Image

നിനവും നനവും (പശ്ചാത്താപ പാഠങ്ങള്‍ - കെ.എ. ബീന)

കെ.എ. ബീന) Published on 30 July, 2013
നിനവും നനവും (പശ്ചാത്താപ പാഠങ്ങള്‍ - കെ.എ. ബീന)
അഞ്ചാം ക്ലാസ്സ് ജയിച്ച് ആറിലേക്ക് ചേരാനുള്ള പുറപ്പാടിലായിരുന്നു ഞാന്‍.  അവധിക്കാലം ബിന്ദുവുമൊന്നിച്ച് തകര്‍ത്താസ്വദിക്കുകയായിരുന്നു.  തറവാട്ടു പറമ്പിലെ മാവുകളില്‍ മാറി മാറിക്കയറി പലതരം മാങ്ങകള്‍ തിന്നും തോട്ടുവക്കില്‍ പോയിരുന്ന് മീനുകള്‍ക്ക് അരിയിട്ട് കൊടുത്തും  തോര്‍ത്തില്‍ മീനുകളെ പിടിച്ച് കുപ്പിയിലാക്കി  വച്ചുമൊക്കെ സംഭവബഹുലം ജീവിതം.  ഒരുദിവസം ശ്രീമാമന്‍ അമ്മയോട് പറഞ്ഞു: ''ഇവരെ ഞാന്‍ കരകുളം വരെ കൊണ്ടു പോകുകയാണ്, അവിടെ കുട്ടികള്‍ക്ക് വേണ്ടി ബാലവേദി എന്നൊരു സംഘടന തുടങ്ങുന്നു.  ഇങ്ങനെ കാടോടി നടക്കുന്ന നേരത്ത് കുറെ നല്ല കാര്യങ്ങള്‍ ചെയ്യട്ടെ.''
 കരകുളത്തെ എസ്.എന്‍.ഡി.പി ഹാളില്‍ ലെനിന്‍ ബാലവേദിയുടെ ഉദ്ഘാടനം നടക്കുന്നു, ശ്രീമാമന്‍ പ്രസംഗിച്ചു, പിന്നെ ബാലവേദി സംസ്ഥാന സെക്രട്ടറി കെ. മോഹന്‍കുമാര്‍, മാങ്കോട് രാധാകൃഷ്ണന്‍ (പിന്നീട് എം.എല്‍.എ.യായി) തുടങ്ങി ആരൊക്കെയോ.  എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ബാലവേദിയുടെ തിരുവനന്തപുരത്തെ ജില്ലാ സെക്രട്ടറി പി.എസ്. ജയകുമാറിന്റെ പ്രസംഗമായിരുന്നു.  മുഖത്ത് നിന്ന് വിട്ടുമാറാത്ത ചിരിയും, ഭാവത്തിലെ ശാന്തതയും, വാക്കുകളിലെ നര്‍മ്മവും പെട്ടെന്ന് തന്നെ ജയകുമാറിനെ 'ജയന്‍ ചേട്ടന്‍' എന്ന് വിളിക്കാന്‍ തോന്നിപ്പിച്ചു. 
''1971 മേയ് മാസത്തില്‍ മൂവാറ്റുപുഴയിലാണ് ബാലവേദിയുടെ ആദ്യ യോഗം നടന്നത്.  കുട്ടികള്‍ക്കായി മുതിര്‍ന്നവര്‍ മുന്‍കൈയ്യെടുത്ത് രൂപീകരിച്ച സംഘടനയാണിത്.  1974 ജനുവരിയില്‍ എറണാകുളത്ത് നടന്ന ആദ്യ സംസ്ഥാന സമ്മേളനത്തോടെ ബാലവേദി കുട്ടികള്‍ക്കിടയില്‍ ശക്തമാവുകയായിരുന്നു.  ഇപ്പോള്‍ കേരളമെങ്ങും ബാലവേദി യൂണിറ്റുകള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ് ഞങ്ങള്‍.  നിങ്ങളുടെ ഈ ലെനിന്‍ ബാലവേദി അതിലൊന്നാണ്.  ഇവിടെ വരുന്ന ഓരോ കുട്ടിയും ഭാവിയുടെ വാഗ്ദാനമായി മാറണം, അതാണ് ഞങ്ങളുടെ ആഗ്രഹം.''
ജയന്‍ ചേട്ടന്റെ ആ വാക്കുകള്‍ എനിക്ക് ഇഷ്ടപ്പെട്ടു.  അന്ന് ഒന്‍പതാം ക്ലാസ്സിലോ പത്താം ക്ലാസ്സിലോ പഠിപ്പിക്കുകയായിരുന്നിരിക്കണം ഈ വലിയ നേതാവ്.  ആ യോഗം എന്നെ ലെനിന്‍ ബാലവേദിയുടെ പ്രസിഡന്റാക്കി.  അങ്ങനെയാണ് ഞാനെന്റെ വീടും പറമ്പും സ്‌കൂളും എന്ന ഠ  വട്ടം  ലോകം  വിട്ട് പുറംലോകത്തെത്തുന്നത്.  1974-ലായിരുന്നു അത്.  നാട്ടിന്‍പുറത്ത് ജനിച്ച് വളര്‍ന്ന ഒരു പെണ്‍കുട്ടിക്ക് അപ്രാപ്യമായിരുന്ന സജീവമായ പൊതുജീവിതത്തിലേക്ക് കടന്നു ചെല്ലുകയാണ് ഞാന്‍ എന്നൊന്നും അന്നറിഞ്ഞില്ല.
വളരെ വേഗം തന്നെ ബാലവേദിയുടെ ജില്ലാ കമ്മറ്റിയിയിലേക്ക് ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടു.  തിരുവനന്തപുരത്ത് വാന്റോസ് ജംഗ്ഷനിലെ ''യംഗ് ഇന്ത്യ'' എന്ന ഓടിട്ട ആ പഴയ കെട്ടിടവും ഒട്ടുമാവും ആ മാവിന്‍ ചുവട്ടിലും ''യംഗ് ഇന്ത്യ''യിലും നടന്ന ബാലവേദി യോഗങ്ങളുമൊക്കെ മായാചിത്രങ്ങള്‍ പോലെ ഇന്നും മനസ്സിലുണ്ട്. 
ലെനിന്‍ ബാലവേദിയുടെ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പാഞ്ഞു നടന്ന കാലം.  സമ്മേളനത്തിന് ഉദ്ഘാടകന്‍ വേണം, അദ്ധ്യക്ഷന്‍ വേണം, പ്രാസംഗികന്‍ വേണം.  പിന്നെ കലാമത്സരങ്ങള്‍, കലാപരിപാടികള്‍ സംഘടിപ്പിക്കണം - മികവുറ്റ സംഘാടകനായ ജയന്‍ ചേട്ടന്‍ ഇത്തരം കാര്യങ്ങള്‍ക്കൊക്കെ നിര്‍ദ്ദേശം നല്‍കിക്കൊണ്ട് ഒപ്പമുണ്ടായിരുന്നു.
സമ്മേളനത്തിന് വിശിഷ്ട വ്യക്തികളെ ക്ഷണിക്കാന്‍ പോകാനും നോട്ടീസ് അച്ചടിപ്പിക്കാനും രസീത് കുറ്റി ഉണ്ടാക്കാനുമൊക്കെ പഠിച്ചത് ജയന്‍ ചേട്ടനില്‍ നിന്നായിരുന്നു.
''പണം'' മറ്റൊരു പാഠം.  സംഘടനാ പ്രവര്‍ത്തനത്തിന് പണം കൂടിയേ തീരൂ.  ബാലവേദി സമ്മേളനം നടത്താന്‍ കരകുളത്തെ വീടുകള്‍ തോറും കയറി ഇറങ്ങി പണപ്പിരിവ് നടത്താന്‍ ആദ്യമൊക്കെ ചമ്മലായിരുന്നു.  ഭിക്ഷയ്ക്ക് ചെല്ലും പോലെ കുറേ കുട്ടികള്‍ വീടുതോറും കയറി ഇറങ്ങുക, അതും ഏപ്രില്‍ മേയ് മാസങ്ങളിലെ പൊരിവെയിലില്‍.  ശ്രീമാമനും ജയന്‍ ചേട്ടനും മോഹന്‍ ചേട്ടനുമൊക്കെ അത്തരം ചമ്മലുകളുടെ അനാവശ്യത്തെക്കുറിച്ച് ഞങ്ങളെ ബോധവല്‍ക്കരിച്ചു.
''നിങ്ങള്‍ ചെയ്യുന്നത് നാട്ടിലെ കുട്ടികള്‍ക്ക് വേണ്ടിയാണ്.  അതിലൊരു നാണക്കേടും തോന്നണ്ട.  അഭിമാനിക്കുകയാണ് വേണ്ടത്.  മറ്റുള്ളവര്‍ക്ക് വേണ്ടി നിങ്ങള്‍ ആരോഗ്യവും സമയവും ഊര്‍ജ്ജവും ചിലവഴിക്കുന്നത് അഭിനന്ദിക്കാനേ നാട്ടുകാര്‍ക്ക് തോന്നൂ.''  ജയന്‍ ചേട്ടന്‍ ദീര്‍ഘദീര്‍ഘമായി തന്നെ പ്രസംഗിച്ചു.  പണമുണ്ടാക്കാന്‍ പിരിവിനിറങ്ങിയപ്പോള്‍ ജയന്‍ ചേട്ടന്റെ വാക്കുകള്‍ സത്യമാണെന്ന് അറിയാന്‍ കഴിഞ്ഞു.
ഓരോ വീട്ടുകാരും കുട്ടികളുടെ പിരിവിനെ അത്ഭുതത്തോടെ വരവേറ്റു.  കാരക്കയും പുളിഞ്ചിക്കയും പച്ചമാങ്ങയും ഉപ്പു ചേര്‍ത്തു തരാനും ഉപ്പുമാങ്ങയും ഉപ്പിലിട്ട നെല്ലിക്കയും തന്ന് ഞങ്ങളുടെ ക്ഷീണം മാറ്റാനും മത്സരിച്ചു.  ഒന്നും രണ്ടും രൂപ  സംഭാവന (35 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് എന്നോര്‍ക്കണം.) തരാനും ആരും മടിച്ചില്ല.  ആ ചെറിയ സംഘത്തില്‍ പെണ്‍കുട്ടികളായിരുന്നു കൂടുതല്‍.  ശ്രീകല, മിനി, ലത, സുമ തുടങ്ങി എന്റെ സുഹൃത്തുക്കള്‍ക്കൊപ്പം അനിയത്തി ബിന്ദുവും ബാലവേദി പിരിവ് സംഘത്തില്‍ ഉണ്ടായിരുന്നു.
 ഒന്നാം സമ്മേളനം നടത്തിയ ഓര്‍മ്മകള്‍ക്കൊപ്പമുള്ളത് ജയന്‍ ചേട്ടന്റെ ബര്‍ളിന്‍ യാത്രാ വിശേഷം കൂടിയാണ്.  പൂര്‍വ്വ ജര്‍മ്മനിയിലെ ബര്‍ളിനില്‍ നടന്ന യംഗ് പയനിയര്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ പോയതും മടങ്ങി വന്ന് യാത്രാവര്‍ത്തമാനങ്ങള്‍ പങ്കുവച്ചതും ആവേശപൂര്‍വ്വമാണ് ഞങ്ങള്‍ കേട്ടത്.  അന്ന് ബാലവേദി സംസ്ഥാന പ്രസിഡന്റായിരുന്ന വി.വി. കനകലതയും ജയന്‍ ചേട്ടനൊപ്പം ജര്‍മ്മനിയില്‍ പോയിരുന്നു.  കനകലത ചേച്ചി ജനയുഗത്തില്‍ എഴുതിയ ''തിരുവനന്തപുരം-ബര്‍ളിന്‍ ഡയറി'' ഉദേ്വഗപൂര്‍വ്വമാണ് ഓരോ ആഴ്ചയും വായിച്ചത്  . അതില്‍ ജയന്‍ ചേട്ടന് പറ്റിയ അമളികളും ജയന്‍ ചേട്ടന്റെ കുസൃതികളുമൊക്കെ കനകലത ചേച്ചി വിശദമായി എഴുതിയിരുന്നത് വായിച്ച് ഞങ്ങള്‍ ഒരുപാട് കളിയാക്കുകയും ചെയ്തു.
 1976-ല്‍ കൊടുങ്ങല്ലൂരില്‍ നടന്ന യുവജനോത്സവത്തില്‍ പങ്കെടുക്കാന്‍  പോയത് കനകലത ചേച്ചിക്കും നന്ദിനി ചേച്ചിക്കും (നന്നായി പാടുന്ന നന്ദിനി ചേച്ചി കാന്‍സര്‍ വന്ന് മരിച്ചുവെന്നറിഞ്ഞത് ഈയിടെയാണ്.) ഒപ്പമായിരുന്നു.  നിരവധി മത്സരങ്ങള്‍ അവിടെ നടന്നു.  നൃത്തത്തിനും, മോണോ ആക്ടിനും, ചിത്ര രചനയ്ക്കും കഥാരചനയ്ക്കും, ഉപന്യാസത്തിനും, നാടകാഭിനയത്തിനുമൊക്കെ എനിക്ക് സമ്മാനങ്ങള്‍ കിട്ടി.  പ്രസംഗത്തിന് പ്രോത്സാഹന സമ്മാനം മാത്രമേ കിട്ടിയുള്ളൂ.  എനിക്ക് സങ്കടം വന്നു.  ഞാന്‍ ഉച്ചത്തില്‍ കരയാന്‍ തുടങ്ങി.  എല്ലാവരും ആശ്വസിപ്പിക്കാനെത്തി.  (ബിനോയ് വിശ്വം, കെ.പി. രാജേന്ദ്രന്‍ തുടങ്ങിയ നിരവധി പില്‍ക്കാല നേതാക്കള്‍ അന്ന് എ.ഐ.എസ്.എഫ് നേതാക്കളായിരുന്നു.) 
കരച്ചിനിടയിലും ഞാന്‍ കേട്ടൊരു വരി മനസ്സില്‍ തറച്ചു: 
''കുട്ടി കേട്ടിട്ടില്ലേ, പരാജയം വിജയത്തിന്റെ  ചവിട്ടു പടിയാണ്.  ഈ പ്രോത്സാഹന സമ്മാനം ഒരുപാട് ഒന്നാം സമ്മാനം കിട്ടാനുള്ള ചവിട്ടുപടിയാണ്.''
ജയന്‍ ചേട്ടനത് പറഞ്ഞ് എന്നെ സമാധാനിപ്പിക്കുകയായിരുന്നു.
അതിന്റര്‍ത്ഥമെന്തെന്ന് എനിക്ക് മനസ്സിലായതേ ഇല്ല.  അര്‍ത്ഥമാലോചിച്ച് ഇരുന്നതു കൊണ്ടു മാത്രം എന്റെ കരച്ചില്‍ മാറി.
പിന്നീട് ജീവിതത്തിന്റെ പാഠശാലയില്‍ നിന്ന് അതിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ കഴിഞ്ഞു.  അപ്പോഴൊക്കെ ജയന്‍ ചേട്ടനെ ഓര്‍ത്തിട്ടുണ്ട്.
സംഭവബഹുലമായ ആ വര്‍ഷങ്ങളില്‍, കടുത്ത ഉത്തരവാദിത്ത്വങ്ങള്‍ പേറി നടക്കുന്ന ഒരു പൊതു(!) പ്രവര്‍ത്തകയായിട്ടും സ്വഭാവത്തില്‍ നിന്ന് വിട്ടുപോകാന്‍ കുട്ടിത്തം തയ്യാറായിരുന്നില്ല എന്ന്  ഇന്ന്  മനസ്സിലാക്കുന്നു.  മുതിര്‍ന്നവര്‍ക്ക് തലവേദന ഉണ്ടാക്കുന്ന കുസൃതിക്കുറുമ്പുകള്‍ കാട്ടിക്കൊണ്ടേയിരുന്നു . ഒരിക്കല്‍ ബാലവേദി ജില്ലാകമ്മിറ്റിയിലും ഞാന്‍ കുറുമ്പു കാട്ടി.  പിന്‍നിരയിലിരുന്ന് കടലാസ് റോക്കറ്റുണ്ടാക്കി മുന്നിലേക്ക് വിട്ടു കളിക്കുകയായിരുന്നു .  ജയന്‍ ചേട്ടന്‍ അത് കണ്ടു.  കമ്മിറ്റി യോഗത്തില്‍ നിന്ന് പുറത്തേക്ക് വിളിച്ച് വഴക്ക് പറഞ്ഞപ്പോള്‍ ഞാന്‍ സങ്കടപ്പെട്ട് നുള്ളി, മാന്തി പ്രതികാരം തീര്‍ത്തു. ശ്രീമാമന്‍ വിളിക്കാന്‍ വന്നപ്പോള്‍ ജയന്‍ ചേട്ടന്‍ എന്റെ കുസൃതിയെക്കുറിച്ച് പറയുകയും ചെയ്തു. ഞാന്‍ പൂര്‍ണ്ണമായും പിണങ്ങിയതപ്പോഴായിരുന്നു. 
ചില വഴക്കുകള്‍, പിണക്കങ്ങള്‍ - അത് തീരാ സങ്കടങ്ങള്‍ക്ക് കാരണമാകുമെന്ന് ഞാന്‍ പഠിച്ചത് ആ പിണക്കത്തില്‍ നിന്നായിരുന്നു.    ആ യോഗം കഴിഞ്ഞ് ഏറെ കഴിയും മുമ്പ് ജയന്‍ ചേട്ടന്‍ ഈ ലോകത്തു നിന്ന് തന്നെ പോയി.  ബ്രെയിന്‍ ട്യൂമറായിരുന്നു കാരണം.  ഏറെനാള്‍ ചികില്‍സകള്‍ക്ക് പോലും കാത്തു നില്‍ക്കാതെ പെട്ടെന്ന് മരണത്തോടൊപ്പം വിട വാങ്ങിയ ജയന്‍ ചേട്ടന്റെ ശവശരീരത്തിന് മുന്നില്‍ നിന്നപ്പോള്‍ എന്റെ സങ്കടം പിണങ്ങിപ്പിരിഞ്ഞതിനാലായിരുന്നു.  പിണക്കം തീര്‍ത്തിട്ട് മരിച്ചു പോയിരുന്നെങ്കില്‍ എനിക്കിത്ര സങ്കടം തോന്നില്ലായിരുന്നല്ലോ എന്ന് പറഞ്ഞ് അപ്പോഴും ഞാന്‍ പിണങ്ങി.  മരണത്തെ അത്രയടുത്ത് ആദ്യമായി കണ്ടത് ജയന്‍ ചേട്ടനിലൂടെയാണ്.  സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ശീതളിമകള്‍ക്ക് മേല്‍ കൊടുംവെയില്‍ വന്ന് പതിക്കുന്നത് എത്ര പെട്ടെന്നാവുമെന്നതും അങ്ങനെയാണറിഞ്ഞത്.


നിനവും നനവും (പശ്ചാത്താപ പാഠങ്ങള്‍ - കെ.എ. ബീന)
നിനവും നനവും (പശ്ചാത്താപ പാഠങ്ങള്‍ - കെ.എ. ബീന)

Beena

നിനവും നനവും (പശ്ചാത്താപ പാഠങ്ങള്‍ - കെ.എ. ബീന)

Beena and Bindu - childhood photo

നിനവും നനവും (പശ്ചാത്താപ പാഠങ്ങള്‍ - കെ.എ. ബീന)

Beena and Bindu

നിനവും നനവും (പശ്ചാത്താപ പാഠങ്ങള്‍ - കെ.എ. ബീന)

Bindu, Amma,Beena

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക