Image

ആദാമിന്റെ ആദ്യ ഭാര്യ (പുസ്‌തക പരിചയം:സുധീര്‍ പണിക്കവീട്ടില്‍)

ഇ-മലയാളി എക്‌സ്‌ക്ലൂസീവ്‌ Published on 19 July, 2013
ആദാമിന്റെ ആദ്യ ഭാര്യ (പുസ്‌തക പരിചയം:സുധീര്‍ പണിക്കവീട്ടില്‍)
(ശ്രീമതി ലൈല അലെക്‌സിന്റെ കഥാസമാഹാരം : ലിലിത്‌)

ജൂതന്മാരുടെ പുരാണപ്രകാരം ആദത്തിനു ഇണയായി അവനോടൊപ്പം, എന്നാല്‍ അവനില്‍ നിന്നല്ലാതെ ദൈവം ഒരു ഇണയെ സൃഷ്‌ടിച്ചിരുന്നു. അവളാണു ലിലിത്‌. ഈ കഥാസമാഹാരത്തിനു ആ പേരാണ്‌്‌ കൊടുത്തിരിക്കുന്നത്‌.ആദ്യ കഥയുടെ പേരും ലിലിത്‌ എന്നാണ്‌. എന്നാല്‍കഥ അവളെപ്പറ്റിയാണോ? അതിനുത്തരം വായനക്കാരന്‍ എങ്ങനെ അതിനെ കാണുന്നു എന്നതിനെ അനുസരിച്ചാണ്‌. ഈ സവിശേഷത ശ്രീമതി അലെക്‌സിന്റെ കഥകളുടെ മുഖമുദ്രയാണ്‌്‌. നിലാവിന്റെ മ്രുദുത്വം തൊട്ടറിയുന്നത്‌ ആദ്യം കണ്ണുകളാണ്‌. അതേപോലുള്ളൊരു മായികാനുഭവം അവരുടെ കഥകളിലുണ്ട്‌.

ആദാമിനോട്‌ വിധേയത്വമുള്ളവളായി കഴിയാന്‍ വിസമ്മതിച്ച്‌ ഏദന്‍ തോട്ടം ഉപേക്ഷിച്ചിറങ്ങിപോയതാണ്‌ ലിലിത്‌. അങ്ങനെ ഒരു സൃഷ്‌ടി ദൈവം നടത്താന്‍ സാദ്ധ്യതയുണ്ടെന്ന്‌ ആദാമിന്റെ ചിന്തകളിലൂടെ എഴുത്തുകാരി സമര്‍ഥിക്കാന്‍ ശ്രമിക്കുന്നുണ്ട്‌, ജീവജാലങ്ങളെ ഇണകളായി സൃഷ്‌ടിച്ചവന്‍ നരനെ മാത്രം ഏകനായി സൃഷ്‌ടിക്കുമോ? പുരുഷന്‍ ഏകനാകുന്നതിനു കാരണക്കാരന്‍ അവന്‍ തന്നെയെന്ന ഒരു ആശയവും കഥയില്‍ പ്രതിഫലിക്കുന്നുണ്ട്‌.

കഥയിലെ നായകന്‍ ആദം ഇന്നത്തെ പുരുഷവര്‍ഗത്തിനെ പ്രതിനിധീകരിക്കുന്നു. വീട്ടുജോലികള്‍ ചെയ്‌ത്‌ മുഷിഞ്ഞ വസ്‌ത്രവും വിയര്‍പ്പുഗന്ധവുമായി വരുന്ന ഭാര്യയെ ഓര്‍ക്കാന്‍ കൂടി അയാളുടെ മനസ്സിനു ഇഷ്‌ടമില്ല. മനസ്സ്‌ പ്രണയ സങ്കല്‍പ്പനഗരങ്ങളില്‍ ചുറ്റികറങ്ങാന്‍ മോഹിക്കുന്നു. അവിടെ കൂട്ടിനു സുന്ദരിയായി സ്‌ത്രീയേയും.അതിനായി സ്വപ്‌നാടനം എന്ന ഒരു വേലിച്ചാട്ടം. തന്റെ സ്വാതന്ത്ര്യവും, സുഖസൗകര്യങ്ങളും (ഏദന്‍ തോട്ടം) നഷ്‌ടപ്പെടുത്തിയത്‌ ഹവ്വയല്ലേ എന്ന ഒരു പ്രതിഷേധമനസ്സോടെ, അവളോടുള്ള ഒരു തരം പ്രതികാരബുദ്ധിയോടെ ആദം തന്റെ ആദ്യപത്‌നിയെ, ലിലിതിനെ കുറിച്ച്‌ മധുരകിനാക്കള്‍ കാണുന്നു. പുരുഷ സ്‌നേഹത്തിന്റെ ചിറകുകളില്‍ ഭദ്രമായിരിക്കാന്‍ കൊതിക്കുന്ന അതേസമയം സ്ര്‌തീഹ്രുദയത്തിന്റെ നിഗൂഢഭാവങ്ങള്‍ പ്രദര്‍ശിപ്പിച്ച്‌ അവളും(ലിലിത്‌) ആദാമിനെ ഓര്‍ക്കുന്നു. സാഹചര്യങ്ങള്‍ അനുവദിക്കുമ്പോള്‍ ലൗകികാനന്ദത്തിന്റെ അനുഭൂതിയില്‍ ഒരു ആണ്‍തേനീച്ചയെപോലെ അലസനായി കഴിയാനുള്ള പുരുഷ പ്രവണതയെ മൃദുവായി സ്‌പര്‍ശിക്കുന്നുണ്ടീ കഥയില്‍. ഭാര്യ ഒരു ഉത്തരവാദിത്വമായിട്ട്‌ തോന്നുന്ന ഭര്‍ത്താക്കന്മാര്‍ പ്രേമിക്കാന്‍ വേണ്ടി മാത്രം പരസ്‌ത്രീയെ തേടുന്നത്‌ ഏദന്റെ നഷ്‌ടത്തെപ്പറ്റിയുള്ള കഥ അവരുടെ ഉപബോധമനസ്സില്‍നിന്ന്‌ ഇടക്കൊക്കെ ജീവന്‍വച്ച്‌ വരുന്നത്‌കൊണ്ടായിരിക്കാമെന്ന്‌ ഈ കഥ നമ്മളെ ചിന്തിപ്പിക്കുന്നു, പുരുഷന്മാര്‍ ഇന്നും ഏദന്‍തോട്ടം കിനാവ്‌ കണ്ട്‌ അവിടെ കയറിപറ്റാന്‍ ആഗ്രഹിക്കുമ്പോള്‍ ഏദന്റെ ചതി മനസ്സിലാക്കിയ ഹവ്വമാര്‍ അവരെയോര്‍ത്ത്‌ കരയുന്നു. അപഥസഞ്ചാരം ഇഷ്‌ടപെടുന്നവരാണു പുരുഷന്മാര്‍ എന്ന സ്‌ത്രീ സങ്കല്‍പ്പത്തിന്റെ നേരിയ സൂചന കഥയിലുണ്ടോ?

പുരാണങ്ങളിലെ കൗതുകങ്ങള്‍ക്ക്‌ കലയുടെ പരിവേഷം നല്‍കി പല എഴുത്തുകാരും ഉദാത്തമായ രചനകള്‍ സൃഷ്‌ട്ടിച്ചിട്ടുണ്ട്‌. അങ്ങനെ ചെയ്യുമ്പോള്‍ പലരും അവരുടേതായ കല്‍പ്പനകള്‍ കലര്‍ത്തുകയും, വ്യാഖാനിക്കുകയും വായനക്കാരുടെ അതുവരെയുള്ള സങ്കല്‍പ്പങ്ങളെ തകിടം മറിക്കയും ചെയ്യാറുണ്ട്‌. പഴയതില്‍ പതിഞ്ഞ്‌ കിടന്നതിനെ ആധുനികതയുടെ വെളിച്ചത്തില്‍ പ്രകാശിപ്പിച്ച്‌ അതിനു ഒരു പുതിയ മാനം കൊടുക്കുക എന്ന ഒരു കലാസാങ്കേതിക പ്രക്രിയയാണ്‌ അവര്‍ പരീക്ഷിക്കുന്നത്‌.അങ്ങനെ ചെയ്യുമ്പോള്‍ അതില്‍ വിജയിക്കുക എന്നതാണ്‌ എഴുത്തുകാരന്റെ സാമര്‍ത്ഥ്യം.ശ്രീമതി അലെക്‌സ്‌ ഈ കഥയില്‍ പൗരാണികതയും ആധുനികതയും തമ്മില്‍ കൂട്ടിമുട്ടിക്കയാണ്‌. അതില്‍ അവര്‍ വിജയിച്ചുവെന്ന്‌ വായനകാരനു അനുഭവപ്പെടുന്ന രീതിയിലാണു അവരുടെ ആവിഷ്‌കാരശൈലി.

അധികാരത്തിന്റെ, ആകര്‍ഷകത്വത്തിന്റെ, സൗന്ദര്യത്തിന്റെ, ശ്രേഷ്‌ഠതയുടെ, ശക്‌തിയുടെ, സ്വാതന്ത്ര്യത്തിന്റെ, ഒക്കെ പ്രതീകമായിട്ടാണ്‌ കുതിരയെ കണക്കാക്കുന്നുത്‌. കൂടാതെ ലൈംഗികമോഹങ്ങളുടെ, അല്ലെങ്കില്‍ നിയന്ത്രിക്കാനാവാത്ത ലൈംഗികാഭിനിവേശത്തിന്റെ പ്രതിമാനമായി ചിലര്‍ കുതിരയെ കണക്കാക്കുന്നുണ്ട്‌. വേലികെട്ടിനുള്ളില്‍ വിജയഭാവത്തോടെ നില്‍ക്കുന്ന ഒരു അശ്വത്തിന്റെ ഛായാപടം കിട്ടുന്ന നായികക്ക്‌ അത്‌ വേലികെട്ടിനുള്ളില്‍ സുരക്ഷിതനാണെന്ന ചിന്തയാണ്‌. എന്നാല്‍ അവളുടെ കൂട്ടുകാരന്‍ അതിനെ ബന്ധനത്തില്‍ കിടക്കുന്ന അശ്വം എന്നു വിശേഷിപ്പിക്കുന്നു. നായിക- നായകന്മാരുടെ മനശാസ്ര്‌തത്തിന്റെ ഒരു നേര്‍ത്ത സൂചന ഇതില്‍ നിന്നും കിട്ടുന്നു. നായിക ആ കുതിരയെ സുല്‍ത്താന്‍ എന്ന്‌ വിളിച്ച്‌്‌ ഓമനിക്കുന്നു.അവനെ ചുമരില്‍ പ്രതിഷ്‌ഠിക്കുന്നു. പിന്നെ അതിനെ വേറൊരിടത്തേക്ക്‌ മാറ്റുന്നു. അത്രയൊക്കെ കരുതലും ശ്രദ്ധയും കൊടുത്തിട്ടും കുറെനാള്‍ കഴിഞ്ഞപ്പോള്‍ കുതിര വിരസനും, അവളുടെ സ്‌നേഹലാളനങ്ങളില്‍ വിമുഖനുമാകുന്നു. പിന്നെ അത്‌ വേലികെട്ടുകള്‍ പറിച്ച്‌ പുറത്ത്‌ കടക്കുന്നു. രണ്ടു കാര്യങ്ങള്‍ കഥ സൂചിപ്പിക്കുന്നു. ഒന്ന്‌ അവളുടെ കൂട്ടുകാരനു ബന്ധനം പോലുള്ള ഒരു ബന്ധം ഇഷ്‌ടമല്ല. അവള്‍ക്കാണെങ്കില്‍ ഒരു സുരക്ഷാബോധമാണ്‌ അനുഭവപ്പെടുന്നത്‌. അത്‌ കൊണ്ടവള്‍ അയാളുടെ മനസ്സറിയുന്നില്ല. കൂടാതെ അയാളെ അളവറ്റ സ്‌നേഹത്താല്‍ അവളോട്‌ ബന്ധിപ്പിക്കയാണു. സ്‌ത്രീ പുരുഷ ബന്ധങ്ങള്‍ പെട്ടെന്നുലയുന്നതെങ്ങിനെ എന്ന വിഷയത്തിലേക്ക്‌ ഒരു ചൂണ്ടു പലകയിടുന്നു എഴുത്തുകാരി ഈ കഥയില്‍.

ഓര്‍മ്മയുടെ സംഭരണികളില്‍ നിന്ന്‌ നിറഞ്ഞ്‌ കവിയുന്നവയാണ്‌ ചില കഥകളിലെ ഇതിവ്രുത്തങ്ങള്‍. അവയ്‌ക്ക്‌ ഭൂതകാലത്തിന്റെ ഗന്ധത്തേക്കാള്‍ വര്‍ത്തമാനത്തിന്റെ ഭാവമാണ്‌. വായിച്ച്‌ തീര്‍ത്ത പുസ്‌തകങ്ങളിലെ കഥയും കഥാപാത്രവും ഈ എഴുത്തുകാരിയെ സന്ദര്‍ശിക്കയും ആ കൂടികാഴ്‌ചയിലൂടെ അവരെയെല്ലാം തന്റെ ഭാവനാസമ്രാജ്യത്തില്‍ വേറിട്ട കഥാപാത്രങ്ങളായി സൃഷ്‌ടിക്കുകയും ചെയ്യുന്നു. ഒരു കഥ അല്ലെങ്കില്‍ ദൈനംദിന ജീവിതത്തിലെ ഒരു സന്ദര്‍ഭം വിവരിക്കുമ്പോള്‍ അതിനിണങ്ങുന്ന ഒരു പാശ്‌ചാത്തലം, അതിനോട്‌ ബന്ധപ്പെട്ട പൂര്‍വ്വകാല സംഭവങ്ങള്‍, അതിനനുസരില്ല ഭാഷ എന്നിവ കലാനുപാതികമായി താനേ തെളിഞ്ഞ്‌വരുന്ന പോലുള്ള ഒരു ദ്രുശ്യം കഥകളെ കൂടുതല്‍ മികവുറ്റതാക്കുന്നു.

ഓരോ കഥകളിലും പ്രകടമാകുന്നത്‌ ചെറുകഥാപ്രസ്‌ഥാനത്തിലെ മൂല അംശങ്ങളെ എഴുത്തുകാരി പിന്തുടരുന്നതായിട്ടല്ല മറിച്ച്‌ തന്റേതായ ഒരു രീതി സ്വീകരിക്കുന്നതായിട്ടാണ്‌. ആധുനികതക്കും യാഥാസ്‌തികതക്കും അതിര്‍വരമ്പുകളിടാതെ സൂക്ഷ്‌മതയോടെയുള്ള അത്തരം അവതരണങ്ങള്‍ക്ക്‌ ഒരു നൂതന ഭംഗി കൈവരുന്നുണ്ട്‌. ദാമ്പത്യജീവിതത്തിലെ വിശ്വാസവഞ്ചനയുടെ കഥയാണു ഹാലൊവീന്‍. ആ കഥ പറയാന്‍ ഹലോവിന്റെ പശ്‌ചാത്തലം തന്നെ തിരഞ്ഞെടുത്തത്‌ ഉചിതപൂര്‍വ്വമാണ്‌ ഹലോവീന്‍ രാവുകളില്‍ വന്നെത്തുന്ന അതിഥികളെ ചെപ്പടി വിദ്യകളാല്‍ ആനന്ദിപ്പിക്കുന്നു അല്ലെങ്കില്‍ അവരെ സല്‍ക്കരിച്ച്‌ സ്വീകരിച്ച്‌്‌ വിടുന്നു. ജീവിതത്തിലേക്ക്‌ കടന്ന്‌വന്ന ഭാര്യയെ ചെപ്പ ടി വിദ്യകള്‍ കാണിക്ല്‌ എത്രനാള്‍ ആനന്ദിപ്പിക്കാന്‍ കഴിയും. കാരണം ഹലോവിന്റെ നിലനില്‍പ്പ്‌ ഒരു രാത്രിയുടെ ദൈര്‍ഘ്യത്തിലൊതുങ്ങുന്നു. ജീവിതവും ഹൃസ്വമാണു അത്‌ ചെപ്പടി വിദ്യകള്‍ കാട്ടി നശിപ്പിക്കാതെ നല്ല ആതിഥേയന്റെ മനസ്സോടെ അതിനെ സ്വീകരിക്കുക. അപ്പോള്‍ ആ ആഘോഷങ്ങള്‍ക്കായി രാവുകള്‍ പുലരാതെ നില്‍ക്കും. തിന്മയുടെ ക്ഷണികതയേയും ഈ കഥ സ്‌തിരീകരിക്കുന്നു.

വായനക്കാരിയായ ഒരു വീട്ടമ്മയുടെ മാനസിക സംഘര്‍ഷങ്ങളുടെ ഒരു കൊച്ച്‌ കലാരൂപമാണ്‌ മോപ്പസാങ്ങും സ്വര്‍ണ്ണകൊലുസ്സും. വേലക്കാരിയുടെ കാലിലെ സ്വര്‍ണ കൊലുസ്സ്‌ കണ്ട്‌ അമ്പരക്കുന്ന യജമാനത്തി അവള്‍ക്ക്‌ അത്‌ ആരു കൊടുത്തു എന്നാലോചിച്ച്‌ അവസാനം മോപ്പ്‌സാങ്ങിന്റെ കഥയിലെ വെളിച്ചത്തില്‍ വേലക്കാരിയും അപ്‌ഥസഞ്ചാരിണിയാകാമെന്ന്‌ ധരിക്കുന്നു. പക്ഷെ അവളുടെ കാലിലെ കൊലുസ്സ്‌ മുക്കായിരിക്കാമെന്ന്‌ ചിന്തിക്കുന്നേയില്ല. മറിച്ച്‌ സ്വര്‍ണ്ണത്തില്‍ പണിഞ്ഞതെന്ന്‌ ഉറച്ചു വിശ്വസിച്ച്‌ അത്‌ ഒരു പക്ഷെ അവളെ വീട്ടുപണിക്ക്‌ ഏര്‍പ്പാടാക്കിയ ഭര്‍ത്താവിന്റെ സുഹൃത്തോ ഭര്‍ത്താവ്‌ തന്നെയോ കൊടുത്തതായിരിക്കുമെന്ന്‌ ചിന്തിക്കുന്നു. താന്‍ അലമാരയില്‍ സൂക്ഷിച്ച്‌ വച്ചിരിക്കുന്ന കൊലുസ്സുകള്‍ അവിടെയുണ്ടൊ എന്ന്‌ നോക്കി സ്വയം അതണയുന്നു. വേലക്കാരികള്‍ സ്വര്‍ണ്ണകൊലുസ്സുകള്‍ അണിയരുത്‌. അണിഞ്ഞാല്‍ അത്‌ അവരുടെ സ്വഭാവദൂഷ്യത്തിന്റെ പ്രതീകമായേ കാണുകയുള്ളു എന്ന പൊതു അഭിപ്രായം പ്രബലപ്പെടുത്തുന്നതിനേക്കാള്‍ ഭാര്യമാരുടെ സംശയം ഭര്‍ത്താവിലേക്ക്‌ നീണ്ടുപോകുമെന്ന സത്യമാണ്‌ വായനക്കാരനെ രസിപ്പിക്കുന്നത്‌. സ്വയം കൊലുസ്സുകള്‍ അണിയുന്ന യജമാനത്തി മുന്‍കരുതലുകള്‍ എടുക്കുന്ന സ്‌ത്രീമനസ്സിന്റെ പ്രതീകമാണ്‌.

മനുഷ്യ സഹജമായ പ്രവര്‍ത്തിയില്‍ നിന്ന്‌ മറച്ചുവയ്‌ക്കപ്പെടുന്ന ഒരു മാനസികാവസ്‌ഥ പതുക്ക അനാവരണം ചെയ്യപ്പെടുന്നത്‌ വളരെ ശ്രഡ്‌ധയോടെ തബീഥ പകല്‍-പേക്കിനാവ്‌ എന്നീ കഥകളില്‍ പ്രകടമാണ്‌. വായനക്കാരെ ഉല്‍കണ്‌ഠരാക്കുകയും പിന്നെ നിരാശപ്പെടുത്തുകയുമാണു മനുഷ്യമനുസുകളുടെ മതിഭ്രമങ്ങളേയും, വിഷാദങ്ങളേയും പറ്റി എഴുതുന്നവരുടെ പതിവ്‌ ശ്രീമതി അലെക്‌സിന്റെ മനശാസ്ര്‌തപരമായ അറിവ്‌ അവര്‍ കലയ്‌ക്ക്‌ വേണ്ടിയാണ്‌ ഉപയോഗിക്കുന്നത്‌. എഴുത്തുകാര്‍ മന്ത്രവാദം പോലുള്ള വിഷയങ്ങളെ ആസ്‌പദമാക്കി എഴുതുമ്പോള്‍ ആ വിശ്വാസത്തെ ഉറപ്പിക്കാന്‍ വേണ്ടി ചില അസാധാരണ സംഭവങ്ങളെകുറിച്ച്‌്‌ വിവരിക്കാറുണ്ട്‌. പക്ഷെ അത്‌ അറിവുള്ള വായനക്കാരനെ സ്വാധീനിക്കാറില്ല. എന്നാല്‍ ശ്രീമതി അലെക്‌സ്‌ അത്തരം കഥകളില്‍ ഉപയോഗിക്കുന്ന വാക്കുകളും ആ പ്രയോഗങ്ങള്‍ സൃഷ്‌ടിക്കുന്ന ഒരു മായാജാലവും വായനക്കാരനെ വിസ്‌മയിപ്പിക്കുകയും ആ കഥകളിലെ രംഗങ്ങളും വ്യക്‌തികളും അവര്‍ക്ക്‌ നേരിടുന്ന സംഘര്‍ഷങ്ങളും നടന്നതാണെന്ന നേരായ ഒരു ബോധം അവനില്‍ ഉളവാക്കുകയും ചെയ്യുന്നുണ്ട്‌. പാത്രസൃഷ്‌ടിയിലുള്ള മികവും പശ്‌ചാത്തല സംവിധാന സവിശേഷതയുമാണു ഇത്തരം ഒരു അനുഭവം വായനക്കാരനു പകരുന്നത്‌.

കഥാപാത്രങ്ങളുടെ സ്വഭാവവിശേഷങ്ങള്‍ മനശാസ്ര്‌തപരമായ രീതിയില്‍ അപഗ്രഥിക്കുമ്പോള്‍ ലഭിക്കുന്ന ഒരു അവസ്‌ഥ വളരെ ലളിതമായ സാധാരണ കാര്യങ്ങളിലൂടെ അവതരിപ്പിച്ച്‌ ഫലിപ്പിക്കാന്‍ അവര്‍ക്ക്‌ കഴിയുന്നു. വൂഡൊ തുടങ്ങി അന്ധവിശ്വാസങ്ങളെ കുറിച്ച്‌ കേട്ടറിവുള്ള ഒരു മനസ്സ്‌ അതിനു വളരാനുള്ള അനുകൂല സാഹചര്യം വരുമ്പോള്‍ പതിന്മടങ്ങ്‌ ശക്‌തിയില്‍ അതിനെ മഥിപ്പിക്കുന്നു. പ്രതികാരത്തിന്റെ ക്രൂരമായ ഭാവങ്ങള്‍ക്ക്‌ വശംവദയാകാന്‍ അത്തരം അറിവുകള്‍ ഒരു വ്യക്‌തിയെ നയിച്ചേക്കാം. വീട്ടില്‍ വളര്‍ത്തുന്ന നായയെ വെടി വച്ച്‌ കൊല്ലുന്ന തബീഥ ഒരുദാഹാണമാണ്‌.

മനുഷ്യമനസ്സിന്റെ പ്രവര്‍ത്തനങ്ങളെല്‌പകുറിച്ചുള്ള എഴുത്തുകാരിയുടെ അറിവ്‌ അതെകുറിച്ച്‌ കൂടുതലറിയാന്‍ അവരെ പ്രേരിപ്പിക്കുന്നതായി മിക്ക കഥകളിലും സൂചനയുണ്ട്‌. അത്തരം അന്വേഷണ പ്രയാണങ്ങളില്‍ കണ്ടുമുട്ടുന്ന കഥാപാത്രങ്ങളെ, സാധാരണ മനുഷ്യര്‍ കാണുന്ന തലത്തില്‍ നിന്നല്ലാതെ കൗതുകപൂര്‍വ്വം വീക്ഷിക്കുകയും ആ നിമിഷങ്ങള്‍ അവരെ ഒരു മായികലോകത്തിലേക്ക്‌ നയിക്കുന്ന തായും കാണാം. സര്‍ഗ്ഗഭാവനകള്‍ക്ക്‌ നിറവും രൂപവും വരുന്നത്‌ അപ്പോഴായിരിക്കും.ഗൊരോത്തി അമ്മൂമ്മയുടെ പ്രവചന കഥ വായിച്ച്‌ വായനക്കാരന്‍ അമ്പരക്കുന്നത്‌ അവര്‍ ഉള്‍കണ്ണാല്‍ കണ്ട്‌ നേരിയ മന്ദസ്‌മിതം തൂകുന്നതും അപ്പോഴായിരിക്കും. കഥാപാത്രങ്ങളുടെ വ്യത്യ്‌സ്‌ഥ മനോഭാവങ്ങള്‍ അവരുടെ ജീവിത രീതിയെ എങ്ങനെ സ്‌പര്‍ശിക്കുന്നു അല്ലെങ്കില്‍ മാറ്റി മറിക്കുന്നു എന്ന്‌ ഈ സമാഹാരത്തിലെ മിക്കവാറും കഥകള്‍ വെളിപ്പെടുത്തുന്നു. ഒരു കാര്യം ഇവിടെ പ്രത്യേകം ശ്രദ്ധേയമാണ്‌. മാനസിക മതിഭ്രങ്ങളില്‍, അന്ധവിശ്വാസങ്ങളുടെ സ്വാധീനത്തില്‍ ഓരോ കഥാപാത്രങ്ങളും പ്രകടിപ്പിക്കുന്ന ഭാവങ്ങള്‍ വിവരിക്കുമ്പോള്‍ എഴുത്തുകാരി വികാരാധീനയാകുന്നില്ല. അവര്‍ വളരെ അച്ചടക്കത്തോടെ അവ പ്രതിപാദിക്കുന്നു. അതുകൊണ്ട്‌ സൂക്ഷ്‌മവും സ്‌ഥൂലവുമായ സംഭവവികാസങ്ങള്‍ അതീവ ചാരുതയോടെ അപ്പടി പകര്‍ത്താന്‍ അവര്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. ഒരു മനശസ്ര്‌തഞ്‌ജന്റെ വിരുത്‌ കഥകളില്‍ വ്യക്‌തമാക്കുന്നെങ്കിലും അത്‌ പ്രകടിപ്പിക്കുന്നതിനെക്കാള്‍ കലയുടെ വൈവിധ്യമാര്‍ന്ന തലങ്ങളിലേക്ക്‌ അവര്‍ വായനക്കാരനെ കൊണ്ടുപോകുന്നു. വായനക്കാരനു മതിഭ്രമം വരുത്തുന്ന സൂത്രപണികളോ അല്ലെങ്കില്‍ കണ്‍കെട്ടുകളൊ കഥകളില്‍ കാണിക്കുന്നില്ല. അതെ സമയം ഭാഷയുടേയും ശൈലിയുടെയും മേന്മകൊണ്ട്‌ വായനക്കാരന്‍ കഥകള്‍ ഉദ്വേഗത്തോടെ വായിക്കുന്നു. കഥയുടെ അവസാനം അറിയാനുള്ള ജിഞ്‌ജാസ നില നിര്‍ത്തിക്കൊണ്ട്‌ വായിപ്പിക്കാനുള്ള കഥാശില്‍പ്പ നിപുണത പ്രശംസാര്‍ഹമാണു്‌.

കഥാപാത്രങ്ങള്‍ക്ക്‌ ഒരു തരം മാനസിക ഉന്മാദം ഉള്ളതായി കാണാം. അക്ലെങ്കില്‍ ഉല്‍കണ്‌ഠകുലമായ മനോരോഗം (anxiety neurosi s ) അത്‌കൊണ്ട്‌ തന്നെ അവരുടെ പ്രവര്‍ത്തികള്‍ക്ക്‌ യാഥാര്‍ത്ഥ്യവുമായി അകലം ഉണ്ട്‌. ഈ അകലം വളരെ ഭംഗിയോടെ അടുക്കിവച്ചുകൊണ്ട്‌ കഥാകാരി അവരുടെ ആവിഷകാര ശൈലിയുടെ ഔന്നത്യം പ്രദര്‍ശിപ്പിക്കുന്നു. പൂച്ചയുടെ പേടിയില്‍ ഒരു പൂച്ച അവരെ പേടിപ്പിക്കുന്നത്‌ നിസ്സാരമായി വായനക്കാര്‍ക്ക്‌ തോന്നാം എന്നാല്‍ കഥാപാത്രം അതിനെ പേടിക്കുന്നുണ്ടു. ഭര്‍ത്താവിനു മനോരോഗമാണെന്ന്‌ ഡോക്‌ടരെ വിശ്വസിപ്പിച്ച്‌ തിരിച്ചുപോകുന്ന ഭാര്യ കാറിന്റെ പിന്‍സീറ്റില്‍ ഇരുന്ന്‌ ഡ്രൈവറുടെ കഴുത്തുനോക്കി ബാഗില്‍നിന്നും കറികത്തിയെടുക്കുന്ന ഭാഗം വായിക്കുമ്പോള്‍ കിട്ടുന്ന ഒരു ഷോക്ക്‌, അതാണീ കഥയിലെ ക്രാഫ്‌ടിന്റെ വിജയം.

കഥാപാത്രങ്ങളുടെ വികാരങ്ങളും ചിന്തകളും സംഭാഷണങ്ങളുംല്‌പഅവര്‍ തന്നെ പറയുന്ന പോലെ തോന്നുക അവരെ യഥാര്‍ത്ഥവ്യക്‌തികളായി വായനക്കാരന്‍ നിരൂപിക്കുക ഇതൊക്കെ എഴുത്തുകാരിയുടെ ശൈലിയുടെ, അവതരണത്തിന്റെ മേന്മയായി കാണാം.സ്‌കീലി എന്ന കഥ വായനക്കാരുടെ മനസ്സില്‍ എഴുത്തുകാരെകുറിച്ചുണ്ടാകുന്ന ധാരണകളുടെ ഒരു സൂചനയാണു.ല്‌പകഥകളിലെ കഥാപാത്രങ്ങള്‍ എഴുത്തുകാര്‍ തന്നെയെന്ന്‌ അവര്‍ നിരൂപിക്കുന്നു. പ്രത്യേകിച്ച്‌ കഥയിലെ സംഭവങ്ങള്‍ക്ക്‌ പുതുമയും അസംഭവ്യതയും കാണുമ്പോള്‍ അല്ലെങ്കില്‍ അവ യാഥാര്‍ത്ഥ്യത്തോട്‌ വളരെ ഒട്ടിനില്‍ക്കുമ്പോള്‍. കേള്‍ക്കുമ്പോള്‍ വളരെ നിസ്സാരമായി തോന്നുന്ന ഒരു സംഭവം കഥയാക്കുന്നതിലാണു എഴുത്തു കാരിയുടെ സര്‍ഗ്ഗശക്‌തിയുടെ പ്രസക്‌തി.

ബാല്യ-കൗമാര കാലഘട്ടങ്ങളിലെ നിഷ്‌ക്കളങ്കതപോലെ ചില ഓര്‍മ്മകള്‍ ഓരോരുത്തരുടേയു മനസ്സില്‍ ഉറങ്ങികിടപ്പുണ്ടാകും.ല്‌പഅവയെ തൊട്ടുണര്‍ത്തുന്ന ചില അസുലഭ നിമിഷങ്ങള്‍, അപൂര്‍വ്വ ദ്രുശ്യങ്ങള്‍, ആകസ്‌മിക കൂടികാഴ്‌ചകള്‍ പില്‍ക്കാലത്ത്‌ സംഭവിക്കുന്നത്‌ ഹ്രുദയാവര്‍ജ്‌ജകമായി പറയുന്നു തീവണ്ടിയില്‍ വച്ച്‌ എന്ന കഥയില്‍. ഇങ്ങനെയുള്ള കഥകള്‍ മുമ്പ്‌ കേട്ടിട്ടുള്ളതായി തോന്നാം എന്നാല്‍ അവതരണം പുതുമയുള്ളതും ആര്‍ജ്‌ജവമുള്ളതുമാകുമ്പോള്‍ കഥക്ക്‌ ഒരു നവീനരൂപം ലഭിക്കുന്നു. കഥ തീരുമ്പോള്‍ `കുട്ടാ എന്നോ ചെക്കാ' എന്നോ എന്തേ അവള്‍ വിളിക്കാതിരുന്നതെന്ന്‌ ആലോചിച്ച്‌്‌ വായനക്കാരന്‍ നിരാശനാകുന്നു.എഴുത്തുകാരി അപ്പോള്‍ വിജയിക്കയാണ്‌.

പ്രവാസമുണ്ടെങ്കില്‍ ഗ്രഹാതുരത്വമുണ്ട്‌. ഓരോ പ്രവാസിയും അവന്റെ പ്രയാണ ചങ്ങലയില്‍ പാരമ്പര്യത്തിന്റെ ഒരു കണ്ണി കൂട്ടിയിണക്കി നടക്കുന്നു. അവന്റെ പിന്‍-ഗാമികള്‍ ആ കണ്ണികള്‍ ശ്രദ്ധിക്കുന്നില്ലെങ്കിലും കൈവിടുന്നില്ല. വീട്ടിലെ നിലവിളക്ക്‌ കണ്ട്‌ മകന്റെ അതിഥിയായി വന്ന കുട്ടിക്കുണ്ടായ കൗതുകവും അവന്റെ അമ്മൂമ്മ പൂര്‍വ്വ ദേശത്ത്‌ നിന്നുമാണെന്നും പിന്നെ ജമൈക്കയില്‍ കുടിയേറിയതാണെന്നും പറയുമ്പോള്‍ മൂകമായി നിറയുന്ന ഒരു ശൂന്യത ഗ്രഹനാഥയുടെ മനസ്സില്‍ സ്രുഷ്‌ടിക്കപ്പെടുന്നു, ശൂന്യത എന്ന പറയുന്നത്‌ അവര്‍ക്ക്‌ അനുഭവപ്പെടുന്ന ഒരു മാനസികാധഃപതനമാണു സൂചിപ്പിക്കുന്നത്‌. അത്‌ അവരിലുണ്ടാക്കുന്ന ഗ്രഹാതുരത്വമാണു. അവര്‍ നിസ്സംഗതമായ ചില അനുമാനുങ്ങളില്‍ നിമഗ്നയാകുന്നു.(desultory speculation) അവര്‍ സൂക്ഷിച്ച്‌ വക്കുന്ന സംസ്‌കാരവും ആചാരങ്ങളും കൈവിട്ടു പോയ ഒരു പ്രതീതിയില്‍ അവര്‍ അവരുടെ സ്വര്‍ണ്ണകസവു പുടവയും ആഭരണങ്ങളും അണിയുന്നു. എന്തോ തനിക്ക്‌ നഷ്‌ടപെടുവാനുണ്ടെന്ന ഒരു ബോധത്തില്‍ നിന്നുണ്ടാകുന്ന ആ അവസ്‌ഥ എല്ലാ പ്രവാസി മനസ്സുകളിലും ചിലപ്പോള്‍ ഉണ്ടാകുന്ന ഒരു അനുഭവമാണ്‌. ഒപ്പം ഭീതിയും,ശൂന്യതയും, മോഹഭംഗങ്ങളുമൊക്കെ കലര്‍ന്ന ഒരു വികാരത്തിന്റെ ഹൃദയസ്‌പ്രുക്കായ ഒരുഅനുഭവം ഈ കഥ തരുന്നു,

ബൈബിളില്‍ നിന്നും ഉള്‍കൊണ്ട മറ്റൊരു കഥയാണു ഹവ്വ. ഈ കഥയില്‍ സ്‌ത്രീത്വത്തിന്റെ ശക്‌തിയും, ദൗര്‍ബല്യവും, പ്രതിപാദിക്കുന്നു.ല്‌പമയക്കുന്ന പ്രക്രുതിയും മനോഹരിതപകരുന്ന നക്ഷത്രകൂട്ടങ്ങളും അവളെ പുളകം കൊള്ളിക്കുമ്പോള്‍ അവളുടെ കൂട്ടുകാരന്‍ ആദം ഉറങ്ങുകയാണ്‌. അറിവിന്റെ കനി തേടി അന്വേഷണം നടത്തുന്നതും എപ്പോഴും നിതാന്ത ജാഗ്രത പാലിക്കുന്നതും സ്ര്‌തീയാണെന്നും ഒരു ധ്വനി ഈ കഥയിലുണ്ട്‌.എന്നാല്‍ ഇത്‌ ഫെമിനിസം എന്ന ഗ്രൂപ്പില്‍ പെടുന്നില്ല. ഇതിലെ ഭാഷ പ്രയോഗം പണ്ടത്തെ കഥകളുടെ രീതിയിലാണ്‌.

കഥകളിലെല്ലാം തന്നെ മനുഷ്യ മനസ്സിന്റെ സഞ്ചാര പഥങ്ങളിലൂടെ എഴുത്തുകാരി നിരന്തര ശ്രദ്ധ പുലര്‍ത്തി നടത്തിയ യാത്രകളുടേയും അപ്പോള്‍ കണ്ടു മുട്ടിയ വഴിയാത്രക്കാരെയും, ആ കണ്ടുമുട്ടല്‍ അവര്‍ക്ക്‌ നല്‍കുന്ന ഉള്‍കാഴ്‌ചകളുടേയും കലാപരമായ സംക്ഷിപ്‌തരൂപമാണ്‌. സര്‍ഗ്ഗനാളങ്ങളുടെ കമനീയ ശോഭ പകരുന്ന രചനാശില്‍പ്പങ്ങളാണ്‌. കഥാപാത്രങ്ങളുടെ നിഗൂഢവും, നിരന്തരം മാറികൊണ്ടിരിക്കുന്നതുമായ മാനസിക വ്യാപാരങ്ങളെ അക്ഷരങ്ങളുടെ കച്ചവട കമ്പോളത്തില്‍ പ്രദര്‍ശിപ്പിച്ച്‌ അവര്‍ ലോകത്തോട്‌ ചോദിക്കുന്നു `ഇവരെ പരിചയമില്ലേ'. ഉണ്ട്‌്‌, എല്ലാ കഥാപാത്രങ്ങളും നമുക്ക്‌ ചുറ്റുമുള്ളവര്‍, ചിലരെ നമ്മള്‍ കണ്ടിട്ടുണ്ടെങ്കിലും പരിചയമില്ലാത്തവര്‍. അവരെ എഴുത്തുകാരി നമുക്ക്‌ പരിചയപ്പെടുത്തുന്നു. വളരെ ആഹ്ലാദകരമായ ഒരു വായനാനുഭവം തരുന്ന പതിനേഴു കഥകള്‍. തിരഞ്ഞെടുത്ത ചില കഥകളെക്കുറിച്ച്‌ മാത്രമേ ഈ നിരൂപണത്തില്‍ പരാമര്‍ശിക്കുന്നുള്ളു.

ശ്രീമതി അലെക്‌സിനു എല്ലാ ഭാവുകങ്ങളും നേരുന്നു. ഇതവരുടെ രണ്ടാമത്തെ പുസ്‌തകമാണ്‌. അവരുടെ ആദ്യപുസക്‌തത്തിനും ഒരു നിരൂപണം എഴുതാന്‍ എനിക്ക്‌ നിയോഗമുണ്ടായി. വീണ്ടും രണ്ടാമത്തെ പുസ്‌തകം അയച്ചു തന്ന എഴുത്തുകാരിക്ക്‌ നന്ദി. കഥകളെല്ലാം തന്നെ നാട്ടിലെ പ്രമുഖ പ്രസിദ്ധീകരണങ്ങളില്‍ വെളിച്ചം കണ്ടവയാണ്‌. അമേരിക്കന്‍ മലയാളികള്‍ക്ക്‌ വായിക്കാന്‍ വേണ്ടി പ്രസ്‌തുത കഥകള്‍ അമേരിക്കന്‍ മലയാളപ്രസിദ്ധീകരണങ്ങളിലേക്കും ശ്രീമതി അലെക്‌സ്‌ അയക്കുമെന്ന്‌ പ്രതീക്ഷിക്കാം.

(ശുഭം)
ആദാമിന്റെ ആദ്യ ഭാര്യ (പുസ്‌തക പരിചയം:സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക