ഭരണകക്ഷിയില്‍പ്പെട്ടവര്‍ പൊതുമുതല്‍ കട്ടുമുടിക്കുമ്പോള്‍ ഉണ്ടാകാറുള്ള പ്രതിപക്ഷ ബഹളങ്ങളില്‍ നിന്ന് തല്‍ക്കാലം രക്ഷപ്പെടാനുള്ള ഒരു ഉപാധിയാണ് ജെ.പി.സി. അഥവാ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി.
പാര്‍ലമെന്റില്‍ അംഗങ്ങളുള്ള മിക്ക രാഷ്ട്രീയ പാര്‍ട്ടികളുടേയും പ്രതിനിധികള്‍. ഈ സമിതിയില്‍ ഉണ്ടാകുമെങ്കിലും, ഭരണ പക്ഷത്തിനായിരിക്കും മുന്‍തൂക്കം. ചില പ്രത്യേക അധികാരങ്ങളും ജെ.പി.സി.ക്ക് പാര്‍ലമെന്റ് നല്‍കിയിട്ടുണ്ട്.
അങ്ങനെ കോണ്‍ഗ്രസും ഘടക കക്ഷികളും കൂടി 2ജി സ്‌പെക്ട്രം , പ്രൈവറ്റ് കമ്പനികള്‍ക്ക് വിറ്റ് കാശാക്കിയതില്‍ ശക്തമായ പ്രതിഷേധം രാജ്യത്തലയടിച്ചപ്പോള്‍, താല്ക്കാലികമായ രക്ഷപ്പെടല്‍ തന്ത്രമെന്ന നിലയില്‍, 2 ജി അഴിമിതിയിലെ വെറു വാലറ്റമായ മന്ത്രി എ.രാജയെ പിടിച്ചു ജയിലിട്ടു. പ്രശ്‌നം അവിടെകൊണ്ടും തീരാതെ വരികയും, രാജ വെറും വാലു മന്ത്രിയാണെന്നും, ഈ അഴിമിതിയിലെ തല യായ പ്രധാനമന്ത്രിയിലേക്കും, ധനമന്ത്രി ചിദംബരത്തിലേക്കും സംശയത്തിന്റെ ചൂണ്ടുവിരല്‍ നീളുകളും ചെയ്തപ്പോള്‍, കണ്ടു പിടിച്ച തന്ത്രമാണ് 2ജി അഴിമതി അന്വേഷിക്കാന്‍ ജെ.പി.സി. അഥവാ സംയുക്ത പാര്‍ലമെന്ററി കമ്മറ്റി. നമ്മുടെ നാട്ടുകാരന്‍ പി.സി. ചാക്കോയെ ജെ.പി.സി.യുടെ അദ്ധ്യക്ഷനുമാക്കി.
വന്നവരേയും പോയവരേയും എല്ലാം ചാക്കോ വിളിച്ചു വിസ്തരിച്ചു. പക്ഷേ കട്ടവരെ മാത്രം തെളിവെടുപ്പിനു വിളിച്ചു. എന്റെ കൈയില്‍ തെളിവുണ്ട്, എന്നെക്കൂടി വിസ്തരിക്കൂ എന്ന് എ.രാജ പറഞ്ഞത് പി.സി. ചാക്കോ കേട്ടതായിപ്പോലും ഭാവിച്ചില്ല. നേരത്തേ തന്നെ തീരുമാനത്തിലെത്തിയ ചാക്കോയ്ക്ക് പുതിയ തെളിവുകളുടെ ആവശ്യം എന്താ? ചാക്കോയ്ക്ക് തന്റെ രാഷ്ട്രീയ രക്ഷകര്‍ത്താക്കളെ സംരക്ഷിച്ചല്ലേ പറ്റൂ!!
പ്രധാനമന്ത്രിയേയും, ചിദംബരത്തേയും സംരക്ഷിക്കുവാന്‍, ചാക്കോ കാണിക്കുന്ന അമിതാവേശം, ജെ.പി.സി.യിലെ പ്രതിപക്ഷ കക്ഷികള്‍ക്ക് പിടിച്ചില്ല. അവര്‍ ഇപ്പോള്‍ ചാക്കോയുടെ തന്നെ രാജി ആവശ്യപ്പെട്ടിരിക്കയാണ്. 30 അംഗ ജെ.പി.സി. രൂപീകരിച്ചപ്പോള്‍ ഭൂരിപക്ഷം കോണ്‍ഗ്രസിന് അനുകൂലമായിരുന്നു. എന്നാല്‍ സി.എം.കെയും, തൃണമൂള്‍ കോണ്‍ഗ്രസും യു.പി. യെ വിട്ടതോടെ, ഇപ്പോള്‍ 15:15 എന്ന നിലയില്‍ നില്‍ക്കുയയാണ്. സാമാജ് വാദി എന്ന അവസരവാദി പാര്‍ട്ടിയെക്കൂടി വിലക്കു വാങ്ങിയിട്ടാണ് ഈ 15 എന്ന സംഖ്യപോലും കോണ്‍ഗ്രസിന് തികയ്ക്കാനായത്. ജെ.പി.സി. റിപ്പോര്‍ട്ട് കോണ്‍ഗ്രസിന് അനുകൂലമാക്കണമെങ്കില്‍ പി.സി.ചാക്കോ, അദ്ധ്യക്ഷനെന്ന നിലയില്‍ ഒരു കാസ്റ്റിംഗ് വോട്ടുക്കൂടി ചെയ്യേണ്ടിവരും.
എന്തു പ്രസക്തിയാണ് ഇതുപോലുള്ള അന്വേഷണ കമ്മറ്റികള്‍ക്കുള്ളത്? 2000 കോടി കട്ടു, അതിന്റെ കൂടെ ജെ.പി.സി. എന്ന പേരില്‍ കഴിഞ്ഞ 2 വര്‍ഷത്തിനുള്ളില്‍ കുറച്ച് കോടികള്‍ കൂടി മുടക്കി; പാവം ജനങ്ങളെ വെറും വിഡ്ഢികളാക്കി. ഇതിനു മുമ്പ് ഉണ്ടാക്കിയിട്ടുള്ള ജെ.പി.സി.കളുടെ അന്ത്യവും ഏതാണ്ട് ഇതുപോലെ തന്നെയായിരുന്നു. സമിതിയിലെ ഓരോ അംഗവും, സങ്കുചിതമായ രാഷ്ട്രീയത്തിനധീതമായി തീരുമാനങ്ങള്‍ എടുക്കും എന്നാണ് പാവം ജനം കരുതിപ്പോന്നിരുന്നത്. ഇത് കേവലം രാഷ്ട്രീയ യജമാന്മാരെ സംരക്ഷിക്കുന്ന സമിതിയായി ചുരുങ്ങുമ്പോള്‍ നഷ്ടപ്പെടുതന്നത് പാര്‍ലമെന്റ് ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസമാണ്.
ഒന്നാം യു.പി.എ സര്‍ക്കാരില്‍ നിന്നും കോണ്‍ഗ്രസ്, ഈ ഭരണകാലത്ത് ജനങ്ങളില്‍ നിന്നും ഏറെ അകന്നിരിക്കുന്നു. അഴിമതിയുടെ പിന്നാമ്പുറ കഥകള്‍, സര്‍ക്കാരിനേയും, അതിനു നേതൃത്വം കൊടുക്കുന്ന സോണിയാ ഗാന്ധിയുടെ കുടുംബത്തിലും എത്തിനില്‍ക്കുന്നു. രാജ്യരക്ഷയ്ക്ക് ഹെലികോപ്ടറുകള്‍ വാങ്ങിയ ഇനത്തില്‍ കമ്മീഷന്‍ കൈപറ്റിയവരില്‍, ഭരണത്തില്‍ സ്വാധീനമുള്ള ഒരു പ്രമുഖ കുടുംബവും ഉള്ളതായി വെളിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നു.
ഇപ്പോള്‍ കല്‍ക്കരിപ്പാടത്തിന്റെ കാര്യത്തില്‍ 2ജിയെ വെല്ലുന്ന തരത്തിലുള്ള അഴിമതിയാണ് നടന്നിട്ടുള്ളത്. ഇഷ്ടക്കാര്‍ക്കും, സ്വന്തക്കാര്‍ക്കും യഥേഷ്ടം കല്‍ക്കരിപാടങ്ങള്‍ കൊടുത്ത് കോണ്‍ഗ്രസ് സമ്പാദിച്ചത് 2000 കോടിയിലും അധികമാണത്രേ! ഈ കേസില്‍ സി.ബി.ഐ. ഡയറക്ടര്‍ കൊടുത്ത അന്വേഷണ റിപ്പോര്‍ട്ട്, നിയമന്ത്രി തിരുത്തിയാണഅ കോടതിയില്‍ കൊടുത്തിരിക്കുന്നതെന്ന്, സി.ബി.ഐ. ഡയറക്ടര്‍ തന്നെ നേരിട്ട് സുപ്രീംകോടതിയില്‍ മൊഴികൊടുത്തിരിക്കുന്നു. എങ്ങനെ ഈ സര്‍ക്കാരിന് ജനങ്ങളുടെ മുഖത്ത് നോക്കുവാന്‍ സാധിക്കുന്നു!!
സത്യസന്ധനായ പ്രധാനമന്ത്രിയാണ് ശ്രീ. മന്‍മോഹന്‍ സിംഗ് എന്ന് നമ്മള്‍ വിശ്വസിച്ചുപോരുന്നു. ഈ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിനെ നയിക്കുന്ന ഗാന്ധി കുടുംബം അഴിമതികള്‍ക്ക് അതീതമാണെന്ന് ബഹുഭൂരിപക്ഷവും വിശ്വസിക്കുന്നു. മന്ത്രിസഭയിലെ രണ്ടാമന്‍, എ.കെ. ആന്റണി അഴിമതിയുടെ കറ തൊട്ടു തീണ്ടിയിട്ടില്ലാത്ത വ്യക്തിത്വം!! പക്ഷേ വര്‍ദ്ധിച്ചു വരുന്ന കോടികളുടെ അഴിമതി കഥകള്‍ കേള്‍ക്കുമ്പോള്‍, നമ്മള്‍ ഇതുവരെ പൂജിച്ചത്, പെട്ടെന്ന് ഉടയുന്ന, കളിമണ്ണില്‍ തീര്‍ത്ത പ്രതിമകളാണെന്ന തിരിച്ചറിവില്‍ ഓരോ ഇന്‍ഡ്യക്കാരനിലും വേദയുളവാക്കുന്നതാണ്.
ഇനി കല്‍ക്കരിയുടെ കാര്യത്തില്‍ മറ്റൊരു ജെ.പി.സിക്കായി കാത്തിരിക്കാം!!!
അടുക്കുറുപ്പ്
ജെ.പി.സി.യെപ്പറ്റി പരാതിയുള്ളവര്‍ക്ക്, പാര്‍ലമെന്റ് എത്തിക്‌സ് കമ്മറ്റിയില്‍ പരാതി കൊടുക്കാമത്രേ! അതിന്റെ ചെയര്‍മാനും പി.സി. ചാക്കോ തന്നെ. വിധിവൈപരീത്യം അല്ലാതെന്തുപറയാന്‍. പടപേടിച്ച് പന്തളത്തു ചെന്നപ്പോള്‍ പന്തം കൊളുത്തി പട!!!