Image

റിട്ടേണ്‍ ഫ്‌ളൈറ്റ് (ഓര്‍മ്മകളുടെ ഭൂപടം- റീനി മമ്പലം)

റീനി മമ്പലം Published on 10 September, 2013
റിട്ടേണ്‍ ഫ്‌ളൈറ്റ് (ഓര്‍മ്മകളുടെ ഭൂപടം- റീനി മമ്പലം)
നീണ്ട ഇടവേളക്കുശേഷം ഒരു സഹപാഠി ഫോണില്‍ വിളിച്ചു.

' ഞാനും ഇവിടെ എത്തി. നിനക്ക് സുഖമല്ലേ ? '

'നിനക്കും സുഖമല്ലേ ' ഞാന്‍ അവനോട് ചോദിച്ചു.

പ്രവാസികളായ ഞങ്ങളുടെ ഇടയില്‍ നാട്ടുവിശേഷങ്ങളുടെ ചെണ്ടമേളം.
ലേഡീസ് ഹാളും ഗ്രേറ്റ് ഹാളും കടന്ന്, വാകമരച്ചുവട്ടിലൂടെ നടന്ന് ഞങ്ങള്‍ പഴയ ക്യാമ്പസ് കയറിയിറങ്ങി. അവന്‍ ക്യാമ്പസിന്റെ മതില്‍ ചാരി നിന്ന് സംസാരിച്ചപ്പോള്‍ ഞാന്‍ സയന്‍സ് ക്ലാസിലിരുന്ന് കേട്ടു.

ജൂനിയര്‍ ക്ലാസ്സില്‍ പഠിച്ചിരുന്ന രണ്ടു കുട്ടികള്‍ തമ്മില്‍ വിവാഹിതരായെന്നും പെണ്‍കുട്ടി താമസിയാതെ മരിച്ചെന്നും കേട്ടപ്പോള്‍ എന്റെ കണ്ണു നിറഞ്ഞു.

' ജയക്ക് ലുക്കീമിയ ആയിരുന്നു.'

നിമിഷനേരത്തെ ജീവിതത്തിനുശേഷം തീരത്തിന്റെ ഒരു കഷ്ണവുമായി മറഞ്ഞ തിരയായി അവളെന്റെയുള്ളില്‍ നിന്നു. വിധി മുന്‍കൂറായി മനസ്സിന്റെ ജാലകത്തിലൂടെ കണ്ടാല്‍ നാമെല്ലാം ജീവിക്കുവാന്‍ മടിക്കില്ലേ ?

ഈയിടെ നടന്ന തീവണ്ടി സ്‌ഫോടനത്തില്‍ എന്റെ സുഹൃത്തുണ്ടായിരുന്നു. അത്യാസന്ന നിലയിലായ അയാള്‍ പിന്നീട് രമിച്ചു. നിനക്കറിയില്ലേ , ജോര്‍ജ്ജിനെ ? അവന്‍ ചോദിച്ചു.

' അയാള്‍ക്ക് നിന്നോടു സ്‌നേഹമായിരുന്നു. ആരാധനയായിരുന്നു. '

ഓര്‍മ്മകള്‍  ചികഞ്ഞെടുത്തുകൊണ്ടു ഞാന്‍ ചോദിച്ചു, ' പ്രണയമായിരുന്നില്ലല്ലോ ? '
 എന്റെ ശബ്ദത്തിന്‍ പരിഹാസച്ചുവ . അന്ന് എന്റെ പിന്നാലെ കുടിയിരുന്ന രണ്ടാംനിഴലിന് എന്നും ഒരേ നീളമായിരുന്നു.
 
'നിനക്ക് അയാളോട് അല്‍പ്പമെങ്കിലും സ്‌നേഹം തോന്നിയിട്ടില്ലേ ? ' അവന്‍ ചോദിച്ചു.

' ഇല്ല, എനിക്കയാളോടു വെറുപ്പായിരുന്നു, കാണുന്നതുതന്നെ ദേഷ്യമായിരുന്നു. '
മറുപടി കൊടുക്കുവാന്‍ എനിക്കു ചിന്തിക്കേണ്ടിയിരുന്നില്ല.

' നീ അല്‍പ്പം ദയയോടെ സംസാരിക്കൂ. അയാളുടെ ആത്മാവിന് വിങ്ങലുണ്ടാക്കുന്ന വാക്കുകള്‍ നീ പറയുന്നു. '

അവന്റെ ശബ്ദത്തിലെ വ്യസനവും ശാസനയും ഞാനറിഞ്ഞു. എനിക്കു കരച്ചില്‍ വന്നു. ഞാന്‍ പുറത്തേക്കു നോക്കി. എല്ലായിടത്തും ഇരുട്ടു പടര്‍ന്നിരുന്നു. ഞാന്‍ ഇരുട്ടില്‍ ഒറ്റക്കായി . മരിച്ചുവെന്ന കാരണത്താല്‍ ഒരാളെക്കുറിച്ചുള്ള തോന്നലുകള്‍ ഇല്ലാതാകുമോ ? ആത്മാവ് എന്നൊന്നുണ്ടോ ? എങ്കില്‍ അവയ്ക്ക് വികാരങ്ങള്‍ ഉണ്ടോ ?

യുഗാന്തരങ്ങളായി മനുഷ്യന്‍ ഉത്തരം തേടുന്ന ചോദ്യങ്ങള്‍ . ഞാന്‍ അസ്വസ്ഥയായി. ഞാന്‍ ഞാനല്ലാതായി .

അകലെയെവിടെയോ ഒരു പൊട്ടിത്തെറിയടെ ശബ്ദം. ചുടലപ്പറമ്പിലെന്നപോല്‍ ഉയരുന്ന തീനാളങ്ങള്‍ . കരിയുന്ന സ്വപ്നങ്ങള്‍ . ' അമ്മേ ; - ' ഈശ്വരാ ',- വായുവില്‍ മാറ്റൊലി കൊള്ളുന്ന മനുഷ്യ ശബ്ദങ്ങള്‍ . ശബ്ദങ്ങള്‍ക്ക് പല മുഖങ്ങള്‍ . അവയില്‍ ഒന്നു മാത്രം ഞാന്‍ തിരിച്ചറിഞ്ഞു.
എന്റെ ചേതന മരിച്ചു. ഞാനെന്ന ഭാവത്തിന്റെ പുലകുളി കണ്ടു.

' നിന്റെ ഫോണ്‍ നമ്പര്‍ തരൂ. ഞാന്‍ പിന്നീടു വിളിക്കാം. ' എന്റെ ശബ്ദം തളര്‍ന്നിരുന്നു.

നമ്പര്‍ എഴുതിയെടുത്ത് ഫോണ്‍ താഴെവെക്കുമ്പോള്‍ അവന്റെ മുറിഞ്ഞുപോയ ചോദ്യം. ' സുമീ നിനക്കെന്തു പറ്റി ? '

ഓര്‍മ്മകള്‍ മുളപൊട്ടുന്നു. എനിക്ക് ഒറ്റക്കിരുന്ന് കുറച്ചുസമയം കരയണം. ചിതറിപ്പോയ മാപ്പില്‍ അന്നുരാത്രി മുഴുവന്‍ ഞാനെന്റെ നാടിനെ തിരഞ്ഞു.

മാധ്യമം വാരാന്ത്യപ്പതിപ്പ്,  2010 സെപ്റ്റംബര്‍   


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക