Malabar Gold

വായനയുടെ സോപാനത്തില്‍ തിരിതെളിയിച്ച കഥാകാരന്‍ (മനോഹര്‍ തോമസ്‌)

Published on 31 May, 2013
വായനയുടെ സോപാനത്തില്‍ തിരിതെളിയിച്ച കഥാകാരന്‍ (മനോഹര്‍ തോമസ്‌)
എഴുത്തിന്റേയും വായനയുടേയും നാട്ടുക്കൂട്ടമായ സര്‍ഗ്ഗവേദി മുട്ടത്തുവര്‍ക്കിയുടെ നൂറാം ജന്മദിനവാര്‍ഷികം കൊണ്ടാടിയപ്പോള്‍ വേദി പല അസുലഭ നിമിഷങ്ങള്‍ക്കും സാക്ഷ്യംവഹിച്ചു. അനുസ്‌മരണ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലെ വെസ്റ്റ്‌ ചെസ്റ്ററില്‍ സ്ഥിരതാമസമാക്കിയ വര്‍ക്കിസാറിന്റെ രണ്ടാമത്തെ മകന്‍ ജോസഫും മരുമകള്‍ അന്നക്കുട്ടിയും എത്തിയിരുന്നു.

ലളിതസുന്ദരമായ ഭാഷാശൈലികൊണ്ട്‌ കേരള മണ്ണിലെ സാധാരണക്കാരില്‍ സാധാരണക്കാരായ പച്ച മനുഷ്യരുടെ കഥപറഞ്ഞ വര്‍ക്കിസാര്‍ മലയാളിയെ വായനാശീലം പഠിപ്പിക്കുകയായിരുന്നു. ഇതാണ്‌ വേദിയില്‍ സംസാരിച്ച ഓരോരുത്തര്‍ക്കും പറയാനുണ്ടായിരുന്ന പൊതു വാക്യം. മലയാളത്തിന്റെ `Thomas Hardy' എന്ന അപരനാമധേയം ആര്‍ജിച്ച വര്‍ക്കിസാര്‍, മദ്ധ്യതിരുവിതാംകൂറിന്റെ ഭൂമികയില്‍ നിന്നാണ്‌ തന്റെ കഥാപാത്രങ്ങള്‍ക്ക്‌ ജീവന്‍ നല്‍കിയത്‌. ഹാര്‍ഡിയുടെ നോവലുകളില്‍ `Egden Heath' എന്ന ഭൂവിവിഭാഗം ഒരു കഥാപാത്രമായി വരുംപോലെ.

വര്‍ക്കിസാറിന്റെ നോവലുകള്‍ വായിച്ചുവളര്‍ന്ന പത്രപ്രവര്‍ത്തകര്‍ പണ്ട്‌ ഉപയോഗിച്ചിരുന്ന അച്ചടി ഭാഷയില്‍ നിന്നു വ്യത്യസ്‌തമായി, അറിയാതെ, ലളിതസുന്ദര പദാവലികള്‍ ഉപയോഗിക്കാന്‍ തുടങ്ങി എന്ന്‌ ജെയ്‌ മാത്യു തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

ബൈബിളല്ലാതെ വേറെന്ത്‌ വായിച്ചാലും തെറ്റാണ്‌ എന്ന്‌ ചിന്തിച്ചിരുന്ന കാരണവന്മാര്‍ ജീവിച്ചിരുന്ന ക്രിസ്‌തീയ തറവാടുകളിലേക്ക്‌ മലയാളി സമൂഹത്തിലെ സാധാരണക്കാരായ മനുഷ്യരുടെ കാമവും, കോപവും, പകയും, പ്രണയവും, വിഹ്വലതകളും ലളിതസന്ദരമായ ഭാഷയില്‍ പറഞ്ഞ്‌ വര്‍ക്കി സാര്‍ കടന്നുവന്നു. അത്‌ വായന ജനകീയമാക്കുന്നതിന്റെ തുടക്കമായിരുന്നു എന്ന്‌ ജെ. മാത്യൂസ്‌ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

മരുമക്കളായ അന്നക്കുട്ടിയുടെ വാക്കുകള്‍ വര്‍ക്കി സാറിന്റെ വ്യക്തിജീവിതവുമായി തൊട്ടറിയാന്‍ ഒരു അവസരമായി. വളരെ വര്‍ഷങ്ങളായി അമേരിക്കയില്‍ താമസിക്കുന്ന ജോസഫിനും അന്നക്കുട്ടിക്കും തുടര്‍ച്ചയായി കത്തെഴുതിയിരുന്ന വര്‍ക്കി സാര്‍ `ഒരുകാരണവശാലും സന്ധ്യാപ്രാര്‍ത്ഥന മുടക്കരുത്‌' എന്നു നിഷ്‌കര്‍ഷിച്ചിരുന്നു. തുടക്കത്തില്‍ അമേരിക്കയില്‍ വരാന്‍ തീരുമാനിച്ചിരുന്ന വര്‍ക്കിസാര്‍ പിന്നീടത്‌ വേണ്ടെന്നു വെയ്‌ക്കുകയും, അതിന്റെ കാരണം ഹാസ്യരൂപേണ പറഞ്ഞത്‌ `എപ്പോളും വെറ്റില മുറുന്ന ഞാന്‍ അമേരിക്കയെല്ലാം തുപ്പി ചുമപ്പിച്ചുകളയും' എന്നാണ്‌. `നിന്റെ അപ്പച്ചന്‍ മുണ്ടന്‍ചിറ വര്‍ക്കി ഒമ്പതു മക്കളേയും തൂമ്പാ പിടിപ്പിച്ചു വളര്‍ത്തിയപ്പോള്‍, ഞാന്‍ എന്റെ ഒമ്പതു മക്കളേയും പേന പിടിപ്പിച്ചാണ്‌ വളര്‍ത്തിയത്‌' എന്ന്‌ വര്‍ക്കിസാര്‍ പറയുമ്പോള്‍ ഒരു കാലഘട്ടത്തിന്റെ ചരിത്രം അതില്‍ ഉറങ്ങിക്കിടക്കുന്നതായി അന്നക്കുട്ടിക്കു തോന്നി.

കെ.കെ. ജോണ്‍സണ്‍, എം.ടി ആന്റണി, ഡോ. ജോയ്‌ കുഞ്ഞാപ്പു, ഫാ. യോഹന്നാന്‍ ശങ്കരത്തില്‍, എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ഡോ. നന്ദകുമാര്‍, വാസുദേവ്‌ പുളിക്കല്‍, രജീസ്‌ നെടുങ്ങാടപ്പള്ളി, പി.ടി. പൗലോസ്‌, രാജു തോമസ്‌ എന്നിവര്‍ കഥകളും, നോവലുകളും, നാടകങ്ങളും, ബാലസാഹിത്യ കൃതികളും, വിവര്‍ത്തനങ്ങളും, കവിതകളുമായി 132-ഓളം പുസ്‌തകങ്ങള്‍ മലയാള ഭാഷയ്‌ക്ക്‌ സമ്മാനിച്ച മുട്ടത്തുവര്‍ക്കിയുടെ എഴുത്തിന്റെ നാള്‍വഴികളിലൂടെ ഓരോട്ട പ്രദക്ഷിണം നടത്തി.

സര്‍ഗ്ഗവേദിയില്‍ ആ മലയാള പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ ഇംഗ്ലീഷ്‌ പ്രൊഫസറായ ജോണ്‍ മുള്ളന്‍ എത്തിയിരുന്നു എന്നതാണ്‌ ഈ സംരംഭത്തിന്റെ മറ്റൊരു പ്രത്യേകത. അദ്ദേഹം സദസിനെ അഭിസംബോധന ചെയ്‌ത്‌ സംസാരിച്ചു. കുരീപ്പുഴ ശ്രീകുമാറിന്റെ `കീഴാളന്‍' എന്ന കവിത സന്തോഷ്‌ പാലാ അവതരിപ്പിച്ചു.

വേദിയുടെ ഈ സംരംഭത്തിന്‌ ചാരുത നല്‍കിയ മറ്റൊരു കാര്യം, മുട്ടത്തുവര്‍ക്കിയുടെ `ഏതാണീ പെണ്‍കുട്ടി' എന്ന നോവലിലെ കഥാതന്തു ഉരുത്തിരിഞ്ഞപ്പോള്‍ അതിലെ കഥാപാത്രങ്ങളാകാന്‍ കഴിഞ്ഞ ജോയിയും എല്‍സയും സന്നിഹിതരായിരുന്നു എന്നതാണ്‌. അവരും സദസിനെ അഭിസംബോധന ചെയ്‌ത്‌ സംസാരിച്ചു.
വായനയുടെ സോപാനത്തില്‍ തിരിതെളിയിച്ച കഥാകാരന്‍ (മനോഹര്‍ തോമസ്‌)വായനയുടെ സോപാനത്തില്‍ തിരിതെളിയിച്ച കഥാകാരന്‍ (മനോഹര്‍ തോമസ്‌)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക