അമേരിക്ക
രഹസ്യമായി നടത്തിക്കൊണ്ടിരുന്നുവെന്ന് പറയപ്പെടുന്ന വിവരങ്ങള്‍ എഡ്വേര്‍ഡ് സ്നോഡന്‍
എന്നൊരു വ്യക്തി ലോകത്തിനു പറഞ്ഞുകൊടുത്തു. അതറിഞ്ഞപ്പോള്‍ പലര്‍ക്കും അമേരിക്കയോട്
വെറുപ്പും വിദ്വേഷവും തോന്നിക്കാണും. കാരണം അത് പലരുടെയും സ്വകാര്യ
ജീവിതത്തിലേക്കുള്ള, പൗരസ്വാതന്ത്ര്യത്തിലേക്കുള്ള ഗവണ്മെന്റിന്റെ
ഒരു കടന്നുകയറ്റം തന്നെയാണെന്നാണ് അവരുടെ വാദം. പിന്നീട് ഇതിനെ കുറ്റം
പറയുന്നവരില്‍ നല്ലൊരു പങ്കും അന്ധമായ അമേരിക്കന്‍ വിരോധം വച്ചു പുലര്‍ത്തുന്നവരും, മൂന്നാം ലോക രാഷ്ട്രങ്ങളില്‍ നിന്നും അറബ് രാഷ്ട്രങ്ങളില്‍ നിന്നുമുള്ളവര്‍
തന്നെ. എന്നാല്‍ ശരിക്കും ഇക്കാര്യത്തില്‍ അമേരിക്ക കുറ്റക്കാരാണോ?
ഈ
വിഷയത്തെപ്പറ്റി ശരിക്കും അറിയുന്നവര്‍ ഒരിക്കലും അമേരിക്കയെ കുറ്റം പറയില്ല.
ഇതിനെല്ലാം തുടക്കമിട്ടത് മതഭ്രാന്തനും തീവ്രവാദിയുമായ ബിന്‍ലാദന്റെ അല്‍ഖൈദയുടെ
ആളുകള്‍ 2001-ല്‍ നടത്തിയ നീതിക്കുനിരക്കാത്ത നരഹത്യയെ തുടര്‍ന്നാണ്. അതിനുമുമ്പ്
അമേരിക്ക ഒരു പൗരന്റെയും സ്വകാര്യതയിലേക്ക് ഇത്രയധികം കടന്നുകയറ്റം
നടത്തിയിട്ടില്ല. ഇതുപോലുള്ള വിവരങ്ങള്‍ ശേഖരിച്ചതില്‍ കൂടി അവര്‍ക്ക് നിരവധി
ജീവനും സ്വത്തും സംരക്ഷിപ്പാന്‍ ഇതുവരെ കഴിഞ്ഞിട്ടുമുണ്ട്. അതിനെ നമ്മള്‍
അംഗീകരിച്ചേ മതിയാവൂ.
ലോകത്തിലുള്ള
ഏതൊരു രാജ്യത്തിനും അവരിലേക്ക് നുഴഞ്ഞു കയറി ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ
തടഞ്ഞു നിര്‍ത്താനുള്ള അധികാരം ഉണ്ട്. അത് ചെയ്യാത്ത പക്ഷം അതിന്റെ തിക്തഫലങ്ങള്‍
അനുഭവിക്കുന്നത് ആ രാജ്യം തന്നെയായിരിക്കും. നമ്മുടെ ഇന്ത്യയില്‍ തന്നെ
പാകിസ്ഥാനില്‍ നിന്നും കടന്നുവരുന്ന നരാധമന്മാര്‍ ഏതെല്ലാം തരത്തില്‍ നാശനഷ്ടങ്ങള്‍
വരുത്തുന്നു. അപ്പോള്‍ നമ്മുടെ രാജ്യത്തെ ഇത്തരം ഭീകരന്മാരുടെ കൈകളില്‍ നിന്നും
രക്ഷിക്കേണ്ടത് ഗവണ്മെന്റിന്റെ കടമയാണ്. അപ്പോള്‍ അതിനാവശ്യമായ വിവരങ്ങള്‍ അവര്‍
ശേഖരിച്ചുവെന്ന് വന്നേക്കാം. അത് പലതരത്തിലായിരിക്കാം. ഇന്ന് നമ്മളുപയോഗിക്കുന്ന
ഇന്റര്‍ണെറ്റും, ടെലഫോണുകളും ഒക്കെ അവര്‍ തിരഞ്ഞുവെന്ന്
വന്നേക്കാം. അതിനവരെ കുറ്റം പറയുന്നവര്‍ ഭോഷന്മാര്‍ തന്നെ.
അമേരിക്കന്‍
മണ്ണില്‍ ജനിച്ച്, ഇവിടുത്തെ ഉപ്പും ചോറും തിന്ന്, ഗവണ്മെന്റിന്റെ രഹസ്യാന്വേഷണ വിഭാഗത്തില്‍ ജോലി ചെയ്തു കൊണ്ടിരുന്ന സ്നോഡന്‍
ഇപ്പോള്‍ മിടുക്കനായിയെന്ന് സ്വയം വിശ്വസിക്കുന്നു. മറ്റു പലരും അദ്ദേഹം ഒരു
മിടുക്കനെന്ന് കൊട്ടിഘോഷിക്കുന്നുമുണ്ടാകാം. അയാള്‍ എത്തരുണം ആണ് മിടുക്കനായത്.
സ്വന്തം മാതൃരാജ്യത്തെ രഹസ്യങ്ങള്‍ ശത്രുക്കളുടെ മുമ്പില്‍ കൊണ്ടു വിളമ്പിയതുകൊണ്ടാണോ
അത്. ചൈനയേയും റഷ്യയേയും പോലുള്ള ശത്രുരാജ്യങ്ങള്‍ക്ക് അമേരിക്കക്കെതിരെ
പടപ്പുറപ്പാടു നടത്താനുള്ള ആയുധം അവരുടെ കൈകളില്‍ എത്തിച്ചതുകൊണ്ടാണോ അത്. സ്വന്തം
മാതൃ രാജ്യത്തെ ഒറ്റിക്കൊടുക്കുന്നവന്‍ അവന്‍ ആരായിരുന്നാലും ഒരിക്കലും ഒരു
മിടുക്കനായി കാണാന്‍ സാധിക്കില്ല. അങ്ങനെയുള്ളവരുടെ പേരാണ്
രാജ്യദ്രോഹിയെന്നുള്ളത്. അവരെ പിന്താങ്ങുന്നവരും അതുപോലെ
തന്നെയുള്ളവരായില്ലെങ്കിലേ അത്ഭുതമുള്ളു.
ഇവിടെ നിന്നും
കടന്നുപോയ സ്നോഡന്‍ നേരത്തെ ഹോങ്കോങ്ങിലായിരുന്നു അഭയം തേടിയത്. എന്നാല്‍
ഹോങ്കോങ്ങില്‍ നിന്ന് അമേരിക്ക അദ്ദേഹത്തെ പൊക്കുമെന്ന് കണ്ടപ്പോള്‍ ചൈനയുടെയും
റഷ്യയുടെയും സഹായത്താല്‍ അവിടെ നിന്നും കടന്നുകളഞ്ഞു. ഇപ്പോള്‍ റഷ്യയിലാണെന്നാണ്
വിശ്വാസം. എന്തുകൊണ്ട് റഷ്യന്‍ ഗവണ്മെന്റ് അമേരിക്കയുടെ ആവശ്യത്തെ തിരസ്കരിച്ച്
അദ്ദേഹത്തെ സംരക്ഷിക്കുന്നു. അവര്‍ക്കറിയാം അയാളില്‍ നിന്ന് വിലപ്പെട്ട പലതും
നേടിയെടുക്കാന്‍ കഴിയുമെന്ന്. അല്ലാതെ ഒരു മനുഷ്യജീവനെ സംരക്ഷിക്കുകയെന്നൊന്നും
കൊണ്ടുള്ള മാനുഷീക പരിഗണനയുമല്ല. പണ്ട് അനേകരുടെ വിവരങ്ങള്‍ ചോര്‍ത്തിയ
വിക്കിലീക്സ് മേധാവി ജൂലിയന്‍ ആസാജും ഇദ്ദേഹത്തെ ഇപ്പോള്‍ പരിപാലിക്കാനായി
കൂടിയിട്ടുണ്ട്. സാത്താനു സാത്താനിക സ്വഭാവമുള്ളവരോടുള്ള മമതയെന്നുവേണം കരുതുവാന്‍.
സ്നോഡന്‍ ചോര്‍ത്തിയ
വിവരങ്ങള്‍ കൊണ്ട് ഇന്നാര്‍ക്കാണ് ഏറ്റവും പ്രയോജനപ്പെട്ടിരിക്കുന്നത്. ലോകത്ത്
ഭീകരപ്രവര്‍ത്തനത്തിലൂടെ അരാജകത്വം സൃഷ്ടിക്കുവാനായി കച്ചകെട്ടിയിരിക്കുന്ന
നരാധമന്മാര്‍ക്ക് തന്നെ. അവരുടെ നികൃഷ്ട ആശയങ്ങള്‍ ഇതുവരെയും കൈമാറുന്നതിനായി
കൂടുതലും ഉപയോഗിച്ചിരുന്നത് ഇന്റര്‍നെറ്റും ടെലഫോണും ആയിരുന്നു. ഈ ഒരു
വെളിപ്പെടുത്തലോടുകൂടി അവര്‍ അതെല്ലാം മാറി പുതിയ വഴികള്‍ തേടും. ഇപ്പോള്‍
നിലവിലുള്ള സംവിധാനത്തില്‍ കൂടി അവര്‍ ആസൂത്രണം ചെയ്യുന്ന പുതിയ പദ്ധതികളെ കണ്ടുപിടിക്കുന്നതിനും
വൈഷമ്യമേറും. അപ്പോള്‍ നഷ്ടം ആര്‍ക്കാണ്. സമാധാന കാംക്ഷികളായി
ലോകത്തിലായിരിക്കുന്ന നിരപരാധികള്‍ക്ക് മാത്രം. അതുമൂലം സൃഷ്ടിക്കപ്പെടുന്ന
വിധവകള്‍ക്കും, അനാധര്‍ക്കും മാത്രം.
രാജ്യങ്ങള്‍ അവരുടെ സുരക്ഷിതത്വം ഉറപ്പാക്കട്ടെ. അതിനവര്‍ തിരഞ്ഞെടുക്കുന്ന വഴികളെക്കുറിച്ച് ജനങ്ങള്‍ ഭീതിപ്പെടേണ്ടതില്ല. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിപ്പാനായാണ് അവര്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്. അതില്‍ സന്തോഷിക്കുകയും ഇതുപോലുള്ള രാജ്യദ്രോഹികളായ സ്നോഡന്മാരെ സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തുകയും ചെയ്യുക. കുലംകുത്തികള്‍ ജനിക്കാതിരിക്കട്ടെ!