Image

രൂപാന്തരണത്തിന്‍റെ വഴികള്‍ അത്ര എളുപ്പമല്ല (ശ്രീപാര്‍വതി)

Published on 17 October, 2013
രൂപാന്തരണത്തിന്‍റെ വഴികള്‍ അത്ര എളുപ്പമല്ല (ശ്രീപാര്‍വതി)
`ആമീ നീ സുന്ദരിയാണ്‌.... ചിലപ്പോഴൊക്കെ നീയെന്നെ ഭ്രാന്തു പിടിപ്പിക്കും` ആദിയുടെ വാക്കുകളെ അലസമായി വിട്ട്‌ ആമി വെറുതേ അവന്‍റെ ചുണ്ടുകളിലേയ്‌ക്ക്‌ നോക്കിയിരുന്നു. മനസ്സില്‍ അസ്വസ്ഥതയുടെ തിരമാലകള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നത്‌ അവനറിയാതിരിക്കാന്‍ ആമി ആദിയുടെ കണ്ണുകളിലേയ്‌ക്ക്‌ നോക്കിയതേയില്ല. അസ്ഥിത്വദുഖത്തിന്‍റെ നെരിപ്പോടില്‍ തട്ടിത്തകര്‍ന്നു വീഴാന്‍ വിതുമ്പി നില്‍ക്കുന്ന തന്‍റെ ജീവിതത്തെ കുറിച്ച്‌ ഒരിക്കലും ആമി ചിന്തിച്ചതേയില്ല.

രൂപാന്തരീകരണത്തിന്‍റെ ചില നിമിഷങ്ങളില്‍ അവള്‍ അയാളോട്‌ ചേര്‍ന്ന്‌ വെറുതേ തേങ്ങി. കണ്‍മുന്നില്‍ മുഖപുസ്‌തകത്തിലെ മുഖങ്ങളുടെ വാഗ്വാദങ്ങള്‍ ,അസ്വസ്ഥതകള്‍ . നടത്തത്തിനിടയിലെവിടെയോ ഒരുവന്‍റെ മുഖത്താളില്‍ മുഖമിടിച്ച്‌ വീണത്‌ മാത്രം ഓര്‍മ്മയുണ്ട്‌. പ്രണയത്തിന്‍റെ പുരാണങ്ങളും പരിഭവങ്ങളും കടന്ന്‌ ആമിയുടെ നടത്തം ആദിയുടെ വഴികളില്‍ നിന്ന്‌ എത്രയോ ദൂരെ ആയപ്പോഴാണ്‌, അസ്ഥിത്വ ദുഖം എന്ന മഹാബാധ അവളില്‍ ഉലയാന്‍ തുടങ്ങിയത്‌. ഫെയ്‌സ്‌ബുക്കിലെ പ്രണയങ്ങളുടെ ആഴത്തില്‍ വീണു മരിക്കാതെ തട്ടിവീണ മുഖത്തെ നീക്കി വച്ച്‌ അവള്‍ മറ്റൊരു വഴി തിരഞ്ഞു.

ബൌദ്ധികതയുടെ നിഴലില്‍ നടക്കാമെന്നായപ്പോള്‍ തുടങ്ങി അസ്വസ്ഥതയുടെ വിഷമങ്ങള്‍ .കാഫ്‌കയും തോമസ്‌ ഹാര്‍ഡിയും രാത്രികളില്‍ വായനാമുറിയെ പ്രകാശമാനമാക്കിയപ്പോള്‍ ആദി പലപ്പോഴും ജീവിതദുഖം അടക്കി ബെഡ്‌റൂമിലെ അരണ്ട വെളിച്ചത്തില്‍ തനിയേ കിടന്നു മരവിച്ചു. പലപ്പോഴും ബുദ്ധിജീവികളുടെ ഇടയിലെ വൈകാരിക ജീവിയായി പ്രണയവരികളും എഴുതി നിറച്ച്‌ ആമി വ്യത്യസ്‌തയായി. എങ്കിലും ഉള്ളിലെവിടെയോ മെറ്റമോര്‍ഫസിസിന്‍റെ തുടിപ്പില്‍ അവള്‍ അലയുന്നുണ്ടായിരുന്നു.

ആദിയില്‍ ചാരി നില്‍ക്കുമ്പോഴും ആമി ന്യൂജനറേഷന്‍ തലമുറയിലെ വെള്ളിവെളിച്ചത്തിലേയ്‌ക്ക്‌ ചരിഞ്ഞു നോക്കി. ആമിയുടെ വേദനിപ്പിക്കുന്ന നിലപാടുകളില്‍ ആദി പ്രതിഷേധം ആരംഭിച്ച അന്നാണ്‌, ഒരു ആവേശത്തില്‍ ആമി ഫെയ്‌സ്‌ബുക്ക്‌ ഡീആക്ടിവേറ്റ്‌ ചെയ്‌തത്‌. പക്ഷേ അതേ ദിവസം മുതല്‍ അവള്‍ നിശബ്ദതയുടെ വലിയൊരു ചുരുളായി. അടുക്കളയുടെ നിറം മങ്ങിയ ചുമരുകളില്‍ ചാരിക്കിടന്ന്‌ തിള്‌ച്ചു തൂവുന്ന പാലിനെ ആമി മനപ്പൊര്‍വ്വം കണ്ടില്ലെന്നു വച്ചു. കാഫ്‌കയുടെ `മെറ്റമോര്‍ഫസിസ്‌` അവളെ നിരന്തരം വേട്ടയാടിക്കൊണ്ടിരുന്നു.

ആദിയുടെ മുഖം ദിനം തോറും ഇരുണ്ടു വന്നു. മുഖത്തു വളര്‍ന്ന നനുത്ത രോമങ്ങളെ എപ്പൊഴും വെട്ടൊയൊതുക്കാറുണ്ടായിരുന്ന ആമി പലപ്പോഴും വളര്‍ന്ന്‌ കഴുത്തു കടന്ന അവനിലെ രൂപാന്തരനം കണ്ടില്ല.
അസ്വസ്ഥതയുടെ മുകളില്‍ വലനെയ്‌ത്‌ എട്ടുകാലികള്‍ താമസമാരംഭിച്ചതോടെയാണ്‌, ആദി ജോലിക്കു പോക്ക്‌ നിര്‍ത്തിയത്‌. ആമിയുടെ മൌനത്തില്‍ അയാള്‍ തളര്‍ന്നു തുടങ്ങിയിരുന്നു, എന്താണ്‌, തെറ്റ്‌? ആരാണ്‌, തെറ്റ്‌ എന്ന്‌ മനസ്സിലാകാനാകാതെ ആദി പലപ്പോഴും വിളറി നിന്നു.

അന്ന്‌ ആമിയുടെ മുഖത്തിന്‌, പതിവിലേറെ ഓജ്ജസ്സുണ്ടായിരുന്നു. അടുക്കളയില്‍ ഇരുട്ടുപിടിച്ചു നില്‍ക്കാതെ നല്ല പാലൊഴിച്ച്‌ ഒരു ചായയിട്ട്‌ ആദിയ്‌ക്കു നല്‍കുമ്പോഴാണ്‌, ആമി അവനെ ദിവസങ്ങള്‍ക്കു ശേഷം കാണുന്നത്‌. കുഴിഞ്ഞ കണ്ണുകളില്‍ അവന്‍ എന്നോ തുടങ്ങി മൌനിയായിരുന്നു. സന്ന്യാസത്തിന്‍റെ പുസ്‌തകങ്ങളില്‍ കിടന്നുറങ്ങുകയായിരുന്ന ആദിയെ കാണുന്തോറും ആദ്യം ഞെട്ടലും പിന്നെ അലൌകികമായ ഒരു ആനന്ദവും അവളില്‍ നിറഞ്ഞു വന്നു.

സാഡിസവും ഉന്‍മാദവും നിറഞ്ഞ്‌ ആമി ചിരിച്ചു. പ്രിയപ്പെട്ടവന്‍റെ രൂപാന്തരീകരണത്തില്‍ അവള്‍ക്ക്‌ ആനന്ദമുണ്ടായി. ബൌദ്ധികതയുടെ തലത്തില്‍ ഒരിക്കലും നടക്കാനാവില്ല എങ്കിലും ആദിയുടെ ആത്മീയതയില്‍ അവള്‍ പൊട്ടിച്ചിരിച്ചുകൊണ്ടു അവനിലേയ്‌ക്ക്‌ ചേര്‍ന്നു കിടന്നു.
രൂപാന്തരണത്തിന്‍റെ വഴികള്‍ അത്ര എളുപ്പമല്ല (ശ്രീപാര്‍വതി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക