StateFarm

അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ (വിഷുക്കുറിപ്പ്‌: സുധീര്‍ പണിക്കവീട്ടില്‍)

Published on 13 April, 2013
അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ (വിഷുക്കുറിപ്പ്‌: സുധീര്‍ പണിക്കവീട്ടില്‍)
*Vish-u (വിഷു) were here !

ഐശ്വരത്തിന്റേയും, ശുഭ-മംഗള ദര്‍ശനങ്ങളുടേയും, സുപ്രതീക്ഷകളുടേയും സന്ദേശമാണ്‌ വിഷു നല്‍കുന്നത്‌. വിത്തിറക്കാന്‍ കര്‍ഷകര്‍ മഴ നോക്കി നില്‍ക്കുന്നതും ഇക്കാലത്താണു. മഴമേഘങ്ങളെ പ്രണയിച്ച്‌ വിളിക്കുന്ന/ കരയുന്ന വിഷുപക്ഷികളുടെ പാട്ടുകള്‍ കര്‍ഷകന്റെ കാതുകളില്‍ തേന്മഴ പെയ്യിക്കുന്നു. നാട്ടില്‍ മീനചൂട്‌ കൊടിയേറുന്നതിനോടൊപ്പം തന്നെ പൂരങ്ങളും ഉത്സവങ്ങളും കൊടിയേറുകയായി. പരീക്ഷ കഴിഞ്ഞ്‌ അവുധിക്കാലം ആഘോഷിക്കുന്ന കുട്ടികള്‍ക്ക്‌ ഏറ്റവും ആനന്ദകരമായ ഒരു വിശേഷമാണ്‌ വിഷു. കണിയോടൊപ്പം അവര്‍ക്ക്‌ കൈനീട്ടവും കിട്ടുന്നു. കൂടാതെ ചക്ക, മാങ്ങ തുടങ്ങിയ ഫലങ്ങളുടെ സമ്രുദ്ധിയാല്‍ സമ്പന്നമാകുന്ന മാസം. പ്രക്രുതി ദേവിയുടെ അമ്പലനടയില്‍ സ്വര്‍ണ്ണ മാലകള്‍ ചാര്‍ത്തി പൂത്ത്‌ നില്‍ക്കുന്ന കണികൊന്നകള്‍. പ്രകൃതിയും മനുഷ്യരും ഒരുമിച്ച്‌ കൊണ്ടാടുന്ന ഒരു ഉത്സവമായി വിഷുവിനെ കണക്കാക്കാം. പതിവു പോലെ ഇക്കൊല്ലവും വിഷു പടിക്കലോളമെത്തി. ഏഴാംകടലിനിക്കരെ നിന്നു ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍ എന്തു സുഖം. കണികണ്ടുണരുന്ന മേടപ്പുലരി നമ്മെ മാടി വിളിക്കുന്ന പോലെ. അന്നത്തെ വെയിലിനു പോലും എന്തു ഭംഗിയായിരുന്നു. ഉച്ച വെയിലില്‍ പാടി മയങ്ങുന്ന വിഷു പക്ഷികള്‍. വിഷു ഫലം പറയാന്‍ വരുന്ന പണിക്കര്‍. പൊട്ടി പൊട്ടി ചിരിക്കുന്ന പടക്കങ്ങള്‍, വര്‍ണ്ണപ്രഭ തൂവ്വികൊണ്ട്‌ കത്തുന്ന പലതരം മത്താപ്പൂ, കമ്പിത്തിരി തുടങ്ങിയവ. സൂര്യപ്രകാശം ഏറ്റുവാങ്ങി സ്വര്‍ണ്ണാഭരണം പോലെ തിളങ്ങുന്ന കൊന്നപൂക്കള്‍. വിഷുവിനു പ്രക്രുതി ഒരുക്കുന്ന അലങ്കാരമായി കൊന്നപൂക്കള്‍ എല്ലാവരെയും ആനന്ദിപ്പിക്കുന്നത്‌ വിഷുവിന്റെ മാത്രം പ്രത്യേകതയാണ്‌.

സൂര്യന്‍ ഭൂമദ്ധ്യരേഖക്ക്‌ മീതെ വരുന്ന ദിവസമാണ്‌ വിഷു. വിഷു എന്നാല്‍ പകലും രാത്രിയും സമമായി വരുന്ന ദിവസം എന്നും അര്‍ത്ഥം ഉണ്ട്‌., കൊന്നകള്‍ ഇക്കാലത്ത്‌ പൂക്കുന്നത്‌ സൂര്യ രശ്‌മികള്‍ അവയില്‍ നേരിട്ട്‌്‌ പതിക്കുന്നത്‌ കൊണ്ടാണെന്നു വിശ്വസിച്ചു വരുന്നു. കൂടാതെ വിഷു ദിവസം പൂര്‍ണ്ണമായി സൂര്യന്‍ പൂര്‍വ്വ ദിക്കില്‍ ഉദിക്കുന്നു. രാവണന്റെ മരണം വരെ സൂര്യന്‍ അല്‍പ്പം ചരിഞ്ഞാണു ഉദിച്ചിരുന്നതത്രെ. കാരണം നേരിട്ട്‌ കിഴക്ക്‌ ഭാഗത്ത്‌ ഉദിക്കാന്‍ രാവണന്‍ അനുവദിച്ചിരുന്നില്ല. കിഴക്ക്‌ ഭാഗത്ത്‌ ഉദിച്ച്‌ പൊങ്ങുമ്പോള്‍ പരക്കുന്ന പ്രകാശം രാവണനു അസഹ്യമായിരുന്നു അതെ പോലെ സൂര്യന്‍ നേരെ തലക്ക്‌ മീതെ വരുന്നതും അന്നാണു്‌. അല്ലെങ്കില്‍ തന്നെ തന്റെ തലക്ക്‌ മീതെ ഒരാള്‍ നില്‍ക്കുന്നത്‌ രാവണനു എങ്ങനെ സഹിക്കും?

വിഷുവിന്റെ പ്രധാന ചടങ്ങ്‌ കണി കാണലാണ്‌. കണി കാണാനുള്ള സാധനങ്ങള്‍ ഒരു ഉരുളിയില്‍ ഒരുക്കുന്നു. വിഷുവിനു സ്വര്‍ണ്ണ നിറവുമായി ഒരു ബന്ധം കാണുന്നുണ്ട്‌. ഉരുളി പഞ്ചലോഹങ്ങള്‍ കൊണ്ട്‌ നിര്‍മ്മിച്ചതിനു മഞ്ഞനിറമാണ്‌. ഉരുളിയില്‍ വക്കുന്ന പൂക്കളും പഴങ്ങളും മഞ്ഞയാണ്‌. ഉടച്ച നാളികേരത്തിന്റെ ഓരോ പകുതിയില്‍ കത്തി നില്‍ക്കുന്ന ദീപത്തിനും സുവര്‍ണ്ണ ശോഭയാണ്‌, ഭഗവാന്‍ ക്രുഷ്‌ണനു പ്രിയമുള്ള മഞ്ഞപ്പട്ടിന്റെ പ്രതീകമായിരിക്കാം ഈ സ്വര്‍ണ്ണമയം.ല്‌പസ്വര്‍ണ്ണവര്‍ണ്ണങ്ങളും, ദീപത്തിന്റെ പ്രകാശവും, ഐശ്വര്യത്തിന്റേയും സമൃദ്ധിയെയും പ്രതിഫലിപ്പിക്കുന്നു. കൂടാതെ കണി കാണാന്‍ വക്കുന്ന ഉരുളിയില്‍ ഒരു വാല്‍ക്കണ്ണാടി കൂടിയുണ്ട്‌.ല്‌പഅതില്‍ ഒരാള്‍ നോക്കുമ്പോള്‍ പ്രതിബിംമ്പിക്കുന്ന സ്വന്തം മുഖം `തത്ത്വമസി' (അത്‌ നീയാണ്‌) നിന്നില്‍ ഈശ്വരന്‍ നിലകൊള്ളുന്നു എന്ന ഉപനിഷദ്‌ വചനം ഓര്‍മ്മിപ്പിക്കുകയാണു.. താത്വികമായി ചിന്തിക്കുമ്പോള്‍ കണി കാണല്‍ സ്വയം കാണലാണ്‌. നമ്മള്‍ നമ്മളെ തന്നെ കാണുമ്പോള്‍, മനസ്സിലാക്കുമ്പോള്‍ നമ്മള്‍ നമുക്ക്‌ ചുറ്റുമുള്ള സമ്രുദ്ധി കാണുന്നു. ഈ ലോകം സുന്ദരവും സുമോഹനവുമാണ്‌. എന്നാല്‍ മനുഷ്യര്‍ ഭാഷയുടെ, മതത്തിന്റെ കോലം കെട്ടി അതിനെ വികൃതമാക്കുന്നു.

അമേരിക്കയിലെ വിഷുക്കാലം പൂക്കളാലും സുഗന്ധങ്ങളാലും കിളികളുടെ പാട്ടുകച്ചേരികളാലും സമൃദ്ധമാണ്‌. കാരണം അപ്പോള്‍ ഇവിടെ വസന്തകാലമാണ്‌. ഗ്രുഹാതുരത്വത്തിന്റെ നേരിയ വിഷാദം നിറയുമെങ്കിലും ചുറ്റുപാടും കണ്ണോടിക്കുമ്പോള്‍ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന പലതും ഇവിടെ കാണാം. ഇടക്കിടെയുള്ള മഴയില്‍ നനഞ്ഞ്‌ നില്‍ക്കുന്ന പ്രക്രുതിയും അവളെ തോര്‍ത്തിയുണക്കുന്ന സൂര്യദേവനും പണ്ടത്തെ മലയാളനാടിന്റെ പ്രതിച്‌ഛായ പകര്‍ന്ന്‌ കണ്ണിനും കരളിനും അനുഭൂതി പകരുന്നുണ്ട്‌. പുതുമഴ പെയ്യുന്ന താളവും പുത്തന്‍ മണ്ണിന്റെ ഗന്ധവും ഇവിടേയും ഓര്‍മ്മകളെ കുളിരണിയിക്കുന്നു. അതിരാവിലെ തുടരുന്ന പക്ഷികളുടെ ഹരിനാമകീര്‍ത്തനം നാട്ടിലെ വിഷുപക്ഷികളുടെ ഈണം മൂളീ വിഷുവിന്റെ വരവറിയിക്കുന്നതാണു്‌. പ്രക്രുതിയുടെ മാറ്റം മനസ്സിലാക്കി മനുഷ്യരേക്കാള്‍ കൂടുതല്‍ ആനന്ദിക്കുന്നത്‌ ഒരു പക്ഷെ മൃഗങ്ങളും പക്ഷികളുമായിരിക്കും. ഈ ലേഖകന്റെ മകള്‍ കുട്ടിയായിരുന്നപ്പോള്‍ ഒരു പക്ഷി പതിവായി വീടിന്റെ ജന്നല്‍ വാതില്‍ക്കല്‍ ഇക്കാലത്ത്‌ വരുമായിരുന്നു. കിളി പൊങ്ങിയും താണു പറന്നും ചിറകു വിടര്‍ത്തിയും വാലാട്ടിയും ചില അഭ്യാസങ്ങള്‍ കാട്ടി കുട്ടിയെ രസിപ്പിച്ചിരുന്നു. കുട്ടിയെ മുറിയില്‍ കാണാതാവുമ്പോള്‍ ജന്നല്‍ ചില്ലില്‍ കൊക്കുകൊണ്ട്‌ മുട്ടി ശബ്‌ദമുണ്ടാക്കി കുട്ടിയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. സന്തോഷത്തിന്റെ കുറച്ച്‌ നല്ല നിമിഷങ്ങള്‍ തരാന്‍ ഒരു കൊച്ചു കിളി വരെ ശ്രമിക്കുന്നു. പിന്നെ ഋുതുക്കള്‍ മാറി, കിളികള്‍ പറന്നു പോയി, കുട്ടി വലുതായി. കിളിയെ മറന്നുപോയി. ഈ വസന്തക്കാലത്ത്‌ വീടിന്റെ പുറക്‌ വശത്ത്‌ കലപില കൂട്ടുന്ന കിളികളെ ഈ ലേഖകന്‍ മുറിയുടെ ജന്നല്‍ വാതിലിലൂടെ നോക്കി നില്‍ക്കുമ്പോള്‍ ഏതൊ കിളി വന്ന്‌ ജന്നലില്‍ ഇരിക്കുന്നു. കുറച്ച്‌ നേരം അവിടെ തത്തി തത്തി നടന്ന്‌ എന്തോ തേടുന്ന പോലെ നോക്കുമ്പോള്‍ കുട്ടിയെ തേടി ജന്നല്‍ വാതില്‍ക്കല്‍ വന്നു മുട്ടാറുള്ള കിളിയെ ഓര്‍മ്മ വരുന്നു. വിഷു വരവായി എന്ന്‌ ഞാനും ചിന്തിക്കുന്നു.

മലയാളത്തിലെ കവികളും എഴുത്തുകാരും വിഷുവിനെക്കുറിച്ച്‌ വളരെ എഴുതീട്ടുണ്ട്‌. വിഷുക്കണി എന്ന കവിതയില്‍ വൈലോപ്പിള്ളി പാടുന്നുഃ കൂട്ടുകാരോടുംകൂടി പാഞ്ഞെത്തിപ്പെറുക്കുന്ന നാട്ടു മാമ്പഴങ്ങള്‍തന്‍ ഭിന്ന ഭിന്നമാം സ്വാദും, വയലിന്‍ കച്ചിപുക മണവും, സ്വര്‍ഗ്ഗത്തിലേക്കുയരും വെണ്മുത്തപ്പത്താടി തന്‍ ചാഞ്ചാട്ടവും... മഴയെപ്പുകഴ്‌ത്തട്ടേ മണ്‌ഡൂകം, മാവിന്‍ ചുന മണക്കും, മേടത്തിന്റെ മടിയില്‍ പിറന്ന ഞാന്‍, സ്വര്‍ഗ്ഗവാതിപ്പക്ഷിയോടൊപ്പമെ വാഴ്‌ത്തിപ്പാടുമുദ്‌ഗളം മലന്നാട്ട്‌ വേനലിന്നപദാനം .വാടാതെയുണ്ടെന്നുള്ളില്‍ പണ്ട്‌ കാലത്തിന്‍ നീണ്ട ചൂടേറും മാസങ്ങളില്‍ പൂവ്വിട്ടൊരുല്ലാസങ്ങള്‍. വള്ളത്തോളിന്റെ വിഷു സമ്മാനം എന്ന കവിതയില്‍ രണ്ട്‌ വിഷുവിനെപ്പറ്റി കവി പറയുന്നുണ്ട്‌. ഒന്ന്‌ ശരല്‍ക്കാലത്തെ വിഷു. (തുലാമാസം) അപ്പോള്‍ പച്ചപ്പട്ടുടുക്കുന്ന പ്രകൃതി, കൊറ്റികളുടെ ശബ്‌ദത്തിനൊപ്പം പ്രതിദ്ധ്വനിക്കുന്ന മാനം, പാലപൂക്കളുടേയും, മല്ലികപൂക്കളുടേയും സുഗന്ധം നിറഞ്ഞ തണുപ്പുള്ള കാറ്റ്‌. പക്ഷെ മലയാളി അപ്പോള്‍ വിഷു ആഘോഷിക്കുന്നില്ല പകരം അവര്‍ അത്‌ മേടമാസത്തില്‍ ആഘോഷിക്കുന്നു. അപ്പോഴാണത്രെ വെണ്മുകിലുകള്‍ അവയുടെ ജാതിയും വര്‍ണ്ണമഹിമയും മറന്ന്‌ കരിമേഘങ്ങളുമായി ഒത്ത്‌ ചേര്‍ന്ന്‌ ഭൂമിയുടെ വരള്‍ച്ച മാറ്റാന്‍ മഴയായി വീഴുന്നത്‌. മണ്ണിനുള്ള മേഘങ്ങളുടെ സങ്കീര്‍ത്തനാശ്രുകണങ്ങള്‍ എന്ന്‌ ഈ മഴയെ കവി വിശേഷിപ്പിക്കുന്നു. നക്ഷത്രങ്ങളിലേക്ക്‌ പറക്കാന്‍ വെമ്പുന്ന ആമ്പല്‍പൂക്കള്‍ വെള്ളത്തിനു മുകളില്‍ അതിന്റെ തണ്ടുയര്‍ത്തി പൂത്ത്‌ വിരിയുന്നത്‌ എപ്പോഴും ഉയര്‍ന്ന്‌ നില്‍ക്കാന്‍ ആഗ്രഹിക്കുന്ന മലയാളിയുടെ പ്രതീകമാണെന്നും കവി വിവരിക്കുന്നു, . വിഷുക്കാലത്തെ ഇടിമുഴക്കവും, മിന്നല്‍ പിണരുകളും കുട്ടികള്‍ പൊട്ടിക്കുന്ന പടക്കങ്ങള്‍ക്കും കത്തിച്ച്‌ വിടുന്ന വര്‍ണ്ണസ്‌ഫുലിംഗങ്ങള്‍ക്കും പകരമാണെന്നു കവി പറയുന്നു. വിഷു ദിനത്തില്‍ ആദ്യ കിരണങ്ങള്‍ പതിക്കുമുമ്പെ മലയാളികള്‍ കണികാണുന്ന വസ്‌തുക്കളില്‍ (ഗ്രന്ഥവും സ്വര്‍ണ്ണ പതക്കവും) വിദ്യയുടേയും ധനത്തിന്റേയും ദേവതമാരുടെ സാന്നിദ്ധ്യമുണ്ടെന്നും കവി കാണുന്നു. സൂര്യന്‍ ഒരേ കണ്ണു കൊണ്ട്‌ എല്ലാം കാണുന്ന പോലെ നമ്മള്‍ കണി കാണാന്‍ വച്ചിരിക്കുന്ന വിവിധ വസ്‌തുക്കളെ ഒരേ കണ്ണാല്‍ കാണുന്നു. അതെപോലെ കണി കാണാന്‍ നമ്മള്‍ തുറക്കുന്ന കണ്ണു അദൈ്വതം എന്ന ശ്വാശ്വത സത്യത്തിലേക്കാണെന്നും സമര്‍ഥിക്കുന്നു. പടക്കം പൊട്ടിച്ചും കണി കണ്ടും വിഷുക്കട്ട കഴിച്ചും ആഘോഷിക്കുമ്പോള്‍ ഈ വിശേഷദിനം മനുഷ്യര്‍ക്ക്‌ ചില പാഠങ്ങള്‍ നല്‍കുന്നു എന്നും ഓര്‍ക്കുക അമേരിക്കന്‍ മലയാളികവികള്‍ വിഷുവിനെ കുറിച്ച്‌ കവിതകള്‍ എഴുതുമ്പോള്‍ അതില്‍ ഗ്രഹാതുരത്വത്തിന്റെ ഒരു കണി കാണാന്‍ കഴിയും. ഇവിടത്തെ (നൂയോര്‍ക്ക്‌) പഴയകാല മലയാളകവികളായ ശ്രീമതി എല്‍സി യോഹന്നാന്‍ ശങ്കരത്തിലും, പീറ്റര്‍ നീണ്ടൂരും, ജോസ്‌ ചെരിപുറവും വിഷുവിനെ കുറിച്ച്‌ എഴുതിയ കവിതകള്‍ വായിച്ചതായി ഓര്‍ക്കുന്നു.. വിഷു ഒരു സദ്യയിലോ കലാപരിപാടികളിലോ മാത്രം ഒതുക്കാതെ സാഹിത്യ സംഘടനകള്‍ക്ക്‌ ഇവിടത്തെ പഴയതും പുതിയതുമായ കവികളെ ഉള്‍പ്പെടുത്തികൊണ്ട്‌ വിഷു പ്രമാണിച്ച്‌്‌ ഒരു കവിതോത്സവം ആഘോഷിക്കാവുന്നതാണ്‌.

പ്രവാസികളില്‍ ഗ്രഹാതുരത്വമുണര്‍ത്തുന്ന സിനിമാഗാനങ്ങള്‍ വരെയുണ്ട്‌. കളപ്പുര തളത്തില്‍ മേടപുലരിയില്‍ കണികണ്ടു കണ്ണു തുറന്നപ്പോള്‍ വിളക്ക്‌ കെടുത്തി നീ ആദ്യമായ്‌ നല്‍കിയ വിഷുകൈനീട്ടങ്ങള്‍ എന്ന ഗാനം അഞ്ചു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഇന്നും എല്ലാ സഹൃദയ മനസ്സുകളിലും അലയടിക്കുന്നു. വിശേഷ ദിവസങ്ങളുടെ വിശേഷം അന്ന്‌ രുചികരമായ ഭക്ഷണം ഉണ്ടെന്നുള്ളതാണ്‌. നമ്മുടെ നാടന്‍ വിഭവങ്ങളുടെ രുചിയുണര്‍ത്തുന്ന ഒപ്പം ഒരു പ്രണയ ത്തിന്റെ മധുരം നുണയിപ്പിക്കുന്ന ഒരു പാട്ട്‌ ഈ വിഷു ആഘോഷ വേളയില്‍ ഓര്‍മ്മ വരുന്നു. `ചെമ്പാവു പൂന്നെല്ലിന്‍ ചോറോ നിന്റെ മുത്താരം മിന്നുന്ന മുല്ലപ്പൂ ചിരിയോ .... തന തിന്ന താന തിന്ന താന തിന്ന തിന്തിന്നോം, തന തിന്ന താന തിന്ന താന തിന്ന തിന്തിന്നൊം. അതിന്റെ ശ്രുതിയില്‍, താളത്തില്‍ നമ്മള്‍ നാട്‌ വരെ പോയി വരുന്നു. തന തിന്ന താന തിന്ന....എന്ന്‌ മൂളിപോകുന്നു. പഞ്ചാര പാലട പ്രഥമന്‍ എന്ന്‌ പാടുമ്പോള്‍ വായില്‍ വെള്ളം നിറയുന്നു. അനുഭൂതികളുടെ നിമിഷങ്ങള്‍ ആസ്വദിക്കാന്‍ അക്ഷമ കാട്ടുന്ന മനസ്സില്‍ എന്തൊക്കെ ചിന്തകള്‍ നുരഞ്ഞ്‌ പൊന്തുന്നു.

സന്ധ്യ മയങ്ങുമ്പോള്‍ ചക്രവാക പക്ഷികളെപോലെ പ്രവാസികള്‍ മനസ്സിലെ നൊമ്പരം അടക്കി അവരുടെ ജന്മനാട്ടിലേക്ക്‌ അകക്കണ്ണുകൊണ്ട്‌ നോക്കി നില്‍ക്കുന്നു. അകലെയാണെങ്കിലും അത്‌ അരികില്‍ തന്നെ, അല്ലെങ്കില്‍ അരികില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന്‌ വെറുതെ മോഹിക്കുന്നു, ഗ്രഹാതുരത്വത്തിന്റെ ഇരുട്ട്‌ പതുക്കെ വ്യാപിക്കുന്നു. നാട്ടില്‍ നമ്മളെ ആരും ഓര്‍ക്കുന്നില്ല എന്ന്‌ പരശുരാമനെപോലെ ഒരു വിഷാദചിന്തയും അപ്പോള്‍ മനസ്സാകെ നിറയുന്നു.. മഴു എന്ന കവിതയില്‍ ബാലാമണിയമ്മ ഇങ്ങനെ എഴുതുന്നു,

നീലവാനിനു താഴെ പച്ചനാക്കില വെച്ച
പോലൊരു നാടുണ്ടെന്‍ കണ്ണെപ്പേഴുമോടും ദിക്കില്‍
എന്നിഛാക്രിയാജ്‌ഞാനശക്‌തികളൊരുക്കൂടി
വന്നതാണന്നാ, ടൊരു മുനിപുത്രന്‍ തന്‍ സ്വപ്‌നം
അവിടെപ്പുതുനെല്ലും പൂക്കളും മണം വീശു-
മവിടെ പ്രകൃതിയിന്നുത്സവമൊരുക്കുന്നു.
അവിടെക്കളിവില്ലിന്നൊച്ചയും പാട്ടും പൊങ്ങു-
മവിടെ ജ്‌ജനങ്ങളിന്നുത്സവം കൊണ്ടാടുന്നു.
എന്‍ നാടു ചമയുമ്പോളെന്‍ പൗരര്‍ മോദിക്കുമ്പോ-
ളെന്നെയോര്‍ക്കുന്നീലെന്‍ തോള്‍ ഞെരിച്ച മഴുവേയും

ഗൃഹാതുരത്വം മറക്കാന്‍ എല്ലാവരുമൊത്ത്‌ ഈ മറുനാട്ടില്‍ വിഷു ആഘോഷിക്കുക. എല്ലാവര്‍ക്കും ഐശ്വര്യപൂര്‍ണ്ണമായ വിഷു നേരുന്നു.

ഈ ലേഖനത്തില്‍ പറയുന്ന മലയാളഗാനങ്ങള്‍ കേള്‍ക്കാന്‍ താല്‍പ്പര്യമുള്ളവര്‍ താഴെ കാണുന്ന ലിങ്കില്‍ പോകുക.

http://www.youtube.com/watch?v=OaH_TcEk-aI
http://www.youtube.com/watch?v=jA2msVqcMbc


* ഇംഗ്ലീഷ്‌ തലക്കെട്ടിനു ഒരു ഇംഗ്ലീഷ്‌ ലേഖനത്തോട്‌ കടപ്പാട്‌

അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ (വിഷുക്കുറിപ്പ്‌: സുധീര്‍ പണിക്കവീട്ടില്‍)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക