Image

ഈ മഴയില്‍ എന്റെ പുഴ (അഷ്‌ടമൂര്‍ത്തി)

Published on 11 August, 2013
ഈ മഴയില്‍ എന്റെ പുഴ (അഷ്‌ടമൂര്‍ത്തി)
കുറേക്കാലത്തെ പതിവു തെറ്റിച്ചുകൊണ്ട്‌ ഇക്കൊല്ലം ജൂണ്‍ ഒന്നാന്തി തന്നെ മഴയെത്തി. ഇടവപ്പാതി പത്തു ദിവസം പിന്നിട്ടേയുള്ളു, പലരും എന്നോടു ചോദിയ്‌ക്കാന്‍ തുടങ്ങി: `പുഴയില്‍ വെള്ളം എങ്ങനെ? നിറഞ്ഞോ? നിറഞ്ഞുകവിഞ്ഞോ?'

അതിനൊരു കാരണവുമുണ്ടായിരുന്നു. ഒരു കൊടുംവേനലാണ്‌ ഇക്കൊല്ലം കടന്നുപോയത്‌. ഇടമഴകള്‍ വിരളമായിരുന്നു. വല്ലപ്പോഴും നമ്മളെ മോഹിപ്പിച്ചുകൊണ്ട്‌ മഴക്കാറ്‌വന്നാല്‍ത്തന്നെ വെറുതെ ഒന്നു ചാറിപ്പോവും. ചൂട്‌ അസഹ്യമായി ഉയര്‍ന്നു. കേരളം മരുഭൂമിയാവുകയാണ്‌ എന്ന്‌ പഠനങ്ങളും വാര്‍ത്തകളും വന്നു. അതിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങി എന്ന്‌ സമര്‍ത്ഥിയ്‌ക്കാന്‍ പച്ചമരം ഉടലോടെ നിന്നു കത്തുന്ന ദൃശ്യങ്ങള്‍ ടെലിവിഷന്‍ ചാനലുകളില്‍ നിരന്നു. മഴയുടെ വിഡിയോ എടുത്തു വെയ്‌ക്കണം അടുത്ത തലമുറയ്‌ക്കു കാണിച്ചുകൊടുക്കാന്‍ വേണ്ടി എന്ന്‌ വേദനയോടെ തമാശ പറഞ്ഞു തുടങ്ങി.കേരളത്തില്‍ ഇനി മഴ പെയ്യുകയേയില്ല എന്ന ഭീതി പരന്നു.

പ്രകൃതിയെ ആരറിയുന്നു? എല്ലാ പ്രവചനങ്ങള്‍ക്കും അതീതയാണ്‌ താന്‍ എന്ന്‌പ്രകൃതി ഒരിയ്‌ക്കല്‍ക്കൂടി തെളിയിച്ചു. മകീരവും തിരുവാതിരയും പുണര്‍തവും പൂയവും -എല്ലാ ഞാറ്റുവേലകളും ഒന്നിനൊന്ന്‌ തിമിര്‍ത്തു പെയ്‌തു. ഇപ്പോള്‍ ആയില്യമായി. മഴപിന്നോട്ടില്ല എന്നു വിളം
രം ചെയ്‌തുകൊണ്ട്‌ പെയ്യുക തന്നെയാണ്‌. കൂടുതല്‍ സംഹാരരുദ്രയായി മാറുകയാണോ എന്ന്‌ സംശയിപ്പിച്ചുകൊണ്ടാണ്‌ രണ്ടു ദിവസമായി അവള്‍നിറഞ്ഞാടുന്നത്‌.

കരുവന്നൂര്‍പ്പുഴയുടെ തീരത്തു താമസിയ്‌ക്കുന്ന ഞാന്‍ മഴയേയും പുഴയേയും തൊട്ടറിയുന്നു എന്നു തോന്നാറുണ്ട്‌. കുറുമാലിപ്പുഴയും മണലിപ്പുഴയും ചേര്‍ന്ന്‌ കരുവന്നൂര്‍പ്പുഴയായി മാറി കിഴക്കുനിന്ന്‌ ഒഴുകിയെത്തുന്ന പുഴ ഞങ്ങളുടെ തൊടിയില്‍ത്തട്ടിതെക്കോട്ടൊഴുകി ആറാട്ടുപുഴയിലേയ്‌ക്കെത്തുന്നു. ഈ തിരിവിന്‌ കൊറ്റിക്കല്‍ കാപ്പ്‌ എന്നാണ്‌ പേര്‌. ഒരു കാലത്ത്‌ ഇവിടത്തെ വേനല്‍ക്കാലം ഞങ്ങള്‍ കുട്ടികളുടെയായിരുന്നു. പരീക്ഷപ്പുസ്‌തകങ്ങള്‍ വലിച്ചെറിഞ്ഞ്‌ നേരെ പുഴയിലേയ്‌ക്കെടുത്തു ചാടും. അക്കരേയ്‌ക്ക്‌ എത്രവട്ടം നീന്തിവരാമെന്നും എത്രയെണ്ണുന്നതുവരെ മുങ്ങിക്കിടക്കാമെന്നും മത്സരമായിരുന്നു. അതിനിടയില്‍ പുഴവെള്ളം കുറേ അകത്താവും. ഉള്ളംകൈ കുതിര്‍ന്നു ചുളിയും. ദേഹത്തിന്‌ പുഴയുടെ വാസന പിടിയ്‌ക്കും. മൂന്നുനാലുമണിക്കൂര്‍ നീളുന്ന മദിച്ചിലില്‍ കൊറ്റിക്കല്‍ കാപ്പ്‌ കലങ്ങിമറിയും. പുഴ ഇരുളുമ്പോള്‍ അമ്മമാര്‍ വിളി തുടങ്ങും. അവരെ ശപിച്ചുകൊണ്ടാണ്‌ ഞങ്ങള്‍ കുളിച്ചുകയറുക.

അങ്ങനെ മദിച്ചുതിമര്‍ക്കുന്നതിനിടയില്‍ രണ്ടുമാസം തീരുകയായി. ഒരു ദിവസം കുളിച്ചു കൊണ്ടുനില്‍ക്കുമ്പോള്‍ എവിടെനിന്നെന്നില്ലാതെ ഒരു തണുത്ത കാറ്റുവീശും. ഞങ്ങള്‍ ആകാശത്തേയ്‌ക്കു നോക്കും. പടിഞ്ഞാറുനിന്ന്‌ കിഴക്കോട്ടോടുന്ന മേഘക്കൂട്ടങ്ങളെ അപ്പോഴാണ്‌ കാണുക. `പടിഞ്ഞാറ്‌ കാറു കണ്ടാല്‍ പടി വരെ' എന്നാണ്‌ പ്രമാണം. താമസമില്ല. കാറ്റിനു പിന്നാലെ കനത്ത മഴത്തുള്ളികള്‍ പുഴയില്‍ പതിയ്‌ക്കുകയായി. പുഴയിലപ്പോള്‍ വെള്ളിക്കിണ്ണങ്ങള്‍ നിരക്കും. ഇടവപ്പാതിയുടെ വരവാണ്‌. രണ്ടുദിവസം കഴിഞ്ഞാല്‍ സ്‌ക്കൂള്‍ തുറക്കുകയായി എന്ന്‌ ഞങ്ങള്‍ സങ്കടത്തോടെ അറിയും. മഴയുടെ ദിവസങ്ങളാണ്‌ പിന്നെ. മഴ പെയ്‌തുപെയ്‌ത്‌ കൊറ്റിക്കല്‍ കാപ്പ്‌ നിറയും. ഞങ്ങളുടെ കടവിലെ കരിങ്കല്‍പ്പടവുകള്‍ മൂന്നും നാലുമാണ്‌ ദിവസം തോറും വെള്ളത്തിന്നടിയിലാവുക. കടലാശ്ശേരിയ്‌ക്കുള്ള പൊട്ടിയ വരമ്പിനിടയിലൂടെ പുഴവെള്ളം മണ്ടേമ്പാടത്തേയ്‌ക്കു തേമ്പിത്തുടങ്ങും. അതോടെ പാടവും പുഴയും ഒന്നാവും. പിന്നെ കൊറ്റിക്കല്‍ കാപ്പില്‍ വെള്ളം, വെള്ളം മാത്രം.

ആ വെള്ളം കര്‍ക്കടകം തീരുന്നതുവരെ ഏറെക്കുറെ അങ്ങനെത്തന്നെ നില്‍ക്കും. വേനലിലെ പുഴയല്ല വര്‍ഷത്തിലെ പുഴ. ആര്‍ത്തലച്ചുകൊണ്ടാണ്‌ കിഴക്കുനിന്നു വരിക. കൂടെ നുരയും പതയുമുണ്ടാവും. അപ്പോള്‍ പുഴയ്‌ക്ക്‌ ഒരു പ്രത്യേകമണമാണ്‌. കൊറ്റിക്കല്‍ കാപ്പിലെ തിരുകുഴിയില്‍പ്പെട്ട്‌ അവ വട്ടം കറങ്ങും. പകലും പുഴ ഇരുണ്ടുകിടക്കും. അക്കരെ മറ്റൊരു രാജ്യമാവുന്നത്‌ അപ്പോഴാണ്‌. ദൂരെനിന്ന്‌ ജോലി കഴിഞ്ഞെത്തുന്ന ആണുങ്ങള്‍ അവിടേയ്‌ക്കു കടക്കാന്‍ വഞ്ചിയും കാത്ത്‌ ഉച്ചത്തില്‍ കൂക്കും. അക്കരെനിന്ന്‌ മറുകൂക്കുയരും. വൈകാതെ വഞ്ചിയെത്തുമെന്നാണ്‌ സമ്പേശം. മണ്ടേമ്പാടത്തു നിന്ന്‌ രാത്രിമുഴുവന്‍ തവളകളുടെ കരച്ചിലുയരും. അതുകേട്ടാണ്‌ ഞങ്ങളുറങ്ങുക.

അക്കരെ താഴ്‌ന്നതായതുകൊണ്ട്‌ വെള്ളം കയറും. അവര്‍ക്ക്‌ ദുരിതത്തിന്റെ കാലമാണ്‌. വീടൊഴിഞ്ഞുപോവേണ്ടിവരും. എന്നാല്‍ ഇക്കരെയുള്ളവര്‍ക്ക്‌ മലവെള്ളം ഒരാഘോഷമാണ്‌. പെണ്ണുങ്ങള്‍ കൂട്ടംകൂട്ടമായി പുഴവക്കത്തെത്തും. നീണ്ട തോട്ടികളുമായാണ്‌ അവരെത്തുക. ഒഴുകിവരുന്ന വിറകുകൊള്ളികള്‍ ശേഖരിയ്‌ക്കുകയാണ്‌ ഉന്നം. മഴക്കാലമായതുകൊണ്ട്‌ ആണുങ്ങള്‍ക്കു പണിയുണ്ടാവില്ല. അവര്‍ വീട്ടില്‍ പുതച്ചു മൂടിയിരുന്ന്‌ ബീഡി വലിയ്‌ക്കും. അടുപ്പു പുകഞ്ഞില്ലെങ്കില്‍ അവരുടെ ചീത്തയും ചവിട്ടും കിട്ടുക പെണ്ണുങ്ങള്‍ക്കാണ്‌. ആഘോഷങ്ങള്‍ക്കും ദുരിതങ്ങള്‍ക്കുമിടയില്‍ പുഴ ഒരു ജലരേഖയായി കിടന്നു.

വിറകു മാത്രമല്ല, ചത്ത പോത്തും പട്ടിയും പൂച്ചയുമെല്ലാം ഒലിച്ചുവരും. അപ്പോള്‍ കാപ്പില്‍ വൃത്തികെട്ട നാറ്റം പരക്കും. ഇടയ്‌ക്ക്‌ ചത്തുമലച്ച പെരുമ്പാമ്പിനേയും കൊണ്ടാവും പുഴയുടെ വരവ്‌. വീടൊഴിയുന്ന കുടും
ങ്ങള്‍ വലിയ ചങ്ങാടത്തില്‍ വീട്ടുസാമാനങ്ങളും ആടും കോഴിയും മറ്റുമായി തുഴഞ്ഞുപോവുന്നത്‌ സ്ഥിരം കാഴ്‌ചകളിലൊന്നാണ്‌. എല്ലാം കാണാന്‍ പുഴയുടെ രണ്ടു കരയിലുമായി നാട്ടുകാരോടൊപ്പം അകലെനിന്നു വന്നവരും നിരന്നു നില്‍ക്കും.

ഇതൊക്കെ പഴയ കഥകളാണ്‌. ഇപ്പോള്‍ പുഴ അങ്ങനെ കവിയാറില്ല. അണക്കെട്ടുകള്‍ വന്നതുകൊണ്ടാവാം. വേനലില്‍ മണല്‍ വാരിയെടുക്കുന്നത്‌ അന്നേ തുടങ്ങിയിരുന്നു.അതിന്റെ പേരില്‍ അക്കരെ താമസിയ്‌ക്കുന്നവര്‍ ബഹളം കൂട്ടിയിരുന്നു. പുഴവക്ക്‌ ഇടിഞ്ഞു പോവുകയാണെന്നായിരുന്നു പരാതി. ഏതായാലും ഒരു കൊല്ലത്തെ വെള്ളക്കെട്ടൊഴിഞ്ഞപ്പോള്‍ മണല്‍ത്തിട്ടില്ല. പക്ഷേ പുഴവക്ക്‌ ഇടിയുന്നതു തുടര്‍ന്നു. മീന്‍പിടുത്തക്കാര്‍ തോട്ട പൊട്ടിയ്‌ക്കാന്‍ തുടങ്ങിയതോടെയായിരുന്നു അത്‌. ഞങ്ങളുടെ കടവു പൊട്ടിപ്പൊളിയാനുള്ള കാരണവും അതായിരുന്നു.

ഒരു കാലത്ത്‌ അക്കരെയും ഇക്കരെയുമായി ധാരാളം പേര്‍ ഈ പുഴയില്‍ കുളിച്ചിരുന്നു. അക്കരെ മണല്‍ത്തിട്ടുണ്ടായിരുന്നു. അവിടെ പശുവിനേയും പോത്തിനേയുമൊക്കെ കുളിപ്പിയ്‌ക്കാന്‍ കൊണ്ടുവന്നിരുന്നു. മണല്‍ത്തിട്ടിലേയ്‌ക്ക്‌ കല്ലുകള്‍ നീട്ടിയെറിയുന്നത്‌ ഒരു മത്സരമായിരുന്നു. കുട്ടികള്‍ എറിയുന്ന കല്ലുകള്‍ അക്കരെയെത്താതെ വെള്ളത്തില്‍ത്തന്നെ വീണുപോവും. ഇതെല്ലാം കുട്ടികളെ പറഞ്ഞുകേള്‍പ്പിയ്‌ക്കാനുള്ള പഴങ്കഥകളായിമാറി.

ഇന്ന്‌ കുളിയ്‌ക്കാന്‍ ആര്‍ക്കും പുഴ വേണ്ടാതായി. വീടുകളില്‍ ആധുനികരീതിയിലുള്ള കുളിമുറികള്‍ പണിതു. പുതിയ തലമുറയ്‌ക്ക്‌ പൊതുസ്ഥലങ്ങളില്‍ കുളിയ്‌ക്കുന്നതു കുറച്ചിലായി. പഴയ ചില ആളുകള്‍ മാത്രം ഞങ്ങളുടെ കടവില്‍ കുളിയ്‌ക്കാന്‍ വന്നു. സ്വന്തം കടവുള്ള ഞങ്ങള്‍ തന്നെ കുളി കുളിമുറിയിലാക്കി. അപ്പോഴാണ്‌ ചിലര്‍ ചോദിയ്‌ക്കുന്നത്‌: `പുഴയില്‍ വെള്ളം എങ്ങനെ? നിറഞ്ഞോ? നിറഞ്ഞുകവിഞ്ഞോ?'മറുപടി പറഞ്ഞില്ല. പുഴ കണ്ടിട്ടു വേണ്ടേ? പുഴവക്കത്താണെങ്കിലും പുഴ കാണാറില്ല ഈയിടെയായി എന്ന്‌ സ്വയംനിമ്പയോടെ ഓര്‍മ്മിച്ചു. ജീവിതക്രമം കുറച്ചൊക്കെ യാന്ത്രികമായിപ്പോയിട്ടുണ്ട്‌ എന്നതു സത്യം.

മഴ പിന്നെയും കനത്തു. തിരുവാതിരയും പുണര്‍തവും കഴിഞ്ഞു. മഴ നിലയ്‌ക്കാതെ പെയ്യുകയാണ്‌. ഒരു സന്ധ്യയ്‌ക്ക്‌ കടവിലേയ്‌ക്കിറങ്ങാന്‍ തന്നെ തീരുമാനിച്ചു. പുഴ എങ്ങനെ എന്ന്‌ ഒന്നറിയണമല്ലോ.

ഇല്ല; പുഴ ഇപ്പോഴും നിറഞ്ഞിട്ടില്ല. ചിമ്മിനി ഡാമിന്‌ ചോര്‍ച്ചയുണ്ടെന്നും ഡാംനിറഞ്ഞിട്ടില്ലെന്നും വാര്‍ത്തയുണ്ടായിരുന്നു. ഡാം തുറന്നാലേ പുഴ നിറയൂ. അക്കരെനിന്ന്‌ ആളുകള്‍ക്ക്‌ ഒഴിഞ്ഞുപോവേണ്ടിവരാറില്ല കുറച്ചു കാലമായിട്ട്‌. എന്നാലും പുഴയോരത്തെ പുറമ്പോക്കുകളിലെ നേന്ത്രവാഴത്തോട്ടത്തില്‍ വെള്ളം കയറിയിരിയ്‌ക്കുന്നു. ഇക്കൊല്ലം ഓണത്തിന്‌ നേന്ത്രക്കായയ്‌ക്കു വില കൂടും എന്നു തീര്‍ച്ച.

രണ്ടു ദിവസം മുമ്പ്‌ ചിമ്മിനി തുറന്നപ്പോള്‍ വീണ്ടും കടവിലേയ്‌ക്കെത്തി. പുഴയില്‍ ഇപ്പോള്‍ വെള്ളം ഇരച്ചെത്തുന്നുണ്ട്‌. എന്നാലും പണ്ടത്തെ ഇരമ്പലില്ല. നുരയും പതയുമില്ല. ചത്ത പൂച്ചയും പട്ടിയുമൊന്നും ഒഴുകി വരുന്നില്ല. മരത്തടികള്‍ ഒലിച്ചുവരുന്നില്ല. ചുള്ളിക്കമ്പുകള്‍ ഒഴുകി വരുന്നുണ്ടെങ്കിലും തോട്ടി ഉപയോഗിച്ച്‌ അതു വലിച്ചെടുക്കാന്‍ ആരും എത്തിയിട്ടില്ല. ചങ്ങാടത്തില്‍ വീടൊഴിഞ്ഞു പോവുന്നവരേയും കാണാനില്ല. അക്കരെയും ഇക്കരെയുമായി തോണിയ്‌ക്കുവേണ്ടി കൂക്കും മറുകൂക്കുമായി കാത്തുനില്‍ക്കുന്നവരുമില്ല. കാലവര്‍ഷത്തിലെ പുഴ കാണാന്‍ അകലെനിന്നെന്നല്ല നാട്ടുകാര്‍ പോലും എത്തിയിട്ടില്ല. എങ്ങനെയാണ്‌ പുഴ ആര്‍ക്കും വേണ്ടാതായത്‌!

പുഴയ്‌ക്ക്‌ ഇപ്പോള്‍ അസഹ്യമായ ഒരു മണമുണ്ട്‌. ചേറിന്റെയല്ല. ചീഞ്ഞ ഇലകളുടേയുമല്ല. വേറെ എന്തിന്റെയോ ആണ്‌. പുഴ ഇപ്പോള്‍ മീന്‍പിടിയ്‌ക്കാനും കുളിയ്‌ക്കാനും ഒന്നുമല്ലല്ലോ. വീട്ടിലെ മാലിന്യങ്ങള്‍ വലിച്ചെറിയുന്നതിന്‌ പുഴയേപ്പോലെ സൗകര്യമുള്ള ഒന്നില്ല. കുറുമാലിപ്പുഴയുടെ തീരത്ത്‌ മലമാലിന്യങ്ങള്‍ കൊണ്ടു തള്ളുന്നതിന്റെ വാര്‍ത്തഏതാനും മാസങ്ങള്‍ക്കു മുമ്പ്‌ പത്രത്തില്‍ വന്നിരുന്നു. കുറച്ചു നേരം ഞാന്‍ പുഴയെ നോക്കിനിന്നു. നേര്‍ത്ത ഇരുട്ടില്‍ ആരുമറിയാതെ പുഴ വിഷാദത്തോടെ ഒഴുകിക്കൊണ്ടിരിയ്‌ക്കുകയാണ്‌.
ഈ മഴയില്‍ എന്റെ പുഴ (അഷ്‌ടമൂര്‍ത്തി)
ഈ മഴയില്‍ എന്റെ പുഴ (അഷ്‌ടമൂര്‍ത്തി)
ഈ മഴയില്‍ എന്റെ പുഴ (അഷ്‌ടമൂര്‍ത്തി)
ഈ മഴയില്‍ എന്റെ പുഴ (അഷ്‌ടമൂര്‍ത്തി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക