Image

റിട്ടേണ്‍ ഫ്‌ളൈറ്റ് ( ഔട്ട് സോഴ്‌സ്ഡ്- റീനി മമ്പലം)

Published on 19 September, 2013
റിട്ടേണ്‍ ഫ്‌ളൈറ്റ് ( ഔട്ട് സോഴ്‌സ്ഡ്- റീനി മമ്പലം)
റിട്ടേണ്‍ ഫ്‌ളൈറ്റ് ( ഔട്ട് സോഴ്‌സ്ഡ്- റീനി മമ്പലം)

ഔട്ട് സോഴ്‌സ്ഡ്
 
ടൈല്‍ കമ്പനിയിലെ െ്രെഡവര്‍ജോലി കുറെ മാസങ്ങള്‍ക്കുമുമ്പ് ദിനേശന് നഷ്ടപ്പെട്ടിരുന്നു. നല്ലമാര്‍ക്കുമായി വീട്ടിലെത്തുന്ന അവരുടെ കുട്ടികള്‍ ടൗണിലെ മെച്ചപ്പെട്ട സ്‌കൂളില്‍ പോകണമെന്നാഗ്രഹിച്ചു.  അതിനെക്കുറിച്ച് നിര്‍മ്മല സംസാരിച്ചപ്പോള്‍ കോളജ് ബിരുദമില്ലാത്ത ദിനേശന് 'ചിന്തിക്കാം' എന്നൊരു ഭംഗിവാക്ക് പറയുവാന്‍പോലുമുള്ള പരിതസ്ഥിതിയായിരുന്നില്ല അപ്പോള്‍. പോക്കുവെയിലില്‍ പകല്‍ മുങ്ങിത്താഴുന്ന നേരത്ത് സ്‌കൂള്‍ബസ്സില്‍ വന്നിറങ്ങുന്ന കുട്ടികളെ ആശയോടെനോക്കി രേണുവും രേഷ്മയും പലപ്പോഴും വേലിക്കരുകില്‍ നിന്നു.

കുട്ടികളെ നല്ലൊരു സ്‌കൂളില്‍ ചേര്‍ക്കണം കിമന്റു തറയിലെ വിള്ളലുകളില്‍  നോക്കി ദിനേശന്‍ തലചൊറിഞ്ഞാലോചിച്ചു. ജീവിതം തള്ളിയിട്ട വിള്ളലില്‍നിന്നും വെളിയിലിറങ്ങാന്‍ അയാള്‍ വളരെ പാടുപെടുന്നുണ്ടായിരുന്നു. സൂര്യന്‍ കിഴക്കുദിച്ച് പടിഞ്ഞാറസ്തമിക്കുന്നതിനിടയില്‍, സത്യങ്ങള്‍ നിരത്തിയിട്ട് ജീവിതം അയാളെ വിരട്ടി വേദനിപ്പിച്ചു.

പലചരക്കുവാങ്ങുവാന്‍ കാശുചോദിച്ചപ്പോള്‍ കടംപറയുവാന്‍ ദിനേശന്‍ നിര്‍മ്മലയോട് ആവശ്യപ്പെട്ട ഒരു ദിവസമാണ് സൊറപറഞ്ഞിരിക്കാന്‍ അയല്‍വീട്ടിലെ അനിത വന്നത്.

'അമേരിക്കയില്‍  ആഷേച്ചിക്ക് ഒരു കൂട്ടുകാരിയുണ്ട്. അവര്‍ക്ക് കുട്ടികളില്ലാത്രെ. എത്ര ചികില്‍ത്സിച്ചിട്ടും ഒരു ഫലമില്ല. അവരുറ്റെ ഗര്‍ഭപാത്രത്തിന് കാര്യമായിട്ടെന്തോ തകരാറുണ്ടെന്ന്'.

അനിത സംസാരിച്ചിരുന്നപ്പോള്‍ എങ്ങനെ അത്താഴമുണ്ടാക്കും എന്നചിന്ത നിര്‍മ്മലയെ അലട്ടുകയായിരുന്നു.

'നിനക്കറിയാമോ, അമേരിക്കേല് ഗര്‍ഭപാത്രത്തിന് തകരാറുള്ളോര് ഒരു കുഞ്ഞിനുവേണ്ടി  മറ്റുസ്ത്രീകളുടെ ഗര്‍ഭപാത്രം വാടകക്കെടുക്കുമെന്ന്'. അവളൊരു ഫലിതം പറയുമ്പോലെ ചിരിച്ചു.

നിര്‍മ്മല ചിരിക്കുവാന്‍ ശ്രമിച്ചു. പലപല ചിന്തകളിലേക്ക് ചിരി ഒലിച്ചുപോയി. പിടിച്ചുനിര്‍ത്തുവാനാവാതെ ഏതൊക്കെയോ ദിശയിലേക്ക് പാഞ്ഞുപോകുന്ന മനസ്സ്.

വാടകക്കെടുക്കുന്ന ഗര്‍ഭപാത്രങ്ങളെക്കുറിച്ച് സംസാരിക്കുവാന്‍ നിര്‍മ്മല കിടപ്പുമുറിയിലെത്തിയപ്പോഴേക്കും ദിനേശന്‍ ഉറങ്ങിക്കഴിഞ്ഞിരുന്നു. അയാളുടെ ഉറക്കം കെടുത്തുവാന്‍ അവള്‍ ആഗ്രഹിച്ചില്ല.

പിറ്റേന്ന് ദിനേശനെന്ന െ്രെഡവറെ അന്വേഷിച്ച് ഒരാള്‍ എത്തിയപ്പോള്‍ ദൈവം വേഷം മാറി വന്നതാവുമെന്ന് നിര്‍മ്മലക്ക് തോന്നി. അനിതയുടെ ബന്ധത്തിലുള്ളൊരാള്‍ ഒരുമാസത്തെ അവധിക്ക് നാട്ടില്‍ വന്നിരിക്കുന്നു. അവര്‍ക്കൊരു െ്രെഡവറെ വേണമെന്നറിഞ്ഞപ്പോള്‍ അനിത പറഞ്ഞുവിട്ടതാണ്.

'ഞാനൊരു ഓട്ടോറിക്ഷ വാങ്ങിയാലോ എന്നാലോചിക്കുന്നു. ഒരുവിധം തരക്കേടില്ലാത്ത വരുമാനം ഉണ്ടാക്കുവാന്‍ സാധിക്കും. പക്ഷെ അതിനുള്ള കാശ്?'

ദിനേശന്‍ ഒരു ചോദ്യചിഹ്നം പോലെ വളഞ്ഞുനിന്നു. െ്രെഡവറായി കുറച്ചുദിവസങ്ങള്‍ ജോലിയെടുത്ത് കുറച്ചുകാശ് കയ്യില്‍ വന്നതിന്റെ ആത്മധൈര്യത്തിലും ഉണര്‍വ്വിലുമായിരുന്നു ദിനേശന്‍.

നിര്‍മ്മല അവളുടെ വെളുത്ത കൈത്തണ്ടയില്‍ വിരലുകളോടിച്ചു. കയ്യില്‍ കിടന്ന സ്വര്‍ണ്ണവളകള്‍ വിറ്റ് ദിനേശനെ സഹായിക്കണമെന്ന ആശയം മനസ്സിലിട്ട് ഉരുട്ടിയിരുന്ന ഒരു ദിവസമാണ് അനിത വീണ്ടും വന്നത്.

'ആഷേച്ചിയും കുടുംബവും  ഈവര്‍ഷം ഓണത്തിന് ഒരുമാസം  നാട്ടിലുണ്ടാവും. ഇന്നു രാവിലെ വിളിച്ചിരുന്നു. ഏട്ടന്റെ വീട്ടില്‍ ഒരു കാറുണ്ട്. ദിനേശന് ഒരുമാസത്തേക്ക് അവരുടെ െ്രെഡവറാവാന്‍ ബുദ്ധിമുട്ടുണ്ടോ? ശമ്പളം എന്തുവേണമെന്ന് ദിനേശന്‍ തീരുമാനിച്ച് അറിയിച്ചാല്‍ മതി'.

നിര്‍മ്മല പലതും കിനാവുകണ്ടു. പട്ടിണിയും പരാധീനതയും ഇല്ലാത്ത ദിവസ്സങ്ങളിലേക്ക് ഒഴുകിയെത്തുന്ന ജീവിതം.  ഊനിഫോമിട്ട് സ്‌കൂള്‍ബസ്സിന് കാത്തുനില്ക്കുന്ന കുട്ടികള്‍. അവരുടെ ലഞ്ച്‌ബോക്‌സില്‍ ഇഷ്ടപ്പെട്ട ഭക്ഷണങ്ങള്‍, കാതുകളില്‍ ചെറിയ സ്വര്‍ണ്ണ ജിമിക്കികള്‍. പണം കടം പറയേണ്ടതില്ലാത്തൊരു ലോകത്തില്‍ അവള്‍ കിലോകണക്കിന് സ്വപ്നങ്ങള്‍ വാങ്ങിക്കൂട്ടി.

'നിന്നോടു ഞാന്‍ പറഞ്ഞിട്ടില്ലേ ആഷേച്ചിയുടെ മലയാളികൂട്ടുകാരിയെക്കുറിച്ച്. ഉഷ വിവാഹം കഴിച്ചിരിക്കുന്നത് ഒരു അമേരിക്കന്‍ സായിപ്പിനെയാണ്. അടുത്തതവണ ചേച്ചിയോടൊപ്പം അവരും ഉണ്ടാവും, സായിപ്പിന് കേരളം വീണ്ടും കാണണമെന്ന്'

ഒരിക്കലും കണ്ടിട്ടില്ലാത്ത ആ ദമ്പതികളെക്കുറിച്ച് ഒരു സാധാരണ കൗതുകം അവളിലുളവായി, പ്രത്യേകിച്ച് 'സായിപ്പ്' എന്ന് കേട്ടപ്പോള്‍.

'അയാള്‍ക്ക് ഒരു കുട്ടിയെ ദത്തെടുക്കണമെന്നുണ്ട്. പക്ഷെ ഉഷ സമ്മതിക്കുന്നില്ല. അവര്‍ക്ക് സ്വന്തരക്തത്തില്‍ പിറന്നൊരു കുട്ടി വേണം. അമേരിക്കയില്‍ മറ്റുസ്ത്രീകളുടെ ഗര്‍ഭപാത്രത്തില്‍ സ്വന്തം കുട്ടിയെ വളര്‍ത്തുവാന്‍ വലിയ പ്രതിഫലമാണ് ചോദിക്കുന്നത്'.

ഒന്നാമോണത്തിനും തൃക്കാക്കരയപ്പനോടുമൊപ്പം അനിതയുടെ ചേച്ചിയും കുടുംബവും അവധിക്കെത്തി. പിറ്റെദിവസം തന്നെ ദിനേശന്‍ അവരുടെ െ്രെഡവറായി ജോലിതുടങ്ങി. അവര്‍ അനിതയുടെ വീട്ടിലെത്തിയ ദിവസം നിര്‍മ്മലയും കുട്ടികളും അവരെ കാണുവാന്‍ പോയി. ആഷ കുട്ടികള്‍ക്ക് പല സമ്മാനങ്ങള്‍ കൊടുത്തപ്പോള്‍ അവരുടെ കണ്ണില്‍ പൂത്തിരി കത്തി. അതുകണ്ട് നിര്‍മ്മലയുടെ മനസ്സിരുണ്ടു. ഇല്ലായ്മ എന്നും അവളെ തളര്‍ത്തിയിരുന്നു.  വീട്ടിലെത്തിയപ്പോള്‍ സ്‌നേഹം കാട്ടി അടുത്തുവന്ന പൂച്ചയെ അവള്‍ കാലുകൊണ്ട് തട്ടിമാറ്റി. വൈകിട്ട് പ്രേമപൂര്‍വം അടുക്കലേക്ക് നീങ്ങിക്കിടന്ന ദിനേശനോട് ഉറക്കം വരുന്നുവെന്ന ഒഴിവുകഴിവു പറഞ്ഞു.

രേണുവും രേഷ്മയും ആഷ നല്കിയ കളിപ്പാട്ടങ്ങളുമായി കളിച്ചുകൊണ്ടിരിക്കയായിരുന്നു. മുറ്റത്ത് അങ്ങിങ്ങായി കിടന്ന അമേരിക്കന്‍  ചോക്കളേറ്റുകളുടെ വര്‍ണ്ണക്കടലാസുകളെ ചെറിയ ചുവന്നഉറുമ്പുകള്‍ പൊതിഞ്ഞിരുന്നു. നിര്‍മ്മല കുട്ടികള്‍ കളിക്കുന്നതും നോക്കി അലസമായി അരഭിത്തിയിലിരുന്നപ്പോളാണ് അനിത വന്നത്.

'ഞാനൊരുകാര്യം ചോദിച്ചാല്‍ ദേഷ്യപ്പെടുമോ'?
 
അത്ര നിശ്ചയമില്ലാത്തപോലെ അനിത നിര്‍മ്മലയുടെ മുഖത്ത് നോക്കി.

'ആഷേച്ചിയുടെ കൂട്ടുകാരി ഉഷക്കുവേണ്ടി നീ അവരുടെ കുഞ്ഞിനെ നിന്റെ ഗര്‍ഭപാത്രത്തില്‍ വളര്‍ത്താമോ? അവര്‍ കേരളത്തിലുള്ള ഒരു സ്ത്രീയെയാണ് അന്വേഷിക്കുന്നത്. ഇവിടത്തുകാരാവുമ്പോള്‍ അന്യോന്യം മനസ്സിലാക്കുവാനും  തമ്മില്‍ ഇടപഴകാനും എളുപ്പമുണ്ടല്ലോ.  അപ്പോള്‍ ഞാന്‍ നിന്നെയാണ് ഓര്‍ത്തത്. നിനക്ക് കുട്ടികളോടുള്ള സ്‌നേഹവും കരുതലും ഞാനെപ്പോഴും ശ്രദ്ധിക്കാറുണ്ട്. അവര്‍ നല്ലൊരു തുക പ്രതിഫലമായി തരും. നിനക്ക്  പണത്തിന്റെ ആവശ്യവും ഉണ്ടല്ലോ'.  അരുതാത്തതെന്തോ പറഞ്ഞതുപോലെ അവള്‍ ചുണ്ടുകള്‍ കടിച്ചമര്‍ത്തി.

ഓര്‍ക്കാപ്പുറത്തുള്ള ചോദ്യമായിരുന്നതുകൊണ്ട് നിര്‍മ്മല തരിച്ചിരുന്നു.

'സെറഗെറ്റ് മദേര്‍സ് എന്നാണവരെ വിളിക്കുന്നത്'

ഭ്രൂണം സെറഗെറ്റ് മദേര്‍സിന്റെ ഗര്‍ഭപാത്രത്തിലെത്തുംവരെയുള്ള ഘട്ടങ്ങള്‍ അവള്‍ വിവരിച്ചു കൊടുത്തു, ചേച്ചിപറഞ്ഞുകൊടുത്തതാവണം. ഇവിടെ വൈദ്യശാസ്ത്രം സ്രഷ്ടാവാകുന്നു. രതിയുടെ നിര്‍വൃതിയറിയാതെ ഭ്രൂണം ഒരു സ്ഫടികപാത്രത്തില്‍ ജനിക്കുന്നു. ദൈവശാസ്ത്രത്തെ മറികടന്ന് ജാതിനോക്കാതെ, മതം മറന്ന് ഭ്രൂണത്തെ പരസ്ത്രീയുടെ ഗര്‍ഭപാത്രത്തിലേക്ക് മാറ്റുന്നു.  തുടിക്കുന്ന ജീവന്‍ പൊക്കിള്‍ക്കൊടി വളര്‍ത്തി ഒരന്യസ്ത്രീയുടെ ചോരയും ഊര്‍ജ്ജവും തന്നിലേക്ക് വലിച്ച് വളര്‍ന്നുവലുതാവുന്നു.

എന്നിട്ടൊടുവില്‍ കുട്ടിജനിക്കുമ്പോള്‍, കൊച്ചുന്നാളില്‍ നാരായണേട്ടന്‍  മാടക്കടയിലെ കുപ്പിഭരണിയില്‍നിന്ന് നാരങ്ങാമുട്ടായി എടുത്തുകൊടുക്കുന്ന ലാഘവത്തോടെ സ്വന്തം മാതാവിന് കൊടുക്കുന്നു നിര്‍മ്മലക്ക് ആ ഐഡിയയുമായി അത്ര യോജിക്കാനായില്ല.

അന്നു രാത്രി ഉറങ്ങുവാന്‍ കിടന്നപ്പോള്‍  വാടകക്കെടുക്കുന്ന ഗര്‍ഭപാത്രങ്ങളും നാരായണേട്ടന്റെ കടയിലെ കുപ്പിഭരണിയിലെ മുട്ടായികളും അവളുടെ മനസ്സിലൂടെ പലവട്ടം കടന്നുപോയി. ഉണര്‍ന്നു കിടന്നിട്ടും അവള്‍ പല സ്വപ്നങ്ങള്‍ കണ്ടു. നാട്ടുവഴിയിലൂടെ പൊടിപടര്‍ത്തി പുതിയൊരു ഓട്ടോറിക്ഷ വരുന്നു. സുമുഖനായ െ്രെഡവറുടെ ചിരി ചന്ദ്രക്കലപോലെ നീണ്ടു മെലിഞ്ഞതായിരുന്നു. അയാളുടെ കുട്ടികള്‍ യൂണിഫോമിട്ട് സ്‌കൂള്‍ബസ്സ് കാത്തുനില്ക്കുമ്പോള്‍ അവരുടെ സംസാരത്തില്‍ ഇംഗ്ലീഷ് വാക്കുകളുടെ വഴുവഴുപ്പ്. പകല്‍വെളിച്ചത്തില്‍ അവളുടെ സ്വപ്നങ്ങള്‍ ഏറെ വ്യക്തമായിരുന്നു. കണ്ടസ്വപ്നങ്ങളത്രയും അവള്‍ക്ക് ഇഷ്ടമായി.

ദിനേശനെ കാര്യങ്ങള്‍ പറഞ്ഞുധരിപ്പിച്ച് സമ്മതിപ്പിക്കുവാന്‍  അവള്‍ വളരെ പ്രയാസപ്പെട്ടു.

'നിന്റെ ഗര്‍ഭപാത്രം വാടകക്ക് കൊടുത്തിട്ടുള്ള പണം എനിക്ക് വേണ്ട' ദിനേശന്‍ തറപ്പിച്ചു പറഞ്ഞു. ഇതിനെ ശരീരത്തിന്റെ കച്ചവട സാദ്ധ്യതകളില്‍ ഒന്നായിട്ട് അയാള്‍ കണ്ടു. ഒടുവില്‍ അയാളെ പറഞ്ഞുസമ്മതിപ്പിക്കുമ്പോള്‍ അകലെയല്ലാത്തൊരു ദിവസത്തില്‍ അവരുടെ ജീവിതം തളിര്‍ക്കുന്നതു കണ്ടു.

'ഞാന്‍ ഉഷയെ വിവരം അറിയിച്ചിട്ടുണ്ട്. അവര്‍ക്കുസമ്മതമെങ്കില്‍ അധികം താമസിയാതെ അവര്‍ എത്തും'. ആഷ മടങ്ങിപ്പോയി.

നിര്‍മ്മലയുടെ കുടുംബവും വീടിനു ചുറ്റുവട്ടവും ആഷയുടെ മൂവിക്യാമറയില്‍ പതിഞ്ഞത് സ്‌നേഹം നിറഞ്ഞ ഓര്‍മ്മകള്‍ക്കുവേണ്ടിയാണന്നുമാത്രം നിര്‍മ്മല വിചാരിച്ചു. ദിവസ്സങ്ങള്‍ കഴിഞ്ഞ് അകലെയുള്ള ഭൂഖണ്ഠത്തില്‍, ഉഷയും മാര്‍ക്കും നിര്‍മ്മലയുടെ കുടുംബത്തിനെ ടിവി സ്‌ക്രീനില്‍ കണ്ടു. നിര്‍മ്മലയുടെ വീടിന്റെ വരാന്തയില്‍ അവരുടെ കുഞ്ഞ് കൈകാലിട്ടടിക്കുന്നത് ഭാവനയില്കണ്ട് സ്വന്തം വയറ് തടവി ഉഷ ഊറിച്ചിരിച്ചു. ചെമ്പന്‍മുടിയും  പൂച്ചക്കണ്ണുകളുമുള്ള  അമേരിക്കന്‍ ഭര്‍ത്താവ് അവളുറ്റെ പൊക്കിള്‍ച്ചുഴിയില്‍ ഇക്കിളിയിട്ടു.

ഞാറുനടുവാന്‍ ഒരുക്കിയിട്ടിരിക്കുന്നൊരു പുഞ്ചകപ്പാടം അങ്ങ്, വിദൂരതയില്‍......

വീടും പരിസരവും നിര്‍മ്മല ആവോളം വൃത്തിയാക്കിയിട്ടിരുന്നു. അന്നൊരു ഞായറാഴ്ച്ചയായിരുന്നതിനാല്‍ കുട്ടികള്‍ വീട്ടിലുണ്ടായിരുന്നു. പ്രത്യേക അവസരങ്ങളില്‍ മാത്രം ധരിച്ചിരുന്ന ഉടുപ്പുകള്‍ അമ്മ അവരെ അണിയിച്ചപ്പോള്‍ എവിടേക്കെങ്കിലും യാത്രയുണ്ടാവും എന്നാണവര്‍ വിചാരിച്ചത്.

'രേണു, രേഷ്‌മേ, വീട് വൃത്തികേടാക്കരുത്, വിരുന്നുകാരുണ്ട്'

ബാക്കിയാവുന്ന മധുരപലഹാരങ്ങളുടെ സ്വാദ് നാവിന് നേരത്തെ വിട്ടുകൊടുത്ത് അവര്‍ അവരുടെ ഇമാജിനറി സുഹൃത്തുക്കളുമായി കളിയില്‍ ഏര്‍പ്പെട്ടു. പ്രത്യേകിച്ചൊരു ജോലിയില്ലാത്തതിനാല്‍ ദിനേശനും അതിഥികളെ പ്രതീക്ഷിച്ച് വരാന്തയില്‍ ഉണ്ടായിരുന്നു. വിശിഷ്ടാതിഥികള്‍ എത്തുമ്പോള്‍ കിട്ടുന്ന വറുത്ത മീനിന്റെ മണമില്ലാഞ്ഞിട്ടുതന്നെ അവരുറ്റെ പൂച്ചയിലും ഒരു ഉണര്‍വ്വ് കണ്ടു. ആരും അവളെ ശ്രദ്ധിക്കുന്നില്ലെന്നു കണ്ടപ്പോള്‍ പൂച്ച കിടപ്പുമുറിയില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്ക് കൂട്ടിരുന്നു.

മുറ്റത്ത് മഴവെള്ളം  ചെളികലര്‍ന്ന് കിടന്നിരുന്നു. വന്നപാടെ ചെരുപ്പഴിച്ച് വരാന്തയില്‍ ഇടുവാന്‍ ശ്രമിച്ച സായിപ്പിന്റെ വെളുത്തുതുടുത്ത കാലിലേക്ക് നിര്‍മ്മല  നോക്കി.

'അനിതേ, ചെരുപ്പഴിക്കേണ്ടന്നു പറയു'. അയാളുടെ വെളുത്തുചുവന്ന  കാലുകള്‍ക്ക് ഉമ്മറത്തിണ്ണയിലെ പൊടിയും ചവിട്ടുമെത്തയിലെ ചകിരിയും താങ്ങാനാവില്ലെന്നുതോന്നി.

കാപ്പിയും പലഹാരവും കഴിക്കുന്നതിനിടയില്‍ അവര്‍ അന്യോന്യം അറിയുവാന്‍ ആവതും ശ്രമിച്ചു. പോകുവാനിറങ്ങിയപ്പോള്‍ ദിനേശന്റെ കൈപിടിച്ചു കുലുക്കി 'പിന്നെക്കാണാം' എന്ന് സായിപ്പ് അവ്യക്തമായ മലയാളത്തില്‍ പറഞ്ഞു.
 
ഉഷയുടെ മനസ്സില്‍ പലതും വ്യക്തമായിരുന്നു.

'നിന്റെ ശരീരം  മറ്റൊരാള്‍ക്ക് വാടകക്ക് കൊടുക്കുന്നതുപോലെ'.
അങ്ങനെ ചിന്തിക്കരുതെന്ന് ദിനേശന്റെ ചുണ്ടത്ത് ചൂണ്ടുവിരല്‍വെച്ച് നിര്‍മ്മല വിലക്കി.

'ഇത് നമ്മുക്ക് കിട്ടുന്ന വാടകപ്പണമല്ല ദിനേശേട്ടാ. കുട്ടികളോടും, ദിനേശേട്ടനോടുമുള്ള എന്റെ സ്‌നേഹത്തിന്റെ വിലയല്ലേ'? അവള്‍ ചിരിച്ച് കാര്യം നിസ്സാരമാക്കി.

എല്ലാം തീരുമാനിച്ചുറപ്പിച്ച് കരാറുകളില്‍ ഒപ്പിട്ടതിനുശേഷം ഉഷയും മാര്‍ക്കും നിര്‍മ്മലയുടെ വീട്ടിലേക്ക് വീണ്ടും വന്നു. ഇത്തവണ ഒരു ചെറിയ പെട്ടിനിറയെ അമേരിക്കന്‍ സാധനങ്ങള്‍. എല്ലാം  നേരത്തെ തീരുമാനിച്ചുറപ്പിച്ചിരുന്നതുപോലെ രേണുവിനും രേഷ്മക്കും പാകമാകുന്ന  പലതരം ഉടുപ്പുകള്‍, കളിക്കോപ്പുകള്‍, ദിനേശന് റ്റീഷര്‍ട്ടുകള്‍, നിര്‍മ്മലക്ക് പെര്‍ഫുമെ,  കനം കുറഞ്ഞ കൊറേല്‍ ഡിന്നര്‍പ്ലേറ്റുകള്‍. ഇതൊരു തരക്കേടില്ലാത്ത സംഗതിയാണന്ന് നിര്‍മ്മല ചിന്തിക്കാതിരുന്നില്ല. കുട്ടികള്‍  പിങ്ക് ഞൊറിയുള്ള  അമേരിക്കന്‍ ഉടുപ്പുകളിട്ട് അവരുടേതായൊരു ലോകത്തിലെ രാജകുമാരികളായി കളിതുടര്‍ന്നു.

ദിനേശന്‍ മാത്രം അസ്വസ്ഥനായിക്കണ്ടു. നിര്‍മ്മലയെ ഒരു കച്ചവട ഉരുപ്പടിയാക്കി മാറ്റിയൊ എന്നയാള്‍ ഭയപ്പെട്ടു.

തുടര്‍ന്നുള്ള കുറെ ദിവസങ്ങളില്‍ അവര്‍ ആശുപത്രി പലതവണ കയറിയിറങ്ങുകയും ഡോക്ടേര്‍സുമായി പല കൂടിക്കാഴ്ചകള്‍ നടത്തുകയും ചെയ്തു.  പടിഞ്ഞാറുനിന്നടിച്ച കായല്ക്കാറ്റുപോലും ആകാംക്ഷയോടെ അവിടെയെല്ലാം പരതിനടന്നു. അമ്മക്ക് എന്തോ അസുഖമായതുകൊണ്ടാണ്  ആശുപത്രിയില്‍ പോവുന്നതെന്ന് രേണു ഭയന്നു. അമ്മക്ക് അസുഖമൊന്നുമില്ലെന്ന് ദിനേശന്‍ അവളെ പറഞ്ഞുമനസിലാക്കി.

സ്ഫടികപ്പാത്രത്തില്‍  ജീവന്റെ കോശങ്ങള്‍ പെരുത്തു.

നിര്‍മ്മലയുടെ ഗര്‍ഭപാത്രത്തിന്റെ വാടക അലമാരക്കുള്ളിലെ ഈര്‍പ്പത്തില്‍ തണുത്തിരുന്നപ്പോള്‍ അവള്‍ കുറച്ചുദിവസം ആശുപത്രിയിലായിരുന്നു. കുട്ടികളെ സ്‌കൂളിലേക്ക് അയക്കുവാന്‍ ധൃതിവെച്ച് തയ്യാറാക്കുമ്പോള്‍ ഇതൊന്നും വേണ്ടിയിരുന്നില്ലെന്ന് ദിനേശന് തോന്നി.

നിര്‍മ്മല ആശുപത്രിവിടുമ്പോള്‍ ഉഷയവളെ കെട്ടിപ്പിടിച്ചു.

'എല്ലാം ഇതുവരെ ഭംഗിയായി നടന്നുവല്ലോ, ഞാനിന്ന് അതീവ സന്തോഷവതിയാണ്'

മാര്‍ക്കിനും അവളെ കെട്ടിപ്പിടിച്ച് സന്തോഷം അറിയിക്കണമെന്ന് തോന്നിയെങ്കിലും അത് കേരളസംസ്‌കാരത്തിന് യോജിക്കില്ലെന്നോര്‍ത്ത് നിര്‍മ്മലക്ക് ഹൃദയം തുറന്ന ചിരിമാത്രം നല്കി.

അന്നുരാത്രി ഉറങ്ങുവാന്‍ കിടന്നപ്പോള്‍ പണ്ട് സയന്‍സ് ക്ലാസില്‍ പഠിച്ച സെല്‍ഡിവിഷ്യനുകള്‍ ഓര്‍ത്തെടുക്കുവാന്‍ ദിനേശന്‍ ശ്രമിച്ചു. ദിനേശന് അവളോട് ചേര്‍ന്നുകിടക്കുവാന്‍ സങ്കോചം തോന്നി. അവളിപ്പോള്‍ വേറാരുടെയോ ആണന്നൊരു തോന്നല്‍.

പുറത്ത് മഴ തകര്‍ത്തുപെയ്യുന്നുണ്ടായിരുന്നു. ഈറന്‍കാറ്റ് മുറിയിലെത്തി കാമത്തോടെ അവളെ തഴുകി. അവള്‍ക്ക് കുളിരുതോന്നി. അയാള്‍ ഒന്നിളകികിടന്നപ്പോള്‍ സ്ഥാനംതെറ്റിയ പുതപ്പ്.  അവള്‍ ദിനേശനെ തന്നോടടുപ്പിച്ച് പ്രേമപൂര്‍വ്വം ചുംബിച്ചു. 

'ഇന്ന് നിര്‍ത്താതെ മഴപെയ്യുന്നതുകൊണ്ടാവണം വാതത്തിന്റെ ശല്യം'. പുതപ്പ് വലിച്ചിട്ട് ദിനേശന്‍ തിരിഞ്ഞുകിടന്നു.

കാറ്റ് വീശിയടിച്ചു. വഴിവിളക്ക് കെട്ടു. വഴിതെറ്റിവന്ന വെള്ളത്തുള്ളികള്‍ അവളുടെ ദേഹത്ത് ശിരസ്സറ്റ് വീണു.

മാര്‍ക്കിനെയും ഉഷയെയും കാണുമ്പോഴൊക്കെ ദിനേശന്‍ അസ്വസ്ഥനായി. ആരും അയാളെ ശ്രദ്ധിക്കുന്നതേയില്ല. ഇപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ നിര്‍മ്മലയിലാണ്.

ചെക്കപ്പ് മുടക്കരുതെന്നും ദിവസവും വിറ്റാമിന്‍ കഴിക്കണമെന്നും ഉഷ പലവട്ടം നിര്‍മ്മലയോട് പറഞ്ഞു. എല്ലാം ശരിയായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തിയതിനുശേഷം മാര്‍ക്കും ഉഷയും അമേരിക്കയിലേക്ക് മടങ്ങി.

ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന ചില രാത്രികളില്‍ അവള്‍ മാര്‍ക്കിനെയും  ഉഷയെയുംകുറിച്ച് ചിന്തിച്ചു.  മാര്‍ക്ക് തൊട്ടടുത്ത് കിടക്കുന്നുവെന്നും അയാളുടെ വെളുത്ത, മസിലു നിറഞ്ഞ, ശരീരമാണ് താന്‍ സ്പര്‍ശിക്കുന്നതെന്നും സങ്കല്പ്പിച്ചപ്പോള്‍ അവള്‍ക്കു നാണം തോന്നി. നാട്ടിന്‍പുറത്തിന്റെ നിഷ്‌കളങ്കതയോടെ വിരല്കടിച്ചു. ഇരുട്ടായതിനാല്‍ അവളുടെ മുഖത്തുപരന്ന ഊറിച്ചിരി ദിനേശന് കാണാനാവില്ലെന്നും അയാള്‍ ഉറക്കമാണെന്നും അവള്‍ സമാധാനിച്ചു.

നാട്ടിന്‍പുറത്താകെ മീനമാസച്ചൂടുപോലെ ന്യൂസ് പരന്നു. നാട്ടുകാര്‍ അവളുടെ ഉദരത്തെ കണ്ണുകള്‍ക്കൊണ്ട് കുത്തിനോവിച്ചു. അവളുടെ ഉദ്ദേശ്യശുദ്ധിയെ ചുണ്ടുകള്‍ക്കൊണ്ട് കൊത്തിപ്പറിച്ചു. മെഡിക്കല്‍ സയന്‍സിന്റെ യാഥാര്‍ത്ഥ്യത്തെ മാറ്റിമറിച്ച് 'സായിപ്പിനോടൊപ്പം ഉറങ്ങിയവള്‍' എന്ന് പരിഹസിച്ചു. ഒരുദിവസം അവരുടെ വീടിനുമുന്നില്‍ 'വാടകക്ക്' എന്നൊരു ബോര്‍ഡുതന്നെ വയ്ക്കുവാന്‍ ഏതൊ കുസൃതിചെറുക്കന്‍ മടിച്ചില്ല. ദിനേശന്‍ ആകെ തകരുകയായിരുന്നു.

ആഷ അവളുടെ ക്ഷേമം അന്വേഷിച്ച് പലപ്പോഴും വന്നു, അവള്‍ക്കിഷ്ടപ്പെട്ട പച്ചമാങ്ങച്ചമ്മന്തിയുമായി. അല്ലെങ്കില്‍ പുളിയിട്ട് വേവിച്ച മീന്‍കറിയുമായി.

'അമ്മേ, നമുക്കൊരു കുഞ്ഞാവ ഉണ്ടാവാന്‍ പോവാണോ' അവളുടെ വീര്‍ത്തവയറില്‍ രേഷ്മ  തടവി. അവളുടെ കണ്ണുകളിലും രേണുവിന്റെ കൈകളിലും സന്ധ്യാവിളക്ക് തെളിഞ്ഞു . അത് അണച്ചു കളയുവാന്‍ മനസ്സില്ലാതെ നിര്‍മ്മല അതെയെന്നു മാത്രം മറുപടിനല്കി.

കുട്ടി അവളുടെ  വയറില്‍ ആഞ്ഞുചവുട്ടുന്നുണ്ടായിരുന്നു. നിര്‍മ്മല രേഷ്മയുടെ കൈകള്‍ തന്റെ വയറിനോട് ചേര്‍ത്തുപിടിച്ചു.

'കുഞ്ഞാവക്ക് നമ്മള്‍ എന്താ പേരിടുക? രമ്യേന്നുമതി'. പെണ്‍കുട്ടിയാണന്ന് നേരത്തെ അറിഞ്ഞിരുന്നതിനാല്‍  അവള്‍ പെണ്‍കുട്ടിയുടെ പേരാണ് തിരഞ്ഞെടുത്തത്.

'ഞാനൊരു കാര്യം പറഞ്ഞാല്‍ എന്റെ മോള് ശ്രദ്ധിച്ചു കേള്‍ക്കുമോ'? അവള്‍ രേഷ്മയെ അരികിലേക്ക് ചേര്‍ത്തുനിര്‍ത്തി.

'ഈ കുഞ്ഞാവയുടെ അച്ഛനും അമ്മേം അങ്ങ് അമേരിക്കയിലാ. അവര്‍ അമ്മയുടെ വയര്‍ കുഞ്ഞാവക്ക് വളരാന്‍ വാടകക്ക് എടുത്തിരിക്കുകയാ'

അവളുടെ കണ്ണുകളില്‍ സംശയത്തിന്റെ നാളങ്ങള്‍ തെളിഞ്ഞു.

'മോളറിയില്ലേ സുമതി ടീച്ചറിനെ? അവര്‍ അമ്മിണിചിറ്റയുടെ വീട്ടില്‍ മുറി വാടകക്ക് എടുത്ത് താമസിക്കുന്നില്ലേ. സുമതിടീച്ചര്‍ സ്‌കൂള്‍ പൂട്ടുമ്പോള്‍ വീട്ടിലേക്ക് പോവുമ്പോലെ കുഞ്ഞാവ പിറന്നുകഴിയുമ്പോള്‍ അവളുടെ അച്ഛന്റേം അമ്മേടേം വീട്ടിലേക്ക് പോവും, അങ്ങുദൂരെ, അമേരിക്കയില്‍. അതുവരെ ഇവിടെ അമ്മേടെ വയറിനുള്ളില്‍ കഴിയും'

'വേണ്ട, അവര്‍ക്ക് കൊടുക്കേണ്ട. അപ്പോപിന്നെ നമ്മള്‍ കുഞ്ഞാവെ കാണുന്നതെങ്ങനയാ?'. അവള്‍ ചിണുങ്ങി.

'എല്ലാവര്‍ഷവും രേണൂനും രേഷ്മക്കും സ്‌കൂള്‍ പൂട്ടുമ്പോള്‍ കുഞ്ഞാവ നിങ്ങളോടൊപ്പം കളിക്കാന്‍ ഇങ്ങെത്തില്ലേ'?

ദിനേശനപ്പോള്‍ മൂടിക്കെട്ടിയ മാനം താഴേക്കിറങ്ങി വന്നതുപോലെ  മുറ്റത്ത് നടക്കുകയായിരുന്നു. നിര്‍മ്മല കുട്ടികള്‍ കാണാതെ കണ്ണുകള്‍ തുടച്ചു.

എല്ലാം പെട്ടന്ന് മാറ്റിമറിച്ചത് ടി വി ചാനലുകാരാണ്. ഗര്‍ഭംചുമക്കുവാന്‍  കഴിവില്ലാത്തൊരു മറുനാടന്‍ മലയാളിസ്ത്രീയെ സഹായിക്കുവാന്‍  സന്നദ്ധയായ നിര്‍മ്മലയെ  ലോകത്തിന് കാണിച്ചുകൊടുക്കുകയെന്നതായിരുന്നു അവരുടെ ഉദ്ദേശ്യം. ഇന്റെര്‍വ്യൂ സമയത്ത് നിര്‍മ്മലയുടെ മഹാനമസ്‌കതയെ അവര്‍ വാനോളം പുകഴ്തി. 'വാടകക്ക്' എന്ന ബോര്‍ഡ് വീടിനുമുന്നില്‍വെച്ച കുസൃതിചെക്കനും ചാനലുകാരുറ്റെ വാനും ഉപകരണങ്ങളും കാണുവാന്‍ വീട്ടുമുറ്റത്തുണ്ടായിരുന്നു. അമേരിക്കന്‍ റ്റീഷര്‍ട്ട് ഇട്ട് അവളോടൊപ്പമിരുന്ന ദിനേശന്‍, ഭാര്യയുടെ ഈ തീരുമാനത്തിനെ താന്‍ വളരെയധികം സപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് ടിവിക്കാരോട് തറപ്പിച്ചു പറഞ്ഞു. 

പിറ്റേന്ന് പ്രത്യേക ഉന്മേഷത്തോടെയാണ് 'വാടക' കിട്ടിയ പണം കൊണ്ട് വാങ്ങിയ ഓട്ടോറിക്ഷയുമായി ദിനേശന്‍ സ്റ്റാന്‍ഡിലേക്ക് പോയത്. ജീവിതത്തിലേക്ക് തെളിനീരൊഴുകി.

നിര്‍മ്മലയുടെ പ്രസവസമയം അടുത്തപ്പോള്‍ കര്‍ക്കിടകമാസത്തിന്റെ ഒടുവില്‍ ഉഷയും മാര്‍ക്കും അമേരിക്കയില്‍ നിന്നെത്തി. നിര്‍മ്മലയെ കണ്ടപ്പോള്‍ ഉഷ അവളെ കെട്ടിപ്പിടിച്ച് അവളുടെ വയറില്‍ തടവി കുട്ടിയെ  'എന്റെ മോളേ, സ്വീറ്റി' എന്നു നിര്‍ത്താതെ വിളിച്ചു.

അച്ഛന്റെയും അമ്മയുടെയും സാമീപ്യം കൊണ്ടോ  അമ്മയുടെ ആദ്യസ്പര്‍ശം കൊണ്ടോ കുട്ടി നിര്‍മ്മലയുടെ വയറില്‍ ആഞ്ഞുചവുട്ടുന്നുണ്ടായിരുന്നു. ജീവിതത്തില്‍ ഇതുവരെ അനുഭവിച്ചിട്ടില്ലാത്തൊരു മാതൃവികാരം ഹോര്‍മോണുകളുടെ സഹായമില്ലാതെ ഉഷ അറിഞ്ഞു. അവളുടെ സ്‌നേഹവും വികാരവും ഉള്ളില്‍നിന്ന് ഒരു ഉറവയായി പൊട്ടി കണ്ണീരായി  ഒഴുകി. മാര്‍ക്കിനും നിര്‍മ്മലയുടെ വയറില്‍തൊട്ട് കുട്ടി അനങ്ങുന്നത് അറിയണമെന്ന ആഗ്രഹമുണ്ടായി.  അത് ശരിയല്ല എന്ന് അറിയാവുന്നതിനാല്‍ ഭാര്യയെ കഴുത്തിലൂടെ കയ്യിട്ട് ചേര്‍ത്തുപിടിച്ചു. 


'നിര്‍മ്മലേ, മാര്‍ക്ക് നിങ്ങളുടെ വയറില്‍ തൊട്ട് മോള്‍ അനങ്ങുന്നത് ഒന്നറിഞ്ഞോട്ടെ?'

അത് ഏതൊരു അച്ഛന്റെയും  ആത്മാര്‍ഥത നിറഞ്ഞ ആഗ്രഹമാണെന്നും അവകാശമാണെന്നും നിര്‍മ്മലക്ക് തോന്നി.

സ്വന്തം കുഞ്ഞിന്റെ ആദ്യത്തെ സ്പര്‍ശം. അയാളുടെ പൂച്ചക്കണ്ണുകളില്‍ സന്തോഷത്തിന്റെ നാളങ്ങള്‍ പുളഞ്ഞു. ചിരിയില്‍ മാനത്തെ നക്ഷത്രങ്ങളത്രയും തെളിഞ്ഞു.
 
വീണ്ടും അനേകം സമ്മാനങ്ങള്‍ നിര്‍മ്മലയുടെ വീട്ടിലെത്തി. ആകാശം ഇരുണ്ടുമൂടിക്കിടന്നിട്ടും ഇടക്കിടെ വന്നുമറയുന്ന സൂര്യനെപ്പോലെ രേണുവിന്റെയും രേഷ്മയുടെയും മുഖങ്ങള്‍ തെളിഞ്ഞു.
 
തിരുവോണത്തിന് ഒരാഴ്ച മുമ്പാണ് അവളെ ആശുപത്രിയില്‍ എത്തിച്ചത്. തിരപോലെ അവള്‍ക്കു പ്രസവവേദന വന്നു. തീരത്തിന്റെ അനുവാദം നോക്കാതെ, ഒന്നിനുപുറകെ ഒന്നായി, ഒന്നിനേക്കാള്‍ വലുപ്പമേറിയ മറ്റൊരു തിര. മാര്‍ക്കും ഉഷയും അശുപത്രിയുടെ വെയിറ്റിങ്ങ്‌റൂമില്‍ ആകാംക്ഷയോടെയിരുന്നു. വേണ്ടപ്പെട്ടവര്‍ പ്രസവമുറിയില്‍  നില്ക്കുവാന്‍ പ്രോത്സാഹിപ്പിക്കുന്ന അമേരിക്കന്‍ സമ്പ്രദായം ഇന്ത്യയിലും ഉണ്ടായിരുന്നെങ്കില്‍ എന്നവര്‍ ആശിച്ചു. പൊക്കിള്‍കൊടി മുറിക്കുവാന്‍ കുഞ്ഞിന്റെ അച്ഛനെ അനുവദിക്കുമായിരുന്നുവെന്ന് മാര്‍ക്ക് ഓര്‍ത്തു.

കുഞ്ഞിനെ നിര്‍മ്മല കൈകളിലെടുത്തു. അവള്‍ക്ക് കറുത്ത കണ്ണുകളും കറുത്തമുടിയും ഉണ്ടായിരുന്നില്ല. കുഞ്ഞിന്റെ ചെമ്പന്‍ മുടിയില്‍ നിര്‍മ്മല ഉമ്മവച്ചു. കുഞ്ഞുവിരലുകള്‍ പിടിച്ചു നിവര്‍ത്തി. കുഞ്ഞ് അവളെ അഗോളഭാഷയില്‍ 'അമ്മേ' എന്നുവിളിച്ചു. അവളുടെ മാംസളമായ മാതൃത്വം കുഞ്ഞിന്റെ വായറിഞ്ഞു. അവളുടെ സ്‌നേഹം കുഞ്ഞ് വലിച്ചുകുടിച്ചു. അവരുടേതുമാത്രമായ, അവര്‍ക്കുമാത്രമായ ധന്യനിമിഷം. നിര്‍മ്മല കരഞ്ഞു.  കുഞ്ഞിന്റെ സ്വന്തം അമ്മ ഉഷക്ക് ഒരിക്കലും അനുഭവിക്കാനാവില്ലാത്ത പരിശുദ്ധ നിമിഷം. ജനിതക കോവണി കയറാതെയെത്തിയ  മാതൃവികാരങ്ങള്‍ അവളില്‍ വന്നുതുളുമ്പി.

മാര്‍ക്കും ഉഷയും മുറിയിലേക്ക് കയറിവന്നു.  നിര്‍മ്മല കണ്ണുകള്‍ തിരുമ്മി വീണ്ടും തുറന്നു.  കുഞ്ഞിനെ ഇറുകെപ്പിടിച്ചു.

കുഞ്ഞിന് അമേരിക്കന്‍ കുഞ്ഞുടുപ്പുകള്‍, സോപ്പുകള്‍ , പൗഡര്‍. മുറിയിലാകെ അമേരിക്കന്‍ മണം നിറഞ്ഞുനിന്നു. പരുക്കന്‍ കോട്ടണ്‍ കുഞ്ഞിനെ നോവിപ്പിക്കുമോയെന്ന് ഭയക്കുമ്പോലെ നിര്‍മ്മലക്കിടുവാന്‍ മാര്‍ദ്ദവമുള്ള അമേരിക്കന്‍ നൈറ്റികള്‍.

'രമ്യ മോളെ'

കുഞ്ഞിന്റെ മൃദുവായ കൈകളില്‍ തടവി രേഷ്മ വിളിച്ചു. അവളുടെ ബേര്‍ത്ത്‌സര്‍ട്ടിഫിക്കറ്റില്‍ ഉഷയും മാര്‍ക്കും തിരഞ്ഞെടുത്ത പേരാണ് എഴുതപ്പെടുന്നതെന്ന് അവളോട് പറഞ്ഞില്ല.

മാര്‍ക്കും ഉഷയും കുഞ്ഞിന്റെ ശുശ്രൂഷ പരിപൂര്‍ണ്ണമായും ഏറ്റെടുത്തു. ഇതൊക്കെ അവള്‍ നേരത്തെ പ്രതീക്ഷിച്ചതാണെങ്കിലും ദുഖവും നിരാശയും തോന്നി. അവള്‍ മൗനത്തിലേക്ക് പതിയെ മുങ്ങുകയായിരുന്നു.

'നിര്‍മ്മലേ, നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഞങ്ങളെ വിളിക്കുവാനുള്ള സ്വാതന്തൃയമുണ്ട്. വിളിക്കുമല്ലോ. കുഞ്ഞിന് രണ്ട് അച്ഛനും അമ്മയും ഉണ്ടെന്ന് വിചാരിച്ചാല്‍ മതി. എല്ലാത്തിനും വളരെ നന്ദി'. തിരികെ പോവും മുമ്പ് നിര്‍മ്മലയെ കെട്ടിപ്പിടിച്ച് ഉഷ പറഞ്ഞു.

ഉഷയോട് ചോദിച്ചുവാങ്ങിയ കുഞ്ഞുടുപ്പിലെ കുഞ്ഞിന്റെ മണം അവളെ കരയിച്ചു. ഉപയോഗം കഴിഞ്ഞ് ആര്‍ക്കും വേണ്ടാതെ വലിച്ചെറിഞ്ഞപ്പോളുടഞ്ഞ പാത്രം പോലെ അവള്‍ തകര്‍ന്നു. ആര്‍ക്കും അവളെ വേണ്ട. ഒന്‍പതിലേറെ മാസങ്ങള്‍ അവള്‍ വയറ്റില്‍ കൊണ്ടുനടന്ന കുഞ്ഞിനുപോലും.

നാരായണേട്ടന്റെ കടയില്‍ കാലിയായകുപ്പിഭരണികള്‍...

സ്‌നേഹത്തിന്റെ നീര് പിഴിഞ്ഞുകളഞ്ഞിട്ടും കുഞ്ഞിനെ പാലൂട്ടാന്‍ സമയമായെന്ന് ഇടക്കിടെ ശരീരം ഓര്‍മ്മിപ്പിച്ചു. അവളുടെ മാര്‍ദ്ദവമേറിയ അമേരിക്കന്‍ ഹൗസ്‌കോട്ടില്‍ മാതൃത്വത്തിന്റെ നനവ് പടര്‍ന്നു. പലപ്പോഴും ഒറ്റക്കിരിക്കുവാന്‍ അവള്‍ ഇഷ്ടപ്പെട്ടു, ഏകാന്തമായൊരു ദ്വീപിലെത്തിയപ്പോള്‍ തുഴയെറിഞ്ഞ് കളഞ്ഞവളായി. വെറുതെയിരിക്കുമ്പോള്‍ കരയുവാന്‍ തോന്നുന്നു. മറ്റ് രണ്ട് പ്രസവത്തിനുശേഷവും ഇല്ലാതിരുന്ന ഒരുതരം മൂകത. ചുറ്റും വലയം സൃഷ്റ്റിക്കുന്ന മൗനത്തിലേക്ക് മനസ്സ് ആഴ്ന്നുപോവുന്നു.

'നിനക്ക് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ ആയിരിക്കും എന്ന് ആഷേച്ചി പറയുന്നു. നമുക്കൊരു ഡോക്ടറെ കാണാം. പ്രസവത്തിനുശേഷം ഇങ്ങനെ ചിലര്‍ക്ക് മൗനം വരുമത്രെ'. അങ്ങനെയാണ് അനിതയോടൊപ്പം ഡോക്ടറെ കണ്ടതും അവള്‍ക്ക് ഗുളികകള്‍ കുറിച്ചുകിട്ടിയതും.

രേണുവും രേഷ്മയും ടൗണിലെ സ്‌കൂള്‍ ബസ്സില്‍ വീട്ടിലെത്തുമ്പോഴേക്കും വളരെ വൈകുന്നു. അവരുടെ സംസാരത്തില്‍ അവള്‍ക്ക് മനസ്സിലാവാത്ത പല ഇംഗ്ലീഷ് വാക്കുകള്‍. ദിനേശന്‍ അയാളുടെ  ഓട്ടോറിക്ഷ എന്നും കഴുകിത്തുടച്ചു.

ഉഷയുടെ എഴുത്തുകള്‍ ആദ്യകാലങ്ങളില്‍ വന്നിരുന്നു. ചിലപ്പോഴൊക്കെ പോസ്റ്റില്‍ ഫോട്ടോകളും ചെറിയ കുറിപ്പുകളും

ക്രിസ്റ്റീന ഇപ്പോള്‍ കമഴ്ന്നുവീഴുന്നു, അവള്‍ക്ക് മാര്‍ക്കിന്റെ മുടിയും കണ്ണുകളുമാണ്.

ക്രിസ്റ്റീന ഇപ്പോള്‍ നീന്തിനടക്കുന്നു....

ക്രിസ്റ്റീന പിടിച്ചു നടക്കുവാന്‍ തുടങ്ങി....

പിന്നെ കുറെനാള്‍ എല്ലാം നിശബ്ദം.

അവര്‍ മൂന്നാളുടെയും സ്വകാര്യജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലുവാന്‍ മടിച്ച് നിര്‍മ്മലയും ഉഷക്ക് കത്തുകള്‍ അയച്ചില്ല. അവള്‍ അവരുടെ ആരുമല്ലല്ലോ

നിര്‍മ്മല എന്നും കുഞ്ഞിനെക്കുറിച്ച് ഓര്‍ത്തു. ഓര്‍മ്മകള്‍ പൂക്കുന്ന പകലിന്റെ ഏകാന്തതയില്‍ കുഞ്ഞിനെ മനസ്സില്‍ അടുക്കിപ്പിടിച്ച് കരഞ്ഞു.

പൊന്നിന്‍ ചിങ്ങം വീണ്ടും വന്നു, ജീവനുള്ള പല ഓര്‍മ്മകളും പേറി.

രേണുവാണ് അവരുടെ തീരുമാനം നിര്‍മ്മലയെ അറിയിച്ചത് 'ഞങ്ങള്‍ക്ക് ഈ വര്‍ഷം ഓണക്കോടി വേണ്ട. ആ കാശിന് നമുക്ക് രമ്യേടെ ബേര്‍ത്ത്‌ഡേക്ക് അമേരിക്കേലേക്ക് വിളിക്കാം. രമ്യേടെ വര്‍ത്തമാനോം ചിരീം കേക്കാല്ലോ'.

നിര്‍മ്മലയുടെ നെഞ്ചില്‍ ആരോ ഭാരമുള്ളതെന്തോ ഇറക്കിവെച്ചതു പോലെ. തൊണ്ടയില്‍ എന്തോ വന്നു കുടുങ്ങുന്നു.

പിറന്നാള്‍ ദിവസം അവര്‍ കാലത്തെഴുന്നേറ്റ്  ടെലഫോണ്‍ബൂത്തിലേക്ക് പോകുവാന്‍ തയ്യാറായി. കുട്ടികള്‍ അല്പ്പം പാകമല്ലാതായിത്തുടങ്ങിയ അമേരിക്കന്‍ ഉടുപ്പുകള്‍ ധരിച്ചിരുന്നു.

അല്പ്പം നെഞ്ചിടിപ്പോടെ നിര്‍മ്മല നമ്പര്‍ ഡയല്‍ ചെയ്തു.

അതിഥികളുടെ സൗകര്യം പ്രമാണിച്ച് ഒരുദിവസം നേരത്തെ, ശനിയാഴ്ച വൈകിട്ട് ക്രിസ്റ്റീനയുടെ ബേര്‍ത്ത്‌ഡെ പാര്‍ട്ടി തകൃതിയായി നടക്കുകയായിരുന്നു. അപ്പോഴാണ് ടെലഫോണടിച്ചത്.

'മാര്‍ക്ക്, ഇപ്പോള്‍ ടെലഫോണ്‍ എടുക്കേണ്ട. നാട്ടീന്ന് അച്ഛനും അമ്മയും പിന്നെ വേണ്ടപ്പെട്ടവരെല്ലാം വിളിച്ചുകഴിഞ്ഞു. കോള്‍ വോയിസ് മെയിലിലേക്ക് പോകട്ടെ. മാര്‍ക്ക്, ഹണീ, ഒന്നു വേഗം വരു. ഇവിടെ എല്ലാവരും കേക്ക് മുറിക്കുവാന്‍ വെയ്റ്റ് ചെയ്യുന്നു' ടെലഫോണ്‍ എടുക്കുവാന്‍ തുനിഞ്ഞ മാര്‍ക്കിനോട് ഉഷ ഉറക്കെ പറഞ്ഞു.

'ഹാപ്പി ബേര്‍ത്ത്‌ഡെ റ്റു യു, ഹാപ്പി ബേത്ത്‌ഡേ റ്റു യു ക്രിസ്റ്റീന'. അതിഥികള്‍ പാടി. പാട്ടിന്റെ വീചികള്‍ വായുവിലലിയാതെ, മേഘങ്ങളറിയാതെ നിര്‍മ്മലയുടെ കൊച്ചുഗ്രാമത്തിലും എത്തിയിരിക്കണം.

നിര്‍മ്മല റിസീവര്‍ തിരികെ വെച്ച് കുട്ടികളെ നോക്കി. നനവുള്ള സാരിത്തലപ്പുയര്‍ത്തി അവള്‍ കുട്ടികളുടെ കണ്ണുകളും തുടച്ചു.



സമകാലിക മലയാളം വാരിക, 2009 ജൂലായ്


Join WhatsApp News
umesh vallikkunnu 2013-10-09 19:37:45
ഔട്ട്‌ സോഴ്സ്ഡ്  ഗംഭീര കഥകയാണ്. സത്യം പറഞ്ഞാൽ ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല.

വിങ്ങലും വീർപ്പുമുട്ടലുമൊക്കെയാണ് മനസ്സിൽ. ഒരു വല്ലാത്ത അവസ്ഥ.... 

കഥാപാത്രത്തിന്റെ ഉള്ളിലേക്ക് വായനക്കാരനെയും വലിച്ചു കയറ്റി കൊണ്ടു പോകുകയാണ്......
.
റിട്ടേണ്‍ ഫ്ലൈറ്റ് കിട്ടുന്നത് വരെ വായനക്കാരൻ ആ മനസ്സിന്റെ മുള്ളുവേലികളിൽ കുടുങ്ങി ക്കിടക്കുകയാണ്...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക