MediaAppUSA

സ്വപ്നാടനം(നോവല്‍ ഭാഗം-14)- നീന പനയ്ക്കല്‍

നീന പനയ്ക്കല്‍ Published on 12 May, 2013
സ്വപ്നാടനം(നോവല്‍ ഭാഗം-14)- നീന പനയ്ക്കല്‍
പതിനാല്
ഒരാഴ്ചത്തെ സ്പ്രിംഗ് ബ്രേക്കിന് ബീന വീട്ടില്‍ വന്നു പാര്‍ട്ടി ഗംഭീരമായിരുന്നു. ഹൈസ്‌ക്കൂളില്‍ ഒരുമിച്ചു പഠിച്ച കൂട്ടുകാരെല്ലാവരും പാര്‍ട്ടിയില്‍ സംബന്ധിച്ചിരുന്നു.

ഒരു 'ഹൈസ്‌ക്കൂള്‍ റിയൂണിയന്‍' പോലെ.

ബീനക്ക് കൈനിറയെ ഡോളര്‍ കിട്ടി.

പാര്‍ട്ടിക്ക് സൂസിയും ബിന്ദുവും പോയില്ല. പ്രത്യേകം ക്ഷണിച്ചിട്ടും.

അമ്മയും മേരിക്കുട്ടി ആന്റിയും വഴക്കിട്ടതിനു കാരണം താനാണെന്ന് ഓര്‍ത്ത് ബിന്ദു എന്നും വേദനിച്ചിരുന്നു. ബീനയെ ആ ചെറുപ്പക്കാരനും ഷാനനും ഒരുമിച്ച് കണ്ട കാര്യം ഒരിക്കലും അമ്മയോടു പറയരുതായിരുന്നു.

പറയാന്‍ പാടില്ലാത്തതെന്തൊക്കെയോ മേരിക്കുട്ടിയാന്റി അമ്മയെ പറഞ്ഞു കാണണം. അന്നുരാത്രി കുളിമുറിയില്‍ നിന്നും അമ്മയുടെ തേങ്ങള്‍ കേട്ടതാണല്ലോ.

ബിന്ദു ഇപ്പോള്‍ സീനയുടെ കോളേജിലാണ് പഠിക്കുന്നത്.

അടുത്തും അകലെയുമുള്ള പല കോളേജുകളില്‍നിന്നും റെപ്രസന്റേറ്റീവുകള്‍ അവരവരുടെ കോളേജിന്റെ ഗുണഗണങ്ങള്‍ പ്രകീര്‍ത്തിച്ചുകൊണ്ട് സ്‌കൂളില്‍ ചെന്നിരുന്നു. എല്ലാ കോളേജുകളിലേക്കും ബിന്ദു അപേക്ഷ അയച്ചെങ്കിലും ഒടുവില്‍ സീന പഠിക്കുന്ന കോളേജാണ് അവള്‍ തെരഞ്ഞെടുത്തത്.

സീന കഴിഞ്ഞവര്‍ഷം ഹൈസ്‌ക്കൂളില്‍ നിന്നും ഗ്രാഡ്വേറ്റ് ചെയ്തിരുന്നു. വീടിനടുത്തുള്ള ഒരു കോളേജിലാണ് അവള്‍ ചേര്‍ന്നത്. ദിവസവും പോയി വരാന്‍ സാധിക്കില്ലെങ്കിലും ആഴ്ചയില്‍ ഒരിക്കല്‍ വീട്ടില്‍ വരാം.

ഡോമിലാണ് സീന താമസിച്ചിരുന്നത്. എല്ലാ വെള്ളിയാഴ്ചയും വീട്ടില്‍ വരും. രാത്രിയില്‍ മുകളില്‍ വന്നു ബിന്ദുവിന്റെ മുറിയിലാണ് അവളുടെ ഉറക്കം. കോളേജിനെക്കുറിച്ചും ഡോര്‍മിറ്റോറിയെക്കുറിച്ചും കൂട്ടുകാരെക്കുറിച്ചും ഒക്കെ ബിന്ദുവിനോടു പറയും. അന്നേ വിചാരിച്ചതാണ് സീനയുടെ കോളേജില്‍ തന്നെ ചേരണമെന്ന്.

ഡോമില്‍ താമസിക്കാന്‍ ബിന്ദുവിന് ആഗ്രഹമുണ്ട്. പക്ഷെ വീട്ടില്‍ അമ്മ തനിച്ചാവും. ട്യൂഷന്‍ ഫീസും ഡോം ഫീസും കൂടി ഒരുപാടു ഡോളറാവും. വീട്ടില്‍ നിന്നു ദിവസവും പോയി വരികയാണെങ്കില്‍ അങ്ങോട്ടും ഇങ്ങോട്ടും കൂടി കാറില്‍ കുറഞ്ഞതു മൂന്നു മണിക്കൂറെങ്കിലും യാത്ര ചെയ്യേണ്ടിവരും.

സീനയുടെ കൂടെ ബിന്ദു താമസിക്കട്ടെ. അന്ന നിര്‍ദ്ദേശിച്ചു. ദിവസവും പോയി വരിക! ഇററ് ഈസ് ഇംപോസിബിള്‍!! ജോസിന്റെ അഭിപ്രായവും അതുതെന്നെയായിരുന്നു. 'ബിന്ദു ഡോമില്‍ താമസിക്കട്ടെ. പണത്തിന്റെ കാര്യമോര്‍ത്ത് സൂസി വിഷമിക്കേണ്ട.'

ഒരു പാട് ഡോളര്‍ അച്ചായന്‍ എനിക്കു വേണ്ടി ചെലവാക്കിയിട്ടുണ്ട്. ബാങ്കില്‍ പണം കിടപ്പുണ്ടച്ചായാ. അതെടുത്ത് ബിന്ദുവിനു വേണ്ടി ഞാന്‍ ചെലവാക്കിക്കൊള്ളാം. വേറെന്തിനു വേണ്ടിയാണ് ഞാന്‍ പണം കൂട്ടിവെക്കുന്നത്?

'സൂസി, നീ ഡോളറിന്റെ കണക്കു പറയേണ്ട ബിന്ദു എനിക്ക് ബീനയെപ്പോലെ തന്നെയാണ്.'

കോളേജു തുറക്കുന്നതിനു രണ്ടു ദിവസം മുന്‍പ് ജോസും സൂസിയും കൂടി ബിന്ദുവിനെ കോളേജ് ഡോമില്‍ കൊണ്ടു ചെന്നാക്കി. സീനയോടൊപ്പം അതേ മുറിയില്‍ താമസിക്കാനുള്ള സൗകര്യം കിട്ടി.

തിരികെ പോരുന്നതിനുമുന്‍പ് ഒരു ചെറിയ കവര്‍ ജോസ് രസഹ്യമായി ബിന്ദുവിന്റെ കൈയില്‍ പിടിച്ചേല്‍പ്പിക്കുന്നത് സൂസി കാണാതിരുന്നില്ല.

ബിന്ദുവിനെ ഡോമില്‍ വിട്ടിട്ടു പോരുമ്പോള്‍ സൂസിയുടെ ഹൃദയം വേദന കൊണ്ടു നുറുങ്ങുകയായിരുന്നു. ഇതുവരെ ഒരുദിവസം പോലും ബിന്ദുവിനെ പിരിഞ്ഞ് താമസിച്ചിട്ടില്ല.

സീനയോടൊപ്പമാണ് ബിന്ദു എന്ന് ഒരാശ്വാസമേയുള്ളൂ. എന്താ സൂസി നീയൊന്നും മിണ്ടാത്തത്? അവളുടെ വിഷമം മനസ്സിലാക്കി സൂസിയോട് ജോസ് ചോദിച്ചു.

'ഒന്നുമില്ല അച്ചായാ.'

'ഒറ്റക്കു താമസിക്കാനുള്ള പ്രായമായി ബിന്ദുവിന്. എന്നും അമ്മയുടെ ചിറകിന്റെ കീഴില്‍ വളര്‍ന്നാല്‍ ലോകത്തെ നേരിടാനുള്ള ആത്മവിശ്വാസം കിട്ടുകയില്ല. അവള്‍ സ്വതന്ത്രയായി ജീവിക്കട്ടെ.'

'എനിക്കറിയാം. എന്നാലും…'

'ബിന്ദു വഴിതെറ്റിപ്പോവില്ല. അച്ചടക്കത്തോടെയല്ലേ നീ അവളൈ വളര്‍ത്തിയത്.'

ജോസിന്റെ സ്വരത്തില്‍ കുറ്റബോധമുണ്ടായിരുന്നു. അതു സൂസിക്ക് മനസ്സിലാവുകയും ചെയ്തു.

സൂസിയുടെ വിഷാദം മാറ്റാനായി അയാള് കുട്ടിക്കാലത്ത് അവര്‍ രണ്ടുപേരും കൂടി ഒപ്പിച്ച കുസൃതികളെക്കുറിച്ചും തമാശകളെക്കുറിച്ചും അവളെ ഓര്‍മ്മിപ്പിച്ചു. പലതും ഓര്‍ത്തും പറഞ്ഞും അവര്‍ ഒരുപാടു ചിരിച്ചു.

ബീനയെക്കുറിച്ച് സൂസി ഒന്നും അയാളോടു ചോദിച്ചില്ല. അതു മനഃപൂര്‍വ്വമായിരുന്നു. ജോസ് ബീനയെക്കുറിച്ചൊന്നും പറഞ്ഞുമില്ല.

ബിന്ദുവില്ലാത്ത വീട്. അവളുടെ ഒഴിഞ്ഞ മുറിക്കണ്ടപ്പോള്‍ പിന്നേയും സൂസിക്ക് സങ്കടം വന്നു.
വെള്ളിയാഴ്ചയാവാന്‍ അവള്‍ കാത്തിരുന്നു.

ആ വെള്ളിയാഴ്ച അന്നയും സൂസിയും കൂടിപോയാണ് സീനയേയും ബിന്ദുവിനേയും വിളിച്ചു കൊണ്ടുവന്നത്. പിന്നീടുള്ള ആഴ്ചകളില്‍ ഒന്നുകില്‍ അന്ന മാത്രം പോകും. അല്ലെങ്കില്‍ സൂസി.
പുതുതായി പണിത പള്ളിയില്‍ എല്ലാ ഞായറാഴ്ചയും കുര്‍ബാന ശുശ്രൂഷയുണ്ട്. അമ്മയോടൊപ്പം ബീന പള്ളിയില്‍ പോകും. ജോസങ്കിളിനേയും ആന്റിയേയും കാണുന്നത് അവള്‍ക്ക് വലിയ സന്തോഷമാണ്. എല്ലാ ഞായറാഴ്ചയും റീത്താന്റിയും കാണും.

ബീന എന്നു വരും ആന്റീ. ഒരു ദിവസം ബിന്ദു മേരിക്കുട്ടിയോടന്വേഷിച്ചു.

'അവള്‍ ഇപ്പോഴെങ്ങും വരില്ല മോളേ? ഒരു പാടു പഠിക്കാനുണ്ട്.'

ബീനയുടെ ഫോണ്‍നമ്പറും അഡ്രസും അവള്‍ വാങ്ങി. മുമ്പൊരിക്കല്‍ അമ്മയും ആന്റിയും കൂടി വഴക്കുണ്ടാക്കിയതിനുശേഷം ബീനയുടെ കാര്യം അമ്മ അന്വേഷിക്കാറേയില്ല എന്ന് അവള്‍ക്കറിയാമായിരുന്നു. ബീനക്ക് ഒന്നു ഫോണ്‍ ചെയ്യണമെന്നും അവള്‍ക്കൊരു കത്തെഴുതണമെന്നും പലപ്പോഴും ബിന്ദുവിനു തോന്നി. പക്ഷെ ചെയ്തില്ല.

ഒരുപാടു പഠിക്കാനുണ്ട്. ഹൈസ്‌ക്കൂളില്‍ പഠിച്ചതു പോലെയല്ല. രാത്രി പന്ത്രണ്ടുമണിവരെ ഇരുന്നു വായിച്ചാലും തീരില്ല.

ആദ്യത്തെ റിപ്പോര്‍ട്ട് കാര്‍ഡില്‍ ചില വിഷയങ്ങള്‍ക്ക് C ആണ് കിട്ടിയത്.

സത്യമായിട്ടും ഞാന്‍ ഒരുപാടു പഠിച്ചതാണമ്മേ നിറകണ്ണുകളോടെ അവള്‍ അമ്മയോടു പറഞ്ഞു.
സാരമില്ല മോളെ. സ്‌ക്കൂളിലെപ്പോലെ പോര കോളേജില്‍. മോളിനി വീട്ടില്‍ വരുമ്പോള്‍ അമ്മയെ സഹായിക്കാന്‍ അടുക്കളയില്‍ കയറണ്ട. മുഴുവന്‍ സമയവും പഠിച്ചോ. അവളുടെ ശിരസ്സില്‍ തലോടിക്കൊണ്ട് സൂസിയവളെ ആശ്വസിപ്പിച്ചു.

ഡോമില്‍ താമസമാക്കിയശേഷം ബിന്ദുവിന്റെ ശരീരം ശോഷിച്ചു വരുന്നുണ്ടെന്ന് സൂസിക്കു തോന്നി.
നീ ആഹാരമൊന്നും കഴിക്കുന്നില്ലേ മോളേ?

'ഉണ്ടമ്മേ. ഡോമില്‍ എല്ലാവരും സ്ലിംബ്യൂട്ടികളാ. സത്യത്തില്‍ ഞാനേയുള്ളൂ ഫാറ്റ് ഗൂസായിട്ട്.'

നെഞ്ചില്‍ ഒരു മുള്ളു തറച്ചതുപോലെ തോന്നി സൂസിക്ക്. റീത്താന്റിയുടെ മുന്നില്‍ വെച്ച് ബീന ഫാറ്റ്ഗൂസെന്നു ബിന്ദുവിനെ വിളിച്ചത് വീണ്ടും ഓര്‍മ്മ വന്നു.

ഞാനും സീനയും കൂടി ഫുഡ്‌കോട്ടില്‍ പോയി ലഞ്ചു വാങ്ങിക്കഴിക്കും. ട്യൂണാമെല്‍റ്റാണ് എനിക്കേറ്റവും ഇഷ്ടം. ബിന്ദു പറഞ്ഞു.

ട്യൂണാമെല്‍റ്റ് ഉണ്ടാക്കുന്ന വിധം ബിന്ദു അമ്മക്കു പറഞ്ഞുകൊടുത്തു. ഫുഡ്‌കോര്‍ട്ടില്‍, കണ്‍മുന്നില്‍ വെച്ചു പാകം ചെയ്താണ് ഭക്ഷണം ആവശ്യക്കാര്‍ക്കു കൊടുക്കാറ്. പറയുമ്പോള്‍ തന്നെ അവളുടെ നാവില്‍ വെള്ളമൂറുന്നുണ്ടെന്ന് സൂസിക്ക് തോന്നി.

അവളുടെ വിടര്‍ന്ന കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു. ചുണ്ടില്‍ നിറയെ പുഞ്ചിരിയും. എന്റെ മനുവിന്റെ കണ്ണുകള്‍. അതേ പുഞ്ചിരി. സൂസിയോര്‍ത്തു.

തിങ്കളാഴ്ച കുട്ടികള്‍ ഡോമില്‍ തിരികെ പോകുമ്പോള്‍ അന്നയും സൂസിയും ഭക്ഷണം പാകം ചെയ്തു കൊടുത്തയക്കും. ഡോമിലെ ബെയ്‌സ്‌മെന്റില്‍ ഒരു കിച്ചനുണ്ട്. ഒരു വലിയ റഫ്രിജറേറ്ററും ഉണ്ട്.
ഫുഡ്‌കോര്‍ട്ടിലെ ഭക്ഷണത്തിന് നല്ല രുചിയുണ്ട്. അതുണ്ടാക്കുന്നത് മൃഗങ്ങളുടെ കൊഴുപ്പുകൊണ്ടാണെന്നു മാത്രം.

ബിന്ദുവും സീനയും എല്ലാ ദിവസവും രാവിലെ ജിം ല്‍ പോകാന്‍ തീരുമാനിച്ചു. പോയാലും ഇല്ലെങ്കിലും ഫീസ് കൊടുക്കണം.

ഒരു വെള്ളിയാഴ്ച ഡോമില്‍ നിന്നു വന്നപ്പോള്‍ ബിന്ദുവിന് സൂസിയോട് ഒരു സംഭവത്തെക്കുറിച്ച് പറയാനുണ്ടായിരുന്നു.

“ഞങ്ങളുടെ ഡോമില്‍ രേണു എന്നു പേരുള്ള ഒരു കുട്ടിയുണ്ടമ്മേ. അവളും വേറൊരു മലയാളിക്കുട്ടിയും കൂടിയാണ് ഒരുമുറിയില്‍ താമസിക്കുന്നത്.”

“രേണുവിന്റെ പിറന്നാളായിരുന്നു. അവളുടെ കൂട്ടുകാരികളെ വിളിച്ച് ഒരു പാര്‍ട്ടി നടത്തി. ചിപ്‌സും ചീസും ക്രാക്കേഴ്‌സും ഫ്രൂട്ട്‌സും ഉണ്ടായിരുന്നു.”

'നിങ്ങളും പോയോ പാര്‍ട്ടിക്ക്?'

ഞങ്ങളേയും വിളിച്ചതുകൊണ്ട് പോയി. കോളേജ് സ്റ്റോറില്‍നിന്നും ചില സമ്മാനങ്ങള്‍ വാങ്ങിക്കൊണ്ടാണു പോയത്. അമ്മേ കുടിക്കാന്‍ തന്ന പഞ്ചില്‍ എന്തോ ചേര്‍ത്തിരുന്നു. വല്ലാത്ത ഒരു രുചി തോന്നി. ഒരു കവിളേ ഞാന്‍ കുടിച്ചുള്ളൂ. സീന ഒട്ടും കുടിച്ചില്ല.

'എന്നിട്ട്?' സൂസി ഉദ്വേഗത്തോടെ ചോദിച്ചു.

'പാര്‍ട്ടി കഴിഞ്ഞ് ഓരോരുത്തരായി പോകാന്‍ തുടങ്ങി. സീനയേയും എന്നേയും കുറച്ചുനേരം കൂടി ഇരിക്കാന്‍ രേണു നിര്‍ബന്ധിച്ചു. ഞങ്ങളിരുന്നു.'

'ബാക്കി വന്ന പഞ്ച് ഞങ്ങള്‍ക്കു കുടിക്കാന്‍ തന്നു. ഞങ്ങള്‍ കുടിച്ചില്ല. രേണുവും റൂംമേറ്റും കൂടി അതുമുഴുവന്‍ കുടിച്ചു തീര്‍ത്തു. അപ്പഴേക്കും ദെ ബികെം റീയലി ഡ്രങ്ക്. സത്യമാ അമ്മേ ഞാന്‍ പറയുന്നത്.'

'പഞ്ചില്‍ അവര്‍ എന്തു ചേര്‍ത്തു? ചോദിച്ചില്ലേ നിങ്ങള്‍?' സൂസി നെറ്റിചുളിച്ചു.

'സീന ബാത്ത്‌റൂമില്‍ പോയപ്പോള്‍ അവിടെ ഒഴിഞ്ഞ ഒരു 'റം' കുപ്പി ട്രാഷ്‌ക്യാനില്‍ കിടക്കുന്നതു കണ്ടു.'

'അവളൊരു ചീത്തക്കുട്ടിയാണല്ലോ ബിന്ദു.'

'ഞങ്ങള്‍ പോകാന്‍ തുടങ്ങുമ്പോഴേക്കും രേണു കരച്ചിലാരംഭിച്ചു. അവളുടെ ഡാഡിയുടെ മദ്യപാനം, വീട്ടിലെ സൈ്വരക്കേട്, അമ്മയുടെ അസുഖം എല്ലാം വിവരിച്ചു പറഞ്ഞ് രേണു കരയുകയായിരുന്നു.'

അവരുടെ വീട്ടില്‍ വലിയ കാബിനെറ്റു നിറയെ 'കുടി'വകകള്‍ ഉണ്ടുപോലും.

കരച്ചിലിനിടയില്‍ അവള്‍ പറഞ്ഞ ഒരു വാചകം കേള്‍ക്കണോ. 'ഈ ആണ്‍പിള്ളേരെല്ലാം വൃത്തികെട്ടവന്മാരാണ്. ആദ്യമൊക്കെ വളരെ പൊളൈറ്റായിട്ട് പെരുമാറും. പിന്നെ അവര്‍ക്കുവേണ്ടത് വേറെ പലതുമാണ്. ഒരുത്തനുമില്ല മാന്യനായി.' ഇതും പറഞ്ഞ് അവള്‍ പൊട്ടിക്കരഞ്ഞു.

"രേണു ഡേറ്റു ചെയ്യുന്നത് അവളുടെ അമ്മക്ക് ഇഷ്ടമല്ല. അവര്‍ക്ക് അവളോട് ദേഷ്യമാണ്. അവളെ സ്‌നേഹിക്കാന്‍ ആരുമില്ലെനനും പറഞ്ഞായിരുന്നു പിന്നത്തെ കരച്ചില്‍."

അന്നുരാത്രി സൂസിയും ബിന്ദുവും ഉറങ്ങിയില്ല. ഒരു അമ്മ മകള്‍ക്ക് ഉപദേശിച്ചുകൊടുക്കേണ്ട കാര്യങ്ങള്‍ അന്നും സൂസി അവള്‍ക്കുപദേശിച്ചു കൊടുത്തു.

ആപത്തുകളുടേയും അപകടങ്ങളുടേയും അസന്മാര്‍ഗ്ഗത്തിന്റേയും നടുവില്‍ ജീവിക്കുമ്പോള്‍ അവയില്‍ കുടുങ്ങാതെ കാക്കാന്‍ സഹായിക്കുന്ന വലിയ ദൈവീകശക്തിയെ ആശ്രയിക്കാന്‍ സൂസി മകളെ ഉപദേശിച്ചു.

'നിന്നെ കാക്കുന്നവന്‍ ഉറങ്ങുകയില്ലെന്നും അവനില്‍ ആശ്രയിക്കുന്നവരുടെ കൂടാരത്തിനു ചുറ്റും ഒരു ബാധയും അടുക്കപോലുമില്ലെന്നും' ഉള്ള ദൈവവചനങ്ങള്‍ ആ മാതാവ് മകള്‍ക്ക് ഉരുവിട്ടുകൊടുത്തു.
ബിന്ദുവിനെ ഉപദേശിക്കുമ്പോഴെല്ലാം സൂസി ബീനയെക്കുറിച്ചോര്‍ക്കും.

ആപത്തപകടങ്ങളിലും അസന്മാര്‍ഗ്ഗത്തിലും അകപ്പെടാതെ അവളെ തന്റെ കൈയില്‍ എത്തിച്ചു തരാന്‍ അവള്‍ മുട്ടിന്മേല്‍ നിന്ന് കണ്ണീരോടെ പ്രാര്‍ത്ഥിക്കും.

സ്വാര്‍ത്ഥതയാണ്. ആങ്ങളക്ക് അറിഞ്ഞുകൊണ്ട് കൊടുത്ത കുഞ്ഞിനെ സ്വന്തം കൈയില്‍ എത്തിച്ചുതരണേ എന്ന പ്രാര്‍ത്ഥന സ്വാര്‍ത്ഥനതന്നെ. എന്നാലും അല്ലാതെ വയ്യ.

തന്റെ മക്കള്‍ക്കു വേണ്ടി മനസ്സുരുകി കണ്ണീരൊഴുകി പ്രാര്‍ത്ഥിക്കുന്ന ഒരമ്മയോട് ദൈവം കരുണ കാട്ടാതിരിക്കില്ല. അവളുടെ യാചന ദൈവം കേള്‍ക്കാതെയും ഉത്തരമരുളാതെയും ഇരിക്കില്ല.

സൂസി ദൃഢമായി വിശ്വസിച്ചു.

Previous page link: http://emalayalee.com/varthaFull.php?newsId=49929
സ്വപ്നാടനം(നോവല്‍ ഭാഗം-14)- നീന പനയ്ക്കല്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക