വെറുക്കപ്പെട്ടവന്റെ മുഖവും ശബ്ദവും ശരീരഭാഷയും മാറ്റി വച്ചാല്‍ പി.സി.ജോര്‍ജിന്റെ ഉള്ളിലും ഒരാത്മാവുണ്ട്. കാലം മായ്ക്കാത്ത മുറിവുകളില്ല എന്നാണ് പറയുന്നതെങ്കിലും രണ്ടായിരം വര്‍ഷം മുമ്പ് ക്രിസ്തുവിനെ കുരിശില്‍ തറച്ചു കൊന്ന ദുഖസത്യത്തില്‍ വേദനിച്ചും ഈസ്റ്ററിന്റെ അരൂപിയില്‍ പ്രാര്‍ഥനകളില്‍ മുഴുകിയും കഴിയുന്ന ഒരു കുഞ്ഞാടാണ് ചീഫ് വിപ്പ്. മാണി സാറിന്റെ ഇടയോന്മുഖമായ രാഷ്ട്രീയത്തില്‍ പറ്റിച്ചേര്‍ന്നു നില്ക്കുമ്പോള് ജോര്‍ജിയന്‍ മറുഭാഷ കാലഘട്ടത്തിന്റെ വിപ്ലവജ്വാലയായി അഖ്യാനം ചെയ്യപ്പട്ടേക്കാം. അപ്പോള്‍ കേരളരാഷ്ട്രീയത്തിലെ സെന്റ് ജോര്‍ജ് പുണ്യാളനായ ആ ധീരയോദ്ധാവിന്റെ കട്ടത്തെറികള്‍ ചരിത്രം തങ്കമ്മയുടെ ലിപികളില്‍ ആലേഖനം ചെയ്തു വച്ചേക്കാം.
ഞാനും പി.സി.ജോര്‍ജും ഒരേ നാട്ടുകാരാണ്. പന്നപ്പൊ@#@&*മോനേ എന്നു വിളിച്ചാല്‍ കേള്‍ക്കാവുന്നത്ര ദൂരമേയുള്ളൂ. പിന്നെ നമ്മള് ക്രിസ്ത്യാനികള്‍ ഒന്നിച്ചു നില്‍ക്കണം എന്നു പണ്ട് ചില കേരളാ കോണ്‍ഗ്രസുകാര്‍ പറഞ്ഞിട്ടുള്ളതനുസരിച്ചാണെങ്കില്‍ ഞങ്ങള്‍ ഒന്നിച്ചു നില്‍ക്കേണ്ടവരുമാണ്. പി.സി.ജോര്‍ജിനെ പൊതുവേ ആര്‍ക്കും ഇഷ്ടമില്ലാത്ത ഈ പെസഹാക്കാലത്ത് ജനങ്ങള്‍ക്കു വേണ്ടി, സത്യത്തിനും നീതിക്കും വേണ്ടി സ്വയം കുരിശിലേറാന്‍ സന്മനസ്സായ അദ്ദേഹത്തിന്റെ കാര്യത്തില്‍ പീലാത്തോസിനെക്കാള്‍ തന്ത്രശാലിയായ മാണിസാര്‍ കൈകഴുകുമെന്നും സീസര്‍ ചാണ്ടി മുദ്രണം ചെയ്ത് ക്രൂശിക്കാന്‍ കൊടുക്കുമെന്നും കരുതിയത് വെറുതെയായി.
പി.സി.ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നു മാറ്റുന്ന പ്രശ്നമില്ല എന്നാണ് മാണിസാര്‍ പ്രഖ്യാപിച്ചത്. ജോര്‍ജിനെ മാറ്റണമെന്നു പാര്‍ട്ടിയില്‍ നിന്ന് ആരും ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. പാര്‍ട്ടിക്കകത്ത് ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുമില്ല- മാണിസാര്‍ പറഞ്ഞു. ഫ്രാന്‍സിസ് ജോര്‍ജും മറ്റും പലതും പ്രതീക്ഷിച്ചു കാണണം. അല്ലെങ്കിലും പാലാ-പൂഞ്ഞാര്‍ ബെല്‍റ്റില്‍ തൊടുപുഴയുടെ ആശങ്കകള്‍ക്ക് എന്താണ് സ്ഥാനം ?
മാണിസാര്‍ പറഞ്ഞത് പോട്ടേന്നു വയ്ക്കാം. മാണി സാറാണ്. അതുപോലാണോ യൂത്ത്ഫ്രണ്ടുകാര്‍ ? പി.സി.ജോര്‍ജിനെതിരായി അസത്യം പറഞ്ഞ കെ.ആര്.ഗൗരിയമ്മ പൊതുസമൂഹത്തോട് മാപ്പു പറയണമെന്നാണ് യൂത്ത്ഫ്രണ്ട് (എം) നോതാക്കന്മാര് ആവശ്യപ്പെടുന്നത്. ഗൗരിയമ്മയെക്കുറിച്ച് അദ്ദേഹം ബീപിയ കാര്യങ്ങള്‍ കേട്ട് ഞെട്ടിയിരിക്കുന്ന പൊതുസമൂഹം ഗൗരിയമ്മ ജോര്‍ജിനോടു മാപ്പു ചോദിക്കുന്നത് കേട്ട് കുഴഞ്ഞുവീഴാതിരുന്നാല്‍ ഭാഗ്യം. ഈസ്റ്ററിന്റെ അരൂപിയില്‍ ഉപവാസവും പ്രാര്‍ഥനയും പള്ളില്‍പ്പോക്കുമൊക്കെയായി കഴിയുന്ന പി.സി.ജോര്‍ജ് എന്തായാലും ഒന്നും പറയുന്നില്ല. ഈസ്റ്റര്‍ കഴിഞ്ഞ് അദ്ദേഹം മൂര്‍ച്ചയേറിയ തെറികളുമായി ഉയിര്ത്തെഴുന്നേല്ക്കുമെന്ന് നമ്മള് ഭയപ്പെടേണ്ടിയിരിക്കുന്നു.
പി.സി.ജോര്‍ജ് കാലഘട്ടത്തിന്റെ പുണ്യാളനാണ് എന്നു സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത് കെ.സി.ഉമേഷ് ബാബു ആണ്. മംഗളം പത്രത്തിലെ അദ്ദേഹത്തിന്റെ കോളത്തിലാണ് വിടുവായന്റെ സുവിശേഷത്തിന്റെ പരിപ്രേക്ഷ്യങ്ങള്‍ വിശകലനം ചെയ്യപ്പെടുന്നത് (മംഗളവും പി.സി.ജോര്‍ജുമായുള്ള ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല എന്നാണ് പറയുന്നത്). ഉമേഷ് ബാബുവിന്റെ കോളത്തില്‍ ഇങ്ങനെ പറയുന്നു.
”വിടുവായന്മാര് പലപ്പോഴും സത്യം പറയും. സത്യം പറയുന്ന പ്രവര്‍ത്തനം, പക്ഷേ, കേരളത്തില്‍ എല്‍.ഡി.എഫും, യു.ഡി.എഫും നിഷിദ്ധമാക്കിയിരിക്കുന്ന ഒന്നാണ്. പാര്‍ട്ടി അടിമത്തമല്ലാത്തതൊന്നും ഈ രണ്ടിനം പ്രഭുക്കന്മാര്ക്കും ഇപ്പോള്‍ പഥ്യമല്ല. അതുകൊണ്ട്, പി.സി. ജോര്‍ജ് എന്ന യു.ഡി.എഫ് നേതാവിനെ കുരിശേറ്റാന്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒന്നിച്ചു പൊരുതുന്ന വിചിത്രാവസ്ഥയ്ക്ക് ഇപ്പോള്‍ കേരളം സാക്ഷ്യംവഹിക്കുന്നു. ഈ കാപട്യത്തിലെ ഹരിതവാദം എന്തു ഹരിതവാദമാണ്?.”
കേരളസമൂഹത്തിന്റെ മാനസിക അടിമത്തത്തെക്കുറിച്ചു പറഞ്ഞ ശേഷം പി.സി.ജോര്‍ജിനെപ്പറ്റി പറയാതെ അദ്ദേഹം ഇങ്ങനെ കൂടി സൂചിപ്പിക്കുന്നു: ” ധീരമായി മുഴങ്ങുന്ന സത്യത്തിന്റെ വേറിട്ട ശബ്ദം ഇപ്പോള്‍ ഇവിടെങ്ങുമില്ല. ഒന്നുകില്‍ പാര്‍ട്ടി നേതാക്കന്മാരുടേയുംഅവരുടെ വിനീതദാസന്മാരുടേയും വകയായുള്ള കുത്സിതമായ പാര്‍ട്ടി സ്വാര്‍ത്ഥതയും തന്കാര്യവും ലക്ഷ്യം വെക്കുന്ന അര്‍ത്ഥശൂന്യമായ ഒച്ച വെപ്പുകള്‍, അല്ലെങ്കില്‍ വെവ്വേറെ പാര്‍ട്ടിയടിമകളായ സാംസ്കാരിക പ്രമാണിമാരുടെ ഗീര്‍വാണങ്ങള്‍, അതുമല്ലെങ്കില്‍ ആരെയും വെറുപ്പിക്കാതെ എല്ലാവരുടേയും ഓമനയായി നിലകൊള്ളണമെന്ന് തീരുമാനിച്ചിട്ടുള്ള എത്രയോ കലാ സാഹിത്യകാരന്മാരുടെ കൃത്രിമരോഷങ്ങള്‍.” ”ഇതിനിടയിലും ഇടയ്ക്ക് ഉയര്‍ന്നു കേള്‍ക്കുന്ന സത്യത്തിന്റെ ചില ഒറ്റയൊറ്റ ശബ്ദങ്ങള്‍ക്ക് മുഖ്യധാരയില്‍ പ്രമാണികത്വം ലഭിക്കുന്ന അവസ്ഥ സമകാലിക കേരളത്തില്‍ വളരെ കുറവാണ്. പാര്‍ട്ടികളും പാര്‍ട്ടിയടിമകളുംചേരുന്ന ശബ്ദ കലവിയില്‍ അത്തരം പ്രതിരോധങ്ങള്‍ പെട്ടെന്ന് വിസ്മൃതിയിലാവുന്നു.”
ഇത് ക്ഷമിക്കാവുന്നതേയുള്ളൂ. എന്നാല്‍ എം.എന്‍.വിജയനെയും പി.സി.ജോര്‍ജിനെയും ഒരേ വണ്ടിയില്‍ കെട്ടാനുള്ള ചില ശ്രമങ്ങള്‍ കൂടി ഉമേഷ് ബാബുവിന്റെ ലേഖനത്തില്‍ കണ്ട് സത്യത്തില്‍ പകച്ചുപോയി. എം.എന്‍.വിജയന് വിശുദ്ധനായ നേതാവായിരുന്നു എന്നൊന്നും എനിക്കഭിപ്രായമില്ല. എന്നാല്‍ അദ്ദേഹം പി.സി.ജോര്‍ജിനെപ്പോലെ ആയിരുന്നു എന്നു പറയാന്‍ മാത്രം ജേര്‍ജേറിയനിസം എനിക്കില്ല. ഉമേഷ് ബാബു പറയുന്നതനുസരിച്ച് ” 2007 ല്‍ വിജയന് മാഷ് മരിച്ചു. അന്ന് അധികാരത്തിലുണ്ടായിരുന്ന സി.പി.എം മാഷിന്റെ മരണത്തോടുപോലും പകയോടെ പെരുമാറി.” ”യഥാര്‍ത്ഥമായ സ്വതന്ത്രചിന്ത അശരണമായി തെമ്മാടിക്കുഴിയിലൊതുങ്ങണമെന്നും, പാര്‍ട്ടിയടിമത്തം മാത്രം തഴച്ചു വളരണമെന്നുള്ള, ജനാധിപത്യ വിരുദ്ധ രാഷ്ട്രീയഭാവനയുടെ കാര്യത്തില്‍, സമകാലിക കേരളത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന എല്‍.ഡി.എഫ് യു.ഡി.എഫ് ഐക്യത്തിന്റെ വലിയ ഉദാഹരണമാണിത്.” ”പി.സി. ജോര്‍ജിന്റെ പ്രശ്നം ഇവിടെയാണ് വരുന്നത്. സ്വന്തം മന്ത്രി സ്ത്രീലമ്പടനാണെങ്കിലും അതു തുറന്നു പറയുന്നതില്‍ പാര്‍ട്ടിയടിമത്തത്തിന്റെ ലംഘനമുണ്ട്. വിടുവായന്മാര് പലപ്പോഴും സത്യം പറയും. സത്യം പറയുന്ന പ്രവര്‍ത്തനം, പക്ഷേ, കേരളത്തില്‍ എല്‍.ഡി.എഫും, യു.ഡി.എഫും നിഷിദ്ധമാക്കിയിരിക്കുന്ന ഒന്നാണ്.”
മന്ത്രിമാരുടെ ലൈംഗികജീവിതത്തിനു വിപ്പ് കൊടുക്കുന്ന പ്രവര്‍ത്തനത്തെ സത്യം തുറന്നു പറയലായി മഹത്വവല്‍ക്കരിക്കുന്നത് സാസ്കാരികകേരളത്തിനു നല്ലതല്ല. സ്ത്രീലമ്പടന്‍ എന്ന വാക്കു പോലും പലപ്പോഴും ആപേക്ഷികമാണ്. ആരോഗ്യമുള്ളപ്പോള്‍ പെണ്ണുപിടിക്കുകയും പിക്കപ്പ് പോയ ശേഷം സദാചാരത്തിന്റെ കാവല്‍മാലാഖയായിത്തീരുകയും ചെയ്യുന്നത് ധീരതയല്ല, ഗതികേടാണ്.
ഈസ്റ്ററിന്റെ അരൂപിയില്‍ കഴിയുന്ന എല്ലാ ക്രിസ്ത്യാനികള്‍ക്കും എന്റെ ആശംസകള്‍.