Malabar Gold

സംസ്‌കാര ദൂഷകര്‍- ഡോ.എന്‍.പി.ഷീല

ഡോ.എന്‍.പി.ഷീല Published on 13 April, 2013
 സംസ്‌കാര ദൂഷകര്‍- ഡോ.എന്‍.പി.ഷീല
ഏതൊക്കെ ഉപാധികളാണോ മനുഷ്യനെ തിര്യക് തലത്തില്‍ നിന്നുയര്‍ത്ത് സാമൂഹിക ജീവിയെന്ന നിലയിലേക്ക് ആനയിക്കുന്നത്. അവയെല്ലാം അവഗണിക്കയോ നിഷേധിക്കയോ അവഹേളിക്കയോ ചെയ്യുന്നതാണ് സംസ്‌കാരത്തിന്റെ മാനദണ്ഡമെന്ന് തഥാകഥിത. 'ആധുനികന്‍' ധരിച്ചു വശായിരിക്കുന്നു. അതിന്  അവന്‍ ശാസ്ത്ര-സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തി ജീവിതത്തെ അന്ത:സാര ശുന്യവും  ഉപരിപ്ലവവുമാക്കുന്ന ശുദ്ധ ഭൗതിക വാദപരമായ ചിന്താഗതിയെ പ്രോത്സാഹിപ്പിക്കുകയും പോഷിപ്പിക്കുകയും ചെയ്യുന്നു ഫലമോ? മനുഷ്യ വര്‍ഗ്ഗം സത്യധര്‍മ്മാദികളും നന്മയും വിശുദ്ധിയും ആത്മീയതയും വെടിഞ്ഞ് അധോഗതിയിലേക്ക് കൂപ്പുകുത്തിയിരിക്കുന്ന ദയനീയ കാഴ്ച.!

സഭ്യത എന്നാല്‍ ആഡംബരാഭിനിവേശവും സുഖഭാഗാസക്തിയും താത്രാലിക വികാരാവേശ പ്രകടനവും ആണെന്നു കരുതുന്ന ഒരു പരിഷ്‌കൃത സമൂഹം രൂപപ്പെട്ടു വന്നിരിക്കുന്നു. ഇക്കൂട്ടരുടെ ലക്കും ലഗാനുമില്ലാത്ത ഉദ്ഭ്രാന്തമായ വ്യാപാരങ്ങളില്‍ സമൂഹം വൈകാരിക പാരസ്പര്യവും കൂട്ടായ്മയും നഷ്ടപ്പെട്ട് തോന്ന്യാസികളുടെ സ്വാര്‍ത്ഥമതികളുമായ ഒരു കൂട്ടമായി തരം താണുപോയിരിക്കുന്നു.

'സമാന അജന്തതി സമാജ: '(ഒന്നിച്ചു നീങ്ങുന്നത് സമൂഹം) എന്നതായിരുന്നു സമൂഹത്തിന്റെ ഭാരതായ കാഴ്ചപ്പാട്. അത് മലക്കം മറിഞ്ഞു. വ്യക്തി, മറ്റുള്ളവരോടും മറ്റുള്ളവര്‍ വ്യക്തിയോടും ആരോഗ്യകരമായ ഒരു സമീപനം കൈക്കൊണ്ടാലല്ലെ ഈ ഒന്നിച്ചു പോക്ക് സാധ്യമാവൂ അഥവാ സുഗമമാവൂ. ഇതിനു വിഘ്‌നം സൃഷ്ടിക്കുന്ന ഘടകങ്ങള്‍ ഏവയെന്നു നോക്കാം.
സ്വാതന്ത്ര്യലബ്ധിക്ക് മുമ്പ് പത്രപ്രവര്‍ത്തനം, പൗരോഹിത്യ സന്യാസം പോലുള്ള അന്തസ്സ്  തെരഞ്ഞെടുക്കുന്നതിനു ഒരു ദൈവവിളിപോലെ കരുതിയിരുന്നു. അതില്‍ പ്രവര്‍ത്തിച്ചിരുന്നവരും ക്ലേശസഹത്തിനു സന്നദ്ധരായിരുന്നു. പത്രധര്‍മ്മം ശരിവരെ കാത്തുസൂക്ഷിക്കയും അതിനായി പീഡകള്‍ സഹിക്കയും ചെയ്ത നമ്മുടെ പൂര്‍വ്വസൂരികള്‍! സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, മാമ്മന്‍ മാപ്പിള തുടങ്ങിയവരുടെ ത്യാഗോജ്ജ്വലവും ധീരോദാത്തവുമായ ചരിത്രം മാധ്യമ ചരിത്രത്തില്‍ തങ്കലിപികളില്‍ മിന്നിത്തിളങ്ങിന്നുണ്ടല്ലോ. അവരുടെ ആത്മാക്കളെ ലജ്ജിപ്പിക്കാതെയും സ്മരണകളെ ദുഃഖിപ്പിക്കാതിരിക്കുകയും ചെയ്യുന്ന ഏതാനും പേര്‍ ഇന്നും ഇവരുടെ പാത പിന്തുടരുന്നതുകൊണ്ടാണ് എന്റെചില ലേഖനങ്ങള്‍ വെളിച്ചം കാണുന്നതെന്നു ഞാന്‍ കരുതുന്നു. ആ അപൂര്‍വ്വ ശേഖരം അന്യം നില്‍ക്കാതിരിക്കട്ടെ.

അതിരിക്കട്ടെ പറഞ്ഞു വന്നത് മാധ്യമരംഗം, ജനജിഹ്വകളായി പ്രവര്‍ത്തിക്കേണ്ടതാണെന്ന നമ്മുടെ  ആ പഴയ ആദര്‍ശത്തില്‍ നിന്നു പാടേ വ്യതിചലിച്ച് ലാഭങ്ങള്‍ പാവപ്പെട്ടവരുടെ അധ്യാപകനാണെന്ന സങ്കല്‍പം ഇന്നെവിടെ. പകരം ധനസമ്പാദനം മുഖ്യ ലക്ഷ്യമാക്കി വലിയ മൂലധനം മുടക്കി ലാഭകൊതിയന്മാര്‍ രംഗം പിടിച്ചടക്കി. പുസ്തക പ്രസിദ്ധീകരണ മേഖലയും ഇതില്‍പെടും. സാധാരണക്കാര്‍ വെറും ഉപഭോക്താക്കള്‍ മാത്രം. നാലു ദിക്കിലെയും വാര്‍ത്തകളറിയാന്‍ ഔമുഖ്യമുള്ള ജനങ്ങളെ ചൂഷണംചെയ്ത് പണമുണ്ടാക്കുന്നതില്‍ വൈദഗ്ധ്യം നേടിയിരിക്കുന്നു.
സാമാന്യമായി പറഞ്ഞാല്‍ ഗഹനങ്ങളായ വിഷയങ്ങളെ സ്വന്തം മസ്തിഷ്‌കം ഉപയോഗപ്പെടുത്താനോ സാധാരണ ജനങ്ങളില്‍ താല്‍പര്യം വളര്‍ത്താനോ സംസ്‌കാരത്തിന്റെ തെളിനീര്‍ ലഭ്യമാക്കാനോ മാധ്യമങ്ങളും സാഹിത്യ പ്രവര്‍ത്തകരും ശ്രദ്ധിക്കുന്നില്ല. ദഹിക്കാന്‍ പ്രയാസമുള്ള കട്ടിയായ ആഹാരം നല്‍കി അജീര്‍ണ്ണമുണ്ടാക്കരുതെന്ന സദുദ്ദേശത്തോടെയാണ് ദഹിക്കാനെളുപ്പമുള്ള ലഘു ഭക്ഷണം വിളമ്പുന്നതില്‍ ഇക്കൂട്ടര്‍ ബദ്ധശ്രദ്ധരായിരിക്കുന്നത്. അതിന്റെ സല്‍ഫലങ്ങളാണ് കള്ളവും ചതിയും കൊലയും കൊള്ളയും എന്നു വേണ്ട സകല കുടിലതകളും വശമാക്കിയ ഒരു ജനതക്കു രൂപം നല്‍കി സമൂഹത്തില്‍ കൊടും ശക്തി പടര്‍ത്താനുള്ള ശ്രമത്തില്‍ ഇവര്‍ വിജയശ്രീലാളിതരായി വെന്നിക്കൊടി പാറിക്കുന്നത്.

ആത്മീയമായി നിസ്‌തേജമായി മസ്തിഷ്‌കമരണം സംഭവിച്ച ഒരു ജനതയുടെ പുത്തന്‍ തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ ഇവരുടെ സംഘടിത ശ്രമം വിജയം വരിച്ചിരിക്കുന്നു. ആഹ്ലാദിക്കാം, നമുക്കു പാടാം, ഉന്നതങ്ങളില്‍ ഓശാന.

മൂക്കിനു താഴെ നടക്കുന്നതോ? സകലവിധ തെമ്മാടിത്തങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന ഒരു സമൂഹം കാട്ടിക്കൂട്ടുന്ന വികൃതികള്‍ കണ്ടും കേട്ടും ഔചിത്യവും വിവേകവും ഇനിയും ബാക്കി നില്‍ക്കുന്ന ജനങ്ങളില്‍ ഭീതിയും അമ്പരപ്പും ഈ സമൂഹത്തിന്റെ പ്രയാണം എങ്ങോട്ട്? അതിനു ചാലക ശക്തിയായി പ്രവര്‍ത്തിക്കുന്നത് പത്ര മാസികകളില്‍ കുത്തി നിറച്ചു വിടുന്ന സംഭ്രമജനകമായ വാര്‍ത്തകളും  കുറ്റകൃത്യങ്ങളുടെയും ലൈംഗിക വൈകൃതങ്ങളുടെയും വിവരണങ്ങളും. അവര്‍ നടത്തുന്നത് ബിസിനസ്സാണ്. അതില്‍ എല്ലാം പെര്‍മിസബിള്‍- അനുവദനീയം.
സമൂഹ പുരോഗതിക്കുവേണ്ടി എന്തെങ്കിലും ദൗത്യം നിര്‍വ്വഹിക്കാനുതകുന്ന യാതൊരു സാധ്യതയും പത്രക്കാര്‍ക്കോ  പ്രസാധകര്‍ക്കോ ഇല്ല. സാഹിത്യമെന്ന പേരില്‍ പടച്ചിറക്കുന്ന കാമവികാരോത്തേജങ്ങളായ ചപ്പും ചവറും ചൂടപ്പം പോല്‍ വിറ്റഴിയുന്നതുകൊണ്ട് പ്രസാധകര്‍ക്കു കൊയ്ത്തുകാലം. എഴുത്തുകാര്‍ക്കു അവാര്‍ഡ് കൊടുത്തു പ്രശസ്തി പത്രവും പ്രസിദ്ധിയും, ആനന്ദലബ്ധിക്കിനിയെന്തു വേണം.

ഇവിടെയാണെങ്കില്‍ കള്ളിനും പെണ്ണിനും റോക്കന്‍ റോളിനും റോളിംഗ് സ്റ്റോണ്‍സ് പോലുള്ള ഗായക സംഘങ്ങള്‍ക്കും പ്രസിദ്ധിപെറ്റതാണെന്ന് ഞാന്‍ പറയേണ്ടതില്ലല്ലൊ. മൈക്കിള്‍ ജാക്‌സന്‍ ദിവംഗതായെങ്കിലും അനുയായികള്‍ തല്‍സ്ഥാനം അലങ്കരിക്കുന്നുണ്ടാവാം. റോളിംഗ് സംഘത്തിന്റെ മോട്ടോ- ആദര്‍ശവാക്യം എന്നു പറയാന്‍ പററില്ലല്ലൊ. മുദ്രാവാക്യം എന്നാക്കാം. സ്വന്തം മാതാപിതാക്കളാല്‍ വെറുക്കപ്പെടുന്നവര്‍ എന്താണെന്നു കേട്ടിട്ടുണ്ട്. കയ്യിലിരുപ്പ് തഥാവിധമാകയാല്‍ അതിനനരൂപമായ സ്വഭാവഗുണങ്ങള്‍ സ്വായത്തമാക്കിയവരായിരിക്കണമല്ലോ.
ഇവിടുത്തെ ഒരു പഴയ മാഗസിനില്‍ ഇവരെക്കുറിച്ചുള്ള വിവരണത്തിന്റെ ഏകദേശരൂപം ഇപ്രകാരമാണ്.

ഏതാണ്ട് രണ്ടരലക്ഷം പേര്‍  കൂടിയിരിക്കുന്ന പ്രേക്ഷര്‍ അക്ഷമരായി നോക്കിയിരിക്കുമ്പോള്‍ സംഘാടകന്റെ അനൗണ്‍സ്മന്റ് . 'ലേഡീസ് & ജന്റില്‍മന്‍ ദ റോളിംഗ് സ്റ്റോണ്‍സ്' എന്നു കേള്‍ക്കാത്ത താമസം ചിത്തഭ്രമം പിടിപെട്ടവരെപ്പോലെ ജന്റില്‍മന്‍ ആന്‍ഡ് ലേഡീസ് ഹാള്‍ പ്രകമ്പനം കൊള്ളുമാറുള്ള ആര്‍പ്പുവിളികളോടെ അവരെ സ്വാഗതം ചെയ്തു. അതോടെ ഡാന്‍സിനു തുടക്കമായി. സ്റ്റോണ്‍സ് നൃത്തം ചവുട്ടി അരങ്ങു തകര്‍ത്തു. ഒരുവന്‍ അശ്‌ളീല ആംഗ്യ വിക്ഷേപണങ്ങള്‍ കാട്ടി കാണികളെ ഒരു മായാലോകത്തെത്തിക്കയും മോഹനിദ്രയിലകപ്പെടുത്തുകയും ചെയ്തു. സെക്‌സിന്റെ അതിപ്രസരമുള്ള അംഗവിക്ഷേപണങ്ങള്‍ കാട്ടിയ അതിലൊരുവനെ ഒന്നു സ്പര്‍ശിക്കാന്‍ പ്രായഭേദമെന്യേ ലേഡീസ് ബദ്ധപ്പെട്ടു. സ്റ്റേജില്‍ നിന്ന് പ്രേക്ഷകരുടെ ഇടയിലേക്ക് റോസാദലവര്‍ഷം.

അടുത്തത് മിഡ്‌നൈറ്റ് റുംബിള്‍സ്, ദില്ലി എപ്പിസോഡിലേതുപോലെയുള്ള ക്രൂരമായ ബലാല്‍സംഗത്തിന്റെ ഗാനാത്മകമായ ചിത്രീകരണം.

സംഘത്തിന്റെ ജീവിതചര്യ അക്രമത്തിലും സെക്‌സിലും ഡ്രഗ്‌സിലും അധിഷ്ഠിതമാണ്. അസന്മാര്‍ഗ്ഗികതയുടെ ഉച്ചകോടിയിലെത്തി പണവും കുപ്രസിദ്ധിയും നേടാമെന്നതിന് ഒന്നാന്തരമൊരുദാഹരണമാണ് ഈ തലയും വാലുമററ വര്‍ഗ്ഗം.

ലഹരി ഒരു ഹരമായി കൊണ്ടാടുന്നവര്‍ സമൂഹത്തിന്റെ എല്ലാ തുറകളിലുമുണ്ടെന്ന വസ്തുത തുറന്നൊരു രസഹ്യമല്ല. ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പോലും ഇതിന്റെ ഉപയോഗം തുടങ്ങിക്കഴിഞ്ഞു. സമ്പന്ന വര്‍ഗ്ഗത്തിന്റെ പ്രിസ്റ്റീജാണിതെങ്കില്‍ കവികളും കലാകാരന്മാരുമെന്ന് മേനി നടിക്കുന്ന അനേകരുടെയും രഹസ്യ അജണ്ടയില്‍ ഇതും പെടുന്നു. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഈ ശീലം ഞാന്‍ നേരിട്ടറിഞ്ഞതാണ്. പരീഷാ ഹാളില്‍ കയറും മുമ്പ് ഇവനെ സ്വല്‍പം സേവിക്കുന്നത് ഒരുഷാറിനു വേണ്ടിയാണത്രെ. സ്ത്രീകള്‍ക്കിടയിലും മയക്കുമരുന്നിന്റെ ഉപയോഗം പുതിയ ലേബലില്‍, പുതിയ രൂപത്തില്‍ രംഗപ്രവേശം ചെയ്തു കഴിഞ്ഞു.

കുട്ടികളെയും, പെണ്‍കുട്ടികളെയും സ്ത്രീകളെയും വില്പന ചരക്കാക്കുന്ന സെക്‌സ് റാക്കറ്റുകള്‍ ആഗോള വ്യാപകമായി തങ്ങളുടെ വ്യാപാരം നിര്‍ലോഭം, അഭംഗുരം നടത്തിവരുന്നു. ചെറുമീനുകളെ ഒറ്റയ്ക്കും തെറ്റയ്ക്കും വലയില്‍ പെടുത്താറുണ്ടെങ്കിലും വമ്പന്‍സ്രാവുകളുടെ നേരെ കണ്ണടയ്ക്കുകയാണ് അധികാര സ്ഥാനത്തുള്ളവര്‍ ചെയ്യുന്നത്. അവരും ഇതില്‍ നിന്ന് ക്യാഷ് ആയും കൈന്റായും പ്രതിഫലം പറ്റുന്നു. നമ്മുടെ മന്ത്രി പുംഗവന്മാരുടെ രതിലീലകളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ മാധ്യമങ്ങളുടെയും ആഘോഷമാണല്ലോ. 'യഥാരാജാ തഥാപ്രജ' എന്നൊരു ചൊല്ലുള്ളതല്ലോ. കാളിദാസന്റെ രഘുവംശം കാവ്യത്തിന്റെ അഗ്നി വര്‍ണ്ണന്റെ പിന്‍മുറക്കാര്‍.
അനുകരണ യോഗ്യമായി ഏറെയുണ്ടെങ്കിലും അമേരിക്കയുടെ ഇരുണ്ടവശം സ്വാംശീകരിക്കുന്നതില്‍ നമ്മുടെ മത്സരം തന്നെയുണ്ടെന്ന് കണക്കജശറ്റ പറയുന്നു. നഗ്നതാ പ്രദര്‍ശനവും ലൈംഗിക കാര്യങ്ങളില്‍ സര്‍വ്വ തന്ത്ര സ്വാതന്ത്ര്യവും മനക്കായങ്ങള്‍ക്കു ഗുണം ചെയ്യുമെന്ന സിദ്ധാന്തം പരീക്ഷിക്കപ്പെടുന്തോറും മാറാ രോഗങ്ങളും എത്ര കണ്ട് മനുഷ്യ രാശിയുടെ മേല്‍ പിടിമുറുക്കിയിരിക്കുന്നുവെന്ന് സ്ഥിതി വിവരക്കണക്കുകള്‍ പറയുന്നു.

നീല ചിത്രങ്ങളുടെ നിര്‍മ്മാണവും വിപണവും മാത്രമല്ല ബ്യൂട്ടീപാര്‍ലറുകളും ഐസ്‌ക്രീം പാര്‍ലറുകളും നമ്മെ കടന്നാക്രമിച്ച് ചരിത്രവും നമുക്കജ്ഞാതമല്ല. ഏറെ പറയാനുണ്ടെങ്കിലും തല്‍ക്കാലം ഇത്ര മതി. ഇതൊക്കെ വായിച്ചറിയുവിന്‍. പത്രത്തിന്റെ സ്ഥലപരിമിതി ഓര്‍മ്മിച്ചില്ലെങ്കില്‍ തുടര്‍ന്നെഴുതാനും ബുദ്ധിമുട്ടുണ്ടാകും.

ഈസ്റ്റര്‍-വിഷു  ആശംസകള്‍


 സംസ്‌കാര ദൂഷകര്‍- ഡോ.എന്‍.പി.ഷീല
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക