Malabar Gold

സ്വപ്നാടനം(നോവല്‍ ഭാഗം-18)- നീന പനയ്ക്കല്‍

നീന പനയ്ക്കല്‍ Published on 10 June, 2013
സ്വപ്നാടനം(നോവല്‍ ഭാഗം-18)- നീന പനയ്ക്കല്‍
പതിനെട്ട്

ഡോക്ടര്‍ കോഹന്‍ ലൈനില്‍ വന്നു.

ബീനക്കു ഭയം തോന്നി. എന്തായിരിക്കും ഡോക്ടര്‍ കോഹന്‍ പറയുക? “ഡോക്ടര്‍ ദിസീസ് ബീന.”

“ഹലോ ദെയര്‍. ഐ ഹാവ് ഗുഡ് ന്യൂസ്, ഒണ്‍ലി ഗുഡ്‌ന്യൂസ് ഫോര്‍ യൂ. എല്ലാ ടെസ്റ്റുകളുടേയും റിസള്‍ട്ട്‌സ് ഇതാ എന്റെ മുന്നിലിരിക്കുന്നു. എല്ലാം നെഗറ്റീവാണ്. യു ആര്‍ ക്ലീന്‍. യാതൊരസുഖവും നിന്നെ ബാധിച്ചിട്ടില്ല.”

'താങ്ക്യൂ ഡോക്ടര്‍.'

അവള്‍ക്കു പറഞ്ഞറിയിക്കാനാവാത്ത സന്തോഷവും ആശ്വാസവും തോന്നി. പക്ഷെ, ഈ ചൊറിച്ചില്‍ മാറുന്നില്ലല്ലോ.

'ബട്ട് ഐ ഹാവ് ദിസ് ഇച്ചിംഗ് ഡോക്ടര്‍. ചൊറിഞ്ഞു ചൊറിഞ്ഞ് എന്റെ ശരീരം മുഴുവന്‍ തിണര്‍പ്പു വീണിരിക്കുന്നു.'

'എന്തിന്റേയെങ്കിലും അലര്‍ജിയായിരിക്കും. ഞാനൊന്നു നോക്കട്ടെ. നിനക്ക് എപ്പോള്‍ വരാന്‍ സാധിക്കും?'

“റൈറ്റ് നൗ'”

ബീന ക്ലിനിക്കിലേക്ക് പുറപ്പെട്ടു.

ഡോക്ടര്‍ കോഹന്‍ നടുങ്ങിപ്പോയി. ബീനയുടെ കഴുത്തിനു താഴെ പാദംവരെ ചൊറിഞ്ഞ് തടിച്ച് ഉറങ്ങിയ പാടുകള്‍. ചില സ്ഥലത്തു രക്തം ഉണങ്ങി കട്ടപിടിച്ചിരിക്കുന്നു.

ഡോക്ടര്‍ അവള്‍ക്ക് ആന്റിബയോട്ടിക്ക്‌സിനു കുറിച്ചു കൊടുത്തു. രാത്രിയില്‍ ഉറങ്ങാനുള്ള മരുന്നിനും.

'കഴിയുന്നതും ചൊറിയാതിരിക്കണം ബീനാ.'

'ശരി ഡോക്ടര്‍.'

'ബീനാ, നീയൊരു മനോരോഗ വിദഗ്ദ്ധനെ കാണണം. അതു നിനക്ക് ഗുണം ചെയ്യും.'

ആഴ്ചയൊന്നു കഴിഞ്ഞു.

ശരീരത്തിലുള്ള ചൊറിച്ചില്‍ മാറി. പക്ഷെ പുഴുവരിച്ചു നടക്കുന്നതു പോലെയുള്ള തോന്നല്‍ മാത്രം മാറിയില്ല.

ഡോക്ടറോടു പറഞ്ഞാല്‍ സൈക്കിയാട്രിസ്റ്റിനെ കാണാന്‍ പറയും. അതില്‍ അവള്‍ക്കു താല്പര്യമില്ല. മാത്രമല്ല മനോരോഗ വിദഗ്ദ്ധരില്‍ വിശ്വാസവുമില്ല. മനോരോഗ വിദഗ്ദ്ധരും ശകലം 'വട്ടു'കള്‍ ആണെന്നാണ് അവള്‍ മനസ്സിലാക്കിയിട്ടുള്ളത്.

അല്ലെങ്കിലും ആ ചതിയന്റെ കാര്യങ്ങള്‍ മറ്റൊരാളിനോടു പറയുന്നതെങ്ങനെ? അവന്‍ നോര്‍മല്‍ ആയിരുന്നെങ്കില്‍ ഇത്രയേറെ അവജ്ഞത എനിക്ക് എന്നോടുതന്നെ തോന്നുകയില്ലായിരുന്നു.

വൃത്തികെട്ടവന്‍. മനോരോഗി, സ്വവര്‍ഗ്ഗഭോഗി.

ജീവിതത്തില്‍ ഒരിക്കലും ഞാനിനി ഒരു പുരുഷനെ വിശ്വസിക്കില്ല… ഒരുത്തനും എന്നെ തൊടാന്‍ ഞാന്‍ സമ്മതിക്കില്ല. ഐ വില്‍ കില്‍ ഹിം. അവള്‍ പല്ലിറുമ്മി.

വീട്ടില്‍ നിന്ന് ഡാഡിയുടെ ചെക്കുവന്നു. വീട്ടിലേക്ക് ഒന്നു വിളിക്കാന് അവള്‍ക്കു തോന്നിയില്ല.

വിശപ്പില്ല, ദാഹമില്ല, പഠിക്കണമെന്നില്ല. എപ്പോഴും കിടക്കണം. ഭയങ്കര ക്ഷീണം.

ബീന ഡിപ്രഷനിലേക്ക് വീഴുകയായിരുന്നു.
………………………………………..
സൂസന്‍ പിന്നെ ബീനയെ ശല്യപ്പെടുത്തിയില്ല. അവളുടെ മുറിയില്‍ നിന്നും അപമാനിതയായി ഇറങ്ങിപ്പോന്നപ്പോള്‍ മുതല്‍ മനസ്സില്‍ തികട്ടിത്തികട്ടി ഒരു വാചകം കടന്നുവന്നുകൊണ്ടിരിക്കുന്നു. 'നിന്റെ സഹോദരന്റെ ബോയ്ഫ്രണ്ടിന്റെ അഭിപ്രായം അതല്ല.'

അലക്‌സ് ബോബിയുടെ ബോയ്ഫ്രണ്ടോ?

അതിന്റെയര്‍ത്ഥം…?

ബീനയെ റോട്ടണ്‍ ഇന്‍ഡ്യന്‍ ഗേള്‍ എന്ന് അലക്‌സ് വിളിച്ചതെന്തിന്?

സത്യമറിഞ്ഞിട്ടു മതി ബാക്കികാര്യങ്ങള്‍.

ബോബിയും അലക്‌സും ലണ്ടനിലേക്കു പോകാന്‍ ഇനി ദിവസങ്ങളേയുള്ളൂ.

സൂസന്‍ വീട്ടിലേക്കു വിളിച്ചു. അവളുടെ ഡാഡിയാണ് ഫോണെടുത്തത്.

'വാട്ടീസ് ഇറ്റ് പ്രിന്‍സസ്?'

'എനിക്കിന്നുതന്നെ വീട്ടിലേക്കു വരണം ഡാഡീ. ചാര്‍ലിയെ ഒന്നു വിടൂ പ്ലീസ്.'

'നാളെ ക്ലാസില്ലേ?'

'ഉണ്ട്. പക്ഷേ അതിലും പ്രധാനമാണിത്.'

ചാര്‍ലി വന്ന് സൂസനെ കൂട്ടിക്കൊണ്ടുപോയി.

അത്താഴം കഴിഞ്ഞ് എല്ലാവരും ലൈബ്രറിയില്‍ വരണമെന്ന് സൂസന്‍ ആവശ്യപ്പെട്ടു.

ആദ്യം അവളുടെ ഡാഡിയാണ് വന്നത്. പിന്നാലെ മമ്മിയും ഡെബിയും. ഏറ്റവും ഒടുവില്‍ ബോബിയും അലക്‌സും.

'പാര്‍ട്ടി കഴിഞ്ഞതിന്റെ പിറ്റേദിവസം ബീന ആരോടും ഗുഡ്‌ബൈ പറയാതെയാണ് പോയത്. സൂസന്‍ തുടക്കമിട്ടു. 'അതിന്റെ കാരണമെന്താണെന് ആരെങ്കിലും ചിന്തിച്ചോ?'

ഞാനല്പം അതിശയിക്കാതിരുന്നില്ല. പക്ഷെ ഉറങ്ങുന്നവരെ ഉണര്‍ത്താതിരിക്കാനുള്ള വിവേകം അവള്‍ക്കുള്ളതുഥകൊണ്ടാണെന്ന് വിചാരിച്ചു പിന്നീട്. മിസ്റ്റര്‍ ഹ്യൂസ് പുഞ്ചിരിച്ചു.

വിവേകം കൂടിയിട്ടല്ല ഡാഡീ. ഈ വീട്ടില്‍ വെച്ച് ആരോ അവളെ റോട്ടണ്‍ ഇന്‍ഡ്യന്‍ ഗേള്‍ എന്നു വിളിച്ചു.

ബോബി നടുങ്ങി. അലക്‌സിന്റെ മുകം വിളറിവെളുത്തു. സൂസന്റെ ഡാഡി അമ്പരന്നു. മമ്മി ശ്വാസം നിലച്ചതുപോലെ സ്തംഭിച്ചിരുന്നു. ഒന്നും മനസ്സിലാകാതെ ഡെബി എല്ലാവരേയും മാറിമാറി നോക്കി.

'ബീനയെ ആരാണങ്ങനെ വിളിച്ചത്?'ഡെബി ചോദിച്ചു.

'ബോബിയുടെ ഫ്രണ്ട് അലക്‌സ്. അല്ലാതെയാര്?' സൂസന്‍ പല്ലുകടിച്ചു.

ഒരു ബോംബുപൊട്ടുന്നതുപോലെയായിരുന്നു ആ വെളിപ്പെടുത്തല്‍.

'ബോബീ, എന്താണുണ്ടായത്?' ക്ഷോഭം അടക്കി മി.ഹ്യൂസ് ചോദിച്ചു. ബോബി ഒന്നും മിണ്ടാതെ തലയും താഴ്ത്തി ഇരുന്നതേയുള്ളൂ.

'ഞാന്‍ നിന്നോടാണ് സംസാരിക്കുന്നത്. എനിക്ക് ഉത്തരം കിട്ടണം. എനിക്ക് സത്യമറിയണം.'

ഉച്ചത്തിലുള്ള ശബ്ദം കേട്ട് ബോബി ഞെട്ടി. അവന് മറുപടി പറയാതിരിക്കാന്‍ കഴിഞ്ഞില്ല.

'ബീനയും ഞാനും കൂടി അന്ന് കുറച്ചധികം വൈന്‍ കുടിച്ചു. ഞങ്ങള്‍ വെറുതെ സംസാരിച്ചിക്കയായിരുന്നു. അതുമിതുമൊക്കെ പറഞ്ഞ് ഒടുവിലത് കിടക്കയിലാണ് അവസാനിച്ചത്?'

'ബീന വൈന്‍ കുടിക്കില്ല. ഡാഡീ. സൂസന്‍ ഇടക്കു കയറി. ഒരു ലിക്കറും അവള്‍ കുടിക്കില്ല.'

'സോറി ഡാഡ്. ഞാന്‍ സൂത്രത്തില്‍ അവളെ കുടിപ്പിച്ചതാണ്. എല്ലാം എന്റെ തെറ്റാണ്. എനിക്ക് ശരിക്കും വ്യസനമുണ്ട്.'

'ഡെബീ, നീ പോയിക്കിടന്ന് ഉറങ്ങ്.' ഒരല്പം കര്‍ക്കശസ്വരത്തില്‍ മിസ്സിസ് ഹ്യൂസ് പറഞ്ഞു.

മനസ്സില്ലാമനസ്സോടെ അവള്‍ പോയി.

ബോബി ചെയ്തത് ക്രിമിനല്‍ ഒഫന്‍സാണ്. ഇവന്‍ ആ കുട്ടിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നു. ബീന പോലീസില്‍ പരാതിപ്പെട്ടിരുന്നെങ്കില്‍ ഇന്നവന്‍ ജയിലില്‍ കിടക്കുമായിരുന്നു. ഹ്യൂസ് ഫാമിലിയുടെ അന്തസ്സ്…' മിസ്റ്റര്‍ ഹ്യൂസ് ആകെ വിറച്ചു. കോപംകൊണ്ട്.

'അലക്‌സ് അവളെ റോട്ടണ്‍ എന്നു പറയാന്‍ കാരണമെന്ത്? ബോബിയുടേയും ബീനയുടേയും ബന്ധത്തില്‍ അലക്‌സിന് എന്തു കാര്യം? ഇറ്റ് ഈസ് നണ്‍ ഓഫ് ഹിസ് ബിസിനസ്?' മിസ്സിസ് ഹ്യൂസ് ചോദിച്ചു.

സംസാരിച്ചപ്പോള്‍ അവര്‍ അലക്‌സിനെ നോക്കിയില്ല. ആ കണ്ണുകളില്‍ അവനോടുള്ള വെറുപ്പ് പ്രകടമായിരുന്നു.

അതിനുള്ള ഉത്തരവും ഞാന്‍ പറയാം. സൂസന്‍ എഴുന്നേറ്റു. നാലുപേരും അവളെ നോക്കി.

'അലക്‌സ് ബോബിയുടെ ബോയ്ഫ്രണ്ടാണ്. അവളോടുള്ള അസൂയ കൊണ്ടാണഅ അലക്‌സ് അവളെ റോട്ടണ്‍ ഇന്‍ഡ്യന്‍ ഗേള്‍ എന്നു വിളിച്ചത്.'

അലക്‌സ് വിയര്‍ത്തു കുളിച്ചു. തലയും കുമ്പിട്ട് അവന്‍ കസേരയില്‍ ചുരുങ്ങിക്കൂടി ഇരുന്നു.

മിസ്റ്റര്‍ ഹ്യൂസിന്റെ മുഖം ചുവന്നു. മതിയായോ എന്ന മട്ടില്‍ അദ്ദേഹം ഭാര്യയെ നോക്കി.

മിസ്സിസ് ഹ്യൂസ് വിളറിവെളുത്തു. നീണ്ട വിരലുകള്‍ കൊണ്ട് അവര്‍ വായ്‌പൊത്തി. ഉള്ളിലെ കരച്ചില്‍ പുറത്തുവരാതിരിക്കാനെന്നോണം.

'ഇവന്‍ കാരണം എനിക്ക് എന്റെ ബെസ്റ്റ് ഫ്രണ്ടിനെ നഷ്ടപ്പെട്ടു. ബീന ഇന്നെന്നെ അങ്ങേയറ്റം വെറുക്കുന്നു. ഞാനാണ് അവളെ ബോബിയൊടൊപ്പം പുറത്തു പോകാന്‍ പ്രേരിപ്പിച്ചത്. അവളുടെയുള്ളില്‍ ഇവനോട് പ്രതിപത്തിയുണ്ടാവാന്‍ ഞാനാണ് കാരണക്കാരി. പക്ഷെ അവളുടെ സ്‌നേഹത്തെ ഈ ദ്രോഹി മുതലെടുത്തു.' സൂസന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

'ഈ ഫാമിലിയുടെ പ്രശസ്തി, റെപ്യൂട്ടേഷന്‍ എല്ലാം ഇവന്‍ നശിപ്പിച്ചു'- മിസ്റ്റര്‍ ഹ്യൂസ് ഹതാശനായി മകളെ നോക്കി- മ'ദ്യം കൊടുത്തു മയക്കി അവളെ ഉപദ്രവിച്ചതു മാത്രമല്ല, ഈ ഫാമിലിയിലെ ഒരേ ഒരു ആണ്‍തരി ഹോമോസെക്ഷ്വല്‍ ആണെന്ന് ലോകം മുഴുവന്‍ അറിയാനും കൂടി ഇടവരുത്തുകയല്ലേ ഇവന്‍ ചെയ്തത്, ആ കുട്ടി കേസ് ഫയല്‍ ചെയ്തിരിന്നെങ്കില്‍?'

'നീയിനി ലണ്ടനിലേക്കു പോകണ്ട. മി.ഹ്യൂസ് ബോബിയടെ നേര്‍ക്കു തിരിഞ്ഞു. അതൊരു ആജ്ഞയായിരുന്നു. 'ഇവിടെയുള്ള ഏതെങ്കിലും കോളേജില്‍ ചേര്‍ന്നാല്‍ മതി. അല്ലെങ്കില്‍ ഇവിടെയുള്ള നമ്മുടെ ഏതെങ്കിലും പ്ലാന്റില്‍ ജോലിയില്‍ പ്രവേശിക്കുക. ഞാന്‍ നിനക്കു മുന്നറിയിപ്പു തരികയാണ്. ഒരു കഴുകനെപ്പോലെ നിന്നെ ഞാന്‍ നിരീക്ഷിച്ചുകൊണ്ടിരിക്കും. നേരെയുള്ള വഴിയിലൂടെയല്ല നീ സഞ്ചരിക്കുന്നത് എന്നെനിക്ക് ബോധ്യമായാല്‍, പിന്നെ നിന്നെ എന്റെ മകനായി കണക്കാക്കുകയില്ല. ഐ വില്‍ ഡിഡ് ഇന്‍ഹെറിറ്റ് യു. െഎ പ്രോമിസ്.'

'ഇനി നിന്റെ കൂട്ടുകാരന്റെ കാര്യം. അവന്‍ ആരായാലും ശരി, ഈ നിമിഷം ഈ വീട്ടില്‍ നിന്നിറങ്ങണം.'

അലക്‌സും ബോബിയും മുറിവിട്ടു പോയി.

ഹ്യൂസ് മകളുടെ മുഖത്തേക്കു നോക്കി. അവള്‍ തേങ്ങിക്കരയുകയായിരുന്നു. അവളുടെ നൊമ്പരം കണ്ട് അദ്ദേഹത്തിന്റെ നെഞ്ചുരുകി.

എന്റെ സകലസമ്പത്തും ഞാന്‍ ഉപേക്ഷിക്കാമായിരുന്നു മകളേ, ഈ നടന്നതെല്ലാം നടന്നില്ല എന്നു വരുത്താനാവുമായിരുന്നെങ്കില്‍.

മൂന്നു ഹൃദയങ്ങള്‍ കണ്ണീരോടെ നിന്നു.
…….
മാസംതോറും ചെക്കയച്ചുകൊടുക്കുന്നതു കിട്ടിയാല്‍ ബീന വീട്ടിലേക്കു വിളിച്ച് അറിയിക്കാറുള്ളതാണ്. ഇപ്രവാശ്യം ചെക്കയച്ചിട്ട് അവളുടെ പതിവ് വിളികിട്ടിയില്ല. സൂസന്റെ വീട്ടില്‍ പാര്‍ട്ടിക്കു പോയിട്ടുതിരികെ വന്നശേഷം മമ്മിയെ വിളിച്ച് ഒരു മിനിട്ടുപോലും സംസാരിച്ചില്ല.

ജോസിന് സങ്കടം തോന്നി.

വളര്‍ത്തി വലുതാക്കിയവരെ അന്യരായിക്കാണാന്‍ കുഞ്ഞുങ്ങള്‍ക്ക് എത്ര എളുപ്പം സാധിക്കുന്നു! പക്ഷെ എനിക്കവളെ വിളിക്കാതിരിക്കാന്‍ സാധിക്കില്ല.

പകല്‍ രണ്ടുമൂന്നുതവണ ജോസ് ബീനയുടെ മുറിയിലേക്കു വിളിച്ചു. അവള്‍ ഫോണെടുത്തില്ല.

രാത്രിയില്‍ വീണ്ടും വിളിച്ചു. ഫലമുണ്ടായില്ല. ഈ രാത്രിയില്‍ അവള്‍ എവിടെ പോയിരിക്കുന്നു.

പിറ്റേന്നു രാവിലെ ആറുമണിക്കു വിളിച്ചു. ഫോണ്‍ 'ബിസി' ആയിരുന്നു. അവള്‍ ആരൊടോ സംസാരിക്കുകയാണ്. അവള്‍ മുറിയിലുണ്ടല്ലോ. ആശ്വാസം.

ഓഫീസില്‍ പോകുന്നതിനുമുന്‍പ് വീണ്ടും വിളിച്ചു. അപ്പോഴും ഫോണ്‍ ബിസി.
അവിടെ എന്താണ് നടക്കുന്നത്? അയാളുടെ നെറ്റിചുളിഞ്ഞു.

ഒരു ഉള്‍പ്രേരണയാല്‍ അയാള്‍ ഡോം അധികരെ വിളിച്ചു. സെക്യൂരിറ്റി ഓഫീസറെ കിട്ടി.

“ബീനയുടെ മുറിയില്‍ ചെന്നു നോക്കിയിട്ട് ഉടന്‍ അങ്ങോട്ടു വിളിക്കാം.” ഓഫീസര്‍ പറഞ്ഞു.
പതിനഞ്ചു മിനിട്ടെടുത്തു ഓഫീസര്‍ തിരികെ വിളിക്കാന്‍.

'സോറി സാര്‍' സെക്യൂരിറ്റി ഓഫീസര്‍ ജോസിനോടു പറഞ്ഞു. 'നിങ്ങളുടെ മകളുടെ ഫോണ്‍ ക്രെയ്ഡിലില്‍ നിന്നു മാറിക്കിടക്കയായിരുന്നു. അതുകൊണ്ടാണ് ബിസി സിഗ്നല്‍ കിട്ടിക്കൊണ്ടിരുന്നത്. ബീന മുറിയിലുണ്ട്. അവളെ ഞങ്ങള്‍ മെമ്മോറിയല്‍ ഹോസ്പിറ്റലിലേക്കു കൊണ്ടുപോവുകയാണ്. ആംബുലന്‍സ് ഇപ്പോഴെത്തും.'

“വാട്ട് ഹാപ്പന്‍ഡ്?” ജോസ് ഫോണിലൂടെ അലറി.

'എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് ഞങ്ങള്‍ക്കറിയില്ല. ദയവായി സമാധാനപ്പെടൂ സര്‍. ഞാന്‍ താങ്കളെ വിളിച്ച് വിവരങ്ങള്‍ അറിയിച്ചു കൊണ്ടിരിക്കാം.'

'ഡോണ്‍ട് ബോദര്‍. ഞങ്ങള്‍ അങ്ങോട്ടു വരികയാണ്.'

ജോസും മേരിക്കുട്ടിയും ഓഫീസിലേക്ക് വിളിച്ചു പറഞ്ഞ് അവധി വാങ്ങി. ജോസ് ട്രാവല്‍ ഏജന്റിനെ വിളിക്കുന്ന സമയം മേരിക്കുട്ടി അത്യാവശ്യം വേണ്ട സാധനങ്ങള്‍ ഒരു വലിയ സ്യൂട്ട്‌കേസിലാക്കി. പ്ലെയിനില്‍ രണ്ടു ടിക്കറ്റുകള്‍ ശരിയാക്കിയശേഷം ജോസ് സൂസിയെ വിളിച്ചു.

'ബീനക്ക് നല്ല സുഖമില്ല. ഞങ്ങള്‍ അങ്ങോട്ടു പോകയാണ്.'

'എന്തസുഖമാ അച്ചായാ?'

'അറിയില്ല കുഞ്ഞേ. ഞങ്ങള്‍ അങ്ങെത്തിയിട്ട് വിളിക്കാം.' വിവരമറിഞ്ഞ് അന്ന വീട്ടിലേക്കു വിളിച്ച്, ഫിലിപ്പ് സാറിനെ കാര്യമറിയിച്ചു. ഫിലിപ്പ് സാര്‍ ജോസിന്റെ വീട്ടിലെത്തി. പരമാര്‍ത്ഥമെല്ലാം ജോസ് ഫിലിപ്പ് സാറിനോടു തുറന്നു പറഞ്ഞു.

'റീത്താന്റിയെ ഒന്നു വിളിക്കണ്ടേ?' മേരിക്കുട്ടി ചോദിച്ചു.

'വേണ്ട. വിഷമിക്കും. വന്നിട്ട് അറിഞ്ഞാല്‍ മതി.'

ഫിലിപ്പ് സാര്‍ ജോസിനേയും മേരിക്കുട്ടിയേയും എയര്‍പ്പോര്‍ട്ടിലേക്കു കൊണ്ടുപോയി.
ആര്‍ക്കും ഒരിക്കലും ഊഹിക്കാന്‍പോലും സാധിക്കാത്ത മാസികാവസ്ഥയിലായിരുന്നു ജോസും മേരിക്കുട്ടിയും.

പ്ലെയിന്‍ ഇറങ്ങഇ കസ്റ്റംസും കഴിഞ്ഞ് നേരെ മെമ്മോറിയല്‍ ഹോസ്പിറ്റലിലേക്കാണ് അവര്‍ പോയത്. എമര്‍ജന്‍സി റൂമിനടത്തുള്ള നേഴ്‌സസ് സ്റ്റേഷനു മുന്നില്‍ പിടിയ്ക്കുന്ന ഹൃദയവുമായി അവര്‍ നിന്നു.

'ഹലോ, എന്റെ പേര് ലാറന്‍സ്. ഇവിടെ നേഴ്‌സാണ്. ഹൗ മേ ഐ ഹെല്‍പ്പ് യു? പച്ചനിറത്തിലുള്ള ടോപ്പണിഞ്ഞ ഒരു നേഴ്‌സ് അവരുടെ അടുത്തേക്കു വന്നു ചോദിച്ചു.

എന്റെ പേര് ജോസ്. ഇതെന്റെ ഭാര്യ. മെരിലാണ്ടില്‍നിന്നും വരികയാണ്. ഞങ്ങളുടെ മകളെ ഇന്നു രാവിലെ ഇവിടെ കൊണ്ടുവന്നു. അവള്‍ ഏതു മിറിയിലാണെന്നറിയില്ല.

'എന്താണ് പേഷ്യന്റിന്റെ പേര്?'

'ബീന.സി.ജോസഫ്.'

'അഞ്ചാം നിലയിലാണ്. റൂം 512. എലിവേറ്റര്‍ വലതുവശത്തുണ്ട്.' നേഴ്‌സ് കംപ്യൂട്ടറില്‍ നോക്കിയിട്ട് പറഞ്ഞു.

'താങ്ക്‌സ്.'
വിസിറ്റേഴ്‌സിന്റെ സമയമല്ലാതിരുന്നതിനാല്‍ ഫ്‌ളോറില്‍ ആരെയും കണ്ടില്ല.

ബീനയുടെ ബെഡ്ഡിനരികില്‍ എന്തോ ചെയ്തുകൊണ്ടിരുന്ന ഒരു നേഴ്‌സ് ശബ്ദം കേട്ട് തിരിഞ്ഞുനോക്കി.
'ബീനയുടെ പാരന്റ്‌സാണോ നിങ്ങള്‍?' പുഞ്ചിരിയോടെ അവര്‍ ചോദിച്ചു.

'അതെ. എന്താണ് ഞങ്ങളുടെ മകള്‍ക്ക്? ഹൗ ഈസ് ഷീ?'

'ബീന ഈസ് സ്ലീപ്പിംഗ്. നിങ്ങളിവിടെ ഇരിക്കൂ. ഞാന്‍ പോയി ഡോക്ടറെ വിളിക്കാം.'

പരിക്ഷീണയായി കണ്ണുകളടച്ചു കിടക്കുന്ന ബീനയെ കണ്ട് മേരിക്കുട്ടി കരയാന്‍ തുടങ്ങി.

'കരയണ്ട. പ്ലീസ്. ഷി ഈസ് ഓകെ.'

നേഴ്‌സ് മുറിവിട്ടു പോയി. അഞ്ചു മിനിട്ടു കഴിഞ്ഞപ്പോള്‍ വെള്ളക്കോട്ടിട്ട ഒരു യുവാവ് മുറിയിലേക്കു വന്നു.

'ഞാന്‍ ഡോ.മാര്‍ക്ക് ആണ്ടേഴ്‌സണ്‍. നിങ്ങള്‍ ബീനയുടെ മാതാപിതാക്കളാണെന്ന് ഞാന്‍ ഊഹിക്കുന്നു.'

'അതെ. ഡോക്ടര്‍. എന്തുപറ്റി ബീനക്ക്? എന്താ അവളുടെ അസുഖം?'

ഡോക്ടര്‍ ചിരിച്ചു. 'ഈ പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് സാധാരണ വരാറുള്ള അസുഖം തന്നെ. കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ ശരീരം 'സ്‌കിന്നി'(മെലിഞ്ഞത്) ആക്കാന്‍ ശ്രമിക്കും. എത്രത്തോളം മെലിയുമോ അത്രത്തോളം സൗന്ദര്യം വര്‍ദ്ധിച്ചു എന്നവര്‍ വിശ്വസിക്കും. ഒന്നും തിന്നാതെയും കുടിക്കാതെയും ബീനയുടെ ശരീരം ക്ഷീണിച്ചു. ഡീഹൈഡ്രേറ്റു ചെയ്തു. ഇപ്പോള്‍ അപകടമേഖല കഴിഞ്ഞു. ഏറെ താമസിക്കുന്നതിനുമുന്‍പ് കോളേജ് അധികൃതര്‍ ബീനയെ ഇവിടെ എത്തിച്ചു.'

ജോസും മേരിക്കുട്ടിയും ദീര്‍ഘമായൊന്നു നിശ്വസിച്ചു.

ബീന സുഖം പ്രാപിക്കുകയാണല്ലോ അല്ലേ? മേരിക്കുട്ടിക്ക് സംശയം ബാക്കിനില്‍ക്കുന്നു.

'തീര്‍ച്ചയായും. ഏറ്റവും നല്ല ചികിത്സയാണിവിടെ കിട്ടുന്നത്. ഷി ഈസ് ഇന്‍ ഗുഡ് ഹാന്‍ഡ്‌സ്.'

ഡോര്‍മിറ്റോറി അധികൃതരോട് ജോസിന് വല്ലാത്ത ദേഷ്യം തോന്നി. ഇക്കണക്കിന് കൊച്ചു മുറിയില്‍ മരിച്ചുകിടന്നാലും ആരും അ
റിയില്ലായിരുന്നല്ലോ.

ഓര്‍ത്തപ്പോള്‍ അയാളുടെ ഹൃദയം കിടിലം കൊണ്ടു.

'നിങ്ങള്‍ എവിടെ താമസിക്കുന്നു?' ഡോക്ടര്‍ ചോദിച്ചു.

'ഇവിടടുത്ത് ഒരു ഹോട്ടലില്‍ മുറിയെടുക്കണം.'

'വിശ്രമിക്കുക. നമുക്ക് നാളെ വീണ്ടും കാണാം.' ഡോക്ടര്‍ പോയി.

ബീന ഉണരുന്നതുവരെ ജോസും മേരിക്കുട്ടിയും അവളുടെ മുറിയില്‍ തന്നെ ഇരുന്നു.

മമ്മിയേയും ഡാഡിയേയും കണ്ടപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി.

'എന്തൊരു മണ്ടത്തരമാ മോളേ നീ കാണിച്ചത്?' അവളുടെ കൈയില്‍ തലോടിക്കൊണ്ട് മേരിക്കുട്ടി ചോദിച്ചു. 'ഞങ്ങള്‍ ഒരുപാടു പേടിച്ചു.'

'സോറി മാം. സോറി ഡാഡ്. നിങ്ങളെ വേദനിപ്പിക്കണം എന്ന ചിന്തയേ എനിക്കില്ലായിരുന്നു. എങ്കിലും നിങ്ങള്‍ വന്നതില്‍ എനിക്കതിയായ സന്തോഷമുണ്ട്.'

ഹോട്ടലില്‍ മുറിയെടുത്തശേഷം ജോസ് സൂസിയെ വിളിച്ചു. അവള്‍ ഉറങ്ങാതെ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയായിരുന്നു.

'ബീനക്ക് ഒന്നുമില്ല മോളേ. വണ്ണം കുറയ്ക്കാന്‍വേണ്ടി ഒന്നും തിന്നാതെയും കുടിക്കാതെയും തളര്‍ന്നു വീണതാ. ഇപ്പോഴവള്‍ക്ക് ഒന്നുമില്ല. ക്ഷീണം മാറിയാല്‍ മാത്രം മതി.'

സൂസിക്ക് സമാധാനമായി. 'ഇപ്പോഴത്തെ ചെറുപ്പക്കാരുടെ സൗന്ദര്യബോധം! ഇനി ബിന്ദുവിനോടും പറയണം. അധികം ഡയറ്റൊന്നും നോക്കണ്ട' എന്ന് അവള്‍ ചിരിച്ചുകൊണ്ട് ഫോണ്‍ വെച്ചു.
രാവിലെ ആശുപത്രിയില്‍ വെച്ച് ജോസ് ബീനയോടു പറഞ്ഞു: 'സൂസിയാന്റി അന്വേഷണം അറിയിച്ചിരിക്കുന്നു. അവള്‍ പരിഭ്രമിച്ചിരിക്കുകയായിരുന്നു.'

'ആരോടും ഒന്നും പറയേണ്ടായിരുന്നു.' അവള്‍ മുഖം തിരിച്ചു.

'നിന്റെ ബ്ലഡ്‌റിലേഷനാണ് അവള്‍ . നീ സൂസിയേയും ബിന്ദുവിനേയും അന്യരായി കാണരുത്.' ജോസ് ഉപദേശിച്ചു.

പിറ്റേന്നു രാവിലെ ബീനയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. ഡോമിലെ മുറിയില്‍ വന്നപ്പോള്‍ അവിടെ രണ്ടു വലിയ ഫ്‌ളവര്‍ ബാസ്‌ക്കറ്റുകള്‍ ഇരിപ്പുണ്ടായിരുന്നു.
ഒന്ന് ഡോം അധികൃതരുടേത്.

മറ്റേത് സൂസന്റെ വക.

സൂസന്റെ ബാസ്‌ക്കറ്റില്‍ 'ഗെറ്റ് വെല്‍' കാര്‍ഡിനോടൊപ്പം അവള്‍ വരച്ചുണ്ടാക്കിയ ഒരു കാര്‍ഡും ഉണ്ടായിരുന്നു. ക്ഷമ ചോദിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രം വരച്ച കാര്‍ഡ്.

ആ ചിത്രത്തിനു താഴെ സോറി എന്ന് സൂസന്‍ എഴുതിയിരുന്നു.

ഒരു മലവെള്ളച്ചാട്ടംപോലെ ഓര്‍മ്മകള്‍ അവളുടെ മനസ്സിലേക്ക് കുതിച്ചു വന്നു. അവള്‍ തളര്‍ന്നുപോയി.

'എനിക്കൊന്നു കുളിക്കണം മമ്മീ.' അവള്‍ വേഗം കുളിമുറിയിലേക്കു കയറി. മതിവരുവോളം കരഞ്ഞു.
 
ബീനയുടെ മേശപ്പുറത്ത് ക്ലാസ് നോട്ടുകളും ബുക്കുകളും കുമിഞ്ഞുക്കൂടിക്കിടക്കുന്നു. അടുക്കും ചിട്ടയുമുള്ള പെണ്‍കുട്ടിയായിരുന്നല്ലോ ബീന... മേരിക്കുട്ടി ബുക്കുകള്‍ അടുക്കിവെക്കാന്‍ ഒരു ശ്രമം നടത്തി.
വാരിക്കൂട്ടിയിട്ടിരുന്ന ക്ലാസ് നോട്ടുകള്‍ക്കിടയില്‍ ഒരു കമ്പ്യൂട്ടര്‍ പ്രന്റ് ഔട്ട് അവളുടെ ശ്രദ്ധയില്‍പ്പെട്ടു. ഗൈനക്കോളജിസ്റ്റ് ബീന ജോസഫിന് അയച്ചു കൊടുത്ത പ്രിന്റൗട്ട്.

'എന്തായിത്?' അല്പം ഉറക്കെ അവള്‍ പറഞ്ഞുപോയി. ജോസ് വന്ന് അതു വാങ്ങി നോക്കി. ബീന വിവധതരം ടെസ്റ്റുകള്‍ നടത്തിയ റിപ്പോര്‍ട്ട്. അതില്‍ പ്രഗ്നന്‍സിയുണ്ട്, എച്ച്.ഐ.വി.യുണ്ട് പിന്നെന്തൊക്കെയോ ഉണ്ട് എല്ലാറ്റിന്റേയും റിസള്‍ട്ടും അയാള്‍ വായിച്ചു.

ജോസിന്റെ മുഖം വിളറിയിരുന്നു. മേരിക്കുട്ടി ആലംബത്തിനായി അയാളുടെ കൈയില്‍ ദൃഢമായി പിടിച്ചു.
Previous Page Link: http://www.emalayalee.com/varthaFull.php?newsId=51867
സ്വപ്നാടനം(നോവല്‍ ഭാഗം-18)- നീന പനയ്ക്കല്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക