MediaAppUSA

സ്വപ്നാടനം(നോവല്‍ ഭാഗം-17)- നീന പനയ്ക്കല്‍

നീന പനയ്ക്കല്‍ Published on 04 June, 2013
  സ്വപ്നാടനം(നോവല്‍ ഭാഗം-17)- നീന പനയ്ക്കല്‍
പതിനേഴ്

കിളികള്‍ ചിലയ്ക്കുന്ന ശബ്ദം കേട്ട് ബീനയുണര്‍ന്നു. കണ്ണുകള്‍ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ കണ്‍പോളകള്‍ക്കു ഭാരം. തല വിലങ്ങുന്നതുപോലെ. ബ്‌ളാങ്കറ്റ് തലവഴി മൂടി അല്പനേരം കൂടി കിടക്കാന്‍ അവള്‍ ആഗ്രഹിച്ചു. നേരം നന്നായി വെളുത്തു കഴിഞ്ഞിരിക്കുന്നു. ഇനിയും കിടക്കണ്ട.

ശരീരമാകെ വേദനിക്കുന്നു. എവിടൊക്കെയോ നീറ്റല്‍.

അവള്‍ എഴുന്നേറ്റ് കിടക്കയില്‍ ഇരുന്നു. കഴിഞ്ഞ രാത്രിയിലെ സംഭവങ്ങള്‍ അവളുടെ മനസ്സിലേക്ക് ഓരോന്നായി ഓടിവന്നു.

രാത്രി ഏറെ ചെന്നപ്പോള്‍ ഉറങ്ങാന്‍ പോയത്. ബോബി വന്നത്, ടേസ്റ്റു ചെയ്യാന്‍ വൈന്‍ കുടിച്ചത്, സ്‌നേഹിക്കുന്നു എന്നു പറഞ്ഞിട്ട് ആലിംഗനം ചെയ്തു ഉമ്മകള്‍ തന്നത്..

പിന്നെയൊന്നും ഓര്‍മ്മ വരുന്നില്ല.

പക്ഷെ പിന്നേയും പിന്നേയും ഓര്‍മ്മ വരുന്നതൊന്നുണ്ട് ബോബി പറഞ്ഞ നാലുവാക്കുകള്‍.
ഐ ലവ് യൂ ബീനാ.

അവളുടെ ചുണ്ടുകളില്‍ പുഞ്ചിരി വിരിഞ്ഞു.
ഐ ലവ് യു ടൂ ബോബി.

ബോബി ഉണര്‍ന്നു കാണുമോ. എവിടെയായിരിക്കും അവന്റെ മുറി. എനിക്കവനെ കാണണം. ഐ വാണ്ട് ഹിം ടു കിസ് മീ വൈന്‍ ഐ ആം നാട്ട് സ്ലീപ്പി.( ഉറക്കത്തിലല്ലാതെ തന്നെ അവന്റെ ചുംബനങ്ങള്‍ എനിക്ക് സ്വീകരിക്കണം)

ബീന ബാത്ത്‌റൂമില്‍ കയറി. മുഖം കഴുകി മൃദുവായ ടവ്വല്‍ കൊണ്ട് ഒപ്പി. കണ്ണാടിയിലേക്കു നോക്കി. കണ്‍പോളകള്‍ തടിച്ചിരിക്കുന്നു. കൂമ്പിയ കണ്ണുകളില്‍ ആലസ്യം. ചുണ്ടുകള്‍ വല്ലാതെ ചുവന്നു തുടുത്തിരിക്കുന്നു.

അവള്‍ നൈറ്റി മാറി. സ്വറ്റ്ഷര്‍ട്ടും പാന്റ്‌സും ധരിച്ച് മുറിയില്‍ നിന്നും ഇറങ്ങി. വീടാകെ ഉറങ്ങുകയാണ്. എങ്ങും നിശ്ശബ്ദത. തൊട്ടടുത്ത മുറിയുടെ വാതില്‍പ്പിടിയില്‍ ഒരു കടലാസുബോര്‍ഡ് തൂങ്ങുന്നു.

“ദയവായി ശല്യപ്പെടുത്തരുത്. പ്രത്യേകിച്ചും നീ, ബോബി.” സൂസന്റെ കൈയക്ഷരം കണ്ട് അവള്‍ ചിരിച്ചുപോയി. ബോബിയുടെ മുറി അന്വേഷിച്ച് അവള്‍ മെല്ലെ നടന്നു.

സ്റ്റെയര്‍കേയ്‌സിനരികെ വാതില്‍ പാതിതുറന്നുകിടക്കുന്ന മുറിയുടെ അകത്തുനിന്നും ആരോ സംസാരിക്കുന്ന ശബ്ദം. എളുപ്പം കടന്നുപോകാന്‍ തുടങ്ങവേ ഇടിവെട്ടേറ്റവണ്ണം അവള്‍ നിന്നുപോയി.

'നീ ആ റോട്ടണ്‍ ഇന്‍ഡ്യന്‍ ഗേളിന്റെ മുറിയില്‍നിന്നു വരുന്നതുവരെ ഞാന്‍ ഉറങ്ങാതെ കിടക്കയായിരുന്നു.' ഇടറിയ പുരുഷശബ്ദം.

അലക്‌സിന്റെ ശബ്ദമല്ലേ അത്?

'നിനക്കെങ്ങനെ എന്നോടിത് ചെയ്യാന്‍ കഴിഞ്ഞു ബോബി? ഞാന്‍ നിന്നെ വിശ്വസിച്ചു. നിന്റെ ഏതെങ്കിലും ആഗ്രഹം എന്നെങ്കിലും ഞാന്‍ സാധിച്ചു തരാതിരുന്നിട്ടുണ്ടോ? പിന്നെന്തിന് നീയവളുടെ അടുത്തു പോയി?'

'ഞാന്‍ വെറുതെ അവളുടെ മുറിയില്‍ ഒന്നു പോയെന്നേയുള്ളൂ. സംസാരിച്ചിരിക്കാന്‍.' ബോബി പറയുന്നു.

ഡോണ്‍ട് ലൈ ടു മീ.( എന്നോട് കള്ളം പറയണ്ട) നിന്നെ കുറെ നേരം കാണാതിരുന്നപ്പോള്‍ ഞാനവിടെ വന്നു. വാതില്‍ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ. എല്ലാം ഞാന്‍ കണ്ടു. കരഞ്ഞുകൊണ്ട് അലക്‌സ് പറയുന്നു.

ബോബി ഒന്നും മിണ്ടുന്നില്ല.

'യു ലവ് ഹെര്‍ ബോബി? യു ലവ് എ ഗേള്‍ നൗ? ( നീയവളെ സ്‌നേഹിക്കുന്നോ ബോബീ? ഇപ്പോള്‍ നീയൊരു പെണ്ണിനെ സ്‌നേഹിക്കുന്നോ? നിനക്ക് എങ്ങനെ എന്നെ വഞ്ചിക്കാന്‍ സാധിച്ചു?
ബീനയുടെ ഹൃദയം വല്ലാതെ ഒന്നു പിടഞ്ഞു.

യു ലവ് എ ഗേള്‍ നൗ.. എന്താണതിനര്‍ത്ഥം?

എന്താണ് ബോബി ഒന്നും മിണ്ടാത്തത്?

ഐ ഡോണ്‍ട് ലവ് ഹെര്‍, അലക്‌സ്. ഐ ലവ് യു, ഒണ്‍ലി യു. ( ഞാനവളെ സ്‌നേഹിക്കുന്നില്ല അലക്‌സ്. നിന്നെയാണ് ഞാന്‍ സ്‌നേഹിക്കുന്നത്. നിന്നെ മാത്രം) വൈനിന്റെ ലഹരിയില്‍ അങ്ങനെയൊക്കെ സംഭവിച്ചു. നമ്മള്‍ ലണ്ടനിലേക്കും അവള്‍ അവളുടെ വഴിക്കും പോകും. ഓട്ടീസ് ദ ബിഗ് ഡീല്‍?

ബീനയുടെ തലക്കുള്ളില്‍ വെള്ളിടി വെട്ടി.

മുറിവേറ്റ മൃഗത്തിന്റെ മുരള്‍ച്ചപോലെ ഒന്ന് അവളുടെ ഉള്ളില്‍ നിന്നുയര്‍ന്നു തൊണ്ടയില്‍ കുരുങ്ങി. പിന്നെയത് ശബ്ദമില്ലാത്ത നീണ്ട നിലവിളിയായി.

ശക്തി ചോര്‍ന്നുപോയ കാലുകള്‍ വലിച്ചുകൊണ്ട് അവള്‍ തിരിഞ്ഞ് മുറിയിലേക്ക് ഓടി. വിറയ്ക്കുന്ന കൈകള്‍. കതകടച്ചു ലോക്കിട്ടു. കിടക്കയിലേക്കു വീണു.

താന്‍ ക്രൂരമായി, നീചമായി നിന്ദ്യമായി വഞ്ചിക്കപ്പെട്ടിരിക്കുന്നു. അഭിമാനപൂര്‍വ്വം കാത്തു സൂക്ഷിച്ചതെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു.

ഒരു മനോരോഗിയെ പെര്‍ഫെക്ട് ജന്റില്‍മാന്‍ എന്‌നു വിശ്വസിച്ചു സ്‌നേഹിച്ചു. അവള്‍ ചാടിയെണീറ്റ് ആ കിടക്കിയിലും തന്റെ ശരീരത്തിലും അവജ്ഞയോടെ നോക്കി.

അവള്‍ക്ക് ഛര്‍ദ്ദിക്കാന്‍ തോന്നി. തല പൊട്ടിപ്പോകുന്നതുപോലെ. ഓടി കുളിമുറിയില്‍ കയറി ടോയ്‌ലറ്റിലേക്ക് ഛര്‍ദ്ദിച്ചു. വല്ലാത്ത ദുര്‍ഗന്ധം. കണ്ണുകളും മൂക്കും ഒഴുകി. ശ്വാസം കഴിക്കാന്‍ പ്രയാസം തോന്നി.

ടോയ്‌ലറ്റ് ഫ്‌ളഷ് ചെയ്തു. നൈറ്റിയും അടിവസ്ത്രങ്ങളും ട്രാഷ്‌ക്യാനിലേക്ക് എറിഞ്ഞു. ബാത്ടബ്ബിലേക്ക് കയറി ഷവര്‍ തുറന്നു ചൂടുവെള്ളം ദേഹത്തേക്കു പായിച്ചു. സോപ്പു തേയ്ച്ച് ശരീരം പലവട്ടം ഉരച്ചുകഴുകി.

ഫില്‍ത്തി…ഫില്‍ത്തി…അവള്‍ പിറുപിറുത്തു.

എത്ര കഴുകിയിട്ടും ദേഹത്തു പറ്റിയ അഴുക്കു പോകുന്നില്ല. ശരീരം ശുചിയാവുന്നില്ല. ഉരച്ചുരച്ച് തൊലിയില്‍ രക്തം പൊടിഞ്ഞു.

കുളികഴിഞ്ഞ് വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിച്ച്, ഡഫല്‍ ബാഗിലേക്ക് വസ്ത്രങ്ങള്‍ കുത്തിനിറച്ചു.

വലിയ മാന്‍ഷന്‍! അതില്‍ ജീവിക്കുന്ന അന്തസ്സുള്ള മനുഷ്യര്‍! വീടിനകത്തെ അധഃപതനം പുറത്ത് ആരെങ്കിലും അറിയുന്നുണ്ടോ?

എത്രമാത്രം അധഃപതിച്ചവളായി ഞാന്‍! വെറും നാലഞ്ചു ദിവസത്തെ പരിചയം മാത്രമുള്ള ഒരുത്തനെ ബെഡ്‌റൂമില്‍ കയറാന്‍ അനുവദിച്ചു. വലിയ മാന്‍ഷന്‍ കണ്ടപ്പോള്‍, ധനവാന്മാരുടെ ജീവിതരീതികള്‍ കണ്ടപ്പോള്‍ അതില്‍ ആകൃഷ്ടയായി!!

ഇപ്പോള്‍ മനസ്സിലാകുന്നു ഡാഡി എന്നെ നിയന്ത്രിക്കാന്‍ ശ്രമിച്ചത് എന്തു കൊണ്ടാണെന്ന്. എന്നെ ആരും ചതിക്കാതിരിക്കാന്‍! അഡ്വാന്റേജ് എടുതാരിക്കാന്‍!!

ഐ ആം സോ സോറി ഡാഡി. അവള്‍ ഹൃദയമുരുകി കരഞ്ഞു. ഇറ്റ് ഈസ് ടു ലേറ്റ് നൗ. ഐ ഫെല്‍ ഇന്‍ ഫില്‍ത്ത്.

ഞാനെന്തു ചെയ്യും ഇനി? അവന് വല്ല ചീത്തരോഗവും ഉണ്ടോ. ആര്‍ക്കറിയാം.
ഇനി… ഞാന്‍ ഗര്‍ഭിണിയായാലോ.

അവള്‍ തലയില്‍ കൈവച്ച് ഇരുന്നുപോയി.

വാതിലില്‍ മുട്ടുകേട്ടു.

ബീനാ, ദിസീസ് സൂസന്‍. വേക്ക് അപ്. റൈസ് ആന്റ് ഷൈന്‍. നേരം ഉച്ചയായി.

ബീന സാവാധാനം എഴുന്നേറ്റ് കതകു തുറന്നു.

അവളെ കണ്ട് സൂസന്‍ ഞെട്ടി.

'വാട്ട് ഹാപ്പന്‍ഡ്? ഒരു ഗോസ്റ്റിനെ കണ്ടതുപോലുണ്ടല്ലോ നിന്റെ മുഖം.' അമ്പരന്ന് സൂസന്‍ അവളെ നോക്കി.

എനിക്ക് തീരെ സുഖം തോന്നുന്നില്ല. എന്നെ ഡോമിലേക്ക് വിട്ടേക്കൂ.

'നോ. നോ. നമുക്ക് ഒരു ഡോക്ടറെ കാണാം. തീരെ വയ്യ എന്നു തോന്നുന്നു നിന്നെ കണ്ടിട്ട്.'
'വേണ്ട സൂസന്‍. പ്ലീസ് എന്നെ ഡോമില്‍ വിടൂ.'

അല്പനേരം അവളെ നോക്കി നിന്നിട്ട് സൂസന്‍ നിശ്ശബ്ദയായി മുറിയില്‍നിന്നും ഇറങ്ങിപ്പോയി.

പതിനഞ്ചു മിനിട്ടു കഴിഞ്ഞപ്പോഴേക്കും ഷോഫര്‍ ചാര്‍ലി തയ്യാറായി വന്നു. ബാഗുമായി ബീന ചെന്നപ്പോള്‍ അയാള്‍ കാറിന്റെ ഡോര്‍ തുറന്നു പിടിച്ച് നില്‍ക്കുന്നുണ്ടായിരുന്നു.

നിന്റെ മാതാപിതാക്കളോടും അനുജത്തിയോടും എന്റെ ഗുഡ്‌ബൈ പറഞ്ഞേക്കണം. താങ്ക്‌സ് ഫോര്‍ എവരിതിംഗ്. വിവര്‍ണ്ണമായ മുഖവുമായി നിന്ന സൂസനോടവള്‍ പറഞ്ഞു.

കാറിന്റെ പിന്‍സീറ്റില്‍ അവള്‍ കൂനിക്കൂടി ഇരുന്നു.ഒരക്ഷരം പോലും മിണ്ടാതെയാണ് ചാര്‍ലി കാറോടിച്ചത്. സൂസന്‍ പറഞ്ഞ വാക്കുകള്‍ ബീന ഓര്‍ത്തു. ഗോസ്റ്റിനെ കണ്ടതുപോലെയുണ്ടല്ലോ നിന്റെ മുഖം.

നോ സൂസന്‍ ഐ ബികെം വണ്‍. അവള്‍ മനസ്സില്‍ പറഞ്ഞു.

ബീനയെ ഡോര്‍മിറ്റോറിയില്‍ എത്തിച്ചിട്ട് ചാര്‍ലി പോയി.

ഡോമിലെത്തിയ ഉടനെ ഡയറക്ടറി നോക്കി ഒരു ഗൈനക്കോളജിസ്റ്റിന്റെ ഫോണ്‍ നമ്പര്‍ കണ്ടുപിടിച്ചു.

'ഇതൊരു എമര്‍ജന്‍സിയാണ്. എനിക്ക് ഡോക്ടറെ കാണാന്‍ ഒരു അപ്പോയിന്റ്‌മെന്റു വേണം.' ബീന പറഞ്ഞു.”

“അരമണിക്കൂറിനുള്ളില്‍ നിനക്ക് ക്ലിനിക്കില്‍ എത്താമോ? റിസപ്ഷനിസ്റ്റ് ചോദിച്ചു. ''ഐ ഹാവ് എ ക്യാന്‍സലേഷന്‍.'
'യെസ്.' ക്ലിനിക്കിലേക്കുള്ള വഴി ചോദിച്ചശേഷം അവള്‍ ബാഗുമെടുത്ത് പുറത്തിറങ്ങി.

നടന്ന കാര്യങ്ങള്‍ കുറെയൊക്കെ അവള്‍ ഡോക്ടറോടു പറഞ്ഞു. എവിടെ വെച്ചാണ് അതൊക്കെ സംഭവിച്ചതെന്നോ ആരാണ് കാരണക്കാരന്‍ എന്നോ പറഞ്ഞില്ല.

ഡോകടര്‍ വിശദമായ പരിശോധന നടത്തി.

നീ സംശയിക്കുന്നത് ശരിയാണ്. വൈന്‍ കുടിപ്പിച്ചശേഷം നിന്നെ അഡ്വാന്റേജ് എടുത്തിരിക്കുന്നു. ഞാനിത് പോലീസില്‍ അറിയിക്കാന്‍ പോകയാണ്.

ബീന പരിഭ്രാന്തയായി.

'നോ ഡോക്ടര്‍, പോലീസും കേസും ഒക്കെയായാല്‍ എല്ലാവരും അറിയും. പത്രത്തില്‍ വരും. രണ്ടു കുടുംബങ്ങള്‍ അവഹേളിക്കപ്പെടും. എന്റെ ഭാവിയെ അതു ബാധിക്കും. എനിക്ക് ഒരു പരാതിയുമില്ല.'

ഡോക്ടര്‍ ഒന്നും മിണ്ടാതെ അവലെ നോക്കി.

'എനിക്കു രണ്ടു കാര്യങ്ങള്‍ മാത്രം അറിഞ്ഞാല്‍ മതി. ബീന ഡോക്ടറെ ദയനീയമായി നോക്കി. ഒന്ന് ഞാന്‍ പ്രഗ്നന്റ് ആണോ. ഇണ്ട് അവനില്‍ നിന്ന് വല്ലരോഗവും എനിക്കു പകര്‍ന്നിട്ടുണഅടോ. ഹെല്‍പ് മീ പ്ലീസ് ഡോക്ടര്‍.'

'നിനക്ക് മെഡിക്കല്‍ ഇന്‍ഷൂറന്‍സ് ഉണ്ടോ? കുറെ ടെസ്റ്റുകള്‍ ചെയ്യാന്‍?'

എന്റെ ഡാഡിയുടെ ഇന്‍ഷൂറന്‍സ് കാര്‍ഡുണ്ട്. അവള്‍ പറഞ്ഞു.

ബ്‌ളഡ് ടെസ്റ്റും യൂറിന്‍ ടെസ്റ്റും ചെയ്യാനുള്ള ഏര്‍പ്പാടുകള്‍ അപ്പോള്‍ത്തന്നെ നടത്തി.

ബീനാ. ഞാന്‍ നിനക്ക് ഒരു സൈക്കിയാട്രിസിനെ പരിചയപ്പെടുത്തിത്തരാം. എ വെരി ബ്രിലന്റ് ഡോക്ടര്‍. അവര്‍ക്ക് നിന്നെ പലതരത്തില്‍ സഹായിക്കാന്‍ പറ്റും.

നോ താങ്ക്‌സ്. കഴിയുന്നത്രെ വേഗം ടെസ്റ്റുകളുടെ റിസള്‍ട്ട് എന്നെ അറിയിച്ചാല്‍ മതി.

തിരികെ ഡോമിലെത്തിയ ഉടനെ അവള്‍ വീട്ടിലേക്കു വിളിച്ചു. മേരിക്കുട്ടിയാണ് ഫോണെടുത്തത്.

'മാം. ഐ ആം ബാക്ക്.'

'പാര്‍ട്ടി ആസ്വദിച്ചോ മോളേ, എന്തൊക്കെയുണ്ട് വിശേഷങ്ങള്‍?'

'രസമായിരുന്നു മമ്മീ. ഡാഡിയെ എന്റെ അന്വേഷണമറിയിക്കുക.' അവള്‍ പെട്ടെന്നു ഫോണ്‍ വെച്ചു.

ഈ നേരത്തെല്ലാം സൂസന്‍ ആധിപിടിച്ച് ഇരിക്കയായിരുന്നു. ബീനക്ക് എന്താണ് സംഭവിച്ചത്? രാവിലെ വാതില്‍ തുറന്നപ്പോള്‍ കണ്ട അവളുടെ മുഖം മനസ്സില്‍നിന്ന് മായുന്നില്ല.

ആരോടും ഗുഡ്‌ബൈപോലും പറയാതെ എന്താണവള്‍ ഇത്ര പെട്ടെന്നു പോയത്? ബോബിയെ ഒന്നു കാണാന്‍പോലും അവള്‍ നിന്നില്ലല്ലോ. ഇക്കഴിഞ്ഞ മൂന്നുനാലു ദിവസം പകല്‍ മുഴുവന്‍ അവള്‍ ബോബിയോടൊപ്പമായിരുന്നു. അവര്‍ വലിയ ഫ്രണ്ട്‌സ് ആയിരുന്നു. ഇന്നലെ അവള്‍ ഉറങ്ങാന്‍ പോകുന്നതുവരെ സന്തോഷവതിയായിരുന്നല്ലോ. നേരം പുലരും മുന്‍പ് എന്തെങ്കിലും സംഭവിച്ചോ? എന്താണ് സംഭവിച്ചത്.

ബീനക്ക് അസുഖം പിടിപെട്ടതുതന്നെയായിരിക്കും. അവളെ ഒറ്റക്കുവിട്ടത് മണ്ടത്തരമായിപ്പോയി. ഡോക്ടറുടെ അടുത്തേക്ക് കൊണ്ടു പോകേണ്ടതായിരുന്നു. ചാര്‍ലിയിങ്ങ് എത്തട്ടെ.

സൂസന്‍ മെല്ലെ ബീന ഉപയോഗിച്ച മുറിയിലേക്കു നടന്നു. ചാരിയിരുന്ന വാതില്‍ തുറന്ന് അകത്തു കയറി. അസുഖകരമായ ഒരു നേര്‍ത്ത് ഗന്ധം. അവള്‍ ജനാല തുറന്നു വെച്ചു.

അവളുടെ കണ്ണുകള്‍ മുറിയിലാകെ പരതി. ഒിരിക്കാത്ത കിടക്ക. മേശപ്പുറത്തു മുന്‍പൊന്നും കണ്ടിട്ടില്ലാത്ത കൊച്ചുകൊച്ചു സമ്മാനപ്പൊതികള്‍. ക്രിസ്റ്റല്‍ ഡവ്, പെര്‍ഫ്യൂം, പെന്‍സെറ്റ്, ബ്രോച്ച്. ഇതൊക്കെ ബോബി ബീനക്കു നല്‍കിയതാവണം. ആണെങ്കില്‍ എന്തുകൊണ്ട് അവളിതെല്ലാം ഇവിടെ ഉപേക്ഷിച്ചുപോയി? അവര്‍ തമ്മില്‍ വല്ല വഴക്കുമുണ്ടായോ?

സൂസന്‍ ബോബിയുടെ മുറിയുടെ വാതിലില്‍ മുട്ടി.

'യെസ്'. വാതില്‍ തുറന്ന് അവന്‍ ചോദിച്ചു.

എന്റെ കൂടെ വരൂ. എനിക്ക് ചിലത് ചോദിക്കാനുണ്ട്. അവനേയും കൊണ്ട് സൂസന്‍ ബീന ഉപയോഗിച്ച മുറിയിലേക്കു ചെന്നു. ബോബി വാതില്‍ക്കല്‍ നിന്നതേയുള്ളൂ.

'ഇതെല്ലാം നീ ബീനക്കു കൊടുത്ത ഗിഫ്ടുകളല്ലേ?'

'യെസ്.'

അവന് ഒന്നും മനസ്സിലായില്ല.

'ഇന്നലെ രാത്രിയില്‍ എന്തു സംഭവിച്ചു? നിങ്ങള്‍ തമ്മില്‍ വഴക്കുണ്ടായോ?'

'ഇല്ല. എന്താ ചോദിച്ചത്? അവളെവിടെ?'

'അവള്‍ ഡോമിലേക്ക് തിരികെപ്പോയി. ആരോടും ഗുഡ്‌ബൈപോലും പറയാതെ. സുഖമില്ലെന്നു പറഞ്ഞു.'

അലക്‌സ് അപ്പോള്‍ അവിടേക്കു വന്നു.

'ഈസ് എവരിതിങ് ഓള്‍ റൈറ്റ്?'

'യെസ്. യെസ്. സൂസന്റെ കൂട്ടുകാരി തിരിച്ചുപോയി. ഞങ്ങള്‍ അക്കാര്യം സംസാരിക്കയായിരുന്നു.'

അലക്‌സ് തിരിഞ്ഞു നടന്നു. പിന്നാലെ ബോബിയും. സൂസന്‍ ബാത്ത്‌റൂമിലേക്കുചെന്നു. അതിനകത്ത് നിന്നാണ് ദുര്‍ഗന്ധം വരുന്നത്.

അവള്‍ സുഖമില്ലെന്നു പറഞ്ഞത് സത്യം തന്നെ.

ടോയ്‌ലറ്റിലേക്ക് ഛര്‍ദിച്ചിരിക്കുന്നു.

ബീനയുടെ വിലപിടിച്ച നൈറ്റ്ഗൗണ്‍ ട്രാഷ്‌കാനില്‍ കിടക്കുന്നു. അഴുക്കായത് ഡ്രൈക്ലീന്‍ ചെയ്താല്‍ മതിയാരുന്നില്ലേ.

മുറി ക്ലീന്‍ ചെയ്യാന്‍ ഏര്‍പ്പാടാക്കിയശേഷം അവള്‍ ഫോണെടുത്ത് ബീനയെ വിളിച്ചു. ആരും ഫോണെടുത്തില്ല.

അവള്‍ ഡോക്ടറെ കാണാന്‍ പോയതായിരിക്കുമോ. വൈകുന്നേരം അവള്‍ വീണ്ടും വിളിച്ചു. അപ്പോള്‍ ബീന മുറിയിലുണ്ടായിരുന്നു.

'ഹൗ ആര്‍ യൂ ബീനാ? നിനക്ക് എങ്ങനെയുണ്ട്. ഞാന്‍ ശരിക്കും പരിഭ്രമിച്ചിരിക്കയാണ്.'

എനിക്കു കുഴപ്പമൊന്നുമില്ല. വിളിച്ചതിനു നന്ദി. ബീന ഫോണ്‍ വെച്ചു.

സൂസന്റെ നെറ്റിച്ചുളിഞ്ഞു.

വൈ ഡിഡി ഷി ഹാംഗ് അപ്പാണ്‍ മീ?

കോളേജു തുറന്നു.

ബീന സൂസനെ ഒഴിഞ്ഞുമാറി നടന്നു. അവളുടെ മുറിയുടെ വാതിലില്‍ സൂസന്‍ പലതവണ മുട്ടിവിളിച്ചു. ബീന വാതില്‍ തുറന്നില്ല.

സഹികെട്ട് സൂസന്‍, ബീന ക്ലാസു കഴിഞ്ഞു വരുന്ന സമയം നോക്കി മുറിയുടെ മുന്നില്‍ കാത്തുനിന്നു.
ഓകെ. ബീനാ, എനിക്കു കാര്യമറിയണം. നീയെന്താ എന്നോടിങ്ങനെ പെരുമാറുന്നത്? ഞാന്‍ നിന്നോട് എന്തെങ്കിലും തെറ്റു ചെയ്‌തോ?

ഇല്ല നീയൊന്നും ചെയ്തില്ല. ബീന മുറിതുറന്ന് വേഗം അകത്തു കയറി വാതിലടച്ചു.
സൂസന്‍ വീണ്ടും വാതിലില്‍ മുട്ടി.

എനിക്കു നിന്നെ കാണണ്ട. ഗോ എവേ. ബീന വിളിച്ചു പറഞ്ഞു.

ഒരു വിശദീകരണം കിട്ടാതെ ഞാനിവിടെ നിന്നും പോവില്ല. സൂസന്‍ മുട്ടിക്കൊണ്ടിരുന്നു.
ബീന വാതില്‍ തുറന്നു.

പോകാന്‍ പറഞ്ഞാല്‍ പോവില്ലേ നീ? മുഷിച്ചിലോടെ അവള്‍ ചോദിച്ചു.

നോ. സൂസന്‍ അതിക്രമിച്ച് അകത്തുകയറി.

'ബീനാ, പ്ലീസ്. നീ എന്തിനെന്നെ വെറുക്കുന്നു? അസുഖം വന്നതു കൊണ്ടാണോ? ആണെന്നു പറഞ്ഞആല്‍ ഞാന്‍ വിശ്വസിക്കില്ല. ബോബി തന്ന സമ്മാനങ്ങള്‍ നീ എടുക്കാതെ പോന്നതെന്തുകൊണ്ടാണഅ? അവനോട് നീ ഗുഡ്‌ബൈ പറയാത്തതെന്തുകൊണ്ടാണ്? അവനോട് നീ ഗുഡ്‌ബൈ പറയാത്തതെന്തുകൊണ്ടാണ്?'

ബോബിയുടെ പേരുകേട്ടപ്പോള്‍ ബീനയുടെ മുഖഭാവം മാറി. അവള്‍ ഉച്ചത്തില്‍ അലറി.

'നീ എന്തിനെന്നെ ഇങ്ങനെ ശല്യപ്പെടുത്തുന്നു? നിനക്കെന്താണ് വേണ്ടത്? ഈ റോട്ടണ്‍ ഇന്‍ഡ്യന്‍ ഗേളില്‍ നിന്ന് നിനക്കിനി എന്താണ് വേണ്ടത്?'

സൂസന്‍ അമ്പരന്നുപോയി. അവള്‍ക്ക് സ്വന്തം കാതുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. എന്താണ് ഈ കേട്ടത്? റോട്ടണ്‍ ഇന്‍ഡ്യന്‍ ഗേളോ? സ്വപ്നത്തില്‍പ്പോലും താന്‍ ബീനയെക്കുറിച്ച് അങ്ങനെ ചിന്തിച്ചിട്ടില്ലല്ലോ.

'നീയെന്താ ബീനാ ഈ പറയുന്നത്? യു ആര്‍ എ ബ്യൂട്ടിഫുള്‍, ബ്രില്യന്റ്, ഡീസന്റ്, ലവിംഗ് യംഗ് ലേഡി. യു ആര്‍ മൈ ബെസ്റ്റ് ഫ്രണ്ട്…'

പക്ഷേ, നിന്റെ ബ്രദറിന്റെ ബോയ്ഫ്രണ്ടിന്റെ അഭിപ്രായം അതല്ല. അവന് ഞാനൊരു റോട്ടണ്‍ ഇന്‍ഡ്യന്‍ ഗേളാണ്.

“വാട്ട് വാട്ട് ഡ് യു മീന്‍? എന്താ നീ പറഞ്ഞത്? എന്തു ബോയ്ഫ്രണ്ട്?”

ബീന വാതില്‍ തുറന്നു പിടിച്ചു. 'നിന്നോട് പോകാനാണ് ഞാന്‍ പറയുന്നത്. എന്നെ വെറുതെ വിട്ടേക്ക്. നിന്നെയോ നിന്നെപ്പോലുള്ള വരെയോ എനിക്കിനി കാണണ്ട. അറിയണ്ട.'

വിളറിയ മുഖവുമായി സൂസന്‍ മുറിയില്‍ നിന്നിറങ്ങി. ബീന വാതില്‍ ആഞ്ഞടിച്ചു. സൂസന്‍ ഞെട്ടിപ്പോയി.

കെമിസ്ട്രി ക്ലാസ് നടക്കുകയാണ്. ബീനയുടെ ശരീരത്തില്‍ വല്ലാത്ത ചൊറിച്ചില്‍. പുഴുക്കള്‍ അരിച്ചു നടക്കുന്നതുുപോലെ. ഇരിക്കാന്‍ സാധിക്കുന്നില്ല. ക്ലാസില്‍ ശ്രദ്ധിക്കാന്‍ സാധിക്കുന്നില്ല. അവള്‍ ഞെരിപിരികൊണ്ടു.

ക്ലാസ് കഴിഞ്ഞ് റൂമിലേക്ക് ഓടി. ആന്റി ബാക്ടീരിയല്‍ സോപ്പു തേച്ച് പലതവണ ദേഹം കഴുകി.
ശരീരമാകെ മോയിസ്ച്ചറൈസിംഗ് ക്രീം തേച്ചുപിടിപ്പിച്ചു പുതുതായി ഇസ്തിരിയിട്ട വസ്ത്രങ്ങള്‍ അണിഞ്ഞ് ക്ലാസിലേക്ക് ഓടി.

ദിവസങ്ങള്‍ നീങ്ങുന്നില്ല ബീനക്ക്. ഈ നശിച്ച 'ഇച്ചിം
ഗ് '!!!

ബ്‌ളഡ് ടെസ്റ്റിന്റെ റിസള്‍ട്ട് ഇതുവരെ കിട്ടിയില്ല. ഒരു പക്ഷേ താന്‍ ക്ലാസിലായിരുന്നപ്പോള്‍ ഡോക്ടര്‍ വിളിച്ചു കാണുമോ? എന്തായാലും ക്ലിനിക്കിലേക്ക് ഒന്നു വിളിച്ചു നോക്കാം.

ഡയറക്ടറി നോക്കി ക്ലിനിക്കിന്റെ നമ്പര്‍ കണ്ടുപിടിച്ച് അവള്‍ വിറയ്ക്കുന്ന കൈവിരലുകളോടെ ഓരോ അക്കവും ഡയല്‍ ചെയ്തു.

അപ്പോഴും ദേഹമാസകലം ചൊറിയുന്നുണ്ടായിരുന്നു.

ദൈവമേ എന്തായിരിക്കും റിസള്‍ട്ട്?

ഫോണ്‍ ബെല്ലടിക്കുന്നതും കേട്ട് റിസീവര്‍ ചെവിയിലമര്‍ത്തി ബീന ഉല്‍ക്കണ്ഠയോടെ നിന്നു.

Previous Page Link: http://www.emalayalee.com/varthaFull.php?newsId=51325
  സ്വപ്നാടനം(നോവല്‍ ഭാഗം-17)- നീന പനയ്ക്കല്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക