Image

കേരളം വികസിക്കുന്നു (ഡോ. എന്‍.പി. ഷീല)

ഇമലയാളി എക്‌സ്‌ക്ലൂസീവ്‌ Published on 16 July, 2013
കേരളം വികസിക്കുന്നു (ഡോ. എന്‍.പി. ഷീല)
പീഡനം എന്ന പദം `പങ്കജം' അതിഥി, പ്രാസംഗികന്‍ തുടങ്ങിയ ചില പദങ്ങള്‍ പോലെ ലൈംഗിക പീഡനം എന്ന അര്‍ത്ഥത്തില്‍ രൂഡിയായി പരിണമിച്ചുവെന്നാണ്‌ ഇപ്പോള്‍ ഈ പീഡനത്തെ പീഡിപ്പിച്ച്‌ ഒതുക്കിക്കളഞ്ഞത്‌ കാണുമ്പോള്‍ തോന്നുക. ക്രിസ്‌തുവിന്റെ `പാടുപീഡ'കളൊക്കെ വിസ്‌മൃതമായിക്കഴിഞ്ഞു.

സ്‌ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും കുറഞ്ഞോരു കാലമായി വന്നു ഭവിക്കുന്ന ലൈംഗീക പീഡനങ്ങള്‍ക്കെതിരെ ശബ്‌ദമുയര്‍ത്താന്‍ മുമ്പോട്ടു വന്നിട്ടുള്ളത്‌ സ്‌ത്രീയെക്കാള്‍ അധികം പുരുഷന്മാരാണ്‌. മാധ്യമങ്ങള്‍ ദൃശ്യവും - ശ്രവ്യവും- മനുഷ്യര്‍ക്ക്‌ യാതൊരുവിധ ജിജ്ഞാസയ്‌ക്കും പഴിതില്ലാത്തവിധം, അതിന്റെ സകല വിശദാംശങ്ങളും ഫോട്ടോ സഹിതം നമുക്ക്‌ വിവരിച്ചുതരുന്നു. അതിലേറെ നമ്മെ അമ്പരപ്പിക്കുന്നത്‌ ഇരകള്‍ തന്നെ കിടപ്പറയില്‍ ഒളിക്യാമറ റെഡിയാക്കി വെച്ചിട്ടാണ്‌ പീഡനത്തിന്‌ കിടന്നുകൊടുക്കുന്നത്‌! ചിത്രം, വിചിത്രം! ശിവ, ശിവ ഇങ്ങനെ വല്ല കേട്ടുകേഴ്‌വിയും മുമ്പുണ്ടായിരുന്നിട്ടുണ്ടോ?

കുറച്ചുകൂടി പുരോമഗമനപരമായി ചില കുല
കള്‍ (സ്‌ത്രീ എന്ന പാവന പദത്തിനു അര്‍ഹത നഷ്‌ടപ്പെടുത്തുന്നവര്‍ക്ക്‌ പറയുന്ന വിശേഷണം) അച്ഛനും മകനുമായി രതിക്രീഡ നടത്തിയിട്ട്‌ വന്‍തുക വസൂലാക്കിയശേഷം ഇന്റര്‍വ്യൂ നടത്തുകയും കോടതിയില്‍ അന്യായം ബോധിപ്പിക്കുകയും അങ്ങനെ ഗിന്നസ്‌ ബുക്കിലും ഇടംതേടുന്നു. കടവുളെ ഇതും ഒരു പെണ്‍ചതി. ഉണ്ണിയാടി ഉണ്ണിച്ചിരുതമാര്‍ പാദസേവ ചെയ്യേണ്ട 'വാരനാറി' പണ്ടു മുതല്‍ക്കെ ആഴക്കരിക്കായി വഴിയില്‍ കല്യാണികള്‍ ഇരുട്ടിന്റെ മറപറ്റി അഥവാ രഹസ്യമായി ആവശ്യക്കാര്‍ക്ക്‌ മുട്ടുശാന്തി നല്‍കിപ്പോരുന്നു. അത്‌ ആബാലവൃദ്ധം അറിയുന്നുണ്ടെങ്കിലും ആരും അതൊരു കേസാക്കിയതായി അറിവില്ല. ഏറിയാല്‍ കാണുമ്പോള്‍ പുച്ഛമോ അവഗണനയോ കാണിച്ചുവെന്നു വരാം. അതോടെ തീര്‍ന്നു. ആരുമത്‌ ഓര്‍ക്കാറുമില്ല.

പരിഷ്‌കാരവും പുരോഗമനവും കൂടിയതോടെ ഗതി അമ്പേ മാറി. പീഡനത്തെക്കുറിച്ചുള്ള പുസ്‌തകങ്ങളും പ്രസിദ്ധീകൃതമാകുന്നു.

എന്തുകൊണ്ട്‌ പീഡനം? വേലി കെട്ടാത്ത മുതല്‍ കള്ളന്‍ കൊണ്ടുപോകുമെന്ന്‌ ആര്‍ക്കാണ്‌ അറിഞ്ഞുകൂടാത്തത്‌. പണ്ട്‌ സ്‌ത്രീകളെ കണ്ണിലെ കൃഷ്‌ണമണിപോലെ കാത്തുസൂക്ഷിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. കുഞ്ഞുങ്ങളെ പെറ്റു വളര്‍ത്തേണ്ടവള്‍ പരിശുദ്ധയായിരിക്കണമെന്ന്‌ നിര്‍ബന്ധമുണ്ടായിരുന്നു. നോമ്പും പ്രാര്‍ത്ഥനയുടേയും ഗൃഹസ്ഥാശ്രമത്തിലേക്ക്‌ പദമൂന്നുന്ന കാലം. അതിലേക്ക്‌ നിബന്ധനയും പുരുഷനുമേല്‍ ഉത്തരവാദിത്വവും ഏല്‍പിച്ചിരുന്നു.

പിതാ രക്ഷതി കൗമാരേ,
ഭര്‍ത്താ രക്ഷതി യവ്വനേ,
പുത്രോ രക്ഷതി വാര്‍ദ്ധക്യേ
ന: സ്‌ത്രീ സ്വാതന്ത്ര്യമര്‍ഹതി
- മനുസ്‌മൃതി.

ഇതില്‍ അവസാനത്തെ ഭാഗം അടര്‍ത്തിയെടുത്ത്‌ സ്‌ത്രീ, സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല എന്നൊരു വ്യാഖ്യാനം ചില മടയ ശിരോമണികള്‍ നടത്തിയതായി കണ്ടിട്ടുണ്ട്‌. സ്‌ത്രീ എക്കാലത്തും സംരക്ഷിക്കപ്പെടേണ്ടവളാണെന്ന വസ്‌തുത അവഗണിക്കുന്നതു സ്‌ത്രീകള്‍ തന്നെയാണ്‌. സ്‌കൂള്‍ വിദ്യാഭ്യാസവും ഉന്നത ബിരുദവും നേടി ഉദ്യോഗസ്ഥയുമായതോടെ `താന്‍പോരിമ' വന്ന സ്‌ത്രീകള്‍ പുരുഷനെ ധിക്കരിച്ചു തുടങ്ങി.

ഏതു കാര്യത്തിനും തന്റെ ജീവിതസുസ്ഥിതിക്ക്‌ പുരുഷന്‍ ഒരു അനിവാര്യഘടകമാണെന്ന യാഥാര്‍ത്ഥ്യം മറന്ന്‌, എന്തിന്‌ അമ്മയാകാന്‍ പോലും ശാസ്‌ത്രസാങ്കേതികവിദ്യ മതി എന്ന നില വന്നതോടെ കുടുംബജീവിതമെന്ന സംഗീതത്തിന്റെ താളം തെറ്റി. സമൂഹം സമൂഹമല്ലാതാകുകയും വെറുമൊരു കൂട്ടായ്‌മ മാത്രമായി തരംതാഴുകയും ചെയ്‌തു.

താഴെക്കിടയില്‍ ദുരിതമനുഭവിക്കുന്ന സ്‌ത്രീകളുടെ സമുദ്ധാരണവും ക്ഷേമവും അഭ്യസ്‌തവിദ്യരായ തങ്ങളുടെ കടമയാണെന്നറിയാതെ `ഫെമിനിസം' എന്ന ഓമനപ്പേരില്‍ കുടുംബ ബന്ധങ്ങളും സ്‌ത്രീയോജിതമായ ഉത്തരവാദിത്വങ്ങളും മറന്ന്‌ ലക്കും ലഗാനുമില്ലാതെ വീടുവിട്ടിറങ്ങി താന്തോന്നികളായി നടക്കുന്നവര്‍ക്ക്‌ പീഡനം തന്നെ ഉചിത ശിക്ഷ.

പോരെങ്കില്‍ മദ്യപാനം വ്യക്തിവിപത്തിനുപരി സാമൂഹിക തിന്മയായി മാറിയ സാഹചര്യത്തില്‍ പുരുഷനെ പ്രകോപിപ്പിച്ച്‌ ഉഷ്‌ണിപ്പിച്ച്‌ കിണറ്റില്‍ ചാടിക്കുന്ന ഹാവഭാവങ്ങളും വേഷവിധാനങ്ങളും കൂടിച്ചേര്‍ന്ന്‌ സൈ്വരിണികളായി നടക്കുന്നവര്‍ക്ക്‌ സമൂഹം നല്‍കുന്ന ശിക്ഷയാണ്‌ പീഡനം.

ബാല്യത്തിലെ പീഡനത്തിനു ഉത്തരവാദികള്‍ ജനിപ്പിച്ചവര്‍തന്നെ. അവരുടെ നോട്ടക്കുറവും വിവരക്കേടും തന്നെ അപരാധി. ലഹരിയേറി നിലതെറ്റി കുയിലായും കുരങ്ങായും പന്നിയായും മാറി കാടുകാട്ടുന്ന കിര്യാണികള്‍ കാട്ടില്‍ വസിക്കട്ടെ. നാട്‌ അവര്‍ക്ക്‌ വാസയോഗ്യമല്ലതന്നെ. മുമ്പ്‌ സ്‌ത്രീകളുടെ ലോകം അടുക്കള അതുമല്ലെങ്കില്‍ തന്റെ ഭര്‍തൃഗൃഹം മാത്രമായിരുന്നു. ഒരു പുറം ലോകവും അതിലെ ആര്‍ഭാടങ്ങളും സുഖസൗകര്യങ്ങളും അറിയാത്ത പച്ച പൈമാക്കള്‍.

തങ്ങളുടെ ലോകത്ത്‌ ഭര്‍ത്താവിനേയും മക്കളേയും ശുശ്രൂഷിച്ച്‌ ഗൃഹഭരണം നേരാംവണ്ണം നിര്‍വഹിച്ച്‌ സന്തുഷ്‌ടിയും തൃപ്‌തിയും അടഞ്ഞ സ്വാധികളുടെ ആ പഴയ ലോകത്തേക്ക്‌ തിരിച്ചുപോകാന്‍ നമുക്കാവില്ല. അത്തരം വിഡ്‌ഢിത്തം ആരും വിളമ്പുകയുമില്ല. എന്നാല്‍ തങ്ങള്‍ പുരുഷനെക്കാളോ തദുപരിയോ ഒരു സംഭവമാണെന്ന മിഥ്യാധാരണ വെച്ചുപുലര്‍ത്തി അസമയത്തും തനിച്ചും രാത്രിഞ്ചാരികളായി നടക്കുന്നവര്‍ വിടന്മാരുടെ കൈയ്യിലപ്പെട്ടാലുള്ള കഥകളാണ്‌ ഇപ്പോള്‍ പറഞ്ഞു കേട്ടും കണ്ടും പഴങ്കഥയായി മാറിയിരിക്കുന്നത്‌.

പിന്നെ പ്രതി വാദിയായി. പുരുഷനെ പീഡകനായി മാറ്റി അവനെ തകര്‍ത്തു തരിപ്പണമാക്കാനുള്ള കുത്സിത തന്ത്രങ്ങള്‍ പയറ്റുകയും. അങ്ങനെയുള്ളവര്‍ക്കെതിരേ ജാഗ്രത പുലര്‍ത്താന്‍ കോടതി പോലും മുന്നറിയിപ്പ്‌ നല്‍കുന്നു. പെണ്ണരശു രാജ്യനന്മയ്‌ക്കുതകുകയില്ലെന്ന്‌ അനുഭവ പാഠം.

എങ്ങുനിന്നോ വന്ന ചരിത്രവും ഭൂമിശാസ്‌ത്രവും പാരമ്പര്യവും സംസ്‌കാരവും അറിയാത്തവരെ പൂവിട്ടു പൂജിക്കുകയും അവരുടെ സാരിയും നിറവും ഇഴയും കരയുടെ വീതിയും പിന്നെ ബ്രായുടേയും പാന്റീസിന്റേയും കൃത്യമായ അളവും വരെ വായനക്കാരെ അറിയിക്കുന്ന മാധ്യമങ്ങളും രാഷ്‌ട്രീയക്കാരും അവരുടെ പാദസേവകരായ പോലീസും എല്ലാംകൂടി ചേര്‍ന്നുള്ള നാടിന്റെ ഭീകര രൂപം വിദേശികള്‍ക്കുപോലും കൗതുക ദൃശ്യങ്ങളാണ്‌.

ചില രാജ്യങ്ങള്‍ ഇന്ത്യയില്‍ കാലു കുത്തുന്നതുപോലും അപകടമാണെന്ന്‌ `എ' സര്‍ട്ടിഫിക്കറ്റ്‌ നല്‍കാറുണ്ട്‌. ഇതൊക്കെ കണ്ട്‌ അഭിമാനപൂരിതമാകേണ്ട നമ്മുടെ അന്തരംഗം നോക്കുമ്പോള്‍ കേരളവും ഭാരതവും വളരുകതന്നെയല്ലേ. മുട്ടിനു മുട്ടിനു വിമാനത്താവളങ്ങളും മെട്രോ അതിദൂര ഗതിവേഗം ട്രെയിനുകള്‍. ഭൂമിക്കടിയിലൂടെ മനോഹരമായ റെയില്‍വേ സ്റ്റേഷനുകള്‍. രാജ്യത്തുടനീളം ജലത്തിലൂടെ പറക്കുംതളികള്‍ എന്നിങ്ങനെ സകല പൊടിപൂരങ്ങളും. ഡോളറിനു മൂല്യം കൂടുന്നതിലും ഇന്ത്യന്‍ റുപ്പിയുടെ മൂല്യം ഇടിയുന്നതിലും പൂത്തിരി കത്തിച്ചും പടക്കം പൊട്ടിച്ചും ആഹ്ലാദപ്രകടനങ്ങള്‍, മദ്യസേവ ഇത്യാദി വേറേയും. ഇതെല്ലാം നോക്കി പകച്ചു നില്‍ക്കുന്ന കുറെ ദരിദ്രനാരായണന്മാര്‍.

സ്വാര്‍ത്ഥികളും അഴിമതിക്കാരും അക്രമികളും ഉദരഭരികളുമായ ഭരണാധികാരികള്‍ക്ക്‌ വിളഞ്ഞ കല്ലാന്‍മുളയുടെ ചര്‍മ്മബലമാണുള്ളത്‌. ജനങ്ങളുടെ ദുഖ ദുരിതങ്ങളുടെ ഗാന്ധാരീ വിലാപം അവരുടെ ബധിര കര്‍ണ്ണങ്ങളില്‍ പതിക്കുകയില്ലെന്ന്‌ നാം അനുഭവിച്ചറിഞ്ഞുകഴിഞ്ഞു. പ്രതികരണശേഷിയുള്ളവര്‍ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടില്‍ നെടും മോഹനിദ്രയിലും.

അവരെ നെഞ്ചില്‍ ചവിട്ടിയുണര്‍ത്തുന്ന ഒരു ഭ്രഗമുനിയുടെ അവതാരത്തിനായി ദുരിതവാരിധിയില്‍ നിവസിക്കുന്നവരുടെ വിലാപശബ്‌ദം അങ്ങ്‌ സ്വര്‍ഗ്ഗത്തിലേക്കുയരട്ടെ. !!!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക