Image

ഒരു എഴുത്തുകാരി അക്ഷരങ്ങളായി മാറുമ്പോള്‍ (നന്ദിതയുടെ കവിതകള്‍-ശ്രീ പാര്‍വതി )

ശ്രീ പാര്‍വതി Published on 06 August, 2013
ഒരു എഴുത്തുകാരി അക്ഷരങ്ങളായി മാറുമ്പോള്‍ (നന്ദിതയുടെ കവിതകള്‍-ശ്രീ പാര്‍വതി )
നന്ദിതഎപ്പോഴാണ്, ആ പേരിനെ ഞാനിഷ്ടപ്പെട്ടു തുടങ്ങിയതെന്നറിയില്ല.ഡിഗ്രിയ്ക്കു പഠിക്കുമ്പോഴാണ്, ആദ്യമായി അവരെ അറിയുന്നത്.അതിനു മുന്‍പോ പിന്‍പോ എനിക്കാകെ അറിയുന്ന നന്ദിതമാര്‍ നന്ദിത ദാസ്, നന്ദിതാ ബോസ് എന്നീ സിനിമാ നടിമാര്‍.അതില്‍ നന്ദിതാ ദാസിനെ എനിക്കേറെ ഇഷ്ടവുമായിരുന്നു. പക്ഷെ നന്ദിത കെ എസ് എന്ന എ പുതിയ താരം അതിലേറെ എന്നെ വശീകരിച്ചു. മനോരമ ശ്രീയില്‍ വന്ന ഒരു ആര്‍ട്ടിക്കിളാണ്, അവരെ പരിചയപ്പെടുത്തിയത്.ആ ജീവിതം വല്ലാതെ ഹൃദയസ്പര്‍ശിയായിരുന്നു. അയിടയ്ക്ക് നടന്ന പുസ്തകോത്സവത്തില്‍ വച്ച് 'നന്ദിതയുടെ കവിതകള്‍' എന്ന കൃതിയും വാങ്ങി. എന്തോ ഒരു ആത്മബന്ധം നന്ദിതയുമായി.ഡയറിയില്‍ അക്കാലത്ത് കുറിച്ചിട്ടിരുന്ന ഓരോ വാക്കും (ഭ്രാന്തെന്നു പറയാനാണെനിക്കിഷ്ടം) നന്ദിതക്കു വേണ്ടി മാത്രമായിരുന്നു.അന്നൊരിക്കല്‍ എന്തോ എഴുതിക്കഴിഞ്ഞ് നോക്കുമ്പ്‌പോള്‍ വാചകങ്ങളില്‍ ഒരു ചെറിയ വെളുത്ത ശലഭം.,ഒന്നു തൊടുന്നതിനു മുന്‍പേ പറന്നു പോയി... ആത്മബന്ധത്തിന്റെ ചെറിയൊരു നൂലിഴ എനിക്ക് അനുഭവപ്പെട്ടു.
'എന്നെ അറിയാത്ത
എന്നെ കാണാത്ത
ഉറക്കത്തില്‍ എന്നെ പേരു ചൊല്ലി വിളിച്ച
എന്റെ സ്വപ്നമേ,
എന്റെ മുഖത്ത് തറച്ച നിന്റെ കണ്ണുകള്‍,
അവ ആണ്ടിറങ്ങിയതെന്റെ ഹൃദയത്തിലാണ്
ആഴമേറിയ രണ്ട് ഗര്‍ത്തങ്ങള്‍
സൃഷ്ടിച്ച്.'
നന്ദിതയുടെ ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞ ആ ഗര്‍ത്തങ്ങള്‍ വലിയൊരു തടാകമായി മാറിയതും, അതില്‍ നിറയെ കാവ്യഭംഗി നിറഞ്ഞു തുളുമ്പുന്ന വാക്കുകളും,'നന്ദിതയുടെ കവിതകള്‍' എന്ന പുസ്തകം വായിക്കുമ്പോള്‍ നാമനുഭവിക്കും. അവരുടെ നക്ഷത്ര സൌഹൃദത്തിന്റെ കണ്ണുകളിലെ പ്രണയാഗ്‌നി കെട്ടെങ്കിലും ആ കവിതകള്‍ക്ക് വല്ലാത്ത ചൂടാണ്.അറിഞ്ഞു പകരുന്ന സ്‌നേഹത്തിന്റെ ചൂട്. വീണ്ടും ഞാന്‍ നന്ദിതയെ കാണുന്നത് വര്‍ഷങ്ങള്‍ക്കിപ്പുറമാണ്. ജീവിതത്തിന്റെ മൂര്‍ച്ച കൂട്ടിയ 4 വര്‍ഷങ്ങള്‍ക്കിപ്പുറം. വിവിധ ഓര്‍ക്കുട്ട് കമ്മ്യൂണിറ്റികളില്‍ അവരുടെ ഓര്‍മ്മകള്‍ വീണു ചിതറുന്നതും അവര്‍ ഒരു നൊമ്പരമകുന്നതും കണ്ടു.
ഒരു കാര്യം മനസ്സിലാകുന്നു.ജീവിതം നന്ദിതയ്ക്ക് പകുതി പൂത്തു സുഗന്ധം പരത്തും മുന്‍പ് വാടിപ്പോയ പൂവാണെങ്കില്‍ അവരെ സ്‌നേഹിക്കുന്നവര്‍ക്ക് നന്ദിത ജ്വലിക്കുന്ന നക്ഷത്രമാണ്, അക്ഷരങ്ങളുടെ വിസ്മയമാണ്.

ഈ ചെറു കുറിപ്പ് ഞാനെഴുതുന്നത് ഡിഗ്രീ പഠന കാലത്താണ്, അവിചാരിതമായി നന്ദിതയുടെ കവിത മുന്നില്‍ വന്നു പെട്ടപ്പോഴുണ്ടായ ഉള്‍ചൂടില്‍ അറിയാതെ എഴുതി പോയതാണ്.
കാലം മാറുമ്പോള്‍ വായനയുടേയും അനുഭവങ്ങളുടേയും മുഖം മാറുമെന്ന് ആരോ പറഞ്ഞതോര്‍ക്കുന്നു.
പക്ഷേ ഇന്നും നന്ദിതയുടെ കാര്യത്തില്‍ ഞാനധികം മുന്നിലേയ്ക്ക് പോയിട്ടില്ല. പലപ്പോഴും നന്ദിതയാകാന്‍ കൊതിച്ച് ആത്മഹത്യയെ ആരാധിച്ച്...
വഴക്കു പറഞ്ഞും സങ്കടപ്പെട്ടും കൂടെ നടക്കുന്ന ആളുടെ കെയറിങ്ങ് അതുമാത്രമായിരിക്കാം ഒരുപക്ഷേ ഞാന്‍ നന്ദിതയെ ഭ്രാന്തമായി ആരാധിക്കാത്തതിനു കാരണം. കാരണം ആരാധന ഒരു വഴി തേടലാണ്. ആ വഴിയുടെ സുഖമന്വേഷിച്ച് ആരാധനയുടെ കടുത്ത നിറങ്ങളില്‍ അലിഞ്ഞ് നാം യാത്ര പോകും.
എങ്കിലും നന്ദിതയെ ഇഷ്ടപ്പെടുന്നു.
എനിക്കേറെ പരിചയമുള്ള ആ മുഖം , എവിടെയോ കണ്ടു മറന്ന ആ മുഖം അത് മറക്കുമോ...
ഇല്ലാ....
നന്ദിതയെ ഞാനെന്റെ അക്ഷരങ്ങളില്‍ തളച്ചിട്ടിരിക്കുന്നു.
ഒരു നൊമ്പരം പോലെ, ചില ഭ്രാന്തുകള്‍ പോലെ, അതവിടെ കിടന്ന് പെരുകുന്നു...
-----------------------------------------------

നന്ദിതയുടെ കവിതകള്‍

24 Sep 2012

നന്ദിത(ജനനം: 1969 മെയ് 21 - മരണം: 1999 ജനുവരി 17)
മരണത്തേയും പ്രണയത്തേയും ജീവന് തുല്യം സ്‌നേഹിച്ച എന്ന പ്രയോഗത്തില്‍ ഒരു നന്ദിതയുണ്ട്. നന്ദിതയുടെ കവിതകള്‍ നിറയെ അതുമാത്രമായിരുന്നു. എഴുതിയവയൊന്നും ആരെയും കാട്ടിയില്ല. ആത്മഹത്യയ്ക്ക് ശേഷം നന്ദിതയുടെ ഡയറിക്കുറിപ്പുകളില്‍ നിന്ന് കണ്ടെടുത്ത അവളുടെ കവിതകള്‍ വായിച്ച് ഉരുകിയവര്‍ ഏറെ. കനല് പോലെ കത്തുന്ന കവിതകളായിരുന്നൂ അവ. മരണത്തിന്റേയും പ്രണയത്തിന്റെ ശീതസമുദ്രങ്ങളായ കവിതകള്‍ . നെഞ്ചിന്റെ നെരിപ്പോടണയ്ക്കാനുള്ള മരുന്നായിരുന്നൂ നന്ദിതയ്ക്ക് കവിതകള്‍ . ഓരോ വാക്കിലും അലയടിക്കുന്ന നിലവിളിയുടെ കടലില്‍ നമ്മള്‍ അസ്തമിച്ചേക്കാം.
''നേര്‍ത്ത വിരലുകള്‍ കൊണ്ട്
ആത്മാവിനെ തൊട്ടുണര്‍ത്താന്‍ ഇന്ദ്രിയങ്ങള്‍ക്കപ്പുറത്തു നിന്നും
ഒരു സ്വപ്നം പോലെ ഇനി നിനക്കു കടന്നു വരാം..''
എന്ന് ഒരിടത്ത് നന്ദിത മരണത്തെ വിളിക്കുമ്പോള്‍ നിശബ്ദതയില്‍ അത് തീര്‍ക്കുന്ന മുഴക്കം നമ്മെ പേടിപ്പെടുത്തുന്നു. വയനാട് ജില്ലയിലെ മടക്കി മലയിലാണ് നന്ദിത ജനിച്ചത്. വയനാട് മുട്ടില്‍ WMO College ല്‍ അധ്യാപികയായിരുന്നു. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം ഇന്നും അജ്ഞാതമായി തുടരുന്നു.
Read the poems in Mathrubhumi
http://www.mathrubhumi.com/books/article/outside/524/
ഒരു എഴുത്തുകാരി അക്ഷരങ്ങളായി മാറുമ്പോള്‍ (നന്ദിതയുടെ കവിതകള്‍-ശ്രീ പാര്‍വതി )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക