Image

വളയൊച്ചകള്‍ (പഴയ കാല കഥകള്‍: സുധീര്‍ പണിക്കവീട്ടില്‍)

Published on 28 April, 2013
വളയൊച്ചകള്‍ (പഴയ കാല കഥകള്‍: സുധീര്‍ പണിക്കവീട്ടില്‍)
കാലത്തിന്റെ കലണ്ടറുകള്‍ ശീഘ്രം മാറിക്കൊണ്ടിരുന്നു. ശ്രീ കല്യാണകൃഷ്‌ണയ്യരും ഭാര്യ സ്വര്‍ണ്ണാംബാളും നൂയോര്‍ക്കില്‍ താമസമാക്കിയിട്ട്‌ ഇപ്പോള്‍ ആറുമാസവും ഏഴു ദിവസവും ആയിരിക്കുന്നു. അവസാനത്തെ ഏഴുദിവസ്സങ്ങളിലായി സ്വാമി എന്നു ജനങ്ങള്‍ ബഹുമാനപൂര്‍വ്വം വിളിക്കുന്ന അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഒരത്ഭുതം സംഭവിച്ചുകൊണ്ടിരുന്നു.

രാവിന്റെ ഏകാന്തതയില്‍ രാസക്രീഡക്കൊരുങ്ങിയെത്തുന്ന ഒരു വശ്യസുന്ദരി. ലജ്‌ജകൊണ്ട്‌ അരുണാഭമാകുന്ന അവളുടെ സുന്ദരമായ മുഖം. കൊലുസ്സിട്ട പാദങ്ങള്‍ മെല്ലെ ചവുട്ടി സ്‌നേഹനിര്‍ഭരമായ മന്ദഹാസത്തിന്റെ പൈമ്പാല്‍ ചുരത്തുന്ന ചുണ്ടുകളുമായി രാത്രിതോറും അവള്‍ വരുന്നു. ഒരു വളകിലുക്കത്തോടെ വാതിലടക്കുന്നു. പ്രേമ പൂജക്ക്‌ രാഗലോലയായി എത്തുന്ന രാധയാണോ അവള്‍, താന്‍ രാധാകൃഷ്‌ണനാണോ എന്നൊക്കെ സ്വാമി സംശയിച്ചു.

ആയിരം അഭിലാഷങ്ങള്‍ തെളിയിക്കുന്ന കാര്‍ത്തിക വിളക്കുകളുമായി അവള്‍ വരുമ്പോള്‍ എന്നും കൂടെ ഉറങ്ങുന്ന സ്വര്‍ണ്ണാംബാള്‍ എവിടെ? സ്വാമിയെ ആശയക്കുഴപ്പത്തിലാക്കിയ സംഗതി അതായിരുന്നു.

പതിവായി സ്വാമിക്ക്‌ നേരമ്പോക്കും അമ്പരപ്പും സമ്മാനിച്ച ഏഴു രാത്രികള്‍ കടന്നുപോയി. എട്ടാം ദിവസം രാവിലെ സ്വാമി പ്രഭാതഭക്ഷണത്തിനിരുന്നു. സ്വര്‍ണ്ണാംബാള്‍ പതിവുപോലെ ചൂടുള്ള ദോശ ചുടുന്നതനുസരിച്ച്‌ സ്വാമിയുടെ പ്ലെയ്‌റ്റില്‍ ഇട്ടുകൊണ്ടിരുന്നു. ഒപ്പം അവരുടെ കൈത്തണ്ടയില്‍ നിറഞ്ഞ്‌ കിടന്നിരുന്ന സ്വര്‍ണ്ണവളകള്‍ കിലുങ്ങി. സ്വാമിയുടെ മനസ്സിലും കിലുക്കമുണ്ടായി.

ദോശ തിന്നുന്നതിനിടയില്‍ സ്വാമി ആലോചിച്ചു, ഒരു കഥാരൂപത്തില്‍ പറഞ്ഞാല്‍ സ്വര്‍ണ്ണാംബാളിനു കേള്‍ക്കാന്‍ താല്‍പ്പര്യം കാണുകയില്ലെങ്കിലും പ്രശ്‌നങ്ങളുടെ ഗൗരവം കണക്കിലെടുക്കുമ്പോള്‍ അതേതരമുള്ളു. ഏത്‌ കാര്യവും കലാരൂപത്തില്‍ പ്രകടിപ്പിക്കാന്‍ അവതരിപ്പിക്കാന്‍ സ്വാമിക്ക്‌ അനിതരസാധാരണമായ കഴിവുണ്ടായിരുന്നു. സ്വാമി മനസ്സില്‍ രൂപപ്പെടുത്തിയ പ്രമേയം ഇങ്ങനെ അവതരിപ്പിച്ചു.

`ഇത്രയും വളകള്‍ ഇടേണ്ട. വളയൂരിയ കൈത്തണ്ടയുടെ നഗ്നത കാണാന്‍ വെറുതെ ഒരു മോഹം, അത്‌ പറയുമ്പോള്‍ സ്വാമിക്ക്‌ ഒരു പരിഭ്രമവും ആ പരിഭ്രമത്തില്‍ പരന്ന ഒരു ശതമാനം ചിരിയുമുണ്ടായിരുന്നു.

സ്വാമിയുടെ ശൃംഗാരത്തില്‍ സ്വര്‍ണ്ണാംബാളിനു വലിയ ഭാവഭേദമൊന്നുമുണ്ടായില്ല. കാരണം സ്വാമിക്ക്‌ ഇതേമാതിരി കിറുക്ക്‌ പതിവാണെന്നവര്‍ക്കറിയാം.കാരണം സ്വാമി ഒരു കവിയും കഥാകാരനുമാണ്‌. അതൊക്കെ സ്വാമിക്ക്‌ ലേശം വട്ടുള്ളതുകൊണ്ടാണെന്നാണ്‌ അവരുടെ വിശ്വാസം.എന്നാലും സ്‌നേഹമയിയായ അവര്‍ സ്വാമിയുടെ താളത്തിനു തുള്ളാന്‍ എപ്പോഴും തയ്യാറുമാണ്‌. സ്വര്‍ണ്ണാംബാളിനു സംശയം ഒന്നും തോന്നുന്നില്ലെന്ന്‌ മനസ്സിലായപ്പോള്‍ സ്വാമി അവരെ വളയൂരാന്‍ നിര്‍ബന്ധിച്ചു. സ്വാമിക്ക്‌ നിര്‍ബന്ധമാണെന്നറിഞ്ഞപ്പോള്‍ അവര്‍ എതിരു പറഞ്ഞില്ല. അവര്‍ വള മുഴുവന്‍ ഊരി വച്ച്‌ ഉത്സാഹവതിയായി ചോദിച്ചു. `എപ്പടി'

ഉള്ളില്‍ കള്ളത്തരം ഒളിപ്പിച്ചു വച്ച്‌ സംസാരിച്ച സ്വാമിക്ക്‌ ഭാര്യയുടെ നിഷ്‌കളങ്കത കണ്ട്‌ കുറ്റബോധം തോന്നി. സ്വതവേ രഹസ്യങ്ങള്‍ എളുപ്പത്തില്‍ ചോരുന്ന ദുര്‍ബലമായ മനസ്സുള്ള സ്വാമി വികാരധീനനായി. സത്യം തുറന്ന്‌ പറയണമെന്ന്‌ മനസ്സാക്ഷി അദ്ദേഹത്തെ നിര്‍ബന്ധിച്ചു.

`സ്വര്‍ണ്ണാംബാള്‍.. അങ്ങനെ വിളിച്ചിട്ട്‌ സ്വാമി നിശ്ശബ്‌ദനായി. അന്നേവരെ സ്വാമിയുടെ മുഖത്ത്‌ നിഴലിക്കാത്ത ഒരു തരം പരിഭ്രമം കണ്ട്‌്‌ സ്വര്‍ണ്ണാംമ്പാള്‍ ഭയപ്പെട്ടു.

`എന്നാച്ച്‌, ശീഘ്രം ചൊല്ലുങ്കോ'..

ഒരു കൊച്ചുകുട്ടിയെപോലെ ഒറ്റയടിക്ക്‌ സ്വാമി പറഞ്ഞു,

ഞാന്‍ പതിവായി കത്രീനാമ്മയെ സ്വ്‌പനം കാണുന്നു. കഴിഞ്ഞ ഏഴു രാത്രികളിലായി.

സ്വര്‍ണ്ണാംമ്പാള്‍ അത്‌കേട്ട്‌ പൊട്ടിച്ചിരിച്ചു. അവര്‍ക്ക്‌ ചിരിയടക്കാന്‍ കഴിയാതെ വീണ്ടും വീണ്ടും ചിരിച്ചു,

സ്വാമിക്ക്‌ വൈക്ലബ്യം കൂടി. ശങ്കിച്ച്‌ ശങ്കിച്ച്‌ സ്വാമി പറഞ്ഞു, വെറും സ്വ്‌പനമല്ല സ്വര്‍ണ്ണാംബാള്‍. സ്വര്‍ണ്ണാംബാളിന്റെ ചിരി മാഞ്ഞ്‌പോയി.

അവര്‍ ആകാംക്ഷഭരിതയായി. സ്വാമിയുടെ അയല്‍പക്കത്ത്‌ താമസിക്കുന്ന ഒരു കുടുംബിനിയാണു കത്രീനാമ്മ. കത്രീനാമ്മയാണ്‌ അയല്‍പക്കത്ത്‌ താമസിക്കുന്നതെന്നാണ്‌ സ്വാമി പറയാറുള്ളത്‌. കാരണം കത്രീനാമ്മയുടെ ഭര്‍ത്താവ്‌ പണത്തിന്റെ കൂമ്പാരത്തില്‍ കയറിയിരുന്നിട്ട്‌ താഴേക്ക്‌ വരാറില്ലത്രെ.

താമസം മാറിയതിന്റെ പിറ്റെ ദിവസം കല്യാണ കൃഷ്‌ണയ്യര്‍ വീടിനു പുറത്തേക്ക്‌ വന്നപ്പോള്‍ വേലിക്കരികില്‍ നിന്ന്‌ കത്രീനാമ്മ കിളക്കുകയായിരുന്നു. പച്ചക്കറികള്‍ നട്ടു വളര്‍ത്തുകയും വളമിടുകയുമൊക്കെ ചെയ്യുകയാണ്‌. സൗന്ദര്യമുള്ളതൊക്കെ കാണുമ്പോള്‍ മിഴിച്ച്‌ നില്‍ക്കുന്ന കല്യാണകൃഷ്‌ണയ്യരുടെ നയനങ്ങള്‍ കത്രീനാമ്മയെ നോക്കി ഉടക്കി നിന്നു. അയാള്‍ വേലിക്കരികിലേക്ക്‌ ചെന്ന്‌ പറഞ്ഞു.

`ഞാന്‍ കല്യാണകൃഷ്‌ണയ്യര്‍, എന്നെ സ്വാമി എന്നു വിളിക്കാം. ഭാര്യ സ്വര്‍ണ്ണാംബാള്‍. വീടിനുള്ളിലേക്ക്‌ ചൂണ്ടിയിട്ട്‌, അകത്തുണ്ട്‌. ഞങ്ങള്‍ ഇന്നലെ ഇങ്ങോട്ട്‌ താമസം മാറ്റി.'

`പേരെന്താണ്‌'' സ്വാമി ചോദിച്ചു.

`കത്രീനാമ്മ'

ഒരു മൗനത്തിന്റെ മറ അവിടെ വീണുപോയി. അപ്പോള്‍ രണ്ടുപേരും പരസ്‌പരം നോക്കി നിന്നു, കൗതകത്തോടെ. സ്വാമിയുടെ ചന്ദനക്കുറിയും, പുതച്ചിരുന്ന മേല്‍മുണ്ടിന്റെ മറവിലൂടെ കാണുന്ന പൂണൂലും രോമാവൃതമായ മാറില്‍ മിന്നിയിരുന്ന പൊന്നുമാലയും കത്രീനാമ്മ ശ്രദ്ധിച്ചു.

കല്യാണകൃഷ്‌ണയ്യര്‍ വീടിനു പുറത്ത്‌ ഒരു ചാറ്റര്‍ ബോക്‌സാണ്‌. സ്വര്‍ണ്ണാംബാളിനാണെങ്കില്‍ അധികം സംസാരിക്കുന്നത്‌ ഇഷ്‌ടമല്ല. അത്‌കൊണ്ട്‌ പലപ്പോഴും അദ്ദേഹം മറ്റുള്ളവരെ ബോറടിപ്പിച്ചുപോന്നു. ഭവിഷ്യത്തുകളെക്കുറിച്ചാലോചിക്കാതെ യാതൊരു നിയന്ത്രണവുമില്ലാത്ത നിലക്കാത്ത സംസാരം. എവിടെ എന്തു പറയണമെന്നറിയാത്ത ഒരു ശുദ്ധാത്മാവ്‌.

പ്രഭാത രശ്‌മികളേറ്റ്‌ നില്‍ക്കുന്ന ഒരു വിടര്‍ന്ന പുഷ്‌പം പോലെ കത്രീനാമ്മയെ സ്വാമി നോക്കി കണ്ടു. പച്ചക്കറിത്തോട്ടത്തില്‍ അദ്ധ്വാനത്തിന്റെ വിയര്‍പ്പൊഴുക്കുന്ന ഗ്രാമ സുന്ദരി..

സ്വാമി പെട്ടെന്ന്‌ കയറി കത്രീനാമ്മയെ പ്രശംസിച്ചു.

നിങ്ങള്‍ സിനിമാതാരം ഷീലയെപ്പോലിരിക്കുന്നു.

മുപ്പതുകളുടെ ഒടുവില്‍ മൂന്ന്‌ പെറ്റിട്ട്‌ മുതുക്കിയായി എന്ന്‌ സ്വയം ധരിച്ചിരുന്ന കത്രീനാമ്മ അത്‌ കേട്ട്‌ ഒന്നു ഞെട്ടി. സൗന്ദര്യത്തിന്റെ നിഴലാട്ടം വിട്ടു മാറാത്ത അവരുടെ ശരീരം ഒന്നു വെട്ടിത്തിളങ്ങി. കോളേജില്‍ പഠിച്ചിരുപ്പാള്‍ പൂവ്വാലന്മാര്‍ പുറകെ നടന്ന്‌ പറയുന്നത്‌ കേട്ടതിനുശേഷം ഇതാ ഇപ്പോള്‍ വീണ്ടും കേട്ട സുഖമുള്ള വാചകത്തില്‍ അവര്‍ തരിച്ചു നിന്നു. സ്വാമിയുടെ വാചകങ്ങള്‍ ഓരോ പൂമാല പോലെ ഒന്നൊന്നായി കത്രിനാമ്മ കൈനീട്ടി വാങ്ങി. പൊന്‍ വെയില്‍ തട്ടി തിളങ്ങുന്ന കത്രീനാമ്മയുടെ മുഖത്ത്‌ മുഖക്കുരുക്കള്‍ സമൃദ്ധമായി വളരുന്നത്‌ സ്വാമി ശ്രദ്ധിച്ചു. സ്വാമി അലക്ഷ്യമായി പറഞ്ഞു. `കൊച്ചുതക്കാളിപ്പഴങ്ങള്‍ കവിളത്തും മുളക്കുന്നല്ലോ? അത്‌കേട്ട്‌ കത്രീനാമ്മ പൊട്ടിച്ചിരിച്ചു. ആ ചിരികേട്ട്‌ അവരുടെ അടുക്കളവാതിലിന്റെ പാതി തുറന്ന്‌ ഒരു രൂപം പ്രത്യക്ഷപ്പെട്ടു. കൂളിംഗ്‌ ഗ്ലാസ്സും അരക്കയ്യന്‍ ബനിയനും ഷോട്ട്‌സും ധരിച്ച നീണ്ട്‌ മെലിഞ്ഞ രൂപം. വാതില്‍ തുറന്ന ശബ്‌ദം കേട്ട്‌ കത്രീനാമ്മ തിരിഞ്ഞ്‌ നോക്കി.ഒരു ആംഗ്യത്തോടെ സ്വാമിയെ ചൂണ്ടിക്കാട്ടി അവര്‍ പറഞ്ഞു.`നമ്മുടെ നെയ്‌ബര്‍ സ്വാമി.പേര്‌..?

`കല്യാണ കൃഷ്‌ണയ്യര്‍'' സ്വാമി പൂരിപ്പിച്ചു.

നീണ്ട്‌ മെലിഞ്ഞ രൂപത്തെ കാണിച്ച്‌ കത്രീനാമ്മ്‌ പറഞ്ഞു. `എന്റെ ഹസ്‌ കറിയാച്ചന്‍'

ഒരാളെകൂടി സംസാരിക്കാന്‍ കൂട്ടിനുകിട്ടിയെന്ന സന്തോഷത്തോടെ സ്വാമി സാഗതപ്രസംഗം ആരംഭിച്ചു,

`സുപ്രഭാതം മി.കറിയാച്ചന്‍ , ഇറങ്കി വാങ്കോ.. നൈസ്‌ ടു മീറ്റ്‌ യു..'

കറിയാച്ചന്‍ ഇറങ്ങി വന്നില്ല. അയാള്‍ അയാളുടെ നരച്ച മീശക്ക്‌ താഴെ ഒരു നരച്ച ചിരി പാസ്സാക്കിയിട്ട്‌ കത്രീനാമ്മയോട്‌ പറഞ്ഞു. എടീ കടയില്‍ പോയിട്ടു വാ...

ഒരു കുഞ്ഞിന്റെ മുഖത്ത്‌ ഭീതി നിഴലിക്കുന്നത്‌പോലെ കത്രീനാമ്മയുടെ മുഖത്തും ഭീതി പരക്കുന്നത്‌ സ്വാമി കണ്ടു. എളുപ്പമാവട്ടെ എന്ന്‌ ക്രൂരമായി പറഞ്ഞ്‌കൊണ്ട്‌ സ്വാമിയെ ശ്രദ്ധിക്കാതെ അയാള്‍ വീട്ടിനുള്ളിലേക്ക്‌ കയറിപ്പോയി. സ്വാമിയോട്‌ വിടവാങ്ങി കത്രീനാമ്മയും വീടിനുള്ളിലേക്ക്‌ നടന്നു. കത്രീനാമ്മ നടന്നു നീങ്ങുന്നത്‌ സ്വാമി സുസൂക്ഷ്‌മം വീക്ഷിച്ചു.

അഞ്ചര അടി ഉയരം. ചുരുണ്ട കാര്‍കൂന്തല്‍. ഗോതമ്പിന്റെ നിറം. അല്‍പ്പം ഇറുകിയ നൈറ്റി ഉടയാത്ത താരുണ്യത്തിന്റെ ലക്ഷണങ്ങള്‍ പ്രതിബിംബിപ്പിക്കുന്നു. മുട്ടോളമെത്തുന്ന നീണ്ട കൈകള്‍ . ഒരു കൈ നിറയെ സ്വര്‍ണ്ണവളകള്‍. വീടിനുള്ളിലേക്ക്‌ കയറുമ്പോള്‍ കത്രീനാമ്മ ഒന്ന്‌ തിരിഞ്ഞ്‌ നോക്കി. ഏതോ നിര്‍വ്രുതി സമ്മാനിച്ച ഒരു സംതൃപ്‌തി അപ്പോള്‍ ആ മുഖത്ത്‌ തിളങ്ങി. ആശ്വാസത്തിന്റെ സുഖശീതളമായ ഛായയില്‍ അവരുടെ കുറുനിരകള്‍ കുണുങ്ങി നിന്നു.

സ്വാമി ഒരു മൂളിപ്പാട്ടും പാടി വീടിനുള്ളിലേക്ക്‌ കയറിചെല്ലുമ്പോള്‍ സ്വര്‍ണ്ണാംബാള്‍ പരിപ്പുവട ഉണ്ടാക്കുകയായിരുന്നു. ചൂടുള്ള പരിപ്പുവട ഊതി തിന്ന്‌ എണ്ണ പുരണ്ട കൈ സ്വര്‍ണ്ണാംബാളിന്റെ ചേലാഗ്രത്തില്‍ തുടച്ച്‌ അവിടെ തന്നെ ശങ്കിച്ചു നിന്നു. വീണ്ടും ചൂടുള്ള പരിപ്പ്‌ വട കയ്യിലെടുത്ത്‌ അവിടെ തന്നെയിട്ട്‌ കൈ ഊതി തണുപ്പിച്ചു,

സൂടാറിട്ട്‌ ശാപ്പിടാം-ല?എതുക്ക്‌ കൈ സുട്ടുകീറിയിങ്കേ?

അതുകേള്‍ക്കാത്ത മട്ടില്‍ കൈവിരല്‍ഞ്ഞൊടിച്ച്‌്‌ ഓരോ രാഗങ്ങള്‍മൂളി മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു. എന്നിട്ട്‌ ആരോടെന്നില്ലാതെ പറഞ്ഞു.

`അവള്‍ മികവും അഴകാന പെണ്ണ്‌.

`യാരു്‌'

`നമ്മുടെ നെയ്‌ബര്‍ മലയാളികളാണ്‌. ഏതോ ക്രിസ്‌ത്യന്‍ ഫാമിലി. മൂന്നു കുഴന്തൈകള്‍, എല്ലാം ടീനേജ്‌. ആ സ്‌ത്രീ വളരെ ബ്യൂട്ടിഫുള്‍. പക്ഷെ കണവന്‍ മുശ്ശടന്‍. ഷേയ്‌ക്‌സ്‌ഫിയര്‍ നാടകത്തിലെ ക്യാരക്‌ടര്‍ മാതിരി. `ലീന്‍ ഏന്റ്‌ ഹങ്കറി ലൂക്കിംഗ്‌' എന്നാലും അവന്‍ ലക്കി ഗൈ..

അതിനുശേഷം കത്രീനാമ്മ സ്വാമി കുടുംബത്തെ അനവധി തവണ സന്ദര്‍ശിച്ചു. സ്വാമിയോട്‌ സംസാരിച്ചില്ലെങ്കില്‍ എന്തോ മറന്ന മാതിരി എന്ന്‌ അഭിപ്രായപ്പെട്ടു.

`അവള്‍ അഴകാന പെണ്ണുതാന്‍' എന്ന്‌ സ്വര്‍ണ്ണാംബാളും സമ്മതിച്ചതാണ്‌.. ആ കത്രീനാമ്മയെയാണു സ്വാമി സ്വപ്‌നം കാണുന്നത്‌. സാധാരണ സ്വപ്‌നമല്ലത്രെ. സ്വര്‍ണ്ണാംബാള്‍ ഉത്‌കണ്‌ഠയോടെ ചോദിച്ചപ്പോള്‍ സ്വാമി വിവരിച്ചു.

`ഞാന്‍ മെത്തയില്‍ചാഞ്ച്‌ പടുക്കകൊണ്ടിരിക്ക്രേന്‍. പതിനെട്ടര മുഴം കാഞ്ചിപുരം ചേല ചുറ്റി, മുടിയില്‍ മല്ലികൈ പൂ ചൂടി കൈ നിറയെ വളകളും കഴുത്തില്‍ നിറയെ സ്വര്‍ണ്ണമാലകളും അണിഞ്ഞ്‌ ഒരു കള്ള നാണത്തോടെ കത്രീനാമ്മ മുറിയില്‍ കടന്നു വരുന്നു. വാതിലടച്ച്‌ തഴുതിടാന്‍ അവള്‍ കൈകള്‍ ഉയര്‍ത്തുമ്പോള്‍ വളകള്‍ കിലുങ്ങുന്നു. ആ ശബ്‌ദം കേട്ട്‌ ഞാന്‍ ഉണരുന്നു. എന്നെ ഉണര്‍ത്തുന്നത്‌ നിന്റെ വളകളുടെ കിലുക്കമോ അതോ സ്വപ്‌നത്തില്‍ വരുന്ന കത്രീനാമ്മയുടെ വളകളുടെ കിലുക്കമോ എന്നറിയാനാണു നിന്നോട്‌ വളയൂരാന്‍ പറഞ്ഞത്‌.

സ്വര്‍ണ്ണാംബാളിന്റെ മുഖത്ത്‌ വിഷാദം പടര്‍ന്നു. അവള്‍ നിശ്ശബ്‌ദയായി താടിക്ക്‌ കൈ കൊടുത്ത്‌ ആത്മ്‌ഗതം ചെയ്‌തു.സ്വപ്‌നത്തിലാണെങ്കിലും എന്തിനാണ്‌ കത്രീനാമ്മ പതിനെട്ടര മുഴം ചേലചുറ്റിയത്‌? എന്തിനാണ്‌ അവള്‍ക്ക്‌ നാണം വന്നത്‌. ഒരു പക്ഷെ സ്വാമിയുടെ വാരിയെല്ലുകൊണ്ടാണോ ദൈവം അവളെ സൃഷ്‌ടിച്ചത്‌? സ്വര്‍ണ്ണാംമ്പാള്‍ നിശ്ശബ്‌ദയായിരുന്നപ്പോള്‍ സ്വാമിക്ക്‌ വെപ്രാളമായി. സ്വാമി പറഞ്ഞു കത്രീനാമ്മ വളരെ നൈസ്‌ സ്‌ത്രീ. അവര്‍ എഡുക്കേറ്റഡും ആണ്‌. ഈ വിവരം അവരോട്‌ പറഞ്ഞ്‌ നമുക്കൊക്കെ ചിരിക്കാം. ഒരു പക്ഷെ എന്തെങ്കിലും ദോഷം കൊണ്ടാണ്‌ ഈ സ്വ്‌പ്‌ന ദര്‍ശമെങ്കില്‍ അത്‌ തീരുകയും ചെയ്യും.

സ്വര്‍ണ്ണാംബാള്‍ ആദ്യം വിസ്സമ്മതിച്ചെങ്കിലും പിന്നെ സമ്മതം മൂളി. സ്വാമി വേലിക്കരികിലേക്ക്‌ അയലത്തെ സുന്ദരിയെ തേടിചെന്നു. കത്രീനാമ്മ ദിവസത്തില്‍ ഒരു നേരമെങ്കിലും പച്ചക്കറി തോട്ടത്തില്‍ പണിയെുടുക്കുക പതിവായിരുന്നു. ചന്ദനത്തിന്റേയും കര്‍പ്പൂരത്തിന്റേയും സുഗന്ധം പരത്തികൊണ്ട്‌ സ്വാമി അടുത്ത്‌ വന്നപ്പോള്‍ എന്തോ കത്രീനാമ്മക്ക്‌ നാണം വന്നു. സ്വാമി മനസ്സില്‍ ആലോചിച്ചു.സ്വ്‌പനത്തില്‍ കണ്ട അതേഭാവം.

എന്തുണ്ട്‌ സ്വാമി വിശേഷങ്ങള്‍? കത്രീനാമ്മ ചോദിച്ചു.സ്വാമി നാലുപാടും നോക്കി. വാസന അടക്ക നല്ലപോലെ ചവച്ചുകൊണ്ട്‌ താന്‍ കണ്ട സ്വപ്‌നത്തെക്കുറിച്ച്‌ വിശദീകരിച്ചു. അത്‌കേട്ട്‌ മല്ലീശ്വരന്റെ അമ്പ്‌കൊണ്ട പോലെ കത്രീനാമ്മ നിന്നു, ഒരു പതിനേഴ്‌കാരിയെപ്പോലെ അവര്‍ നിലത്ത്‌ കളം വരച്ചു. ഏറ്റുമാനൂരമ്പലത്തില്‍ എഴുന്നള്ളത്ത്‌ മുന്നില്‍ കാത്ത്‌ നിന്ന പൂവ്വമ്പന്റെ പള്ളിനായാട്ട്‌....ചുറ്റും കിളികള്‍ ചിലച്ചു, അല്ല പാടി..പൂക്കള്‍ അവരുടെ വാസന കാറ്റിനു കൈമാറി. സൂര്യന്‍ ഒന്ന്‌ കണ്ണു ചിമ്മി. ഇവിടെ ഒരു പെണ്ണിന്റെ മനസ്സില്‍ ലഡു പൊട്ടുന്നു.

കത്രീനാമ്മ എന്തു ചിന്തിക്കുന്നു എന്ന്‌ ചിന്തിക്കാതെ അതൊന്നും മനസ്സിലാക്കാതെ സ്വാമി വാസന അടക്ക ചവച്ചു കൊണ്ടിരുന്നു. എന്തോ ഓര്‍ത്തിട്ടെന്നപോലെ ? സ്വാമി ചോദിച്ചു. ജീവിതം തന്നെ ഒരു മായയാകുമ്പോള്‍ സ്വപനങ്ങളും വിചിത്രങ്ങളാകുന്നു. കത്രീനാമ്മക്ക്‌ അത്ഭുതം തോന്നുന്നില്ലേ

പക്ഷെ കത്രീനാമ്മ എന്ന്‌ സ്‌ത്രീയിലെ വികാരത്തിനു ചൂട്‌ പിടിക്കയായിരുന്നു. മക്കളെ പ്രസവിക്കാനും, ഡോളറുണ്ടാക്കാനും അടുക്കളപ്പണിക്കും വേണ്ടി തന്നെ ഉപയോഗിക്കുന്ന ഭര്‍ത്താവിന്റെ പരുപരുക്കന്‍ സമീപനത്തില്‍ കെട്ടുപോയ, ആറിത്തണുത്ത അവരുടെ താരുണ്യം, അതിന്റെ ലഹരി, സ്വാമിയുടെ നിഷ്‌ക്കളങ്കമായ ആകര്‍ഷണീയമായ പുരുഷത്വത്തിന്റെ ഊഷമാവില്‍ വീണ്ടും ആളിപടരാന്‍ തുടങ്ങി. ഒരു ദുര്‍ബ്ബല നിമിഷം അവിടെ ഉരുണ്ട്‌ കൂടി. സ്‌ത്രീയുടെ ചാരിത്ര്യശുദ്ധിക്ക്‌ ഉത്തരവാദി പുരുഷനാണ്‌ അല്ലാതെ സ്‌ത്രീയല്ല. അവള്‍ അത്‌ കാത്ത്‌ സൂക്ഷിക്കുന്നത്‌ പുരുഷന്‍ അവളെ അയാളുടെ സ്വന്തമായി കാണുമ്പോഴാണ്‌. ഇവിടെ കത്രീനാമ്മ അവരുടെ ഭര്‍ത്താവിന്റെ ഒരു ഉപകരണം മാത്രമാണ്‌്‌. ഒരു ഉപകരണം അതിനു പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്‌ജം അതിനിഷ്‌ടമുള്ളേടത്ത്‌ നിന്ന്‌ സംഭരിക്കുന്നതില്‍ എന്തു തെറ്റെന്ന്‌ കത്രീനാമ്മ ആലോചിച്ചു. വിലക്കപ്പെട്ട കനി തിന്നാന്‍ കൊതിച്ച ഹവ്വയെപ്പോലെ കത്രീനാമ്മ സ്വന്തം വീട്ടിലേക്ക്‌ ഒന്ന്‌ ഒളിഞ്ഞ്‌ നോക്കി ഒട്ടും ലജ്ജയില്ലാതെ എന്നാല്‍ ഒത്തിരി ഒത്തിരി മോഹത്തോടെ പറഞ്ഞു..

`സ്വാമിക്കു അങ്ങനെ കാണാന്‍ ആശയാണെങ്കില്‍ എനിക്കങ്ങനെ വരാന്‍ സമ്മതമാണ്‌.'

ഓര്‍ക്കാപ്പുറത്ത്‌ കേട്ട കത്രീനാമ്മയുടെ മറുപടി സ്വാമിയെ പരിഭ്രമിപ്പിച്ചു. അദേഹം തിരിഞ്ഞ്‌ നോക്കിയപ്പോള്‍ കറപ്പിച്ചെഴുതിയ മിഴികളുമായി സ്വര്‍ണ്ണാംബാള്‍ ജനലിലൂടെ തറപ്പിച്ചു നോക്കുന്നു.

മറുപടി ഒന്നും പറയാനാവാതെ സ്വാമി വീട്ടിനുള്ളിലേക്ക്‌ കയറിപോകുന്നത്‌ കത്രീനാമ്മ നോക്കി നിന്നു. കോഴിക്കോടന്‍ അലുവ നുണയുന്ന പോലെ, ചുണ്ടില്‍ നിറയെ സ്വാമിക്കു വേണ്ടി കരുതിയ ചുംബനങ്ങള്‍ ഒലിപ്പിച്ചുകൊണ്ട്‌..പരിസരം അത്‌ കണ്ട്‌ തരിച്ചുനിന്നു. ഭൂമിയിലെ മനുഷ്യന്റെ ജീവിതം എത്ര വിചിത്രമെന്ന്‌ അന്നേരം നടക്കാനിറങ്ങിയ ദൈവം ആലോചിച്ചു കാണും.

ശുഭം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക