മാനസസരോവറില്‍ ബസ്സിറങ്ങുമ്പോള്‍ മായയ്ക്ക് കൈകൊട്ടി ചിരിക്കണമെന്നു
തോന്നി. സര്‍വ്വവുമുപേക്ഷിച്ച ത്യാഗിനിയുടെ വേഷമുപേക്ഷിച്ച് മനസ്സു നിറച്ച്
എന്തൊക്കെയോ നേടിയ ഒരു കുട്ടിയുടെ മനസ്സായിരുന്നല്ലോ അപ്പോഴവള്‍ക്ക്.
കൈലാസം തൊട്ടടുത്തിരുന്ന് വിളിക്കുന്നു. വെള്ളപട്ടണിഞ്ഞ് മലനിരകള്‍ പരസ്പരം
പുണര്‍ന്നിരിക്കുന്നു. നഗ്‌നമായ തന്റെ തലയിലേയ്ക്ക് അറിയാതെ മായ കൈവച്ചു.
കുറ്റിമുടിയുടെ പോറല്‍ കൈകളെ തെല്ലു നോവിച്ചെങ്കിലും ഒരു ഉരച്ചിലിന്റെ
സുഖമറിയുന്നുണ്ട്...
' ബാല്‍ കോ ക്യാ ഹുവാ ബേട്ടീ...' യാത്രയുടെ തുടക്കം മുതല്‍ അതായത്
ഡല്‍ഹിയുടെ ഇളം തണുപ്പില്‍ നിന്ന് വിമാനയാത്രയുടെ ആന്തലില്‍ കാണാന്‍
തുടങ്ങി, പിന്നീട് കാഠ്മണ്ടുവില്‍ നിന്നുള്ള ബസ് യാത്രയിലും ഒപ്പമിരുന്ന
സ്‌നേഹമയിയായ മുത്തശ്ശിയുടെ ചോദ്യം ന്യായമാണെന്ന് മായയ്ക്കറിയാം.
'നത്തിങ് മാ... ഗിവണ്‍ ടു ദ ഫെയ്റ്റ്...' മായ ചിരിച്ചു
ചെന്നൈയിലെ തിളയ്ക്കുന്ന ചൂടില്‍ അപ്പോള്‍ ഹോസ്പിറ്റലിലെ ക്യാന്‍സര്‍
വാര്‍ഡില്‍ ഉരുകി തീര്‍ന്ന ദിവസങ്ങളോ വേരറ്റു പോയ മുടിയുടെ
നെടുവീര്‍പ്പ്‌പോ അപ്പോള്‍ അവളേ വേദനിപ്പിച്ചതേയില്ല. ദൂരെ മഞ്ഞു വിരിച്ചു
നില്‍ക്കുന്ന കൈലാസം കണ്ണില്‍ നിറച്ച് ഒപ്പമുള്ളവരുടെ കൂടെ അവള്‍ നടന്നു.
മായയ്ക്കു പിന്നില്‍ എരിഞ്ഞു തീര്‍ന്ന പകലുകള്‍ക്ക് അവളുടെ ഗന്ധം
തന്നെയായിരുന്നു. പ്രണയത്തിന്റെ, നിരാസത്തിന്റെ, ചിലപ്പോള്‍ പകയുടെ....
മറ്റുചിലപ്പോള്‍ കാത്തിരിപ്പിന്റെ...
മായ കാണുമ്പോള്‍ ജയന്റെ ഡയറിയ്ക്ക് വയലറ്റ് ഓര്‍ക്കിഡ് പൂക്കളുടെ
നിറമായിരുന്നു. അതിലെഴുതിയ അക്ഷരങ്ങള്‍ വായിക്കുന്നതു വരെ അവള്‍ ജയന്റെ
ഊര്‍ജ്ജ്ജം പകര്‍ന്നു കിട്ടി ജീവിതം നേടിയെടുത്ത ഒരു രോഗി മാത്രമായിരുന്നു.
അപ്പോളോയില്‍ ഓങ്കോളജി വിഭാഗത്തിലെ ഡോക്ടര്‍ ഉമശങ്കരിയുടെ കസിന്‍
ആയതുകൊണ്ടു മാത്രമല്ല ജയന്‍ മായയുടെ സുഹൃത്തായത് അയാളില്‍ നിന്ന്
മറ്റുള്ളവരിലേയ്ക്ക് പ്രസരിക്കുന്ന ഊര്‍ജ്ജപ്രവാഹം മായയെ അയാളുടെ
ആരാധനാപാത്രമാക്കി തീര്‍ത്തു എന്നതാണ്, സത്യം.
ചെന്നൈയിലെ തനിച്ചുള്ള ഫ്‌ലാറ്റ് ജീവിതം ഏറെക്കുറെ മടുത്തിരുന്നെങ്കിലും
ജയനുമായുള്ള നഗരം ചുറ്റല്‍ ഓരോ ദിവസത്തേയും പുത്തനാക്കിക്കൊണ്ടിരുന്നു.
അതിനിടയിലെപ്പോഴാണ്, അവന്‍ ഉള്ളില്‍ കൊരുത്തു വലിച്ചത്...?
ഒപ്പം കൊണ്ടു നടക്കുന്ന ഓര്‍ക്കിഡ് നിറമുള്ള ഡയറിത്താളുകളിലൂടെയോ...
1242011
ഓങ്കോളജി വാര്‍ഡിലെ നിലവിളികളില്‍ അവളുടെ ഞരക്കം എപ്പൊഴും
വേറിട്ടതായിരുന്നു. എവിടെ വച്ചോ കണ്ടു മറന്ന മുഖം പോലെ അവള്‍ വെളുത്ത
വിരിപ്പിട്ട കിടക്കയില്‍ പലപ്പോഴും എന്നോട് ചേര്‍ന്നിരുന്നു.
2242011
ഇന്നവളെനിക്കായി ഒരു പൂവ് വരച്ചു. കടുത്ത വര്‍ണങ്ങളില്‍ അവളത്
വരയ്ക്കുമ്പോള്‍ അസുഖം നിഴല്‍വീഴ്ത്തിയ കണ്ണുകള്‍ക്ക്
തിളക്കമേറിയിരുന്നോ......
1462011
അവള്‍ പിന്നെയും എനിക്കു വേണ്ടി നിറങ്ങള്‍ ചാലിക്കുന്നു. കവിത വായിക്കുന്നതു പോലെ.... ഒരു പ്രണയ............ കവിതയുടെ നൊമ്പരം...
പറയാനാകാത്ത ഒരു നോവില്‍ ഓരോ അക്ഷരങ്ങളും ഡയറിയില്‍ നിന്നിറങ്ങി
ഹൃദയത്തിലേയ്ക്ക് വീണു കത്തുന്നതു പോലെ മായയ്ക്ക് തോന്നി. കണ്ണുകള്‍
എരിഞ്ഞു വരുന്നു, കരയുകയാണോ, അല്ല വികാരരഹിതമായ ഒരു പുഞ്ചിരി പോലുമില്ല
പക്ഷേ ഉള്ളുലഞ്ഞ് നിന്ന മായയുടെ കയ്യില്‍ നിന്ന് ഡയറി വാങ്ങുമ്പോള്‍ ജയന്റെ
കണ്ണുകളും നിറഞ്ഞിരുന്നു.
'സോറി മായാ... '
'എന്തിനാണു ജയന്‍ സോറി... നിനക്കെന്നോട് പ്രണയമാണോ...'
'എനിക്കറിയില്ല മായാ... ചിലപ്പോള്‍ തോന്നും നീ വെറും മായ മാത്രമാണെന്ന്...
ഒന്നും നേടാനും നഷ്ടപ്പെടാനുമില്ലാത്ത ഒരു ജാലവിദ്യ... പക്ഷേ നീ
വരയ്ക്കുന്ന നിറങ്ങള്‍ , നിന്റെ ഗന്ധം, നിന്റെ മൌനം ...'
മായ ചിരിച്ചു ,'അസുഖം ഒരു കുറ്റമല്ലെന്ന് നീ തന്നെ പറയാറുണ്ട്... എങ്കിലും.........
നീയെന്നെ ഇഷ്ടപ്പെടുന്നതിനും എത്രയോ മുന്‍പ് ഞാന്‍ നിന്നെ മോഹിച്ചു തുടങ്ങിയിരുന്നെന്ന് നിനക്കറിയാമോ...'
'ങും... നിന്റെ വരകളില്‍ ഞാനതു വായിച്ചു. ഒരു ദിവസം നിന്നോട് പിണങ്ങിയത് ഓര്‍മ്മയുണ്ടോ? '
കയ്യിലിരുന്ന ഓര്‍ക്കിഡ് ഡയറിയുടെ താളുകള്‍ മറിച്ച് ജയന്‍ അവള്‍ക്കു നേരെ നീട്ടി
12 72011
ഉറക്കമില്ലാത്ത എത്ര രാത്രികള്‍ ...
ആള്‍ക്കൂട്ടത്തിലെ ഒറ്റപ്പെടല്‍ ...
അവളെന്നില്‍ ആഴത്തില്‍ നിറയുമ്പോള്‍ ഭ്രാന്തെടുത്ത് ബോധമില്ലാത്തവനെ പോലെ പാതി രാത്രിയിലെ ലക്ഷ്യമില്ലാത്ത െ്രെഡവിങ്ങ്....
ഓഫീസിനുള്ളിലെ അരക്ഷിതത്വം...
ഇന്ദ്രജാലക്കാരിയെ പോലെ തന്നെ എന്റെ ജീവിതത്തെ തകര്‍ത്തെറിഞ്ഞിട്ട് നീയെവിടെപ്പോയി മായാ............
മായയ്ക്ക് കരച്ചില്‍ വന്നു നിറഞ്ഞു. വിങ്ങി വിങ്ങിയിരിക്കുന്ന ഹൃദയത്തിന്,
പുറത്തേയ്ക്കു പോകാന്‍ ഇടമന്വേഷിച്ച് അവള്‍ ജയന്റെ കയ് പിടിച്ച് കരഞ്ഞു.
മാനസസരോവറില്‍ നിന്ന ഓരോ മിനിറ്റിലും മായ തിരിച്ചറിയുന്നുണ്ടായിരുന്നു ഏതോ
രണ്ട് കണ്ണുകളുടെ വിഷാദച്ഛവി. പലപ്പോഴും ആഴത്തിലുള്ള നോട്ടമേല്‍ക്കുമ്പോലെ
അവള്‍ ഏതോ ദിക്കിലേയ്ക്കു നോക്കി.
ചിരിച്ചു കൊണ്ടു നില്‍ക്കുന്ന നിറമുള്ള പൂക്കള്‍ക്കുമപ്പുറം ഭൌതികതയുടെ
വെളുപ്പിനുമപ്പുറം നിറമില്ലാത്ത എന്തോ ഒന്ന് ക്ഷണിക്കുന്നതു പോലെ. ടൂര്‍
പാക്കേജിലുള്ള മറ്റ് അംഗങ്ങള്‍ ഭക്ഷണം കഴിക്കാനുള്ള തയാറെടുപ്പിലാണ്.
മുന്‍പ് കണ്ട മുത്തശ്ശി ഭക്ഷണം കാണിച്ച് വിളിക്കുന്നുണ്ട്. വിശപ്പില്ലാത്ത
തന്റെ ആമാശയത്തോട് മായയ്ക്ക് ഇഷ്ടം തോന്നി. അത്രയും സമയം മഞ്ഞിലലഞ്ഞ്
നടക്കാനുള്ള കൊതി. യാത്ര സമ്മാനിച്ച വയറുകാളല്‍ തൊട്ടടുത്ത മരത്തിനു
പിറകില്‍ ആരും കാണാതെ ശര്‍ദ്ദിച്ചു കളഞ്ഞ ശേഷം കയ്യിലിരുന്ന പച്ചവെള്ളം
കുടിച്ച് മായ എവിടെയോ ഇരുന്ന് തന്നെ തേടുന്ന കണ്ണുകളിലേയ്ക്ക് നോക്കി.
'വാ അമ്മാ അങ്കെ നിറയെ കാഴ്ചയിറുക്ക്...' ഗൈഡായി ഒപ്പം വന്ന തമിഴന്‍ ദൂരേയ്ക്ക് കൈചൂണ്ടി.
'നോ... ഐ ഡോണ്ട് വാണ്ട് എ ഗൈഡ്.. സോറി'
മുഖപ്രസാദമില്ലാതെ എന്തോ പിറുപിറുത്തു കൊണ്ട് അയാള്‍ പിന്നിലേയ്ക്ക് നടന്നു
പോയി. മുന്നിലുള്ള കാണാത്ത വഴികളിലായിരുന്നു മായയുടെ മിഴികള്‍ .
ജീവിതം എന്ത് വൈവിദ്ധ്യമാണ്... കണ്ടതും കാണാത്തതുമായി എത്ര സത്യങ്ങള്‍ , രഹസ്യങ്ങള്‍ ...
മനസ്സു തന്നെ ഏറ്റവും വലിയ രഹസ്യം, അതിന്റെ ആഴങ്ങളില്‍ ആരുമറിയാതെ
നാമെന്തൊക്കെയാണ്, ഒളിപ്പിച്ചു വയ്ക്കുന്നത്. കുട്ടിക്കാലത്ത് കളിച്ച
ഉരുളന്‍ കല്ലു മുതല്‍ ആദ്യ ചുംബനം വരെ...
പതിവുള്ളതു പോലെ ഓരോ ഓര്‍മ്മയും ജയനിലേയ്ക്കാണ്, അവസാനം
എത്തിപ്പെടുന്നതെങ്കിലും എല്ലാത്തവണയുമെന്ന പോലെ അത് തന്നെ തകര്‍ത്തു
കളയുന്നില്ലല്ലോ എന്നോര്‍ത്ത് മായ അതിശയിച്ചു. തിരിച്ചറിയാനാകാത്ത ഒരു വലയം
തന്റെ ചുറ്റും നിന്ന് ചേര്‍ത്ത് പിടിക്കുന്നതു പോലെ...
ഒരു വിഷാദത്തിനും വിട്ടു കൊടുക്കില്ല എന്ന് വാത്സല്യത്തോടെ പറയുന്നതു പോലെ...
ജയന്റെ കൈകളില്‍ കിടന്ന് സ്വയം മറന്ന് ചിരിച്ച ദിവസങ്ങള്‍ ...
വെളുപ്പാന്‍കാലത്തെ അവന്റെ എക്‌സൈറ്റ്‌മെന്റുകള്‍
കുതിരയുടെ വേഗത്തിലോടുന്ന അവന്റെ ഭ്രാന്ത്...
ഒപ്പമിരുന്ന് ആസ്വദിക്കുന്ന ചുവന്ന മഗ്ഗിലെ ചൂടുള്ള കോഫീ...
ഒടുവില്‍ ഒരിക്കല്‍ അമ്മയുടെ അസുഖത്തിന്റെ വെപ്രാളത്തില്‍ നാട്ടില്‍ പോയ അവന്‍ മറന്നു വച്ചിട്ടു പോയ ഓര്‍ക്കിഡ് നിറമുള്ള ഡയറി
12 62012
മായാ....... എന്റെ ഭ്രാന്ത് നിന്നില്‍ വീണുടയുമ്പോള്‍ ഇനിയീ മണ്ണില്‍ ജീവന്‍ വേണ്ടെന്ന തോന്നല്‍ ...
2282012
ഇനിയുമെത്ര നാള്‍ ... തുലാസിന്റെ രണ്ടു തട്ടും ഒരേ പോലെ തന്നെ...
മായയോടുള്ള പ്രണയമോ അരുണിമയോടുള്ള കടപ്പടോ...
അമ്മയുടെ ഇഷ്ടത്തിനാണെങ്കിലും സ്വന്തമാക്കിയതു മുതല്‍ അവളുടെ നിഷ്‌കളങ്കത ഉള്ളിലിരുന്ന് നോവുന്നു...
അന്ന് ആ ഡയറിയടച്ചു വച്ച് എങ്ങോട്ടെന്നില്ലാതെ കണ്ണുമിഴിച്ചിരുന്ന മായയല്ല ഇപ്പോള്‍ .
പെട്ടെന്ന് അസുഖം വീണ്ടും കൂടി ഐ സി യുവിലെ തണുത്ത ബെഡില്‍ ലോകമറിയാതെ
കിടക്കുമ്പോള്‍ അരികിലിരുന്ന് തലോടുന്ന ജയന്റെ വിരല്‍സ്പര്‍ശം ആത്മാവ്
തിരിച്ചറിയുന്നുണ്ടായിരുന്നു. മനപ്പൂര്‍വ്വ്വം കണ്ണു തുറക്കാത്തതല്ല
വയ്യ...
നിരന്തരമായ ആലോചനകളില്‍ മനസ്സു സൂക്ഷിച്ച് മായ പലപ്പോഴും പിന്നീട് കണ്ണു
തുറക്കാതെ കിടന്നു. ഒരിക്കല്‍ മാത്രം ജയന്റെ മുന്നില്‍ അവള്‍ കരഞ്ഞു.
'അറിഞ്ഞിരുന്നില്ലല്ലോ ജയന്‍ ... നീയെന്നോട് പറഞ്ഞില്ലല്ലോ നിന്റെ വിവാഹ കാര്യം
ഈശ്വരാ എനിക്ക് സ്വയം നീറിയൊടുങ്ങി വയ്യ...
സോറി...'
തല താഴ്ത്തിപ്പിടിച്ച് അവന്‍ നടന്നു മറയുമ്പോള്‍ പകയായിരുന്നില്ല, കുറ്റബോധമായിരുന്നോ...
അതുകൊണ്ടു തന്നെ അസുഖം കുറഞ്ഞപ്പോള്‍ തന്നെ യാത്ര പ്ലാന്‍ ചെയ്യുകയായിരുന്നു. ഒരു മോക്ഷം...
എവിടെയോ എന്തോ കാത്തിരിക്കുന്നത് പോലെ ഒരു തോന്നല്‍
അങ്ങ് മലമടക്കുകളില്‍ അവള്‍ ആ പ്രകാശം വളരെ വ്യക്തമായി അപ്പോള്‍ കണ്ടു.
അത്ര നാള്‍ മനസ്സില്‍ നിറച്ചു വച്ചിരുന്ന സകലതും ഒരു വിഴുപ്പുഭാണ്ഡത്തിലാക്കി മായ നടന്നു.
അസുഖം കവര്‍ന്നെടുത്ത നീണ്ട മുടികളുടെ വിടവ് അവള്‍ക്ക് ആശ്വാസം നല്‍കി.
ഭാരമില്ലാതെയുള്ള ഒരു മലകയറ്റം. ഉള്ളില്‍ നിന്നുയര്‍ന്ന ഒരു വിളി അവളെ
ചലിപ്പിച്ചു കൊണ്ടേയിരുന്നു. അപ്പോഴും താനാരുടേയോ
കണ്ണുകള്‍ക്കുള്ളിലിരുന്ന് ദീപമായി എരിയുകയാണെന്ന തിരിച്ചറിവില്‍ വഴിയിലെ
പാറക്കഷ്ണങ്ങളുണ്ടാക്കിയ മുറിവുകള്‍ അവളെ നോവിച്ചതേയില്ല...
അപ്പോഴും അവളുടെ ഒപ്പം വന്ന മറ്റു സഞ്ചാരികള്‍ ഭക്ഷണം കഴിഞ്ഞ് കാഴ്ചകളന്വേഷിച്ച് യാത്ര തുടങ്ങിയിരുന്നു.
(ഡയമണ്ട് നെക്ലസ് എന്ന സിനിമയില്‍ സംവൃതയുടെ കഥാപാത്രത്തിന്‍റെ ചില നോട്ടങ്ങളേല്‍പ്പിച്ച മുറിവില്‍ നിന്ന് തോന്നിയതാണ്, കഥ)