Image

സീത- മായാതെ, മറയാതെ: (ഓര്‍മ്മ, റീനി മമ്പലം)

Published on 10 October, 2013
സീത- മായാതെ, മറയാതെ: (ഓര്‍മ്മ, റീനി മമ്പലം)
മൊവേറിയന്‍ പള്ളിയുടെ ഹാളില്‍ ജനങ്ങള്‍ നിറഞ്ഞൊഴുകി. കുറെ ആളുകള്‍ അകത്ത്‌ ഇടം കിട്ടാതെ വാതിലിനടുത്ത്‌ നിന്നു. സീതയും മനോഹറും ജെമിനിയും നീലും തൊട്ട ഹൃദയങ്ങളുടെ കൂട്ടം. ഉള്ളില്‍ അനുശോചനങ്ങളുടെ പേമാരി പെയ്‌തപ്പോള്‍ പ്രാസംഗികരുടെ തൊണ്ട ഇടറി. കേട്ടിരുന്നവരുടെ തൊണ്ടയില്‍ എന്തോ കുടുങ്ങി, അവര്‍ കണ്ണുതുടച്ചു. അകാലത്തില്‍ അടര്‍ന്നുവീണ പുഷ്‌പം, സീത തോമസ്‌.

ഞാന്‍ ആദ്യമായി സീതയെ കണ്ടതോര്‍മ്മിക്കുവാന്‍ ശ്രമിച്ചു. ഒന്നര വര്‍ഷം മുമ്പ്‌ ഫോമയുടെ നാഷണല്‍ കണ്‍വന്‍ഷന്‍ നടന്ന കപ്പലില്‍ വെച്ചാണ്‌ കാണുന്നത്‌. സര്‍ഗവേദിയുടെ നായകനായ പിതാവ്‌ മനോഹര്‍ തോമസ്‌ സീതയെക്കുറിച്ച്‌ വ്യക്തമായൊരു ചിത്രം ഞങ്ങളില്‍ വരച്ചിരുന്നു. സീത ചെറിയ കുട്ടിയായിരിക്കുമ്പോള്‍, മാതാവ്‌ ജെമിനി ജോലിയിലായിരിക്കുമ്പോള്‍ മാസത്തിലൊരിക്കല്‍ നടത്തുന്ന സര്‍ഗവേദിയിലേക്ക്‌ സീത മനോഹറോടൊപ്പം വന്നിരുന്നു. ജെമിനി വീട്ടിലുണ്ടായിന്ന ഒരവസരത്തില്‍ ജെമിനിയോടൊപ്പം വീട്ടിലാക്കുവാന്‍ ശ്രമിച്ച മനോഹറിനെ ? Dad, you and I are Sargavedi? എന്നു പറഞ്ഞുമനസ്സിലാക്കി കൂടെപ്പോയതും, ആദ്യമായി വാങ്ങിയ VCRന്റെ വായില്‍ (cassette opener) അതിന്റെ ദാഹമകറ്റാന്‍ ഓറഞ്ച്‌ ജ്യൂസ്‌ ഒഴിച്ച്‌ കൊടുത്ത്‌ VCR നശിപ്പിച്ചതുമായ കുസൃതിക്കഥകള്‍ സീതയെ കാണും മുമ്പേ മനോഹറില്‍ നിന്ന്‌ കേട്ടിരുന്നു.

കപ്പലില്‍ വെച്ച്‌ കണ്ടപ്പോള്‍ കടലിന്‌ മേലെ കത്തിനില്‍ക്കുന്ന സൂര്യന്റെ ഊര്‍ജം അത്രയും സീതയിലേക്ക്‌ കയറിയപോലെ, കടല്‍ത്തീരത്തെ നുരകള്‍ പോലെ തുളുമ്പി നില്‍ക്കുന്ന `ബബ്‌ളി'യായൊരു പെണ്‍കുട്ടി. അവള്‍ക്ക്‌ പറയാനേറെയുണ്ടായിരുന്നു, മെഡിക്കല്‍ ഹെലികോപ്‌റ്റര്‍ താഴ്‌ന്ന്‌ പറന്നു നിന്ന്‌ അസുഖമായ ഒരാളെ കപ്പലില്‍ നിന്നും `സ്‌ട്രെച്ചറില്‍' കയറ്റി ഹെലികോപ്‌റ്ററില്‍ ആസ്‌പത്രിയില്‍ കൊണ്ടുപോവുന്നത്‌ കണ്ടത്‌ ഉള്‍പ്പെടെ.

കപ്പല്‍ വിട്ട ശേഷം വീണ്ടും കാണുന്നത്‌ ഞങ്ങള്‍ ഒരു പ്രോഗ്രാമിന്‌ സ്റ്റാറ്റന്‍ ഐലണ്ടില്‍ ചെല്ലുമ്പോഴാണ്‌. ഹാള്‍വേയില്‍ കണ്ടപ്പോഴേ ഓടി അടുക്കല്‍ വന്നു. അപ്പോള്‍ അയര്‍ലണ്ടില്‍ മാസ്‌റ്റേര്‍സ്‌ ചെയ്യുന്നതിനിടയിലുള്ള അവധിയിലായിരുന്നു. `സ്‌കൈഡൈവ്‌' ചെയ്‌തതിന്റെ ആവേശത്തിലും എക്‌സൈറ്റ്‌മെന്റിലും ആയിരുന്നവള്‍.

ദൈവത്തിന്‌ ഇഷ്ടമുള്ളവരെയൊക്കെ ദൈവം നേരത്തെ വിളിക്കുമെന്ന്‌ വൈദീകര്‍ പറയുന്നത്‌ വെറുതെ. ദയാശീലനായ ദൈവം അങ്ങനെയൊക്കെ ക്രൂരമായി ഒരാളെ പറിച്ചു മാറ്റുമോ? ഭൂമിയില്‍ നമ്മുടെ കണ്‍മുമ്പില്‍ നിന്നും ഇല്ലാതാക്കുമോ? അതൊക്കെ ചെയ്യുന്നത്‌ ദൈവംപോലും അറിയാതെ ആരെങ്കിലുമായിരിക്കും.

ഇരുപത്തിയാറുവര്‍ഷം ജീവിച്ച ഈ ഭൂമിയില്‍ നിന്ന്‌ മരണം ഒരാളെ പൂര്‍ണ്ണമായി അകറ്റുമോ? ഇത്രയും നാള്‍ കൂടെയുണ്ടായിരുന്ന അഛനുമമ്മയില്‍നിന്നും അനിയനില്‍നിന്നും മാറിനില്‍ക്കുവാന്‍ ആവുമോ? അദൃശ്യ രൂപം സ്വീകരിച്ച്‌ എല്ലായിടത്തും അവള്‍ ഒഴുകി നടക്കുന്നുണ്ടാവും, ചുവരുകള്‍ അവള്‍ക്കൊരു തടസ്സമാവാതെ.

ഭക്ഷണത്തിനായി പേപ്പര്‍ പ്ലേറ്റ്‌ എടുത്തപ്പോള്‍ ജെമിനി പറഞ്ഞു `സീത ഉണ്ടായിരുന്നെങ്കില്‍ പേപ്പര്‍ പ്രൊഡക്‌റ്റ്‌സ്‌ ഉപയോഗിക്കുവാന്‍ സമ്മതിക്കില്ലായിരുന്നു, ഭൂമിയില്‍ മാലിന്യം കൂട്ടുമെന്നു പറഞ്ഞ്‌.'

എനിക്ക്‌ ദുഃഖം വന്നു. ഞാനും ഒരമ്മയാണ്‌. സംസാരിക്കുമ്പോള്‍ കണ്ണുകളും കൈകളും കൂടെ സഞ്ചരിക്കുന്ന സീതയെ കണ്ടു.

മാലിന്യമില്ലാത്ത ഒരു ലോകത്തില്‍ നിന്നും ഒരു കാറ്റായി, വിരല്‍ത്തുമ്പിലൊരു വാക്കായി അവള്‍ വന്നുനിറയുന്നുണ്ടന്ന്‌ അഛനുമമ്മയും അനിയനും വിശ്വസിക്കട്ടെ?
സീത- മായാതെ, മറയാതെ: (ഓര്‍മ്മ, റീനി മമ്പലം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക