഞ്ഞത് ഇവിടെ ഉദ്ധരിക്കുന്നത് ഉചിതമാകും. `വൃക്ഷം മനുഷ്യനോട് സങ്കടപ്പെട്ടു
എത്രയോ വര്‍ഷങ്ങളായി എത്രയോ ചില്ല വെട്ടി എത്ര കുരിശ്ശുകള്‍ നിങ്ങള്‍ ഞങ്ങളില്‍
നിന്ന് രൂപപ്പെടുത്തി എന്നിട്ടും ഇനിയും നിങ്ങളില്‍ നിന്നൊരു ക്രിസ്‌തു
ഉണ്ടാകാത്തതെന്തേ?'
വായനക്കാരുടെ അറിവിനും ആനന്ദത്തിനും വേണ്ടി ഈസ്‌റ്ററിനെ
പറ്റിയുള്ള ചില മൊഴിമുത്തുകള്‍ ഈ ലേഖകന്‍ പരിഭാഷപ്പെടുത്തിയത് താഴെ
കൊടുക്കുന്നു.
* സത്യത്തെ ഒരു കല്ലറയില്‍ അടക്കാം എന്നാല്‍ അത് അവിടെ
തങ്ങുകയില്ലെന്ന് ഈസ്‌റ്റര്‍ നമ്മെ ബോധിപ്പിക്കുന്നു.
* ഭൂമിയിലെ ഏറ്റവും
സന്തോഷം നിറഞ്ഞതും, ഏറ്റവും ദുഃഖം നിറഞ്ഞതുമായ ദിവസങ്ങള്‍ക്ക് തമ്മില്‍ മൂന്ന്
ദിവസത്തിന്റെ അകലമേയുള്ളു.
* ഈസ്‌റ്റര്‍ കാലം ആനന്ദിക്കാനും,
നന്ദിയുള്ളവരായിരിക്കാനും, പാപങ്ങള്‍ പൊറുത്തു എന്ന് ഉറപ്പാക്കികൊണ്ട് ഈ ഭൂമിയിലെ
മണ്ണില്‍ നിന്നും അപ്പുറത്തേക്ക് ജീവിതം നീളുന്നു എന്ന്
വിശ്വസിക്കാനുമാണ്.
ഈസ്‌റ്റര്‍ ദിവസം, കാലവും നിത്യതയും തമ്മിലുള്ള മറയെ
മാറാല പോലെ നേരിയതാക്കുന്നു.
ഈ ഭൂമിയില്‍ നിന്ന്, ഈ കല്ലറയില്‍ നിന്ന്, ഈ
പൊടിയില്‍ നിന്ന് എന്നെ എന്റെ ദൈവം ഉയര്‍ത്തുമെന്ന് ഞാന്‍
വിശ്വസിക്കുന്നു.
നിനക്കുള്ളതെല്ലാം കൊടുക്കുമ്പോള്‍ നീ പൂര്‍ണ്ണമായി ഒന്നും
കൊടുക്കുന്നില്ല, നീ നിന്നെ തന്നെ പൂര്‍ണമായി സമര്‍പ്പിക്കുമ്പോളാണ് നീ
യഥാര്‍ത്ഥമായി കൊടുക്കുന്നത്.
എന്റെ ജീവിത സാഹചര്യങ്ങള്‍ എന്ത്
തന്നെയായാലും പുനരുത്ഥാനം എന്റെ ജീവിതത്തിനു അര്‍ത്ഥവും, ദിശയും വീണ്ടും
ആരംഭിക്കാന്‍ അവസരങ്ങളും നല്‍കുന്നു.
പ്രവര്‍ത്തിക്കുന്ന മനുഷ്യനെ പോലെ
ചിന്തിക്കുക, ചിന്തിക്കുന്ന മനുഷ്യനെ പോലെ പ്രവര്‍ത്തിക്കുക.
ദൈവം പക്ഷികളെ
സ്‌നേഹിക്കുകയും അവക്ക് പാര്‍ക്കാന്‍ മരങ്ങള്‍ കണ്ടുപിടിക്കുകയും ചെയ്‌തു.
മനുഷ്യന്‍ പക്ഷികളെ സ്‌നേഹിക്കുകയും അവക്ക് വേണ്ടി കൂടുകള്‍ കണ്ടുപിടിക്കുകയും
ചെയ്‌തു.
പോഷണവും, ഉന്മേഷവും ശരീരത്തിനു കൊടുക്കുന്ന ഉറക്കം പോലെ സത്യമായ
മൗനം മനസ്സിന്റേയും പ്രാണന്റേയും വിശ്രമമാണ്.
ഈസ്‌റ്ററിന്റെ കഥ ദൈവത്തിന്റെ
ദിവ്യവിസ്‌മയമായ അത്ഭുത ജാലകത്തിന്റെ കഥയാണ്.
അത് ഈസ്‌റ്റര്‍
പ്രഭാതമാണെന്ന് ഞാന്‍ ഓര്‍മ്മിക്കുന്നു, അവിടെ ജീവിതവും, സ്‌നേഹവും സമാധാനവും
എല്ലാം നവജാതങ്ങളാണ്.
എല്ലാ സ്‌ത്രീ-പുരുഷന്മാരും മരണമില്ലാത്തവരായി
കരുതട്ടെ. ക്രിസ്‌തുവിന്റെ വെളിപ്പാട് അവന്റെ പുനരുത്ഥാനത്തിലാണെന്ന് അവര്‍
ഗ്രഹിക്കട്ടെ. ക്രിസ്‌തു ഉയര്‍ത്തെഴുന്നേറ്റു എന്നു മാത്രമല്ല അവര്‍ പറയേണ്ടത്
ഞാനും ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നു കൂടിയാണ്.
ഓരോ വേര്‍പിരിയലും
മരണത്തെപറ്റിയുള്ള ഒരു മുന്‍ധാരണ നല്‍കുന്നു; ഓരോ പുനഃസമാഗമവും പുനരുത്ഥാനത്തിന്റെ
സൂചന നല്‍കുന്നു.
വാതില്‍ക്കല്‍ അടച്ച് വച്ച വലിയ കല്ല് മാറ്റിയത്
ക്രിസ്‌തുവിനു പുറത്ത് പോകാനല്ല, ശിഷ്യന്മാര്‍ക്ക് അകത്തേക്ക് കടക്കാന്‍
വേണ്ടിയായിരുന്നു.
ഭാവിയെക്കുറിക്ലുള്ള എല്ലാ പദ്ധതികള്‍ക്കുമുള്ള താക്കോല്‍
പുനരുത്ഥാനത്തിലുണ്ട്.
എല്ലാവര്‍ക്കും അനുഗ്രഹീതമായ ഈസ്‌റ്റര്‍ ആശംസകള്‍
!!
എല്ലാവര്‍ക്കും ഇ-മലയാളിയുടെ
ഈസ്‌റ്റര്‍ ആശംസകള്‍
