Image

കാവ്യഭംഗിയുടെ യാത്രാവിശേഷങ്ങള്‍ (മധുസൂദനന്‍നായര്‍)- ശ്രീപാര്‍വ്വതി

ശ്രീപാര്‍വ്വതി Published on 03 September, 2013
കാവ്യഭംഗിയുടെ യാത്രാവിശേഷങ്ങള്‍ (മധുസൂദനന്‍നായര്‍)-  ശ്രീപാര്‍വ്വതി
ഫോണ്‍ റിങ്ങ് കഴിഞ്ഞ് മറുതലയ്ക്കല്‍ നിന്ന് ഉറച്ച സ്വരത്തിലുള്ള ആ ശബ്ദമുയര്‍ന്നപ്പോള്‍ ആദ്യമൊന്ന് പരിഭ്രമിച്ചു. ഒരു തലമുറയെ മുഴുവന്‍ ഭ്രാന്തന്റെ പരിഹാസവും നിലവിളിയും കൊണ്ട് രോമാഞ്ചമണിയിപ്പിച്ച വിരലുകള്‍ ,ആത്മാവിനുള്ളില്‍ ഉരുകി വീണു മോഹിപ്പിച്ച ശബ്ദം. മലയാളത്തിന്റെ പ്രിയ കവി മധുസൂദനന്‍ നായര്‍ . ലാളിത്യത്തിന്റെ തികവാര്‍ന്ന ഒരു ആള്‍രൂപം. കൈവയ്ക്കുന്നതെന്തും ഉയരങ്ങളിലെത്തുമെന്ന് അദ്ദേഹത്തിന്റെ ഒരു അടുത്ത സുഹൃത്ത് പറഞ്ഞതോര്‍ക്കുന്നു. സത്യമാകാതെ തരമില്ലല്ലോ, എഴുതി വച്ച വരികള്‍ തന്നെ സാക്ഷികളായി നില്‍ക്കുകയല്ലേ.


മലയാളി എവിടെ ചെന്നാലും അവിടെ ഒരു കേരളം ഉണ്ടാവുകയും മലയാളിത്തം നിറഞ്ഞു തുളുമ്പുകയും ചെയ്യും. അതാണു മലയാളിയുടെ പ്രത്യേകത.ഭാഷയോടും അവനവന്റെ സംസ്‌കാരത്തോടുമുള്ള കൂറു ഒരുതരം ഉള്‍ച്ചൂട് പോലെ ബാധിക്കുന്നയിടമാണു എപ്പോഴും പ്രവാസലോകം. മധുസൂദനന്‍ നായര്‍ എന്ന മലയാളത്തിന്റെ പ്രിയ കവിയുടെ ഓര്‍മ്മകളിലേയ്ക്ക് പോകുമ്പോള്‍ പ്രവാസികളെ കുറിച്ചും ഭാഷയെ കുറിച്ചും ഓണത്തിനെ കുറിച്ചും ഏറെ സംസാരിക്കുന്ന അതീവവാത്സല്യനിധിയായ ഒരു എഴുത്തുകാരനെ കാണാം. അവനവനിലേയ്ക്ക് ഒതുങ്ങികൂടിയ മലയാളി, കേരളത്തിലെ നിയമവശങ്ങളുടെ ആധികാരികതയെ കയ്യില്‍ കിട്ടുന്ന എല്ലാ അവസരങ്ങളിലും ചോദ്യം ചെയ്യുന്ന മലയാളി എന്തുകൊണ്ട് പ്രവാസിയാകുമ്പോള്‍ നിയമങ്ങള്‍ക്ക് വിധേയനാകുന്നു എന്നത് വളരെ രസകരമായൊരു ചോദ്യമാണ്. സന്ദര്‍ഭങ്ങള്‍ക്കൊത്ത് മാറാനുള്ള നമ്മുടെ കഴിവു തന്നെയാണിതെന്ന് വ്യക്തമാക്കുന്നതെന്ന് പറയുമ്പോള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ പ്രവാസികളോടുള്ള താല്‍പ്പര്യത്തിന്റെ ആഴം മനസ്സിലാകും.

യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന ഗ്രാമീണഭംഗി ആസ്വദിക്കുന്ന പച്ചപ്പു തേടി യാത്രപോകുന്ന ഒരു എഴുത്തുകാരന്‍ എന്തുകൊണ്ട് മസ്‌കറ്റ് പോലെയൊരു നഗരം ഇഷ്ടപ്പെടുന്നു? ഉത്തരം ലളിതം, മസ്‌കറ്റിലെ ആഴത്തില്‍ സ്പര്‍ശിക്കുന്ന നിശബ്ദത, വല്ലാതെ തൊടുന്ന ശാന്തത. അല്ലെങ്കിലും അങ്ങനെയൊരു സ്ഥലം ലാളിത്യമിയന്ന മധുസൂദനന്‍ നായരെ പോലെയുള്ള ഒരു എഴുത്തുകാരന്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ അത്തരം ഒരു ശാന്തത അവിടെ ഉണ്ടാകാതെ തരമില്ലല്ലോ.

അഗാധമായ ഭാഷാപ്രണയം കൊണ്ടും സംസ്‌കാരത്തോടുള്ള താല്‍പ്പര്യമുള്ളതുകൊണ്ടും കീഴടങ്ങലിനു വഴങ്ങാത്ത കവിത്വമുള്ളതു കൊണ്ടും അദ്ദേഹത്തെ വൈകാരികമായി അനുഭവിപ്പിച്ച ഒരു നിമിഷത്തെ പങ്കുവയ്ക്കാതെ വയ്യ. മസ്‌കറ്റിലുള്ള 'അച്ചു' എന്ന കഥകളി പ്രേമിയെ കുറിച്ചുള്ള സ്മരണ കേട്ടപ്പോള്‍ അങ്ങനെയാണു തോന്നിയത്. മലയാളഭാഷാ എഴുത്തുകാരേയും കലാകാരന്‍മാരേയും ഏറെ ആദരിക്കുന്ന പ്രവാസി മലയാളി അസോസിയേഷന്റെ ഒരു ചടങ്ങിലാണ്, അച്ചു എന്ന കഥകളി ഭ്രാന്തനെ പരിചയപ്പെടുന്നത്. ചടങ്ങുകള്‍ക്കു ശേഷം നടത്തിയ കഥകളി അതിലും വിശേഷം കാറിന്റെ വീലിലെ ടയര്‍ മാറ്റിയ റിം ഭാഗം ചുവട്ടിലും മുകളിലും വച്ച പൈപ്പു കൊണ്ട് ദണ്ടു പോലെ ഒരുക്കിയ വലിയ ആട്ടവിളക്ക് സമ്മനിച്ച അതുല്യമായ അനുഭവത്തെ കുറിച്ചു പറയുമ്പോള്‍ ഇവിടെ മലയാളനാട്ടില്‍ സമയം തെറ്റിയും കാഴ്ച്ചക്കാരുടെ തോന്നിയ പോലെയും അരങ്ങേറപ്പെടുന്ന കഥകളിയെകുറിച്ച് ഓര്‍ത്തുപോയി. സംസ്‌കാരത്തെ കുറിച്ച് പ്രവാസികള്‍ക്കുള്ള ഉള്‍ബോധം അച്ചുവിന്റെ കോട്ടേജില്‍ ചെന്നപ്പോഴാണു മനസ്സിലായതെന്ന് പ്രിയ കവി ഓര്‍ക്കുന്നു, ഒരു മുറി നിരയെ കഥകളി സംബന്ധിയായ ആറ്റയാഭരണങ്ങളും മറ്റുമാണ്. തെര്‍മോക്കോളും മറ്റും വച്ച് അദ്ദേഹം സ്വയം ഉണ്ടാക്കുന്ന കിരീടം ഒക്കെയുണ്ട് കൂട്ടത്തില്‍ . നാട്ടില്‍ നിന്ന് പോയെങ്കിലും ഒരു യഥാര്‍ത്ഥ കലാകാരന്റെ ഉള്‍ച്ചൂട് തൊട്ട അനുഭവം തനിയ്ക്കുണ്ടായെന്ന് അദ്ദേഹം ഓര്‍ക്കുന്നു.

കാവ്യഭംഗിയുടെ യാത്രാവിശേഷങ്ങള്‍ (മധുസൂദനന്‍നായര്‍)-  ശ്രീപാര്‍വ്വതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക