ജീവിതകാലമത്രയും കടലിനെ പോഷിപ്പിക്കാന്‍ നിരന്തരം ഒഴുകിയ പുഴയുടെ
ജീര്‍ണ്ണിച്ചുവീര്‍ത്ത ശവംപോലെ പാലത്തിനടിയില്‍ കറുത്തുകൊഴുത്ത ജലം
കെട്ടിക്കിടന്നു. അതിനുമീതെ, ആരോ എടുത്തെറിഞ്ഞ ഒരഴുക്കുതുണിപോലെ പാലത്തിന്റെ നിഴല്‍
പരന്നുകിടന്നു. കൊടുംവേനലിനാല്‍ നഗ്നമാക്കപ്പെട്ട മണല്‍പ്പുറം, കരകളിലുള്ള
പൊന്തക്കാടുകളോടൊപ്പം നദിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പും കാത്തു തപസ്സിരുന്നു.
പാലത്തില്‍നിന്ന് ബാലകൃഷ്‌ണന്‍ താഴേക്കുനോക്കി. വര്‍ഷങ്ങള്‍ക്കുമുന്‍പ്
ഇക നദിയില്‍ ഒഴുക്കില്‍പെട്ടുപോയത് ഓര്‍മ്മവന്നു. അന്ന് ആരൊക്കെയോ ചേര്‍ന്ന്
തന്നെ രക്ഷിച്ചു. ഇന്ന് ജീവിതത്തിന്റെ ഒഴുക്കില്‍പെട്ട് കൈകാലിട്ടടിക്കുമ്പോള്‍
ആരുണ്ട് ഒന്നു രക്ഷിക്കാന്‍?
വീട്ടിലേക്കുനടക്കുമ്പോള്‍ സ്വന്തം
ജീവിതപ്രശ്‌നങ്ങളായിരുന്നു അവന്റെ മനസ്സുനിറയെ. വസ്‌തുവകകള്‍ വിറ്റ് തന്നെ ഒരു
ബിരുദധാരിയാക്കിയപ്പോള്‍ എന്തെന്തു സ്വപ്‌നങ്ങളായിരിക്കും തന്റെ മാതാപിതാക്കളുടെ
മനസ്സില്‍ വിരിഞ്ഞത്? ഇന്നവയെല്ലാം മണ്ണടിഞ്ഞു. പാസ്സായിട്ട് വര്‍ഷം നാലായി.
ഇതുവരേയും ഒരു ജോലി ലഭിച്ചില്ല.
തന്റെ ഡിഗ്രിയേപ്പറ്റി ഒരുവക
പ്രതികാരത്തോടെയാണ് അവന്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. ആ കടലാസ്സാണ് തന്നെ
ഒന്നിനും കൊള്ളരുതാത്തവനാക്കിയത്. ഇല്ലെങ്കില്‍ കൂലിവേലയ്‌ക്കെങ്കിലും ആരെങ്കിലും
വിളിയ്‌ക്കുമായിരുന്നു. പക്ഷെ ഒരു ഡിഗ്രിക്കാരന് കൂലിവേലക്കാരനാകാന്‍ ഒക്കുമോ?
അപേക്ഷകളയയ്‌ക്കാന്‍ കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാന്‍പോലും
കഴിഞ്ഞിട്ടില്ലെന്ന് അവന്‍ വേദനയോടെ ഓര്‍ത്തു. അപേക്ഷകളയയ്‌ക്കാന്‍ ചെലവാക്കിയ
രൂപയുണ്ടായിരുന്നെങ്കില്‍ ഒരു ചെറിയ കട തുടങ്ങാനുള്ള മൂലധനമുണ്ടാകുമായിരുന്നു!
ബസ്സുകളും കാറുകളും ഇരമ്പിപ്പാഞ്ഞുകൊണ്ടിരുന്ന ആ നിരത്തില്‍കൂടി
ഒറ്റപ്പെട്ട ഒരു യാത്രികനേപ്പോലെ അവന്‍ നടന്നു. ഇപ്പോള്‍ത്തന്നെ
വീട്ടിലേക്കുപോയിട്ട് എന്തുചെയ്യാനാണ്? ദുര്‍മ്മുഖം കാണിക്കാതിരിക്കാന്‍
എല്ലാവരും ശ്രദ്ധിക്കുന്നെങ്കിലും അവരുടെ മനസ്സിലെ നീറ്റല്‍ തനിക്കു നന്നായറിയാം.
തനിക്കു വിഷമമുണ്ടാക്കാതിരിക്കാന്‍ എപ്പോഴും കരുതുന്ന സാധുക്കള്‍. പക്ഷെ
ഇതെത്രനാള്‍ തുടരും? എന്നെങ്കിലും, എപ്പോഴെങ്കിലും ഇതിനൊരു പരിഹാരം ഉണ്ടായല്ലേ
മതിയാകൂ.
എതിരേവരുന്ന ബസ്സുകളിലേക്ക് അവന്‍ തുറിച്ചുനോക്കി. അതിലെ
യാത്രക്കാര്‍ക്കെല്ലാം ഒരു ലക്ഷ്യമുണ്ട്.പക്ഷെ തനിക്കോ? ആ ബസ്സിലെങ്ങാനും കയറി
ആരും തിരിച്ചറിയാത്ത ഏതെങ്കിലും നാട്ടില്‍ചെന്ന് എന്തെങ്കിലും പണിയെടുത്ത്
ജീവിക്കുന്നതിനേപ്പറ്റി അവന്‍ ആലോചിച്ചു. എന്തെങ്കിലുമൊക്കെ ചെയ്‌ത്
ജീവിതമാര്‍ഗ്ഗമുണ്ടാക്കുക. അങ്ങനെ അജ്‌ഞാതനായി ജീവിക്കുന്നതിലുള്ള രസം ഭാവനയില്‍
അവന്‍ ആസ്വദിച്ചു. അങ്ങനെ ജീവിച്ചുജീവിച്ച് ഒരുദിവസം പെരുവഴിയില്‍ കിടന്നു
മരിക്കുക. സ്വന്തം ജീവചരിത്രം എഴുതി കയ്യില്‍ വച്ചുകൊണ്ട് മരിക്കണം. മരിക്കാനായി
ഇക തെരുവുകളിലേക്കു തിരിച്ചെത്തണം. ആ അജ്‌ഞാതമൃതദേഹവും, നാട്ടുകാരുടെ താല്‍പര്യവും
ഒടുവില്‍ ആ ജീവചരിത്രം നാട്ടൂകാര്‍ വായിക്കുന്നതും, എന്തിന്, സ്വന്തം
ശവമടക്കുപോലും അയാള്‍ മനസ്സില്‍ കണ്ടു. പരിപാടികള്‍ പ്രാവര്‍ത്തികമാക്കാനും
താല്‍പര്യം തോന്നി. പക്ഷെ തല്‍ക്കാലം ആ ബസ്സുകളിലൊന്നില്‍ കയറിപ്പറ്റാനുള്ള പണം
പോലും കൈവശമില്ലല്ലോ?
`ദൂരെ ഉയര്‍ന്നുനില്‍ക്കുന്ന മണിമന്ദിരം
കണ്ണില്‍പെട്ടത് അപ്പോഴാണ്. ഓട്ടുകമ്പനിയുടമസ്‌ഥന്‍ എസ്‌തപ്പാന്‍ മുതലാളിയുടെ
വീട്. ഓട്ടൂകമ്പനികൂടാതെ മറ്റെന്തൊക്കെയോ ബിസിനസ്സുള്ള ആള്‍. പക്ഷെ ബാലകൃഷ്‌ണന്റെ
മനസ്സില്‍ എസ്‌തപ്പാന്‍ മുതലാളിക്കുള്ള വിശേഷണം ഒന്നുമാത്രമായിരുന്നു. ഒരു
ജോലിതരാന്‍ കഴിവുള്ള ആള്‍. പക്ഷെ എന്തുഫലം? നേരിട്ട് പരിചയമില്ല. ഒരിക്കല്‍
കമ്പനിവരെ ചെന്നു. വാതില്‍ക്കല്‍ നിന്നും തിരികെ പോരേണ്ടിവന്നു. ഒഴിവില്ലപോലും.
വേണമെങ്കില്‍ ഒരാളിനേക്കൂടി എടുക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നു. പക്ഷെ
ആര്‍ക്കുവേണമെങ്കില്‍ എന്നതാണ് പ്രധാനം. മുതലാളിയുടെ മകള്‍ ജോളി കോളേജ്‌മേറ്റാണ്.
പക്ഷെ ഇപ്പോള്‍ കണ്ടാലറിയുമോ എന്നുകൂടി സംശയമാണ്.
മണി ഏതാണ്ട് രണ്ടര
കഴിഞ്ഞുകാണും. ഇനി വീട്ടിലേക്ക് തിരിച്ചുപൊയ്‌ക്കളയാം എന്നുകരുതി തിരിയുമ്പോഴാണതു
കണ്ടത്. മുതലാളിയുടെ ബംഗ്ലാവിന്റെ ഗേറ്റ് തുറക്കുന്നു. മുതലാളിയാണോ? നേരിട്ടൊന്നു
സമീപിച്ചാലോ?
അപ്പോഴേക്കും ഗേറ്റുതുറന്ന ആള്‍ വെളിയിലെത്തിക്കഴിഞ്ഞിരുന്നു.
രണ്ടുരണ്ടര വയസ്സുള്ള ഒരുകുട്ടി. കൂടെ ആരുമില്ല. മുതലാളിയുടെ മക്കളുടെ കുട്ടികള്‍
ആരെങ്കിലുമായിരിക്കും.
കഴുത്തിലും കയ്യിലും സ്വര്‍ണ്ണാഭരണങ്ങള്‍. നല്ല
ഓമനയായൊരു കുഞ്ഞ്. അവന്‍ മുന്‍പോട്ടൂ നടക്കുകയാണ്.
എതിരെവന്ന ബസ്സ്
തൊട്ടടുത്തുകൂടി ചീറിപ്പാഞ്ഞ് കടന്നുപോയപ്പോള്‍ ഞെട്ടിപ്പോയി. ആ ഞെട്ടലില്‍
നിന്നുണര്‍ന്നപ്പോള്‍ ഒരു പുതിയ ചിന്ത, ഒരു പുതിയ പരിപാടി മനസ്സില്‍ തെളിഞ്ഞു.
ഒന്നു പരീക്ഷിച്ചുനോക്കിയാലോ?
ബാലകൃഷ്‌ണന്‍ പതുക്കെ കുഞ്ഞിന്റെനേരെ നടന്നു.
ഹ്രുദയം മിടിക്കുന്ന ശബ്‌ദം ബംഗ്ലാവിനുള്ളില്‍ കേള്‍ക്കുമെന്നുതോന്നി.. ചെവികളില്‍
രക്‌തം ഇരമ്പുന്നു. ഭഗവാനേ, ഇതാരെങ്കിലും അറിഞ്ഞാല്‍?
അപ്പോഴേക്ക്
ചിരിച്ചുകൊണ്ട് കുഞ്ഞ് ബാലക്രുഷ്‌ണന്റെ അടുത്തെത്തിക്കഴിഞ്ഞിരുന്നു.
ബാലകൃഷ്‌ണന്‍ ചുറ്റും നോക്കി. ആരുംതന്നെയില്ല.
അവന്‍
കുഞ്ഞിന്റെനേരെ കൈനീട്ടി അതിനെ പൊക്കിയെടുത്തു. ഗേറ്റുകടന്ന്
ഉള്ളിലേക്കുനടക്കുമ്പോള്‍ നെഞ്ചിടിപ്പിന്റെ ശബ്‌ദം ആരെങ്കിലും കേള്‍ക്കുമോ
എന്നായിരുന്നു പരിഭ്രമം. കാലുകള്‍ മുന്നോട്ടുനീങ്ങാന്‍ വിസമ്മതിക്കുന്നതുപോലെ.
പൂമുഖത്തിനടുത്തെത്തിയപ്പോള്‍ നിന്നു. ആരെയും പുറത്തു കാണുന്നില്ല.
ഇനിയെന്തു ചെയ്യും?
ആലോചിച്ചുനിന്നപ്പോള്‍ മുതലാളി പുറത്തേക്കു വന്നു.
ബാലകൃഷ്‌ണന്റെ കയ്യില്‍ കുഞ്ഞിനെക്കണ്ട മുതലാളി ഒരുനിമിഷം ബാലക്രുഷ്‌ണനേ
നോക്കിനിന്നു. കണ്ണടയിലൂടെയുള്ള ആ നോട്ടം നേരിടാനുള്ള കരുത്തില്ലാതെ ബാലകൃഷ്‌ണന്‍
തലകുനിച്ചു. കുഞ്ഞിനെ താഴെ നിറുത്തി. അത് മുതലാളിയുടെ അടുത്തേക്കോടി. കുഞ്ഞിനെ
വാരിയെടുത്തിട്ട് മുതലാളി ചോദിച്ചു:
`എന്തുപറ്റി?''
മറുപടി
പറയാന്‍ നെഞ്ചിടിപ്പും കിതപ്പും ബാലകൃഷ്‌ണനെ അനുവദിച്ചില്ല. ഒടുവില്‍,
ഒരുവിധത്തില്‍, വിക്കിവിക്കി പറഞ്ഞു:
`കുഞ്ഞ് ഒരു
ബസ്സിന്റെ.....'
തുടര്‍ന്നുപറയാന്‍ അവനു കഴിഞ്ഞില്ല. പക്ഷെ അത്രയും
മതിയായിരുന്നു ഉദ്ദേശിച്ച ഫലം കിട്ടാന്‍.
അകത്തുനിന്ന് ഒരു സ്‌ത്രീ
ചാടിയിറങ്ങിവന്നു. ജോളി. മുതലാളിയുടെ കയ്യില്‍നിന്നും അവള്‍ പൊട്ടിക്കരഞ്ഞുകൊണ്ട്
കുഞ്ഞിനെ പിടിച്ചുവാങ്ങി ഉമ്മവയ്‌ക്കാന്‍ തുടങ്ങി. പൊട്ടിക്കരച്ചിലിനിടയിലൂടെ
വാക്കുകളും പുറത്തുവന്നു. എന്റെ മോനേ, എന്റെ മക്കളേ എന്നെല്ലാം.
കരച്ചിലും
ബഹളവും കേട്ട് മറ്റുള്ളവരും പുറത്തുവന്നു. ആകെ ബഹളം. അതിനിടയ്‌ക്കാരോ മുതലാളിയോട്
കാര്യങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിച്ചു. മുതലാളി വിശദീകരിച്ചു:
`മോന്‍ ആരും
കാണാതെ റോകിലിറങ്ങിപ്പോയി. ബസ്സിന്റെ കീഴില്‍ പെട്ടേനെ.' പിന്നെ ബാലകൃഷ്‌ണന്റെ നേരെ
തിരിഞ്ഞിട്ടുപറഞ്ഞു. `ഇയാള്‍ കണ്ടതുകൊണ്ട് രക്ഷപെട്ടു.'
അപ്പോഴാണ്
മറ്റുള്ളവര്‍ ബാലകൃഷ്‌ണനെ ശ്രദ്ധിച്ചത്. ജോളിയുടെ കരച്ചിലും ഇതിനകം
അടങ്ങിയിരുന്നു. അവളും ബാലകൃഷ്‌ണന്റെ നേരെനോക്കി. അവനെ ശ്രദ്ധിച്ചിട്ട് ചോദിച്ചു:
`ബാലക്രുഷ്‌ണനല്ലേ?'
`അതേ.'
മറുപടി പറഞ്ഞതോടെ
ബാലകൃഷ്‌ണനാശ്വാസമായി. പരിഭ്രമം മാറി. ഏതായാലും എന്നെയറിയുന്ന ഒരാളിവിടെയുണ്ടല്ലോ?
ബാലകൃഷ്‌ണന്റെ വേഷം കണ്ട് ഒന്നു മടിച്ചെങ്കിലും മുതലാളി പറഞ്ഞു:
`കയറിയിരിക്കൂ.'
അവന്‍ പൂമുഖത്തേക്കു കയറിനിന്നു. മുതലാളി
നിര്‍ബന്ധിച്ചിട്ടും ഇരുന്നില്ല.
വീടിനേയും വീട്ടൂകാരേയും പറ്റി മുതലാളി
അന്വേഷിച്ചു. ജോളിയെ എങ്ങനെ പരിചയമുണ്ടെന്നു ചോദിച്ചു.
പക്ഷെ ബാലകൃഷ്‌ണന്‍
ആഗ്രഹിച്ച ചോദ്യം മാത്രം ഉണ്ടായില്ല.
ആ ചോദ്യം ചോദിച്ചതു ജോളിയായിരുന്നു.
ഒരുകപ്പു ചായയും കൊണ്ടാണവള്‍ വന്നത്. മുഖത്തെ ദു:ഖഭാവമെല്ലാം മാറിയിരുന്നു. ചായ
ബാലകൃഷ്‌ണന് കൊടുത്തിട്ട് അവള്‍ പറഞ്ഞു:
`ബാലകൃഷ്‌ണന്‍ കണ്ടതുകൊണ്ട്
മോന്‍ രക്ഷപെട്ടു.'
മറുപടിയായി ഒന്നു പുഞ്ചിരിക്കാന്‍പോലും അവനു കഴിഞ്ഞില്ല.
അവനെ ആകെയൊന്നു നോക്കിയിട്ട് അവള്‍ ചോദിച്ചു:
`ഇപ്പോളെന്തു
ചെയ്യുന്നു?'
ആഗ്രഹിച്ച ചോദ്യം. പക്ഷെ അത് അവളില്‍നിന്നു വന്നപ്പോള്‍ താന്‍
അവിടെ വളരെ ചെറുതായതുപോലെ അവനുതോന്നി. മടിച്ചുമടിച്ചാണ് മറുപടി പറഞ്ഞത്:
`എന്തെങ്കിലും ഒരു ജോലിക്കു ശ്രമിക്കുന്നു.'
കൂടുതല്‍ ഒന്നും
പറയാന്‍ അവനു കഴിഞ്ഞില്ല. പക്ഷെ അവന്റെ വേഷവും ദൈന്യതകലര്‍ന്ന മുഖഭാവവും
തളര്‍ന്നകണ്ണുകളും അവള്‍ക്ക് എല്ലാം വ്യക്‌തമാക്കിക്കൊടുത്തു. അവരെ രണ്ടുപേരേയും
ശ്രദ്ധിച്ചുകൊണ്ടിരുന്ന
മുതലാളിയുടെനേരെ അവള്‍ നോക്കി. അച്‌ഛന്റേയും
മകളുടേയും കണ്ണുകള്‍ സംസാരിച്ചു.
മുതലാളി പെട്ടെന്ന് അകത്തേക്കുപോയിട്ട്
തിരിച്ചുവന്നു. ഒരു വിസിറ്റിങ് കാര്‍കിന്റെ പുറത്ത് ഒപ്പിട്ട് അവനെ
ഏല്‍പ്പിച്ചിട്ട് പറഞ്ഞു:
`നാളെ കമ്പനിയില്‍ വന്ന് എന്നെ കാണണം. ഇക
കാര്‍ഡ് കാണിച്ചാല്‍ അവര്‍ അകത്തുവിടും. എന്തെങ്കിലും
ശരിയാക്കാം.'
ജീവിതത്തില്‍ ഇത്രയും സന്തോഷകരമായ വാക്കുകള്‍ ഒരിക്കലും
കേട്ടിട്ടില്ലെന്ന് ബാലക്രുഷ്‌ണന് തോന്നി. ഇനി ഇവിടെ നില്‍ക്കാന്‍ വയ്യ. ഇവരുടെ
മുഖത്ത് നോക്കാന്‍ ധൈര്യമില്ല.
ചായക്കപ്പ് ജോളിയെ ഏല്‍പ്പിച്ചു.
രണ്ടുപേരോടും യാത്രചോദിച്ചപ്പോള്‍ ജോളി പറഞ്ഞു:
`നാളെത്തന്നെ കമ്പനിയില്‍
പോകണം. മറക്കരുത്.'
അവന്‍ ഗേറ്റിനുനേരെ നടന്നു. അച്‌ഛനും മകളും
തന്നേത്തന്നെ നോക്കിയിരിക്കുന്നതായി അവന് അനുഭവപ്പെട്ടു.
ജോലികിട്ടിയ
വിവരം വീട്ടിലറിയിക്കാനായി തിരക്കിട്ടുനടന്നപ്പോള്‍ അവന്‍ ഓര്‍ത്തു:
`ഇനി
എനിക്കും ഒരു രഹസ്യം സൂക്ഷിക്കാനുണ്ട്. എനിക്ക് ജോലികിട്ടിയതിന്റെ രഹസ്യം.'