1
രാത്രിയുടെ മധ്യയാമത്തില്‍
കണ്ണാടിച്ചീളീന്റെ
കതിനാവെടിത്തോപ്പില്‍ നിന്ന്
(മരണത്തിന് കമ്പിത്തപാലെന്നപോലെ)
പാറിയെത്തിയ
ഒരു കൊള്ളിമീന്‍
ഇരുളിന്റെ കതകില്‍ത്തട്ടി
നിലംപതിച്ചു.
2
ആഗതനെ പ്രതീക്ഷിച്ച മലയുടെ ജിജ്ഞാസ
മഅഞ്ഞയുടുക്കാന്‍ കൊതിക്കെ
കാറ്റിന്റെ കവരങ്ങളില്‍
കുളിരിന്‍ പൂക്കള്‍
വിടര്‍ന്നു നിന്നിരുന്നു.
രാക്കിളികള്‍
പുലരിയുടെ പൂജ്യതയെപ്പറ്റി
പ്രവചിച്ചികൊണ്ടിരുന്നു.
സൗന്ദര്യമാം സത്യം ശാശ്വതമെങ്കിലും
നശ്വരജഡത്തില്‍ താല്‍ക്കാലികം
അതിന്റെ പ്രതിഫലനം
എന്നറികയാല്‍
പൂവിനു സൗരഭ്യം
നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു.
നിശ്വസിക്കാന്‍ മറന്നതിനാല്‍
ഉല്‍ഘ്രാണനം
മന്ദീഭവിച്ചുകൊണ്ടിരുന്നു.
അളവറ്റ ദുഃഖം
പൂവിന്റെ ജഡീകതയില്‍
ചുളിവും ചടവും നെയ്തുചേര്‍ക്കെ
കാലത്തിന്റെ സാര്‍ത്ഥവാഹകസംഘം
രാത്രീനഭസ്സിലെ തണ്ണീര്‍പ്പന്തല്‍ വെടിഞ്ഞ്
ചുമടും പേറി നീങ്ങിക്കഴിഞ്ഞിരുന്നു.
അവസാനിക്കാത്തവ ആരംഭിക്കാറില്ല;
ആരംഭിക്കുന്നവയോ
അവസാനിക്കേണ്ടിയിരിക്കുന്നു!
3
പൂര്‍വ്വബന്ധം നിലനിര്‍ത്താന്‍
ഞെടുപ്പെന്ന ഭഗീരഥന്‍ യന്തിക്കെ
പൂവിന്റെ മോഹം പൂന്തിണ്ടിലേക്കും
പൂക്കാലം
പൂര്‍വ്വസ്മരണയിലേക്കും
മടങ്ങുകയായിരുന്നു.
ഹൃദ്രോഗമാറത്തു കൈവിരല്‍പോലെ
ഇതളുകള്‍ പൂവിലേക്കമര്‍ന്നു
കാലമെന്ന കവി വീഴ്ച്ചയെപ്പറ്റി
വികാരവിവശം പാടുകയില്ലെന്നും
ഇലത്തുമ്പിലെ മഞ്ഞുനീര്‍ത്തുള്ളി
വിണ്ണിന്റെ കണ്ണീര്‍ക്കണമല്ലെന്നും
പ്രകൃതി
അതിന്റെ പ്രാചീനതയില്‍
അറിഞ്ഞു.
4
പൂവിന്റെ പതനം നിശ്ശബദം ഭവിച്ചു.
നാതിദീര്‍ഘനേരം നിലച്ചുപോയ കാറ്റിന്റെ
നാദധാരാസരിത്തിന്‍ നടുവില്‍
മൂകതയുടെ മണല്‍ത്തിട്ടു മാത്രം
തെല്ലിടയോളം തെളിഞ്ഞു.
5
ചിലന്തിവലപ്പിറകില്‍
തൂവല്‍ കോതുന്ന മയിലുകള്‍.
കൂണിന്റെ പീഠത്തിന്മേല്‍
ചേക്കറുന്ന തുമ്പികള്‍.
നനവറ്റ മണ്ണിന്‍ വേനലില്‍ നിന്ന്
അറിയപ്പെടാത്താഴ് വരയിലേക്ക്
അറിവിന്റെ പ്രാണന്‍
പൂവിലൂടെ
ഒലിച്ചിറങ്ങുകയായിരുന്നു.
6
“ഉദയം അസ്തമയത്തിന്‍ മുന്നോടി
ജനനം മരണത്തിന് കാരണം,”
എന്നു പാടിയ കാറ്റിനൊപ്പം
കരിയിലക്കീറിന്റെ കാരുണ്യം
പൂവിനു മേല്‍
ഒരു കുടീരം പണിതു.
7
“കാലമേതോ മാലിന്യക്കൂനയില്‍
വീണപൂവോരോന്നു നിക്ഷേപിക്കും.
ചരിത്രത്തിന്റെ ചിതല്‍പ്പുറ്റില്‍
കരിപ്പൊട്ടായി അതവശേഷിക്കും.
കവിക്കു പാടാനാവാത്ത വിധം
അതിന്റെ ജന്മം വിസ്മരിക്കപ്പെടും.”
പ്രകൃതി നിര്‍ല്ലേപം അറിഞ്ഞു!