Image

ജാരന്‍മാരുടെ പാണ്ഡവപുരം തകര്‍ക്കപ്പെടുന്നു (ശ്രീ പാര്‍വതി )

Published on 15 August, 2013
ജാരന്‍മാരുടെ പാണ്ഡവപുരം തകര്‍ക്കപ്പെടുന്നു (ശ്രീ പാര്‍വതി )
ജാരന്‍മാര്‍ പുളച്ചു നടക്കുന്ന അരൂപിയായ ഒരു നഗരം. എത്ര മാത്രം ഭ്രമാത്മകമായ ഒരു അവസ്ഥയാണത്? ഒരു കാര്യം ഉണ്ടെന്നു വിശ്വസിക്കുകയും കഥകള്‍ മെനയുകയും അത് മറ്റുള്ളവരെ വിശ്വസിപ്പിക്കുകയും ചെയ്യുന്നതിലൂടെ ഇല്ലാത്ത ഒന്നിനെ സൃഷ്ടിച്ചെടുക്കുന്ന കഴിവ്, അതൊരു പക്ഷേ ഒരു എഴുത്തുകാരനു മാത്രം സ്വന്തമായുള്ള ഒന്നാകാം.

പാണ്ഡവപുരം എന്ന സേതുവിന്റെ നോവല്‍ ഒരു ഭ്രമകല്‍പ്പനയാണ്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു നോവല്‍ അല്ലെങ്കില്‍ സാഹിത്യ അക്കാഡമി അവാര്‍ഡ് കരസ്ഥമാക്കിയ ഒരു എഴുത്ത് എന്നതിലുപരി വാക്കുകള്‍ സത്യമാക്കിയെടുക്കാനുള്ള സേതുവിന്റെ കഴിവു മാത്രമാണിവിടെ മികച്ചു നില്‍ക്കുന്നത്. അതൊരു എഴുത്തുകാരന്റെ വിജയമാണു താനും.
റെയില്‍വേ സ്‌റ്റേഷന്റെ ഏകാന്തതയില്‍ കാത്തിരിപ്പിന്റെ കണ്ണുകളുമായി ദേവിയിരുന്നു. അവന്‍ വരും വരാതിരിക്കില്ല. ദിവസങ്ങളേറെയായി അവളവിടെ ദിനവും വന്നു പോകുന്നു. ആരെങ്കിലും സംശയത്തോടെ നോക്കുന്നതോ പിറുപിറുക്കുന്നതോ ഒന്നും അവള്‍ക്കൊരു പ്രശ്‌നമല്ല. അവള്‍ നീണ്ട കാത്തിരിപ്പില്‍ മാത്രമാണ്. പാണ്ഡവപുരം എന്ന ജാരന്‍മാരുടെ ലോകത്തെ സുന്ദരനായ ആദ്യ ജാരനെ. പാണ്ഡവപുരത്തിന്, പറയാന്‍ ഏറെ കഥകളുണ്ട്, രക്തം ചിന്നിച്ചിതറിക്കുന്ന ദുര്‍ഗ്ഗയുടെ, മറ്റിടങ്ങളില്‍ നിന്ന് അന്നാട്ടിലെത്തുന്ന പെണ്‍കുട്ടികളുടെ ജാരസംസര്‍ഗ്ഗത്തിന്റെ, ജാരന്‍ എന്നത് ആരുടെ ശാപമാണോ ആ ബലിയാടായ ചെറുപ്പക്കാരന്റെ, അങ്ങനെ കുറേ കഥകള്‍.

യാതൊരു മുന്‍വിധികളുമില്ലാതെ ദേവി എന്ന നായിക കാത്തിരിക്കാത്ത ഒരു ദിവസം അയാളെത്തി. പാണ്ഡവപുറത്തിന്റെ അതിര്‍ത്തി തൊടാത്ത ദേവിയെ അന്നാട്ടില്‍ വച്ച് പരിചയപ്പെട്ടതിന്റെ കഥകളുമായി അയാളെത്തിയപ്പോള്‍ ദേവി തരിച്ചു പോയി. മനസ്സില്‍ തോന്നിയ ഭ്രമത്തെ യാഥാര്‍ത്ഥ്യവുമായി കൂട്ടിക്കുഴച്ച അവള്‍ അവനു പായ വിരിച്ചു. സത്യത്തേയും അസത്യത്തേയും തിരിച്ചറിയാനുള്ള പാകത നഷ്ടപ്പെട്ട ദേവിയുടെ വിചാരങ്ങളെ അനിയത്തി ശ്യാമള ചോദ്യം ചെയ്യുമ്പോള്‍ അവളോര്‍ത്തത് പാണ്ഡവപുരത്തു പുളയ്ക്കുന്ന ഓരോ ജാരനേയും തകര്‍ത്തെറിയാനുള്ള തന്റെ നിയോഗത്തെ കുറിച്ചായിരുന്നു. ഒരു രാത്രിയില്‍ ആദ്യം തിരഞ്ഞു വന്നവനിലേയ്ക്ക് അവള്‍ അലറിക്കൊണ്ട് മദിച്ചു കയറുമ്പോള്‍ ഒരു ജാരനെന്ന അഹങ്കാരത്തെയുപേക്ഷിച്ച് അവള്‍ക്ക് കീഴടങ്ങി സ്വയം തകര്‍ന്ന ആ ചെറുപ്പക്കാരന്‍ ആ നാടുപേക്ഷിക്കുമ്പോള്‍ ദേവിയ്ക്ക് നിരാശയായിരുന്നു. പക്ഷേ അവള്‍ പിന്നെയും വൈകുന്നേരങ്ങളില്‍ പഠിപ്പിക്കുന്ന സ്‌കൂളില്‍ നിന്ന് നേരത്തെയിറങ്ങി റെയില്‍വേസ്‌റ്റേഷനിലെ ഏകാന്തതയില്‍ തളര്‍ന്നിരുന്നത് അടുത്ത ജാരനെ കാത്തായിരുന്നു.

പെണ്‍കുട്ടികളുടെ ജീവിതം തകര്‍ക്കുന്ന ജാരന്‍മാര്‍ വിലസുന്ന പാണ്ഡവപുരം എന്നത് എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം വിഭ്രമാത്കമായ ഒരു ലോകമാണ്, അത് വായനക്കാരിലേയ്ക്കുമെത്തിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ടു താനും. അത്തരമൊരു ലോകം സൃഷ്ടിക്കാനായി അദ്ദേഹം തിരഞ്ഞെടുത്തത് പാണ്ഡവന്‍മാരുടെ കഥകളുറങ്ങുന്ന ഒരു അലുകിക ലോകമായതും മനപ്പൂര്‍വ്വമാകാം. കാരണം ഒരു സ്ത്രീയ്ക്ക് അഞ്ചു പുരുഷന്‍മാരെന്ന ആദി എഴുത്തുകാരന്റെ വിഭകാത്മക്ത പാണ്ഡവപുരത്തിനല്ലേ നന്നായി ഇണങ്ങുക?

ഓരോ സ്ത്രീയും ദേവിമാരാകാന്‍ കൊതിക്കുന്നവരാണ്. ഒരുപക്ഷേ ഒരു ജാരനാല്‍ വശീകരിക്കപ്പെട്ട്, പ്രണയിക്കപ്പെട്ട് ഒടുവില്‍ അവനാല്‍ ഉപേക്ഷിക്കപ്പെട്ട് പശ്ചാത്താപഭാരത്തോടെ ഭര്‍ത്താവിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ അവള്‍ തിരിച്ചറിയും ജാരന്‍മാരെല്ലാം പരാജയപ്പെടേണ്ടവരാണെന്ന്. അവളുടെ മുന്നിലുള്ളവനെ മാത്രമല്ല ലോകത്തുള്ള സകലജാരന്‍മാരേയും അടിച്ചമര്‍ത്തണമെന്ന മോഹമവളില്‍ ഉണ്ടാകും. അതിനായി അവനിലെ ആണത്തം ചോര്‍ത്തിക്കളയുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളേതുമില്ലെന്നും അവള്‍ക്കറിയാം. പക്ഷേ സ്വയം തോറ്റു കൊടുക്കപ്പെടുന്ന ജാരന്‍മാര്‍ അവള്‍ക്കൊരു വേദന തന്നെയാണ്. പാണ്ഡവപുരത്തിലെ ദേവിയെ പോലെ അത്തരമൊരു സ്വയം വേദന അനുഭവിക്കുന്നവരുടെ മനസ്സിലെ ഭ്രമിപ്പിക്കുന്ന നുണനാണീ നോവല്‍. ഒരുപക്ഷേ സത്യവുമായേക്കാവുന്ന ഒരു നോവല്‍.
പാണ്ഡവപുരത്തിന്റെ പ്രസക്തിയവിടെയാണ്, സത്യവും അസത്യവുമെന്ന് തിരിച്ചറിയാനാകാതെ പോകുന്ന ഒരു കഥയില്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക