Image

സങ്കീര്‍ത്തനത്തില്‍ സംഭവിക്കുന്നത്: ശ്രീ പാര്‍വതി

Published on 06 June, 2013
സങ്കീര്‍ത്തനത്തില്‍ സംഭവിക്കുന്നത്: ശ്രീ പാര്‍വതി
ഇത് ഒരിക്കലും ഒരു നോവല്‍ നിരൂപണം അല്ല എന്ന് ആദ്യമേ പറയട്ടെ. എന്റെ ഒരു ആദ്യ വായനയില്‍ ഞാന്‍ അനുഭവിച്ച തികച്ചും വ്യക്തി പരമായ അനുഭവങ്ങള്‍ മാത്രമാണിത്. 'ഒരു സങ്കീര്‍ത്തനം പോലെ', ഞാന്‍ വായിച്ചിട്ട് കുറേയായിരിക്കുന്നു, അതിനു മുന്‍പ് വരെ പെരുമ്പടവം ശ്രീധരന്‍ എന്ന എഴുത്തുകാരന്‍ എന്റെ ചുരുങ്ങിയ വായനാ ലോകത്ത് എത്തി നോക്കിയിരുന്നില്ല.
അന്നയും ദസ്‌തേവ്‌സ്‌കിയും എനിക്കു തുറന്നു തന്നത് ആലീസ് പണ്ടെന്നോ തുറന്നിട്ടിരുന്ന അദ്ഭുതങ്ങളുടേയോ സന്തോഷത്തിന്റേയോ ഒക്കെ ലോകമായിരുന്നു. പ്രണയത്തിന്റെ വല്ലാത്തൊരു മാസ്മരികത ഞാന്‍ ദസ്‌തേവ്‌സ്‌കിയില്‍ നിന്നറിഞ്ഞു. പലപ്പോഴും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട അന്നയുടെ മുഖമായിരുന്നു എനിക്ക് ആ വായനയ്ക്കു ശേഷം. ദസ്‌തേവ്‌സ്‌കി എന്റെ ഓര്‍മ്മകളെ എരിയിക്കുന്നതായും ഹൃദയത്തെ വല്ലാതെ തുടിപ്പിക്കുന്നതായും ഞാന്‍ മനസ്സിലാക്കി.
അതേ ദസ്‌തേവ്‌സ്‌കിയോട് എനിക്ക് പ്രണയം തോന്നി തുടങ്ങിയിരുന്നു. വായന തുടങ്ങി ഒറ്റയിരുപ്പിലാണ്, ഞാന്‍ സങ്കീര്‍ത്തനം വായിച്ചു തീര്‍ത്തത്. കുറ്റവും ശിക്ഷയുമെഴുതിയ ആ ചൂതാട്ടക്കാരനു ജീവിതം ഒരു ഞാണിന്‍മേല്‍ കളിയായിരുന്നു. അന്ന ആ ജീവിതത്തിലേയ്ക്ക് കടന്നു വന്നത് തികച്ചും യാദൃശ്ചികമായി.
തീര്‍ത്തും സ്വകാര്യമായ വേദനയാണ്, എഴുത്ത്. പക്ഷെ ഒരു പൂവിനെ നിര്‍ബന്ധിപ്പിച്ച് വിടര്‍ത്തുന്ന പോലെയാണ്, ഒരു കരാറുകാരനു വേണ്ടിയുള്ള എഴുത്ത്. വാക്കുകളുടെ ആധിക്യം മനസ്‌തോഭമുണ്ടാക്കും, അത്തരം സാഹചര്യമാണ്, അന്നയുടെ കടന്നു വരവൊരുക്കിയത്. ആ നോവല്‍ വായിച്ചു തീരുന്നത് വരെ അന്നയ്ക്ക് എന്റെ മുഖമായിരുന്നു. ഇടയ്ക്കിടെ ദസ്‌തേവ്‌സ്‌കിയെ ആവേശിക്കുന്ന അപസ്മാരത്തില്‍ അദ്ദേഹം തളര്‍ന്നു പോകുമ്പോള്‍ ഒന്നാശ്വസിപ്പിക്കാന്‍ ആഗ്രഹിച്ചു.
പക്ഷെ ആ വാക്കുകളില്‍ തട്ടി ഹൃദയം മുറിയുകയാണുണ്ടായത്. മദ്യപിച്ചു കൂടി ഇരിക്കുന്ന നേരമാണെങ്കില്‍ പിന്നെ ജീവന്‍ എരിഞ്ഞടങ്ങുന്ന പ്രതീതി. ദസ്‌തേവ്‌സ്‌കിയെ ഒരു നല്ല മനുഷ്യനായി കാണാനൊന്നും ഒരിക്കലും ഞാനാഗ്രഹിച്ചിട്ടില്ല, ഇപ്പോള്‍ അദ്ദേഹം എന്താണോ അങ്ങനെ തന്നെയാണ്, അദ്ദേഹത്തെ സ്‌നേഹിക്കാന്‍ ഞാനാഗ്രഹിച്ചത്.
തന്റെ തന്നെ നോവലിലെ കഥാപാത്രങ്ങളുമായി അദ്ദേഹത്തിന്റെ ചെറിയ അടുപ്പം പോലും എന്നില്‍ അസൂയയുണ്ടാക്കി. ഇത്ര മാത്രം ഞാന്‍ ജീവിച്ച ഒരു കൃതിയുണ്ടായിട്ടില്ല. വായനയ്ക്കു ശേഷവും ഇത്ര ഓര്‍മ്മയിലേയ്ക്ക് തിങ്ങിക്കൂടി കയറി വന്ന കഥാപാത്രങ്ങളും അപൂര്‍വ്വം. സങ്കീര്‍ത്തനം പോലെ യ്ക്കു ശേഷം പെരുമ്പടവം എഴുതിയ കൃതികള്‍ എവീടെ കിട്ടിയാലും ഞാന്‍ ആര്‍ത്തിയോടെ വായിക്കുമായിരുന്നു.
അത്രയേറെ ആ കൃതിയും ഭാഷയും എന്നില്‍ സ്വാധീനിച്ചത്. പക്ഷെ ദുഖകരമെന്ന് പറയട്ടെ, പിന്നീട് അദ്ദേഹത്തിന്റേതായി വായിച്ച ഒറ്റ കൃതിയ്ക്കും ആ ഊര്‍ജ്ജമുണ്ടായിരുന്നില്ല.
ഒരു വാക്കു പോലും മനസ്സിനെ വീര്‍ത്തു പൊട്ടാന്‍ പാകത്തിനാക്കാനുള്ളതായിരുന്നില്ല.
ഒരു ജന്‍മത്തില്‍ ഒരു കലാകാരനു ഒരു മാസ്റ്റര്‍പീസ് മാത്രമേ കഴിയൂ എന്ന് മനസ്സിലാക്കുന്നു. പക്ഷെ നോവലിന്റെ കാര്യത്തിലില്ലെങ്കിലും ചെറുകഥകളുടെ കാര്യത്തില്‍ പെരുമ്പടവം ആ ഹൃദയത്തിലെ ദൈവത്തിന്റെ കയ്യൊപ്പ് മായ്ക്കാതിരിക്കാന്‍ ശ്രമിക്കുന്നുണ്ട്.
സങ്കീര്‍ത്തനം പോലെ വായനയ്ക്കു ശേഷമുണ്ടായ രസകരമായ ഒരു കാര്യം ഞാന്‍ എന്റെ പേരു അന്ന എന്ന് പരിഷ്‌കരിച്ചതാണ്. അങ്ങനെ ആരെങ്കിലും വിളിച്ചു കേള്‍ക്കാന്‍ ഞാനാഗ്രഹിച്ചു.
എന്റെ സൌഹൃദങ്ങള്‍ പ്രണയങ്ങളായി മാറാത്തതെന്തെന്നോര്‍ത്ത് വ്യസനിച്ചു. പക്ഷെ ദസ്‌തേവ്‌സ്‌കിയ്ക്ക് പകരമം ദസ്‌തേവ്‌സ്‌കി മാത്രം എന്ന സത്യത്തില്‍ ഞാന്‍ എന്റെ സ്വപ്നങ്ങള്‍ ഒളിപ്പിച്ചു വച്ചു. ഏറെക്കാലം അന്നയുടെ ഹൃദയവുമായി ഞാന്‍ നടന്നു.
തികച്ചും സ്വപ്നജീവിയായ എനിക്ക് അത്‌നു സാദ്ധ്യവുമായിരുന്നു. ഇപ്പോള്‍ വര്‍ഷങ്ങളെത്ര കടന്നു പോയി. വികാരങ്ങള്‍ വിചാരങ്ങളായപ്പോഴും അന്നയുടെ ഹൃദയം ഇന്നും എന്റെ നെഞ്ചിലിരുന്ന് തുടിക്കുന്നുണ്ട്. ഭ്രാന്തമായ വികാരങ്ങളില്‍ പെട്ട് നശിച്ചു പോകുമായിരുന്ന ദസ്‌തേവ്‌സ്‌കിയുടെ ഹൃദയവും ഇന്ന് എന്നോടൊപ്പമുണ്ട്, അല്ലെങ്കിലും അന്നയും ദസ്‌തേവ്‌സ്‌കിയുമാണല്ലോ ചേരേണ്ടതും.
'ഒരു സങ്കീര്‍ത്തനം പോലെ' വീണ്ടും ഒരിക്കല്‍ കൂടി വായിക്കാനുള്ള ധൈര്യം എനിക്കുണ്ടായിട്ടില്ല. മനസ്സിലെ വിഗ്രഹങ്ങള്‍ തച്ചുടയ്ക്കാന്‍ മോഹമില്ലാത്തതു കൊണ്ട് മാത്രമാണ്, വായിക്കാത്തത്.
കടന്നു പോയ വര്‍ഷങ്ങള്‍ എന്നിലെ വികാരങ്ങളെ മാറ്റിയേക്കുമോ എന്ന് ഭയം. എന്തിനിനിയും ഒരു പുനര്‍ വായന? അന്നയും ദസ്‌തേവ്‌സ്‌കിയും എന്റെ ഒപ്പമുണ്ടല്ലോ, പ്രണയത്തിനു പുതിയ ഭാവങ്ങള്‍ നല്‍കി കൊണ്ട്. അതു മതി, വായന പൂര്‍ണ്ണമാകാന്‍
സങ്കീര്‍ത്തനത്തില്‍ സംഭവിക്കുന്നത്: ശ്രീ പാര്‍വതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക