`ആറന്മുള എയര്‍പോര്‍ട്ട് ചില യാഥാര്‍ത്ഥ്യങ്ങള്‍' എഴുതിയപ്പോള്‍ വേണ്ടുവോളം
പ്രതികരണങ്ങളും പോര്‍വിളികളും കേട്ടു.`പ്രവാസി വരത്തന്മാര്' എന്ന വിശേഷണവും
കിട്ടി. `ചില്ലുമേടയിലല്ലേ വാസം? പത്തനംതിട്ട കണ്ടിട്ടുണ്ടോ? അമേരിക്കയിലായിട്ട്
എത്ര വര്‍ഷമായി'? ഇങ്ങനെ പോകുന്നു ചോദ്യങ്ങള്‍.
ആദ്യമായി പറയട്ടെ,
അമേരിക്കന്‍ മലയാളികളുടെ വിഷയമല്ലിത്. എന്തെന്നാല്‍ `ഭൂമിയിലൊരു
പറുദീസയുണ്ടെങ്കില്‍, അത് ഇതാണ്, അമേരിക്ക.' ആകയാല്‍ കേരളത്തിലെ ഒരു വിഷയവും
അമേരിക്കയിലേക്ക് പറിച്ചുനട്ട മലയാളിക്ക് ബാധകമല്ല. എങ്കിലും മീഡിയ വികസനത്തില്‍
അറിയപ്പെടുന്ന കാര്യങ്ങള്‍ക്ക് ഒരഭിപ്രായം പറയുന്നുവെന്നുമാത്രം.
കേരളരാഷ്‌ട്രീയസമൂഹത്തില്‍ നിന്ന് രാഷ്‌ട്രീയവും സാമൂഹ്യവുമായ അംശങ്ങള്‍
വാര്‍ന്നുപോകയും പകരം വ്യക്‌തിനിഷ്‌ഠമായ പലതും കയറിക്കൂടി വ്യവസ്‌ഥിതികളുടെ അടിത്തറ
തന്നെ ഇളക്കി, നേതാക്കന്മാരുടെ പേരിന്റെ അറ്റത്ത് പാര്‍ട്ടികളെ കെട്ടിത്തൂക്കി
ഇവര്‍ തമ്മിലുള്ള വിഹിതവും അവിഹിതവുമായ കൂട്ടുകെട്ടിലൂടെ നാടിനൊരു നന്മയും ചെയ്യാതെ
അധികാരം അഞ്ചു വര്‍ഷം വീതം പങ്കിടുകയും പൊതുമുതല്‍ സ്വമുതലായും
പാര്‍ട്ടിഫണ്ടുകളായും രൂപപ്പെടുത്തി ആസ്‌തിയും അസ്‌തിത്വവും നേടുന്ന
നിര്‍ഗുണമെന്നല്ല, ദുര്‍ഗുണ നേതൃത്വമാണ് നാളിതുവരെ കേരളം
കണ്ടത്.
എല്ലാത്തുറകളിലും വിദേശമലയാളികള്‍, വിദേശനിക്‌ഷേപം എന്ന
പദമുയര്‍ത്തി , ദീര്‍ഘവീക്‌ഷണമില്ലാത്ത ഒരുതരം രാഷ്‌ട്രീയജീവികളുടെ അര്‍ബുധം
ബാധിച്ച മസ്‌തിഷ്‌കങ്ങള്‍, പൊതുമേഖലയെ ഭരിച്ച് മുടിപ്പിച്ച് കുളംതോണ്ടിച്ചു
കൊണ്ടിരിക്കുമ്പോള്‍ കേരളത്തിലെ സാധാരണക്കാരുടെ ഉപജീവനവും നിലനില്‍പ്പും മൂന്ന്‌്
പതിറ്റാണ്ടായി പ്രവാസിമലയാളികളുടെ തണലിലാണ് എന്നത്
യാഥാര്‍ത്ഥ്യം!
ഇതിനിടയില്‍ വീണുകിട്ടുന്ന ചില നന്മകളെ ജനങ്ങളെ തമ്മില്‍
അടിപ്പിച്ച് വരട്ടുവാദത്തില്‍ മുക്കി അടിച്ചു മാറ്റുന്നു
മറ്റുചിലര്‍.
2005ല്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള സൂപ്പര്‍
ഹൈവേയുമായി എം.കെ. മുനീര്‍ വന്നപ്പോള്‍ അതിനെതിരേ ചുവന്ന കൊടി പിടിച്ചത് ഇന്ന്
എയര്‍പോര്‍ട്ട് വേണ്ടെന്നു പറയുന്ന ഇതേ സാംസ്‌കാരിക രാഷ്‌ട്രീയ നേതാക്കളായിരുന്നു.
`കേരളത്തെ രണ്ടായി വെട്ടിമുറിക്കും . അരുത് പാടില്ല.' . അങ്ങനെ അത് ഇല്ലാതാക്കി.
ഈ വരട്ടുവാദം `ആറന്മുള'ക്കാര്‍ അറിഞ്ഞിട്ടില്ലയെന്നാണ് ഇന്നിപ്പോള്‍
എയര്‍പോര്‍ട്ടിനെതിരേ ഉയര്‍ത്തുന്ന കമന്റുകളില്‍ നിന്ന് മനസിലാകുന്നത്.
അറിഞ്ഞിരുന്നുവെങ്കില്‍ എയര്‍പോര്‍ട്ട് വേണ്ട ഹൈവേ മതിയെന്ന്
പറയില്ലല്ലോ?
എന്തായാലും സൂപ്പര്‍ ഹൈവേ കൊണ്ടോ നിലവിലുള്ള ഒന്നും കൊണ്ടും
ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ഈ അവശജില്ലകള്‍ക്ക് ഒരു പ്രയോജനവുമില്ല. ഈ
ജില്ലക്കാര്‍ ഒന്നറിയുക.
ഏറ്റവും വൃത്തിയുള്ളതും സമ്പന്നവുമായ കോഴിക്കോട്ടു
ജില്ലയിലെ ജനനായകന്‍ കെ. മുരളീധരന് നിങ്ങളോടെന്തു പ്രതിബദ്‌ധതയാണുള്ളത്?.1992ല്‍
`പറൂദീസയിലെ യാത്രക്കാര്‍' എന്ന നോവലിന്റെ പ്രസിദ്‌ധീകരണത്തിനായി `മള്‍ബറി'
പബ്‌ളിക്കേഷന്‍സിനെ സമീപിച്ച് ഞാന്‍ കോഴിക്കോട്ട് ചെന്ന് മുതലക്കുളത്ത് മലബാര്‍
പാലസില്‍ താമസിച്ചപ്പോള്‍ 3550 രൂപയായിരുന്നു വാടക..അന്നേ അത്രമാത്രം വളര്‍ച്ചയുള്ള
ജില്ലയാണത്.
എല്ലാറോഡും എന്നും നന്നായിക്കിടക്കുന്ന കോണ്‍ക്രീറ്റ്
റോഡുകളുള്ള മലപ്പുറം ജില്ലയിലെ ജനനായകന്മാര്‍ക്ക് നിങ്ങളെപ്പറ്റി എന്തു ചിന്ത?
അവിടെ കരിപ്പൂരില്‍ തുടങ്ങി മലപ്പുറം ചുറ്റി കോഴിക്കോട്ടവസാനിക്കുന്ന `മോണോ
റെയില്‍' തുടങ്ങാന്‍ പോകുന്നു.. 1977ല്‍ ഞാന്‍ കോട്ടയ്‌ക്കല്‍
ആര്യവൈദ്യശാലയിലേക്ക് പോകുമ്പോഴാണ് വടക്കന്‍ കേരളത്തിന്റെ വളര്‍ച്ച
തിരിച്ചറിഞ്ഞത്.
ഇന്നിപ്പോള്‍ ഇടതുപക്‌ഷത്തിന്റെ ആസ്‌ഥാനം കണ്ണൂര്‍
ആയിരിക്കുന്നു. ഇവരെക്കൊണ്ട് മധ്യതിരുവിതാംകൂറിന് ഇനി എന്തു പ്രതീക്‌ഷ?
ഇതൊന്നും കാണാതെ `ഏനൊരു കഴ വെട്ടി തേക്കായോ, പൂക്കായോ' എന്നറിയാതെ തമ്മില്‍
തല്ലി , അമ്മെ തല്ലി, എം.എല്‍.എ തല്ലി ഹര്‍ത്താലെന്നു പറഞ്ഞ് കൂട്ടം തല്ലി ആറന്മുള
കണ്ണാടി യില്‍ നോക്കി മുഖം മിനുക്കുന്ന( `കണ്ണാടി കാണ്മോളവും തന്നുടെ മുഖമേറ്റം
നന്നെന്നു നിരൂപിക്കും എത്രയോ വിരൂപന്മാര്‍.') ജനമേ!
`പൊതുക്കാര്യങ്ങളില്‍
ദുഷ്‌ടതയേക്കാള്‍ അപകടകരമാണ് വിഡ്ഡിത്വം. എന്തെന്നാല്‍ വിഡ്ഡിത്വത്തെ എതിര്‍ത്തു
തോല്‍പിക്കാന്‍ വളരെ ബുദ്‌ധിമുട്ടേണ്ടിവരും' (വ്രുഡോ
വില്‍സന്‍).
എറണാകുളത്തിന്റെ വികസനം ആലുവ വരെയെത്തി നില്‍ക്കുന്നു. എന്നാല്‍
എന്‍. എച്ച് 47ന്റെ അവസ്‌ഥയോ?
തിരുവനന്തപുര വികസനം കൊട്ടാരക്കരയോട്
അടുക്കുന്നു. എന്നിട്ടും നമുക്കെന്തു പ്രയോജനം?. തിരുവനന്തപുരത്തുനിന്നോ,
കൊച്ചിയില്‍ നിന്നോ കോഴഞ്ചേരിയില്‍ എത്താന്‍ പെടുന്ന പാട് ഇന്നും എത്ര ഭയങ്കരം?.
വടക്കന്‍ ജില്ലക്കാരന്‍ അമേരിക്കയില്‍ ഇരുന്ന്‌കൊണ്ട് `ഓരോ പ്രവാസിയുടെയും
ബാക്‌യാര്‍ഡില്‍ ഓരോ എയര്‍പോര്‍ട്ട്' എന്ന് പരിഹസിക്കുന്നതും ഞാന്‍ കാണുന്നു.
അമേരിക്കയില്‍ വസിച്ചുകൊണ്ട് ഇത്തരം വിഡ്ഡിത്വം വിളമ്പുന്നത് ഒരു തരം
മാനസികരോഗമായി കണക്കാക്കാം.
മലപ്പുറം രണ്ട് ജില്ലയാക്കണം. കാസര്‍കോട്
പാര്‍ലമെന്റ് സീറ്റ് വേണം. ഇതു കൊടുത്തെങ്കിലേ ഈ സര്‍ക്കാര്‍ നിലനില്‍ക്കു.
ഇനിയും തൃശൂര്‍ തുടങ്ങി സമ്പന്നമായ ഏഴ് ജില്ലകള്‍ ചേര്‍ത്തൊരു മലബാര്‍
സ്‌റ്റേറ്റ് വേണം. ഇത്തരക്കാരുടെ കൈയ്യില്‍ നിന്ന് എച്ചില്‍പ്പണം വാങ്ങിയവരാണ്
എം. എല്‍. എയെ തല്ലാന്‍ ഓര്‍ഡര്‍
നല്‍കുന്നത്.
വാല്‍ക്കഷണം:
`നരകം' എന്നത്‌് മതഭാവനയായിരിക്കാം.
എന്നാല്‍ ജഡത്തില്‍ വസിക്കുമ്പോള്‍ തന്നെ നരകം കാണണമെങ്കില്‍ കേരളത്തിലേക്ക്
പോകുക. മദ്‌ധ്യ തിരുവിതാം കൂറിലേക്ക്. അവിടെ പോത്തിനെയും, കാലനെയും, കാലമാടനെയും
കാണാം. അവര്‍ കട്ടതല്ലി വിത്തെറിയാന്‍ പോകയാണ്.
വടക്കന്‍ ജില്ലക്കാര്‍
ആന്ധ്രയില്‍ നിന്ന് വിമാനത്തില്‍ അരി ഇറക്കി ഉണ്ണട്ടെ.