Image

ക്യൂവില്‍ നില്ക്കാന്‍ ഞാനാര്? (കവിത: ശ്രീകുമാര്‍ പുരുഷോത്തമന്‍

Published on 24 May, 2013
ക്യൂവില്‍ നില്ക്കാന്‍ ഞാനാര്? (കവിത: ശ്രീകുമാര്‍ പുരുഷോത്തമന്‍
ക്യൂവില്‍ നില്ക്കാന്‍ ഞാനാര്
ആരുണ്ടിവിടെ ചോദിക്കാന്‍ ?
വാഗ്വാദത്തിനു മുതിരും മുമ്പേ
അറിയേണം ഞാന്‍ ആരെന്ന്

താരപ്രഭതന്‍ മഹാത്മ്യം
അറിയാത്തവരോ പ്രവാസികള്‍
ഞങ്ങള്‍ കാട്ടും പേക്കൂത്ത്
കണ്ണുംപൂട്ടി സഹിക്കേണം

നിയമവ്യവസ്ഥ ഉഴുതു മറിച്ച്
തേരോടിക്കും ഈ മണ്ണില്‍
എന്നുടെ ഉത്തരവനുവര്‍ത്തിക്കാന്‍
അനുരചര്‍ അനവധി സൂക്ഷിച്ചോ

നീതിവ്യവസ്ഥയെ പാലിക്കേണ്ടോര്‍
വായ്‌ക്കൈ പൊത്തി നിന്നീടും
പാമാരനായൊരു കോരനു മുന്നില്‍
കോമാരമാടും താരം ഞാന്‍

കോരാ നിന്നുടെ സമയത്തെക്കാള്‍
വിലയേറിയതാണെന്‍ സമയം
ക്യൂവില്‍ നിന്ന് സമയം പോക്കാന്‍
സൌകര്യമില്ല ഓര്‍ത്തോളൂ

ഞാനെന്നുള്ളൊരു ഭാവം കണ്ട്
കോരനു മനസില്‍ പലചോദ്യം
ആരാണിവരീ കേരളമനസ്സില്‍
അണുവിട തെറ്റാതുത്തരമെത്തി

നാടന്‍ചേല മുറിക്കും പോലെ
കുരച്ചു പറഞ്ഞു മലയാളം
മലയാളികളുടെ സായംസന്ധ്യയെ
കലുഷിതമാക്കിയ വന്‍നേട്ടം

ഭാഷ സംസ്‌കൃതി സംസ്‌കാരത്തെ
തെരുവില്‍ കെട്ടി കൊടി നാട്ടി
നിന്നുടെ ശബ്ദം കേട്ടാലുടനെ
വിഡ്ഢിപ്പെട്ടിയടയ്ക്കും ലോകം

പ്രവാസികളുടെ രക്തം കൊണ്ട്
കവിതയെഴുതി വളര്‍ന്നു നീ
അവരുടെ ബൗദ്ധിക നിലവാരത്തെ
കാലിന്‍ കീഴിലമര്‍ത്തി നീ

താരപ്രഭയില്‍ ബോധം പോയൊരു
മലയാളിയുടെ അടിമത്തം
മതിവരുവോളം പാനം ചെയ്തു
മതിയാക്കൂ നിന്‍ കോപ്രായം

കൊമ്പുകളുള്ളൊരീ ജാടകളെല്ലാം
കുപ്പത്തൊട്ടിയില്‍ എറിയേണം
നീതി തുലാസില്‍ ഞാനും നീയും
സമാസമമെന്നറിയുക നീ !!!
ക്യൂവില്‍ നില്ക്കാന്‍ ഞാനാര്? (കവിത: ശ്രീകുമാര്‍ പുരുഷോത്തമന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക