പീഢനം എന്ന വാക്ക് ഇപ്പോള്‍ കൊട്ടിഘോഷക്കപ്പെടുകയാണ്. അച്ചടി, ദൃശ്യ,
ശ്രവ്യ മാദ്ധ്യമങ്ങള്‍ എല്ലാം തന്നെ ഈ വാക്കിന്റെ പിന്നാലെ പരക്കം പായുന്ന
കാഴ്ചയാണു ഇന്നു നാം കാണുന്നത്. കുറച്ചു കാലമായി കേള്‍ക്കുന്ന മറ്റൊരു
വാക്കുണ്ട് “പ്രകൃതിവിരുദ്ധപീഢനം” ഇതു കേട്ടാല്‍ തോന്നും പ്രകൃതി
അനുവദിച്ചു കൊടുത്തിരിക്കുന്ന പീഢനങ്ങളുമുണ്ടെന്ന്.
കേരളത്തില്‍ ഇന്നു നടക്കുന്നത് രാഷ്ട്രീയക്കാരുടെയും മതനേതാക്കളുടെയും
മാദ്ധ്യമങ്ങളുടെയും പീഢനമാണ്. ഈക്കൂട്ടര്‍ പലതരത്തില്‍ ജനങ്ങളെ
ഭീക്ഷണിപ്പെടുത്തി അവരുടെ സ്ഥാപിത താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും
സ്ഥാനമാനങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യുന്നു. ഇവര്‍ ഹര്‍ത്താലും ബന്ദും
നടത്തിയും ഗുണ്ടായിസത്തിലൂടെയും വഴിനീളെ ജപമാല റാലികള്‍ സംഘടിപ്പിച്ചും
സാധാരണക്കാരെ പീഢിപ്പിക്കുന്നു. ഇതൊന്നും ഒരു പീഢനമായി ഒരു മാധ്യമവും
റിപ്പോര്‍ട്ടു ചെയ്യുന്നില്ല.
വിലക്കയറ്റത്തിനെതിരായി സര്‍വ്വ രാഷ്ട്രീയ കക്ഷികളും ചേര്‍ന്ന്
തുടര്‍ച്ചയായി രണ്ടുദിവസം അഖിലേന്ത്യാ ഹര്‍ത്താല്‍ നടത്തിയതു ഈ അടുത്ത
കാലത്തു നാം കണ്ടു. കേരളത്തിനു വെളിയിലുള്ള എല്ലാ നഗരങ്ങളിലും ജനജീവിതം
തടസമെന്യേ തുടര്‍ന്നു. ഇതിനെ നേരിടാനുള്ള ധൈര്യമില്ലാത്തതുകൊണ്ട് മലയാളി
കതകടച്ചിട്ട് വീട്ടില്‍ കുത്തിയിരുന്നു. ഏതു സാധനത്തിന്റെ വിലയാണ് ഈ
ഹര്‍ത്താല്‍ വഴി നിയന്ത്രണത്തിലായത്? ജപമാല റാലിക്കാര്‍ പോലും അന്നു
വഴിയില്‍ തുടങ്ങിയില്ല.
സത്യത്തില്‍ ഇതാണു പീഢനം. ഇതിനെതിരെ ചുണ്ടനക്കാന്‍ ധൈര്യമില്ലാത്തതുകൊണ്ട്
ലൈംഗിക പീഢനങ്ങളുടെ പേരുപറഞ്ഞ് പൊതുജനങ്ങളുടെ കണ്ണില്‍ പൊടിയിടലാണ്
മാദ്ധ്യമങ്ങള് ചെയ്യുന്നത്.
വെറും പച്ചവെള്ളത്തിനുപേലും ചക്രശ്വാസം വലിക്കുന്ന വിശ്വാസികളുടെ
നെഞ്ചത്താണ് എട്ടും പത്തും ലക്ഷങ്ങളുടെ വെടിക്കെട്ടും
ആനയെഴുന്നള്ളത്തുമെല്ലാം. ടൂറിസമെന്ന പേരില്‍ സര്‍ക്കാര്‍
പ്രോത്സാഹിപ്പിക്കുന്നതു വേശ്യാവൃത്തിയല്ലാതെ മറ്റൊന്നുമല്ല. മൂന്നോ നാലോ
ലക്ഷം രൂപ ബാങ്കില്‍ നിന്നും കടമെടുത്തു പഠിക്കാനെന്നും പറഞ്ഞ് ബാംഗ്ലൂരും
മംഗലാപുരത്തുമൊക്കെ പോകുന്ന കുട്ടികളില്‍ നല്ലൊരു ശതമാനം. എളുപ്പത്തില്‍
പണമുണ്ടാക്കാവുന്ന പണിപഠിച്ച് ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കു
തിരിച്ചെത്തുകയും കംപ്യൂട്ടര്‍ വഴി ബുക്കു ചെയ്യാവുന്ന മസാജ് പാര്‍ലറുകള്‍
തുടങ്ങുകയുമാണ് ചെയ്യുന്നത്. കുമരകത്തും ആലപ്പുഴയിലും മൂന്നാറിലും
വയനാട്ടിലുമൊക്കെ ഈ കുടില്‍ വ്യവസായം വന്‍കിട വ്യവസായി മാറാന്‍
സാധ്യതയുണ്ട്. ഇതു വഴി കുറച്ചാളുകള്‍ കുറച്ചുസമയത്തിനുള്ളില്‍ വലിയ
പണക്കാരായി മാറും. ഇതു നാടിന്റെ പുരോഗതിയായി കൊട്ടിഘോഷിക്കാന്‍
രാഷ്ട്രീയക്കാരുമുണ്ട്.
കോഴിക്കോട്ടുനിന്നും ട്രെയിനില്‍ കയറി പത്തുമണിക്കൂര്‍ യാത്രചെയ്തു
തിരുവനന്തപുരത്തു വന്നു ടാക്‌സി പിടിച്ച് പഞ്ചനക്ഷത്രഹോട്ടലുകളിലെത്തി,
കിടന്നു കൊടുത്തിട്ട് "എന്നെ പീഢിപ്പിച്ചേ". എന്നു നിലവിളിക്കുമ്പോള്‍ അതു
റിപ്പോര്‍ട്ടു ചെയ്യുന്നവനാണ് ജനങ്ങളെ പീഢിപ്പിക്കുന്നത്. ഒരു
മന്ത്രിയുടെയും കുടുംബത്തിന്റെയും അടിവസ്ത്രങ്ങള്‍ പൊതുജനത്തിന്റെ
മുഖത്തിട്ടലക്കി വെളിപ്പിച്ചു ഈ അടുത്തുകാലത്ത് സര്‍വ്വ മാധ്യമങ്ങളും
ചേര്‍ന്ന്.
സ്ത്രീകളുടെ നേര്‍ക്കുണ്ടാകുന്ന അതിക്രമങ്ങള്‍ കുറയ്ക്കാന്‍ അവര്‍ തന്നെ
കണ്ണും കാതും തുറന്ന് ഇരിക്കുകയും തക്കസമയത്തു വേണ്ടതുപോലെ
പ്രതികരിക്കുകയുമാണ് വേണ്ടത്. മനുഷ്യനുള്ള കാലത്തോളം മാനുകള്‍
വേട്ടയാടപ്പെടും. പൂവന്‍ കോഴി പിടയെ ഓടിച്ചു പിടിക്കും.
കുമ്പസാരക്കൂട്ടിലിരുന്നു പെണ്‍കുട്ടിയുടെ മുടിയുടെ മണം ആര്‍ത്തിയോടെ
വലിച്ചുകയറ്റുന്ന പാതിരികളും ബസ്സിലും സിനിമാ തിയേറ്ററിലും അംഗുലീ
ലീലകളിലേര്‍പ്പെടുന്ന വിരുതന്മാര്‍ക്കും നിന്നും കൊടുത്തിട്ട്,
സെല്‍ഫോണില്‍ ചിത്രമെടുക്കുന്ന തോന്യവാസിക്കു നേര്‍ക്കു
പല്ലിളിച്ചുകാട്ടിയിട്ട് കൂളിംഗ് ഗ്ലാസ്സ് വെച്ച് മോട്ടര്‍ സൈക്കിളില്‍
വന്ന അപരിചിതന്റെ പിന്നില്‍ കയറിയിട്ട് പീഢനത്തിന്റെ പേരു
പറഞ്ഞിട്ടെന്തുകാര്യം?
പണ്ടൊക്കെ ഒരു ക്ലാസ്സില്‍ പഠിക്കുന്ന എല്ലാ കുട്ടികളുടെയും പേരും
വീട്ടുപേരും അച്ഛനമ്മമാരെയും അിറയാവുന്ന അദ്ധ്യാപകരായിരുന്നു
നമുക്കുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന
കുട്ടി മുതല്‍ സ്വന്തം പേരെഴുതിയ കാര്‍ഡ് കെട്ടിത്തൂക്കിയാണു
സ്‌ക്കൂളിലേക്കു പോകുന്നത്. ഏതു ക്രിമിനലിനും കുട്ടിയെ
പേരുചൊല്ലിവിളിക്കാം. വൈകാതെ ഈ കാര്‍ഡുകള്‍ വീട്ടിലും വേണ്ടിവരും. മക്കളെ
തിരിച്ചറിയാത്ത അച്ഛനമ്മമാരുടെയും മാതാപിതാക്കള്‍ ആരെന്നറിയാത്ത
മക്കളുടെയും കാലം വരുന്നു.
റോഡ് നിറയെ ഇന്നു ഫ്‌ളക്‌സ് ബോര്‍ഡുകളാണ്. രാഷ്ട്രീയക്കാരുടെയും
മതനേതാക്കളുടെയും മോടിപിടിപ്പിച്ച ചിത്രങ്ങള്‍ നിരത്തി അവരുടെ പ്രതിഛായ
വലുതാക്കി കാണിക്കുന്നു. പുതിയ റോഡുവെട്ടാന്‍ പണമനുവദിച്ച മന്ത്രിക്കും,
തിരുമേനിക്കും സിനിമാക്കാരനും കളിക്കാരനും അഭിവാദ്യമര്‍പ്പിക്കുന്ന
പലകപ്പരസ്യങ്ങള്‍.
അമ്മ ഇന്നു ഉപ്പുമാവും മുട്ടയും ഉണ്ടാക്കിത്തന്നതിന് അമ്മയ്ക്കും അഭിവാദ്യം
എന്ന് അടുക്കളയില്‍ ഫ്‌ളക്‌സ് ബോര്‍ഡ് വരുന്നതിനു മുമ്പ് ഈ ലോകം
വെടിയാനുള്ള ഭാഗ്യമുണ്ടാകണേ എന്ന് പ്രാര്‍ത്ഥിക്കുന്നു.
നന്ദി, വീണ്ടും കാണാം
സി.എം.സി.