Image

എന്തൊരു ഗതികേട്‌! (കൃഷ്‌ണ)

Published on 04 May, 2013
എന്തൊരു ഗതികേട്‌! (കൃഷ്‌ണ)
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എനിക്ക്‌ സഹതാപം തോന്നുന്ന ചില നേതാക്കന്മാരുണ്ട്‌. കോണ്‍ഗ്രസ്സിലെ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്‌) മുതിര്‍ന്ന നേതാക്കന്മാര്‍. ആരുടെയും പേരെടുത്തു പറയുന്നില്ല. കാരണം അവരെ ജനങ്ങള്‍ക്ക്‌ അറിയാം എന്നതുതന്നെ. സേവനപാരമ്പര്യവും ഭരണപരിചയവും ഉള്ളവരാണവരെല്ലാം. അഴിമതിക്കാരുടെ ലിസ്റ്റില്‍ അവരുടെ പേരും കാണില്ല. ഇത്തരം ആളുകള്‍ അനേകംപേര്‍ കാണും.

ഇതുവായിക്കുന്ന പലരും ചിന്തിച്ചേക്കാം. എന്തിനാണ്‌ അവരോടു സഹതാപിക്കുന്നത്‌? അവരെല്ലാവരും ഉയര്‍ന്ന നിലയിലുള്ളവരല്ലേ?

അവിടെയാണ്‌ പ്രശ്‌നത്തിന്റെ കിടപ്പ്‌.

ഈ ആളുകളെല്ലാം തങ്ങളെപ്പോലെ പ്രവര്‍ത്തനപരിചയമോ എന്തെങ്കിലും പ്രത്യേക കഴിവോ ഇല്ലാത്ത ഒരു അമ്മയുടെയും മകന്റേയും പാദസേവ ചെയ്യുന്നു. അമ്മക്ക്‌ പാര്‍ട്ടിയില്‍ ആദ്യത്തെ സ്ഥാനം. പാര്‍ട്ടി പ്രസിഡണ്ട്‌. ഭരിക്കുന്നവരുടെ ചെയര്‍പേര്‍സന്‍. മകനു തല്‍ക്കാലം പാര്‍ട്ടി വൈസ്‌പ്രസിഡണ്ട്‌ സ്ഥാനം. പ്രധാനമന്ത്രിസ്ഥാനം ഇപ്പോഴേ ഉഴിഞ്ഞുവച്ചിരിക്കുന്നു! രണ്ടുപേരും എം.പി. മാര്‍. ശക്തരായ എം.പി.മാര്‍. അവരുടെ നിയോജകമണ്ഡലങ്ങളില്‍ പവര്‍കട്ട്‌ പോലും കടക്കാന്‍ ധൈര്യപ്പെടില്ല എന്ന്‌ കണ്ടിരുന്നു.

ഇതിനുള്ള അവരുടെ പ്രത്യേകയോഗ്യത എന്താണ്‌? ഞാന്‍ നോക്കിയിട്ട്‌ കാണുന്നത്‌ യോഗ്യതക്കുറവുകള്‍ മാത്രം.

ആ സ്‌ത്രീ ഭാരതത്തില്‍ ജനിച്ചുവളര്‍ന്ന ആള്‍ അല്ല. അവര്‍ ഇറ്റലിക്കാരിയാണ്‌. 1968 ല്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഭാര്യയായി ഇന്ത്യയിലെത്തിയിട്ടും 1983 വരെ ഇന്ത്യന്‍ പൌരത്വം പോലും എടുക്കാന്‍ കൂട്ടാക്കാതിരുന്ന വ്യക്തി. ഒരു സ്വതന്ത്രരാജ്യം ഭരിക്കാന്‍ അവിടെ ജനിച്ച്‌ അവിടുത്തെ സംസ്‌കാരം ഉള്‍ക്കൊണ്ട്‌ വളര്‍ന്നവര്‍ക്കല്ലേ അര്‍ഹത? അല്ലാതെ മറ്റുരാജ്യത്തുനിന്നും വന്നവര്‍ക്കാണോ?

തങ്ങളുടെ സംസ്‌കാരം വിഭിന്നമാണെന്നു സമ്മതിക്കാന്‍ ആ അമ്മയ്‌ക്കും മകനും മടിയില്ല എന്നതൊരു സത്യം. അതുകൊണ്ടല്ലേ അവിവാഹിതനായ മകന്‍ ഒരു പെണ്ണിനോടൊപ്പം ഭാരതസന്ദര്‍ശനത്തിന്‌ തിരിച്ചപ്പോള്‍ അമ്മ കൂട്ടുപോയത്‌. അത്‌ നമ്മുടെ സംസ്‌കാരമല്ലല്ലോ? അവര്‍ കേരളത്തിലും വന്നല്ലോ? അപ്പോള്‍ ഇവിടുത്തെ സര്‍ക്കാര്‍ നല്‍കിയത്‌ രാജകീയ സ്വീകരണം!

അപ്പോള്‍ തങ്ങളെക്കാള്‍ എല്ലാക്കാര്യത്തിലും പിന്‍പില്‍ നില്‍ക്കുന്ന ഒരു ഇറ്റലിക്കാരി സ്‌ത്രീയുടെയും അവരുടെ മകന്‍റെയും മുന്‍പില്‍ ഞാന്‍ മുന്‍പുപറഞ്ഞ നേതാക്കന്മാര്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്നത്‌ കാണുമ്പോള്‍ സഹതപിക്കുകയല്ലാതെ മറ്റെന്തു ചെയ്യാന്‍?

പക്ഷെ ആ അമ്മയെയും മകനെയും കുറ്റപ്പെടുത്താനല്ല ഞാന്‍ ഇതെഴുതുന്നത്‌. 1991 ല്‍ ഭര്‍ത്താവ്‌ മരിച്ചപ്പോള്‍തന്നെ അന്നത്തെ കോണ്‍ഗ്രസ്സ്‌ നേതാക്കന്‍മാര്‍ ആ സ്‌ത്രീയുടെ പിന്നാലെ കൂടി. രണ്ടു വര്‍ഷത്തോളം അവര്‍ അവരുടെ പിടിയില്‍ പെടാതെ അകന്നുനിന്നു. ഒടുവില്‍ (നിവര്‍ത്തിയില്ലാതെയാകാം) തോറ്റുകൊടുത്തു. പാര്‍ട്ടി പ്രസിഡണ്ട്‌ ആയി. പാര്‍ട്ടിയില്‍ ഒരു പ്രവര്‍ത്തനപരിചയവുമില്ലാത്ത ഇറ്റലിക്കാരിയായ അഖിലേന്ത്യാ പ്രസിഡണ്ട്‌! എന്തൊരു തമാശ! അല്ലെ? അന്ന്‌ അവരെ അതിലേക്കു പ്രേരിപ്പിക്കാനായി ഒരു നേതാവ്‌ ഗാന്ധിത്തൊപ്പി ഊരി അവരുടെ കാല്‍ക്കല്‍ വെച്ചെന്നും കേട്ടിരുന്നു. പാര്‍ട്ടിയിലെ ഒരു സിംഹം.

പിന്നെ അവരെക്കൊണ്ട്‌ രാജ്യം ഭരിപ്പിക്കാനായി ശ്രമം. അതിനു പ്രധാനമന്ത്രി ആക്കണം. പാര്‍ട്ടി പണ്ടേ അതിനു തയാര്‍. പക്ഷെ ആരൊക്കെയോ ഇടംകോലിട്ടു. ഇന്ത്യന്‍ ഭരണഘടനയില്‍ അതിനെതിരായി ഏതോ വകുപ്പുണ്ടത്രേ.

പക്ഷെ അങ്ങനെ തോല്‍ക്കുന്നവരല്ലല്ലോ കോണ്‍ഗ്രസ്സുകാര്‍. ബ്രിട്ടീഷുകാരെ കെട്ടുകെട്ടിച്ച പാര്‍ട്ടിയല്ലേ? അവര്‍ മാഡത്തിനെ ഭരണത്തെ നിയന്ത്രിക്കുന്ന അദ്ധ്യക്ഷയാക്കി. ഇന്ദിരാഗാന്ധിയെക്കാള്‍ അധികാരം. ചോദ്യം ചെയ്യാന്‍ ഒരുത്തര്‍ക്കും അധികാരം ഇല്ല. ഇനി മകനെ ഇന്ത്യന്‍ പ്രധാനമന്ത്രി ആക്കണം. അപ്പോള്‍ പൂര്‍ണ്ണമാകും പരിപാടികള്‍.

പക്ഷെ ആരാണ്‌ ഇതിന്റെയെല്ലാം പിന്നില്‍? എന്താണ്‌ ലക്‌ഷ്യം?
ഒരു രാഷ്ട്രീയപരിചയവും ഇല്ലാത്ത ഒരു വിദേശിവനിതയെ തങ്ങളുടെ ഏറ്റവും വലിയ നേതാവാക്കാന്‍ സാധാരണഗതിയില്‍ ഒരു രാജ്യത്തും ഒരു പാര്‍ട്ടിയും തയാറാകില്ല. അവര്‍ ആഗ്രഹിച്ചാലും അങ്ങനെ പറന്നുയരാന്‍ കഴിയില്ല. പക്ഷെ ഇവിടെ അത്‌ സംഭവിച്ചിരിക്കുന്നു.

എന്താണ്‌ ഇതിന്റെ പിന്നില്‍? ആരുടെയൊക്കെയോ സ്വാര്‍ത്ഥതയാണോ? എങ്കില്‍ എന്തിനുവേണ്ടി? ചിന്തിക്കുവിന്‍.
എന്തൊരു ഗതികേട്‌! (കൃഷ്‌ണ)
Join WhatsApp News
EM Stephen 2013-05-06 18:22:21
Thought-reading article. Please do more for make awarness of the public and let them get ready to act on it.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക