ഇന്നത്തെ അത്താഴം, ഉറക്കം, എല്ലാമെല്ലാം സുഖകരം
നാളെയെക്കുറിച്ചുള്ള നല്ല സ്വപ്നങ്ങള്‍ ഒരു പാട് നെയ്തു
എപ്പോഴോ ഉണര്‍ന്നു…
കോഴി കൂവിയില്ല, കിളികള്‍ ചിലച്ചില്ല
അമ്പലത്തിലെയും പള്ളികളിലെയും മണികളടിച്ചില്ല!
ഉണര്‍ന്നിട്ട്, പുതപ്പ് ഉയര്‍ത്തുവാന്‍ പറ്റുന്നില്ല
അനങ്ങുവാന്‍ പറ്റുന്നില്ല
അപ്പോഴാണതറിഞ്ഞത്
ശ്വസിക്കാനും പറ്റുന്നില്ലെന്ന്
ഇതെന്ത് മറിമായം!
മറിഞ്ഞുവീണ മേഘപ്പെയ്ത്തില്‍
ഉതിര്‍ന്ന് വീണ മണ്ണും-
മനുഷ്യരും കല്ലും മുകളില്‍!
എവിടെനിന്നോ മനുഷ്യരുടെ-
ശബ്ദം കേള്‍ക്കാം!
കാല്‍ പെരുമാറ്റങ്ങള്‍
യന്ത്രങ്ങളുടെ ശബ്ദങ്ങള്‍
രാഷ്ട്രീയക്കാരുടെ കൂവലുകള്‍
മേലാളന്മാരുടെ കല്പനകള്‍
ദൈവത്തിന്റെ വിളിയൊച്ചകള്‍
എല്ലാമെല്ലാം കേള്‍ക്കാം.
എപ്പോഴോ…
ഒരു പുഴു കടന്നുവന്ന്
എന്റെ കാതുകളേയും,
കണ്ണുകളേയും തിന്നുകളഞ്ഞു
ഇപ്പോള്‍ ശബ്ദമില്ല, കാഴ്ചയില്ല
നിശബ്ദത, അന്ധകാരം
വീണ്ടും എപ്പോഴോ…
മുകളിലെവിടെയോ ഉറങ്ങിയ ആരുടെയോ
വാരിയെല്ലുകളിലൊന്ന് അടര്‍ന്നുവീണ്,
എന്റെ വാരിയെല്ലിലുടക്കി കിടന്നു
അതിന്റെ കൂടെ ചില ചെറുകൂടങ്ങളും
എന്റെയും അവരുടെയും അസ്ഥികളെല്ലാം ഒന്നായി
അതിനെല്ലാം ഒരു നിറവും മണവും
അസ്ഥികള്‍ ചേര്‍ത്ത് കെട്ടിപ്പിടിച്ച് ഞങ്ങളുറങ്ങി
മതിവരും വരെ
മറ്റാരോ മാന്തിയെടുക്കും വരെ…
വീതം വെക്കും വരെ
ജയ് ഹിന്ദ്!
മാത്യു മൂലേച്ചേരില്‍