Image

നേര്‍ക്കാഴ്‌ച്ചകളിലെ ദൃശ്യങ്ങള്‍ (പുസ്‌തക നിരൂപണം: സുധീര്‍ പണിക്കവീട്ടില്‍)

Published on 22 May, 2013
നേര്‍ക്കാഴ്‌ച്ചകളിലെ ദൃശ്യങ്ങള്‍ (പുസ്‌തക നിരൂപണം: സുധീര്‍ പണിക്കവീട്ടില്‍)
പ്രശസ്‌ത അമേരിക്കന്‍ മലയാളി അഭിവന്ദ്യ കവയത്രി ശ്രീമതി എത്സി യോഹന്നന്‍ ശങ്കരത്തിലിന്റെ ഒമ്പതാമത്തെ പുസ്‌തകമാണ്‌ നേര്‍ക്കാഴ്‌ച്ചകള്‍. കഴിഞ്ഞുപോയ കാലങ്ങളിലെ കാലടിപാതകള്‍ തേടി പോകുന്ന മനസ്സിന്റെ യാത്രകളും അപ്പോള്‍ മനസ്സില്‍ നിറയുന്ന ഗ്രഹുതുരത്വത്തിന്റെ നിറങ്ങളും, സ്‌പര്‍ശനങ്ങളുമാണീ പുസ്‌തകത്തില്‍. കഥകള്‍-ലേഖനങ്ങള്‍, വീക്ഷണങ്ങള്‍, വ്യക്‌തികള്‍- അനുസ്‌മരണങ്ങള്‍, ഓര്‍മ്മക്കുറിപ്പുകള്‍ ഇങ്ങനെ നാലു ഭാഗങ്ങളാണ്‌ ഇതിന്റെ ഉള്ളടക്കം. മിക്കവാറും എല്ലാറ്റിനേയും പറ്റി മിക്കവാറും എല്ലാം പറയുന്ന ഒരു സാഹിത്യോപാധിയാണ്‌ ലേഖനമെന്ന്‌ അല്‍ദോസ്‌ ഹക്‌സ്‌ലി (Aldous Huxley) പറഞ്ഞത്‌ വച്ച്‌ നോക്കുമ്പോള്‍ ഇതിലെ ലേഖനങ്ങള്‍ കഥയിലെ ഗണത്തിലും പരിഗണിക്കാവുന്നതാണു്‌. അത്‌കൊണ്ട്‌ ലേഖനത്തിനു കുറവ്‌ തട്ടുന്നില്ല മറിച്ച്‌ അതില്‍ പരാമാര്‍ശിക്കുന്ന വിഷയത്തിന്റെ തീവ്രത കൂടുതലായി വായനക്കാരനു അനുഭവപ്പെടുകയാണു ചെയ്യുന്നത്‌.

കഥകളെല്ലാം തന്നെ Omniscient third person narrative രീതിയിലാണ്‌ ആവിഷ്‌ക്കരിച്ചിരിക്കുന്നത്‌ അതായ്‌ത്‌ കഥാകാരിക്ക്‌ കഥാപാത്രങ്ങളുടെ എല്ലാവരുടേയും ചിന്തയും, വികാരങ്ങളും പൂര്‍ണ്ണമായും അറിയുന്ന വിധത്തില്‍. സാധാരണ ചെറുകഥകളില്‍ ഒരു കഥാപാത്രത്തിന്റെ കാഴ്‌ചപ്പാടുകള്‍ മാത്രം വിവരിക്കുന്ന എഴുത്തുകാരന്‍ മറ്റ്‌ കഥാപാത്രങ്ങളെകുറിച്ച്‌ സൂചിപ്പിക്കുക മാത്രമേ പതിവുള്ളു.

ശ്രീമതി ശങ്കരത്തിലിന്റെ കഥകളിലെ എല്ലാ കഥാപാത്രങ്ങളും അവര്‍ക്ക്‌ പരിചിതരാണ്‌. അവരുടെ കഥകളിലൂടെ, ചിന്തകളിലൂടെ, അനുഭവങ്ങളിലൂടെ വായനക്കാരനു അമേരിക്കയിലെ മലയാളി പ്രവാസികളുടെ ലോകത്തിന്റെ നേര്‍ക്കാഴ്‌ച്ചകള്‍ കിട്ടുന്നു. കഥാ തന്തുവിനേക്കാള്‍ പ്രാധാന്യം കഥാപത്രങ്ങള്‍ക്കാണ്‌ കഥകളില്‍/ലേഖന-കഥകളില്‍.. കഥകള്‍ കഥാപത്രങ്ങളിലൂടെ ഉരുതിരിയുന്നു. അത്‌ കൊണ്ട്‌ തന്നെ ക്രുത്രിമത്വം ഇല്ല. കൂടാതെ കഥയിലെ കഥാപാത്രങ്ങളെ എഴുത്തുകാരി നേരില്‍ കണ്ടിട്ടുണ്ടായിരിക്കാം. ഓരോ കല്‍പ്പിത കഥയിലും പകുതിയിലേറെ സംഭവങ്ങള്‍ എഴുത്തുകാര്‍ക്ക്‌ പരിചിതമായിരിക്കും. അവര്‍ അതിനു കലയുടെ ചായം തേക്കുകയാണ്‌ വാക്കുകളിലൂടെ, വര്‍ണ്ണനകളിലൂടെ. എന്നാല്‍ ഒരു കഥാബീജം സങ്കല്‍പ്പിച്ച്‌ അതിനനുസരിച്ച്‌ സംഭവങ്ങളും, കഥാപത്രങ്ങളും സൃഷ്‌ടിക്കുന്ന രീതി ഈ എഴുത്തുകാരി പരീക്ഷിക്കുന്നില്ല. വായനക്കാരോടുള്ള നേരിട്ടുള്ള ആഖ്യാനം, മൂന്നാമന്‍ പറയുന്ന രീതി, അതാണു അവര്‍ സ്വീകരിച്ചിരിക്കുന്നത്‌. മിക്കവാറും കഥകള്‍ ഭൂതകാലത്തില്‍ നിന്നാണു, കഥയുടെ അന്ത്യത്തില്‍ ചില പ്രവചനങ്ങള്‍ ഉണ്ടെങ്കിലും. Omniscient Third Person Narrative ആയി പറഞ്ഞ്‌ പോകുമ്പോഴും ചില കഥകളില്‍ അത്‌ non omniscient third person narrative ആകുന്നുണ്ട്‌. അത്‌ അനിവാര്യമാണെന്ന്‌ വായനക്കാര്‍ക്ക്‌ മനസ്സിലാക്കാവുന്നതാണു. Omniscient third person narrative ഇപ്പോള്‍ കഥകളില്‍ ഉപയോഗിക്കാന്‍ മടിക്കുന്നവര്‍ ഉണ്ട്‌. കാരണം കഥാപാത്രങ്ങളെകൊണ്ട്‌ പറയിപ്പിക്കാന്‍ അവര്‍ ശ്രമിക്കുന്നു. ശ്രീമതി ശങ്കരത്തിലിന്റെ ആഖ്യാന ശൈലി അവരുടെ സ്വന്തവും, ലളിതവുമാണ്‌.

ഒമ്പത്‌ നേഴ്‌സുമാരുടെ കഥയിലൂടെ അമേരിക്കയിലേക്കുള്ള ആദ്യകാലത്തെ ഭൂരിപക്ഷം മലയാളികളുടെ `പുറപ്പാടിന്റെ', അവരുടെ പ്രവാസത്തിന്റെ ആരംഭ ചരിത്രം പറയുന്നു. അതിലൂടെ സഞ്ചരിക്കുന്ന വായനക്കാരന്‌ അമേരിക്കയില്‍ കുടിയേറിയവരുടെ ആദ്യ കാലങ്ങളില്‍ കയ്‌പേറിയ അനുഭവങ്ങള്‍ ഉണ്ടായിരുന്നു എന്ന്‌ മനസ്സിലാക്കാം. അതിനെയെല്ലാം അതിജീവിച്ച അവരുടെ മനകരുത്ത്‌, സ്വന്തക്കാര്‍ക്കും സുഹ്രുത്തുക്കള്‍ക്കുംവേണ്ടി അവര്‍ കാണിക്ല സന്മനസ്സു, നന്മ, അങ്ങനെ വളരെ വളരെ സംഭവബഹുലമായ ചരിത്രത്തിന്റെ ചുരുളുകള്‍ കഥയില്‍ മടക്കി വച്ചിട്ടുണ്ട്‌. തന്മൂലം ചില കഥകള്‍ ചെറുകഥയുടെ പരിധികള്‍ കടന്നു പോകുന്നുണ്ടെങ്കിലും കഥകളെ സങ്കീര്‍ണ്ണതകളില്ലാതെ അവസാനിപ്പിക്കാന്‍ കഴിഞ്ഞത്‌ എഴുത്തുകാരിയുടെ ആവിഷ്‌ക്കാര നിപുണതയാണ്‌.

നേഴ്‌സുമാരുടെ കഥ പറയുമ്പോള്‍ ഇപ്പോഴത്തെ തലമുറക്കാര്‍ക്ക്‌ അത്‌ പേടിപ്പിക്കുന്ന ഒരനുഭവമായി തോന്നാം. നിരാലംമ്പരായ കുറച്ച്‌ യുവതികള്‍ ജീവിത സ്വപ്‌നങ്ങളുമായി അവസരങ്ങളുടെ നാട്ടില്‍ എത്തുന്നു. അവര്‍ക്കെന്തു സംഭവിക്കുമെന്ന ഒരു ഭീതി വായനക്കാരുടെ മനസ്സില്‍ നിറക്കാന്‍ പര്യാപ്‌തമാണ്‌ ആഖ്യാനങ്ങള്‍. ഇതിലെ ഘടനകള്‍ കൂടുതല്‍ വിവരിക്കാതെ വിടുമ്പോള്‍ തന്നെ ജിജ്‌ഞാസ ഉളവാക്കുന്ന ഓരോ സൂചനകള്‍ തരുന്നുണ്ട്‌. സ്‌ത്രീകളോട്‌ പ്രതേക താല്‍പ്പര്യം കാണിക്കുന്ന അഹ്രോന്‍ എന്ന കഥയിലെ വ്യക്‌തിയും ഒമ്പത്‌ യുവതികളും. എന്തും സംഭവിക്കാം എന്ന്‌ വായനക്കാരന്റെ ചിന്ത പോകുന്നു. എന്നാല്‍ യുവതികളുടെ മാന്യത സംരക്ഷിച്ചുകൊണ്ട്‌ എഴുത്തുകാരി അവരെ നേര്‍പാതയിലൂടെ നയിക്കുന്നു. ഇവിടെ എഴുത്തുകാരിയുടെ മനസ്സിന്റെ നന്മ പ്രകാശിക്കുന്നു. സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തിനു നേരെ എന്തിനു ചെളി വാരിയെറിയുന്നു എന്ന യുക്‌തി.അതെസമയം യുവതികളില്‍ ആ പ്രായത്തില്‍ ഉണ്ടാകാവുന്ന രാഗവായ്‌പ്പുകളുടെ നേരിയ ചില തുമ്പുകള്‍ അവിടവിടെ നിര്‍ദ്ദോഷമായി പ്രസ്‌താവിച്ചിട്ടുണ്ട്‌.

ഭൗതിക നേട്ടങ്ങള്‍ അവരെ അഹങ്കരികളാക്കിയില്ല അവരെല്ലാം ജീവിതത്തില്‍ വിജയിക്കുമ്പോള്‍ തന്നെ അവരുടെ കുടുംബം അവരുടെ പ്രതീക്ഷകളൊപ്പം എത്തിയില്ല എന്ന വിഷാദവും തുറന്നെഴുതുന്നുണ്ട്‌. കഥകളിലൂടെ വായനക്കാരെ ഒപ്പം കൂട്ടികൊണ്ട്‌ പോകുകയും ഭൂതകാലത്തിന്റെ ഇടനാഴികളില്‍ പ്രത്യക്ഷപ്പെട്ട ജീവിതങ്ങളുടെ സത്യ്‌സന്ധമായ വിവരണം നല്‍കുകയും ചെയ്യുന്നുണ്ട്‌. അത്തരം വിവരണങ്ങളിലൂടെ വായനകാരനു മാനസിക വികാസം ഉണ്ടാകുകയും അവന്റെ മുന്‍ തലമുറ കടന്ന്‌ പോന്ന പരീക്ഷണങ്ങളുടെ യഥാര്‍ത്ഥ ചിത്രം കിട്ടുകയും ചെയ്യുന്നു, വ്യക്‌തികളുടെ വിവരണങ്ങളിലൂടെ കാലങ്ങള്‍ തമ്മില്‍ അടുപ്പിക്കുമ്പോള്‍ വിടവുകള്‍ ഉണ്ടെന്ന്‌ എഴുത്തുകാരി സത്യസന്ധമായി പറയുന്നുണ്ട്‌. ഇത്‌ മൗലികമായ രചനയുടെ ഒരു വിശേഷതയാണു. യാഥാര്‍ത്ഥ്യങ്ങള്‍ക്ക്‌ മുന്‍തൂക്കം നല്‍കുന്ന ഒരു വിശേഷത കഥകളില്‍ എല്ലാം തന്നെ പ്രകടമാണ്‌. കൂടാതെ കഥാപാത്രങ്ങളുടെ സ്വഭാവശുദ്ധിയിലും ശ്രദ്ധ കാണിക്കുന്നുണ്ട്‌. പ്രശസ്‌ത ഇംഗ്ലീഷ്‌ എഴുത്തുകാരി ബാര്‍ബര കാര്‍ട്ട്‌ലാന്റ്‌ അവരുടെ നായികമാരെ കുറിച്ച്‌ പറഞ്ഞത്‌ ഈ അവസരത്തില്‍ ഓര്‍ക്കുന്നു. വിരലില്‍ വിവാഹമോതിരം അണിയാതെ എന്റെ നായികമാര്‍ മണിയറയില്‍ പ്രവേശിക്കാറില്ല. വിവാഹത്തിനു മുമ്പ്‌ കന്യകാത്വം നഷ്‌ടപെടുത്താത്തവരായിരുന്നു അവരുടെ നായികമാര്‍. ശ്രീമതി ശങ്കരത്തിലും ആ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നുണ്ട്‌. നായികമാരുടെ യുവചാപല്യങ്ങള്‍ മനസ്സിലാക്കുകയും അത്‌ പെരുപ്പിച്ച്‌ കാണിക്കാതെ അതിന്റെ പാട്ടിനു വിടുകയും ചെയ്യുന്നു. എഴുത്തുകാരി ധൃതി കൂട്ടുന്നത്‌ ഈ ലോകം നന്മയുടെ വഴിയിലേക്ക്‌ തിരിയാനാണു. കഥകളിലും ലേഖനങ്ങളിലും എല്ലാം തന്നെ പ്രവാസികളുടെ പ്രതിസന്ധികളും നിസ്സാഹായതയും വളരെ സുതാര്യമായി ആവിഷരിക്കുന്നുണ്ട്‌.

ഇതിലെ വീല്‍ചെയര്‍ എന്ന കഥയില്‍ എഴുത്തുകാരി ഒരു ചോദ്യം ചോദിക്കുന്നുണ്ട്‌. സമ്പന്നത ഒരു ഭാഗ്യമാണോ? ഭൗതിക നേട്ടങ്ങള്‍ക്ക്‌ വേണ്ടി നെട്ടോട്ടം ഓടുന്ന മുഴുവന്‍ മനുഷ്യരോടുള്ള ചോദ്യമാണിത്‌. സമ്പന്നത മാത്രം ഭാഗ്യമല്ലെന്ന്‌ ഈ കഥ തെളിയിക്കുന്നു.വാര്‍ദ്ധക്യത്തിന്റെ ഏകാന്ത ഭീകരത ഒരു വീല്‍ചെയറിനെ പ്രതീകമാക്കി പറയുകയാണു. വീല്‍ചെയര്‍ കിട്ടിയാലും സ്വയം ഉരുട്ടാന്‍ കഴിയില്ലെങ്കില്‍ എന്തു പ്രയോജനം. അഥവാ അങ്ങനെ കഴിഞ്ഞാല്‍ തന്നെ അതിനും പരിമിതികള്‍ ഉണ്ടല്ലോ. വാസ്‌തവത്തില്‍ വാര്‍ദ്ധക്യം സഹായത്തിനും ആശ്രയത്തിനും വേണ്ടി മറ്റുള്ളവരിലേക്ക്‌ നോക്കേണ്ടി വരുന്ന ഒരു ദുരന്തമാണ്‌. പക്ഷെ വേണ്ടപ്പെട്ടവരില്‍ ഉണ്ടാകുന്ന സഹാനുഭൂതി അത്തരം വേദനാജനകമായ അവസ്‌ഥയെ തരണം ചെയ്യാന്‍ പ്രാപ്‌തമാണെന്ന്‌ ശക്‌തമായി എഴുത്തുകാരി പ്രതിപാദിക്കുന്നു. സമ്പത്തിനേക്കാള്‍ ശാന്തിയും സമാധാനവുമാണു ജീവിതത്തില്‍ പ്രധാനമെന്ന്‌ ഈ പുസ്‌തകത്തിലെ കഥകളിലും ലേഖനങ്ങളിലും അവര്‍ ഊന്നിപറയുന്നുണ്ട്‌. എവിടെയാണു തെറ്റ്‌ പറ്റിയത്‌ എന്ന കഥയിലെ നായികയുടെ അനുഭാവമില്ലാത്ത സംസാര ശൈലിയിലൂടെ സമ്പന്നത നിറയുമ്പോള്‍ മനുഷ്യരില്‍ ഉണ്ടാകുന്ന ഹൃദയ കാഠിന്യത്തിന്റെ കലര്‍പ്പില്ലാത്ത ഭാവം വളരെ സ്വാഭാവികമായി പകര്‍ത്തിയിട്ടുണ്ട്‌. വളരെ ചെറിയ വീട്ടില്‍ അനവധി പേര്‍ സുഖമായുറങ്ങമ്പോള്‍ പണം പണിത്‌ കൊടുത്ത മണിമാളികയില്‍ ഉറക്കം നഷ്‌ടപ്പെട്ട്‌ യാന്ത്രികമായി ജീവിക്കുന്നവരെ കാണിച്ചുതരുന്നു. ഓരോ വരികളും തിരിച്ചറിവിന്റെ വഴികളിലേക്ക്‌ വായനക്കാരനെ കൂട്ടികൊണ്ട്‌ പോകുന്നു. പലയിടത്തും കവി കൂടിയായ എഴുത്തുകാരി എഴുതിയ വരികള്‍ ഉദ്ധരിച്ച്‌ സന്ദര്‍ഭങ്ങള്‍ക്ക്‌ വൈകാരിക സാന്ദ്രത പകരുന്ന രീതി നന്നായിട്ടുണ്ട്‌. കുറച്ച്‌ പറഞ്ഞ്‌കൊണ്ട്‌ കൂടുതല്‍ അറിയിക്കാന്‍ കഴിവുള്ള കാവ്യ വരികള്‍ കഥയിലെ വ്യക്‌തികളേയും സംഭവങ്ങളേയും മനസ്സിലാക്കാന്‍ പ്രാപ്‌തമാക്കുന്നു.

വീക്ഷണമെന്ന തലക്കെട്ടില്‍ കൊടുത്തിരിക്കുന്ന നാന്‌ ലേഖനങ്ങളും പ്രവാസികളുടെ ജീവിതവുമായി ബന്ധപ്പെടുത്തി എഴുതിയതാണ്‌. അതില്‍ തലമുറകളുടെ വിടവ്‌ എന്ന ലേഖനം വിരല്‍ചൂണ്ടുന്നത്‌ ഒരു നല്ല നാളെ പടുത്തുയര്‍ത്താന്‍ ഉള്ള ഓരോരുത്തരുടേയും ഉത്തരവാദിത്വത്തെ ഉദ്‌ബോധിപ്പിക്കുന്നതിലേക്കാണ്‌. പ്രാരാബ്‌ധങ്ങളും ജോലി സമ്മര്‍ദ്ദങ്ങളും മൂലം മാതാപിതാക്കളില്‍ വരുന്ന ഒരു അനാസ്‌ഥയാണ്‌ തലമുറയെ വഴി തെറ്റിക്കുന്നത്‌ എന്ന്‌ എഴുത്തുകാരി വിശ്വസിക്കുകയും അതിനു ഉപോല്‍ബലകമായി വിവരണങ്ങള്‍ നല്‍കുകയും ചെയ്യുന്നൂണ്ട്‌. മനസ്സില്‍ നന്മയും ദൈവത്തില്‍ അടിയുറച്ച വിശ്വാസവും ജീവിതത്തില്‍ ഉണ്ടാകണമെന്ന ആശയം മിക്ക രചനകളിലും ഇവര്‍ എഴുതുന്നു. `തകരവിളക്ക്‌' എന്ന കഥയിലെ സന്ദേശവും അതാണ്‌ നമ്മള്‍ പിന്നിട്ട വഴികള്‍ മറക്കാതിരിക്കുക. മനുഷ്യ സമൂഹത്തിന്റെ നന്മയാണ്‌ എഴുത്തുകാരിയുടെ ലക്ഷ്യം. സമൂഹം നന്നായാല്‍ ഈ ലോകം നന്നാകും. വളരെ ഉത്‌കൃഷ്‌ടമായ ചിന്തകള്‍ സൂക്ഷിക്കുന്ന ഒരു മനസ്സില്‍ നിന്നേ ഇത്തരം രചനകള്‍ ഉദ്‌ഭവിക്കയുള്ളു.

പ്രവാസത്തിന്റെ പരിമിതികള്‍ വിവരിക്കുമ്പോഴും അത്‌ കൊണ്ട്‌ ജീവിത മൂല്യങ്ങള്‍ നഷ്‌ടപ്പെടുത്താതെ എങ്ങനെ ജീവിക്കാമെന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ രചനകളില്‍ ഇവര്‍ ഉള്‍പ്പെടുത്തുന്നു.

ഈ പുസ്‌തകത്തിലെ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഗ്രാമവും ചുമടുതാങ്ങിയും ഹ്രുദ്യമായ വായനാസുഖം തരുമ്പോള്‍ തന്നെ അത്‌ നമ്മെ ഭൂതകാലത്തിലേക്ക്‌ കൂട്ടികൊണ്ട്‌ പോകുന്നു. അദ്ധ്വാനിക്കുന്നവര്‍ക്കും, ഭാരം ചുമക്കുന്നവര്‍ക്കും അത്താണിയായി വഴിവക്കില്‍ പണ്ട്‌ കണ്ടിരുന്ന ആ സഹായം ഇന്നില്ല. ഇന്ന്‌ അതിന്റെ ആവശ്യമില്ലെന്ന്‌ മനുഷ്യന്‍ മനസ്സിലാക്കുന്നു. വാസ്‌തവത്തില്‍ അത്താണികളുടെ രൂപം മാത്രമേ മാറുന്നുള്ളു. അദ്ധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും അതിന്റെ ആവശ്യമുണ്ട്‌. അത്‌ മനസ്സിലാക്കാതെ മനുഷ്യരാശി മുന്നോട്ട്‌ പോകുമ്പോള്‍ തീര്‍ച്ചയായും അവര്‍ തളര്‍ന്ന്‌ വീഴും. ഇന്ന്‌ ലോകത്തില്‍ അതാണു സംഭവിക്കുന്നത്‌. വളരെ പ്രതീകാത്മകമായി എഴുത്തുകാരി അതെല്ലാം ഈ ഓര്‍മ്മക്കുറിപ്പില്‍ വിവരിക്കുന്നുണ്ട്‌. ഒരു തീര്‍ത്ഥയാത്രയുടെ കൊച്ചു വിവരണം ഈശ്വരവിശ്വാസികളുടെ ഭക്‌തി ഒന്ന്‌ കൂടെ ഉറപ്പിക്കാന്‍ പര്യാപ്‌തമായ വിധത്തിലാണ്‌ ഗലീലക്കടല്‍ ക്ഷോഭിച്ചത്‌മൂലം ബോട്ടുയാത്ര റദ്ദാക്കിയപ്പോള്‍ എഴുത്തുകാരിയടക്കം മറ്റ്‌ തീര്‍ത്ഥയാത്രക്കാര്‍ `ഓളങ്ങള്‍ കണ്ട്‌ നീ ഭയപ്പെടേണ്ട്‌'.. എന്ന്‌ ഭക്‌തിപൂര്‍വ്വം പാടുകയും പ്രാര്‍ഥിക്കുകയും ചെയ്‌തപ്പോള്‍ കടല്‍ ശാന്തമായി ബോട്ടുയാത്ര സാദ്ധ്യമായി എന്ന്‌ അവര്‍ എഴുതുന്നു.

വ്യക്‌തികള്‍-അനുസ്‌മരണങ്ങള്‍ എന്ന വിഭാഗത്തില്‍ പ്രശസ്‌തരായ കവികളേയും ഒരു വൈദികനേയും കുറിച്ച്‌ എഴുതീട്ടുണ്ട്‌. ഈ വിവരണങ്ങളും അതിലുള്‍പ്പെടുത്തിയിരിക്കുന്ന കവിതാ ശകലങ്ങളും എഴുത്തുകാരിയുടെ കാവ്യാസ്വാദന ശക്‌തിയേയും അറിവിന്റേയും പ്രതീകമായി കാണാവുന്നതാണു. വിശ്വപ്രശസ്‌ത ക്രുതിയായ ഗീതാജ്‌ഞലി പരിഭാഷ ചെയ്‌തത്‌ അതേക്കുറിച്ച്‌ കൗമാര പ്രായത്തില്‍ കേട്ടപ്പോള്‍ മുതല്‍ ആ കൃതിയോടുണ്ടായ താല്‍പ്പര്യമാണെന്ന്‌ ഇവര്‍ എഴുതീട്ടുണ്ട്‌..ബാല്യകാലം മുതല്‍ കലയോടുള്ള അദമ്യമായ അഭിനിവേശമായിരുന്നു ഈ എഴുത്തുകാരിയെ നിരന്തരം സര്‍ഗ്ഗ രചനകളില്‍ വ്യാപൃതയാക്കിയത്‌ എന്നു ഇവരുടെ ക്രുതികളില്‍ നിന്നും മനസ്സിലാക്കാം..

നാണ്‌ പതിറ്റാണ്ടിലേറെ കാലം പ്രവാസിയായി കഴിഞ്ഞ എഴുത്തുകാരിയുടെ ധന്യമായ സര്‍ഗ്ഗ സപര്യ കുട്ടിക്കാലം മുതല്‍ തുടങ്ങിയതാണ്‌. അവര്‍ക്ക്‌ സ്വന്തമായ സാഹിത്യ്‌ദര്‍ശനവും ജീവിത വീക്ഷണങ്ങളുമുണ്ട്‌. നേരത്തെ സൂചിപ്പിച്ചപോലെ ഈ പുസ്‌തകത്തിലെ പല സംഭവങ്ങളും എഴുത്തുകാരി നേരിട്ട്‌ കണ്ട കാഴ്‌ചകളാണ്‌. എന്നാല്‍ അവ അക്ഷരത്തിലാക്കിയപ്പോള്‍ അതിഭാവുകത്വമില്ലത്ത ആവിഷ്‌ക്കാരരീതിയാണ്‌ അവര്‍ അവലംബിച്ചത്‌. വേദനയും വിഷാദവും നിറയുമ്പോള്‍ മുഖം പൊത്തി അശ്രുവാര്‍ക്കുന്ന പ്രവാസി വീട്ടമ്മമാരെ കുറച്ച്‌ പറയുമ്പോഴും പ്രക്ഷീണമാകാത്ത ശുഭാപ്‌തി വിശ്വാസം അവര്‍ വായനക്കാര്‍ക്ക്‌ തരുന്നു. തന്റെ സ്‌മ്രുതിദീപങ്ങളില്‍ തെളിയുന്ന സ്വന്തം ഗ്രാമത്തെ അവര്‍ ഇന്നും സ്‌നേഹിക്കുന്നു. അത്‌ കൊണ്ടാണു തകര വിളിക്കിന്റെ കഥ ആര്‍ദ്രമായി എഴുതാന്‍ കഴിഞ്ഞത്‌. ചുമടുതാങ്ങിയെ ഓര്‍ത്തത്‌.

അനുഗ്രഹീതയായ ഈ എഴുത്തുകാരിക്ക്‌ എല്ലാ നന്മകളും നേരുന്നു.

ശുഭം
നേര്‍ക്കാഴ്‌ച്ചകളിലെ ദൃശ്യങ്ങള്‍ (പുസ്‌തക നിരൂപണം: സുധീര്‍ പണിക്കവീട്ടില്‍)നേര്‍ക്കാഴ്‌ച്ചകളിലെ ദൃശ്യങ്ങള്‍ (പുസ്‌തക നിരൂപണം: സുധീര്‍ പണിക്കവീട്ടില്‍)നേര്‍ക്കാഴ്‌ച്ചകളിലെ ദൃശ്യങ്ങള്‍ (പുസ്‌തക നിരൂപണം: സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക