Image

തിരുമണ്ടന്‍ (കഥ: ഖലീല്‍ ജിബ്രാന്‍, വിവര്‍ത്തനം: സി.എം.സി)

Published on 31 August, 2013
തിരുമണ്ടന്‍ (കഥ: ഖലീല്‍ ജിബ്രാന്‍, വിവര്‍ത്തനം: സി.എം.സി)
കുപ്പായവും, കുത്തി നടക്കാന്‍ വടിയും അല്ലാതെ സ്വന്തമായി ഒന്നുമില്ലാത്ത ഒരു സ്വപ്‌ന വിഹാരി ഒരിക്കല്‍ മരുഭൂമിയില്‍ നിന്നു `ശാരിയ' നഗരത്തിലെത്തി.

തെരുവിലൂടെ നടന്നു പോകെ അമ്പലങ്ങളേയും ഗോപുരങ്ങളേയും മണിമന്ദിരങ്ങളേയും അത്ഭുതാദരങ്ങളോടെ അയാള്‍ നോക്കി നിന്നു. ആരെയും വിസ്‌മയിപ്പിക്കുന്ന നഗരമായിരുന്നു `ശാരിയ'. വഴിപോക്കരോട്‌ അയാള്‍ ഇടയ്‌ക്കിടെ നഗരത്തെക്കുറിച്ച്‌ ചോദിച്ചു. പക്ഷെ അയാളുടെ ഭാഷ അവര്‍ക്കോ, അവരുടേത്‌ അയാള്‍ക്കോ മനസിലായില്ല.

ഉച്ചയോടുകൂടി അയാള്‍ വലിയൊരു ഭക്ഷണശാലയ്‌ക്കു മുന്നിലെത്തി. മഞ്ഞ മാര്‍ബിള്‍ കൊണ്ടു നിര്‍മ്മിച്ച ആ വലിയ കെട്ടിടത്തിലേക്ക്‌ ആളുകള്‍ യഥേഷ്‌ടം കയറുകയും ഇറങ്ങുകയും ചെയ്‌തു.

`ഇതു ക്ഷേത്രമാകണം' അയാള്‍ സ്വയം പറഞ്ഞ്‌ അകത്തേക്കു കടന്നു. പക്ഷെ അവിടെ കണ്ട കാഴ്‌ച അയാളെ അത്ഭുതപ്പെടുത്തി. അതിമനോഹരമായി അലങ്കരിച്ച വിശാലമായ മുറി. വലിയ മേശകള്‍ക്കു മുന്നില്‍ സ്‌ത്രീ പുരുഷന്മാര്‍ വീഞ്ഞു കുടിക്കുകയും ഭക്ഷണം കഴിക്കുകയും ഒപ്പം സംഗീതം ആസ്വദിക്കുകയും ചെയ്യുന്നു. `ഏയ്‌ ഇത്‌...ആരാധനയല്ല' സ്വപ്‌നവിഹാരി പറഞ്ഞു. ഏതെങ്കിലും ആഘോഷത്തിന്റെ ഭാഗമായി രാജകുമാരന്‍ ജനങ്ങള്‍ക്കു വിരുന്ന്‌ നല്‍കുകയാകണം.

ആ സമയത്ത്‌ രാജകുമാരന്റെ ഭൃത്യനെപ്പോലെ തോന്നിച്ച ഒരാള്‍ അയാളെ സമീപിച്ച്‌ ഇരിപ്പിടത്തിലേക്ക്‌ ആനയിച്ചു. ഗോമാംസവും ഒന്നാന്തരം വീഞ്ഞും മധുര പലഹാരങ്ങളുമെല്ലാം അയാള്‍ വേണ്ടുവോളം ആസ്വദിച്ചു.

പൂര്‍ണ്ണ സന്തോഷവാനായ നമ്മുടെ സ്വപ്‌നവിഹാരി പോകാനായി എഴുന്നേറ്റ്‌ നടന്നു. പുറത്തേക്കുള്ള വാതിനടുത്തുവെച്ച്‌ അതികായനായ ഒരാള്‍ രാജകീയ പ്രൗഢിയില്‍ അയാളെ തടഞ്ഞു. `തീര്‍ച്ചയായും ഇത്‌ രാജകുമാരന്‍ തന്നെ' സ്വപ്‌ന വിഹാരി മനസില്‍ പറഞ്ഞു. ആദരപൂര്‍വ്വം തലകുനിച്ച്‌ അയാള്‍ നന്ദി പറഞ്ഞു.

അപ്പോള്‍ ആ വലിയ മനുഷ്യന്‍ നഗരഭാഷയില്‍ പറഞ്ഞു: `സാര്‍, താങ്കള്‍ ഭക്ഷണത്തിന്റെ വില നല്‍കിയില്ല'. സ്വപ്‌നവിഹാരിക്ക്‌ ഒന്നും തിരിഞ്ഞില്ല. അയാള്‍ വീണ്ടും ഹൃദ്യമായി നന്ദി പ്രകടിപ്പിച്ചു. അതികായന്‍ തെല്ലിട എന്തോ ചിന്തിച്ചു. എന്നിട്ട്‌ നമ്മുടെ സ്വപ്‌നവിഹാരിയെ സൂക്ഷിച്ചു വീക്ഷിച്ചു. വളരെ വില കുറഞ്ഞ വസ്‌ത്രങ്ങളിണിഞ്ഞിരിക്കുന്ന ഈ പ്രാകൃതന്‍ താന്‍ കഴിച്ച ഭക്ഷണത്തിന്റെ പണം നല്‍കാന്‍ കഴിവില്ലാത്തവനാണെന്ന്‌ മനസിലാക്കി. ദീര്‍ഘകായനായ അയാള്‍ കൈകൊട്ടി ആരെയോ വിളിച്ചു. നാലു പാറാവുകാര്‍ ഓടിവന്നു. ആ വലിയ മനുഷ്യന്‍ പറഞ്ഞത്‌ അവര്‍ ശ്രദ്ധയോടെ കേട്ടു. ഇരുവശവും രണ്ടുപേര്‍ വീതം നടന്ന്‌ അവര്‍ അയാളെ പുറത്തേക്കു കൂട്ടിക്കൊണ്ടുപോയി. അവരുടെ ആഢംഭരപൂര്‍ണ്ണമായ വസ്‌ത്രധാരണത്തിലും നടപ്പിലും എടുപ്പിലുമെല്ലാം സ്വപ്‌നവിഹാരി പുളകിതനായി. `ഇതാണ്‌ ഉത്‌കൃഷ്‌ടരായ മനുഷ്യര്‍' അയാള്‍ സ്വയം പറഞ്ഞു.

അവര്‍ ന്യായാധിപന്റെ മുന്നിലെത്തി. ചക്രവര്‍ത്തിയെപ്പോലെ വസ്‌ത്രം ധരിച്ച ഒരു വന്ദ്യ വയോധികന്‍ സംഹാസനത്തില്‍ ഉപവിഷ്‌ടനായിട്ടുണ്ട്‌. `ഇതു രാജാവായിരിക്കണം' അയാള്‍ ഓര്‍ത്തു. രാജസന്നിധിയിലേക്ക്‌ ആനയിക്കപ്പെട്ടതില്‍ അയാള്‍ അഭിമാനംകൊണ്ടു.

കൊണ്ടുവന്നിരിക്കുന്ന അഭിവന്ദ്യദേഹം ആരാണെന്നു പാറാവുകാര്‍ ന്യായാധിപനെ ബോധിപ്പിച്ചു. അയാള്‍ക്കെതിരായ ആരോപണങ്ങളും വിവരിച്ചു. ന്യായാധിപന്‍ നിയമാനുസൃതം രണ്ടു വക്കീലന്മാരെ നിയമിച്ചു. ഒന്ന്‌ ആരോപിതനും മറ്റൊന്ന്‌ ആരോപിച്ചവര്‍ക്കും. അവര്‍ ഓരോരുത്തരായി എഴുന്നേറ്റ്‌ നിന്ന്‌ തങ്ങളുടെ കക്ഷികള്‍ക്കുവേണ്ടി വാദിച്ചു.

തനിക്ക്‌ സ്വാഗതം ആശംസിച്ചുകൊണ്ടുള്ള പ്രസംഗങ്ങളാണ്‌ താനിപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നതെന്ന്‌ സ്വപ്‌ന വിഹാരി മനസില്‍ വിചാരിച്ചു. രാജകുമാരനും രാജാവും തനിക്ക്‌ ചെയ്‌ത നന്മകള്‍ക്കുള്ള നന്ദിയാല്‍ അയാളുടെ മനംനിറഞ്ഞു.

വിധി പ്രസ്‌താവിക്കപ്പെട്ടു. കുറ്റപത്രം കുറിച്ചിട്ട പലക കഴുത്തില്‍ കെട്ടിത്തൂക്കി കുതിരപ്പുറത്ത്‌ നഗരമധ്യത്തിലൂടെ കൊട്ടി എഴുന്നെള്ളിക്കുക.

ഉടനടി വിധി നടപ്പാക്കി. സ്വപ്‌നവിഹാരി കഴുത്തില്‍ കെട്ടിത്തൂക്കിയ ഫലകവുമായി ചെണ്ടമേളക്കാരുടേയും കുഴലൂത്തുകാരുടേയും അകമ്പടിയോടെ നീങ്ങി. ശബ്‌ദം കേട്ട നഗരവാസികള്‍ ഓടിക്കൂടി. അവര്‍ ഒന്നടങ്കം പൊട്ടിച്ചിരിച്ചു. കുട്ടികള്‍ ആര്‍പ്പുവിളിച്ച്‌ പിന്നാലെ കൂടി. സ്വപ്‌നവിഹാരിയുടെ ഹൃദയം ആനന്ദനിര്‍വൃതിയിലാണ്ടു. തിളക്കമാര്‍ന്ന കണ്ണുകളാല്‍ അയാള്‍ കാണികളെ വീക്ഷിച്ചു.

അനുഗ്രഹാശിസുകള്‍ എഴുതി കെട്ടിത്തൂക്കിയതാണ്‌ രാജാവിന്റെ ഫലകമെന്നും ഘോഷയാത്ര തന്നെ ആദരിക്കുന്നതിനാണെന്നും അയാള്‍ കരുതി.

മേളക്കാര്‍ കടന്നുപോകെ ആള്‍ക്കൂട്ടത്തിനിടയില്‍ തന്നെപ്പോലെ മരുഭൂമിയില്‍ നിന്നുള്ള ഒരാളെ അയാള്‍ കണ്ടു. സന്തോഷത്താല്‍ അയാളുടെ ഹൃദയം വിങ്ങിപ്പൊട്ടി. അയാള്‍ തന്റെ നാട്ടുകാരന്റെ നേര്‍ക്കു കൈവീശി അലറി. ``ചങ്ങാതീ...എന്റെ പൊന്നു ചങ്ങാതീ എവിടെയാണു നമ്മള്‍? ഏതൊരു ഹൃദയവും കാംക്ഷിക്കുന്ന ഏതു നഗരമാണിത്‌! ഇത്രയും അതിഥിസല്‍ക്കാര പ്രിയരായ വര്‍ഗ്ഗം! അവസരം കിട്ടുമ്പോഴെല്ലാം കൊട്ടാരത്തില്‍ രാജകുമാരന്‍ അതിഥി സത്‌കാരം നടത്തുന്നു. രാജാവ്‌ അതിഥിയുടെ കഴുത്തില്‍ അനുഗ്രഹാശിസുകള്‍ എഴുതിയ ഫലകമണിയിച്ച്‌ ആകാശത്തില്‍ നിന്നടര്‍ന്നുവീണ നഗരസൗന്ദര്യത്തിലൂടെ എഴുന്നെള്ളിച്ച്‌ ആതിഥേയ മര്യാദ കാട്ടുന്നു!''

മരുഭൂമിയില്‍ നിന്നു വന്നയാള്‍ മറുപടിയൊന്നും പറഞ്ഞില്ല. ചെറുതായി പുഞ്ചിരിച്ച്‌ അയാള്‍ തലകുലുക്കി. ഘോഷയാത്ര തുടര്‍ന്നു.

സ്വപ്‌നവിഹാരി തന്റെ തല ഉയര്‍ത്തിപ്പിടിച്ചു. അയാളുടെ കണ്ണുകള്‍ പ്രകാശപൂര്‍ണ്ണമായി.

*****

വിവര്‍ത്തനം: സി.എം.സി

ഇമെയില്‍: cmc659@aol.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക