Image

ദുരന്തദൂരത്തില്‍ മുല്ലപ്പെരിയാര്‍? (ബിനോയി സെബാസ്റ്റ്യന്‍)

Published on 04 September, 2013
ദുരന്തദൂരത്തില്‍ മുല്ലപ്പെരിയാര്‍? (ബിനോയി സെബാസ്റ്റ്യന്‍)
കേരളവും സഹോദര സംസ്ഥാനമായ തമിഴ്‌നാടും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇന്‍ഡ്യന്‍ പരമോന്നത ന്യായ പീഠത്തിന്റെ വിധിയ്‌ക്കായി കണ്ണും കരളും വിടര്‍ത്തി കാത്തിരിക്കുകയാണ്‌. കോടതി വിധിയേക്കാള്‍, മുല്ലപ്പെരിയാര്‍ ഡാം നല്‍കുന്ന ഭൗതീക നേട്ടത്തേക്കാള്‍, രണ്ടു സംസ്ഥാനങ്ങളും ഹൃദയം മനുഷ്യത്വത്തോടും ദൈവത്തോടും ചേര്‍ത്തു വച്ചു സ്വീകരിക്കേണ്ട നിലപാടുകളില്ലേ? തീര്‍ച്ചയായും ഉണ്ട്‌.

പ്രകൃതിദത്തമായിരുന്ന കേരളത്തിന്റെ സൗന്ദര്യാത്‌കമായ കിഴക്കന്‍ ജില്ലയിലെ ഭീതിജന്യമായ ദുരന്തബിംബമാണ്‌ മുല്ലപ്പെരിയാര്‍ അണക്കെട്ട്‌! 1885ല്‍ ബ്രിട്ടീഷ്‌ റോയല്‍ എന്‍ജിനീയേഴ്‌സ്‌
രുപകല്‍പ്പനയേകി നിര്‍മ്മിച്ച്‌, പിന്നീട്‌ കാറ്റിലും പേമാരിയിലും ഒഴുകിപ്പോയതിനു ശേഷം 1895ല്‍ പഞ്ചസാരയും കുമ്മായവും ചേര്‍ത്തു വീണ്ടും നിര്‍മ്മിച്ച ചരിത്രനിബദ്ധമായ അണക്കെട്ട്‌! അമ്പതു വയസുമാത്രം ആയുസു പ്രവചിച്ചുകൊണ്ടു നിര്‍മ്മിച്ച ആ അണക്കെട്ടിന്റെ ഇന്നത്തെ പ്രായം 118! ദുര്‍ബലയായ ആ ഡാംമുത്തശിയിലൂടെ ഒഴുകിയ ജലത്തിന്റെ കണക്കെത്ര? അതിലൂടെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന വാദമുഖങ്ങളെത്ര? ഇന്ന്‌ ജനപ്പെരുപ്പം കൊണ്ടു പൊറുതി മുട്ടിയ കേരളത്തിലെ നാലു ജില്ലകളില്‍ അധിവസിക്കുന്ന അഞ്ചര മില്ല്യനോളം ജനങ്ങള്‍ ആ മുത്തശിയെ ഓര്‍ത്ത്‌ ഒരു പോള കണ്ണടയ്‌ക്കാതെ കണ്ണീരോടെ രാവുകളില്‍ കഴിയുന്നു. എന്തുകൊണ്ടിങ്ങനെ? ഒരു സംസ്ഥാനത്തിന്റെ രാഷ്‌ട്രീയ ഇഛാശക്തിയുടെ അഭാവംകൊണ്ടോ? നേരും നെറിയുമില്ലാത്ത നമ്മുടെ ഇടതും വലതുമായ നേതാക്കളുടെ വീക്ഷണമില്ലായ്‌മകൊണ്ടോ?

പ്രഥമ ഡാം നിര്‍മ്മാണത്തിനുശേഷം 1886, ഒക്‌ടോബര്‍ 29ന്‌ തിരുവിതാകൂര്‍ രാജാവും അന്നത്തെ മദ്രാസ്‌ പ്രസിഡന്‍സിയും(ഇന്നത്തെ തമിഴ്‌നാട്‌) തമ്മില്‍ ഒരു കരാര്‍ ഒപ്പിട്ടു. 999 വര്‍ഷങ്ങളിലേക്ക്‌ ഡാമിന്റെ സര്‍വ്വാധികാരങ്ങളും പ്രസിഡന്‍സിക്കു തീറെഴുതിക്കൊണ്ട്‌. ബ്രിട്ടഷ്‌ അധീശത്വം മലയാളമനസാക്ഷിയെ നിയന്ത്രിച്ചുകൊണ്ടിരുന്ന ആ നാളുകളില്‍ അതു മാത്രം ചെയ്യുവാനേ പത്‌മനാഭദാസനു കഴിയുമായിരുന്നുള്ളു. പക്ഷെ 1947ല്‍ പൂര്‍ണ്ണസ്വരാജ്യം സിദ്ധിച്ച, അറുന്നുറ്റി ചില്ല്വാനം നാട്ടു രാജ്യങ്ങളുടെ സംഘടിതശേഷിയായ ഭാരതത്തില്‍ പുതിയ ഭരണഘടനാപ്രകാരം ബ്രിട്ടീഷ്‌ സര്‍ക്കാരുമായി നാട്ടു രാജ്യങ്ങള്‍ ഒപ്പിട്ട കരാറുകള്‍ അസാധുവാക്കിയ വിവരം വിസ്‌മരിച്ച അഥവാ അറിയാതിരുന്നവര്‍ ജനാധിപത്യത്തിന്റെ തേരില്‍ കയറിയിരുന്നു കേരളത്തിന്റെ മുല്ലപ്പെരിയാല്‍ താല്‌പര്യത്തെ വഞ്ചിച്ച്‌ തമിഴ്‌നാടിനായി പഴയ കരാര്‍ പുതുക്കിയേകി. 1970ല്‍ കേരള സര്‍ക്കാര്‍ ഒപ്പിട്ടു നല്‍കിയ ആ സമ്മതിദാനകുറിപ്പാണ്‌ ഇന്നത്തെ മുല്ലപ്പെരിയാര്‍ പ്രതിസന്ധിക്കു കാരണം എന്ന്‌ അനുമാനിക്കാമോ? ചരിത്രം അങ്ങിനെ പറയുന്നു.

1886 ലെ കരാര്‍ പ്രകാരം 40000 രൂപയാണ്‌ ഒരു വര്‍ഷം കേരളത്തിനു ലഭിച്ചിരുന്നത്‌. ഇന്നിപ്പോള്‍ കൃത്യമായി അതെത്രയാണ്‌? എത്രയായാലും തകര്‍ച്ചയുടെ പ്രാരംഭഘട്ടത്തില്‍ നില്‍ക്കുന്ന അണക്കെട്ടിനു താഴെ ജീവിക്കുന്ന ലക്ഷക്കണക്കിനുള്ള മലയാളമക്കളുടെ ജീവനും സ്വത്തും മരണത്തിന്റെ തുലാസില്‍ തുക്കി വില്‌ക്കുന്ന ആ പണംകൊണ്ടു കേരളത്തിന്‌ എന്തു പണ്യമാണ്‌ ലഭിക്കുന്നതെന്നറിയില്ല. സമ്പൂര്‍ണ്ണമായി കേരളത്തിലൂടെ ഒഴുകുന്ന, കേരളത്തിന്റെ സ്വന്തം നദിയായ പെരിയാറിന്റെ ഗതി തന്നെയാണ്‌ പെരിയാറിന്റെ ഹൃദയഭാഗത്തെ ഈ അണക്കെട്ടിന്റെയും സ്ഥിതി. സ്വന്തം സംസ്ഥാനത്തിനു ഗുണമുണ്ടാകാത്ത അവസ്ഥ! ഒപ്പം നിറഞ്ഞ പൊരുത്തക്കേടും കോടതി കയറ്റവും ഇറക്കവും. പക്ഷെ ഇതില്‍ നിന്നെല്ലാം ലാഭമുണ്ടാക്കുന്നവരും ഉണ്ടാകാം. വെറും ന്യൂനപക്ഷമായ അവര്‍ക്കുവേണ്ടിയാകാം കേരളം ഇന്ന്‌ പലതും അനുഭവിക്കുന്നത്‌. 100012 കോടി രൂപ പൊതുകടമുള്ള കേരളസംസ്ഥാനത്തു ഭരണപ്രതിപക്ഷ ഭേദമില്ലാതെ സര്‍വ്വ നേതാക്കളും സുഖലോലുപരായി ജീവിക്കുകയാണ്‌ എന്ന സത്യവും വിസ്‌മരിക്കരുത്‌!

ഒരിറ്റു വറ്റുപോലും ആഹരിക്കാനില്ലാതെ എല്ലും തോലും മാത്രമായ ഒരു ഭാരതസ്‌ത്രീ ഒരു കാമാന്ധന്റെ അതിക്രമത്താല്‍ ഗര്‍ഭധാരിണിയായാല്‍ എന്ന നിലയിലാണ്‌ ഇന്നത്തെ മുല്ലപ്പെരിയാര്‍. 118 വര്‍ഷത്തെ ക്ഷീണവുമായി നില്‍ക്കുന്ന മുല്ലപ്പെരിയാറില്‍ 142 അടി വെള്ളം ശേഖരിക്കണം എന്നാണ്‌ തമിഴ്‌നാട്‌ സുപ്രീം കോടതി ഉള്‍പ്പെടെയുള്ള വേദികളിലെല്ലാം ആവശ്യപ്പെടുന്നത്‌. തേനി,മധുര,ശിവഗംഗ,രാമനാഥപുരം തുടങ്ങിയ ജില്ലകളിലെ കര്‍ഷകരുടെ കൃഷിയാവശ്യത്തിനുള്ള ജലമാണവര്‍ക്കു പ്രധാനം. കേരളത്തിലെ മനുഷ്യന്റെ സുരക്ഷിതത്വം അവര്‍ക്കു പ്രശ്‌നമല്ല. കേരളത്തിലെ ജനങ്ങളെ ഇതുപോലെ സ്‌നേഹിക്കുന്ന, ജനങ്ങളോടു പ്രതിബദ്ധതയുള്ള ഒരു രാഷ്‌ട്രീയ നേതൃത്വം നമുക്കില്ലാതെ പോയല്ലോ! അതും മലനാടിന്റെ മറ്റൊരു ദുരന്തം!

മനുഷ്യനുവേണ്ടിയും മനുഷ്യവകാശങ്ങള്‍ക്കുവേണ്ടിയും മാപ്പു നല്‍കാതെ പടപൊരുതുന്നവരാണ്‌ ഇന്‍ഡ്യയ്‌ിലെ സാമുഹ്യസാംസ്‌ക്കാരികരാഷ്‌ട്രീയ പ്രവര്‍ത്തകരില്‍ പലരും. പശ്‌ചിമ ബംഗാളിലെ സിംഗൂര്‍ മുതല്‍ നര്‍മ്മദ നദിയില്‍ പണിതുയര്‍ത്തുവാന്‍ ശ്രമിച്ച സര്‍ദാര്‍ സരോവര്‍ ഡാമം വരെയുള്ള പദ്ധതികളുടെ പോരായ്‌മകളോടു പ്രതികരിച്ചവരാണവര്‍. പക്ഷെ സുപ്രീം കോടതിയും ഇന്‍ഡ്യന്‍ പാര്‍ലമെന്റും വിവിധതല രാഷ്‌ട്രീയ ചര്‍ച്ചകളുമെല്ലാം കഴിഞ്ഞു അവശയായി നില്‍ക്കുന്ന മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിനു ഇന്നുവരെ ഒരു പരിഹാരമുണ്ടാക്കുവാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല എന്നതാണ്‌ സത്യം. ഓരോ തവണയും മുല്ലപ്പെരിയാര്‍ മേഖലകളില്‍ നാലും അഞ്ചും മഗ്‌നിറ്റിയൂഡ്‌ തീവ്രതയുള്ള ഭൂചലനമുണ്ടാകുമ്പോള്‍ മാത്രം വെപ്രാളം പ്രദര്‍ശിപ്പിക്കുന്ന രാഷ്‌ട്രീയ നേതാക്കളുടെ ഡര്‍ഹിയിലേക്കുള്ള വിമാനയാത്രകളുടെ വാര്‍ത്തകള്‍ അപ്പോള്‍ നമ്മള്‍ മാദ്ധ്യമങ്ങളില്‍ വായിക്കുന്നു. ഒരാഴ്‌ച! പിന്നെ അത്‌ വിസ്‌മൃതിയില്‍. അടുത്ത ഭൂചലനം ഉണ്ടാകുന്നതുവരെ! കഷ്ടം!

പെരുവഴിയില്‍ സമ്മേളനങ്ങള്‍ക്കുവേണ്ടി, വ്യാജ സദാചാരത്തിനുവേണ്ടി, വ്യക്തി വൈരാഗ്യത്തിനുവേണ്ടി, സര്‍ക്കാര്‍ ഖജനാവു മുടിക്കുന്ന ശുംഭന്മാരും പൊട്ടന്മാരൂം മരക്കുതിരകളും ഒക്കെയായ കേരളത്തിലെ രാഷ്‌ട്രീയക്കാര്‍ ദയവായി മുല്ലപ്പെരിയാര്‍ ഡാമിന്റെ അധോലോകത്തു ജീവിക്കുന്നവരിലേക്കു ജഢിലമായ തത്വങ്ങള്‍ മാറ്റി വച്ചു മനുഷ്യത്വ മനസോടെ ശ്രദ്ധ തിരിക്കുക. ശക്തമായ ഒരു ഭൂമികലുക്കത്താല്‍ പൊട്ടിത്തെറിച്ചേക്കാവുന്ന ഒരു ദുരന്തം കൂടി കേരളത്തില്‍ സംഭവിക്കാതിരിക്കട്ടെ!

പിന്‍കുറിപ്പ്‌: ദുരന്തങ്ങള്‍ മനുഷ്യരെ അവരുടെ നിസഹായതയില്‍ ഒന്നിപ്പിക്കുന്നു. പക്ഷെ ദുരന്താനുഭവമില്ലാതെ അവര്‍ ഒന്നിക്കുന്നുമില്ല! ആമേന്‍!
ദുരന്തദൂരത്തില്‍ മുല്ലപ്പെരിയാര്‍? (ബിനോയി സെബാസ്റ്റ്യന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക