Image

ഓണമേ, നന്മയിലേക്ക്‌ ഞങ്ങളെ നയിച്ചാലും (കൃഷ്‌ണ)

Published on 31 August, 2013
ഓണമേ, നന്മയിലേക്ക്‌ ഞങ്ങളെ നയിച്ചാലും (കൃഷ്‌ണ)
അങ്ങനെ ഒരു ഓണം കൂടി വരവായി. കള്ളവും ചതിയും വഞ്ചനയും ഒന്നുമില്ലാത്ത, നന്മനിറഞ്ഞ ഒരു ഭരണത്തെപ്പറ്റി ചിന്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന ഒരോണം. അങ്ങനെ ഒരു കാലം വന്നിരുന്നെങ്കില്‍! നമുക്ക്‌ അതിനായി പ്രാര്‍ഥിക്കാം. കൃഷ്‌ണനോടും ക്രിസ്‌തുവിനോടും നബിയോടും ബുദ്ധനോടും മഹാവീരനോടും എല്ലാം. നമ്മോടുതന്നെയും നമുക്ക്‌ പ്രാര്‍ഥിക്കാം. ആധുനിക രീതിയില്‍ പറഞ്ഞാല്‍ ദൈവത്തോടോ ചെകുത്താനോടോ ആരോടു വേണമെങ്കിലും അതിനായി നമുക്ക്‌ പ്രാര്‍ഥിക്കാം.

ഓണത്തെപ്പറ്റി കേരളത്തില്‍ പ്രചരിച്ചിരിക്കുന്ന ഐതിഹ്യം അസുരചക്രവര്‍ത്തിയായിരുന്ന മഹാബലി, വിഷ്‌ണുദേവന്റെ അവതാരമായ വാമനന്‍, അസുരഗുരുവായ ശുക്രന്‍ എന്നീ പ്രധാന കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്‌. മഹാബലിയുടെ ഐശ്വര്യത്തിലും മേന്മയേറിയ ഭരണത്തിലും അസൂയ പൂണ്ട ദേവന്മാര്‍ വിഷ്‌ണുവിനോട്‌ പരാതിപ്പെട്ടെന്നും വാമനാവതാരം ഒരു നിമിത്തമാക്കി വിഷ്‌ണു മഹാബലിയെ പാതാളത്തിലേക്ക്‌ ചവിട്ടിതാഴ്‌ത്തി എന്നുമാണ്‌ കേരളത്തില്‍ പ്രചാരമുള്ള ഐതിഹ്യം. അതായത്‌ മാവേലിയുടെ പാതാളത്തിലേക്കുള്ള പതനം ദേവന്മാര്‍ ചതിയിലൂടെ നടപ്പാക്കിയതാണെന്ന്‌. ഇതിലൂടെ പലരും ഉദ്ദേശിക്കുന്നത്‌ ദേവന്മാര്‍ എല്ലാം ചതിയന്മാര്‍ ആണെന്ന്‌ വരുത്തിതീര്‍ക്കാനും.

മുപ്പത്തിമുക്കോടി ദേവന്മാരും അറുപത്തിയാറുകോടി അസുരന്മാരും ആണ്‌ ഉള്ളതെന്നാണ്‌ പണ്ടേ പറഞ്ഞുകേട്ടിട്ടുള്ളത്‌. ആയിരക്കണക്കിന്‌ വര്‍ഷങ്ങള്‍ക്കുമുന്‍പുമുതല്‍ പറയപ്പെടുന്നതാണിത്‌. അതനുസരിച്ച്‌ ദേവന്മാരും അസുരന്മാരും ചേര്‍ന്നാല്‍ നൂറുകോടി. അന്നത്തെ അറിയപ്പെടുന്ന ലോകത്തെ ആകെ ജനസംഖ്യ (ഏകദേശം) ആയിരിക്കും ഇത്‌. നന്മ കൂടുതലുള്ളവരെ ദേവന്മാരും തിന്മ കൂടുതലുള്ളവരെ അസുരന്മാരും ആയി ചിത്രീകരിച്ചതാകാം. അല്ലെങ്കില്‍ സസ്യഭുക്കുകള്‍, മാംസഭുക്കുകള്‍ എന്ന്‌ വിഭജിച്ചതാകാം. ഏതായാലും 1:2 എന്ന അനുപാതത്തില്‍ വിഭജിക്കപ്പെട്ടതാണ്‌. മഹാഭാരതം, രാമായണം, ഭാഗവതം എന്നിവയില്‍ തെറ്റുകള്‍ ചെയ്യുന്ന ദേവന്മാരെയും കാണാം. ഉദാഹരണം അഹല്യയെ ചതിച്ചു പ്രാപിച്ച ദേവേന്ദ്രന്‍.

അപ്പോള്‍ ദേവന്മാരോ അസുരന്മാരോ പൂര്‍ണമായി നല്ലവരോ ചീത്തയോ ആണെന്ന്‌ ഒരു പുരാണവും പറയുന്നില്ല. ആരോ തെറ്റ്‌ ചെയ്‌തതിന്‌ ദേവന്മാരെയോ അസുരന്മാരെയോ മുഴുവനായി തെറ്റുകാരെന്നു വിധിക്കുന്നതും സാമാന്യനീതിക്ക്‌ ചേര്‍ന്നതല്ല.

മഹാബലിയും വാമനനുമെല്ലാം കഥാപാത്രങ്ങളായത്‌ ഭാഗവതത്തിലൂടെയാണ്‌. ഭാഗവതം ഈ കഥ പറയുന്നത്‌ മറ്റൊരു രീതിയിലാണ്‌.

ഭാഗവതത്തിലെ അസുരരാജാവായ മഹാബലി തികച്ചും നല്ല മനുഷ്യനും നല്ല ഭരണകര്‍ത്താവും പ്രതാപശാലിയും ദാനധര്‍മങ്ങളുടെ കാര്യത്തില്‍ അഗ്രഗണ്യനും ആയിരുന്നു. ദേവദേവനായ വിഷ്‌ണുവിന്‍റെ കണ്ണില്‍ മോക്ഷമാര്‍ഗ്ഗത്തിലേക്ക്‌ ഉയര്‍ത്തപ്പെടാന്‍ ഒരു പ്രതിബന്ധം മാത്രമേ അദ്ദേഹത്തിനു ഉണ്ടായിരുന്നുള്ളൂ. ആര്‍ക്കും എന്തും നല്‍കാന്‍ കഴിവുള്ളവനാണ്‌ ഞാനെന്ന ധാര്‍ഷ്ട്യം. അത്‌ നശിപ്പിക്കാന്‍ വേണ്ടിയാണ്‌ വാമനനായിവന്നു മൂന്നടി ഭൂമി ചോദിച്ചതും അതുപോലും നല്‍കാന്‍ മഹാബലിക്ക്‌ യഥാര്‍ത്ഥത്തില്‍ കഴിവില്ലെന്നും എല്ലാ കഴിവുകളും ദൈവത്തിന്‍റെ വരദാനം മാത്രമാണെന്ന്‌ അദ്ദേഹത്തിന്‌ മനസ്സിലാക്കിക്കൊടുത്ത്‌ മനസ്സില്‍ വിനയം നിറച്ചതും. അതിനുശേഷം മഹാബലിയെ സുതലം എന്ന ലോകത്തിന്‍റെ തന്നെ അധിപതിയാക്കി. അദ്ദേഹത്തിന്‍റെ കൊട്ടാരത്തിന്‌ കാവല്‍ നിന്നത്‌ മഹാവിഷ്‌ണു!

ഈ ഐതിഹ്യത്തിനാണ്‌ ഭാരതീയചിന്താധാരയുമായി യോജിപ്പുള്ളതായി എനിക്ക്‌ തോന്നുന്നത്‌.

ഓണത്തിനെപ്പറ്റി ഉള്ള ഐതിഹ്യത്തിനെതിരായി തികച്ചും യുക്തിപൂര്‍വ്വമായ ഒരു വാദം ഉണ്ട്‌.

കേരളത്തിലാണല്ലോ ഓണം. അതിനു കാരണമായത്‌ മഹാബലി എന്ന അസുരചക്രവര്‍ത്തിയെ പാതാളത്തിലേക്ക്‌ ചവിട്ടിത്താഴ്‌ത്തുമ്പോള്‍ വാമനന്‍ നല്‍കിയ വരം.

പക്ഷെ കേരളം സൃഷ്ടിച്ചത്‌ പരശുരാമന്‍ കടലില്‍ മഴു എറിഞ്ഞാണെന്നു പറയുന്നു. വാമനന്‌ ശേഷം വന്ന അവതാരമാണല്ലോ പരശുരാമന്‍. അപ്പോള്‍ പരശുരാമന്‍ സൃഷ്ടിച്ച കേരളത്തില്‍ വാമനാവതാരകാലത്തുള്ള മഹാബലി എങ്ങനെ ഭരണം നടത്തും?

തികച്ചും യുക്തിഭദ്രമായ സംശയം. അല്ലേ?

പക്ഷെ ഇതിനു രണ്ടു മറുപടികള്‍ ഉണ്ട്‌. രണ്ടും യുക്തിപൂര്‍വ്വവുമാണ്‌.

1.മഹാബലിയുടെ കഥശരിയാണ്‌. അതിനുശേഷം കേരളം കടലില്‍ താഴ്‌ന്നുപോയി. അതിനെ ഉയര്‍ത്തിയെടുക്കുക മാത്രമാണ്‌ പരശുരാമന്‍ ചെയ്‌തത്‌.

യുക്തിപൂര്‍ണ്ണമാണല്ലോ ഈ വാദം. അല്ലെ?

2. കാലം നാല്‌ യുഗങ്ങളിലായി മുന്നോട്ടു ഗമിക്കുന്നു. നാലുയുഗങ്ങളും തീര്‍ന്നാല്‍ പ്രളയം. പ്രളയശേഷം വീണ്ടും യുഗങ്ങളുടെ ആവര്‍ത്തനം. എല്ലാം നേരത്തെ നടന്നതുപോലെ വീണ്ടും ആവര്‍ത്തിക്കുന്നു. വള്ളിപുള്ളിവിസര്‍ഗ്ഗവ്യത്യാസങ്ങളൊന്നും കൂടാതെ. അപ്പോള്‍ പരശുരാമന്‍ വാമാനാവതാരത്തിന്‌ മുന്‍പും പിന്‍പും വരും. കാരണം ഓരോ നാലുയുഗങ്ങള്‍ ചേര്‍ന്ന കാലഗണനയിലും വാമനനും പരശുരാമനും വരുമല്ലോ? ആദ്യത്തെ പരശുരാമന്‌ ശേഷമല്ലേ രണ്ടാമത്തെ വാമനന്‍ വരിക?

കാലമാകുന്ന സമുദ്രത്തില്‍ നീന്തുന്ന രണ്ടു രൂപങ്ങള്‍. ചിലപ്പോള്‍ ഒരെണ്ണം മുന്നില്‍. ചിലപ്പോള്‍ മറ്റേതു മുന്നില്‍. ഇതും യുക്തിഭദ്രമാണല്ലോ?

അപ്പോള്‍ ഈ ഐതിഹ്യങ്ങളെല്ലാം നന്മയിലേക്ക്‌ നയിക്കാനുള്ള കഥകള്‍ മാത്രം. അതോടൊപ്പം മനുഷ്യസ്വഭാവത്തിന്റെ രൂപഭാവങ്ങളുടെ വിശകലനവും നേര്‍വഴി കാണിക്കലും.

അപ്പോള്‍ നന്മനിറഞ്ഞ ഭരണാധികാരികളുടെയും ജനങ്ങളുടെയും പുനര്‍ജ്ജന്മത്തിനായി നമുക്ക്‌ പ്രാര്‍ദ്ധിക്കാം. കാലമേ, നന്മയിലേക്ക്‌ ഞങ്ങളെ നയിച്ചാലും.

*****

കൃഷ്‌ണ
ഓണമേ, നന്മയിലേക്ക്‌ ഞങ്ങളെ നയിച്ചാലും (കൃഷ്‌ണ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക