Image

എന്റെ ഗ്രാമം (ആഗോള മലയാളിക്ക്‌ ഓണസമ്മാനം-1: സുജ സൂസന്‍ ജോര്‍ജ്‌)

Published on 01 September, 2013
എന്റെ ഗ്രാമം (ആഗോള മലയാളിക്ക്‌ ഓണസമ്മാനം-1: സുജ സൂസന്‍ ജോര്‍ജ്‌)
(ലോകമെമ്പാടുമുള്ള മലയാളിയുടെ മധുരിക്കും ഓര്‍മ്മകള്‍ തട്ടിയുണര്‍ത്തിക്കൊണ്ട് കവിയും ആക്്ടിവിസ്റ്റുമായ സുജ സൂസന്‍ ജോര്‍ജ് 'ഇ മലയാളി' ക്കു വേണ്ടി എഴുതിയ  ഓണ സമ്മാനം 'എന്റെ ഗ്രാമം' 2 ഖണ്ഡങ്ങളായി  പ്രസിദ്ധീകരിക്കുന്നു.

See below: പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയോടു മത്സരിച്ച അയല്‍ക്കാരി സുജയുമായി കുര്യന്‍ പാമ്പാടി നടത്തിയ അഭിമുഖം-മലയാളത്തിന്റെ  അപര്‍ണ്ണ : ഒരിക്കലും തോല്‍ക്കാത്ത കാവ്യകൗതുകം.)


ഗ്രാമത്തെ പകുത്തൊഴുകുന്ന അച്ചന്‍കോവിലാറ്‌. ആറ്റിലേക്ക്‌ ചാഞ്ഞുനില്‍ക്കുന്ന വഞ്ചിമരങ്ങള്‍. അവയില്‍നിന്നുതിരുന്ന മഞ്ഞപൂപ്പന്തുകള്‍. ആറ്റിന്‍തീരത്തെ തണുപ്പും തണലും. മരങ്ങള്‍, വള്ളിച്ചെടികള്‍, കുറ്റിച്ചെടികള്‍, മുളങ്കുട്ടങ്ങള്‍... ആറ്റുതീരം ഏതു നട്ടുച്ചയ്‌ക്കും പാതി ഇരുണ്ടുകിടന്നു. കിളികളും പാമ്പും കീരിയും ഭയപ്പാടശേഷം ഇല്ലാതെ മിണ്ടിയും പറഞ്ഞും പാഞ്ഞു നടന്നു. എന്റെ കൊച്ചു ഗ്രാമം. പത്തനംതിട്ട ജില്ലയില്‍ പന്തളം തെക്കേക്കരയിലാണ്‌ തുമ്പമണ്‍.

ഓര്‍മ്മകളുടെ പശ്ചാത്തലത്തില്‍ എപ്പോഴും അച്ചന്‍കോവിലാറ്‌ മധുരമനോജ്ഞ ദീപ്‌തബീഭത്സഭാവങ്ങളില്‍ ഒഴുകിക്കൊണ്ടിരുന്നു. ആണ്ടില്‍ രണ്ടു വെള്ളപ്പൊക്കങ്ങള്‍. തുലാവര്‍ഷത്തിലെ വെള്ളപ്പൊക്കം പൊടുന്നനെയാണ്‌. മൂന്നുനാല്‌ ദിവസത്തെ മഴകൊണ്ട്‌ തന്നെ വെള്ളം കലങ്ങിമറിഞ്ഞ്‌ അലറിക്കുതിച്ചിങ്ങെത്തും. ഇടവഴികളിലേക്ക്‌ തള്ളിക്കുതിക്കും. അത്രടംവരേയുള്ളു. അപ്പോഴേയ്‌ക്കും മഴയുടെ താളം മന്ത്രസ്ഥായിലായി പതിയെ പതിയെ നിശബ്‌ദമാകും. എന്നാല്‍ ഇടവപ്പാതിയില്‍ ആറ്‌ പെരുകിപ്പെരുകി ഇടവഴി കയറി, പെരുവഴി താണ്ടി, കണ്ടവും അയ്യവും നിറഞ്ഞ്‌ എന്റെ വീടിനു ചുറ്റും നിശ്ശബ്‌ദം നിരന്നു നിറയും. പുതിയപുതിയ ശബ്‌ദങ്ങള്‍ വിരുന്നുവരും. തവളകള്‍ പതിവു ശബ്‌ദം വെടിഞ്ഞ്‌ ഒരു നിലവിളിയോളം പോരുന്ന ഒച്ചയില്‍ കരയും. ചീവിടുകള്‍ കാലുകള്‍ ഉരസിയുരസി കൈകള്‍ ഉയര്‍ത്തി ഉച്ചത്തില്‍ ഉച്ചത്തില്‍ പാടും. വെള്ളംകയറിയ വീടുകളില്‍നിന്നും എരുത്തിലുകളില്‍നിന്നും മനുഷ്യരും കന്നുകാലികളും പൊക്കത്തിലുള്ള വീടുകളിലേക്കും അയ്യങ്ങളിലേക്കും ചേക്കേറും. ആ യാത്രയില്‍ ആടും പശുവും കിടാങ്ങളും പരിഭ്രമിച്ച്‌ നിര്‍ത്താതെ കരഞ്ഞുകൊണ്ടിരുന്നു. അക്കരെനിന്നോ ഇക്കരെനിന്നെന്നോ വ്യവച്ഛേദിക്കാനാകാതെ കൂക്കലും മറുകൂക്കലും മുഴങ്ങിക്കേട്ടുകൊണ്ടിരുന്നു. ഒച്ചയും അനക്കവുമില്ലാതെ ഒരു കറുത്ത കടല്‍പോലെ പരന്നുകിടക്കുന്ന രാത്രിയിലൂടെ ചെറുതും വലുതുമായ വള്ളങ്ങള്‍ തുഴയെറിയുന്ന ശബ്‌ദം ഒരു നിശ്വാസംപോലെ കേട്ടുകൊണ്ടിരുന്നു. വള്ളങ്ങളില്‍ മുനിഞ്ഞുകത്തുന്ന റാന്തല്‍വിളക്കുകള്‍ പ്രതീക്ഷയുടെ കൈത്തിരികളായി എരിഞ്ഞുനിന്നു.

ഒരാഴ്‌ചയെങ്കിലും പള്ളിക്കൂടങ്ങള്‍ അടഞ്ഞുകിടക്കും. പിള്ളാര്‌ ആഹ്ലാദാരവത്തോടെയാണ്‌ വെള്ളപ്പൊക്കത്തെ എതിരേല്‌ക്കുന്നത്‌. അമ്പലത്തിന്റെ പടിക്കെലെത്തിയോ, കണ്ടം കവിഞ്ഞൊഴുകിയോ, വടക്കേലെ പൂവണ്ണിന്റെ ചോടു മുങ്ങിയോ... ഇങ്ങനെ കണ്ണും കാതും വെള്ളത്തിന്റെ വഴിയേ ആയിരിക്കും എപ്പോഴും. ഓരോ ചുവടും കമ്പുകുത്തി അടയാളമിട്ടാണ്‌ ആ വരവേല്‌പ്പ്‌.

കുളി കളിയായും കളി കുളിയായും ഏതു നേരവും വെള്ളത്തില്‍ തന്നെ. വെള്ളത്തിലെ കളിക്ക്‌ ഒരു വായ്‌ത്താരിയുണ്ട്‌.

``മുങ്ങാങ്കുഴി ഏതേതോ

കായങ്കുളത്തിന്‌ തെക്കേത്‌

ഞാനിട്ടാല്‍ ആരെടുക്കും

ഞാനെടുക്കും ഞാനെടുക്കും.''

ആറ്‌ വിരുന്നു ചെല്ലാത്ത കൂട്ടുകാര്‍ വെള്ളപ്പൊക്കം കാണാന്‍ എത്തും. വാഴപ്പിണ്ടി വെട്ടിയിട്ട്‌ നീന്തല്‍ പഠിക്കുന്നതും ഈ സമയത്താണ്‌. മുറ്റത്തോ വഴിയിലോ പറമ്പിലോ ഒക്കെ നീന്താം. ആരകനും വരാലും പുളവനും കാലില്‍ ഇക്കിളിയാക്കി തൊട്ടുഴിഞ്ഞുപോകും. ഉറുമ്പുപന്തുകള്‍ ഒഴുകി വരും. മാളങ്ങളില്‍ വെള്ളം കയറുമ്പോള്‍ കുഞ്ഞുങ്ങളെ ഉള്ളില്‍ വെച്ച്‌ ഉറുമ്പുകള്‍ പരസ്‌പരം കടിച്ചുകടിച്ച്‌ പന്തായി ഉരുണ്ടു വെള്ളത്തില്‍ പൊങ്ങിക്കിടക്കും. തൊടാതിരുന്നാല്‍ അവര്‍ അവരുടെ വഴിക്ക്‌ പൊയ്‌ക്കോള്ളും. അല്ലെങ്കില്‍ കടിച്ചു കുടഞ്ഞതുതന്നെ.

കിണറ്റിലെ വെള്ളം കൈകൊണ്ട്‌ തൊടാറാകും. ചാലിലെ നെയ്യാമ്പലും വെള്ളയാമ്പലും ചുവന്നാമ്പലും വെള്ളത്തിനുമീതെ നിരന്നുനിന്ന്‌ മീന്‍കുഞ്ഞുങ്ങള്‍ക്ക്‌ കുടപിടിച്ചുകൊടുക്കും. `വയലില്‍ തുവ' കതിരുമായി വെള്ളത്തിനു മുകളില്‍ തല ഉയര്‍ത്തിപ്പിടിക്കും. ഏത്‌ വെള്ളപ്പൊക്കത്തിലും അക്കരെനിന്ന്‌ ഇക്കരയ്‌ക്ക്‌ പാല്‍കുപ്പിയുമായി നീന്തിവരുന്ന എന്റെ കൂട്ടുകാരി ശാന്തകുമാരിയുടെ അച്ഛന്‍ പപ്പുപിള്ളകൊച്ചാട്ടന്‍ ഞങ്ങള്‍ക്കെന്നും അദ്‌ഭുതമായിരുന്നു. ദൂരെനിന്ന്‌ നോക്കിയാല്‍ പാല്‍കുപ്പി നീന്തിവരുന്നതുപോലെയേ തോന്നൂ.

മലയില്‍നിന്ന്‌ ഒഴുകി വരുന്ന മരങ്ങള്‍ പിടിക്കുന്നത്‌ ചെറുപ്പക്കാര്‍ക്കൊരു ഹരമാണ്‌. കറക്കിചുഴറ്റി അങ്ങാഴങ്ങളിലേക്ക്‌ വലിച്ചെടുക്കുന്ന ചുഴികളെയും പുറത്തേയ്‌ക്ക്‌ തട്ടിയെറിയുന്ന മലരികളെയും മറികടന്ന്‌ ആറിന്റെ നടുവിലേക്കു നീന്തിച്ചെന്ന്‌ മരംപിടിക്കുന്ന സാഹസികരായിരുന്നു അവര്‍. ഒരു വര്‍ഷത്തേയ്‌ക്കുള്ള വിറകുശേഖരണമാണത്‌. ചിലപ്പോള്‍ ചെത്തിയൊരുക്കിയ തേക്കുമരങ്ങളും ഒഴുകിവരാറുണ്ട്‌. ചന്ദനവും ആനക്കൊമ്പുമൊക്കെ കിട്ടിയിട്ടുണ്ടെന്നാണ്‌ നാട്ടിലെ പറച്ചില്‍! ചത്തതും ജീവനുള്ളതുമായ ചെറു ജന്തുക്കള്‍, മലമ്പാമ്പുകള്‍... അപൂര്‍വ്വം മനുഷ്യശവങ്ങള്‍ തന്നെ ഒഴുകിവന്നിട്ടുണ്ട്‌.

മഴയെ കാറ്റെടുത്ത്‌ മന്ദം മന്ദം അങ്ങകലേക്ക്‌ കൊണ്ടുപോകുമ്പോള്‍ വെള്ളം പടിയിറങ്ങി പതിവുചാലില്‍ ഒഴുകിത്തുടങ്ങും. വെള്ളപ്പൊക്കത്തില്‍ വിരുന്നുവന്ന മലമ്പാമ്പുകള്‍ കോഴിക്കൂട്ടിലും എരുത്തിലുമൊക്കെയായി പതുങ്ങിക്കിടക്കും. നാട്ടുകാരുടെ കൈയില്‍കിട്ടിയാല്‍ പിടിച്ചുകെട്ടിയിട്ട്‌ കൊന്ന്‌ നെയ്യെടുക്കും. സര്‍വ്വരോഗസംഹാരിയാണ്‌ പെരുമ്പാമ്പിന്‍ നെയ്യ്‌ എന്നാണ്‌ വിശ്വാസം. വെള്ളം വലിഞ്ഞ വരമ്പിലൂടെ രാത്രിയില്‍ തവളപിടുത്തക്കാര്‍ ഒറ്റാലും റാന്തലുമായി പോകുന്നത്‌ കാണാം. വെള്ളപൊക്കം കഴിഞ്ഞ്‌ വലിയ വലിയ പച്ചത്തവളകള്‍ കണ്ടത്തില്‍ പതുങ്ങിയിരിക്കും. ഓരോ വെള്ളപ്പൊക്കവും തീരത്തും അയ്യത്തും പുതുപുതുവിത്തുകള്‍ നട്ടുനനച്ചിട്ടാണ്‌ പോകുന്നത്‌. അടുത്തകൊല്ലം വിരുന്നുവരുമ്പോള്‍ തൊട്ടുതഴുകാന്‍....

ഗ്രാമത്തില്‍ എല്ലാവര്‍ക്കും എല്ലാവരെയും അറിയാമായിരുന്നു. ഒരു ഹൈസ്‌ക്കൂള്‍ രണ്ട്‌ യു. പി. സ്‌കൂളുകള്‍ ഒരു പ്രൈമറി സ്‌കൂള്‍, ഒരു നേഴ്‌സറി സ്‌കൂള്‍... ഇത്രയുമായിരുന്നു തുമ്പമണ്ണിലുണ്ടായിരുന്ന വിദ്യാഭ്യാസസ്ഥാപനങ്ങള്‍. എല്ലാം വിളിച്ചാല്‍ കേള്‍ക്കാവുന്നത്ര അകലത്തില്‍. ജാതിമതവ്യത്യാസമില്ലാതെയും ദരിദ്രസമ്പന്നഭേദമില്ലാതെയും ഗ്രാമത്തിലെ മിക്ക കുട്ടികളും അവിടെത്തന്നെ പഠിച്ചു. സ്‌കൂള്‍ജീവിതം കഴിഞ്ഞാല്‍ പന്തളം എന്‍.എസ്‌.എസ്‌. കോളേജിലും പത്തനംതിട്ട കാതോലിക്കേറ്റ്‌ കോളജിലും തട്ട പോളിടെക്‌നിക്കിലും ആയിരുന്നു ഭൂരിപക്ഷംപേരുടെയും ഉപരിപഠനം. കലാസാഹിത്യരംഗത്തും പൊതുരഗംത്തും അക്കാഡമി രംഗത്തും എണ്ണംപറഞ്ഞ സംഭാവനകള്‍ എന്റെ ഗ്രാമത്തില്‍നിന്നുണ്ടായിട്ടുണ്ടോ? തീര്‍ച്ചയായും നിരവധി പേരുണ്ടായിട്ടുണ്ട്‌. എന്നാല്‍ കുഞ്ഞുനാളിലെ ഉള്ളില്‍ ചേക്കേറിയത്‌ എന്റെ അയല്‍ക്കാരുകൂടിയായിരുന്ന സാക്ഷാല്‍ പന്തളം കെ. പി. യും ഭാര്യയുമായിരുന്നു. കൊച്ചുക്ലാസ്‌ പഠനത്തില്‍ ഇടയിലെന്നോ ഒരു സ്വാതന്ത്ര്യദിനാഘോഷത്തിന്‌ പന്തളം കെ. പി.യും ഭാര്യയും സ്‌കൂളില്‍ അതിഥികളായി വന്നു. സ്വാതന്ത്ര്യസമരത്തെക്കുറിച്ച്‌ അവരുടെ ജയില്‍വാസത്തെക്കുറിച്ചും വിസ്‌തരിച്ചു പറഞ്ഞു. കൈക്കുഞ്ഞുമായി ജയില്‍ കഴിഞ്ഞ കഠിനദിവസങ്ങള്‍! അവരെ ഓര്‍ത്ത്‌ എന്റെ മനസ്സ്‌ നീറി. അഭിമാനത്താല്‍ ശിരസ്സുയര്‍ന്നു. അതിനുശേഷമാണ്‌ എന്റെ സ്‌കൂളില്‍ പന്തളം കെ.പി. രചിച്ച ``അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി...'' എന്നു തുടങ്ങുന്ന പ്രാര്‍ത്ഥനാഗാനം പതിവായി ചൊല്ലിത്തുടങ്ങിയത്‌.

മിക്കവാറും വീടുകളില്‍നിന്ന്‌ പട്ടാളക്കാരായും ബോംബെ, കല്‍ക്കത്ത നഗരങ്ങളിലെ ക്ലാര്‍ക്കുമാരായും ജോലി നോക്കുന്നവര്‍ ധാരാളമായി ഉണ്ടായിരുന്നുവെങ്കിലും ചുരുക്കമായി ഗള്‍ഫിലേക്ക്‌ ആളുകള്‍ പോയിത്തുടങ്ങിയിരുന്നുവെങ്കിലും കൃഷിയായിരുന്നു ഗ്രാമത്തിന്റെ പ്രധാനതൊഴില്‍മേഖലയും വരുമാനമാര്‍ഗ്ഗവും ആഴ്‌ചതോറുമുള്ള പറക്കോട്ടെ ചന്തയിലേക്കും വര്‍ഷത്തിലൊരിക്കല്‍ വരുന്ന ഓമല്ലൂര്‍ വയല്‍വാണിഭത്തിലേക്കും ചാമക്കാവിലെ വിഷുചന്തയിലേക്കും ഞങ്ങളുടെ ഗ്രാമത്തില്‍നിന്ന്‌ വിഭവങ്ങള്‍ പൊയ്‌ക്കൊണ്ടേയിരിക്കുന്നു. ഞങ്ങളുടെ കരക്കൃഷിയും കണ്ടംകൃഷിയും ഒന്നിനൊന്ന്‌ കിടപിടിക്കുമായിരുന്നു. ഓരോ കരയോടും ചേര്‍ന്ന്‌ ചെറുചെറു കണ്ടങ്ങള്‍. അതായിരുന്നു അന്നാട്ടിലെ ഭൂപ്രകൃതി. മിക്ക കണ്ടങ്ങളിലും ഒരു പൂ നെല്‍കൃഷിയേ ഉണ്ടാകൂ. പിന്നെ എള്ളോ നിലക്കടലയോ നടും. കണ്ടത്തിനും കരയ്‌ക്കുമിടയ്‌ക്കുള്ള ഭാഗത്ത്‌ കരിമ്പും. കരിമ്പിന്‍പൂക്കള്‍ കാറ്റിലാടുമ്പോള്‍ ഒരു പാല്‍ക്കടല്‍ ഒഴുകിവരുംമ്പോലെ തോന്നും. കരിമ്പ്‌ അവിടത്തെന്നെ ചക്കിലാട്ടി ശര്‍ക്കരയെടുക്കുകയാണ്‌ പതിവ്‌. ചുക്കും ജീരകവും ഏലയ്‌ക്കായും പൊടിച്ചിട്ട്‌ പ്രത്യേകമുണ്ടാക്കുന്ന ശര്‍ക്കരയുണ്ടകള്‍! അതാണ്‌ ഏറ്റവും വിലപ്പെട്ട മധുരപലഹാരമായി ഞങ്ങള്‍ ഉപയോഗിച്ചിരുന്നത്‌.

എന്റെ വീടിനു പിന്നാമ്പുറത്തുകൂടെ അച്ചന്‍കോവിലാറ്‌ ഒഴുകുന്നു. മുന്നില്‍ റോഡിനപ്പുറത്ത്‌ കണ്ടവും. എത്ര വെള്ളം പൊങ്ങിയാലും അതിനു മുകളില്‍ തലയുയര്‍ത്തിപ്പിടിച്ച്‌ നില്‍ക്കുന്ന `വയലില്‍ തൂവ' എന്ന നെല്ലിനമായിരുന്നു അവിടെ കൃഷി. മിക്കവാറും എല്ലാവീട്ടിലും ആടും പശുവും ഉണ്ടാകും. പള്ളിക്കുടം വിട്ടുവന്നാല്‍ ഇവയ്‌ക്കൊക്കെ തീറ്റിയുണ്ടാക്കല്‍ കുട്ടികളുടെ ജോലിയാണ്‌. പശുവിനെയും ആടിനെയുമൊക്കെ മേയാന്‍വിട്ട്‌ കൊയ്‌ത്തുകഴിഞ്ഞ പാടങ്ങളില്‍ ഞങ്ങള്‍ പലതരം കളികളില്‍ മുഴുകും. അല്ലെങ്കില്‍ പതുപതുത്ത പുല്ലില്‍ മലര്‍ന്നുകിടന്ന്‌ മേഘരൂപങ്ങളെ കണ്ണുമിഴിച്ച്‌ നോക്കിക്കാണും. വേനല്‍ എത്ര കടുത്താലും ചാലില്‍ വെള്ളമുണ്ടാകും. അവിടെ നെയ്യാമ്പലും വെള്ളാമ്പലും ചുവന്നാമ്പലും വിരിയും. കാരിയും മുശിയും വരാലും ചെളിയില്‍ പൂണ്ടുകിടക്കും. മാനത്തുകണ്ണികള്‍ തെളിനീരില്‍ തത്തിക്കളിക്കും. പുളവന്മാര്‍ പുളച്ചു മദിക്കും. നൂറ്‌നൂറ്‌ തുമ്പികള്‍ വെള്ളത്തിന്‌ മുകളില്‍ നൃത്തം ചെയ്യും. പാടത്തിനു ഇരുവശവും നിരന്നുനില്‍ക്കുന്ന തെങ്ങുകളിലും കവുങ്ങുകളിലും ഓരോ വര്‍ഷവും തൂക്കണാംകുരുവികള്‍ കൂടുകൂട്ടും. കൂടുവിട്ട്‌ കുരുവികള്‍ പോയാല്‍ ഞങ്ങള്‍ ആ കൂടുകള്‍ എടുത്ത്‌ വീട്ടില്‍ കൊണ്ടുവരും. അതിനുള്ളില്‍ `കുരിച്ചില്‍' ഉണ്ടാകും. കുരുവികുഞ്ഞുങ്ങള്‍ക്ക്‌ വെളിച്ചം പകരാന്‍, തള്ളക്കുരിവികള്‍ മിന്നാമിന്നുങ്ങിനെ ഒട്ടിച്ചുവയ്‌ക്കുന്നത്‌ ഈ കുരിച്ചിലിലാണെന്ന്‌ ഞങ്ങള്‍ വിശ്വസിച്ചു.

നാളെ: പച്ചനിറത്തിനെത്ര പച്ചകളുണ്ട്‌?

(മണര്‍കാട്‌ സെന്റ്‌ മേരീസ്‌ കോളജിലെ മലയാളം അസോസിയേറ്റ്‌ പ്രൊഫസ്സറാണ്‌ സുജ)
See also:
മലയാളത്തിന്റെ അപര്‍ണ്ണ - ഒരിക്കലും തോല്‍ക്കാത്ത കാവ്യകൗതുകം
എന്റെ ഗ്രാമം (ആഗോള മലയാളിക്ക്‌ ഓണസമ്മാനം-1: സുജ സൂസന്‍ ജോര്‍ജ്‌)എന്റെ ഗ്രാമം (ആഗോള മലയാളിക്ക്‌ ഓണസമ്മാനം-1: സുജ സൂസന്‍ ജോര്‍ജ്‌)എന്റെ ഗ്രാമം (ആഗോള മലയാളിക്ക്‌ ഓണസമ്മാനം-1: സുജ സൂസന്‍ ജോര്‍ജ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക