Image

വിടചൊല്ലും ഭാരതാംബ (കവിത: പീറ്റര്‍ നീണ്ടൂര്‍, ന്യൂയോര്‍ക്ക്‌)

Published on 29 September, 2013
വിടചൊല്ലും ഭാരതാംബ (കവിത: പീറ്റര്‍ നീണ്ടൂര്‍, ന്യൂയോര്‍ക്ക്‌)
ജീര്‍ണിച്ചതാം ക്ഷേത്രമുറ്റത്തു നിന്നിട്ടുക
ജീര്‍ണതയ്‌ക്കുത്തരം തേടുന്ന വേളയില്‍
മൂകതയെങ്ങും തളം കെട്ടി നില്‍ക്കുന്നു;
ആകുലയായ്‌ ദേവിയെന്തേ വിതുമ്പുന്നു?.

വടക്കേ ചെരുവിന്നുമപ്പുറം `പച്ചകള്‍`
പടരുന്ന മുള്ളുള്ള വള്ളി കണക്കെ
മാമലശൃംഗത്തിനപ്പുറത്തെന്നുമേ
മാമന്റെ തോളില്‍ക്കയറുവാന്‍ രോദനം.

പൂര്‍വ്വസാനുക്കളിലെന്നും രണഭേരി,
പര്‍വ്വതത്തട്ടില്‍പ്പടരുന്നൊളിപ്പോരും;
പാട്ടത്തിനേറ്റതാം വസ്‌തുവിന്‍ രക്ഷക്കു
പട്ടയം കാക്കുന്നവര്‍ വാഴുമപ്പുറം.

പശ്‌ചിമത്തിണ്ണയില്‍ നിന്നൊന്നു നോക്കിയാല്‍
വൃശ്‌ചികക്കാറ്റിന്‍ കുളിര്‍മ്മയുണ്ടാകിലും
അര്‍ത്‌ഥത്തിനാര്‍ത്തിയും മൂത്ത കാമാര്‍ത്തിയും
വ്യര്‍ത്‌ഥമായ്‌ത്തീരും നരജീവിതങ്ങളും.

തെക്കിനിക്കോലായിലെക്കാലവുമിവര്‍
കാക്കതന്‍ കൂട്ടത്തില്‍ കല്ലെറിഞ്ഞെന്നപോല്‍-
വിത്തവും വിദ്യയും വേണ്ടതുണ്ടെങ്കിലു-
മൊത്തിരുന്നുണ്ണാന്‍ വിധിവിലക്കുന്നവര്‍.

കോലായില്‍ നിന്നു നടുമുറ്റം പൂകവേ
കോലങ്ങളെത്രയോ ഭിന്നമായ്‌ക്കാണ്മു നാം,
കുംഭത്തിനുള്ളില്‍ പഴശീലമൂടിയ
കുംഭകോണക്കാര്‍ പരിലസിച്ചീടുന്നു.

കൊള്ളിവയ്‌പ്പും കുതികാല്‍ വെട്ടലുകളും
വെള്ളപൂശീടുന്ന പെണ്‍വാണിഭങ്ങളും
ജാതിത്തിമിരം പടര്‍ന്നൊരു കൂട്ടരോ
ജാതദോഷം ചൊല്ലി മല്ലടിപ്പൂ സദാ.

വ്യാസനും ഭാസനും വാല്‌മീകിയും കാളി-
ദാസനും ക്ഷേമമായ്‌ വാണൊരീയമ്പലം
ദോഷങ്ങള്‍ സര്‍വ്വതുമാര്‍ത്തുവാഴുന്നതാല്‍
വാസാര്‍ഹമല്ലെന്നുറച്ചിറങ്ങുന്നംബ.

സര്‍വ്വം ത്യജിച്ചാശു യാത്ര പോകുന്നുവോ
സര്‍വ്വംസഹയായ നാഥയിന്നീവിധം!
ബഡവാഗ്നി തേടിയങ്ങാഴിയിലോ, ഗിരി-
കൂടത്തില്‍ ശാന്ത്യാര്‍ത്‌ഥിയായോ ഗമിച്ചമ്മ?

എന്തീഗൃഹമിന്നൈശ്വര്യമില്ലാതെയും
വെന്തു ചാരമാവാനബോധം കൊതിച്ചും!
ഓടിയിറങ്ങിക്ലെന്നമ്മയെ പിന്‍വിളി-
ച്ചീടുകില്ലേ ശതകോടിയിലാരുമേ?

http://www.youtube.com/watch?v=CkVMU8npK4s&list=PL23DC9939ECFCFF9D&index=14


ഉവര്‍പ്പ് (കവിത)- പീറ്റര്‍ നീണ്ടൂര്‍


ഏകാന്ത ദുഃഖങ്ങലെന്നെ പൊതിയുമ്പോള്‍
ഏകയായ് വന്നെന്‍ ചിരാതു തകര്‍ക്കില്ലേ?
എന്നന്തരാള മഹന്തയാല്‍ മൂടിയോ?
നിന്ന കതാരിത്രക്രൂരമായ് മാറിയോ?

എന്‍ യൗവ്വനത്തിന്റെ സ്വപ്നത്തളികയില്‍
പൊന്‍താരമരപ്പൂക്കണക്കുനീ… കാമിനീ…
എന്‍ ദുഃഖസന്തോഷമൊക്കെയും പങ്കിടാന്‍
താഴുടച്ചുള്ളില്‍ കടക്കുവോ രോമലാള്‍.

രക്താധിമര്‍ദ്ദം, പ്രമേഹം, കൊഴുപ്പുകള്‍
പിത്തം, കഫം, വാതരമൊക്കയുമന്ത്യത്തില്‍
മര്‍ത്ത്യന്റെ ശേഷിക്കു ഭംഗം വരുത്തുകി-
ലൊത്തുകഴിയുന്നിണയും പഴിച്ചിടും.

കാലപ്പഴക്കത്തിലായിരം പൂര്‍ണ്ണേന്ദു
താലോലംമാടിക്കടന്നതും കണ്ടു നാം
ചുറ്റം ചിരിച്ചു കുശലം മൊഴിഞ്ഞവര്‍
പറ്റിപ്പതുക്കെക്കടക്കുന്നതും കണ്ടു.
ആയിരം പൂര്‍ണ്ണേന്ദു കണ്ടവരാരുമൊ-
രായിരം കാണാനിരിക്കില്ലതോര്‍ക്കുക,
ആയിരം നോമ്പുകള്‍ നോക്കിലും മര്‍ത്ത്യന-
താവില്ലൊരു മാത്രനീട്ടു വനാന്ത്യത്തില്‍.

കറിവേപ്പിലയ്ക്കുണ്ടു സ്ഥാനം കറിയില്‍
കറിവെച്ച ചട്ടിവടിക്കും വരേയ്ക്കും.
കറികഴിക്കുന്നവര്‍ക്കാനന്ദലബ്ധി
കറികഴിഞ്ഞാല്‍ ചട്ടിപോലും അനാഥം.

കല്ലുപ്പ്, കടലുപ്പ്, പൊടിയുപ്പു മീ-
നല്ല ഇന്തുപ്പ്, വേര്‍പ്പുപ്പ്, മൂത്രത്തിലും
ഉപ്പിന്നുവര്‍പ്പ് നശിച്ചുവെങ്കില്‍ പിന്നെ
ഉപ്പുകൊണ്ടെന്തുണ്ടുനേട്ടമുലകിന്നു.

Link:   http://www.youtube.com/watch?v=MWx3-8u9gC8&list=PL23DC9939ECFCFF9D&index=1
വിടചൊല്ലും ഭാരതാംബ (കവിത: പീറ്റര്‍ നീണ്ടൂര്‍, ന്യൂയോര്‍ക്ക്‌)
Join WhatsApp News
philip joseph 2014-02-07 07:17:21
well done Mr Peter, keep it up
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക