MediaAppUSA

പെണ്ണൊരുമ്പെട്ടാല്‍ (നര്‍മ്മം)- ജോസ് ചെരിപുറം

ജോസ് ചെരിപുറം Published on 17 June, 2013
പെണ്ണൊരുമ്പെട്ടാല്‍ (നര്‍മ്മം)- ജോസ് ചെരിപുറം
മലയാളഭാഷയ്ക്ക് ശ്രേഷ്ഠഭാഷാപദവി ലഭിച്ചതില്‍, മലയാളികളായ നമുക്ക് അഭിമാനിക്കാം. അന്തസ്സോടെ തലയുയര്‍ത്തി നില്‍ക്കാം. കേരളമെന്നു കേട്ടാല്‍ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍ എന്നാണല്ലോ കവി വാക്യം. വയസ്സന്മാരായ ആദ്യ തലമുറയ്ക്ക് ഇനി ചോരതിളയ്ക്കണമെങ്കില്‍ വല്ല ഉത്തേജകമരുന്നും കഴിക്കണം. രോമാഞ്ചകഞ്ചുകമണിയണമെന്നു പറഞ്ഞാല്‍ രോമമില്ലാത്ത അവസ്ഥയാണിപ്പോള്‍. പുതിയ തലമുറയ്ക്ക് ഇതൊന്നും ഒരു പ്രശനമല്ല അവര്‍ക്ക് അമേരിക്കന്‍ എക്കണോമി എവിടെ പോകുന്നു എന്നറിഞ്ഞാല്‍ മതി. ആത്മാഭിമാന പുളകിതരായ ന്യൂയോര്‍ക്കിലെ ഒരു സാംസ്‌ക്കാരിക സംഘടനയുടെ ആജീവനാന്ത പ്രസിഡന്റായ മാ.ക്രി. മത്തായി(മലയാളത്തോടുള്ള അമിതമായ സ്‌നേഹം മൂലം മാത്തോട്ടത്തില് ക്രിസ്റ്റഫര്‍ മകന്‍ മത്തായി . M.C.Mathai എന്നുള്ളത് മലയാളീകരിച്ചാണ് മാക്രി മത്തായിയായത്). അദ്ദേഹത്തിന്റെ ശരീരഘടനയും, ഉന്തിയ വയറും ശോഷിച്ച കൈകാലുകളും അവസരത്തിലും അനവസരത്തിലും പുറപ്പെടുവിക്കുന്ന ക്രാ ക്രാ, ശബ്ദങ്ങളുടെ പേരിനെ അന്വര്‍ത്ഥമാക്കുന്നു. മാക്രി മത്തായിയുടെ ശുഷ്‌കിച്ച മസ്തിഷ്‌കത്തില്‍ നിന്നും ഉദിച്ച ഒരു ആശയമാണ് ഉടനടി ഒരു സമ്മേളനം കൂടി നമ്മുടെ ഭാഷയ്ക്ക് ശ്രേഷ്ഠ പദവി കിട്ടാന്‍ കാരണഭൂതരായവരെ ഒന്ന് ആദരിക്കുക അനുമോദിക്കുക.
ഇപ്പോള്‍ പഴയതുപോലെ ആള്‍ക്കാരെ കിട്ടാന്‍ ബുദ്ധിമുട്ടാണ് അതുകൊണ്ട് മീറ്റിംഗിന് വരുന്നവരെ പ്രലോഭിപ്പിക്കാനായ്, അമേരിക്കന്‍ കവിയായ മൈക്കണ്ടം മണി കണ്ഠനെഴുതിയ പാരടി അയിലപൊരിച്ചതുണ്ട് എന്ന സ്റ്റൈലില്‍ “പോര്‍ഗീസ് പൊരിച്ചതുണ്ട്, ബട്ടര്‍ഫിഷ് വറുത്തതുണ്ട്, നല്ല കുടംപുളി ഇട്ടുവെച്ച കിംഗ് ഫിഷ് കറിയുമുണ്ട്. തുമ്പപ്പൂനിറമുള്ള ബസുമതി റൈസുമുണ്ട്. ഐസിട്ട വിസ്‌കിയുണ്ട് രണ്ടെണ്ണം വീശാന്‍ വായോ മെമ്പര്‍മാരേ” എന്ന ഗാനം മധുരമായി ആലപിച്ചുകൊണ്ടാണ് മീറ്റിംഗ് തുടങ്ങിയത്.

തുഞ്ചനും, കുഞ്ചനും, ഒ. ചന്തുമേനോനും, ഇ.വി.യും സി.വി.യും, ഉള്ളൂരും, മുണ്ടൂരും, വള്ളത്തോള്‍, ആശാനും ലാളിച്ചു വളര്‍ത്തി. പിന്നീട് പൊറ്റക്കാടും, ഉറൂബും, ദേവും, എം.ടിയും വൈക്കം മുഹമ്മദ് ബഷീറും, തകഴിയും, ശങ്കരകുറുപ്പും, വൈലോപ്പള്ളിയും, വയലാറും, ഒ.എന്‍.വിയും, പാറപ്പുറവും, മുട്ടത്ത് വര്‍ക്കിയും, ഒക്കെ ധന്യമാക്കിയ മലയാള ഭാഷയെ എന്താണ്ട് ഇത്രയും നാളും അവഗണിച്ചത്. വടക്കേ ഇന്‍ഡ്യക്കാരായ ഗോസായിമാര്‍ക്ക് മദ്ധ്യപ്രദേശിന് തെക്കുള്ളതെല്ലാം മദ്രാസികളാണ് അപ്പോള്‍ തമിഴിന് കൊടുത്തല്ലോ പിന്നെ എന്തൂട്ടാ ഈ മലയാളം. കൂടാതെ അണ്ണാച്ചിമാര്‍ പറഞ്ഞുപരത്തി മലയാളം തമിഴിന്റെ ജാരസന്തതിയാണ്. ജാരസന്തതികള്‍ക്ക് മാന്യതയില്ലല്ലോ, ആഢ്യത്വമില്ലല്ലോ. അങ്ങിനെ മലയുടേയും, ആഴിയുടേയും ഇടയിലുള്ള മലയാളം എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് അശരണയായി കഴിയുകയായിരുന്നു.

ഭാഷാപ്രേമികളുടെയും രാഷ്ട്രീയ നേതാക്കളുടേയും സമ്മര്‍ദം കൂടിവരികയും ഇന്ദ്രപ്രസ്ഥത്തില്‍ പിടിമുറുക്കുകയും, പലപ്പോഴും മറ്റുഭാഷകളുടെ ഇടപെടല്‍ മൂലം പിടിവിട്ടുപോകുകയും ചെയ്തിരുന്നു. അമേരിക്കയിലുള്ള സാഹിത്യസംഘടനകളും പേനകൊണ്ട് കിളയ്ക്കുന്നവരും ചൂടുള്ള സാധനം അകത്താക്കി ഞരമ്പില്‍ ചോരതിളപ്പിച്ചും ഭാഷയ്ക്ക് വേണ്ടി ശ്രേഷ്ഠത നേടാന്‍ നിരന്തരം മീറ്റിംഗുകള്‍ കൂടി നാട്ടില്‍ നിന്നുവരുന്ന സകലരേയും തോളത്തെടുത്തു കൊണ്ടുവന്ന് ഘോഷിച്ചു. ഇപ്പോള്‍ മാക്രി.മത്തായിയുടെ നീണ്ട കരയിലെ(Long island) കുന്നിന്‍ചെരുവിലെ(Hillside ave) വീടിന്റെ ഭൂഗര്‍ഭ അറയില്‍ (Basement) സാംസ്‌കാരിക നേതാക്കന്‍മാര്‍ കൂട്ടമായി കൂടി ആലോചിക്കുന്നത്, തങ്ങളാണ് ഭാഷയ്ക്ക് ശ്രേഷ്ഠ പദവി കിട്ടാന്‍, മുന്‍കൈ എടുത്തതെന്ന്, മാദ്ധ്യമങ്ങളില്‍ വാര്‍ത്തയും ഫോട്ടോയും കൊടുത്താലെന്താണന്നാണ്. ഇത്രയും കാലം ഭാഷാ സ്‌നേഹ എന്നൊക്കെ പറഞ്ഞു നടന്നിട്ട് ഒന്നും നേടാന്‍ കഴിഞ്ഞില്ല. ഈ അവസരം മുതലാക്കാമോ എന്‌നാണ് ആലോചന.
അപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ആ വാര്‍ത്ത പുറത്തു വന്നത് ഭാഷയ്ക്ക് ശ്രേഷ്ഠ പദവി പെട്ടെന്ന് കിട്ടാന്‍ കാരണം ഒരു പെങ്കൊച്ചാണ്. കേന്ദ്രത്തില്‍ നിന്നും മലയാളഭാഷയുടെ ശ്രേഷ്ഠത നേരിട്ട് മനസ്സിലാക്കാന്‍ കേന്ദ്രസാഹിത്യ അക്കാദമി ചെയര്‍മാന്‍ വിശ്വനാഥ് തിവാരിയും പ്രൊഫസര്‍ ഗോപിനാഥനും നെടുമ്പാശ്ശേരിയില്‍ എത്തുന്നു. എയര്‍പോര്‍ട്ടില്‍ ഭയങ്കര തിരക്ക്. കേന്ദ്രത്തില്‍ നിന്നും വന്നവര്‍ക്ക് ക്യൂപാലിക്കേണ്ട ആവശ്യമില്ല. പക്ഷേ സാധാരണക്കാര്‍ക്ക് ക്യൂ പാലിച്ചല്ലേ നിവൃത്തിയുള്ളൂ. അപ്പോള്‍ അതാ ഒരു സുന്ദരി ക്യൂ മുറിച്ചു മുന്നിലേക്ക് പോകുന്നു. ഒരു പാവം എന്‍.ആര്‍.ഐകാരന്‍ അതിനെ ചോദ്യം ചെയ്യുന്നു. പെങ്കൊച്ചു കൊടുങ്ങല്ലൂര്‍ ഭരണിപാട്ടിനെ വെല്ലുന്ന പൂരപ്പാട്ടുമായി മറുപടി നല്കുന്നു. തിവാരി അന്തം വിട്ടു നില്‍ക്കുന്നു. അദ്ദേഹം കൂടെ ഉണ്ടായിരുന്ന പ്രൊഫസര്‍ ഗോപിനാഥിനോട് ചോദിച്ചു. “ആ പെണ്‍കുട്ടി എന്താ പറയുന്നത്. കേട്ടിട്ട് ഒരു രസമൊക്കെ തോന്നുണ്ട്.” ഇതുതന്നെ അവസരമെന്ന് കരുതി ഗോപിനാഥ് പറഞ്ഞു “സാറേ മലയാളഭാഷയ്ക്ക് ഇതരഭാഷകളെ അപേക്ഷിച്ച് ഒരു വിഭാഗം കൂടിയുണ്ട് അതാണ് സാറു ഇപ്പോള്‍ കേട്ടത്. “പൂരപ്പാട്ട്” ഇതിന്റെ എഫക്ട് കേള്‍ക്കുന്നവന്റെ കേള്‍വിശക്തിയും, കാഴ്ചശക്തിയും ഒരാഴ്ചത്തേക്കെങ്കിലും താറുമാറാക്കും അത്രശക്തിയുള്ള ഭാഷാ പ്രയോഗമാണ്.” ഒട്ടും മടിക്കാതെ തിവാരി അവിടെ വെച്ചുതന്നെ സകല ഡോക്യുമെന്റുകളും ഒപ്പിട്ടു കൊടുത്തു എന്നിട്ടു പറഞ്ഞു ഇത് നേരത്തെ കേട്ടിരുന്നെങ്കില്‍ എത്രയോ നാളുകള്‍ക്ക് മുന്‍പേ മലയാളത്തിന് ശ്രേഷ്ഠ പദവി കിട്ടിയേനെ. ഇനി ഡല്‍ഹിയില്‍ ചെന്നിട്ട് മലയാളത്തിലെ രാഷ്ട്ര ഭാഷ ആക്കാമോ എന്നു നോക്കട്ടെ. എത്ര മനോഹരമായ ഭാഷ.

ഇപ്പോള്‍ മാ.ക്രി. മത്തായി ചിന്തിക്കുന്നത് ആ പെകൊച്ചിനെ കണ്ടുപിടിച്ച് അവള്‍ക്കൊരവാര്‍ഡ് കൊടുത്ത് തോളില്‍ കൈയ്യിട്ട് ഒരു ഫോട്ടോയും എടുത്ത് എല്ലാ പത്രത്തിലും കൊടുത്താലോ എന്നാണ്.
പെണ്ണൊരുമ്പെട്ടാല്‍ (നര്‍മ്മം)- ജോസ് ചെരിപുറം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക