Image

എന്റെ ലോകം (ആഗോള മലയാളിക്ക്‌ മറ്റൊരു ഓണസമ്മാനം: ബെന്യാമിന്‍)

Published on 08 September, 2013
എന്റെ ലോകം (ആഗോള മലയാളിക്ക്‌ മറ്റൊരു ഓണസമ്മാനം: ബെന്യാമിന്‍)
ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി, എം.കെ. വര്‍ഗീസ്‌

എനിക്കു മലയാളം മാത്രമേ അറിഞ്ഞുകൂടൂ. അതും റേഷന്‍ കാര്‍ഡിലെയും `വേദോസ്‌തവ'ത്തിലെയും മലയാളം മാത്രം. പോളിടെക്‌നിക്കില്‍ പഠിച്ചാണ്‌ ബഹറിനില്‍ പോയത്‌. ഒരു കണ്‍സ്‌ട്രക്‌ഷന്‍ കമ്പനിയില്‍ ഹെല്‍പ്പര്‍ ആയി. ഏണിപ്പടികള്‍ കയറി ഇവിടെവരെയെത്തി. ജോലി കഴിഞ്ഞാല്‍ 16 മണിക്കൂര്‍ വിശ്രമവേള. ധാരാളം പുസ്‌തകങ്ങള്‍ വായിച്ചു. ഒറ്റയടിക്കു 16 പുസ്‌തകങ്ങള്‍. അവയില്‍നിന്നു സമാഹരിച്ച ഊര്‍ജ്ജവും പ്രചോദനവും ഭാവനയും അതിലേറെ തന്റേടവുമാണ്‌ എന്നെ ഒരു എഴുത്തുകാരനാക്കിയത്‌.

കുളനടയില്‍ സാധാരണ കുടുംബത്തില്‍ വിദ്യാഭ്യാസമ്പന്നരല്ലാത്ത അപ്പന്റെയും അമ്മയുടെയും ഏകപുത്രനായി പിറന്നു. ഒരു സഹോദരിയെ അടൂരില്‍ കെട്ടിച്ചയച്ചു. അവളുടെ ഭര്‍ത്താവ്‌ ദുബായിലായിരുന്നു. പിന്നീട്‌ ബഹറിനില്‍ എത്തിച്ചേര്‍ന്നു.

അച്ചന്‍കോവിലാറിന്റെ തീരത്താണു ജനിച്ചത്‌. വീട്ടില്‍നിന്ന്‌ അഞ്ചാറു മിനിറ്റ്‌ നടന്നാല്‍ ആറ്റുതീരമായി. അവിടെയാണ്‌ നീന്തിക്കുളിക്കാന്‍ പോയിരുന്നത്‌. തൊട്ടടുത്തുതന്നെ ഞങ്ങളുടെ ഇടവകപ്പള്ളി - മാന്തളിര്‍ സെന്റ്‌ തോമസ്‌ പള്ളി. വഴക്കു കാരണം 75 മുതല്‍ പള്ളി പൂട്ടി. കുളനടയില്‍ ഓര്‍ത്തഡോക്‌സുകാര്‍ക്കു മറ്റൊരു പള്ളിയുണ്ടായി - ഗീവര്‍ഗീസ്‌ സഹദായുടെ പേരില്‍, സെന്റ്‌ ജോര്‍ജ്‌. മാന്തളിര്‍ പള്ളിക്കടുത്ത്‌ യാക്കോബായക്കാരും വലിയൊരു പള്ളി പണിതു - സെന്റ്‌ മേരീസ്‌. പള്ളി
ഴക്കിന്റെ പശ്ചാത്തലത്തില്‍ എഴുതിയ കോമഡി നോവലാണ്‌ `അക്കപ്പോരിന്റെ ഇരുപതു നസ്രാണിവര്‍ഷങ്ങള്‍'.

ഒരേ വിശ്വാസികള്‍. മൂന്നു പള്ളികള്‍. ഇവരുടെ തിണ്ണവഴക്കുകള്‍ കോടതി കയറുന്നത്‌ അമ്പരപ്പോടെയും വിസ്‌മയത്തോടെയും നോക്കിക്കണ്ട ആളാണു ഞാന്‍.

കൊച്ചുന്നാളില്‍ ബാല്യസഹജമായ രോഗങ്ങള്‍കൊണ്ട്‌ അവശനായപ്പോള്‍ ബന്ധുജനങ്ങള്‍ പറയാറുണ്ടായിരുന്നു, ഇവന്‍ രക്ഷപ്പെടുകയില്ലെന്ന്‌. പക്ഷേ, പ്രവാചകര്‍ തോറ്റു. ഞാനിപ്പോഴും ജീവിച്ചിരിക്കുന്നു. വേദപുസ്‌തകത്തിന്റെ ചുവടുപിടിച്ചു പറഞ്ഞാല്‍ പകുതി ജീവിച്ചുതീര്‍ന്നിട്ടില്ല (43 തികയുന്നതേയുള്ളൂ).

പത്തനംതിട്ട കാതോലിക്കേറ്റ്‌ കോളേജില്‍ പ്രീഡിഗ്രിക്കു പഠിക്കുമ്പോള്‍ ഇഷ്‌ടവിഷയം കണക്കായിരുന്നു. പക്ഷേ, പ്രീക്കു കഷ്‌ടി പാസായതിനാല്‍ പോളിടെക്‌നിക്കിലാണു ചേര്‍ന്നത്‌. കോയമ്പത്തൂര്‍ അടുത്തുള്ള തിരുപ്പൂരില്‍. ഇന്ത്യയുടെ ബനിയന്‍ സിറ്റിയില്‍. തമിഴ്‌ പേച്ചിന്റെയും കഷ്‌ടപ്പാടിന്റെയും രോഗങ്ങളുടെയും മറ്റൊരു മൂന്നു വര്‍ഷം. തിരിച്ചുവന്നു. പിന്നെയും ഒരാറു മാസം നാട്ടില്‍ ഊരുചുറ്റല്‍. ക്രിക്കറ്റ്‌ കളി, കവിതകേള്‍ക്കല്‍. അതിനിടെ പെട്ടെന്നൊരു ഗള്‍ഫ്‌ ചാന്‍സ്‌.

എന്റെ കസിന്‍ മറ്റൊരാള്‍ക്കുവേണ്ടി പറഞ്ഞുവച്ചിരുന്ന വിസയാണ്‌. അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട്‌ ശരിയാവാത്തതുകൊണ്ട്‌ എനിക്കായി മാറ്റിയെടുത്തു. മറ്റൊരാളുടെ ജീവിതം പേറി 21-ാം വയസ്സില്‍ ഗള്‍ഫിലേക്ക്‌. 1992 ഏപ്രില്‍ നാല്‌. `ആടുജീവിതം' എന്ന നോവലില്‍ നജീബ്‌ റിയാദില്‍ കാലുകുത്തുന്ന ദിവസമാണത്‌. നോവല്‍ എഴുത്തുകാരില്‍നിന്ന്‌ അന്യമായ ഒന്നല്ല. നജീബിന്റെയല്ല, ആരുടെ ജീവിതമെഴുതിയാലും അതില്‍ എഴുത്തുകാരന്റെ ജീവിതം നിഴല്‍പോലെ മുദ്രയിടപ്പെട്ടുകിടക്കും.

ഞാന്‍ കേരളത്തിനു പുറത്ത്‌ ഗള്‍ഫിലല്ലാതെ ഒരിടത്തും പോയിട്ടില്ല. ജനിച്ച നാടുതന്നെ ശരിക്കു കണ്ടിട്ടില്ല. `ആടുജീവിത' ത്തിന്റെ പശ്ചാത്തലമായ മരുഭൂമി കണ്ടിട്ടേയില്ല. അതെല്ലാം നജീബില്‍നിന്നു പലതവണ കേട്ടെഴുതിയതാണ്‌. അങ്ങനെയെഴുതുമ്പോള്‍ നജീബിനെ ഞാനായി സ്വാത്മീകരിക്കുന്നു. ഞാന്‍ നജീബായി മാറുന്നു. കേട്ടറിഞ്ഞ കഥകള്‍ എന്റെ ഭാവനയാകുന്ന പ്രിസത്തില്‍ കയറിയിറങ്ങി പുതിയ രൂപഭാവങ്ങളില്‍ പുറത്തുവരുന്നു. മരുഭൂമിയിലെ ദാഹം എന്തെന്നറിയാനായി പൊരിവെയിലത്ത്‌ ഒരിറ്റും വെള്ളം കുടിക്കാതെ ഞാന്‍ നടന്നു നീങ്ങിയിട്ടുണ്ട്‌. അങ്ങനെയാണ്‌ നജീബിന്റെ ലോകം എന്റെ ലോകമായി മാറുന്നത്‌. ഡിയാഗോ
ഗാര്‍ഷ്യയെപ്പറ്റി ഞാനെഴുതിയ നോവല്‍ `മഞ്ഞവെയില്‍ മരണങ്ങള്‍' വായിച്ചും കേട്ടും അറിഞ്ഞതാണ്‌. ആ ദ്വീപില്‍ ആരെയും കയറ്റില്ലെന്നറിയാമല്ലോ.

ഇപ്പോള്‍ പറയാന്‍ എളുപ്പമാണെങ്കിലും രോഗങ്ങളുടെ ഒരു നീണ്ട ബാല്യം എനിക്കുണ്ടായിരുന്നു. മരിക്കണേ എന്നും മരിക്കല്ലേ എന്നും ഒരുപോലെ ആഗ്രഹിച്ചിരുന്ന ദിവസങ്ങള്‍. ഇതു വല്ല ക്ഷയവും വന്നു ചത്തുപോകത്തേയുള്ളൂ എന്ന്‌ എന്നെക്കുറിച്ച്‌ അയല്‍പക്കക്കാരും ബന്ധുക്കളും പറയുന്നതു ഞാനിപ്പോഴും ഓര്‍ക്കുന്നു. എന്റെ ഭ്രമാത്മക സ്വപ്‌നങ്ങളുടെ ബീജങ്ങള്‍ വിതയ്‌ക്കപ്പെട്ട ദിവസങ്ങള്‍ അതായിരിക്കുമെന്നു തോന്നുന്നു. അന്നൊക്കെ ഞാന്‍ എനിക്കുവേണ്ടി ആഗ്രഹിച്ച പരമാവധി ആയുസ്സ്‌ 20 വയസ്സായിരുന്നു. ഒരു പെണ്‍കുട്ടിയുടെ ചുംബനത്തിന്റെ രുചി അറിയുന്നതു വരെയായിരുന്നു. രോഗങ്ങള്‍ 15-ാം വയസ്സുവരെ നീണ്ടുനിന്നു. എങ്കിലും അടുത്തകാലംവരെ ചെന്നിക്കുത്ത്‌ എന്റെ സന്തത സഹചാരിയായിരുന്നു.

ഞാന്‍ എഴുത്തിന്റെ വഴിയിലേക്കു വരാന്‍ പാരമ്പര്യത്തിന്റെ യാതൊരു സാഹചര്യവും എനിക്കുണ്ടായിരുന്നില്ല. സാഹിത്യവാസനയോ സാഹിത്യ സദസ്സുകളുടെ സഹവാസമോ ഉണ്ടായിരുന്നില്ല. ഇഷ്‌ടവിഷയം മലയാളം ആയിരുന്നില്ല. മറ്റു ചിലരുമായി തട്ടിച്ചുനോക്കുമ്പോള്‍ വായനപോലും എത്ര പരിമിതം! ഈശ്വരാ, ഞാനെന്തായിത്തീരാന്‍ നീ ആഗ്രഹിക്കുന്നുവോ എന്നെ നീ അതാക്കിത്തീര്‍ക്കണമേ എന്ന നിക്കോസ്‌ കസാന്ത്‌സാക്കിസിന്റെ പ്രാര്‍ത്ഥനയാണ്‌ എന്റെ എക്കാലത്തെയും പ്രിയപ്പെട്ട പ്രാര്‍ത്ഥന.

കൂടെയുള്ള ഏകസഹോദരി പ്രായത്തില്‍ വളരെ മുതിര്‍ന്നതായതിനാല്‍ ഒറ്റയ്‌ക്കിരുന്നു സ്വപ്‌നം കാണുന്ന ശീലം ചെറുപ്പത്തിലേ തുടങ്ങിയാണു ഞാന്‍. സീരിയല്‍ ക്രിക്കറ്റിന്റെ ഭ്രാന്തു കയറിയ ഒരു തലമുറയിലാണു ഞാന്‍ വന്നുപിറന്നത്‌. ഏതെങ്കിലും എഴുത്തുകാരായിരുന്നില്ല; കപില്‍ദേവും റോജര്‍ ബിന്നിയും മദന്‍ലാലും മൊഹിന്ദര്‍ അമര്‍നാഥും അടങ്ങുന്ന ഇന്ത്യന്‍ മീഡിയം പേസ്‌ നിരയായിരുന്നു എന്റെ അഭിമാനം. സുഭാഷ്‌ ചന്ദ്രന്‍, സച്ചിന്‍ തെണ്ടുല്‍ക്കറെക്കുറിച്ചെഴുതിയ ലേഖനം എന്റെകൂടി ആത്മകഥയാകുന്നത്‌ അതുകൊണ്ടാണ്‌. ആ ജ്വരമൊക്കെ മാറാന്‍ വര്‍ഷങ്ങളെടുത്തു. ഞാന്‍തന്നെ ബൗളറും ഞാന്‍തന്നെ ബാറ്റ്‌സ്‌മാനും ഞാന്‍തന്നെ ഫീല്‍ഡറും കീപ്പറും അമ്പയറും ആകുന്ന ഒറ്റയാന്‍കളിയിലെ പരകായ പ്രവേശത്തിന്റെ തുടര്‍ച്ച മാത്രമാണ്‌ ഇന്നത്തെ എന്റെ കഥാപാത്രങ്ങളെന്നേയുള്ളൂ. രണ്ടിന്റെയും മാനസികവ്യാപാരം ഒന്നുതന്നെയാകാം.

നിനക്കൊരു കടുത്ത സ്വപ്‌നമുണ്ടെങ്കില്‍ അതിന്റെ പൂര്‍ത്തീകരണത്തിനായി ലോകം മുഴുവന്‍ നിന്റെ പിന്നാലെ എത്തുമെന്നെഴുതിയതു പൗലോ കൊയ്‌ലോ അല്ലേ...? നിനക്കൊരു യോഗമുണ്ടെങ്കില്‍ അതില്‍ നിന്നെ കൊണ്ടെത്തിക്കാനായി അതിനെ തിരുത്താനാണു ഞാന്‍ ആഗ്രഹിക്കുന്നത്‌. എന്റെ ജീവിതം ഇപ്പോഴത്തേതില്‍നിന്ന്‌ ഇടത്തോട്ടോ വലത്തോട്ടോ ഒരു ചുവടു മാറിയിരുന്നെങ്കില്‍ ഞാനൊരു കഥാകാരന്‍ ആകുമായിരുന്നില്ല. തിരിഞ്ഞുനോക്കുമ്പോള്‍ കൗതുകമാണു തോന്നുന്നത്‌. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ഒരു ടാക്‌സി ഡ്രൈവറുടെയും, സാധാരണക്കാരിയായ വീട്ടമ്മയുടെയും മകനായി ജനിച്ചതുകൊണ്ട്‌ അവര്‍ക്ക്‌ എന്നെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ പരിമിതമായിരുന്നു.

അങ്ങനെ എന്തെങ്കിലും വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ എനിക്കു പാങ്ങില്ലായിരുന്നു. അതുകൊണ്ടുതന്നെ, എന്തായിത്തീരാന്‍ ഞാന്‍ നിയോഗിക്കപ്പെട്ടോ അതായിത്തീരാന്‍ എനിക്കു വിഷമമുണ്ടായില്ല.

ബഹറിന്‍ ഒരു കൊച്ചുലോകമാണ്‌. പക്ഷേ, അവിടെ വിശാലമായ ഒരു ലോകമാണ്‌ എനിക്കു തുറന്നുകിട്ടിയത്‌. 140 രാജ്യങ്ങളിലെ മനുഷ്യരെ ഞാനവിടെ കണ്ടു. `ആഡിസ്‌ അബാബ' എന്ന കഥ അങ്ങിനെ പരിചയപ്പെട്ട ഒരു ലോകത്തിലെ കഥയാണ്‌. `ഇ.എം.എസും പെണ്‍കുട്ടിയും' എന്ന കഥ മറ്റൊരുദാഹരണം. ഗള്‍ഫില്‍ 1932-ല്‍ എണ്ണ വ്യാപകമായി കണ്ടെത്തി. 1948-ല്‍ മലയാളികള്‍ എത്തിത്തുടങ്ങി. 1954ല്‍ ബഹറിനില്‍ ആദ്യത്തെ പള്ളി പണിതു.

`ആടുജീവിത' ത്തില്‍ എനിക്കേറ്റവും ഇഷ്‌ടപ്പെട്ട വരികള്‍, മഴയ്‌ക്കുശേഷം വരണ്ട മണ്ണിനു മേലേ പൊന്തിവന്ന പച്ചവിരിപ്പുകളില്‍ ഒരു കുഞ്ഞുചെടി നജീബിനു കൊടുക്കുന്ന ആത്മവിശ്വാസത്തിന്റെ വാക്കുകളാണ്‌. നജീബേ, മരുഭൂമിയുടെ ദത്തുപുത്രാ... ഞങ്ങളെപ്പോലെ നീയും നിന്റെ ജീവനെ അടക്കിപ്പിടിച്ച്‌ ഈ മരുഭൂമിയോടു മല്ലിടുക. തീക്കാറ്റും വെയില്‍നാളവും നിന്നെ കടന്നുപോകും. നീ അവയ്‌ക്കു മുന്നില്‍ കീഴടങ്ങരുത്‌. അതു നിന്റെ ജീവനെ ചോദിക്കും, വിട്ടുകൊടുക്കരുത്‌... എന്നു പറയുന്ന വരികള്‍.

പതിനേഴു വര്‍ഷത്തിനിപ്പുറം ഗള്‍ഫില്‍ ഒരു പ്രോജക്‌ട്‌ മാനേജര്‍ പദവിയിലാണു ഞാനിപ്പോള്‍. എന്റെ തുടക്കം അങ്ങനെയൊന്നുമായിരുന്നില്ല. ഹെല്‍പ്പര്‍, ടെക്‌നീഷ്യന്‍, സൂപ്പര്‍വൈസര്‍, ക്യൂസി പദവികള്‍ താണ്ടിയാണ്‌ ഞാനിവിടെ എത്തിയത്‌. കഷ്‌ടപ്പാടിന്റെ ദിവസങ്ങള്‍ ധാരാളം ഉണ്ടായിട്ടുണ്ട്‌. ഒരിക്കല്‍ പ്രണയനഷ്‌ടത്തിന്റെ വേദനയില്‍, ഉച്ചച്ചൂടിലൂടെ അലഞ്ഞുനടക്കുമ്പോള്‍, നിരന്തരം ആള്‍സഞ്ചാരമുള്ള ഇഷ്‌ടിക പാകിയ ഒരു വഴിയുടെ ഒത്ത നടുക്ക്‌ പൂവിരിച്ചു നില്‍ക്കുന്ന ഒരു കുഞ്ഞിച്ചെടിയെ ഞാന്‍ യാദൃച്ഛികമായി കണ്ടുമുട്ടി. ആ ചെടിയെ ഏറെനേരം ഞാന്‍ നോക്കിനിന്നു. ആ ചെടിക്കുഞ്ഞ്‌ എനിക്കു തന്ന ആത്മവിശ്വാസം ചെറുതല്ല. ആ ദിവസങ്ങളിലൊന്നില്‍ ഞാനെന്റെ ആദ്യകഥയെഴുതി. 1999ല്‍ ഗള്‍ഫ്‌ മനോരമയില്‍ പ്രസിദ്ധീകരിച്ച `ശത്രു'.

ഓരോ കഥയിലെയും കഥാപാത്രങ്ങളോടൊപ്പം ഞാന്‍ മനസ്സുകൊണ്ടു നടന്നിട്ടുണ്ട്‌. അവരുടെ നിയോഗം എന്റെ നിയോഗംപോലെ സ്വീകരിച്ചിട്ടുണ്ട്‌. അവയ്‌ക്കു പിന്നിലെ ആത്മസമര്‍പ്പണത്തെക്കുറിച്ച്‌ എനിക്ക്‌ ഉറപ്പിച്ചുപറയാന്‍ കഴിയും. അലസതകൊണ്ട്‌ എന്റെ ഏതെങ്കിലും കഥ മോശമായിപ്പോയി എന്ന്‌ എനിക്കു വിചാരമില്ല. എന്റെ മോശം രചനകള്‍ക്കു പിന്നില്‍ എന്റെ പ്രതിഭാ രാഹിത്യമല്ലാതെ മറ്റൊന്നും കാരണമല്ല. വി.ജെ. ജയിംസ്‌ `പുറപ്പാടിന്റെ പുസ്‌തക'ത്തിന്റെ ആമുഖത്തില്‍ ഓര്‍മ്മിപ്പിക്കുന്ന ബൈബിള്‍ വാചകം പോലെ, അധികം സമ്പാദിച്ചവന്‌ ഒന്നും മിച്ചമുണ്ടായിരുന്നില്ല. അല്‌പം സമ്പാദിച്ചവന്‌ ഒട്ടും കുറവുണ്ടായിരുന്നില്ല എന്നാണ്‌ എന്റെ ജീവിതം എന്നെ പഠിപ്പിക്കുന്നത്‌.

`ഇമലയാളി'ക്ക്‌ പ്രത്യേകം: ബെന്യാമിനുമായി അഭിമുഖം - `ഇതുവരെ ആരുമെഴുതാത്ത അറബിക്കഥ' വായിക്കാന്‍ ഇവിടെ ക്ലിക്കുചെയ്യുക....
എന്റെ ലോകം (ആഗോള മലയാളിക്ക്‌ മറ്റൊരു ഓണസമ്മാനം: ബെന്യാമിന്‍)
എന്റെ ലോകം (ആഗോള മലയാളിക്ക്‌ മറ്റൊരു ഓണസമ്മാനം: ബെന്യാമിന്‍)

ബെന്യാമിന്‍: ഗ്രാമത്തിന്റെ മനസ്‌.

എന്റെ ലോകം (ആഗോള മലയാളിക്ക്‌ മറ്റൊരു ഓണസമ്മാനം: ബെന്യാമിന്‍)

ചരിത്രം രചിച്ച്‌ `ആടുജീവിതം'

എന്റെ ലോകം (ആഗോള മലയാളിക്ക്‌ മറ്റൊരു ഓണസമ്മാനം: ബെന്യാമിന്‍)

പുസ്‌തകത്തില്‍ കൈയൊപ്പ്‌.

എന്റെ ലോകം (ആഗോള മലയാളിക്ക്‌ മറ്റൊരു ഓണസമ്മാനം: ബെന്യാമിന്‍)

കുട്ടികളുമായി സംവാദം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക