HOTCAKEUSA

ലിലിത്: (കഥ: ലൈല അലക്‌സ്; ആമുഖം: രമേശ് ചെന്നിത്തല)

Published on 27 July, 2013
ലിലിത്: (കഥ: ലൈല അലക്‌സ്; ആമുഖം: രമേശ് ചെന്നിത്തല)
രമേശ് ചെന്നിത്തലയുടെ ആമുഖം
മുന്‍മൊഴി
വികാരങ്ങള്‍ക്ക് ദേശകാലഭേദങ്ങളില്ല. വികാരങ്ങള്‍ കഥയാകുമ്പോള്‍ അത് സര്‍വദേശീയമാകുന്നു. ഏദന്‍തോട്ടത്തിലെയും ഫിലാഡെല്‍ഫിയയിലെയും മനുഷ്യവികാരങ്ങള്‍ ഒന്നുതന്നെ. അവയുടെ ചിത്രീകരണം ദേശകാലങ്ങളെ അതിജീവിക്കും. മനുഷ്യവികാരങ്ങളെ ചിത്രീകരിക്കുന്ന ലൈലാ അലക്‌സ് ഏഴാം കടലിനക്കരെ നിന്നാണ് കഥയെഴുതുന്നതെന്ന് തോന്നുകയില്ല. അത്രത്തോളം തന്മയത്വമാണ്, ലൈലാ അലക്‌സിന്റെ കഥകള്‍. എല്‍സയും, സ്റ്റീവും, അഭിയും ഗൊരേത്തി അമ്മൂമ്മയും ഒക്കെ നമുക്കു സുപരിചിതമാണ് ഈ കഥകളില്‍.

വികാരങ്ങള്‍ക്ക് അതിജീവനമില്ല. ഏദന്‍തോട്ടത്തിലെ പുഷ്പകവാടിയില്‍ വികാരവിവശയായി. സ്വപ്നങ്ങള്‍ കാണുന്ന ലിലിത്. അധ്വാനഭാരത്തിന്റെ, അറിവന്റെ കനിതിന്ന് ഉറങ്ങുന്ന ഹവ്വയും കാലങ്ങള്‍ക്കിപ്പുറവും നമ്മുടെ മുന്നിലുണ്ട്. ജീവിതം തന്നെ അങ്ങനെയല്ലേ; തീവ്രപരിചരണം ലഭിക്കാഞ്ഞാല്‍ കരിഞ്ഞുപോകുന്ന ഓര്‍ക്കിഡുകളെപ്പോലെയല്ലേ. ജീവിത വ്യാപാരത്തില്‍ ആരാണ് മനോരോഗി? ഒരു മനഃശാസ്ത്രജ്ഞനു പോലും നിശ്ചയമില്ല. ജീവിതത്തിന്റെ സ്‌നിഗ്ധതയില്‍ ഒരു പൂച്ചയുടെ രോമത്തെപ്പോലും, ശ്വാവിന്റെ വാലാട്ടിനെപ്പോലും നാം ഭയന്നുപോകും. ചിലപ്പോള്‍ അശ്വകേളി കണ്ടുനില്‍ക്കുന്ന സുല്‍ത്താന്റെ ചിത്രത്തെക്കാള്‍ ചിത്രം സമ്മാനിച്ചയാളെ നാം സ്‌നേഹിച്ചുപോകും. ഏറ്റവുമൊടുവില്‍ ഗതകാലത്തു കണ്ട സ്വപ്നങ്ങള്‍ സാന്ത്വനമായി നമ്മുടെ മുന്നിലെത്തും.
പല വര്‍ണക്കാരായ ജനങ്ങള്‍ ഒഴുകുന്ന തെരുവുകളെ നോക്കിയിരിക്കെ കാളിമയേറിയ തവിട്ടുവര്‍ണങ്ങളുമായി അകലെ പാര്‍ക്കുന്ന ജനങ്ങളെ ഓര്‍ത്തുപോകും. കത്തുന്ന നിലവിളക്കിന്റെ ദീപനാളത്തില്‍ നിന്നുയരുന്ന പുക, ഫയര്‍ അലാറം വിളിച്ചു വരുത്തുന്ന രാജ്യത്ത്, സുവര്‍ണ നേരിയതു സാരിയുടുത്ത് ശരപ്പൊളി മാലയും ധരിച്ച് കുങ്കുമപ്പൊട്ടുംതൊട്ട് മുക്താംഗിയായി ഈ കഥകള്‍ ഇറങ്ങിയെത്തുന്നു; വെള്ളിമേഘക്കൂട്ടങ്ങള്‍ പിടഞ്ഞോടുന്ന നീലമേലാപ്പിന്‍ താഴെ നെല്‍പ്പാടങ്ങള്‍ മരതകപച്ചയാകുന്നതും സ്വര്‍ണക്കസവ് പട്ടുടുക്കുന്നതും ഓര്‍ത്തിരിക്കുമ്പോള്‍ വേനല്‍ത്തീയില്‍ വരണ്ടുകീറുന്ന മുഖത്തിന്റെ കരുവാളിപ്പ് മഴമേഘങ്ങള്‍ കഴുകിക്കളയും.
മനുഷ്യമനസ്സിന്റെ എല്ലാ കുടിലതകള്‍ക്കും മേലെ മനസ്സൊരു മയിലായി നൃത്തമാടുന്ന വര്‍ണപ്പൊലിമ വിവരിച്ച് വികാരവായ്‌പോടെ മലയാളിയെ ഹരംകൊള്ളിക്കുന്ന വാക്ചാരുത്യത്തോടെ ലൈലാ അലക്‌സിന്റെ കഥകള്‍ അക്കരെനിന്ന് നമ്മുടെ മുന്നിലെത്തുന്നു,
രമേശ് ചെന്നിത്തല
 ലിലിത്‌


തീബ്‌സിലെ…

അലക്‌സാണ്ഡ്രിയയിലെ..

ഈന്തപ്പനകള്‍ കുടപിടിക്കുന്ന അറബിലെ…

രാജരഥ്യകളില്‍ക്കൂടി കാലചക്രങ്ങള്‍ ഉരുളുമ്പോള്‍ സമയരഥത്തില്‍ മയങ്ങിക്കിടന്ന ലിലിത് സ്വപ്നം കാണുകയായിരുന്നു.

പറുദീസയില്‍ ഉപേക്ഷിക്കേണ്ടിവന്ന പ്രിയനെ- ആദത്തെ!!

പറുദീസയില്‍, പരിശുദ്ധിയുടെ പരകോടിയില്‍ മൊട്ടിട്ട ആദ്യാനുരാഗത്തിന്റെ നാമ്പുകള്‍ അവളുടെ ഉള്ളില്‍ ഒരിക്കലും അണയാത്ത നരകത്തീയായി മാറിയിട്ടും അവള്‍ അവനെ പ്രണയിച്ചു- പ്രപഞ്ചത്തിന്റെ അതുകോണില്‍നിന്നായാലും അവനെ കണ്ടെത്തി, അവനോടൊപ്പം വീണ്ടും പറുദീസയില്‍ ചെന്നെത്തണമെന്ന് അവള്‍ മോഹിച്ചു. അതിനായി, അതിനായി മാത്രം അവള്‍ മരിക്കാതെ കാത്തിരുന്നു.

ആ കാത്തിരുപ്പിന്റെ കഥകള്‍ ഏദന് കിഴക്ക്, ജീവനുള്ളവരുടെ ദേശത്താകെ വാമൊഴിയായി, വരമൊഴിയായി തലമുറകള്‍ കൈമാറി..

ആ കഥകളില്‍ ഒക്കെയും പകലിന്റെ നാഥന് രാജാധികാരം നഷ്ടപ്പെടുന്ന ചുവന്ന സന്ധ്യകളില്‍ ലിലിത് കൈവിട്ടുപോയ പ്രിയനെ തേടിയിറങ്ങി. തീബ്‌സിലും അലക്‌സാണ്ഡ്രിയയിലും ഈന്തപ്പനകള്‍ കുടപിടിക്കുന്ന അറബിലും അവള്‍ അവനെത്തേടി അലഞ്ഞു.

മണലാരണ്യങ്ങളില്‍, മരുപ്പച്ചകളില്‍  ഒട്ടകക്കൂട്ടങ്ങളെ മേയാന്‍വിട്ട അറേബ്യന്‍  വണിക്കുകള്‍ ഇരുട്ടിന് കട്ടിയേറിയപ്പോള്‍ അവളെ ഭയന്ന് കൂടാരങ്ങളില്‍ ഒളിച്ചു. കൂട്ടംകൂടിയിരുന്നവര്‍ അവളെപ്പറ്റി അടക്കം പറഞ്ഞു: 'നരനില്‍ നിന്നും എടുക്കപ്പെട്ടവളല്ല; നരനോടൊപ്പം സൃഷ്ടിക്കപ്പെട്ടവള്‍…പറുദീസയില്‍നിന്നും ആദ്യം പുറത്താക്കപ്പെട്ടവള്‍…'

പര്‍വ്വതനിരകളില്‍ ആട്ടിന്‍കുട്ടങ്ങളെ മേയിച്ചുനടന്ന ഇസ്രയേല്യരും ഇരുട്ടിനു കട്ടിയേറയപ്പോള്‍ ആഴികൂട്ടി, അതിന് ചുറ്റുമിരുന്ന് അവളെപ്പറ്റി അപവാദം പറഞ്ഞു: 'ഏദനു കിഴക്ക്, ചെങ്കടലിന്റെ തീരത്ത്, സാത്താന്റെ സന്തതികളെ പെറ്റുവള്‍ത്തിയവള്‍…' അവളുടെ പേരുച്ചരിക്കുമ്പോള്‍പോലും അവരുടെ ധമനികളില്‍ ഭയംകൊണ്ട് രക്തം കട്ടപിടിച്ചു. അവര്‍ അവരുടെ കണ്ണുകള്‍ പര്‍വ്വതങ്ങളിലേക്കുയര്‍ത്തി അത്യുന്നതങ്ങളില്‍ പാര്‍ക്കുന്നവനോടു കേണു: 'ഇരുട്ടില്‍ സഞ്ചരിക്കുന്ന മഹാമാരിയില്‍നിന്ന് ഞങ്ങളെ രക്ഷിക്കണേ..'

ആ കരച്ചില്‍, കൂട്ടനിലവിളിയായി, തീബ്‌സില്‍നിന്നും അലക്‌സാണ്ഡ്രിയയില്‍നിന്നും അറബില്‍നിന്നും ലോകമെങ്ങും നിന്നും ഉയര്‍ന്നുപൊങ്ങി. പ്രിയതമനെത്തേടി അലയുകയായിരുന്ന ലിലിതും കേട്ടു ആ രോദനം.

അവളുടെ ഉള്ളില്‍ നെരിപ്പോടായി നീറിനീറിക്കിടന്ന ആദ്യാനുരാഗത്തിന്റെ ജ്വാലകള്‍ ആളിക്കത്തിക്കാനേ ഉതകിയുള്ളു ആ നിലവിളി… 'ആദം…ആദം…' അവരുടെ കരച്ചിലിനും മീതേ ഉയര്‍ന്നു അവളുടെ സ്വരം. പ്രേമാര്‍ദ്രമായ ആ സ്വരത്തിന് വീണക്കമ്പികളില്‍ വിരലുകളോടുമ്പോഴുള്ള മധുരിമയുണ്ടായിരുന്നു, ആരും അന്നോളം അറിഞ്ഞിട്ടില്ലാത്ത അലൗകിക സുഖങ്ങളുടെ വാഗ്ദാനമുണ്ടായിരുന്നു, കിന്നരഗാനത്തിന്റെ വശ്യതയുണ്ടായിരുന്നു. ആനാദം, ലോകമാകെ ഒഴുകി, ഒഴുകി, അവള്‍ തേടി അലയുകയായിരുന്ന ആദത്തിന്റെ കാതിലുമെത്തി.
മുള്ളും പറക്കാരയും നിറഞ്ഞ വരണ്ട നിലത്ത് പകലന്തിയോളം വിയര്‍പ്പു ചിന്തി വേല ചെയ്തതിന്റെ ക്ഷീണത്താല്‍ തീര്‍ത്തും പരവശനായിരുന്നു ആദം അപ്പോള്‍. മനംമയുക്കുന്ന, മതിമറക്കുന്ന ആ നാദസുധ സംഗീതമായി കര്‍ണ്ണപുടങ്ങളില്‍ പതിച്ചപ്പോള്‍ സുഖദമായ ഒരു അര്‍ദ്ധമയക്കത്തിലേക്ക് അവന്‍ വഴുതിവീണു.

സ്വപ്ത്തിലെന്നപോലെ, അവന്റെയുള്ളില്‍ മനോജ്ഞമായ ആ പ്രണയതീരം ഉണര്‍ന്നു. നിറയെ പൂത്തമരങ്ങളും കളകളം കൊഞ്ചുന്ന കുളിരരുവികളും വിശക്കുമ്പോള്‍ വേണ്ടുവോളം ഭക്ഷിക്കാന്‍ രുചിയേറിയ കായ്കനികളും നിറഞ്ഞ ഏദന്‍… വേനലിന്റെ കൊടുംചൂടോ, അതിശൈത്യമോ, അദ്ധ്വാനത്തിന്റെ പരവശതയോ കടന്നുവരാത്ത ഏദന്‍… മന്ദമാരുതനേറ്റു പൊഴിയുന്ന പൂവിതളുകള്‍ തീര്‍ത്ത ശയ്യയില്‍ മയങ്ങിയും ഉണര്‍ന്നും വീണ്ടും മയങ്ങിയും കഴിഞ്ഞ നാളുകള്‍…
അവിടെ, അവനോടൊപ്പം, അവന് കൂട്ടായി ഒരു സുന്ദരി..

പാതിമയക്കത്തിലും ആദം പുഞ്ചിരിച്ചു.

പ്രജ്ഞയുടെ നീലക്കയങ്ങളിലെവിടെയോ ഒരു ചെറുതിരയിളകി…

മഞ്ഞില്‍ കുളിച്ചപോലെ, അവ്യക്തമായ, അമൂര്‍ത്തമായ ഒരു രൂപം അവന്റെയുള്ളില്‍ തെളിഞ്ഞു.
വെണ്ണക്കല്ലിന്റെ മിനുപ്പും പാല്‍ച്ചന്ദ്രികയുടെ കുളിരും ആവാഹിച്ച ഒരു രൂപം.

ആരാണവള്‍?

ആദം കണ്ണുതുറന്നു… ചുറ്റും നോക്കി…

ഗൃഹജോലികളില്‍ മുഴികിയിരുന്ന ഹവ്വാ ആദം ഉണര്‍ന്നത് അറിറഞ്ഞതേയില്ല. നിലങ്ങളില്‍ വിളയുന്ന യവവും ഗോതമ്പും പതിരുതിരിച്ച്, തിരികല്ലില്‍ പൊടിച്ച് മാവുണ്ടാക്കി അപ്പം ചുട്ടെടുക്കുന്നതില്‍ വ്യാപൃതയായിരുന്നു അവള്‍. വിയര്‍പ്പുചാലുകള്‍ അവളുടെ നെറ്റിയുടെ ഇരുവശങ്ങളിലൂടെയും ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു. അടുപ്പിലെ തീയും പുകയുമേറ്റ് കലങ്ങിയ അവളുടെ കണ്ണുകളില്‍ നിന്ന് നീര്‍പൊഴിഞ്ഞുകൊണ്ടിരുന്നു. ഇടയ്ക്കിടെ വസ്ത്രാഞ്ചലം ഉയര്‍ത്തി, നെറ്റിയും കണ്ണുകളും തുടച്ചുകൊണ്ട് അവള്‍ പ്രവൃത്തിയില്‍ മാത്രം ശ്രദ്ധിച്ചു.

ആദം അവളെ കണ്ണിമയ്ക്കാതെ നോക്കി.

ഇവള്‍ …ഹവ്വാ…

സ്വപ്നത്തില്‍, അവ്യക്തമായി തെളിഞ്ഞ മോഹിനീരൂപം ഇവളായിരുന്നുവോ?

ഏദനില്‍, ദൈവം വരുത്തിയ ഗാഢനിദ്രയില്‍ നിന്നും ഉണര്‍ന്നപ്പോള്‍ കണ്ട ഇവള്‍?

അല്ലാ…അല്ലാ…

അല്ലെന്ന് അവന്റെ മനസ്സ് പറഞ്ഞു.

പിന്നെ…?
ബോധാബോധങ്ങളുടെ ഇരുണ്ട ആഴങ്ങലിലെവിടെയോ മറ്റൊരു സാന്നിദ്ധ്യം… ഒരു നനത്ത സ്പര്‍ശം..

നിഴലുകളിഴയുന്ന  ഈന്തനപ്പനകളുടെ ചുവട്ടിലും നിലാവുറങ്ങുന്ന വിജനതയിലും അവന്‍ സ്വയമറിയാതെ തിരയാറുള്ള ഒരു കുളിര്‍സാന്നിദ്ധ്യം…ആരാണവള്‍?

ആദം അസ്വസ്ഥനായി.

നിറയെ പൂത്ത പൂമരങ്ങളും കുളിരരുവികളും നിറഞ്ഞ ആ പ്രണയതീരം വെറും  സ്വപ്നമായിരുന്നുവോ?

പകലന്തിയോളം വേലചെയ്ത് തളരുന്നവന്റെ ഭ്രാന്തന്‍ സ്വപ്നമാണോ ഏദന്‍?
അപ്പോള്‍ ഹവ്വയോ?

ആദം ചിന്താധീനനായി.

ഹവ്വാ വന്നണയുംമുമ്പ് ഏകാന്തമായിരുന്നുവോ ഏദന്‍? ഏകാന്തതയുടെ ദുഃഖം പറുദീസയിലുണ്ടായിരുന്നുവോ? ജീവജാലങ്ങളെ ഇണകളായി സൃഷ്ടിച്ചവന്‍ നരനെമാത്രം ഏകനായി സൃഷ്ടിച്ചുവെന്നോ?

എന്തോ…!

ആ ഗാഢനിദ്രയ്ക്കുമുമ്പുണ്ടായിരുന്നതൊന്നും ഓര്‍മ്മിക്കാനേ കഴിയുന്നില്ലല്ലോ.

ആദം കിടക്ക വിട്ടെഴുന്നേറ്റു.

അവന് കുടിപ്പാനും തിന്നാനുമുള്ളത് എടുത്തുംകൊണ്ടുവന്നു ഹവ്വാ. ആദം അവളെ സൂക്ഷിച്ചുനോക്കി.

സ്വപ്നത്തില്‍കണ്ട സുന്ദരി ഇവള്‍ തന്നെയോ?

അല്ല..അല്ല..

തീര്‍ച്ചയായും അതിവള്‍ അല്ലാ…

തീയും പുകയുമേറ്റ് പാചകംചെയ്ത് മുഖം കരുവാളിച്ച, നൂല്‍നൂറ്റും വസ്ത്രം തുന്നിയും കൈവിരലുകള്‍ പരുക്കനായ, അദ്ധ്വാനത്തിന്റെ വിയര്‍പ്പുനാറുന്ന ഇവളല്ല ആ സ്വപ്നസുന്ദരി.
അസഹ്യതയോടെ ആദം മുഖംതിരിച്ചു.

പറുദീസയില്‍ എന്നോടൊപ്പമുണ്ടായിരുന്നത് ഇവളല്ല; ആദം സ്വയം പറഞ്ഞു.

പിന്നെ?

പറുദീസയിലെ സുന്ദരി ഇങ്ങനെയായിരുന്നില്ല. ഷാറോണ്‍ താഴ് വാരങ്ങളില്‍ പൂക്കുന്ന പനിനീര്‍പുക്കളുടെ സൗന്ദര്യമുണ്ടായിരുന്നു അവള്‍ക്ക്. ലെബനോനിലെ പരിമളതൈലങ്ങളുടെ സുഗന്ധമുണ്ടായിരുന്നു അവളുടെ മേനിക്ക്…

ഭവനത്തിന്റെ തുറന്നുകിടന്ന വാതായനങ്ങളിലൂടെ കടന്നുവരുന്ന കാറ്റില്‍ ആ സുഗന്ധത്തിന്റെ ഒരു കണം ഉണ്ടെന്ന് അവന് തോന്നി. ആ വാതായനങ്ങലിലൂടെ ദൂരേക്ക്… ദൂരേക്ക് നീണ്ടു അവന്റെ കണ്ണുകള്‍…

ദൂരെ വീശുന്ന കാറ്റിന്റെ മൂളലില്‍ അവന്‍ ആ മന്ത്രണം കേട്ടു: 'വരൂ… വരൂ എന്നൊടൊപ്പം…പറുദീസ വീണ്ടെടുക്കാന്‍…'

ആ ക്ഷണത്തില്‍, അവന്‍ അവളെ തിരിച്ചറിഞ്ഞു. ലിലിത്.. കൈവിട്ടുപോയ സുവര്‍ണ്ണകാലത്തിന്റെ സ്മരണയില്‍ അവന്‍ ഉലഞ്ഞു. അവന്‍ ഹവ്വയോടു കയര്‍ത്തു:

'നീയാണ് പറുദീസ നഷ്ടപ്പെടുത്തിയവള്‍… എന്റെ വീഴ്ചയ്ക്ക് കാരണക്കാരി…'

ഹവ്വയെ തള്ളിമാറ്റി, ആദം ഭവനം വിട്ടിറങ്ങി തീബ്‌സിലൂടെ, അലക്‌സാണ്ഡ്രിയയിലൂടെ, അറബിലൂടെ എല്ലാം ആദം പറുദീസ തേടിനടന്നു- ലിലിതിനോടൊപ്പം.

ലോകമെങ്ങും ഹൃദയംപൊട്ടിയ ഹവ്വമാര്‍ സ്വയം മൂടുപടത്തിലൊളിപ്പിച്ച്, ഭവനത്തിന്റെ ഇരുളടഞ്ഞ അകത്തളങ്ങളില്‍ കരഞ്ഞും കൊണ്ട് തളര്‍ന്നിരുന്നു.

ഇവര്‍,

ആരുംതന്നെ ഒരു നാളും പറുദീസയില്‍ കടക്കാതിരിക്കേണ്ടതിന് ചുറ്റും തിരിയുന്ന ജ്വാലകളോടുകൂടിയ വാളോങ്ങിയ കെരൂബുകള്‍ ഏദനുചുറ്റും കാവല്‍നിന്നു, എപ്പോഴും.

(Lilith: Adam's First wife, Mother of all vampires)


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക